ഇടത്തും വലത്തുമല്ലാത്ത മൂവാറ്റുപുഴ

ജയം ആവർത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്നാണ് എൽ.ഡി.എഫ് പറയുന്നത്. മണ്ഡലത്തിൽ വോട്ടുള്ള കേരള കോൺഗ്രസ്- എം ഇടതുപക്ഷത്താണ്, അതും സാധ്യത വർധിപ്പിക്കുന്നു

Election Desk

ൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ മൂവാറ്റുപുഴയിൽ സിറ്റിങ് എം.എൽ.എ സി.പി.ഐയിലെ എൽദോ അബ്രഹാം വലിയ ആത്മവിശ്വാസത്തിലാണ്. 2016ൽ, സിറ്റിങ് എം.എൽ.എയായിരുന്ന കോൺഗ്രസിലെ ജോസഫ് വാഴയ്ക്കനെ 9375 വോട്ടിനാണ് എൽദോ തോൽപ്പിച്ചത്. 2011ൽ വാഴയ്ക്കന്റെ ഭൂരിപക്ഷം 5163 ആയിരുന്നു. ജയം ആവർത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്നാണ് എൽ.ഡി.എഫ് പറയുന്നത്. മണ്ഡലത്തിൽ വോട്ടുള്ള കേരള കോൺഗ്രസ്- എം ഇടതുപക്ഷത്താണ്, അതും സാധ്യത വർധിപ്പിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന് എൽദോക്കെതിരെ പ്രചാരണ രംഗത്ത് വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

മണ്ഡലത്തിലെ അഞ്ചുവർഷത്തെ വികസനമാണ് എൽദോയുടെ പ്രചാരണ വിഷയം. ഇടതുസർക്കാറിനെതിരായ കുറ്റപത്രമാണ് മാത്യു കുഴൽനാടൻ അവതരിപ്പിക്കുന്നത്.

സിറ്റിങ് എം.എൽ.എ ജോസഫ് വാഴയ്ക്കന് ഒരു വട്ടം കൂടി മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, "സേവ് കോൺഗ്രസുകാർ' "വാഴയ്ക്കനെ വേണ്ട' എന്ന പോസ്റ്ററൊട്ടിച്ച് ആ ആഗ്രഹം മുളയിലേ നുള്ളി. എ.ഐ.സി.സി നിരീക്ഷകർ തിരുവനന്തപുരത്ത് എത്തിയ സമയത്തുതന്നെ വാഴയ്ക്കനെതിരെ ഇംഗ്ലീഷിലും തിരുവനന്തപുരത്ത് പോസ്റ്ററൊട്ടിച്ചു. സീറ്റുമോഹികളാണ് പോസ്റ്ററിനുപിന്നിലെന്ന് വാഴയ്ക്കൻ തിരിച്ചറിഞ്ഞു. തികഞ്ഞ "പ്രൊഫഷനൽ ടച്ചു'ള്ളവയായിരുന്നു ആ പോസ്റ്ററുകളെന്ന് അഖിലേന്ത്യ പ്രൊഫഷനൽ കോൺഗ്രസ് കേരള ഘടകം പ്രസിഡന്റായിരുന്ന മാത്യു കുഴൽനാടനെ പേരെടുത്തുപറയാതെ സൂചിപ്പിക്കുകയും ചെയ്തു. ഇത്തരം ചില പടലപ്പിണക്കങ്ങൾ മൂവാറ്റുപുഴയിലെ കോൺഗ്രസിനെ വലയ്ക്കുന്നുണ്ട്.

മണ്ഡലത്തിലെ 11 പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയും യു.ഡി.എഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 12,341 വോട്ടാണ്.

മൂവാറ്റുപുഴ നഗരസഭയും ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ, പോത്താനിക്കാട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.
ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1957ലും 1960ലും കോൺഗ്രസിലെ കെ.എം. ജോർജിനായിരുന്നു ജയം. 1967ൽ സി.പി.ഐയുടെ പി.വി. എബ്രഹാം വിജയിച്ചു. 1970ൽ സ്വതന്ത്ര സ്ഥാനാർഥി പെണ്ണമ്മ ജേക്കബിനായിരുന്നു ജയം.

1977ൽ കേരള കോൺഗ്രസിലെ പി. സി. ജോസഫ് വിജയിച്ചു. 1980ലും 1982ലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ വി.വി. ജോസഫിനായിരുന്നു ജയം.

1987ൽ സ്വതന്ത്ര സ്ഥാനാർഥി എ.വി. ഐസക്കിന് ജയം. 1991, 1996, 2001 വർഷങ്ങളിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ജോണി നെല്ലൂർ എം.എൽ.എയായി. 2006ൽ സി.പി.ഐയുടെ ബാബു പോളും 2011ൽ ജോസഫ് വാഴയ്ക്കനും വിജയിച്ചു.


Comments