‘‘എന്റെ ഭരണകാലത്തുണ്ടായ എല്ലാ സംഘർഷങ്ങളിലും ദുഃഖിക്കുന്നയാളാണ് ഞാൻ. ചോര കണ്ട് സന്തോഷിക്കാൻ കഴിയില്ല’’- 2003 ഫെബ്രുവരി 19-ന് മുത്തങ്ങയിലുണ്ടായ വെടിവെപ്പിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ഇന്നലെ വാർത്താസമ്മേളനത്തിൽ ഇങ്ങനെയൊരു ‘കുമ്പസാരം’ നടത്തി.
പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷനുള്ള ചർച്ചക്കിടെ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നടത്തിയ പരാമർശങ്ങളാണ് ആന്റണിയുടെ ദുഃഖപ്രകടനത്തിന് ഹേതു.
കേരളം കണ്ട ഏറ്റവും ക്രൂരവും വംശഹത്യയോളം എത്തുന്നതുമായ ഒരു പൊലീസ്- ഭരണകൂട അതിക്രമത്തെച്ചൊല്ലി ഇപ്പോൾ കപടക്കണ്ണീരൊഴുക്കുന്ന എ.കെ. ആന്റണിയും സി.പി.എമ്മും, മുത്തങ്ങ സമരക്കാലത്ത് എന്താണ് ശരിക്കും ചെയ്തത്? സമരത്തിന് നേതൃത്വം നൽകി സി.കെ. ജാനു ‘അടിമമക്ക’ എന്ന ആത്മകഥയിൽ അക്കാര്യം, അർത്ഥശങ്കക്കിടയില്ലാത്തവിധം വിശദീകരിക്കുന്നുണ്ട്. ‘മുങ്ങങ്ങ വെടിവെപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ’ എന്ന അധ്യായത്തിൽ അവർ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാറിന്റെ പങ്ക് തുറന്നുകാട്ടുന്നുണ്ട്. ഒപ്പം, ആദിവാസികളുടെ അവകാശസമരത്തെ പൊളിക്കാൻ സി.പി.എമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹീനമായ ശ്രമങ്ങൾ, അന്നത്തെ മന്ത്രിമാരുടെയും സി.പി.എം, കോൺഗ്രസ് നേതാക്കളുടെയും ആദിവാസി വിരുദ്ധ പ്രസ്താവനകൾ എന്നിവ പരിശോധിച്ചാൽ എങ്ങനെയാണ് അന്നത്തെ യു.ഡി.എഫ് സർക്കാറും സി.പി.എമ്മും മുത്തങ്ങ സമരത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നത് എന്ന് വ്യക്തമാകും. മുത്തങ്ങയിൽ നടന്ന അവകാശസമരത്തെ സായുധകലാപമെന്ന് പറഞ്ഞ് അടിച്ചമർത്താൻ ശ്രമിച്ചത് ഭരണകൂടമാണെന്നും ആദിവാസി സമരം അടിച്ചമർത്തണമെന്ന കാര്യത്തിൽ മന്ത്രസഭ ഒറ്റക്കെട്ടായിരുന്നുവെന്നും സി.കെ. ജാനു എഴുതുന്നു.
‘അടിമമക്ക’ എന്ന ആത്മകഥയിൽനിന്ന്:
‘‘അന്നത്തെ മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് മുത്തങ്ങയിൽ വെടിവെപ്പ് നടന്നത്. ‘ആദർശധീരനായ’ മുഖ്യമന്ത്രി അധികാരത്തിലിരുന്ന സമയത്ത് സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിൽ ജീവിക്കുന്ന ആദിവാസികൾക്കുനേരെ നടത്തിയ അതിക്രൂരമായ നരനായാട്ടിൽ കേരളീയ സമൂഹത്തിനുതന്നെ ലജ്ജിച്ച് തലകുനിക്കേണ്ടിവന്നു. അന്നത്തെ വനം വകുപ്പ് മന്ത്രി ആദിവാസികളെ മനുഷ്യരായിപോലും പരിഗണിച്ചില്ല. ആദിവാസികൾ മുഴുവൻ കുറ്റക്കാരെന്ന നിലയിൽ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ടാണ് കുറ്റവാളികൾക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞത്. മുത്തങ്ങ സമരത്തിനുപിന്നിൽ സി.കെ. ജാനുവിന്റെ രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ ‘This is a message to Kerala' എന്ന് എത്ര ധാർഷ്ട്യത്തോടെയാണ് അദ്ദേഹം പറഞ്ഞത്. പൊലീസിനെക്കൊണ്ട് വനത്തിൽ തീയിട്ട് സമരക്കാരെ തുരത്താൻ ശ്രമിച്ച ഇവരെയെല്ലാമാണ് മുത്തങ്ങ സംഭവത്തിൽ ഒന്നാം പ്രതികളാക്കി കേസെടുക്കേണ്ടത്’’.

‘‘ആദിവാസി ഗോത്ര മഹാസഭയെ നിരോധിക്കുമെന്ന് വനംവകുപ്പ് മന്ത്രിയും അന്നത്തെ കെ.പി.സി.സി പ്രസിഡന്റും പറഞ്ഞിരുന്നു. നക്‌സലുകളെന്നും, സായുധ കലാപകാരികൾ എന്നുമാണ് എന്നെയും ഗീതാനന്ദനെയും കെ.പി.സി.സി. പ്രസിഡൻറ് വിശേഷിപ്പിച്ചത്. ഞങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ഒരു എം.എൽ.എ, ക്രിമിനൽ എന്നാണ് എന്നെ വിശേഷിപ്പിച്ചത്. എന്റെ സമരത്തിനുപിന്നിൽ ദേശവിരുദ്ധ ശക്തികളുണ്ടെന്നാണ് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി ആരോപിച്ചത്. ആദിവാസികളോടുള്ള ഇവരുടെയെല്ലാം മനോഭാവമാണ് ഇവരുടെതന്നെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പുറത്തുവന്നത്. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി ഇനിയൊരിക്കലും ആദിവാസികൾ ഒരുമിച്ചുകൂടരുത്, ഇനി ഇത്തരത്തിൽ ഒരു സമരവും ഉയർന്നുവരരുത്, ഇതോടെ ആദിവാസികളെയും അവരുടെ കൂട്ടായ്മയെയും ഉന്മൂലനം ചെയ്യണം എന്ന സമീപനമാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ചത്’’.
‘‘ആദിവാസികൾ കാട് നശിപ്പിക്കുന്നവെന്നുപറഞ്ഞ്, അവരെ അറസ്റ്റ് ചെയ്ത് കുടിയിറക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷിപ്രവർത്തകർ പ്രതിഷേധിച്ചു. അതിൽ കോൺഗ്രസുകാരും, മാർക്‌സിസ്റ്റുകാരും, ബി.ജെ.പിക്കാരുമുണ്ടായിരുന്നു. ഇവരെല്ലാം ചേർന്ന് മൈസൂർ ഹൈവേ മൂന്നുദിവസം ഉപരോധിച്ചു. നൂൽപുഴ പഞ്ചായത്തിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി മൂന്നു ദിവസം ഹർത്താലും നടത്തി. മുത്തങ്ങയിലുള്ള ഒരാൾപോലും പുറത്തുകടക്കാതിരിക്കാനും ആദിവാസികളെ കള്ളക്കേസിൽപെടുത്തി ജയിലിലടക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ ഹർത്താൽ’’.
മുത്തങ്ങ സമരത്തിനെതിരായ പൊലീസ് അടിച്ചമർത്തൽ ഭരണകൂടത്തിന്റെ നിർദ്ദേശത്തോടെയുള്ള ആസൂത്രിത ശ്രമമായിരുന്നുവെന്നാണ് ജാനുവിന്റെ അനുഭവം തെളിയിക്കുന്നത്. മുത്തങ്ങ സമരത്തിന്റെ പേരിൽ വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ മുഴുവൻ ആദിവാസി കോളനികളിലും പൊലീസ് നരനായാട്ട് നടന്നുവെന്നും ജാനു വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊലീസ് നരനായാട്ട് വെറുമൊരു പൊലീസ് നടപടി മാത്രമായിരുന്നില്ല എന്ന് വ്യക്തമാണ്.

‘അടിമമക്ക’യിൽനിന്ന്:
‘‘എല്ലാ ആദിവാസി കോളനികളിലും ഞങ്ങളെ അന്വേഷിച്ച് പൊലീസ് നരനായാട്ട് നടത്തി. അരാജകത്വം സൃഷ്ടിച്ചു. നിരപരാധികൾക്ക് ക്രൂരമർദ്ദനവും, പീഢനവും ഏൽക്കേണ്ടിവന്നു. എല്ലാ ബസിലും കയറി പൊലീസ് പരിശോധിച്ചു. ആദിവാസികളായവരെയെല്ലാം അറസ്റ്റ് ചെയ്തു. മുത്തങ്ങയിൽ സമരത്തിനുവന്നവരാണോ അല്ലേ എന്നുപോലും അന്വേഷിക്കാതെ അറസ്റ്റു ചെയ്തു. മരുന്നിനു പോകുന്നവരെയും, സാധനം വാങ്ങാൻ പോകുന്നവരെയും കല്ല്യാണത്തിന് വന്നവരെയും ഉത്സവത്തിന് പോകുന്നവരെയുമെല്ലാം അറസ്റ്റുചെയ്തു. കർണ്ണാടകയിൽ പണിക്കുപോകുന്നവരെ ബസിൽ നിന്നാണ് അറസ്റ്റുചെയ്തത്. പൊലീസിനെ പേടിച്ച് കോളനികളിൽ നിന്ന് പണിക്കു പോകാൻ പോലും ആളുകൾ ഭയന്നു. സമരത്തെക്കുറിച്ച് ഒന്നും അറിയാതിരുന്ന നിരപരാധികളായ ആദിവാസികൾ ക്രൂരമർദ്ദനത്തിനിരയായി. നാട്ടുകാർ പൊലീസിനൊപ്പം ചേർന്ന്, സമരത്തിനുവരാത്തവരെ ആദിവാസികളാണ് എന്ന മട്ടിൽ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്ത്കള്ളക്കേസിൽ കുടുക്കി.
മുത്തങ്ങയിൽ വെടിവെപ്പ് നടന്ന രാത്രി പൊലീസ് പുലിതൂക്കി കോളനിയിൽ പോയി. ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ച്, കുടിലുകൾ തകർത്ത്, ആണുങ്ങളെ പിടിച്ചുവലിച്ച്, വസ്ത്രമൂരി, കൈ പിന്നിൽ കെട്ടി, മുറ്റത്തിട്ട് അടിച്ചുരുട്ടി. ഇവരാരും സമരത്തിന് വന്നവരല്ലായിരുന്നു. വേദന കൊണ്ട് പുളയുമ്പോഴും അവർ കൈകൂപ്പി പൊലീസിനോട് പറയുന്നുണ്ടായിരുന്നു, ‘ഞങ്ങൾ കാപ്പിപ്പണി കഴിഞ്ഞ് വന്നതാണ്, മൊതലാളിമാരോട് ചോദിച്ചുനോക്ക് സാറേ...’ എന്ന്. പക്ഷേ പൊലീസ് അതൊന്നും കേട്ടില്ല. എല്ലാവരെയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി. മുത്തങ്ങയ്ക്ക് സമീപമുള്ള എല്ലാ ആദിവാസി കോളനിയിലെയും അവസ്ഥ ഇങ്ങനെയായിരുന്നു. കാപ്പിതോട്ടത്തിൽ കൂലിപ്പണിക്കുപോയും, കാട്ടിൽ പൂപ്പൽ പറിച്ചും ജീവിതം തള്ളിനീക്കിയ ആദിവാസികൾക്ക് രാത്രിയായാൽ കുടിലിൽ കിടക്കാൻ പോലും ഭയമായിത്തുടങ്ങി. നേരം ഇരുട്ടിയാൽ പൊലീസിനെയും, രാഷ്ട്രീയ പാർട്ടിക്കാരെയും പേടിച്ച് അടുത്തുള്ള മറ്റുള്ളവരുടെ കാപ്പിതോട്ടത്തിൽ ശബ്ദമുണ്ടാക്കാതെ പോയി കിടക്കും’’.
‘‘മുത്തങ്ങ സമരത്തെ അനുകൂലിച്ച് പ്രതിഷേധിച്ച മുഴുവൻ ആളുകളെയും അറസ്റ്റുചെയ്ത് കേസെടുത്തു. സമരത്തിന്റെ പേരിൽ ആദിവാസികളെ ജാതീയമായും, വംശീയമായും തകർക്കുകയെന്ന ലക്ഷ്യം കൃത്യമായി പൊലീസ്നടപടിയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിഭീകരമായിരുന്നു പൊലീസ് ആക്രമണം. മറ്റേതെങ്കിലും വിഭാഗങ്ങളായിരുന്നു ഇത്തരത്തിലൊരു സമരം നടത്തിയതെങ്കിൽ ഭരണകൂട- പൊലീസ് നടപടി ആ സമരത്തിന്റെ നേതാക്കൾക്കും അതിൽ പങ്കെടുത്തവർക്കും എതിരെ മാത്രമാകുമായിരുന്നു. പക്ഷെ, മുത്തങ്ങ സംഭവത്തിന്റെ പേരിൽ വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ മുഴുവൻ ആദിവാസി കോളനികളിലും പൊലീസ് നരനായാട്ട് നടന്നു. സമരത്തിനു വരാത്ത, മുത്തങ്ങ ഇതുവരെ കാണാത്ത, നിഷ്‌ക്കളങ്കരായ ആളുകളെ വിവിധ ജില്ലകളിൽ നിന്ന് പിടിച്ച് കള്ളക്കേസാരോപിച്ച് ജയിലിലടച്ചു. മുത്തങ്ങയിൽ വന്ന മാധ്യമപ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തി സ്ഥലം വിടാനാവശ്യപ്പെട്ടു. പക്ഷെ ഒരു മാധ്യമപ്രവർത്തകൻ പൊലീസിന്റെ കണ്ണിൽ പെടാതെ മരത്തിനു മുകളിൽ കയറിയിരുന്നാണ് ആദിവാസികൾക്കുനേരെയുള്ള പൊലീസ് അതിക്രമം പകർത്തിയത്.
മാസങ്ങളോളം അടിയന്തരാവസ്ഥ പോലെയായിരുന്നു. ഇത്രയധികം ഭീകര നടപടികൾ ആദിവാസികൾക്കുനേരെ നടന്നിട്ടും ഒരാൾ പോലും ഒരു പരാതിപോലും എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല. കാരണം അവർക്കറിയാമായിരുന്നു, മുത്തങ്ങയിൽ നടന്നത് തികച്ചും ജനാധിപത്യപരവും, ന്യായവുമായ ഭൂസമരമായിരുന്നുവെന്ന്. അതുകൊണ്ടുതന്നെ പൊലീസുകാരും, ഭരണകൂടവും, രാഷ്ട്രീയക്കാരും ആദിവാസികൾക്കെതിരെ നടത്തിയ ഭീകരാക്രമണത്തിന്റെ ഇരയായിപ്പോയവരാണ് തങ്ങളെന്ന് അവർ സ്വയം തിരിച്ചറിയുകയായിരുന്നു’’.
‘‘കേരളത്തിൽ ഏറ്റവും കൂടുതൽ ക്രിമിനലുകളും ഗുണ്ടകളും ഉള്ളത് പൊലീസിലാണ്. അമ്മയെയും പെങ്ങളേയും കണ്ടാൽ തിരിച്ചറിയാത്തവരും മനുഷ്യരെന്ന് വിളിക്കാൻ അറപ്പും വെറുപ്പും തോന്നുന്നവരുമായ ചിലർ പൊലീസുകാർക്കിടയിലുണ്ട്. ഇവരെ എന്തിനോടാണ് ഉപമിക്കേണ്ടതെന്ന് എനിക്കറിയില്ല. അത്രയും ഭീകരമായിട്ടാണ് നമ്മളെ അവർ മർദ്ദിച്ചത്. എന്തെങ്കിലും വിവരം കിട്ടാൻ വേണ്ടിയൊന്നുമല്ല, നമ്മളെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അടികൊണ്ട് നമ്മൾ വേദനയിൽ പുളയുന്നതുകാണുമ്പോൾ അവർക്ക് അടങ്ങാത്ത ആനന്ദമാണ് അനുഭവപ്പെടുന്നത്. അവർ വിചാരിച്ചത് ഇതോടെ ആദിവാസികളും ഗോത്രമഹാസഭയും ഇല്ലാതായിത്തീരുമെന്നാണ്. പൊലീസ് വിഡ്ഢികളുടെ ലോകത്താണ്. ആളുകളെ തല്ലിയാൽ അവർ പേടിച്ച് പുറകോട്ടുപോകുമെന്നാണ് അവരുടെ വിചാരം. എന്നാൽ അതിനേക്കാൾ ശക്തമായിട്ടാണ് തിരിച്ചുവരിക. ഞങ്ങളെ സംബന്ധിച്ച് സമരം ചെയ്യാതിരിക്കാൻ നിവൃത്തിയുമില്ലായിരുന്നു. തികച്ചും ജനാധിപത്യപരമായ സമരമാണ് ഞങ്ങൾ നടത്തിയത്. അതിനെ ഒരു ഭീകരപ്രവർത്തനമായി ചിത്രീകരിച്ച്, ഞങ്ങൾക്കറിയാത്ത കുറെ ബന്ധങ്ങളാരോപിച്ച്, വന്യജീവി സങ്കേതം കയ്യേറി എന്ന കള്ളക്കഥയുണ്ടാക്കി ഭീകരമായി ഞങ്ങളെ ആക്രമിക്കുകയായിരുന്നു’’.

‘‘മുത്തങ്ങ സമരം ആസൂത്രണം ചെയ്തതിൽ ചില തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ആദിവാസി ഗോത്രമഹാസഭ നയിച്ച സമരത്തിനുമുന്നിൽ നിന്നത് ഞാനാണ്. എന്റെ അറിവിൽ അങ്ങനെ ഒന്നുമില്ല. ആദിവാസികൾ സമരരംഗത്തേക്ക് വരുന്നതിനെ തകർക്കണമെന്ന് വിചാരിച്ചു വെച്ചിരിക്കുന്ന ചിലർ ഇങ്ങനെയൊക്കെ പറഞ്ഞുപരത്തും. ആദിവാസികൾ ശക്തമായി സമരരംഗത്ത് വരുമ്പോൾ ആ കൂട്ടായ്മ തകർക്കാൻ ഞങ്ങളിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കും. തണ്ടർബോൾട്ട് അടക്കം കോളനിയിൽ കയറിയിറങ്ങി നമ്മുടെ ആളുകളെ പേടിപ്പിക്കും. ആദിവാസി കൂട്ടായ്മ തകർത്ത് തരിപ്പണമാക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. കേരളത്തിലെ മുഴുവൻ പൊലീസും പട്ടാളവും മുത്തങ്ങയിൽ അരിച്ചുപെറുക്കിയിട്ടും ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല. മറ്റ് സംഘടനകൾ ഞങ്ങളുടെ പിന്നിലുണ്ടായിരുന്നുവെങ്കിൽ ഒരു നാടൻബോംബെങ്കിലും അന്നവിടെ കാണുമായിരുന്നു. എന്നിട്ടും ഞങ്ങൾക്ക് തീവ്രവാദബന്ധമുണ്ട്, തീവ്രവാദപരിശീലനം നേടിയാണ് മുത്തങ്ങയിൽ കേറിയത് എന്നെല്ലാം പറഞ്ഞു പരത്തി. മുത്തങ്ങയിൽ നിന്ന് പൊലീസിന് കിട്ടിയ ആയുധങ്ങൾ വിറക് വെട്ടാനുള്ള കോടാലി, വാക്കത്തി, കാട് വയക്കാനുള്ള അരിവാൾ, തൂമ്പ തുടങ്ങിയ പണിയായുധങ്ങളായിരുന്നു. ഇതാണ് മാരകായുധങ്ങൾ എന്നുപറഞ്ഞ് പ്രചരിപ്പിച്ചത്. വിദേശ ഫണ്ടിംഗ് ഏജൻസിയുടെ വളർത്തുപുത്രിയാണ് സി.കെ. ജാനു എന്നാണ് റെഡ് ഫ്ലാഗ് പറഞ്ഞത്. തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമാണ് ആളുകൾ സമരത്തിനിറങ്ങിയത് എന്നവർ പ്രചരിപ്പിച്ചു’’.
‘‘ചില രാഷ്ട്രീയക്കാർ ആദിവാസികളെ ഭീഷണിപ്പെടുത്തി മുത്തങ്ങ സമരത്തിനെതിരെയും, എനിക്കെതിരെയും പറയിപ്പിച്ചു. ആദിവാസി ഗോത്ര മഹാസഭയിലേക്കുവരുന്ന ആദിവാസികളെ തടയാനാണ് രാഷ്ട്രീയക്കാർ ശ്രമിച്ചത്. ‘ജാനുവിന്റെ കൂടെ കൂടിയതിന്റെ ഫലം കണ്ടില്ലേ, എല്ലാത്തിനേയും പൊലീസ് പിടിച്ചില്ലേ, നേതാവ് ഇപ്പോൾ ജയിലിലാണ്, കൊലപാതകമാണ് കുറ്റം, ഇനിയും കൂടെനിന്നാൽ നിങ്ങൾ അനുഭവിക്കും, പണിക്കുപോലും പോകാൻ പറ്റാതാവും' എന്നിങ്ങനെയുള്ള പ്രചാരണവുമായി, മുത്തങ്ങ സമരത്തിനുശേഷം ആദിവാസി പ്രേമം പിടിപെട്ട ചില രാഷ്ട്രീയക്കാർ കോളനികളിൽ കയറിയിറങ്ങി. മാധ്യമങ്ങളടക്കം മുഴുവൻ സംവിധാനങ്ങളും ഞങ്ങൾക്കെതിരായിരുന്നു. ആദിവാസി പ്രശ്‌നങ്ങൾക്ക് അനുഭാവപൂർവ്വമുള്ള ഇടപെടൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്നില്ലായിരുന്നു. ഭൂരഹിതരായ ആദിവാസികളുടെ സമരം എന്ന നിലയിലല്ല, തീവ്രവാദ സംഘടനയുടെയും മാവോയിസ്റ്റുകളുടെയും സാന്നിധ്യമുണ്ടെന്ന് പറഞ്ഞാണ് മാധ്യമങ്ങൾ മുത്തങ്ങ സമരത്തെ ഫോക്കസ് ചെയ്തത്. ആദിവാസി സമരത്തെ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് മാറ്റി വേറൊരു പ്രശ്‌നമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു മാധ്യമങ്ങൾ’’.
‘‘എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ജയിൽ സന്ദർശനത്തിനുശേഷമാണ് കേരളത്തിലെ മാധ്യമങ്ങളും എഴുത്തുകാരും ഞങ്ങൾക്ക് അനുകൂലമായി എഴുതിത്തുടങ്ങിയത്. അവരുടെ ജയിൽ സന്ദർശനം ഞങ്ങൾക്കൊരു അനുഗ്രഹമായിരുന്നു. എന്നെയും ഗീതാനന്ദനെയും ഒരുമിച്ചിരുത്തി അവർ സംസാരിച്ചു. അവർ ഞങ്ങളെ ജയിലിൽ സന്ദർശിച്ചതിന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത്, അരുന്ധതിറോയി ജനാധിപത്യത്തിന് കളങ്കമാണ് എന്നാണ്. അരുന്ധതിറോയിയുടെ ജയിൽ സന്ദർശനത്തിനുശേഷമാണ് പലയാളുകളും നമ്മളെ കാണാൻ വന്നുതുടങ്ങിയത്. മനുഷ്യാവകാശ പ്രവർത്തകനായ കുൽദീപ് നയ്യാർ, കർഷക നേതാവും കർണാടക രാജ്യ റയിത്ത സംഘത്തലവനുമായിരുന്ന പ്രൊഫ. നഞ്ചുണ്ടസ്വാമി എന്നിവർ ഞങ്ങളെ ജയിലിൽ വന്നു കണ്ടു. സമരങ്ങൾക്ക് നഞ്ചുണ്ടസ്വാമി പൂർണ പിന്തുണ അറിയിച്ചു. സി.പി.എം. നേതാവ് വൃന്ദാ കാരാട്ട്, സി.പി.ഐയുടെ ബിനോയ് വിശ്വം എന്നിവർ ഞങ്ങളെ ജയിലിൽ വന്നു കണ്ടു. എല്ലാ പാർട്ടിക്കാരും ആദിവാസികളുടെ കുടിലുകളിൽ കയറിയിറങ്ങി ആളുകളെ പൊലീസിന് ചൂണ്ടിക്കാട്ടി കൊടുക്കുകയായിരുന്നു എന്ന് ഞാൻ ബിനോയ് വിശ്വത്തോടു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, രാഷ്ട്രീയപാർട്ടിക്കാർ എന്ന് പറയരുത്, നാട്ടുകാരിൽ ചിലരാണ് അങ്ങനെ ചെയ്തത് എന്നാണ്. എന്നാൽ ഓരോ രാഷ്ട്രീയപാർട്ടികളുടെയും പേരിലാണ് നാട്ടിൽ ഞങ്ങൾ അവരെ അറിയുന്നത്. അതുകൊണ്ട് പാർട്ടിക്കാർ എന്നു പറയാനേ ഞങ്ങൾക്ക് കഴിയൂ എന്ന് ഞാൻ മറുപടി നൽകി’’.

‘‘ജോഗിയുടെ കുടുംബത്തിന് ധനസഹായം നൽകിയതും മകൾ സീതയ്ക്ക് സർക്കാർ ജോലി കൊടുത്തതും ഇടതുപക്ഷം നന്നായി പ്രചരിപ്പിച്ചിരുന്നു. മുത്തങ്ങ സമരത്തിന്റെ സി.ഡി. കോളനികളിൽ പ്രചരിപ്പിച്ച് വോട്ടു പിടിച്ചാണ് ഇവർ അന്ന് അധികാരത്തിൽ വന്നത്. മുത്തങ്ങയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവർക്ക്ഇതൊക്കെ ചെയ്യാൻ ബാധ്യതയുണ്ട്. അതൊന്നും വലിയ ഔദാര്യമായി ഞങ്ങൾ കണക്കാക്കുന്നില്ല. കൊടുത്ത ജോലിയുടെ പോസ്റ്റ് ചെറുതായിപ്പോയെന്നാണ് എന്റെ അഭിപ്രായം’’.
‘‘ഞങ്ങൾ മുത്തങ്ങയിൽ കയറി കുടിൽ വെച്ചപ്പോൾ പ്രകൃതിസംരക്ഷണ സമിതിക്കാരും, രാഷ്ട്രീയപാർട്ടികളും എതിർപ്പുമായി വന്നു. ആനത്താരയാണ് എന്നതായിരുന്നു പ്രകൃതിസംരക്ഷണക്കാരുടെ വാദം. സർക്കാർ ആനകൾക്കുവേണ്ടി റോഡ് പണിയാൻ തീരുമാനിച്ച സ്ഥലമാണുപോലും മുത്തങ്ങ. ഞങ്ങൾ മുത്തങ്ങയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ആ കാട് കൊള്ളയടിച്ചു തീർത്തിരുന്നു’’.

