അബ്ദുറഹ്മാൻ ബാഫഖി തങ്ങൾക്കൊപ്പം സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാൻ സേട്ട്, എം.കെ ഹാജി, ഹമീദലി ഷംനാട്, അവുക്കാദർ കുട്ടി നഹ തുടങ്ങിയ നേതാക്കൾ

മുസ്‌ലിം ലീഗില്‍ മതേതരത്വം തിരയുന്നവരോട്

ഹിന്ദുത്വ ദേശീയത ആളിപ്പടരുമ്പോഴും കേരളത്തിൽ നിലനിക്കുന്ന മതാത്മക മതേതരത്വം കാത്തുപോരാൻ മുസ്​ലിം ലീഗിന്​ കഴിയുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കാൻ ലീഗ് ശ്രമിച്ചതായി തെളിവില്ല. ആ നിലയ്ക്ക്​ ഒരു ബഫർ സോൺ ആയി പ്രവർത്തിക്കാനും കഴിയുന്നുവെന്നത്​ സവിശേഷമായി അംഗീകരിക്കേണ്ടതാണ്.

കേരളത്തിന്റെ രാഷ്ട്രീയചരിത്രം പുതുവായനകൾ ആവശ്യപ്പെടുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ ചരിത്രമായി മാത്രമല്ല അത്​ മനസിലാക്കേണ്ടത്. കേരളമണ്ണിൽ രൂപം കൊണ്ട രാഷ്ട്രീയപ്രക്രിയകളുടെ ചരിത്രവും ഉൾപ്പെടുത്തി രാഷ്ട്രീയചരിത്രത്തെ കാണേണ്ടതുണ്ട്. ആധുനിക കേരള രൂപീകരണത്തിൽ പ്രധാനമായ സമുദായവത്കരണം എന്ന നവോത്ഥാന പ്രക്രിയയെ മനസിലാക്കുന്നതും വിലയിരുത്തുന്നതും വ്യാഖ്യാനിക്കുന്നതും ഓരോരുത്തരുടെയും പ്രത്യയശാസ്ത്ര ആവശ്യവും സന്ദർഭവും അനുസരിച്ചാണെന്നത് സവിശേഷമായി വാദിച്ചുറപ്പിക്കേണ്ടതില്ല. കൊളോണിയൽ ആധുനികത, സ്വത്വമുദ്രകളായ ജാതി, മതം എന്നീ സാമൂഹികചരങ്ങളെ അടിസ്ഥാനമാക്കി സമുദായങ്ങളെ നിർമിച്ചെടുത്തു. സമുദായരൂപീകരണത്തിലൂടെ, സമുദായത്തിന്റെ അവകാശങ്ങളും പ്രാതിനിധ്യവും പ്രധാനമായി. ഈഴവവത്കരണം എസ്.എൻ.ഡി.പിയിലൂടെ ശക്തമായി ചുവടുറപ്പിച്ചപ്പോൾ എൻ.എസ്.എസ്, പുലയ മഹാസഭ എന്നിങ്ങനെ ഓരോ വിഭാഗത്തിനും സമുദായ സംഘടനകൾ രൂപംകൊണ്ടു.

അവകാശങ്ങൾക്കായി സംഘടിതമായി ശക്തരാകണമെന്ന്​ നേരിട്ട് ബോധ്യപ്പെട്ടതോടെ, ആധുനികവഴിയായി ഇതല്ലാതെ മറ്റുമാർഗങ്ങളില്ല എന്ന തിരിച്ചറിവ് എല്ലാ സമുദായങ്ങളിലും മിന്നൽപ്പിണരായി മാറി. അതുതന്നെയാണ് എസ്.എൻ.ഡി.പി.യുടെ രൂപീകരണംകൊണ്ട് കേരള സമൂഹത്തിൽ സംഭവിച്ച പ്രധാന മാറ്റവും. എസ്.എൻ.ഡി.പി, കൈയൊഴിഞ്ഞ ഗുരുവിന്റെ ജാതിവർജ്ജനമെന്ന യുക്തിബോധത്തെ ഏറ്റെടുക്കാനും കൂടുതൽ വ്യാപ്തിയോടുകൂടി പ്രചരിപ്പിക്കാനും സമുദായസംഘടനകളല്ലതെ സഹോദരപ്രസ്ഥാനം പോലുള്ള പ്രവർത്തനങ്ങളും രൂപപ്പെട്ടു. കൂടാതെ, ഈഴവർ ഹിന്ദുക്കളല്ലെന്നും ഹിന്ദുമതമാണ് ഈഴവരുടെ പിന്നാക്കാവസ്ഥയ്ക്കു കാരണമെന്ന ‘സ്വതന്ത്രസമുദായ' വാദവും നാമ്പിട്ടു. അവർണ -സവർണ ഹിന്ദുസമുദായങ്ങളിൽ നടന്ന സാമൂഹികപരിഷ്‌കരണം ഇതര മതസമുദായങ്ങളിലേക്കും വ്യാപിച്ചു.

സവർണ കൂട്ടായ്മയിൽ നഷ്ടപ്പെട്ടിരുന്ന സ്വത്വത്തിന്റെ വീണ്ടെടുപ്പായും ആധുനിക സമൂഹത്തിൽ പ്രതിജാതി സമ്മർദ്ദശക്തികൾക്കിടയിൽ അതിജീവിക്കാനുമാണ് സവർണ സമുദായവൽക്കരണം സാക്ഷ്യമായത്. കേരളത്തിലെ സമുദായവല്കരണപ്രക്രിയയെ ഭിന്നരീതിയിൽ മനസിലാക്കേണ്ടിയിരിക്കുന്നു. ജാതിവ്യവഹരങ്ങളിൽ നിർണായക സാന്നിധ്യമാണ് സമുദായവത്കരണമെന്ന ജാതിസ്വത്വരൂപീകരണത്തിനുള്ളത്.

ഉപജാതി ഏകീകരണം സാധ്യമാക്കി ജനസംഖ്യാ പ്രാതിനിധ്യം ഉറപ്പാക്കാൻ സമുദായവത്കരണത്തിലൂടെ കഴിഞ്ഞു. ആധുനിക സ്വത്വരൂപീകരണമാണിതിലൂടെ പ്രയോഗികമായത്. ഒരു ജനത എന്ന രീതിയിൽ ഭാഷയുടെയോ ദേശത്തിന്റെയോ അധിനിവേശ വിരുദ്ധതയുടെയോ പേരിൽ ഏകതാൽപര്യത്തോടെ ഒന്നുചേരാതിരിക്കാനും സ്വ- അപര സ്വത്വമാക്കി നിലനിറുത്താനും സമുദായവല്കരണം അധിനിവേശ ശക്തികൾക്കു സഹായകമായെന്നതിൽ സംശയമില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഒരു ഭരണതന്ത്രമാണ്.
ചുരുക്കത്തിൽ കൊളോണിയൽ ആധുനികത കേരളത്തിന് സമ്മാനിച്ചത് ജാതിയില്ലായ്മയോ മനുഷ്യബോധമോ സമത്വമോ അല്ല; മറിച്ച്​, സമുദായം എന്ന രാഷ്ട്രീയ സംവർഗത്തെയാണ്. അത് ഭേദത്തെ അടയാളപ്പെടുത്തുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്.

സമുദായവത്കരണം സ്വത്വരൂപീകരണമെന്ന നിലയിൽ ശക്തി പ്രാപിക്കുകയും എല്ലാ ജനവിഭാഗങ്ങളെയും സമുദായവത്കരിക്കുകയും ചെയ്തു. കേരള ജനത, സമുദായസ്വത്വ ഘടനയിൽനിന്ന്​ പ്രചരിപ്പിക്കുന്നത്ര രാഷ്ട്രീയവത്കരണത്തിനു വിധേയമായിട്ടുണ്ടോ എന്ന്​ അന്വേഷിക്കാവുന്നതാണ്.

സമുദായവത്കരണം സ്വത്വരൂപീകരണമെന്ന നിലയിൽ ശക്തി പ്രാപിക്കുകയും എല്ലാ ജനവിഭാഗങ്ങളെയും സമുദായവത്കരിക്കുകയും ചെയ്തു. കേരള ജനത, സമുദായസ്വത്വ ഘടനയിൽനിന്ന്​ പ്രചരിപ്പിക്കുന്നത്ര രാഷ്ട്രീയവത്കരണത്തിനു വിധേയമായിട്ടുണ്ടോ എന്ന്​ അന്വേഷിക്കാവുന്നതാണ്. കേരളസമൂഹത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത അളന്നറിയാനും ആധുനികീകരണയുക്തിയുടെ സാധുത പരിശോധിച്ചറിയാനുമുള്ള ഒരു മാനദണ്ഡമായി ഈ പരിശോധനയെ വികസിപ്പിച്ചെടുക്കാവുന്നതാണെങ്കിലും അത്തരം അന്വേഷണങ്ങളോട് കേരളത്തിന്റെ സാമൂഹികശാസ്ത്ര പഠിതാക്കൾ താല്പര്യം കാണിക്കാറില്ല. അക്കാദമികമായും അല്ലാതെയും മനഃപ്പൂർവം മറച്ചുവയ്ക്കുന്നുണ്ടെങ്കിലും, സാമാന്യബോധത്തിൽ ലീനമായ സത്യം കേരളരാഷ്ട്രീയ ഭൂപടം സമുദായ കേന്ദ്രിതമാണെന്നത് തന്നെയാണ്. കാലാനുസൃതമായ മാറ്റം ലക്ഷ്യത്തിലും ഘടനയിലും അടയാളപ്പെടുമെങ്കിലും സമുദായവത്കരണം ഇപ്പോഴും ജനാധിപത്യ പ്രക്രീയയിൽ സ്വത്വരാഷ്ട്രീയമായി നിലനിൽക്കുന്ന ഒരു സാമൂഹിക രാഷ്ട്രീയ തുടർപ്രക്രിയയാണ് എന്നു പറയാതിരിക്കേണ്ടതില്ല. ചുരുക്കത്തിൽ, പുരോഗമന രാഷ്ട്രീയ ഉല്പന്നമായി മനസിലാക്കുന്ന സാമൂഹികത സമുദായവത്കരണത്തെ നിരാകരിക്കുന്നില്ല എന്നു മാത്രമല്ല, അതിനെ മുഖ്യധാരാ രാഷ്ട്രീയവുമായി വിളക്കിച്ചേർക്കുകയും ചെയ്യുന്നു.

1956 നവംബർ 11ന് എറണാകുളത്ത് ചേർന്ന മുസ്‌ലിംലീഗിന്റെ പ്രഥമ സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിൽ നേതാക്കൾ. മുൻനിരയിൽ ഇടത്തുനിന്ന് കെ. ഉപ്പി സാഹിബ്, ബി. പോക്കർ സാഹിബ്, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, ബാഫഖി തങ്ങൾ, കെ.എം സീതി സാഹിബ്, കെ.എ മൗലവി.

സമുദായവൽക്കരണത്തിൽനിന്നുള്ള മോചനം ഉറപ്പുവരുത്താൻ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പുരോഗമനചിന്തക്ക് കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല സമുദായവൽക്കരണത്തിന്​ മുഖ്യധാരാ രാഷ്ട്രീയം വിഭാവനം ചെയ്ത സെക്യുലർ മാനവ രാഷ്ട്രീയത്തെ അപ്രസക്തമാക്കാനും അതിന്റെ വേരുകൾ ആഴത്തിലാഴ്ത്താനും കഴിഞ്ഞു. വിഭാഗീകൃതരെങ്കിലും ഏകരാണ് എന്ന പൊതുബോധം സംസ്ഥാന രൂപീകരണത്തിനുശേഷം കേരളത്തിൽ രൂപപ്പെടുത്തിയെടുത്തതാണ്. പൂർണമായും ഒരു ആസൂത്രണ ഫലമാണെന്നു പോലും വാദിക്കാവുന്നതാണ്. രാഷ്ട്രീയകേരളത്തിനു വേണ്ടുന്ന പശ്ചാത്തലമായേ ഈ ഭാവനാകേരളത്തെ കാണാനാവൂ. ആഭ്യന്തര വൈവിധ്യങ്ങൾ നിറഞ്ഞ ഒരു അംഗീകൃത ഭാവനയാണ് നാം പങ്കിടുന്ന ഭാഷാഏകതാബോധം. വൈവിധ്യo തന്നെയാണ് നിയന്ത്രണശക്തി. ജാതി, മതം, ദേശം, ലിംഗം തുടങ്ങിയുള്ള സാമൂഹികചരങ്ങൾ സ്വ -അപര ബോധനിർമിതി കേന്ദ്രങ്ങളാണ്. വിഭാഗീകൃത സ്വത്വഭേദങ്ങളെ കടന്നുനിൽക്കുന്ന മനുഷ്യഭാവന ശ്രീനാരായണഗുരു മുന്നോട്ടുവെച്ചെങ്കിലും അതുൾക്കൊള്ളാനുള്ള രാഷ്ട്രീയസാക്ഷരത കേരളം ഇനിയും ആർജിച്ചിട്ടില്ല. അപകോളനീകരണം നടക്കാത്ത കേരളബോധം കൊളോണിയൽ ആധുനികതയെ പിൻപറ്റിയേ നിലനിൽക്കൂ.

ന്യൂനപക്ഷമതസ്വത്വം ആഭ്യന്തര വൈവിധ്യം നിലനിർത്തിക്കൊണ്ട്​ വിശാലഐക്യം നേടിയെടുത്തുവെന്നത് സമുദായവത്കരണ പ്രക്രിയയുടെ ഫലമാണ്. അവരെ സമുദായമാക്കിയത് സമാന മതമാണ്.

സമുദായവത്കരണത്തിന്റെ അടരുകൾ പരിശോധിച്ചാൽ മുഖ്യമായും രണ്ടു ഉപധാരകൾ കാണാം- ജാതികേന്ദ്രിതവും ന്യുനപക്ഷമത കേന്ദ്രിതവുമാണവ. ജാതിസമുദായങ്ങൾ ഉപജാതി ഏകീകരണത്തിലൂടെ ജാതിസമുദായ സ്വത്വം നിർമിച്ചെടുത്തു. അതോടൊപ്പം, ആരാധനാവകാശങ്ങൾ കൂടി ഉൾച്ചേർത്തുവെന്നല്ലാതെ മതാടിസ്ഥാനത്തിൽ ഒന്നായില്ല. അവർണ -സവർണ ഹിന്ദുക്കളായി ശ്രേണീകൃതമായി നിലയുറപ്പിച്ചുവെന്നത് ഒളിച്ചുവച്ചിട്ടു കാര്യമില്ല. ഭൂരിപക്ഷമതം എന്നത് കൊളോണിയൽ ആധുനികതാ വ്യവഹാരങ്ങളിലെ സൃഷ്ടിയാണ്. സാമൂഹികമായി ശ്രേണീകൃതവും ജാതീയവുമാണ് ഹിന്ദുമത സ്വത്വം. ന്യൂനപക്ഷമതസ്വത്വം ആഭ്യന്തര വൈവിധ്യം നിലനിർത്തിക്കൊണ്ട്​ വിശാലഐക്യം നേടിയെടുത്തുവെന്നത് സമുദായവത്കരണ പ്രക്രിയയുടെ ഫലമാണ്. അവരെ സമുദായമാക്കിയത് സമാന മതമാണ്. അവർക്കിടയിലെ ആഭ്യന്തരഭിന്നത പൂർണമായും ഇല്ലാതായി എന്നല്ല എങ്കിലും വിവേചനവും പുറംതള്ളലും അസമത്വവും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു വിശാല ഐക്യം താല്പര്യാർത്ഥം ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപംകൊണ്ടുവെന്ന്​ പറയാം. ഇതിൽ ശക്തമായ വരേണ്യബോധം നിലനിർത്തുന്ന ക്രിസ്തുമതത്തിൽ സമുദായം എന്ന ഏകോപനം രണ്ടുതരത്തിലാണ് പ്രവർത്തിക്കുന്നത്.

ഒന്നാമതായി വിഭാഗകേന്ദ്രിതം, രണ്ടാമതായി മതകേന്ദ്രിതം.

വർക്കല നാരായണ ഗുരുകുലത്തിൽ ഹരിഹരൻ മാസ്റ്റർ നിർമിച്ച ശിൽപം.

മതകേന്ദ്രിതമായി പോലും ഒറ്റ സമുദായമായി ഭിന്ന ക്രൈസ്തവസഭകൾ ചേർന്നുനിൽക്കുന്നുവെന്ന്​ സ്ഥാപിക്കുന്നതിൽ അപാകതയുണ്ട്. ജനസംഖ്യയുടെ എണ്ണം പറയുമ്പോൾ പൊതുവായി ക്രൈസ്തവർ എന്നു വ്യവഹരിക്കുന്നുവെന്നല്ലാതെ വിശാല ക്രൈസ്തവ താല്പര്യം ഒരു രാഷ്ട്രീയ സംജ്ഞയായി പരിവർത്തനപ്പെട്ടിട്ടില്ല. സവർണ -അവർണ ഹിന്ദു ഭേദം പോലെ ശക്തമായ വരേണ്യ വിവേചനം നിലനിൽക്കുന്നുണ്ട്. ഓരോ വിഭാഗവും അവരവരുടെ ജനസംഖ്യയും സാന്നിധ്യവും അനുസരിച്ച്​ രാഷ്ട്രീയമായി വിലപേശുന്നുണ്ടെന്നുമാത്രം. ക്രൈസ്തവമത പാർട്ടിയല്ലെങ്കിലും കേരളാ കോൺഗ്രസ് പ്രമുഖ വിഭാഗങ്ങൾ ക്രൈസ്തവതാല്പര്യം നിലനിറുത്തുന്നുണ്ട്. ക്രൈസ്തവ വോട്ടുബാങ്ക് പ്രധാനമായി മാറിയിട്ടുണ്ട്. അതിനാൽ മുഖ്യധാരാ രാഷ്ട്രീയവും ന്യുനപക്ഷ പ്രീണനം അജണ്ടയാക്കിയിട്ടുണ്ട്. ക്രൈസ്തവേതര സമുദായങ്ങളുടെ വീക്ഷണം ക്രൈസ്തവർക്കിടയിൽ സമുദായവൽക്കരണം പൂർത്തിയായി എന്നാണ്. ക്രൈസ്തവർക്കിടയിലുള്ള അകം വീക്ഷണം വിഭാഗീകൃതവും ശ്രേണീകൃതവുമാണ് എന്നാണ് .അതിനുതന്നെയാണ് തെളിവേറെയുള്ളതും.

സ്വാതന്ത്ര്യ സമരവും പ്രാദേശിക രാഷ്ട്രീയവും രാഷ്ട്രീയകക്ഷികളെ സൃഷ്ടിച്ചുവെങ്കിലും രാഷ്ട്രീയപാർട്ടിവല്കരണം പൂർണമായും കേരള ജനതയെ സാമുദായികഘടനയിൽ നിന്ന്​ വിമോചിപ്പിച്ചിട്ടില്ല.

സ്വാതന്ത്ര്യ സമരവും പ്രാദേശിക രാഷ്ട്രീയവും രാഷ്ട്രീയകക്ഷികളെ സൃഷ്ടിച്ചുവെങ്കിലും രാഷ്ട്രീയപാർട്ടിവല്കരണം പൂർണമായും കേരള ജനതയെ സാമുദായികഘടനയിൽ നിന്ന്​ വിമോചിപ്പിച്ചിട്ടില്ല. എല്ലാ സമുദായത്തിലും പെട്ടവർ രാഷ്ട്രീയ കക്ഷികളിൽ അംഗത്വമെടുത്തെങ്കിലും പൂർണമായും സാമുദായിക ഘടനയിൽ നിന്ന്​ വിട്ടുവന്നവർ അധികമില്ല. പേരിന്​ കുറച്ചുപേരെയെങ്കിലും അവകാശവാദികളാക്കാൻ കഴിഞ്ഞിട്ടുള്ളത് ഇടതുപക്ഷത്തിനാണെന്നു പറഞ്ഞുവയ്ക്കാമെന്നേയുള്ളു. മുഖ്യ രാഷ്ട്രീയപാർട്ടികളായ കോൺഗ്രസ്- കമ്യൂണിണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്​ യഥാക്രമം സവർണ- അവർണ ബന്ധം അധികമാണെന്ന്​ സൂക്ഷ്മമായി വിലയിരുത്താം. വോട്ടുരാഷ്ട്രീയം അത് ഉറപ്പിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിൽ അങ്ങനെയാണെന്ന്​ ഇരുകൂട്ടരും സമ്മതിക്കില്ല. ചുരുക്കത്തിൽ സാമുദായികവൽക്കരണ പ്രക്രിയയിൽനിന്നും മോചനം ഉറപ്പുവരുത്തി സെക്യുലറായ രാഷ്ട്രീയ കേരള പൗരത്വനിർമിതി സാധ്യമാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു കഴിഞ്ഞിട്ടില്ല എന്ന വാസ്തവം അംഗീകരിച്ചേ മതിയാവൂ. സമുദായവത്കരണത്തിലൂടെ സമുദായങ്ങൾക്ക് രാഷ്ട്രീയ പാർട്ടിയായി വളർന്നുവരാൻ കഴിഞ്ഞോ എന്നാലോചിക്കുമ്പോൾ പ്രകടമായും മുസ്​ലിം ലീഗിന്റെ സാന്നിധ്യമാണ് ചർച്ചചെയ്യുന്നത്.എസ്.എൻ.ഡി.പി, എൻ.എസ്.എസ് തുടങ്ങിയുള്ള പ്രമുഖ ജാതി സമുദായങ്ങൾ രാഷ്ട്രീയ പാർട്ടികളായി വളരാൻ ശ്രമിച്ചുവെങ്കിലും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായല്ലാതെ സ്വതന്ത്രമായി രാഷ്ട്രീയ പാർട്ടിയായി നിലനിൽക്കാൻ കഴിഞ്ഞിട്ടില്ല.

മുഹമ്മദലി ശിഹാബ് തങ്ങൾ / Photo: MPositiveLive

ഈ സന്ദർഭത്തിലാണ് മുസ്​ലിം ലീഗ് ചർച്ചാ സാന്നിധ്യമാകുന്നത്. ഇസ്​ലാം മതത്തിന്റെ സഹോദര്യഘടനയും വിശ്വാസവും നൽകുന്ന ഒരുമ അവരെ ഒരുമിച്ചു നിറുത്തുന്നു. മതവിശ്വാസം സമുദായകവത്കരണത്തിനു പ്രേരകമായി എന്നത് അംഗീകരിക്കുമ്പോൾ തന്നെ, അതുമാത്രമല്ല അവരെ രാഷ്ട്രീകക്ഷിയാക്കിയതെന്നതും അറിയേണ്ടതുണ്ട്. പ്രാദേശികമായ ജനസംഖ്യാ പെരുമയും ആവാസബന്ധവുമാണ് അവരെ രാഷ്ട്രീയശക്തിയാക്കിയത്. ജനസംഖ്യയിലുള്ള കുറവുകൊണ്ട് തെക്കൻ കേരളത്തിൽ മുസ്​ലിം ലീഗിന് രാഷ്ട്രീയ സാന്നിധ്യം കുറവാണ്. ന്യൂനപക്ഷമായതുകൊണ്ട്​ സാമുദായിക ഉന്നമനത്തിനു രാഷ്ട്രീയ പ്രാതിനിധ്യം നിർബന്ധമാണെന്നുള്ള തിരിച്ചറിവും ഇതിന്റെ പിന്നിലുണ്ട്. എല്ലാ മുസ്​ലിംകളും മുസ്​ലിം ലീഗുകാരാണെന്നുള്ള അപരവീക്ഷണം ശരിയല്ല. ഇസ്​ലാം മതവിശ്വാസികളെല്ലാം ഒരേ ധാര പിൻപറ്റുന്നവരല്ല; അവരെല്ലാം മുസ്​ലിം ലീഗാണെന്നത് പുറംവീക്ഷണമാണ്. ഭിന്നവിഭാഗങ്ങൾ കേരള ഇസ്​ലം മതവിശ്വാസികൾക്കിടയിലുണ്ട്. അവരിൽ ഭൂരിപക്ഷം വരുന്ന ജനവിഭാഗം മുസ്​ലിം ലീഗിലാണെന്നതാണ് വാസ്തവം.

മതാനുസാരിയായ സമുദായിക സ്വത്വമെന്നതുകൊണ്ടു സമുദായികസ്വത്വവും മതസ്വത്വവും രണ്ടായി വേർതിരിയുന്നില്ല. പ്രാദേശികവും വർഗപരവുമായ ഭിന്നതകളെ ന്യൂനീകരിച്ച് ഏക സാമുദായിക സ്വത്വമായി കൂട്ടിയിണക്കാൻ മതവിശ്വാസംകൊണ്ടു കഴിയുന്നു.

മുസ്​ലിം ലീഗ് വർഗീയമോ സാമുദായികമോ?

കേരള സന്ദർഭത്തിൽ വർഗീയത, ജാതീയത, സാമുദായികത എന്നീ പദങ്ങൾ സ്വതന്ത്രമായും പര്യായമായും പ്രയോഗിച്ചുവരുന്നു. വ്യവഹാര പരിശോധനയിൽ ഓരോരുത്തരും താല്പര്യാർത്ഥം വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നതെന്നു കാണാം. മുസ്​ലിം ലീഗിലെ മുസ്​ലിം സ്വത്വം മതസ്വത്വമാണ് എന്ന മുൻധാരണ വരുമ്പോൾ അതിനെ വർഗീയപാർട്ടിയെന്നും അല്ലാത്തപ്പോൾ അതു സാമുദായിക സ്വത്വമായും പറയും. മുസ്​ലിം എന്നത് അവർക്ക്​ സാമുദായിക സ്വത്വമാണ്. അവർ ഒരു സമുദായമായത് മുസ്​ലിം ആയതുകൊണ്ടാണ്. മതാനുസാരിയായ സമുദായിക സ്വത്വമെന്നതുകൊണ്ടു സമുദായികസ്വത്വവും മതസ്വത്വവും രണ്ടായി വേർതിരിയുന്നില്ല. പ്രാദേശികവും വർഗപരവുമായ ഭിന്നതകളെ ന്യൂനീകരിച്ച് ഏക സാമുദായിക സ്വത്വമായി കൂട്ടിയിണക്കാൻ മതവിശ്വാസംകൊണ്ടു കഴിയുന്നു. ഇതിനർഥം എല്ലാ മുസ്​ലിംകളും മുസ്​ലിം ലീഗ് കാരാണെന്നോ എല്ലാ പേരും ഒരേ വിശ്വാസപ്രമാണം പങ്കിടുന്നവരാണെന്നോ അല്ല. കൃത്യമായ പക്ഷങ്ങൾ ഇവർക്കിടയിലുമുണ്ട്. സുന്നി, മുജാഹിദ് എന്നിങ്ങനെ ആരാധനാ രീതികളിൽ ഭിന്നതയുള്ളവരുണ്ട്. മുസ്​ലിം ലീഗിൽ നിന്ന്​ ഭിന്നമായ രാഷ്ട്രീയ വിശ്വാസമുള്ളവരുമുണ്ട്. മുഖ്യധാരാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. ഉപജാതി ഭിന്നത പോലെ ഉപവിഭാഗങ്ങളിൽ തീവ്ര രാഷ്ട്രീയനിലപാടുള്ളവരുമുണ്ട്.

Photo: Facebook IUML Kerala State

എന്നാൽ ഇവരിൽ നിന്നൊക്കെ മുസ്​ലിം ലീഗ് വ്യത്യസ്തരാണെന്നത് വെറും വാക്കല്ല. കേരളത്തിൽ പൊതുവായി സംഭവിച്ച സമുദായവത്കരണത്തിന്റെ സൃഷ്ടി തന്നെയാണ് മുസ്​ലിം ലീഗും. മതസംഘടനയെന്ന അടിസ്ഥാനത്തിലാണ് മുസ്​ലിം ലീഗിനെ പൊതുവായി അപരദൃഷ്ടിയിൽ വിലയിരുത്തുന്നത്. സാമുദായികവല്കരണത്തിലൂടെ രൂപം കൊണ്ട മുസ്​ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തെ സാമുദായികോന്നമനം, മതസ്വത്വ അതിജീവനം ഇന്ത്യൻ പൗരത്വദേശീയത, ജനാധിപത്യം എന്നിങ്ങനെയുള്ള സങ്കല്പനങ്ങളും പ്രക്രിയകളുമായി ബന്ധപ്പെടുത്തിവേണം വിലയിരുത്തേണ്ടത്. ഇസ്​ലാം വിശ്വാസം നിലനിറുത്തുന്നവരെയെല്ലാം വിശാല ഐക്യം നിലനിർത്താനായി ചേർത്തുനിർത്തുന്ന പ്രവണതയാണ് ലീഗിനെ രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ പ്രധാനമാക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിൽ ചേർന്നുനിൽക്കുകയും എന്നാൽ സവിശേഷമായി ന്യൂനപക്ഷ സമുദായതാല്പര്യം നിലനിർത്തുകയും ചെയ്യുന്നുവെന്നതാണ് പാലിക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയതത്വം.

എല്ലാം ഞങ്ങൾക്കുമാത്രം വേണമെന്നോ മറ്റുള്ളവർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കണമെന്നോ ലീഗ്​ വാദിച്ചിട്ടില്ല. ‘ഞങ്ങൾക്കുള്ളതിൽ കുറവുവരരുത്’ എന്ന പ്രതിനിധ്യവാദമാണ് പൊതുവിൽ ഉന്നയിച്ചിട്ടുള്ളത്.

കേരളത്തിൽ രൂപം കൊണ്ട സമുദായവത്കരണ പ്രക്രിയയുടെ നേരും നെറിയും മുസ്​ലിം ലീഗ് നിലനിർത്തുന്നുണ്ട്. പ്രാഥമികമായി സാമുദായികോന്നമനത്തിനായി വിദ്യാഭ്യാസത്തിന്​ ഊന്നൽ നൽകുന്നു. ഇതാകട്ടെ, ഇതര ജാതിസമുദായങ്ങളും മതന്യൂനപക്ഷങ്ങളും സമാനമായി നടത്തിവരുന്നുണ്ട്. സമുദായത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും അശരണർക്കു താങ്ങാകാനും ഒക്കെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നു. പിൽക്കാലത്ത്​ പലരുംഅനുകരിച്ച പല സന്നദ്ധ പ്രവർത്തനങ്ങളും തുടങ്ങിവയ്ക്കാനിവർക്കു കഴിഞ്ഞുവെന്നതും വിസ്മരിക്കാനാവില്ല. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി സമുദായത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉറപ്പുവരുത്താൻ അവരുടെ രാഷ്ട്രീയപങ്കാളിത്തം കൊണ്ടുകഴിഞ്ഞു. എല്ലാം ഞങ്ങൾക്കുമാത്രം വേണമെന്നോ മറ്റുള്ളവർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കണമെന്നോ വാദിച്ചിട്ടില്ല. ‘ഞങ്ങൾക്കുള്ളതിൽ കുറവുവരരുത്’ എന്ന പ്രതിനിധ്യവാദമാണ് പൊതുവിൽ ഉന്നയിച്ചിട്ടുള്ളത്.

Photo: Facebook Panakkad Corner

ചുരുക്കത്തിൽ പങ്കാളിത്ത ജനാധിപത്യത്തിൽ പങ്കെടുത്തുകൊണ്ടുതന്നെ പൗരത്വദേശീയത ഉയർത്തിപ്പിടിക്കാനായി. ഹിന്ദുത്വ ദേശീയത ആളിപ്പടരുമ്പോഴും കേരളത്തിൽ നിലനിക്കുന്ന മതാത്മക മതേതരത്വം കാത്തുപോരാൻ അവർക്കു കഴിയുന്നുണ്ട്. ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കാൻ ലീഗ് ശ്രമിച്ചതായി തെളിവില്ല. ആ നിലയ്ക്ക്​ ഒരു ബഫർ സോൺ ആയി പ്രവർത്തിക്കാനും കഴിയുന്നുവെന്നതു സവിശേഷമായി അംഗീകരിക്കേണ്ടതാണ്. പ്രക്രിയാപരമായി ജാതിസമുദായങ്ങളും മുസ്​ലിം ലീഗും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം രാഷ്ട്രീയപാർട്ടിസാന്നിധ്യവും പ്രാദേശിക ഭൂരിപക്ഷ ജനസംഖ്യാ പ്രാതിനിധ്യവുമാണ്. ഇതര സമുദായങ്ങൾ ഭുരിപക്ഷമാണെങ്കിലും വിതരണക്രമത്തിലെ അസന്തുലിതാവസ്ഥകൊണ്ടു അവർക്കു മുസ്​ലിം ലീഗ് പോലുള്ള ഒരു സമുദായിക രാഷ്ട്രീയകക്ഷിയായി ചുവടുറപ്പിക്കാനാവില്ല. പകരം അവർ മുഖ്യധാരാ രാഷ്ട്രീയത്തിലെ സമ്മർദ്ദവിഭാഗങ്ങളായി പ്രവർത്തിക്കുന്നു.

സാമൂഹികവും സാമുദായികവുമായ കാരണങ്ങൾ മനസിലാക്കാതെ മുസ്​ലിം ലീഗിനെ മത- വർഗീയ പാർട്ടിയായി കാണുന്നതും വിശാലഹിന്ദു ഐക്യം കൊണ്ട് നേരിടണമെന്നാവശ്യപ്പെടുന്നതും സാമുദായികവത്കരണത്തിന്റെ കേരളമുഖം അറിയാതെയാണ്.

സ്ഥാനാർഥിനിർണയം മുതൽ വോട്ടുശതമാനം വരെ നിശ്ചയിക്കാൻ കെൽപ്പുള്ളവരാണെന്നു വിശ്വസിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ ജാതിസമുദായങ്ങളെ അംഗീകരിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ പ്രീണനവും ഒഴിവാക്കുന്നില്ല. അടിസ്ഥാനപരമായി കച്ചവട തന്ത്രം കൈമുതലായയുള്ള വിഭാഗങ്ങൾക്ക് ലാഭവിഹിതം കൂടുന്നുവെന്നുമാത്രം. ആവാസവും ജനസംഖ്യയും മുസ്​ലിം ലീഗിന് സാമുദായിക രാഷ്ട്രീയസാധ്യത ഒരുക്കുമ്പോൾ ഭൂരിപക്ഷ വിഭാഗങ്ങൾക്ക്​ മുഖ്യധാരാ രാഷ്ട്രീയ സാന്നിധ്യവും സമ്മർദ്ദ തന്ത്രം കൊണ്ടുള്ള പ്രയോജനവും ലഭിക്കുന്ന സാഹചര്യം നിലനിറുത്തുന്നു. സാമൂഹികവും സാമുദായികവുമായ കാരണങ്ങൾ മനസിലാക്കാതെ മുസ്​ലിം ലീഗിനെ മത- വർഗീയ പാർട്ടിയായി കാണുന്നതും വിശാലഹിന്ദു ഐക്യം കൊണ്ട് നേരിടണമെന്നാവശ്യപ്പെടുന്നതും സാമുദായികവത്കരണത്തിന്റെ കേരളമുഖം അറിയാതെയാണ്. കേരളത്തിൽ നടക്കുന്ന സമുദായവൽക്കരണ പ്രവണതകളെയും അവയെ സൃഷ്ടിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങളെയും കുറിച്ച്​മനസിലാക്കാതെയാണ് നിലവിലെ മതാത്മക മതേതര അന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ആലോചനകളുണ്ടാകുന്നത്.

കേരളം എന്ന സ്ഥലകാലത്തെ അഭിമുഖീകരിക്കുന്ന ചരിത്രവ്യവഹാരങ്ങളിൽ . ഓരോന്നിന്റെയും പ്രതിനിധാന സ്വഭാവം വ്യത്യസ്തമാണ്. ചില പ്രസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രാതിനിധ്യം മറ്റുള്ളവയ്ക്കു കിട്ടില്ല. ചിലത്​ പരിഗണിക്കപ്പെടാറുപോലുമില്ല. ഓരോന്നിനുമുള്ള സങ്കീർണാനുഭവങ്ങളിലും അവ അഭിസംബോധന ചെയ്ത രീതികളിലുമുള്ള വ്യത്യസ്തകളെ ആഴത്തിലറിയാൻ ശ്രമിക്കേണ്ടതുണ്ട്. ആധുനിക സ്വത്വനിർമിതിയായി രൂപമെടുത്ത സമുദായവൽക്കരണം എന്ന പ്രക്രിയയെ മറികടന്ന്​ കേരളീയ പൗരത്വം എന്ന ഭാവനയെ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ലായെന്നത് അംഗീകരിച്ചുകൊണ്ട്​, സമുദായവത്കരണത്തിന്റെ ബഹുമുഖമായ സാന്നിധ്യത്തെ അറിയാനും മുസ്​ലിം സമുദായവൽക്കരണം രാഷ്ട്രീയസാന്നിധ്യം വഴി സമുദായത്തിനും കേരളത്തിനുമുണ്ടാക്കിയ നേട്ടങ്ങൾ എന്തൊക്കെയാണെന്നു അന്വേഷിക്കുകയുമാണ് വേണ്ടത്. ▮


മുസ്‍ലിം ലീഗ് @ 75 പരമ്പരയിലെ മറ്റു ലേഖനങ്ങള്‍ വായിക്കൂ…


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments