“വിശ്വാസമല്ലേ എല്ലാം” എന്ന കല്യാൺ ജ്വല്ലറി പഞ്ച് ഡയലോഗടിച്ച് കേരളരാഷ്ട്രീയത്തെ കെട്ടിച്ചയക്കാൻ നിൽക്കുന്ന അമിതാഭ് ബച്ചന്റെ വേഷം കെട്ടി സുകുമാരൻ നായർ കുറിയും തൊട്ട് പത്രങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായല്ലോ. നാട്ടിലില്ലാത്തതുകൊണ്ട് ഇതെന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ് ഗണപതിരൂപമാണ് ഈ പുകിലൊക്കെ ഉണ്ടാക്കിയത് എന്ന് മനസ്സിലായത്.
എന്നാൽപ്പിന്നെ വിശ്വാസമെന്താണ് എന്ന് അന്വേഷിക്കാൻ ഹൈന്ദവവിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും മൊത്തം അവകാശം തീറെഴുതി കൈവശം വെച്ചിട്ടുള്ള ബീജേപ്പിക്കാരുടെ സ്വന്തം കടലാസായ ജന്മഭൂമി തന്നെ പരതി നോക്കാം എന്നു കരുതി. അവിടെ നിന്ന് ഗണപതിയുടെ ആനത്തലയെക്കുറിച്ച് കിട്ടിയ ഉൽപ്പത്തിക്കഥയാണ് ചിത്രത്തിൽ. രണ്ട് കഥ എന്ന് പറഞ്ഞ് തുടങ്ങി അതിൽത്തന്നെ മൂന്നു കഥയാണ്. അവസാനത്തെ കഥയാണ് പോപ്പുലർ. അതാണ് ഞാനും കുട്ടിക്കാലത്ത് വായിച്ചിട്ടുള്ളത്. അതായത് പാർവതീദേവി സ്നാനത്തിനു പുറപ്പെട്ടപ്പോൾ മകനായ ഗണപതിയെ കാവൽ നിർത്തി. അകത്തു കയറാൻ വന്ന ഭർത്താവായ തന്നെപ്പോലും കടത്തിവിടാൻ തയ്യാറാകാത്തപ്പോൾ ക്ഷുഭിതനായ പരമശിവൻ മകനെന്നുപോലും ഓർക്കാതെ ഗണപതിയുടെ തല വെട്ടിയെന്നും കോപം ശമിച്ചപ്പോൾ ഒരു ആനത്തല പകരം വെച്ചു കൊടുത്തു എന്നുമാണ് ആ കഥ. ഈ കഥക്ക് കുറച്ചുകൂടി വിസ്താരമുണ്ട്. അതിങ്ങനെയാണ്:
കുളി കഴിഞ്ഞു വന്ന പാർവതീദേവി പുത്രന്റെ നിര്യാണത്തിലുള്ള ദു:ഖത്താൽ കോപാകുലയാവുകയും വിശ്വരൂപം പൂണ്ട് ഭഗവതി മഹാകാളിയാവുകയും ചെയ്തു. ഉഗ്രരൂപിയായി ആജ്ഞ നൽകി നവദുർഗമാരെ പ്രത്യക്ഷപ്പെടുത്തി. ദേവീകോപമൊഴിവാക്കാൻ സർവരും ചേർന്ന് പ്രാർത്ഥിച്ച് ക്ഷമയപേക്ഷിച്ചു. തുടർന്ന് സൃഷ്ടികർത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും മറ്റു ദേവന്മാരും ചേർന്ന് പരമശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ടു നടന്ന് ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി ഉമാമഹേശ്വരന്മാരുടെ പുത്രന്റെ തലയായി ഉറപ്പിച്ചു എന്നാണ് ആ പുരാണകഥയുടെ മുഴുരൂപം.
ഇത്തരം മനോഹരവും രസകരവുമായ പല കഥകളുടേയും സഞ്ചയമാണ് ഹൈന്ദവപുരാണങ്ങൾ. ജന്മഭൂമിയും എഴുതിയിട്ടുള്ളത് കഥയെന്നാണ്. ചരിത്രമെന്നോ വസ്തുതയെന്നോ അല്ല. (ജന്മഭൂമി ഓൺലൈൻ 2021 സപ്തംബർ 9) ഇന്ത്യൻ മിത്തോളജിയിൽ മാത്രമല്ല ഗ്രീക്ക് മിത്തോളജിയിലും സമാനമായ കഥകളും കഥാപാത്രങ്ങളുമുണ്ട്. മൃഗശിരസ്സുള്ള മിനാടൗർ (Minataur) അടക്കം വിചിത്രരൂപങ്ങളുള്ള കഥകളുണ്ട്. ഗ്രീക്കും ഈജിപ്ഷ്യനും ചൈനീസും അടക്കം ലോകത്തെമ്പാടും അത്തരം അനേകം കഥാസാഗരങ്ങളുണ്ട്. അവയിലെല്ലാമുള്ള പലതരം മനോഹരസങ്കല്പങ്ങളും കൊണ്ടാടിയും പല വിശ്വാസങ്ങളും കൊണ്ട് ജീവിതചര്യയെ ക്രമപ്പെടുത്തിയും ലോകമെമ്പാടും അനേകം മനുഷ്യർ ജീവിച്ചു പോവുന്നുമുണ്ട്. അതിലുമധികം വിശ്വാസമില്ലാത്തവരും ലോകത്തുണ്ട്. നിരീശ്വരവാദിയായ ചാർവാകനും ജീവിച്ചത് പ്രാചീനഭാരതത്തിലാണ്.
കഥാപുരുഷനായ വിനായകനെക്കുറിച്ച്, ആ സങ്കല്പത്തെക്കുറിച്ച്, ആ ആരാധനാസമ്പ്രദായത്തെക്കുറിച്ച്, അതിന്റെ ഉല്പത്തിയെക്കുറിച്ച്, ഇതിലും ബൃഹത്തും വിശ്വാസയോഗ്യവുമായ നിഗമനങ്ങളും പഠനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും സുകുമാരൻ നായർക്കോ അദ്ദേഹത്തിന്റെ ഇലമുറിക്കാര്യസ്ഥന്മാർക്കോ മനസ്സിലായിക്കൊള്ളണമെന്നില്ല എന്നതു കൊണ്ട് ഉദ്ധരിക്കുന്നില്ല. ഇപ്പോഴത്തെ പ്രശ്നം വിശ്വാസഹാനിയാണല്ലോ.
നേരത്തെ പറഞ്ഞ ജനപ്രിയ ഹൈന്ദവപുരാണകഥയനുസരിച്ച് ഗണപതിക്ക് ആനത്തലയുണ്ടായത് ഹൈന്ദവസങ്കല്പങ്ങളിലെ സൃഷ്ടിസ്ഥിതിസംഹാരമൂർത്തികളായ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർ ചേർന്ന് ചെയ്ത ഏർപ്പാടാണ്. രസകരവും മനോഹരവുമായ ആ സങ്കല്പമാണ് വിനായകഭക്തരുടെ വിശ്വാസം. ആ വിശ്വാസത്തിന്റെ മനോഹാരിതയെ കളങ്കപ്പെടുത്തിയതും ഹനിച്ചതും ആരാണ്? അതിനെ ശാസ്ത്രവുമായി കൂട്ടിക്കെട്ടി വികൃതമാക്കിയത് ആരാണ്?
അത് 2014 ഒക്ടോബറിൽ മുംബൈയിലെ ഡോക്ടർമാരുടെ ഒരു സമ്മേളനത്തിൽ “ ഞങ്ങൾ ഗണപതിയെ ആരാധിക്കുന്നു. ആനയുടെ തല മനുഷ്യശരീരത്തിൽ പിടിപ്പിച്ച് പ്ലാസ്റ്റിക് സർജറി ചെയ്യാൻ കഴിവുള്ള ഏതെങ്കിലും പ്ലാസ്റ്റിക് സർജൻ അക്കാലത്ത് ഉണ്ടായിരിക്കണം” എന്ന് പ്രസ്താവിച്ച നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന മനുഷ്യനാണ്. ബ്രഹ്മ-വിഷ്ണു-മഹേശ്വരസങ്കല്പത്തെ പ്ലാസ്റ്റിക് സർജന്മാർ എന്ന് പരാമർശിച്ച് ആ വിശ്വാസഹത്യ നടത്തിയത് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാളാണ്.
പെരുന്നയിലെ മൂത്തനായർക്ക് ഉശിരുണ്ടോ അക്കാര്യം എണീച്ചുനിന്ന് പറയാൻ ? നരേന്ദ്രമോദിയോടോ അദ്ദേഹത്തിന്റെ കേരളത്തിലെ ശിങ്കിടിമാരോടോ അക്കാര്യം ചോദിച്ച് സംശയനിവർത്തി വരുത്താൻ മുട്ടു വിറക്കുമോ?
പ്ലാസ്റ്റിക് സർജറിയും ടെസ്റ്റ്യൂബ് ശിശുവും ജംബോ ജെറ്റ് വിമാനവുമൊക്കെ പുരാണത്തിൽ ഉണ്ടെന്ന് അഭിമാനിച്ച് വിജൃംഭിതരാകുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ. നാമജപക്കാരോടും കുലസ്ത്രീകളോടും ഉൾപ്പെടെ. കഴിഞ്ഞ ഇലക്ഷനിൽ ശബരിമലയായിരുന്നല്ലോ കത്തുന്ന വിഷയം. അയ്യപ്പന്റെ ജന്മകഥയും ഒരു വിശ്വാസമാണല്ലോ. മോഹിനീരൂപമെടുത്ത മഹാവിഷ്ണുവിൽ മഹേശ്വരനുണ്ടായ പുത്രൻ. അയ്യപ്പസ്വാമിക്ക് ഒരു വിധത്തിലും വിരോധമുണ്ടാവാനിടയില്ലാത്ത ഒരു കാര്യമാണ് ആവശ്യപ്പെടാനുള്ളത്. ലോകത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ദമ്പതിമാർ ഹരിഹരന്മാരാണ് എന്ന് പ്രസ്താവിക്കാമോ? ആദ്യത്തെ ട്രാൻസ് ജെൻഡർ ദമ്പതിമാരുടെ മകനാണ് ശ്രീധർമ്മശാസ്താവെന്നും? ലോകത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് ദ്രുപദപുത്രിയായ ശിഖണ്ഡിനിക്കാണെന്നും ആദ്യത്തെ ക്വിയർ ക്വീൻ അജ്ഞാതവാസകാലത്ത് വിരാടസദസ്സിൽ ബൃഹന്നളയായി വേഷം കെട്ടിയ അർജുനനാണെന്നും പറയാമോ? അങ്ങനെ ചുരുങ്ങിയത് അവഗണനയും അധിക്ഷേപവും നേരിടുന്ന കേരളത്തിലെ ഭിന്നലിംഗത്തിൽപ്പെട്ട അനേകം മനുഷ്യരെ ഒന്ന് ചേർത്തുപിടിക്കുകയെങ്കിലും ചെയ്യാമോ? ആ പുണ്യമെങ്കിലും നിങ്ങൾക്ക് കിട്ടും. ഒരു പത്രസമ്മേളനം വിളിച്ച് ഇക്കാര്യം പറയാനുള്ള ഉശിരുണ്ടോ സുകുമാരൻ നായർക്ക്?
എം.ടി.വാസുദേവൻ നായർ എന്നൊരു നായരുണ്ട്. പള്ളിവാളും കാൽച്ചിലമ്പും എന്ന സ്വന്തം കഥ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അര നൂറ്റാണ്ട് മുമ്പ് 1973ൽ നിർമ്മാല്യം എന്ന സിനിമയെടുത്തു. അതിന് ആ വർഷത്തെ ഏറ്റവും നല്ല സിനിമക്കുള്ള ഭാരതസർക്കാരിന്റെ പുരസ്കാരം കിട്ടി. ആ സിനിമയുടെ അവസാനത്തിൽ പി.ജെ.ആന്റണി എന്ന നടൻ വെളിച്ചപ്പാടിന്റെ വേഷം കെട്ടി ഭഗവതിയുടെ വിഗ്രഹത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന ഒരു രംഗമുണ്ട്. ഇന്നാണെങ്കിൽ സിനിമ നിരോധിക്കണമെന്നോ ആ രംഗം മുറിച്ചു കളയണമെന്നോ ബഹളമായേനെ. ഒപ്പം ആന്റണി ശ്രീകോവിലിൽ കയറിയത് ശരിയായില്ല അടൂർ ഭാസിയെയോ മറ്റോ വെച്ച് മാറ്റി ചെയ്യണമെന്നും പറഞ്ഞേനെ. എന്തായാലും ആ വർഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയത് ആ ആന്റണിക്കാണ്. മുൻ കാലപ്രാബല്യത്തോടെ അതിൽ പ്രതിഷേധിക്കാനുള്ള ഒരു അവസരമുണ്ടായിരുന്നു സുകുമാരൻ നായർക്ക്. എം.ടിയുടെ നവതി ആഘോഷമായിരുന്നു. മലയാളികളുടെ വിശ്വാസത്തിന്റെ മുഖത്ത് ആന്റണിയെക്കൊണ്ട് തുപ്പിച്ച എം.ടിയുടെ നവതി ആഘോഷം ബഹിഷ്കരിക്കുക എന്ന് ആഹ്വാനം ചെയ്യാമായിരുന്നു. ഉശിരുണ്ടാവുമായിരുന്നോ നായരേ?
പി.ടി.ഭാസ്കരപ്പണിക്കർ എന്നൊരു പണിക്കരുണ്ടായിരുന്നു. രേഖപ്രകാരം നായർ തന്നെ. സാമൂതിരിപ്പാടിന്റെ പടനായകനായിരുന്ന ധർമോത്ത് പണിക്കരുടെ കുടുംബക്കാരനാണ്. ബാലറ്റ് പേപ്പറിലൂടെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ പ്രസിഡണ്ടായ കമ്യൂണിസ്റ്റുകാരനാണ്. പള്ളിക്കാർക്കും പട്ടക്കാർക്കും നായന്മാർക്കും വിരോധമുണ്ടാക്കിയ ഐക്യകേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ വിപ്ലവകരമായ വിദ്യാഭ്യാസബില്ലിന്റെ പിറകിൽ മുണ്ടശ്ശേരിമാഷ്ക്കൊപ്പം നിന്നു പ്രവർത്തിച്ചവരിൽ ഒരാൾ. ശാസ്ത്രം അദ്ധ്വാനം, ശാസ്ത്രം ജനനന്മക്ക് എന്ന് ഗ്രാമാന്തരങ്ങളിലൂടെ പാട്ടു പാടിയും നാടകം കളിച്ചും പ്രചരിപ്പിച്ച് ശാസ്ത്രീയവീക്ഷണങ്ങൾക്ക് ജനകീയപ്രചാരം നൽകിയ കേരള ശാസ്ത്രസാഹിത്യപരിഷത്ത് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ. കെ.ഭാസ്കരൻ നായർ എന്ന മറ്റൊരു നായരോടൊപ്പം ശാസ്ത്രസാഹിത്യം എന്ന ശാഖയെ വികസിപ്പിച്ചെടുത്ത് നൂറിലധികം പുസ്തകങ്ങൾ കുട്ടികളടക്കമുള്ളവർക്കു വേണ്ടി എഴുതിയ ഗ്രന്ഥകാരൻ. സംഘാടകൻ, പ്രസാധകൻ.
അദ്ദേഹത്തെപ്പോലെയുള്ളവർ കാണിച്ച വഴികളിലൂടെ പഠിച്ചുവളർന്ന് വിദ്യാഭ്യാസം നേടിയവരുടേതാണ് ഇപ്പോൾ മദ്ധ്യവയസ്കരായ ഞങ്ങളുടെ തലമുറ. ഭരണഘടനയുടെ 51 എ വകുപ്പിൽ അനുശാസിക്കുന്ന പ്രകാരം “ശാസ്ത്രവികാസം, മാനവപുരോഗതി, മാനവികത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക” എന്ന പൗരന്റെ കർത്തവ്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. ആ കർത്തവ്യത്തിന് വിഘാതമായി നിൽക്കുന്നവരെ ചെറുത്തുതോൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ മക്കളുടെ തലമുറക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുക എന്നതും.
പുതിയ തലമുറയിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. അവർ ഞങ്ങളേക്കാൾ വിശകലനയുക്തിയും വിവേചനബുദ്ധിയും ഉള്ളവരാണ്. കേരളത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്നതിൽ നിർണായകശക്തിയുമാണ്. അവരുടെ ശാസ്ത്രീയബോധത്തേയും അറിവിനേയും വെല്ലുവിളിക്കാൻ നിങ്ങൾക്ക് ഉശിരുണ്ടോ നായരേ?