രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ യൂത്ത് ലീഗ് കോഴിക്കോട് നടത്തിയ പ്രതിഷേധത്തിൽ നിന്ന് / Photo : PK Firos, FB

ഹിന്ദുത്വ ഫാഷിസ്റ്റ് കാലത്തെ
മുസ്​ലിം (ലീഗ്) രാഷ്ട്രീയം

​ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗങ്ങൾക്കും മുസ്​ലിം ​രാഷ്ട്രീയത്തിനുമിടയിൽ കൂടുതൽ സംവാദാത്മകമായ ബന്ധങ്ങൾ ഉണ്ടാകേണ്ടത് ഹിന്ദുത്വ ഫാഷിസ്റ്റു കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളെ ഫലപ്രദമാക്കാൻ അനിവാര്യമാണ്.

രു ഹിന്ദുത്വ രാഷ്ട്രം എന്നത് പ്രഖ്യാപനം മാത്രം ബാക്കിയായ ഒന്നായി ഇന്ത്യൻ ജനത ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ യൂൂണിയൻ മുസ്​ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ഈ എഴുത്ത്. മുസ്​ലിം സെൻട്രിക് പൊളിറ്റിക്സിന്റെ പ്രസക്തിയോ അപ്രസക്തിയോ ചർച്ച ചെയ്യുന്നതിൽ സന്ദർഭത്തിന്റെ സവിശേഷത കണക്കിലെടുക്കേണ്ടതുണ്ട്. ഇസ്​ലാമിക മതരാഷ്ടവാദികൾ ഈ അവസരത്തെ ഉപയോഗപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എന്നതും ഇത്തരമൊരു ചർച്ചയിൽ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ് എന്ന ന്യൂനപക്ഷ മത സാമുദായിക പാർട്ടിയാണ് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ പ്രധാനമായും മുസ്​ലിം രാഷ്ട്രീയം കൈകാര്യം ചെയ്തത്.

ഇന്ത്യ വിഭജനത്തിന്റെ സമയത്ത് ഉണ്ടായിരുന്ന സർവ്വേന്ത്യ ലീഗ് വിഭജനത്തെ തുടർന്ന് ഇല്ലാതായിരുന്നു. തുടർന്നാണ് ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ് സ്ഥാപിതമാകുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങൾക്ക് നേടിക്കൊടുക്കുകയും അവർക്ക് അഭിമാനകരമായ അസ്തിത്വം പ്രധാനം ചെയ്യാനായി നിലകൊള്ളുകയും ചെയ്യുക എന്നത് പ്രഖ്യാപിത ലക്ഷ്യമായി ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ് അംഗീകരിച്ചിട്ടുണ്ട്.

1906ൽ ലക്‌നൗവിൽ നടന്ന അഖിലേന്ത്യാ ലീഗ് രൂപീകരണ സമ്മേളനം/ Photo: Dawn

കേരള സംസ്ഥാനത്ത് സംസ്ഥാന പാർട്ടി എന്ന രീതിയിൽ അംഗികരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയപാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ്. ദേശിയ രാഷ്ട്രീയത്തിൽ അത് യു.പി.എ യ്ക്ക് ഒപ്പവും കേരളത്തിൽ യു.ഡി. എഫിന് ഒപ്പവുമാണ്. ഇപ്പോൾ നാല് പാർലമെന്റ് അംഗങ്ങളുണ്ട് പാർട്ടിയ്ക്ക്. ലോകസഭയിലും രാജ്യസഭയിലും പത്തോളം സംസ്ഥാന നിയമസഭകളിലും ലീഗിന് ഇതിനകം അംഗങ്ങൾ ഉണ്ടായിട്ടുണ്ട്.1967 ൽ ആദ്യമായി കേരളത്തിൽ ലീഗിന് മന്ത്രിയുണ്ടായി. 2004- ൽ യു.പി.എ സർക്കാരിൽ കേന്ദ്രത്തിലും ആദ്യമായി അംഗത്വം ലഭിച്ചു.

പാർട്ടിയുടെ ഇതഃപര്യന്തമുള്ള നിലപാടുകളും പ്രവർത്തനങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു സാമുദായിക പാർട്ടിയായാണ് ലീഗ് നിലകൊണ്ടത് എന്നു കാണാം. പല വിഷയങ്ങളിലും യാഥാസ്ഥിതിക നിലപാട് പുലർത്തിയെങ്കിലും അതു വർഗ്ഗീയമായില്ല.

1948 ൽ സ്ഥാപിതമായ ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ് ഒരു വർഗീയ (Communal) പാർട്ടിയാണ് എന്ന അഭിപ്രായം പല ഭാഗങ്ങളിൽ നിന്ന്​ ഉയർന്നുകേൾക്കാറുണ്ട്. പാർട്ടിയുടെ ഇതഃപര്യന്തമുള്ള നിലപാടുകളും പ്രവർത്തനങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു സാമുദായിക (Communitarian) പാർട്ടിയായാണ് ലീഗ് നിലകൊണ്ടത് എന്നു കാണാം. പല വിഷയങ്ങളിലും യാഥാസ്ഥിതിക നിലപാട് പുലർത്തിയെങ്കിലും അതു വർഗ്ഗീയമായില്ല. മറ്റുള്ള മതവിഭാഗങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന സമീപനം കൈക്കൊള്ളാതിരിക്കുക മൂലം കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥലി (Centrality) യിൽ നിൽക്കാൻ അതിനു കഴിഞ്ഞു .

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാക്കൾ 1954ൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ / Photo: Wikimedia Commons

അവിടെ മുസ്​ലിം പൊളിറ്റിക്‌സിനെ പ്രതിഷ്ഠിക്കാനും അതുവഴി സാധിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്ന മുസ്​ലിം രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാത്തതാണ് ഇക്കാര്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മുസ്ലിം ജനവിഭാഗത്തിന് അതുകൊണ്ടു തന്നെ മുഖ്യധാരയിൽ ഒരു പരിധി വരെ ചേർന്നു നിൽക്കാൻ കഴിഞ്ഞു. സമുദായസംഘർഷങ്ങളുടെ സന്ദർഭങ്ങളിൽ അത് സാമുദായിക സൗഹാർദ്ദത്തിനുവേണ്ടി പോരാടിയിട്ടുണ്ട്. തുല്യപൗരത്വം എന്ന അവകാശത്തിനുവേണ്ടിയാണ് അതെപ്പോഴും നിലകൊണ്ടത്.

സെക്യുലർ നിയോജകമണ്ഡലത്തെ പിളർത്താനുള്ള തീവ്രനിലപാടുകൾക്കൊപ്പം ലീഗ് ഇതുവരെ നിലകൊണ്ടിട്ടില്ല. സംഘപരിവാർ വിരുദ്ധസ്വഭാവമുള്ള ഏത് മുന്നണിയോടും ഇതുവരെ മുസ്​ലിം ലീഗ് ഐക്യപ്പെട്ടിട്ടുണ്ട് .

മുസ്​ലിം സമുദായത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ.ഐ.എം.ഐ.എം, എ. ഐ.യു.ഡി.എഫ്, ഐ.എൻ.എൽ, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നവയിൽ നിന്ന് വ്യത്യസ്തമാണ് മുസ്​ലിം ലീഗിന്റെ പ്രവർത്തനരീതികൾ. മുസ്​ലിം ലീഗ് തീവ്രനിലപാടുകളിയേയ്ക്ക് പോകുന്നില്ല എന്നാണ് എസ്.ഡി.പി.ഐ പോലുള്ള പാർട്ടികളുടെ ആക്ഷേപം തന്നെ. സെക്യുലർ നിയോജകമണ്ഡലത്തെ പിളർത്താനുള്ള തീവ്രനിലപാടുകൾക്കൊപ്പം ലീഗ് ഇതുവരെ നിലകൊണ്ടിട്ടില്ല. സംഘപരിവാർ വിരുദ്ധസ്വഭാവമുള്ള ഏത് മുന്നണിയോടും ഇതുവരെ മുസ്​ലിം ലീഗ് ഐക്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സ്വാഭാവിക സഖ്യശക്തിയായ മതേതര പാർട്ടിയായി കോൺഗ്രസിനെയാണ് ലീഗ് കണ്ടിട്ടുള്ളത് എന്നു മാത്രം.അതിൽനിന്ന് മുസ്​ലിം ലീഗിന്റെ സവിശേഷമായ രാഷ്ട്രീയം വായിച്ചെടുക്കാം.

എസ്ഡിപിഐ / Photo: SDPI Kerala Facebook

എല്ലാരംഗത്തും അസഹിഷ്ണുത പടർത്തി വിദ്വേഷത്തിന്റെയും പകയുടേയും രാഷ്ട്രീയം രാജ്യത്ത് രൂപപ്പെടുത്തുന്നത് ഹിന്ദുത്വ ഫാഷിസത്തിന്റെ വക്താക്കളായ സംഘപരിവാറാണ്. ന്യൂനപക്ഷ സമുദായങ്ങളെ ആക്രമിച്ചും ഒറ്റപ്പെടുത്തിയും പാർശ്വവൽകരിക്കാനുമുള്ള ശ്രമങ്ങൾ അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. മതേതരത്വം ഒരു വ്യാജ ആശയമെന്ന് അവർ പ്രഖ്യാപിക്കുന്നു.

ഹിന്ദുത്വശക്തികൾ ഭരണത്തിലിരിക്കുന്ന ഇന്ത്യയിൽ മുസ്​ലിം ലീഗിനെപ്പോലെയുള്ള ഒരു ന്യൂനപക്ഷ മത സാമുദായിക പാർട്ടി ഫാഷിസ്റ്റ് വിരുദ്ധചേരിയിലെ പ്രധാന പങ്കാളിയായി വരേണ്ടതുണ്ട്. ഇതര മതസ്ഥർക്കെതിരായ വികാരം കുത്തിവെക്കുന്ന തരത്തിലുള്ളതല്ല പൊതുവിൽ മുസ്​ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനം. മതപരമായ വിശ്വാസങ്ങളും ആചാരകർമ്മങ്ങളും പാലിച്ചുകൊണ്ടുള്ള ഒരു ജീവിതം ജനാധിപത്യവ്യവസ്ഥ പ്രദാനം ചെയ്യുന്നതും പ്രദാനം ചെയ്യേണ്ടുന്നതുമായ പ്രധാന പൗരാവകാശങ്ങളിൽ ഒന്നാണ്. അതിനുവേണ്ടി പോരാടുന്നതിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി വർഗ്ഗീയപാർട്ടിയോ മതമൗലികവാദ പാർട്ടിയോ ആകുന്നില്ല.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സോണിയാ ഗാന്ധിയ്‌ക്കൊപ്പം / Photo: Panakkad Syed Mohammed Ali Shihab Thangal Facebook

എന്നാൽ മതയാഥാസ്ഥിതികത്വത്തിന് വിധേയമായി മുസ്​ലിം ലീഗ് ഒട്ടേറെ സന്ദർഭങ്ങളിൽ സാമൂഹ്യ രാഷ്ട്രീയ നിലപാടുകൾ കൈക്കൊണ്ടിട്ടുണ്ട്. കാലഘട്ടത്തിനനുസരിച്ച് മതത്തിന്റെ അനുശാസനങ്ങൾ പരിഷ്‌കരണത്തിന് വിധേയമാക്കിക്കൂട എന്നും അവ എല്ലാക്കാലത്തേക്കുമുള്ളതാണെന്നുമാണ് അവർ വാദിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തിലെ സുപ്രിം കോടതി ഉത്തരവിനേയും LGBTQ ആയി ബന്ധപ്പെട്ട കോടതി ഉത്തരവുകളേയും യാഥാസ്ഥിതിക വിഭാഗവുമായി ചേർന്നുനിന്നുകൊണ്ടാണ് മുസ്​ലിം ലീഗ് നേരിട്ടത്.

ശക്തരായ യാഥാസ്ഥിതിക വിഭാഗത്തിന്റെ കൈകളിലാണ് ഇന്നും മുസ്​ലിംലീഗ്. പാട്രിയാർക്കൽ സ്വഭാവത്തിൽ നിന്ന് അതു മുക്തമല്ല. ഹരിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതു പ്രകടമായിരുന്നു.

ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിലായാലും ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും അതു ലിബറൽ നിലപാടിനൊപ്പം നിന്നില്ല. ഹഗിയ സോഫിയ വിഷയത്തിൽ രാഷ്ട്രീയ ഇസ്​ലാമിനൊപ്പമെന്ന് തോന്നിക്കുന്ന നിലപാടുമെടുത്തു. ഇതൊക്കെ കാണിക്കുന്നത് ശക്തരായ യാഥാസ്ഥിതിക വിഭാഗത്തിന്റെ കൈകളിലാണ് ഇന്നും മുസ്​ലിംലീഗ് എന്നാണ്. പാട്രിയാർക്കൽ സ്വഭാവത്തിൽ നിന്ന് അതു മുക്തമല്ല. ഹരിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതു പ്രകടമായിരുന്നു. ഏകീകൃത സിവിൽ കോഡ് എന്ന ഹിന്ദുത്വ ശക്തികളുടെ മുദ്രാവാക്യത്തിനു പിന്നിലുള്ള അജണ്ട സുവിദിതമാണ്. മുസ്​ലിം സ്ത്രികളുടെ നീതിക്കൊന്നും വേണ്ടിയല്ല അവർ നിലകൊള്ളുന്നതെന്ന് വ്യക്തം. പക്ഷേ, മുസ്​ലിം ലീഗ് സ്വത്തിന്റെ കാര്യത്തിലായാലും മറ്റുള്ള കാര്യങ്ങളിലായാലും സ്ത്രീക്ക് തുല്യാവകാശം എന്ന ആശയത്തെ തന്നെ എതിർക്കുകയാണ് ചെയ്യുന്നത്.

ലീഗ് മുഖപത്രമായ ചന്ദ്രികയിൽ 2020 ജൂലൈ 24ന് പ്രസിദ്ധീകരിച്ച വിവാദലേഖനം.

ന്യൂനപക്ഷ മത സാമുദായിക പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ലീഗ് പലപ്പോഴും സമ്പന്ന വർഗ്ഗത്തിന് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത് എന്നത് വാസ്തവമാണ്. എന്നാൽ ലീഗിന്റെ അംഗങ്ങളിലും അനുയായികളിലും ബഹുഭൂരിപക്ഷവും തൊഴിലാളികളും കർഷകരും ചെറുകിട വ്യാപാരികളെല്ലാമടങ്ങുന്ന സാധാരണ ജനവിഭാഗമാണ്. പാർട്ടിക്കുള്ളിൽ ഈ വൈരുദ്ധ്യം പല കാലങ്ങളിലായി പല രീതികളിൽ പുറത്തുവന്നിട്ടുണ്ട്. കോർപ്പറേറ്റ് ഹിന്ദുത്വ ഫാസിസത്തിന്റെ ഈ കാലത്ത് ജനകീയ രാഷ്ട്രീയത്തോടൊപ്പം ചേർന്നു നിൽക്കുന്നതിൽ നിന്നും ലീഗിനെ തടയുന്ന ഒന്നാണ് സമ്പന്നവർഗ്ഗത്തിന്റെ പാർട്ടിയിലെ ആധിപത്യം. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ സമരം നടത്തിയേ പാർട്ടിയിലെ നിസ്വവർഗ്ഗത്തിന് നേതൃത്വത്തെ തിരുത്താനാകൂ.

മുസ്​ലിംകളുടെ അവകാശ സംരക്ഷണം മതേതര രാഷ്ട്രീയ പാർട്ടികളുടേയോ അതിൽ അണിനിരന്ന മുസ്​ലിംകളുടെയോ പ്രധാന പരിഗണനാ വിഷയമാകാറില്ല എന്ന തോന്നലും അനുഭവവും ആയിരിക്കണം ഒരു മത സാമുദായിക പ്രസ്ഥാനത്തിലേക്ക് മുസ്​ലിം മതവിശ്വാസികളെ ആകർഷിക്കുന്നത്.

ഇടതു ജനാധിപത്യശക്തികളും തങ്ങളുടെ മതേതര നിലപാടുകൾ കൂടുതൽ ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് മൂർത്തമാക്കുന്നതിന് ശ്രമിക്കേണ്ടി വരും എന്ന വസ്തുത ഇതിനോട് ചേർത്തുവച്ച് വിശകലനം ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മുസ്​ലിംകളുടെ അവകാശ സംരക്ഷണം മതേതര രാഷ്ട്രീയ പാർട്ടികളുടേയോ അതിൽ അണിനിരന്ന മുസ്​ലിംകളുടെയോ പ്രധാന പരിഗണനാ വിഷയമാകാറില്ല എന്ന തോന്നലും അനുഭവവും ആയിരിക്കണം ഒരു മത സാമുദായിക പ്രസ്ഥാനത്തിലേക്ക് മുസ്​ലിം മതവിശ്വാസികളെ ആകർഷിക്കുന്നത്. ഇസ്​ലാമോഫോബിക്കും മൃദുഹിന്ദുത്വപരവുമായ അംശങ്ങൾ തങ്ങളുടെ നിലപാടുകളിൽ സംഭവിച്ചിട്ടുണ്ടോ എന്ന് വിചിന്തനം ചെയ്യാൻ അത്തരം രാഷ്ട്രീയപാർട്ടികളും ബാധ്യസ്ഥരാണ്. അപ്പോൾ മാത്രമേ സവർണ സാമ്പത്തിക സംവരണം പോലുള്ള ജാതിമേധാവിത്തം തുടർന്നും ഉറപ്പാക്കുന്ന പദ്ധതികൾക്ക് അനുകൂലമായ നിലപാട് പുനർവിചിന്തനത്തിന് വിധേയമാക്കാനുള്ള ആശയപരമായ കരുത്ത് മതേതരചേരിക്ക് ആർജ്ജിക്കാൻ കഴിയൂ.

ജനാധിപത്യത്തിൽ സ്വാഭാവികമായി ആധിപത്യം നേടുക ഭൂരിപക്ഷത്തിന്റെ ഹിതമാണ്. ആയതിനാൽ ന്യൂനപക്ഷത്തിന്റെ അവകാശവും താത്പര്യവും പാർശ്വവൽക്കരിക്കപ്പെടുകയും അപരവൽക്കരിക്കപ്പെടുകയും ചെയ്യുക എന്നത് അതിന്റെ ഭാഗമാണ്. മതേതര പാർട്ടികളുടെ നിലപാടുകളിലും അതുകൊണ്ടുതന്നെ ഭൂരിപക്ഷാഭിമുഖ്യം പ്രകടമാകും. അവിടെയാണ് ജനാധിപത്യ വ്യവസ്ഥയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി. മുതലാളിത്ത ജനാധിപത്യത്തെ സമത്വം, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളിൽ ഉറപ്പിച്ചു നിർത്തണമെങ്കിൽ ഇതനിവാര്യമായിത്തീരുന്നു.

മുസ്​ലിം സമുദായത്തെ കുറിച്ച് മുൻവിധികൾ ഉള്ള ഒരു സമൂഹത്തിൽ മുസ്​ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അസ്തിത്വം സ്ഥാപിച്ചെടുക്കുക ശ്രമകരമായിരിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്ലിംകൾ. അതുകൊണ്ടുതന്നെ രാജ്യത്തെ മുസ്​ലിം രാഷ്ട്രീയം അപരവിദ്വേഷം പ്രചരിപ്പിക്കാത്ത സമയത്തോളം സമത്വം, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് വിലയിരുത്താം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ട കാലത്തു തന്നെ അതിന് സമാന്തരമായി മുസ്​ലിം രാഷ്ട്രീയവും ഇവിടെ നിലനിന്നിരുന്നു. മുസ്​ലിം രാഷ്ട്രീയത്തിന്റെ സാധുതയെ ഹിന്ദുത്വവാദികൾ മാത്രമാണ് അന്നു സംശയദൃഷ്ടിയോടെ വീക്ഷിച്ചത്. സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായ കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും ദലിത് പ്രസ്ഥാനങ്ങളുമെല്ലാം അന്ന് അതിനോട് സംവദിക്കുകയാണ് ചെയ്തത്. ഭാവിസമൂഹത്തിൽ ഭൂരിപക്ഷാഭിമുഖ്യം മൂലമുണ്ടാകുന്ന അസമത്വവും അനീതിയും സംഭവിക്കരുതെന്ന ചിന്തയായിരുന്നു അതിനു പിന്നിൽ.

പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ലീഗ് നേതാക്കൾ / Photo: ANI

സ്വാഭാവികമായും എതിർപ്പുകളും വെല്ലുവിളികളും മുസ്​ലിം രാഷ്ട്രീയത്തിന് തുടക്കം മുതൽ നേരിടേണ്ടിവന്നിട്ടുണ്ട്. മുസ്​ലിം സമുദായത്തെ കുറിച്ച് മുൻവിധികൾ ഉള്ള ഒരു സമൂഹത്തിൽ മുസ്​ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അസ്തിത്വം സ്ഥാപിച്ചെടുക്കുക ശ്രമകരമായിരിക്കും. പക്ഷേ, ക്രമേണ ഭരണത്തിൽ വരെ പങ്കാളിത്തം വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി വളരാൻ കേരളത്തിൽ മുസ്​ലിം ലീഗിന് സാധിച്ചു. മുസ്​ലിം സമുദായത്തിന്റെ അഭിമാനകരമായ നിലനിൽപ് സാധ്യമാക്കിയതിൽ ഈ ഭരണപങ്കാളിത്തം മറ്റു പലതിനുമൊപ്പം പ്രധാന പങ്കു വഹിച്ചതായി കാണാം. കേരളീയ സമൂഹത്തിൽ സാമുദായികവും പ്രാദേശികവുമായ സന്തുലനം ഉറപ്പുവരുത്തുന്നതിലും മുസ്​ലിം ലീഗിന്റെ ഭരണപങ്കാളിത്തം കാരണമായി. കേരളീയ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയയെ സാമൂഹിക നീതിയിലും സമത്വത്തിലും ഉറപ്പിച്ചു നിർത്തുന്നതിൽ മുസ്​ലിം ലീഗിന്റെ മുസ്​ലിം രാഷ്ട്രീയപ്രയോഗം നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

ബാബരി മസ്ജിദിന്റെ കാര്യത്തിൽ പുലർത്തിയ ദുർബല നിലപാടിന് അതിന്റെ ശിക്ഷ സമുദായത്തിൽ നിന്ന് മുസ്​ലിം ലീഗ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പാർലമെന്ററി പദവികൾ സമുദായത്തിന്റെ താത്പര്യത്തിനുപയോഗിക്കുന്നതിൽ വൈമുഖ്യം പുലർത്തിയ നേതാക്കൾ ഇനിയും കണക്കു പറയേണ്ടിവരുമെന്നതും ഉറപ്പാണ്.

അതുകൊണ്ടു തന്നെ ലീഗ് മുക്ത കേരളം എന്നതോ ലീഗ് മുക്ത ഭാരതം എന്നതോ ഇടതു ജനാധിപത്യത്തിന്റെ മുദ്രാവാക്യമായിക്കൂടാ. കേരളത്തിൽ ആദ്യമായി ലീഗിന് ഭരണപങ്കാളിത്തം നൽകിയത് ഇടതുപക്ഷമാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നൽകിയിരുന്ന 1967-ലെ സപ്ത കക്ഷി മുന്നണി മന്ത്രിസഭയിൽ. ഇ.എം.എസ് മന്ത്രിസഭയിൽ മുസ്​ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയും അഹമ്മദ് കുരിക്കൾ പഞ്ചായത്ത് മന്ത്രിയും ആയിരുന്നു. മലപ്പുറം ജില്ലയും കാലിക്കറ്റ് സർവകലാശാലയും സപ്ത കക്ഷി മന്ത്രിസഭയുടെ കാലത്തെ സംഭാവനകളായിരുന്നു എന്നത് ചരിത്രം. നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്ന ദേശീയ സാഹചര്യമാണ് മുസ്​ലിം സമുദായത്തെ രാഷ്ട്രീയ സമൂഹമാക്കി മാറ്റിത്തീർക്കുന്നത്. അതു കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ബാബരി മസ്ജിദിന്റെ കാര്യത്തിൽ പുലർത്തിയ ദുർബല നിലപാടിന് അതിന്റെ ശിക്ഷ സമുദായത്തിൽ നിന്ന് മുസ്​ലിം ലീഗ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പാർലമെന്ററി പദവികൾ സമുദായത്തിന്റെ താത്പര്യത്തിനുപയോഗിക്കുന്നതിൽ വൈമുഖ്യം പുലർത്തിയ നേതാക്കൾ ഇനിയും കണക്കു പറയേണ്ടിവരുമെന്നതും ഉറപ്പാണ്.

രണ്ടാം ഇഎംഎസ് മന്ത്രിസഭ / Photo: Wikipedia

മൂർത്ത സാഹചര്യത്തിനനുസരിച്ച് നിലപാട് എടുക്കാനും ഫാഷിസ്റ്റ് കാലത്തിനനുസരിച്ച് നിലപാടുകൾ സമകാലികമാക്കാനും ലീഗ് തയ്യാറേകേണ്ടതുണ്ട്. അതിൽ ആന്തരിക ജനാധിപത്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ചില നേതാക്കളുടെ താത്പര്യം ഉന്നതാധികാര സമിതിയുടെ തീരുമാനമായി വരുന്നതാണ് ലീഗിലെ ജനാധിപത്യം എന്ന വിമർശനം കാതലുള്ളതാണെന്നു കാണാം.ആന്തരിക ജനാധിപത്യം പുലർത്താത്ത ഒരു പ്രസ്ഥാനത്തിനും ജനാധിപത്യത്തിന്റെ തന്നെ ഭൂമിക ഉപയോഗിച്ച് ഫാസിസം നടപ്പാക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഫലപ്രദമായി പോരാടാനാകില്ല.

മുസ്​ലിം സ്ത്രീകളുടെ പുതുതലമുറ ഇന്ന് വിദ്യാസമ്പന്നരും പ്രതികരണശേഷിയുള്ളവരുമാണ്. മുസ്​ലിം ലീഗ് എന്ന മുസ്​ലിം പ്രതിനിധാന പാർട്ടിയിൽ പക്ഷേ ഇവരുടെ ശബ്ദത്തിന് ചെറിയ പ്രാതിനിധ്യമേയുള്ളൂ.

മുസ്​ലിം സ്ത്രീകളുടെ പുതുതലമുറ ഇന്ന് വിദ്യാസമ്പന്നരും പ്രതികരണശേഷിയുള്ളവരുമാണ്. മുസ്​ലിം ലീഗ് എന്ന മുസ്​ലിം പ്രതിനിധാന പാർട്ടിയിൽ പക്ഷേ ഇവരുടെ ശബ്ദത്തിന് ചെറിയ പ്രാതിനിധ്യമേയുള്ളൂ. അവിടെ ആഭ്യന്തരമായി സമത്വവും നീതിയും പരിപാലിക്കപ്പെടുന്നില്ല. ദലിത് - ആദിവാസി തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളെ കൂടി അഭിമുഖീകരിക്കാൻ പാർട്ടിക്ക് കഴിയുമ്പോഴേ അതിന് അതിന്റെ ദൗത്യം നിറവേറ്റാൻ കഴിയൂ. ഫാസിസ്റ്റ് വിരുദ്ധ സമീപനത്തെ ആധാരമാക്കി മുസ്​ലിം സമുദായത്താൽ തന്നെ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടുന്ന പ്രസ്ഥാനമാണ് മുസ്​ലിം ലീഗ്. സമീപനത്തിൽ പൊളിച്ചെഴുത്തിന് തയാറായിക്കൊണ്ടു മാത്രമേ മുസ്​ലിം രാഷ്ട്രീയം നേരിടുന്ന പുതിയ വെല്ലുവിളികളെ വിജയകരമായി നേരിടാൻ കഴിയും വിധം ഫാഷിസ്റ്റ് വിരുദ്ധമുന്നണിയിലെ തങ്ങളുടെ പങ്ക് ഫലപ്രദമായി നിർവഹിക്കാൻ മുസ്​ലിം ലീഗിന് കഴിയൂ.

പി.കെ. കുഞ്ഞാലിക്കുട്ടി / Photo: Facebook

മുസ്​ലിംകൾ സ്വയം രാഷ്ട്രീയ സംഘാടനത്തിന് ശ്രമിക്കാതിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഹിന്ദുത്വ രാഷ്ട്രീയം വളർന്നത് എന്നു കാണാം. എന്നാൽ നേരെത്തെ തന്നെ സാമുദായിക സംഘാടനം മുസ്ലിം ലീഗ് ആരംഭിച്ച കേരളത്തിൽ ഇപ്പോഴും ഹിന്ദുത്വശക്തികൾക്ക് അധികാരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച സംഭവിക്കുന്നത് മുസ്​ലിം രാഷ്ട്രീയത്തിന്റെ സാന്നിധ്യം കൊണ്ടാണെന്ന വാദം ശരിയല്ലെന്നാണ് ഇതു കാണിക്കുന്നത്. സ്വയം സംഘടിച്ച് ശക്തി തെളിയിച്ചാലേ രാഷ്ട്രീയത്തിൽ വിലപേശൽ പ്രായോഗികമാവൂ എന്നത് കേരളത്തിലെ മുസ്​ലിം ലീഗ് തെളിയിക്കുന്നു. മുസ്ലിം ജനസമൂഹത്തെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ആധുനിക ജനാധിപത്യ പ്രക്രിയയുമായി സംയോജിപ്പിക്കുന്നതിൽ മുസ്​ലിം ലീഗ് സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.ഇതു മുമ്പോട്ടുകൊണ്ടുപോകാനാണ് ലീഗ് ശ്രമിക്കേണ്ടത്. യാഥാസ്ഥികത്വത്തിലേക്ക് തിരിഞ്ഞുനടക്കാനല്ല.

ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലിക-മതരാഷ്ട്രവാദികളിൽ നിന്നുള്ള പ്രലോഭനങ്ങളിൽ ലീഗിന്റെ യാഥാസ്ഥിതിക-സമ്പന്ന നേതൃത്വം കുടുങ്ങരുത് എന്നാണ് മതേതരവാദികളുടെ മണ്ഡലം ആഗ്രഹിക്കുന്നത്.

ഇന്നത്തെ ഇന്ത്യൻ സമൂഹത്തെ രൂപപ്പെടുത്തിയതിൽ മുസ്​ലിം സമൂഹം വഹിച്ച പുരോഗമനപരമായ പങ്കിനെ ഓർത്തെടുത്ത് അടയാളപ്പെടുത്തേണ്ടതുണ്ട്. മൗലാനാ അബ്ദുൾ കലാം ആസാദിനെപ്പോലുള്ളവർ ഇന്ത്യാ രാജ്യത്തിന് മുസ്​ലിം ആശയം നൽകിയ സംഭാവനകളെ വസ്തുനിഷ്ഠമായി എടുത്തുകാട്ടിയിട്ടുണ്ട്. ഇസ്​ലാമിന്റെ സമത്വ സങ്കൽപവും ജനാധിപത്യ ബോധവും ജാതിവ്യവസ്ഥയുടെ മർദ്ദനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന മനുഷ്യർക്ക് ഒന്നിച്ചു ഇരിക്കാനും ഇടപഴകാനും പെരുമാറാനും ഒക്കെയുള്ള സാഹചര്യം സൃഷ്ടിച്ചു എന്നത് കാണാതിരിന്നുകൂടാ. ഇന്ത്യയുടെ ആഭ്യന്തര കൊളോണിയലിസമായ ജാതി മേധാവിത്വത്തെക്കൂടി എതിർത്തുകൊണ്ടാണ് അതു പ്രവർത്തനക്ഷമമായത്. കൊളോണിയൽപൂർവ മുസ്​ലിം ഭരണകാലത്തെ സഹവർത്തിത്വത്തിന്റെ അനുഭവങ്ങൾ ഇതിൽ പ്രധാന പങ്കു വഹിച്ചതായി കാണാം. കേരളത്തിലും മുസ്​ലിംകൾ പൊതു ഇടങ്ങളുടെ രൂപീകരണത്തിന് തുടക്കം കുറിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരും പരസ്പരം ഇടപഴകുന്ന ഒരു പൊതുമണ്ഡലം ജാതികേരളത്തിൽ ഉണ്ടായിരുന്നില്ലല്ലോ. ഈ വിമോചകമൂല്യം മാനുഷികമായ ഒരു വിനിമയ സംസ്‌കാരം ഉണ്ടാക്കിയതിൽ പങ്കു വഹിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഡോ.കെ എൻ പണിക്കരെപ്പോലെയുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും ഇടതു ജനാധിപത്യ മതേതര ലിബറൽ ക്യാമ്പിനോട് അർത്ഥവത്തായി സംവദിച്ചും പ്രവർത്തിക്കുന്നത് തുടരേണ്ടതുണ്ട് മുസ്​ലിം ലീഗ്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലിക-മതരാഷ്ട്രവാദികളിൽ നിന്നുള്ള പ്രലോഭനങ്ങളിൽ ലീഗിന്റെ യാഥാസ്ഥിതിക-സമ്പന്ന നേതൃത്വം കുടുങ്ങരുത് എന്നാണ് മതേതരവാദികളുടെ മണ്ഡലം ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ഉദ്യമങ്ങൾ നടത്താറില്ല എന്നതാണ് ലീഗിന്റെ പൊതു സ്വീകാര്യതക്ക് ബലമായി ഇതുവരേയും വർത്തിച്ചത്. പൊതുസ്വീകാര്യതയെ ഒരു കുറവായി കാണുന്നവരാണ് മതമൗലികവാദികൾ എപ്പോഴും. ഒരു കാലത്തും പരിഷ്‌കരണത്തിന് വിധേയമാക്കാൻ പാടില്ലാത്ത മതത്തിന്റെ മൗലികആശയങ്ങളാൽ പ്രചോദിതമായിരിക്കണം രാഷ്ട്രീയം എന്ന നിലപാടാണ് അവർ എടുക്കാറുള്ളത്. ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗങ്ങൾക്കും മുസ്​ലിം ​രാഷ്ട്രീയത്തിനുമിടയിൽ കൂടുതൽ സംവാദാത്മകമായ ബന്ധങ്ങൾ ഉണ്ടാകേണ്ടത് ഹിന്ദുത്വ ഫാഷിസ്റ്റു കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളെ ഫലപ്രദമാക്കാൻ അനിവാര്യമാണ്. ▮

Comments