എം.കെ. രാമദാസ്

മുത്തങ്ങ കേസും വിധിയും; പ്രതിയാക്കപ്പെട്ട
മാധ്യമപ്രവർത്തകൻ
എഴുതുന്നു

‘‘എം. ഗീതാനന്ദൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം കഠിനതടവ് ശിക്ഷ വിധിച്ച മുത്തങ്ങ കേസിലെ വിധി ഉയർത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. അതിൽ പ്രധാനം എന്ത് നീതിയാണ് ഈ വിധിയിലൂടെ സമൂഹം ഈ മനുഷ്യർക്ക് നൽകുന്നത് എന്നതാണ്’’- മുത്തങ്ങ സംഭവവവുമായി ബന്ധപ്പെട്ട് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മാധ്യമപ്രവർത്തകൻ എം.കെ. രാമദാസ് എഴുതുന്നു.

ലിയ ആലോചനകളൊന്നുമില്ലാതെ നാം കാണാൻ ‘വിധിക്കപ്പെടുന്ന’ ചില ചലച്ചിത്രങ്ങളുണ്ട്. അതിലെ ഭൂരിഭാഗം കഥാപാത്രങ്ങളും യാതൊരു പ്രസക്തിയുമില്ലാതെ അലഞ്ഞുനടക്കുകയാണെന്ന് തോന്നും. ഈ കഥാപാത്രങ്ങൾക്ക് കഥയിൽ എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്താനുമാവില്ല. ഇത്തരം സിനിമകൾ പ്രേക്ഷകരുടെ ശ്രദ്ധയിൽ പതിയാതെ പുറത്താകുന്നു.

മുത്തങ്ങ സമരാനുഭവങ്ങളിൽ നിന്ന് കടംകൊണ്ട് എന്നവകാശപ്പെട്ട് പുറത്തിറങ്ങിയ "ഫോട്ടോഗ്രാഫർ" എന്ന സിനിമ ഇതിനുദാഹരണമാണ്.തദ്ദേശീയ ജനതയുടെ പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച മുത്തങ്ങയുടെ നാളുകളിലായിരുന്നു ഈ സിനിമ പ്രദർശനത്തിനെത്തിയിരുന്നതെങ്കിലും പ്രേക്ഷകർ അത് തള്ളിക്കളഞ്ഞു. സാമ്പത്തികമായി ആ സിനിമ വിജയം കണ്ടോ എന്നറിയില്ല.

സിനിമയുടെ തിരക്കഥപോലെ പ്രാധാന്യമുണ്ട് കോടതി വ്യവഹാരത്തിൽ പോലീസ് കുക്ക് ചെയ്യുന്ന കുറ്റപത്രത്തിനും. ഇഴയടുപ്പമുള്ള തിരക്കഥ സിനിമയെ വിജയിപ്പിക്കുമെങ്കിൽ കോടതികളിൽ വസ്തുതകളുടെയും തെളിവിൻ്റെയും ബലത്തിൽ തയ്യാറാക്കുന്ന കുറ്റപത്രം, കണ്ടെത്തിയ പ്രതികളെ ശിക്ഷിക്കുന്നതിലേക്ക് എത്തുകയും ചെയ്യുന്നു.

2003- ൽ മുത്തങ്ങ സമരത്തിൻ്റെ ഭാഗമായുണ്ടായ വ്യവഹാരങ്ങളിൽ ദൃശ്യമാധ്യമപ്രവർത്തകനായ എന്നെയും പ്രതിയാക്കിയാണ് പോലീസ് പ്രാഥമിക ഘട്ടത്തിൽ കേസ് ഡയറി തയ്യാറാക്കിയിരുന്നത്. ഒരു ചാനലിൻ്റെ സ്ട്രിങ്ങർ എന്നത് ഏറ്റവും താഴേ തട്ടിലുള്ള ചുമതലയാണ്. വേതനം, ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ സ്ഥാപനം അണുവിട വ്യതിചലിക്കില്ല. എന്നാൽ ജോലിയുടെ സ്വഭാവത്തിൽ ഇങ്ങനെയല്ല പരിഗണന. സദാസമയവും എന്നുവെച്ചാൽ രാപ്പകൽ ഉണർന്നിരിക്കണം. ഇത് സൂചിപ്പിക്കുവാൻ കാരണം, ജോലിയുടെ ശ്രേണിയിൽ താഴേതട്ടിലുള്ള ഒരാളെ രാഷ്‌ട്രീയതാല്പര്യമുള്ള കേസിൽ പ്രതിയാക്കിയതിനുപിന്നിൽ ഒട്ടേറെ തലകൾ പുകഞ്ഞ് ചിന്തിച്ചിരുന്നുവെന്ന് ഉറപ്പാണ്. ഈ ഗണത്തിൽ ചാനലിനകത്തുള്ളവരും ഉണ്ടായിരുന്നതായി പിന്നീട് വെളിപ്പെടുത്തപ്പെട്ടു.

തദ്ദേശീയ ജനതയുടെ പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച മുത്തങ്ങയുടെ നാളുകളിലായിരുന്നു  "ഫോട്ടോഗ്രാഫർ" എന്ന സിനിമ പ്രദർശനത്തിനെത്തിയിരുന്നതെങ്കിലും  പ്രേക്ഷകർ അത് തള്ളിക്കളഞ്ഞു. സാമ്പത്തികമായി ആ സിനിമ വിജയം കണ്ടോ എന്നറിയില്ല.
തദ്ദേശീയ ജനതയുടെ പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച മുത്തങ്ങയുടെ നാളുകളിലായിരുന്നു "ഫോട്ടോഗ്രാഫർ" എന്ന സിനിമ പ്രദർശനത്തിനെത്തിയിരുന്നതെങ്കിലും പ്രേക്ഷകർ അത് തള്ളിക്കളഞ്ഞു. സാമ്പത്തികമായി ആ സിനിമ വിജയം കണ്ടോ എന്നറിയില്ല.

ഭരണകൂടത്തിൻ്റെ ആദിവാസിവിരുദ്ധതയാണ് മുത്തങ്ങയിലെ ഗോത്രവേട്ടയിലൂടെ തെളിഞ്ഞത്. എന്നു മാത്രമല്ല ഗവൺമെൻ്റാകെ തദ്ദേശീയ ജനതക്കെതിരും കുടിയേറ്റപക്ഷത്താണെന്നും വ്യാപക പ്രചാരണമുണ്ടായി. ആദിമനിവാസികളുടെ, ഒന്ന് തല ചായ്ക്കാനും കൃഷി ചെയ്യാനും അല്പം ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തെ ജനാധിപത്യരഹിതമായി, ബലപ്രയോഗത്തിലൂടെ കൈകാര്യം ചെയ്തത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഇതിൻ്റെ പഴിയെല്ലാം മുഖ്യമന്ത്രിക്കെതിരെയായി എന്നതായിരുന്നു വാസ്തവം. ഗവൺമെൻ്റിൻ്റെ മുഴുവൻ മെക്കാനിസത്തിൻ്റെയും പങ്കോടെ അരങ്ങേറിയ ഈ വേട്ടയെ പ്രതിപക്ഷ കക്ഷികൾ മാത്രമല്ല സ്വപക്ഷത്തെ പദവിമോഹികൾ ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൻ്റെ മുനകൂർപ്പിക്കുകയാണുണ്ടായത്. പ്രക്ഷോഭക നേതൃത്വമൊന്നാകെ മുഖ്യമന്ത്രി എ.കെ. ആൻ്റണിയിൽനിന്ന് ഒരു ബലപ്രയോഗം പോലും പ്രതീക്ഷിരുന്നില്ലെന്നാണ് എൻ്റെ ബോധ്യം.

ചില UDF ഘടകകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സമീപനം മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നതായാണ് ഗോത്രനേതാവ് സി. കെ. ജാനുവും എം. ഗീതാനന്ദനും കരുതിയത്. സമരഭൂമിയിൽ വിതയ്ക്കാനായി കെ. ആർ. ഗൗരിയമ്മ തിരുവന്തപുരത്തുനിന്ന് കൊടുത്തയച്ച ചീര വിത്ത് അങ്ങനൊരു ധാരണയാണുണ്ടാക്കിയത്.

2003 ഫെബ്രുവരി 19- ന് ബലപ്രയോഗത്തിലൂടെ വനത്തിൽനിന്ന് കാടിൻ്റെ മക്കളായ ആദിമനിവാസികള പുറത്താക്കാനുള്ള സർക്കാർ തീരുമാനത്തിനുപിന്നിൽ അന്നത്തെ വനംമന്ത്രിയുടെ മുഖ്യ പങ്ക് പിന്നീട് പുറത്തുവന്നിരുന്നു. എന്തായാലും ജീവിക്കാനുള്ള അവകാശത്തിന് സമരം ചെയ്ത ആദിമ നിവാസികളിൽ ഒരാൾ വെടിയേറ്റ് മരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്നതായിരുന്നു യാഥാർത്ഥ്യം. ജനാധിപത്യ ക്രമീകരണത്തിൽ പോലീസ് ഇത്രയധികം അമിതാധികാരം പ്രയോഗിച്ച ഘട്ടം രാജ്യചരിത്രത്തിലോ കേരളത്തിലോ ഉണ്ടാവില്ലെന്നുറപ്പാണ്. ഭരണകൂടത്തിൻ്റെ സർവ്വ അധികാരവും പോലീസിന് കൈമാറി സമൂഹമാകെ കൈകെട്ടി നോക്കിനിന്ന സാഹചര്യം ഭൂതകാലത്തെ ഏറ്റവും മോശം ഏടുകളിലൊന്നാണ്.

ചില UDF ഘടകകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സമീപനം മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നതായാണ് ഗോത്രനേതാവ് സി. കെ. ജാനുവും എം. ഗീതാനന്ദനും കരുതിയത്.
ചില UDF ഘടകകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സമീപനം മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നതായാണ് ഗോത്രനേതാവ് സി. കെ. ജാനുവും എം. ഗീതാനന്ദനും കരുതിയത്.

നിയന്ത്രണം കൈവിട്ടുപോയ ഈ ഘട്ടത്തിലാണ് സമരത്തെ പിന്തുണച്ച പൗരസമൂഹാംഗങ്ങളുടെ പേരിൽ കേസെടുത്ത്, കുറ്റക്കാരെന്ന് പ്രചരിപ്പിക്കാൻ ശ്രമം തുടങ്ങിയത്. പ്രാദേശിക മാധ്യമ പ്രവർത്തകൻ മാത്രമായിരുന്ന എനിക്കെതിരെയും എന്നോടൊപ്പം മുത്തങ്ങയിലെ സമരഭൂമിയിലെത്തിയ അധ്യാപകൻ കെ. കെ. സുരേന്ദ്രനെയും കേസിൽ പ്രതികളാക്കാൻ ഗൂഢാലോചന നടന്നു. ഇതിൻ്റെ ഭാഗമായി 2023 ഫെബ്രുവരി 22 ന് സുരേന്ദ്രനെ ജോലിസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നിദ്ദേഹത്തിന് കടുത്ത മർദ്ദനമേൽക്കേണ്ടിവന്നു. ‘നിൻ്റെ കൂട്ടുകാരനായ രാമദാസിനെ ഇപ്പോൾ കൊണ്ടുവരും’ എന്നാക്രോശിച്ചും സുരേന്ദ്രന് തല്ലു കൊള്ളേണ്ടിവന്നു. ഈ വിവരമറിഞ്ഞ് സ്റ്റേഷനിൽ നേരിട്ടെത്തത്തി സുരേന്ദ്രനെ രക്ഷപ്പെടുത്താൻ ഒരു ഘട്ടത്തിൽ ഞാൻ ആലോചിച്ചിരുന്നു. സുഹൃത്തുക്കളായ ചിലരാണ് തൽക്കാലത്തേക്ക് മാറിനിൽക്കാൻ നിർദ്ദേശിച്ചത്. അങ്ങനെ വയനാട്ടിൽ നിന്ന് കുറ്റ്യാടി ചുരം വഴി സുഹൃത്ത് കെ. ജെ. ജോഷിയോടൊപ്പം വടകരയിലും പിന്നീട് കൊല്ലത്തുമെത്തി. ഏഷ്യാനെറ്റ് ക്യാമറമാൻ കെ. പി. രമേഷിൻ്റെ അമ്മയുടെ കരുതൽ ഒന്നുകൊണ്ടുമാത്രം ഒരാഴ്ചയിലധികം മൂടാടിയിലെ അവരുടെ വീട്ടിൽ ചെലവഴിച്ചു. ഈ ദിവസങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും അവർ അനുവദിച്ചില്ല. അത്രമാത്രം ശ്രദ്ധയോടെയാണ് അവർ ഓരോ നിമിഷവും ശ്രദ്ധിച്ചത്.

ഇതു പറയാൻ കാരണം, പൊതുസമൂഹം ഭയന്ന് എന്നിൽനിന്ന് മാറിനടന്ന സമയത്താണ് അതുവരെ വലിയ അടുപ്പമൊന്നും ഉണ്ടാവാതിരുന്ന ഒരമ്മ ഇതിന് തുനിഞ്ഞത്. ഏഷ്യാനെറ്റ് ഓഫീസിലും ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകളിലുമായാണ് പിന്നീട് നാളുകൾ തള്ളിനീക്കിയത്. ഇത്രയും പറയേണ്ടിവന്നത്, കക്ഷിനേതാക്കളോ ഉന്നതരോ ഉദ്യോഗസ്ഥപ്രമുഖരോ ആയ നിരവധി സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നെങ്കിലും അവരിലൊരാളും എന്നെ സഹായിക്കാൻ ആ സമയത്ത് രംഗത്തുവന്നില്ല. പരാതിയായല്ല ഉന്നയിക്കുന്നതെങ്കിലും ചുറ്റുമുള്ള മനുഷ്യരുടെ യഥാർത്ഥ ക്യാരക്ടർ ബോധ്യമായ സന്ദർഭമായിരുന്നു ഇത്.

അതിവിചിത്രമായ സംഭവഗതികളാണ് വ്യവഹാരവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. വിചാരണാകോടതിയിൽ നൽകിയ മുൻകൂർ ജ്യാമ്യാപേക്ഷയിൽ തീരുമാനമറിയിക്കാതെ പല തവണ നീട്ടിക്കൊണ്ടുപോയി. ആദ്യ കോടതിയിൽ നിന്നുള്ള റിജക്ഷൻ പ്രതീക്ഷിച്ച വേഗതയിൽ കിട്ടിയില്ലെന്നതുപോലെ ജില്ലാ കോടതിയിൽ നിന്നും ഇതേ അനുഭവം ആവർത്തിച്ചു.

അശരണരായ നൂറുകണക്കിന് ആദിമനിവാസികൾ അനുഭവിച്ച ക്രൂരപീഡനങ്ങൾക്ക് അളവില്ല. ശബ്ദമടഞ്ഞു പോയ ജനതയുടെ മഹാമൗനത്തിലേക്കുള്ള യാത്രയ്ക്ക് മുത്തങ്ങയും ഹേതുവായി എന്നുകാണാം.
അശരണരായ നൂറുകണക്കിന് ആദിമനിവാസികൾ അനുഭവിച്ച ക്രൂരപീഡനങ്ങൾക്ക് അളവില്ല. ശബ്ദമടഞ്ഞു പോയ ജനതയുടെ മഹാമൗനത്തിലേക്കുള്ള യാത്രയ്ക്ക് മുത്തങ്ങയും ഹേതുവായി എന്നുകാണാം.

ക്രിമിനൽ ഗൂഢാലോചന, വധശ്രമം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകൾ എനിക്കുമേൽ ചുമത്തപ്പെട്ടു. ഗൂഢാലോചനയോടൊപ്പം "മാസ്റ്റർ ബ്രെയ്ൻ’’ കൂടി ചേർത്ത് കസ്റ്റഡി വേണമെന്ന് പൊലീസ് വാശിപിടിച്ചു. കൃത്യമായി കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെയും ജാമ്യം തടസ്സപ്പെടുത്താൻ പ്രോസിക്യൂഷൻ ശ്രമിച്ചു. ഇതിനെതിരെ സംസ്ഥാനമാകെ മാധ്യമ സംഘടന തെരുവിൽ സർക്കാരിനെതിരെ പ്രതിഷേധത്തിനിറങ്ങിയത് പത്രപ്രവർത്തന മേഖലയിലെ ആദ്യ സംഭവമായിരുന്നു. തിരുവനന്ത പുരത്ത് നടത്തിയ പ്രതിഷേധമാർച്ച് അക്രമാസക്തമാവുകയും നിരവധി മാധ്യമ പ്രവർത്തകർക്ക് പോലീസ് ലാത്തിച്ചാർജിൽ പരിക്കേൽക്കുകയുമുണ്ടായി.

350 പേജിലധികം വരുന്ന കുറ്റപത്രം വിചിത്രഭാവനകളാൽ സമ്പന്നമായിരുന്നു. വാസ്തവത്തിൽ, എന്നെ പ്രതിയാക്കുകയെന്ന ലക്ഷ്യത്തോടെ എഴുതിയ കേസ് ഡയറി അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന തിരക്കഥ മാത്രമായിരുന്നു. വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലം അതിനുണ്ടായിരുന്നില്ല. ജില്ലാ കോടതിയിലും 120 (B) യും Master Mind തീയറിയും പ്രോസിക്യൂഷൻ പ്രയോഗിച്ചു. ഇതിനെല്ലാമൊടുവിലാണ് രണ്ടുമാസത്തിനുശേഷം മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇതിനിടെ, പൊതുസമൂഹത്തിൽ നിന്നുയർന്ന സമ്മർദ്ദത്തിന്റെ ഫലമായി മാധ്യമപ്രവർത്തകനെതിരെയുള്ള കേസ് പുനഃപരിശോധിക്കാൻ ഡി ഐ ജിയായിരുന്ന ബി. സന്ധ്യയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. കേസിൽ ഗൗരവമുണ്ടെന്ന കണ്ടെത്തലോടെ അതൊരു പ്രഹസനമായി അവസാനിച്ചു. മുത്തങ്ങ കേസ് സംബന്ധിച്ച പോലീസ്- കോടതി നടപടികൾ സംബന്ധിച്ച സാമാന്യവിവരം ധരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേൽവിവരണം. അശരണരായ നൂറുകണക്കിന് ആദിമനിവാസികൾ അനുഭവിച്ച ക്രൂരപീഡനങ്ങൾക്ക് അളവില്ല. ശബ്ദമടഞ്ഞു പോയ ജനതയുടെ മഹാമൗനത്തിലേക്കുള്ള യാത്രയ്ക്ക് മുത്തങ്ങയും ഹേതുവായി എന്നുകാണാം.

രണ്ടുപതിറ്റാണ്ടിനിപ്പുറം, ജനിച്ച മണ്ണിലെ അവകാശത്തിനുവേണ്ടിയുള്ള ആദിമനിവാസികളുടെ സമരം ഒരു ക്രൈം ആയി കണ്ടെത്തി പോരാളികളെ തടവറയിലേക്കയച്ച സാമൂഹ്യ ദുരന്ത പാശ്ചാത്തലത്തിലാണ് മുത്തങ്ങയെ വീണ്ടുമൊരിക്കൽക്കൂടി വിശകലനത്തിന് വിധേയമാക്കുന്നത്. ഭരണാധികാരികളുടെ കേവലം വിടുവായത്ത ലംഘനത്തിൻ്റെ പേരിലായിരുന്നില്ല, 2003- ൽ ആദിവാസികൾ വയനാട്ടിൽ സമരരംഗത്ത് ഇറങ്ങിയത്. 2001- ൽ സെക്രട്ടറിയേറ്റിനുമുന്നിൽ കുടിൽകെട്ടി നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ, ഭരണകൂടം രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന, മിനിമം ആവശ്യം ഉന്നയിച്ചായിരുന്നു ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ആദിവാസികൾ വനഭൂമിയിൽ കുടിൽകെട്ടിയത്. മുഖ്യമന്ത്രി, ഏഴ് മന്ത്രിമാർ, 18 വകുപ്പു മേധാവികൾ തുടങ്ങിയവർ ഒപ്പിട്ട് കൈമാറിയ വ്യവസ്‌ഥകൾ നിറവേറ്റണമെന്ന രണ്ടു കൊല്ലമായുള്ള നിരന്തരാവശ്യം അവഗണിക്കപ്പെട്ടതോടെയായിരുന്നു പ്രബല ഗോത്രവിഭാഗമായ പണിയരുടെ പിതൃഭൂമിയിലേക്കുള്ള ആദിവാസികളുടെ പുനഃപ്രവേശം. പൊതുസമൂഹം കൈക്കൊണ്ട നിഷ്‌ക്രിയ നിലപാടുകൾ പ്രാരംഭഘട്ടത്തിൽ സമരത്തെ സമാധാനപരമായി നിലനിർത്തി. അന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുടെ വരവാണ് പിന്നീട് കാണുന്നത്. വന്യമൃഗങ്ങളുടെ കശാപ്പ്, മരംമുറി, തീവ്രവാദ സംഘടനകളുടെ സാന്നിധ്യം തുടങ്ങി ലൈംഗീകാതിക്രമങ്ങൾ വരെ ഇവരുടെ മേൽ ചാർത്തപ്പെട്ടു.

സി. കെ. ജാനു എന്ന സമരനേതാവിൻ്റെ രാഷ്ട്രീയയാത്രകളൊന്നും ഈ  വ്യവഹാരങ്ങളുടെ ഗതിമാറ്റിയില്ല എന്നതിൻ്റെ തെളിവാണ് 23 വർഷത്തിനിപ്പുറം വന്ന മുത്തങ്ങ വിധി എന്നും പറയാം.
സി. കെ. ജാനു എന്ന സമരനേതാവിൻ്റെ രാഷ്ട്രീയയാത്രകളൊന്നും ഈ വ്യവഹാരങ്ങളുടെ ഗതിമാറ്റിയില്ല എന്നതിൻ്റെ തെളിവാണ് 23 വർഷത്തിനിപ്പുറം വന്ന മുത്തങ്ങ വിധി എന്നും പറയാം.

44 ദിവസം. പിന്നെ, കരിഞ്ഞുണങ്ങിയ കാട്, വെടിയൊച്ച, ഒഴുകിയ രക്തം, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അലറിക്കരച്ചിൽ, കാട്ടുതീ .... ഒരു പോലീസുകാരനും ഒരു സമരാനുകൂലിയുമെന്ന മരണത്തിൻ്റെ ടാലിയിലേക്ക് പൊതുസമൂഹം ഈ പ്രക്ഷോഭത്തെ ചുരുക്കി. ഇങ്ങനെ സൃഷ്ടിച്ചെടുത്ത സാമാന്യബോധം, ഗവൺമെൻ്റും പ്രക്ഷോഭകരും തമ്മിലുള്ള വ്യവഹാരമെന്ന നിലയിൽ മുത്തങ്ങയെ പരിഗണിക്കുന്ന നിലപാടിലാണ് സമൂഹം പിന്നീട് ഇക്കാലമത്രയും പെരുമാറിയത്. അതിനനുയോജ്യമായ പ്രത്യേക സാഹചര്യം വയനാട്ടിൽ നിലനിന്നു എന്നതാണ് യാഥാർത്ഥ്യം. മുത്തങ്ങയിലും അതുതന്നെയാണ് ആവർത്തിച്ചത്. ശരിയ്ക്കും രാഷ്‌ട്രീയ പാർട്ടികളാണ് ഇതിൽനിന്ന് ലാഭം കൊയ്തത്. പൗരസമൂഹമെന്ന വ്യാജ ലേബൽ അണിഞ്ഞ്, കക്ഷികൾ അവരുടെ നോട്ടത്തിനു വേണ്ടി മെയ്ക്ക് ചെയ്ത സന്ദർഭങ്ങൾ ഏറ്റവും അനുയോജ്യമായ തരത്തിൽ പ്രയോജനപ്പെടുത്തി. മാത്രമല്ല, ആദിവാസികളുടെ മേൽ ചാർത്തിയ വനം കള്ളക്കേസുകൾ ഉപേക്ഷിക്കാൻ പോലും ഇവർ തയ്യാറായില്ല. കൂടാതെ, ചില കേസുകൾ അധികമായി ഉൾപ്പെടുത്തുകയും ചെയ്തു.

മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ വെടിയുതിർക്കാൻ ഉത്തരവ് നൽകിയ അതേ കക്ഷിയുടെ ഗവൺമെൻ്റ് തന്നെ പിന്നീട് അധികാരത്തിലെത്തിയപ്പോഴാണ് വനംകേസുകൾ എഴുതിത്തള്ളിയതെന്ന വൈരുധ്യത്തിനും കേരളം സാക്ഷിയാകേണ്ടിവന്നു.

സി. കെ. ജാനു എന്ന സമരനേതാവിൻ്റെ രാഷ്ട്രീയയാത്രകളൊന്നും ഈ വ്യവഹാരങ്ങളുടെ ഗതിമാറ്റിയില്ല എന്നതിൻ്റെ തെളിവാണ് 23 വർഷത്തിനിപ്പുറം വന്ന മുത്തങ്ങ വിധി എന്നും പറയാം. ഗോത്രമഹാസഭ കോർഡിനേറ്ററായിരുന്ന എം. ഗീതാനന്ദൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം കഠിനതടവ് ശിക്ഷ വിധിച്ച വിധി ഉയർത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. അതിൽ പ്രധാനം എന്ത് നീതിയാണ് ഈ വിധിയിലൂടെ സമൂഹം ഈ മനുഷ്യർക്ക് നൽകുന്നത് എന്നതാണ്.


Summary: Journalist M.K. Ramadas, an accused in the Muthanga case, questions the justice behind the five-year prison sentence given to four people, including M. Geethanandan.


എം.കെ. രാമദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments