കോടതി ജഡ്ജിയെ സ്വാധീനിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ല. എന്നാൽ, നടി ആക്രമിക്കപ്പെട്ട കേസിൽ, പ്രോസിക്യൂഷൻ ഹൈക്കോടതിയിലും വിചാരണാകോടതിയിലും കൊടുത്തിട്ടുള്ള രണ്ട് ഓഡിയോ ടേപ്പുണ്ട്. അതിനകത്ത്, ഏറ്റവുമൊടുവിൽ ദിലീപിന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ആർഗ്യുമെൻറ് നോട്ടിൽ ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ഒരു ഓഡിയോ ടേപ്പുണ്ട്. അതിൽ പറയുന്നത്, തേടിയ വള്ളി കാലിൽ ചുറ്റി, ആത്മബന്ധമുണ്ടാക്കാൻ പറ്റിയിട്ടുണ്ട് എന്നാണ്. ദിലീപിന്റെ ഫോണിൽ ദിലീപിന്റെ ഒരു സുഹൃത്ത് ചേട്ടാ എന്നുവിളിച്ച് അയച്ച ഒരു ഓഡിയോ ടേപ്പാണത്.
ദിലീപും രാമൻപിള്ള അസോസിയേറ്റ്‌സിലെ അഡ്വ. സുജേഷ് മേനോനും തമ്മിലുള്ള ഒരു സംഭാഷണം നേരത്തെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹാജരാക്കിട്ടുണ്ട്. അതിനകത്തും ജഡ്ജിയെ എങ്ങനെ വശത്താക്കാം തുടങ്ങിയ കാര്യങ്ങളാണ്. ആ നിലയിലുള്ള ശ്രമം നേരത്തെ ആരംഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അനധികൃതമായി ആക്‌സസ് ചെയ്തു എന്നു പറഞ്ഞുകൊണ്ടുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടിനുമേൽ വിചാരണാ കോടതി ജഡ്ജി അടയിരുന്നു. പിന്നീട്, ഇത് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് ഈ റിപ്പോർട്ട് പിടിച്ചെടുക്കുകയാണ് ചെയ്തത്. 2020 മുതൽ 2022 വരെ പ്രോസിക്യൂഷനെയോ അതിജീവിതയെയോ പരാതിക്കാരെയോ അറിയിക്കാതെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സൂക്ഷിച്ചു. ആ കോൺഫിഡൻഷ്യൽ റിപ്പോർട്ട് തിരുവനന്തപുരം എഫ്.എസ്.എല്ലിൽ വിശദപരിശോധനയ്ക്ക് അയക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഹർജി വിധി പറയാതെ വച്ചു. പിന്നീട് അതിജീവിത അതിന്റെ മുകളിൽ ഹൈക്കോടതിയിൽ പോകുമെന്ന് മനസ്സിലാക്കിയ സമയത്ത് രഹസ്യമായി, ഒമ്പതാം തീയതി ഒരു വിധിയെഴുതിയതായി പറഞ്ഞ് 19-ാം തീയതി അത് സാധാരണ പോസ്റ്റ് വഴി അയച്ച് 31-ാം തീയതിയ്ക്കുള്ളിൽ അന്വേഷണം തീരുന്നതിനുമുമ്പ് അത് കിട്ടാത്തവിധത്തിൽ ബൈജു കെ. പൗലോസിന് അയക്കാതെ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.യുടെ പേരിലയച്ചു. ഒരു ജുഡീഷ്യൽ ഓഫീസർ ചെയ്ത കാര്യങ്ങളാണിത്. അതിനകത്ത് എന്തെങ്കിലുമൊക്കെ ഒളിക്കാനുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അല്ലെങ്കിൽ നേരായ വഴിയിലല്ല ആ കാര്യം ഒരു ജുഡീഷ്യൽ ഓഫീസർ കൈകാര്യം ചെയ്തിട്ടുള്ളത്.
ദിലീപ് കേസ്: കോടതിയെ എന്തുകൊണ്ട് സംശയിക്കണം?
എം.വി. നികേഷ് കുമാർ / ടി.എം. ഹർഷൻ
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 79