പച്ചക്കൊടിയും തുർക്കി തൊപ്പിയും
തെരഞ്ഞെടുപ്പ് കഴിഞ്ഞും ചർച്ച ചെയ്യാം

അതിഭീതിദമായ ഈ രാഷ്ട്രീയ സന്ദർഭത്തിൽ ഏറ്റവും ആശങ്കാകുലർ മുസ്‍ലിം ന്യൂനപക്ഷമാണ്. അവരുടെ രാഷ്ട്രീയ സംഘടനകളുടെ നിസ്സഹായതയെ, നിരാശയെ അതിൽ നിന്നുണ്ടാകുന്ന ക്ഷമാപണ-സംയമന നിലപാടുകളെ വിവേകപൂർവ്വം മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഇടതു പ്രസ്ഥാനങ്ങൾ അടക്കമുള്ള മതേതര സമൂഹം ചെയ്യേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയക്കാർ ഇട്ടുതരുന്ന അപ്രധാന വിഷയങ്ങളിൽ കടിച്ചുകീറുമ്പോൾ ഈ തെരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെടേണ്ട മൗലികമായ പ്രശ്നത്തിന്റെ ഗൗരവം കുറഞ്ഞു പോകുകയേ ഉള്ളൂ. വയനാട്ടിലെ കോൺഗ്രസ് പ്രചാരണ റാലിയിൽ ലീഗിന്റെ കൊടി പിടിക്കാതിരിക്കുന്നതല്ല, തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റിൽ കാവിക്കൊടി ഉയരാതിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലെ മുൻഗണനാവിഷയം- മുജീബ് റഹ്മാൻ കിനാലൂർ എഴുതുന്നു.

മുസ്‍ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം ‘അഭിമാനകരമായ അസ്തിത്വം’ എന്നതാണ്. ഹിന്ദു ഭൂരിപക്ഷമായ ഒരു രാജ്യത്ത് മുസ്‍ലിം ന്യൂനപഷങ്ങൾക്ക് അവരുടെ ന്യായമായ, ഭരണഘടനാദത്ത അവകാശങ്ങൾ നേടിയെടുക്കാൻ ജനാധിപത്യാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം വേണമെന്ന് വാദിച്ച് എം. ഇസ്മായിൽ സാഹിബ് 1948 മാർച്ച് 10-ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ച കാലം തൊട്ടു തന്നെ ലീഗുകാർ തങ്ങളുടെ നിലനിൽപ്പിന്റെ സാധുതയായി ഈ മുദ്രാവാക്യമാണ് ഉയർത്തി പോരുന്നത്.

എന്നാൽ മുസ്ലിംകൾ മത, സാമുദായിക അടിസ്ഥാനത്തിൽ രാഷ്ട്രീയമായി സംഘടിക്കുന്നതും പ്രവർത്തിക്കുന്നതും ഒരു മതേതര, ജനാധിപത്യ സംവിധാനത്തിൽ അഭികാമ്യമല്ല എന്ന് കരുതുന്നവർ എന്നും ഇന്ത്യയിലുണ്ടായിരുന്നു. പഴയ ജനസംഘത്തിലോ കോൺഗ്രസിലെ ‘ഹിന്ദുത്വ ചേരി’യിലോ ഉള്ളവർ മാത്രമായിരുന്നില്ല, കോൺഗ്രസിന്റെ മതേതരധാരയുടെ മുൻനിര നേതാക്കളിൽ തന്നെ അങ്ങനെ കരുതുന്നവരുണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രമുഖൻ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്നെയായിരുന്നു.

സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയിൽ പ്രവർത്തിച്ച സർവ്വേന്ത്യാ മുസ്ലിം ലീഗ് പിരിച്ചുവിട്ടശേഷമാണ് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് സ്ഥാപിച്ചത്. എങ്കിലും വിഭജനത്തിന്റെ കാരണക്കാരായ ഒരു പാർട്ടിയുടെ തുടർച്ച എന്ന ആക്ഷേപം മുസ്ലിം ലീഗിന് മേൽ വന്നുചേർന്നു. അതുകൊണ്ട് തങ്ങളുടെ മതേതര പ്രതിബദ്ധത തെളിയിക്കേണ്ട അധിക ചുമതല നിരന്തരം ആ പാർട്ടിയെ വേട്ടയാടിക്കൊണ്ടിരുന്നു. വിഭജനത്തിന്റെ ചരിത്രം ബാക്കിയാക്കിയ അനാവശ്യഭാരം മുസ്ലിം ലീഗ് പാർട്ടിയെ എന്നും ഒരു ക്ഷമാപണ മനോഗതിയിലേക്ക് തള്ളിയിട്ടു. ആ ക്ഷമാപണ മനഃസ്ഥിതിയാണ് ഏതു വിട്ടുവീഴ്ചകൾക്കും ലീഗിനെ പരുവപ്പെടുത്തുന്നത്.

മുസ്‍ലിം ലീഗിന്റെ ആദ്യ കാല നേതാക്കൾ എം. മുഹമ്മദ് ഇസ്മായിലിനൊപ്പം, 1954-ലെ ചിത്രം. / Photo: Wikimedia Commons

വയനാട്ടിലെ പച്ചക്കൊടി

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ അവശേഷിക്കവേ, രാഷ്ട്രീയ പ്രസംഗങ്ങളിൽ ഏറെ ചൂടുപിടിച്ച വിഷയം ലീഗിന്റെ കൊടിയാണ്. വയനാട് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയിൽ ലീഗിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ കൊടി മാത്രമല്ല, കോൺഗ്രസിന്റെ ത്രിവർണ പതാകയും ഒഴിവാക്കിയായിരുന്നു റോഡ് ഷോ.

2019- ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഇതേ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പ്രചാരണരംഗത്ത് ഏറ്റവും സജീവം കോൺഗ്രസ് ഘടക കക്ഷിയും യു ഡി എഫിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയുമായ മുസ്ലിം ലീഗ് ആയിരുന്നു. സ്വാഭാവികമായും രാഹുലിന്റെ പ്രചാരണ യോഗങ്ങളിൽ ലീഗിന്റെ പച്ചക്കൊടി ഉയർന്നുപാറി. ലീഗിന്റെ ശക്തമായ പിന്തുണയും പ്രവർത്തനങ്ങളും ഇല്ലെങ്കിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുകയില്ല എന്ന സത്യം കോൺഗ്രസുകാർക്കും അറിയാം. എന്നാൽ ദേശീയ തലത്തിൽ ഇത് വക്രീകരിച്ചു മുതലെടുക്കാൻ ബി ജെ പി ശ്രമിച്ചു. ആ ശ്രമത്തിൽ ഒരു പരിധി വരെ അവർ വിജയിക്കുകയും ചെയ്തു.

രാഹുലിന്റെ പ്രചാരണത്തിന് അണിനിരന്നവർ പാകിസ്താൻ പതാകയാണ് പിടിച്ചത് എന്നും മുസ്‍ലിം വർഗീയവാദികളുടെ പിന്തുണ തേടിയാണ് രാഹുൽ മത്സരിക്കുന്നത് എന്നും ബി ജെ പി വ്യാപകമായി പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവർ പച്ചക്കൊടി വിവാദം കത്തിച്ചു.

2019-ൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് അണിനിരന്നവർ പാകിസ്താൻ പതാകയാണ് പിടിച്ചത് എന്നും മുസ്‍ലിം വർഗീയവാദികളുടെ പിന്തുണ തേടിയാണ് രാഹുൽ മത്സരിക്കുന്നത് എന്നും ബി ജെ പി വ്യാപകമായി പ്രചരിപ്പിച്ചു.

ഉത്തരേന്ത്യയിൽ വാട്സ്ആപ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും 'രാഹുൽ മത്സരിക്കുന്നത് റാവൽ പിണ്ടിയിലാണോ' എന്ന് ചോദ്യമുതിർത്ത് വീഡിയോകൾ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അമേഠിയിൽ രാഹുലിന്റെ പരാജയത്തിന്റെ ഒരു കാരണം ഈ വിവാദമാണെന്ന് കോൺഗ്രസിൽ തന്നെ ഒരു വിഭാഗം വിശ്വസിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലികളിൽ നിന്ന് പച്ചക്കൊടി മാറ്റി നിർത്താൻ തീരുമാനിച്ചത്.

മുന്നണി മര്യാദയുടെ ഭാഗമായി പച്ചക്കൊടി മാത്രമല്ല, ഒരു ഘടകകക്ഷിയുടെ കൊടിയും വേണ്ടെന്നു വെച്ചു. എന്നാൽ ലീഗ് പ്രവർത്തകരിൽ ഇത് മുറുമുറുപ്പ് ഉണ്ടാക്കി. ചിലേടങ്ങളിൽ അവർ ഹരിത പതാക ഉയർത്തിയത് സംഘർഷത്തിന് ഇടയാക്കി. കൊടിയുടെ പേരിൽ യൂത്ത്കോൺഗ്രസ് - യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത് വാർത്തയാകുകയും ചെയ്തു. ഇതോടെ യു ഡി എഫ് നേതൃത്വം അങ്കലാപ്പിലായി.

തക്കം മുതലെടുത്ത് എൽ ഡി ഫും കൊടി വിവാദം തെരുവിലേക്ക് കൊണ്ടുവന്നു. എൽ ഡി എഫ് പ്രചാരണ യോഗങ്ങളിൽ പച്ചക്കൊടികൾ വീശിക്കൊണ്ട് രംഗം കൊഴുപ്പിച്ചു. സി പി എം നേതാവ് ബൃന്ദ കാരാട്ട് ഐ എൻ എല്ലിന്റെ പച്ചക്കൊടി വീശി തങ്ങൾക്ക്, ഹിന്ദുത്വ വാദികളുടെ കുപ്രചാരണങ്ങളിൽ ഭയമില്ലെന്നും എൽ ഡി എഫ് യോഗങ്ങളിൽ ചെങ്കൊടിയും പച്ചക്കൊടിയും ഒന്നിച്ചുപിടിക്കാൻ മടിയില്ലെന്നും പ്രഖ്യാപിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രചാരണങ്ങളിൽ മുസ്‍ലിം ലീഗിന്റെ പച്ചക്കൊടി ഉയർത്താത്ത നിലപാടിന് മറുപടിയായി വയനാട്ടിൽ ഐ.എൻ.എല്ലിന്റെ പച്ചക്കൊടി ഉയർത്തുന്ന സി.പി.എം. നേതാവ് ബൃന്ദ കാരാട്ട്

തൊപ്പി ഊരിയ കഥ

ഒരു പാർട്ടിയെ സംബന്ധിച്ച് അതിന്റെ ഐഡന്റിറ്റിയാണ് അതിന്റെ പതാക. സമകാലിക ഇന്ത്യയിൽ മുസ്‍ലിം ന്യൂനപക്ഷം പൊതുവായി അനുഭവിക്കുന്ന പ്രശ്നം, അവരുടെ സാംസ്കാരിക അടയാളങ്ങൾ മറച്ചുവെക്കാൻ നിർബന്ധിതമാകുന്നു എന്നതാണ്. മുസ്‍ലിം പേരും വസ്ത്രവും മതപരമായ ചിഹ്നങ്ങളുമെല്ലാം പ്രശ്നം സൃഷ്ടിക്കുന്ന അവസ്ഥ രാജ്യത്തുണ്ട്. ബി ജെ പി കേന്ദ്രത്തിൽ അധികാരമുറപ്പിച്ചതോടെയാണ് ഈ അവസ്ഥ കൂടുതൽ വ്യാപകമായത്. ഇത്തരം ഒരു ഘട്ടത്തിൽ നടക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽന്യൂനപക്ഷ പാർട്ടിയായ മുസ്‍ലിം ലീഗിന് അവരുടെ ഐഡന്റിറ്റി ഒളിപ്പിച്ചുവെക്കേണ്ട ഗതിയുണ്ടാകുന്നത് അതിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും നിരാശയുണ്ടാക്കും എന്നുമാത്രമല്ല മാനഹാനി കൂടിയാണ്.

ബി ജെ പിയുടെ വിമർശനം ഭയന്ന് തങ്ങളുടെ സ്വത്വവും പതാകയും അഴിച്ചുവെച്ച് മുഖമില്ലാത്ത ആൾക്കൂട്ടമായി മാറാൻ നിർബന്ധിക്കപ്പെടുമ്പോൾ ‘അഭിമാനകരമായ അസ്തിത്വം’ എന്ന ലീഗിന്റെ സ്ഥാപിത മുദ്രാവാക്യം നിരർത്ഥകമായി മാറിയില്ലേ എന്ന ചോദ്യം സ്വാഭാവികമാണ്. തങ്ങളുടെ പേരും കൊടിയും ഉപേക്ഷിച്ച്, അപമാനം സഹിച്ച് കൂടെ നിൽക്കുന്നതിലും ഭേദം അഭിമാനത്തോടെ ഒറ്റക്ക് നിൽക്കുകയല്ലേ എന്ന് ചിന്തിക്കുന്ന പ്രവർത്തകർ പോലും ഉണ്ടായേക്കാം.

ഒരു പാർട്ടിയെ സംബന്ധിച്ച് അതിന്റെ ഐഡന്റിറ്റിയാണ് അതിന്റെ പതാക. സമകാലിക ഇന്ത്യയിൽ മുസ്‍ലിം ന്യൂനപക്ഷം അവരുടെ സാംസ്കാരിക അടയാളങ്ങൾ മറച്ചുവെക്കാൻ നിർബന്ധിതമാകുന്നു. / Photo: A Campaign rally in Kozhikode, 2014

ലീഗിന്റെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ട ആദ്യ സംഭവമാണോ ഇത്? ലീഗിന്റെ രൂപീകരണം തൊട്ടു തന്നെ കോൺഗ്രസ് നേതൃത്വം ലീഗിനെ ഒരകലത്തിൽ തന്നെയാണ് നിർത്തിയത് എന്നതിന് ചരിത്രം സാക്ഷിയാണ്. മുസ്‍ലിം ലീഗ് രൂപീകരണം രാജ്യത്തിന്റെ മതേതരത്വത്തിന്നു അപകടകരമാകും എന്ന് വിശ്വസിച്ചിരുന്ന ജവഹർലാൽ നെഹ്‌റു ലീഗിനെ മുളയിൽ തന്നെ നുള്ളിക്കളയാൻ ശ്രമിച്ചിട്ട് നടക്കാതെ പോയതാണ്.

ഇസ്മായിൽ സാഹിബിനെ മുസ്‍ലിം ലീഗ് പാർട്ടി രൂപീകരണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നെഹ്‌റു ഏർപ്പാടാക്കിയത് മൗണ്ട് ബാറ്റൺ പ്രഭുവിനെയായിരുന്നു. നെഹ്രുവിന്റെ ആഗ്രഹം മാനിച്ച്, മദിരാശിയിലെ ഗവർണർ മന്ദിരത്തിൽ വെച്ച് മൗണ്ട് ബാറ്റണുമായി ഇസ്മായിൽ സാഹിബ് സംസാരിക്കുകയും ചെയ്തു. അന്ന് ഇസ്മായിൽ സാഹിബ് തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് രൂപീകരിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടു പോയി.

പക്ഷെ, നെഹ്രുവിന്റെ ആശങ്ക കുറയുകയല്ല കൂടുകയാണ് ചെയ്തത്. നെഹ്‌റു പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിൽ, കോഴിക്കോട് കടപ്പുറത്ത് ചെയ്ത പ്രസംഗം സുപ്രസിദ്ധമാണ്. അന്ന് ലീഗിന് മലബാറിൽ മാത്രമായിരുന്നു കേരളത്തിൽ ശക്തിയുണ്ടായിരുന്നത്. 1955 ഡിസംബർ 27 ന് നെഹ്‌റു ചെയ്ത പ്രസംഗം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തത് ഇപ്രകാരമാണ്: ''ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ മുസ്‍ലിം ലീഗ് നാമാവശേഷമായിട്ടും മലബാറിൽ അത് നിലനിന്നുവരുന്നത് ആശ്ചര്യകരമാണെന്നും ഇന്ത്യയിൽ തീരാത്ത കെടുതികൾക്കും ദുരിതങ്ങൾക്കും കാരണമായ ഈ സംഘടനയെ സർവശക്തിയും ഉപയോഗിച്ച് എതിർത്ത് നശിപ്പിക്കാൻ തങ്ങൾ ഉറച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇന്നിവിടെ പറഞ്ഞു. നിയമപരമായി വർഗ്ഗീയ സംഘടനകൾക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകാം. മുസ്‍ലിം ലീഗിനെപ്പോലെയുള്ള സംഘടനകളും ഉണ്ടായിക്കൊള്ളട്ടെ. പക്ഷേ സർവശക്തിയും ഉപയോഗിച്ച് അവയെ എതിർത്ത് നശിപ്പിക്കാൻ തങ്ങൾ ഉറച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താാവിച്ചപ്പോൾ ഉച്ചത്തിലുള്ള കയ്യടികൾ കൊണ്ട് അന്തരീക്ഷം മുഖരിതമായി....''.
മുസ്‍ലിം ലീഗ് പാർട്ടിയെ സംബന്ധിച്ച് അവഹേളനം ആയിരുന്നു ആ പ്രസംഗം.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ സംഘാടനങ്ങളെല്ലാം പരസ്പരം സഹായിക്കും എന്ന ദീർഘവീക്ഷണം കൊണ്ടായിരുന്നു, ജവഹർലാൽ നെഹ്‌റു ലീഗിനെ എതിർത്തത്.

ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് ലീഗ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതിന്റെ പ്രസക്തി തെളിയിച്ചതുമുതൽക്കാണ്. അമ്പതുകൾ തൊട്ടു തന്നെ കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു കമ്യൂണിസ്റ്റ് പാർട്ടിയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ഏറ്റുമുട്ടലിൽ ലീഗിന്റെ സഹായം അനിവാര്യമായി തീർന്ന ഘട്ടത്തിൽ, നിർബന്ധിത സാഹചര്യത്തിലാണ് കോൺഗ്രസ് ഒളിഞ്ഞും തെളിഞ്ഞും ലീഗുമായി നീക്കുപോക്കുണ്ടാക്കാൻ തുടങ്ങിയത്. എന്നാൽ അന്നും കേരളത്തിലെയും എ ഐ സി സി യിലെയും ഒരു സംഘം കോൺഗ്രസ് നേതാക്കൾക്ക് ലീഗിനോട് സ്പർദ്ദ തന്നെയായിരുന്നു.

1960- ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി കോൺഗ്രസ്, പി എസ് പിക്കൊപ്പം ലീഗുമായി വിശാല കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കുന്നത്. അതിനുമുമ്പുതന്നെ ലീഗ് മലബാറിൽമേധാവിത്വം തെളിയിച്ചിരുന്നു. കൂടാതെ ഇ എം എസ് സർക്കാരിനെതിരെ കോൺഗ്രസ് നേതൃത്വം നൽകിയ 'വിമോചന സമരത്തിൽ' മറ്റ് മത സമുദായ സംഘടനകൾക്കൊപ്പം മുസ്‍ലിം ലീഗിനെയും കൂടെ കൂട്ടി.

1960- ലെ തെരഞ്ഞെടുപ്പിലും ലീഗ് മികച്ച വിജയം നേടി. എന്നാൽ കേരളത്തിൽ ലീഗുമായി ചേർന്ന് മത്സരിച്ചതിനെതിരെ ദേശീയ നേതൃത്വം രംഗത്ത് വന്നു. ദില്ലിയിൽ നടന്ന പത്രസമ്മേളനത്തിൽ നെഹ്‌റു അന്നത്തെ പി സി സി നേതൃത്വത്തെ വിമർശിച്ചു. കോൺഗ്രസ്- ലീഗ് സഖ്യത്തെ കുറിച്ച് തനിക്ക് വ്യക്തമായ വിവരമില്ലായിരുന്നു എന്ന മട്ടിലാണ് അന്നദ്ദേഹം വിശദീകരിച്ചത്.

തെരഞ്ഞെടുപ്പ് ധാരണ പ്രകാരം മത്സരിച്ചു ജയിച്ച ലീഗിനെ, ദേശീയ നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് കോൺഗ്രസ് - പി എസ് പി മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തി. ലീഗിന് അധികാര പങ്കാളിത്തം കിട്ടിയില്ലെന്നു മാത്രമല്ല, വഞ്ചനാപരം കൂടിയായിരുന്നു കോൺഗ്രസ് നിലപാട്. ആ ഘട്ടത്തിലാണ് സ്പീക്കർ സ്ഥാനം ലീഗിന് നൽകി അവരെ തൃപ്തിപ്പെടുത്തിയത്. അങ്ങനെയാണ് കെ. എം. സീതി സ്പീക്കർ ആകുന്നത്.

കെ.എം. സീതി

ഏതാനും മാസങ്ങൾ സ്പീക്കർ പദവിയിലിരുന്ന സീതി സാഹിബ് അന്തരിച്ചപ്പോൾ, സ്പീക്കർ പദവി പോലും ലീഗിൽനിന്ന് എടുത്തു മാറ്റാനാണ് അന്നത്തെ കോൺഗ്രസ് നേതൃത്വം കരുക്കൾ നീക്കിയത്. ആദർശവാദിയായ കെ പി സി സി പ്രസിഡന്റ് സി.കെ. ഗോവിന്ദൻ നായർ തന്നെയായിരുന്നു, ഇനി ഒരവസരം ലീഗിന് നൽകേണ്ട എന്ന നിലപാട് എടുത്തത്. എന്നാൽ ആർ. ശങ്കറും പി. ടി. ചാക്കോയും അതിനോട് വിയോജച്ചതിനെ തുടർന്ന് ഒരു പുതിയ ഫോർമുല അവതരിപ്പിക്കപ്പെട്ടു. കേരളത്തിലെ മുസ്‍ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമായിരുന്നു അത്.

ലീഗിൽ നിന്ന് രാജിവെച്ച് വന്നാലേ സ്പീക്കർ പദവി നൽകൂ എന്നതായിരുന്നു ആ ഫോർമുല. ആ ഫോർമുല അംഗീകരിക്കാൻ ലീഗ് തയ്യാറായി എന്നതാണ് ആശ്ചര്യകരം. അങ്ങനെയാണ് സി. എച്ച്. മുഹമ്മദ് കോയ സ്പീക്കറായത്. ‘തൊപ്പിയൂരി’ സ്പീക്കർ ആയെന്ന പരിഹാസം ലീഗിനെതിരെ ഇപ്പോഴും ഉന്നയിക്കപ്പെടാൻ ആ സംഭവം കാരണമായി. ഈ കീഴടങ്ങലിനെ കൂടി ഓർമിപ്പിച്ചുകൊണ്ടാണ് നെഹ്‌റു ലീഗിനെ ‘ചത്ത കുതിര’ എന്ന് വിശേഷിപ്പിച്ചത്. ഒടുവിൽ അപമാന ഭാരത്താൽ ലീഗ് കോൺഗ്രസ് മുന്നണിയിൽ നിന്ന് പുറത്തുപോയി. സി.എച്ച്. സ്പീക്കർ പദവിയിൽ നിന്ന് രാജിവെച്ചു.

സി.എച്ച്. മുഹമ്മദ് കോയ

പച്ച - ചെങ്കൊടി

തലയിൽ മുണ്ടിട്ട് കൊണ്ടുള്ള മുന്നണി ബന്ധം കോൺഗ്രസുമായി ഇനി വേണ്ട എന്ന് ലീഗ് തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് 1965- ൽ തെരഞ്ഞെടുപ്പു വരുന്നത്. തങ്ങളോടു വഞ്ചന കാട്ടിയ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കാനും അന്തസ്സോടെ നിലനിൽക്കാനും ലീഗ് ഈ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തി.

ആദ്യമായി സി പി എമ്മുമായി നീക്കുപോക്കുണ്ടാക്കി ലീഗ് മത്സര രംഗത്ത് വന്നു. ആ തെരഞ്ഞെടുപ്പിൽ ലീഗ് പ്രതികാരം വീട്ടി. സി പി എമ്മുമായുള്ള സഖ്യത്തിലൂടെ മലബാറിൽ ലീഗ് വൻ മുന്നേറ്റം ഉണ്ടാക്കി. കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങി. എന്നാൽ സർക്കാർ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷമില്ലെന്ന കാരണം പറഞ്ഞ്, കേരളത്തിൽ നിയമസഭ വിളിച്ചുകൂട്ടാതെ രാഷ്ട്രപതി ഭരണം തുടർന്നത് കൊണ്ട് ലീഗിന് അപ്പോൾ ഭരണം കിട്ടിയില്ല.

എന്നാൽ, ആ തെരഞ്ഞെടുപ്പോടെ വിലപേശൽ രാഷ്ട്രീയത്തിൽ ഇടപെടുന്ന അന്തസുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് തങ്ങൾ എന്ന് തെളിയിക്കാൻ ലീഗിന്നു സാധിച്ചു. മാത്രമല്ല, 1967- ൽ നടന്ന തെരഞ്ഞെടുപ്പിൽ പരസ്യമായി സി പി എമ്മുമായി സഖ്യമുണ്ടാക്കി വൻ മുന്നേറ്റം നടത്തിയ ലീഗ്, സപ്തകക്ഷി മന്ത്രിസഭയിൽ മന്ത്രിപദവിയും നേടി.

1967-ലെ സപ്തകക്ഷി മുന്നണിയിലെ പ്രതിനിധികൾ

കേരള രാഷ്ട്രീയത്തിൽ ലീഗ് തങ്ങളുടെ അന്തസും അഭിമാനവും നേടിയെടുത്തത് ഇടതുപക്ഷവുമായി ഉണ്ടാക്കിയ മുന്നണി ബന്ധത്തോടെയാണെന്ന് ലീഗുകാർ പോലും അംഗീകരിക്കുന്ന ചരിത്ര വസ്തുതയാണ്. രണ്ടു വർഷമേ ആ ഭരണം നില നിന്നുള്ളൂ. പിന്നീട് ആ മുന്നണി ബന്ധങ്ങൾ തകരുകയും ലീഗ് കോൺഗ്രസ് പാളയത്തിൽ തിരിച്ചെത്തുകയും ചെയ്തു. ഐക്യജനാധിപത്യ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയായാണ് കോൺഗ്രസിലേക്കുള്ള ലീഗിന്റെ മടക്കം.

ബാബറി ധ്വംസനത്തിനു ശേഷം

കേരളത്തിൽ യു ഡി എഫ് മുന്നണിയുടെ അഭിവാജ്യ ഘടകമായി ലീഗ് മാറിയതോടെ കോൺഗ്രസ്, ലീഗിന്റെ അഭിപ്രായം മാനിച്ചും അവരുടെ അന്തസ്സ് മുഖവിലക്കെടുത്തുകൊണ്ടുമുള്ള രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളുമാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്. ഇടക്ക് പല വിഷയങ്ങളെ ചൊല്ലി മുന്നണിയിൽ തർക്കമുണ്ടായാൽ തന്നെ, പാണക്കാട് കുടുംബവുമായുള്ള ബന്ധത്തിലൂടെ അവ രമ്യമായി പരിഹരിക്കുകയാണ് പതിവ്.

പലപ്പോഴും കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കാൻ പോലും ലീഗാണ് മുൻകൈയെടുക്കാറ്. കേരള കോൺഗ്രസ് നേതാവ് കെ. എം. മാണി മരിക്കുന്നതുവരെ യു ഡി എഫിന്റെ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹവും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും സുപ്രധാന കണ്ണികളായി വർത്തിച്ചിരുന്നു. യു ഡി എഫിന്റെ നിലനിൽപ്പ് ലീഗിന്റെ പിന്തുണയെ ആശ്രയിച്ചു നിൽക്കുന്നിടത്തോളം ലീഗിന്റെ പ്രസക്തി കേരള രാഷ്ട്രീയത്തിൽ ഉയർന്നിട്ടുണ്ട് എന്നത് അനിഷേധ്യമാണ്. കെ.എം. മാണിയുടെ നിര്യാണത്തോടെ ലീഗിന്റെ പ്രസക്തി കൂടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കേരളത്തിലെ ലീഗ് ബാന്ധവം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയങ്ങളെ കാര്യമായി സ്വാധീനിക്കാറില്ല എന്ന വൈരുദ്ധ്യവും നിലനിൽക്കുന്നുണ്ട്.

കോൺഗ്രസ് നേതൃത്വവുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ കൂടി തണലിൽ കേന്ദ്രമന്ത്രിസഭയിൽ ഇ. അഹമ്മദ് മന്ത്രിയായി എന്നത് ഒഴിച്ചുനിർത്തിയാൽ ദേശീയ തലത്തിൽ കോൺഗ്രസ് ലീഗിനെ പരിഗണിക്കാറില്ല. ഒരു പ്രാദേശിക ഘടകകക്ഷി എന്നതിലുപരി ലീഗിനെ പരിഗണിക്കാറില്ല.

ബാബരി മസ്ജിദ് തകർക്കുന്ന കർസേവകർ

ലീഗ് രാഷ്ട്രീയത്തിനെതിരെ നെഹ്രുവിന്റെ കടുത്ത നിലപാട് പുലർത്തുന്നവർ പിന്നീട് കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായിട്ടില്ലെങ്കിലും ലീഗ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തോട് നീതി പുലർത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ, മൃദു ഹിന്ദുത്വ നിലപാട് പിന്തുടരുന്നതിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല.

ഉത്തരേന്ത്യയിലുണ്ടായിട്ടുള്ള പരശതം മുസ്‍ലിം വിരുദ്ധ കലാപങ്ങൾ, കോൺഗ്രസ് ഭരണ കാലത്തായിരുന്നു. ബാബറി മസ്ജിദ് ധ്വംസന ചരിത്രം പരിശോധിക്കുമ്പോൾ ബി ജെ പിയോളം പങ്ക് കോൺഗ്രസിനും ഉണ്ടായിരുന്നു എന്ന വസ്തുത വിസ്മരിക്കാനാകില്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടും അതിന്റെ ഭാഗമായ മൗനങ്ങളും ഇന്ത്യൻ മതേതരത്വത്തിനുണ്ടാക്കിയ ആഘാതങ്ങൾ ചെറുതല്ല.

ഇ. അഹമ്മദ്

ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, കേരളത്തിലെ മുസ്‍ലിം ലീഗിനുള്ളതിൽ അത് വലിയ കൊടുങ്കാറ്റ് ഉളവാക്കി. ബാബറി മസ്ജിദ് തകർക്കാൻ കൂട്ടുനിന്ന, അഥവാ പള്ളി തകർന്നു വീഴുന്ന വരെ കണ്ണടച്ചിരുന്ന നരസിംഹ റാവു സർക്കാരിനെതിരെ ലീഗിനുള്ളിൽ കടുത്ത വിമർശം ഉയർന്നു. ആ സർക്കാരിനെ പിന്തുണയ്ക്കുന്ന മുന്നണിയുടെ ഭാഗമായി മുസ്‍ലിം ലീഗ് തുടരുന്നത് മുസ്‍ലിം ന്യൂനപക്ഷതോടുള്ള വഞ്ചനയാണെന്നും യു ഡി എഫ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ലീഗ് പുറത്തു വരണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ലീഗിൽ കലാപം ഉയർത്തി.

ലീഗ് ഉയർത്തുന്ന 'അഭിമാനകരമായ അസ്തിത്വം' എന്ന മുദ്രാവാക്യതോട് അല്പമെങ്കിലും കൂറ് കാണിക്കാൻ മറ്റു വഴിയില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടായിരുന്നു ആ വിഭാഗത്തിന്റെ നേതാവ്. എന്നാൽ ഭരണം വിടാൻ ലീഗ് കേരള ഘടകം തയ്യാറായില്ല. കീഴടങ്ങലിന്റെയും നിസ്സഹായതയുടെയും തുല്യതയില്ലാത്ത ഉദാഹരണമായി അത് മാറി. ഒടുവിൽ സേട്ട് ലീഗ് വിട്ടു, ഇന്ത്യൻ നാഷനൽ ലീഗ് എന്ന പുതിയ പാർട്ടിയുണ്ടാക്കി. ലീഗിന്റെ കീഴടങ്ങൽ- ക്ഷമാപണ നിലപാടിന്റെ ഉദാഹരങ്ങളായി ഒട്ടേറെ സംഭവങ്ങൾ വേറെയും ചൂണ്ടിക്കാണിക്കാം.

എ. കെ. ആന്റണിയെ പോലെ, ലീഗിന്റെ ഔദാര്യം പറ്റിയ മുതിർന്ന നേതാക്കൾ 'ലീഗ് അനർഹമായി സ്ഥാനമാനങ്ങൾ കൈക്കലാക്കുന്നു' എന്ന പ്രചാരണം അഴിച്ചുവിട്ട സംഭവങ്ങൾ അതിൽ പെട്ടതാണ്. ലീഗിന്റെ ശക്തിയും മുന്നണിയിൽ അതിന്റെ സ്ഥാനവും കണക്കിലെടുത്ത് അർഹമായ, ജനാധിപത്യപരമായ പ്രാതിനിധ്യം ആവശ്യപ്പെടുമ്പോൾ വർഗീയ- സാമുദായിക ചാപ്പയടിച്ചും, ഇതര ജാതി- സമുദായ സംഘടനകളുടെ കൂടെ കൂടി ഒളിയാക്രമണം നടത്തിയും ലീഗിനെ നിശ്ശബ്ദമാക്കിയ സംഭവങ്ങളും ധാരാളമുണ്ട്.

അന്തസ്സോ അസ്തിത്വമോ?

കോൺഗ്രസിന്റെ ഭാഗത്തുനിന്ന് രൂപീകരണ കാലം തൊട്ടു തന്നെ അവഗണനകൾ നേരിടേണ്ടിവന്നിട്ടും, സ്വന്തം സ്വത്വ ചിഹ്നങ്ങൾ പോലും ഉപേക്ഷിക്കേണ്ടി വന്നിട്ടും, ന്യായമായ നീതി നിഷേധിക്കപ്പെട്ടിട്ടും ലീഗ് ഇപ്പോഴും കോൺഗ്രസിന്റെ കൂടെ നിൽക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നവർക്ക് ലീഗിന് അവരുടെതായ മറുപടിയുണ്ട്. അഭിമാനകരമായ അസ്തിത്വമാണ് ലീഗിന്റെ അടിസ്ഥാന ലക്ഷ്യമെങ്കിലും ആദ്യം അസ്തിത്വം, പിന്നെ അഭിമാനം എന്നതാണ് ആ മറുപടി.

‘ഒരുനാൾ എങ്കിൽ ഒരുനാൾ പുലിയെ പോലെ ജീവിക്കുന്നതാണ് കീഴ്പ്പെടുന്നതിനേക്കാൾ കരണീയം' എന്നൊക്കെ സിദ്ധാന്തം പറയാൻ കൊള്ളാം, പ്രായോഗിക രാഷ്ട്രീയത്തിൽ അത് നടപ്പുള്ള കാര്യമല്ല. ഏതു രാഷ്ട്രീയ പാർട്ടിയാണ് നിലനിൽപ്പിന് വേണ്ടി അടവ് നയങ്ങൾ പ്രയോഗിക്കാത്തത്?. വിഭജനാനന്തരം പരിതാപകരമായ ഒരവസ്ഥയിൽ പതിച്ച ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് സമാധാനപരമായ ജീവിതം വേണം. ജനാധിപത്യപരമായ രാഷ്ട്രീയ പ്രാതിനിധ്യം വേണം. അധികാര പങ്കാളിത്തവും ഭരണ പങ്കാളിത്തവും വേണം. രാഷ്ട്രീയ അധികാരം ഇല്ലാതായി കഴിഞ്ഞാൽ ഒരു ജനത നിശ്ചേതനമാകും, നിശ്ശബ്ദമാകും. അതിനാൽ, ദീർഘ വീക്ഷണത്തോടെയുള്ള, തത്വ ദീക്ഷയോടെയുള്ള സുചിന്തിത നയമാണ് ലീഗിന്റെ സഹനവും ക്ഷമാപണ മനോഭാവവും സംയമനവും- ലീഗിന്റെ ന്യായവാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.

ലീഗിന്റെ ഈ സംയമന മനോനില എന്നും വിമർശിക്കപ്പെട്ടിരുന്നു. 'സംയമനത്തിന്റെ താരാട്ട് പാടി സമുദായത്തെ ഉറക്കി കിടത്തുന്നവർ' എന്ന് ലീഗിനെ ആക്ഷേപിച്ചു ധാരാളം മുസ്‍ലിം ന്യൂനപക്ഷ സംഘടനകൾ രംഗത്ത് വന്നിരുന്നു. പി ഡി പിയും ഐ എൻ എല്ലും എസ് ഡി പി ഐയും ഉൾപ്പെടെയുള്ള അത്തരം സംഘടനകൾക്ക് എന്ത് സംഭവിച്ചു?. അവർക്ക് എന്ത് ചെയ്യാനായി?. അവരുടെ വൈകാരിക പ്രകോപനങ്ങളോട് പ്രതികരിച്ച് ലീഗ് നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ പ്രത്യുൽപ്പന്നപരമായ ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കുമായിരുന്നോ?- ലീഗിന്റെ ഭാഗത്ത് നിന്നുള്ള ഈ മറുചോദ്യവും ചർച്ച അർഹിക്കുന്നത് തന്നെ.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ലീഗ് പതാക ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും പച്ചക്കൊടിയോട് ഐക്യദാർഡ്യം കാണിച്ചും ഉണ്ടായ പ്രകടനങ്ങൾ നല്ലതുതന്നെ. അത് ലീഗിലും ന്യൂനപക്ഷങ്ങളിലും ആത്മവിശ്വാസമുണ്ടാക്കാൻ ഉപകരിച്ചേക്കാം. പക്ഷെ, ഒരു രാഷ്ട്രീയനയമായി അവർ അത് മുന്നോട്ടു കൊണ്ടുപോകുമോ? ഐ എൻ എൽ എന്ന പാർട്ടിക്ക്, പേരിൽ മുസ്‍ലിം ഇല്ലാതിരുന്നിട്ടു പോലും ഇടതുമുന്നണിയിൽ അംഗത്വം ലഭിക്കാൻ എത്ര കാലം കാത്തിരിക്കേണ്ടിവന്നു എന്നു കൂടി ചിന്തിക്കാവുന്നതാണ്.

കോൺഗ്രസിന്റെ ബി.ജെ.പി. പേടി

നെഹ്‌റു ലീഗിനെ എതിർത്തത് രാജ്യത്തിന്റെ മതേതര ഭാവിയെ കുറിച്ചുള്ള ആശങ്ക കൊണ്ടായിരുന്നു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ സംഘാടനങ്ങൾ എല്ലാം പരസ്പരം സഹായിക്കും എന്ന ദീർഘവീക്ഷണം കൊണ്ടായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങാതിരിക്കാൻ മതേതര ജനാധിപത്യ രാഷ്ട്രീയമാണ് ആവശ്യം, മത സമുദായ രാഷ്ട്രീയമല്ല എന്ന തിരിച്ചറിവ് കൊണ്ടായിരുന്നു. അല്ലാതെ, ആരെയും ഭയന്നോ ആരെയെങ്കിലും തൃപ്തിപ്പെടുത്താനോ ആയിരുന്നില്ല. മതേതര കാഴ്ചപ്പാടിൽ നെഹ്രുവിന്റെ നിലപാട് ഇന്നും പ്രസക്തമാണ് താനും.

എന്നാൽ ഇന്ന്, നാം 2024- ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ നെഹ്രുവിന്റെ ഇന്ത്യയല്ല മുന്നിൽ. അദ്ദേഹം ഭയപ്പെട്ട, വർഗീയവത്കരിക്കപ്പെട്ട ഇന്ത്യയാണ്. ഹിന്ദുത്വ മത രാഷ്ട്രീയം വാഴുന്ന ഇന്ത്യയാണ്. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയും അവരുടെ പൗരത്വം പോലും തുലാസിലാടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയാണ്.

ഇന്ത്യ എന്ന ആശയവും ഇന്ത്യൻ ഭരണ ഘടനയും നിലനിൽക്കുമോ എന്ന ആശങ്കയുടെ മേഘങ്ങൾ നിഴൽ വീഴ്ത്തിയ ഒരു ഘട്ടത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ കുറെ കൂടി ധീരതയും ഔചിത്യബോധവുമാണ് കോൺഗ്രസിൽ നിന്ന് മതേതര സമൂഹം പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ഭയത്തിൽ നിന്നും ഉറപ്പില്ലായ്മയിൽ നിന്നുമാണ് കോൺഗ്രസിലെ നേതാക്കളും അണികളും ബി ജെ പിയിലേക്ക് പോകുന്നതെന്ന് ആ പാർട്ടിക്ക് ഇനിയും മനസ്സിലായിട്ടില്ല.

പതിറ്റാണ്ടുകളായി കേരളത്തിൽ മുസ്‍ലിം ലീഗ് കോൺഗ്രസ് മുന്നണിയുടെ ഭാഗമാണെന്നത് യാഥാർത്ഥ്യമാണ്. അത് അംഗീകരിക്കുകയും എന്തുകൊണ്ട് ലീഗിനെ മുന്നണിയുടെ ഭാഗമായി ഉൾക്കൊള്ളുന്നു എന്ന് വിശദീകരിക്കുകയും ചെയ്യാനുള്ള ആർജവം കാണിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. അല്ലാതെ ലീഗിന്റെയും കോൺഗ്രസിന്റെ തന്നെയും കൊടി ദൂരെ മാറ്റി പരിഹാസ്യരാകുകയല്ല. ന്യൂനപക്ഷങ്ങൾക്കെതിരെ ബി ജെ പി ഇന്നുന്നയിക്കുന്ന ആരോപണങ്ങൾ നാളെ ഉന്നയിക്കുകയോ, അത് മൗനനമായി സമ്മതിക്കുകയോ അതിൽ ഭയന്ന് ഒളിച്ചോടുകയോ ചെയ്യുന്ന കോൺഗ്രസ്, ബി ജെ പിയുടെ സങ്കുചിത വർഗീയ രാഷ്ട്രീയത്തെ നോർമലൈസ് ചെയ്യുകയാണ് ചെയ്യുന്നത്. അതുവഴി തങ്ങളുടെ പ്രസക്തി സ്വയം റദ്ദാക്കുകയും.

അതിഭീതിദമായ ഒരു രാഷ്ട്രീയ സന്ദർഭത്തെ നേരിടുകയാണ് ഇന്ത്യ. അതിൽ ഏറ്റവും ആശങ്കാകുലർ സ്വാഭാവികമായും മുസ്‍ലിം ന്യൂനപക്ഷങ്ങളാണ്. അവരുടെ രാഷ്ട്രീയ സംഘടനകളുടെ നിസ്സഹായതയെ, നിരാശയെ അതിൽ നിന്നുണ്ടാകുന്ന ക്ഷമാപണ-സംയമന നിലപാടുകളെ വിവേകപൂർവ്വം മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഈ ഘട്ടത്തിൽ ഇടതു പ്രസ്ഥാനങ്ങൾ അടക്കമുള്ള മതേതര സമൂഹം ചെയ്യേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയക്കാർ ഇട്ടുതരുന്ന അപ്രധാന വിഷയങ്ങളിൽ കടിച്ചുകീറുമ്പോൾ ഈ തെരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെടേണ്ട മൗലികമായ പ്രശ്നത്തിന്റെ ഗൗരവം കുറഞ്ഞു പോകുകയേ ഉള്ളൂ. വയനാട്ടിലെ കോൺഗ്രസ് പ്രചാരണ റാലിയിൽ ലീഗിന്റെ കൊടി പിടിക്കാതിരിക്കുന്നതല്ല, തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റിൽ കാവിക്കൊടി ഉയരാതിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന മുൻഗണനാ വിഷയം.

Comments