അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥി

പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്ംലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാന് രാജ്യസഭയിൽ ശോഭിക്കാനാകും എന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. ഇതോടെ ലീഗ് എം.പി.മാരുടെ എണ്ണം അഞ്ചാകും.

Election Desk

സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമായ അഡ്വ. ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. തിരുവനന്തപുരത്ത് സംസ്ഥാനനേതൃയോഗത്തിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ടുതന്നെ നാമനിർദേശപത്രിക സമർപ്പിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലീഗ് മൂന്നാമത് ഒരു സീറ്റുകൂടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ യു.ഡി.എഫിന് ജയസാധ്യതയുള്ള സീറ്റ് നൽകാമെന്ന് കോൺഗ്രസ് അറിയിച്ചത്. ഇതോടെ പി.വി. അബ്ദുൽവഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്‌സഭയിലെ മൂന്നുപേരടക്കം ലീഗ് എം.പി.മാരുടെ എണ്ണം അഞ്ചാകും.

പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാന് രാജ്യസഭയിൽ ശോഭിക്കാനാകും എന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽസെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു, സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ്, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അൻവർ അമീൻ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്.

കേരളത്തിൽനിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് 25നു തിരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷിനിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാനാകും. ഈ സീറ്റ് ലീഗിനു നൽകാൻ നേരത്തേ ധാരണയായിരുന്നു. 13ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

Comments