മുത്തങ്ങ കുടിൽകെട്ടൽ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെ എ പി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്ന കെ.വി. വിനോദ് മരിച്ച കേസിൽ ഒന്നാം പ്രതി എം. ഗീതാനന്ദൻ അടക്കം 56 പേരെ വെറുതെവിട്ടു.
രണ്ടാം പ്രതിയായിരുന്ന ജി. അശോകൻ മാത്രമാണ് കുറ്റക്കാരൻ. അശോകൻ മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല. അശോകന്റെ വെട്ടേറ്റാണ് വിനോദ് മരിച്ചതെന്ന് വിധിയിൽ പറയുന്നു. മറ്റു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാനായില്ല. സംഘം ചേരൽ, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെങ്കിലും ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ്ഖാൻ ഉത്തരവിൽ പറഞ്ഞു. വിനോദിന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു.
വിനോദ് മരിച്ച സംഭവത്തിൽ ഗീതാനന്ദൻ അടക്കം 56 പേർക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. സംഘം ചേരൽ, തടഞ്ഞുവെക്കൽ എന്നിവയാണ് തെളിഞ്ഞത്. പ്രോസിക്യൂഷന് ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിയാത്തതിനെതുടർന്നാണ് 56 പ്രതികളും കുറ്റവിമുക്തരായത്.
2003 ഫെബ്രുവരി 19-ന് മുത്തങ്ങയിൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ കുടിൽകെട്ടൽ സമരത്തിനുനേരെ നടന്ന പൊലീസ് ആക്രമണം മൂലമുണ്ടായ സംഘർഷത്തിനിടെയാണ് വിനോദ് മരിച്ചത്. കേസിൽ 57 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 35 പേരെയാണ് കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടത്. 21 പേർക്കെതിരെ തെളിവില്ലെന്നും കോടതി പറഞ്ഞു.

രണ്ടാം പ്രതി ജി. അശോകൻ അടക്കം പ്രതിസ്ഥാനത്തുണ്ടായിരുന്ന 15 പേർ മരിച്ചു. പ്രതികളിൽ അഞ്ച് സ്ത്രീകളുണ്ടായിരുന്നു, ഇവരിൽ ഒരാൾ മരിച്ചു. പ്രതിസ്ഥാനത്തുള്ള ഒരാൾ കിടപ്പുരോഗിയാണ്. ഒരാളെ കാണാതായി. ആകെയുണ്ടായിരുന്ന 57 പ്രതികളിൽ 30 പേരാണ് ഇപ്പോഴുള്ളത്. സി.കെ. ജാനു പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.
മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിലേറ്റ മുറിവാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പൊലീസിന്റെ തന്നെ ബയണറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്സാക്ഷികളില്ല എന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. സംഭവം നടന്ന കുടിലിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്ന് പ്രതിഭാഗം വാദിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള സാക്ഷികൾ കുടിലിൽ നിന്ന് അമ്പത് മീറ്ററിലധികം അകലെയായിരുന്നുവെന്നും തുടർച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്‌ഫോടനങ്ങളും മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആർക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. റഷീദ് വാദിച്ചു.
23 വർഷത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിലാണ് വിധി. സംഭവം നടന്ന് 15 വർഷത്തിനുശേഷം 2018-ലാണ് വിചാരണ തുടങ്ങിയത്.
പ്രതികൾ വനം കൈയേറി ഷെഡ്ഡുകൾ നിർമിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേർന്നെന്നും കൊല്ലപ്പെട്ട ആദിവാസി ജോഗി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നുമാണ് സി ബി ഐ കുറ്റപത്രം. 14-ഓളം കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. നാല് ഡിവൈഎസ്പി മാർ ഉൾപ്പെടെ പൊലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥരായിരുന്നു കേസിലെ സാക്ഷികൾ.
ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സി ബി ഐ ചെന്നൈ യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. ആദിവാസികളുടെ അഭ്യർത്ഥനയെതുടർന്ന്, ഹൈക്കോടതി ഇടപെട്ടാണ് എറണാകുളം സി ബി ഐ കോടതിയിൽനിന്ന് കേസ് വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.
മുത്തങ്ങയിലെ കുടിൽകെട്ടൽ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏറ്റവും ഗുരുതരമായ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന കേസാണ് വിനോദിന്റെ മരണം. സംഭവത്തിലെ 12 എഫ്.ഐ.ആറുകളിൽആറെണ്ണം ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ടതും ആറെണ്ണം വനം കൈയേറ്റവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമായിരുന്നു. വനവുമായി ബന്ധപ്പെട്ട കേസുകൾ തള്ളിപ്പോയി. ബാക്കി ആറു കേസുകളാണ് സി.ബി.ഐ ഏറ്റെടുത്തത്. അതിൽ മൂന്ന് കുറ്റപത്രങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്. രണ്ടു കേസുകൾ ബാക്കിയുണ്ട്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടതും 27 പേരെ തടഞ്ഞുവെച്ചതുമാണ് ഈ കേസുകൾ. ഇതിൽ സി.കെ. ജാനുവാണ് ഒന്നാം പ്രതി.

2003 ജനുവരി അഞ്ചിനാണ് ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ എം. ഗീതാനന്ദൻ, സി.കെ. ജാനു എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി കുടുംബങ്ങൾ മുത്തങ്ങ തകരപ്പാടി വനത്തിൽ കുടിൽകെട്ടി സമരം തുടങ്ങിയത്. 2001-ൽ എ. കെ. ആന്റണി സർക്കാറിന്റെ കാലത്ത് ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സമരത്തിലെ ഒത്തുതീർപ്പുവ്യവസ്ഥയനുസരിച്ച് ആദിവാസികൾക്ക് ഭൂമി നൽകാത്തതിനെതുടർന്നായിരുന്നു മുത്തങ്ങ സമരം.
ഫെബ്രുവരി 19ന് കുടിൽകെട്ടൽ സമരത്തിൽ പങ്കെടുത്ത ആദിവാസികൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. കുടിലുകൾ കത്തിച്ചു, 18 റൗണ്ട് വെടിവെച്ചു. ഈ സംഘർഷത്തിനിടെയാണ് വിനോദിന്റെ മരണം. ആദിവാസിയായ ജോഗിയും ഇതേ സ്ഥലത്ത് വെടിയേറ്റ് മരിച്ചു. ജോഗി കൊല്ലപ്പെട്ട കേസിൽ എഫ്.ഐ.ആറിനപ്പുറം നിയമനടപടികൾ മുന്നോട്ടുപോയില്ല.
