എല്ലാവരും ഉറ്റുനോക്കിയ പാലക്കാട് ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ രാഷ്ട്രീയ കേരളത്തിൻ്റെ മനസ്സ് മതേതരത്വത്തോടൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. കേന്ദ്ര ഭരണത്തിൻ്റെ ഹുങ്കിൽ ബി.ജെ.പിയും കേരള ഭരണത്തിൻ്റെ തണലിൽ സി.പി.എമ്മും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ 18,715 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് പറഞ്ഞയക്കാനാണ് പാലക്കാട്ടുകാർ തീരുമാനിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ ഇതുവരെ കണ്ടിട്ടില്ലാത പ്രചാരണ കോലാഹലങ്ങൾ നടത്തിയ ബി.ജെ.പിയും ഇടതുപക്ഷവും പാലക്കാട്ടുകാരുടെ മനസ്സിൽ നിന്ന് എടുത്തറിയപ്പെട്ട വിജയമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റേത്.
നാട്ടുകാരനല്ലാത്ത സ്ഥാനാർത്ഥി, കള്ളപ്പണ ലേബലിൽ ഉയർത്തിയ ട്രോളി വിവാദം, വർഗ്ഗീയ പ്രചാരണത്തിൻ്റെ നേരടയാളമായ പത്രപരസ്യം തുടങ്ങി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ബി.ജെ.പി - സി.പി.എം പക്ഷഭേദമില്ലാതെ ഒന്നിച്ച് പ്രയോഗിച്ചിട്ടും രാഹുൽ മാങ്കൂട്ടത്തിൽ വൻ വിജയം നേടി. പണമൊഴുക്കിയും വർഗീയ കാർഡിറക്കിയും പതിനെട്ടടവും പയറ്റിയിട്ടും പാലക്കാട്ടെ ജനത നേരിൻ്റെ പക്ഷത്ത് ഉറച്ചുനിന്ന് യു.ഡി.എഫിന് വൻ വിജയമാണ് സമ്മാനിച്ചത്.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം സി.പി.എം ഉയർത്തിയ ന്യായ വാദങ്ങൾ ഏറെ വിചിത്രവും ആപൽക്കരവുമാണ്. മുമ്പ് വേങ്ങര ഉപതെരഞ്ഞെടുപ്പിനുശേഷം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. മലപ്പുറത്തിൻ്റെ ഉള്ളടക്കം വർഗ്ഗീയമാണെന്നായിരുന്നു കടകംപള്ളിയുടെ ഗവേഷണ കണ്ടെത്തൽ. പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ ഫാഷിസത്തിനെതിരെ മഹാവിജയം നേടിയ യു.ഡി.എഫിൻ്റെ മുന്നേറ്റത്തെ ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കും ചാർത്തിക്കെടുക്കാൻ മൽസരിക്കുകയാണ് സി.പി.എം നേതാക്കൾ. ഇതിലൂടെ സംഘ്പരിവാരിന് കേരള മണ്ണിൽ കൂടുതൽ ഇടം കണ്ടെത്താൻ അവസരമൊരുക്കുകയാണ് സി.പി.എം.
പാലക്കാട്ട് ബി.ജെ.പിക്ക് വലിയ തോതിൽ വോട്ടു കുറഞ്ഞ ഉപതെരഞ്ഞെടുപ്പിൽ, ഫാഷിസം ദുർബലപ്പെടുന്നു എന്ന് പറയുന്നതിനുപകരം യു.ഡി.എഫ് വിജയത്തെ ജമാഅത്തുമായും എസ്.ഡി.പി.ഐയുമായും കൂട്ടിക്കെട്ടി പ്രചരിപ്പിക്കുന്നതിൽ സി.പി.എം എന്താണ് ഉദ്ദേശിക്കുന്നത്? എത്ര അപകടകരമായ രാഷ്ട്രീയമാണ് ഇതിലൂടെ സി.പി.എം പ്രകടമാക്കുന്നത്.
വോട്ടുനേട്ടത്തിനുവേണ്ടി വർഗ്ഗീയതയെ കൂട്ടു പിടിക്കുന്ന ശ്രമം എക്കാലവും സി.പി.എം നടത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്‍ലാമിയുമായി പരസ്യമായ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയവരാണിവർ. പൊന്നാനിയിൽ യു.ഡി.എഫിനെ നേരിടാൻ പി.ഡി.പിയെ കൂട്ടു പിടിച്ചതും മഅ്ദനിയെ മഹത്വവൽക്കരിച്ച് വേദി നൽകിയതും കേരള ജനത എളുപ്പം മറക്കില്ല. മലപ്പുറത്ത് കള്ളപ്പണം രാജ്യദ്രോഹത്തിന് ഉപയോഗിക്കുന്നുണ്ടെന്ന തരത്തിൽ അഭിമുഖം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പോലീസ് തന്നെയാണ് കേസുകൾ പെരുപ്പിച്ച് കാട്ടി മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാക്കാൻ ശ്രമിച്ചതും. ഇതിലൂടെ ന്യൂനപക്ഷ സമുദായത്ത മോശമായി ചിത്രീകരിച്ച് ഭൂരിപക്ഷത്തിൻ്റെ കയ്യടി നേടലായിരുന്നു ലക്ഷ്യം.
പാർട്ടി അണികളിൽ തന്നെ ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് കടന്നു കയറാനുള്ള വാതിൽ തുറന്നിടുകയാണ് സി.പി.എം.
ആവശ്യസമയങ്ങളിൽ മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്നതിൽ സി.പി.എം നേതാക്കൾ ബി.ജെ.പിയേയും പിറകിലാക്കാറുണ്ട്. ഇസ്‍ലാമിക ആശയങ്ങളെ ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമമാണെന്ന് അധിക്ഷേപിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന, ഇസ്‍ലാമിനെ വികലമായി ചിത്രീകരികരിക്കാൻ പി. ജയരാജൻ്റെ പുസ്തകത്തിലൂടെയുള്ള ശ്രമം, കോഴിക്കോട് നടന്ന സ്കൂൾ കലോൽസവ ഉദ്ഘാടന വേദിയിൽ മുസ്‌ലിം സമുദായത്തെ വികലമായി അവതരിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ചിത്രീകരണം തുടങ്ങിയവയെല്ലാം സി.പി.എമ്മിന്റെ വർഗ്ഗീയ പ്രചാരണ സമീപനങ്ങളുടെ ഉദാഹരണങ്ങളാണ്.
സി.പി.എം തൊടുത്ത് വിടുന്ന ഇത്തരം പ്രചാരണങ്ങളുടെ നേട്ടം കൊയ്യുന്നത് ബി.ജെ.പിയാണ്. പാർട്ടി അണികളിൽ തന്നെ ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് കടന്നു കയറാനുള്ള വാതിൽ തുറന്നിടുകയാണ് സി.പി.എം. വയനാട്ടിലെ പല ബൂത്തുകളിലും സി.പി.എമ്മിനെ പിന്തള്ളി ബി.ജെ.പി ഉപതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വരികയും ചിലയിടങ്ങളിൽ ഗണ്യമായ വോട്ടു വർധനവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം വ്യാപകമായ വോട്ടു ചോർച്ചയാണ് സി.പി.എമ്മിനുണ്ടായത്. യു.ഡി.എഫിനെതിരെ വിജയിക്കാൻ സി.പി.എം കൊണ്ടുവരുന്ന ഓരോ കുതന്ത്രങ്ങളും അവർക്കു തന്നെ തിരിച്ചടിയാകുന്നുവെന്ന തിരിച്ചറിവ് പിണറായി സഖാവിനും സംഘത്തിനും ഉണ്ടായില്ലെങ്കിൽ കേരളത്തെ കാവിപുതപ്പിക്കാൻ അച്ചാരം വാങ്ങിയ സി.പി.എമ്മിനെ കേരള ജനത തൂത്തെറിയുന്ന കാലം അതിവിദൂരമല്ല.