എൻ.എസ്. മാധവൻ / Photo: Wikimedia Commons

‘ചീഫ് മിനിസ്റ്റീരിയൽ ഭരണം ഇടതുപക്ഷത്തിന്റെ രീതിയായിരുന്നില്ല’

പിണറായി വിജയനോട് എൻ.എസ്. മാധവൻ

ലോകത്തിൽ എവിടെയെല്ലാം ശക്തന്മാരും മൂഢന്മാരുമായ ഭരണാധികാരികളുണ്ടായിരുന്നുവോ അവിടെയെല്ലാം കോവിഡ് ഒരു വലിയ പ്രശ്‌നമായിരുന്നു. അതിന് വലിയൊരു ഉദാഹരണമാണ് അമേരിക്കയിലെ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഈ കാറ്റഗറിയിൽ പെടുന്ന ഭരണാധികാരിയാണ് മോദിയും

എൻ. ഇ. സുധീർ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രധാന ലോക മാധ്യമങ്ങളൊക്കെ അമ്പരപ്പോടെയാണ് ഇന്ത്യനവസ്ഥയെ നോക്കിക്കാണുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരിക്കുന്നു. രണ്ടാം തരംഗത്തെ മുൻകൂട്ടി കണ്ട് ദിർഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി ഗവൺമെന്റ് പരാജയപ്പെട്ടു എന്നതിൽ സംശയമില്ല. എന്റെ ചോദ്യം, ഇത് മോദി - ഷാ ടീം ബോധപൂർവ്വം അലംഭാവം കാണിച്ചതാണോ എന്നാണ്? അവർക്കെതിരായ ജനകീയ മുന്നേറ്റങ്ങളെ മാറ്റിനിർത്താനും പാർലമെന്റിന്റെ സാധാരണ പ്രവർത്തനങ്ങളെ മരവിപ്പിച്ചുനിർത്താനും കോവിഡ് പ്രതിസന്ധിയെ മിസ്മാനേജ്‌ ചെയ്ത് ഭീതിയുടെതായ ഒരന്തരീക്ഷം നിർമിച്ചെടുത്തതാണോ? ഇങ്ങനെ സംശയിക്കാനുള്ള കാരണം, ഏറെ പ്രകീർത്തിക്കപ്പെട്ട അവരുടെ ഭരണശേഷിയെപ്പറ്റിയുള്ള ധാരണകളാണ്. ഒന്നുകിൽ അതൊരു വ്യാജ നിർമിതിയായിരുന്നു. അല്ലെങ്കിൽ ഈ ദുരവസ്ഥ ബോധപൂർവം കണ്ണടച്ചുണ്ടാക്കിയതാണ്. കോവിഡ് കാലത്തെ ഇന്ത്യൻ ഭരണകൂടത്തെ ഒന്നു വിശകലന വിധേയമാക്കാമോ?

എൻ.എസ്. മാധവൻ: ഇന്ന് ഇന്ത്യ നേരിടുന്ന അവസ്ഥ ഒരു പക്ഷേ അനിവാര്യമാണ്. ലോകത്തിൽ എവിടെയെല്ലാം ശക്തന്മാരും മൂഢന്മാരുമായ ഭരണാധികാരികളുണ്ടായിരുന്നുവോ അവിടെയെല്ലാം കോവിഡ് ഒരു വലിയ പ്രശ്‌നമായിരുന്നു. അതിന് വലിയൊരു ഉദാഹരണമാണ് അമേരിക്കയിലെ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. മറ്റൊരുദാഹരണമാണ് ബ്രസീലിലെ ബോൾസനാരോ. അങ്ങനെ നോക്കുമ്പോൾ നമ്മൾക്കിത് അനിവാര്യമായിരുന്നു. ഈ കാറ്റഗറിയിൽ പെടുന്ന ഭരണാധികാരിയാണ് മോദിയും. ഇത്തരക്കാർക്ക് ജനങ്ങളുടെ താൽപര്യത്തേക്കാൾ കൂടുതൽ സ്വന്തം താൽപര്യങ്ങളാണ് പ്രധാനം. ഇത്തരമൊരു മഹാമാരിയെ അവർ എപ്പോഴും നേരിടാൻ ശ്രമിക്കുക കപടവാർത്തയിൽ കൂടിയായിരിക്കും. "Infodemic' ൽ കൂടി. ഇൻഫോഡെമിക് എന്നാൽ കപടവാർത്തകളുടെ ഒരു മഹാമാരി. ട്രംപ് എന്തെല്ലാം കള്ളങ്ങൾ പറഞ്ഞു എന്നോർത്തു നോക്കുക. ബോൾസനാരോ കോവിഡിനെ തീരെ അവഗണിച്ചു.

ഗാസിപൂരിലെ സെമിത്തേരിയിൽ നിന്ന്. ഇവിടെ രണ്ടിടങ്ങളിലായി നാൽപതോളം മൃതദേഹങ്ങളാണ് ഒരേസമയം ദഹിപ്പിക്കുന്നത്. / Photo: Hemant Rajaura, Twitter
ഗാസിപൂരിലെ സെമിത്തേരിയിൽ നിന്ന്. ഇവിടെ രണ്ടിടങ്ങളിലായി നാൽപതോളം മൃതദേഹങ്ങളാണ് ഒരേസമയം ദഹിപ്പിക്കുന്നത്. / Photo: Hemant Rajaura, Twitter

ഇതൊരു ബയോ വെപ്പൺ ആണെന്നു പോലും പറഞ്ഞു. ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. ഇന്ത്യയിൽ തന്നെ 21 ദിവസത്തിനകം ഇതിനെ പിടിച്ചുകെട്ടും എന്നുവരെ മോദി പറഞ്ഞു. പാട്ടകൊട്ടുക, വിളക്കു കത്തിക്കുക തുടങ്ങിയ അശാസ്ത്രീയ നിലപാടുകളിൽ കൂടിയാണ് ഇതിനെ നേരിടാൻ ശ്രമിച്ചത്. എനിക്കു തോന്നുന്നത് ജനാധിപത്യവിരുദ്ധരും ഫാസിസ്റ്റ് മനോഗതിയുള്ളതുമായ ഭരണാധികാരികൾ എവിടെയെല്ലാം ഭരിക്കുന്നുവോ അവിടെയെല്ലാം കോവിഡിന് ഇത്തരത്തിൽ മാരകമായ വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ്. അതൊരു ചരിത്രപരമായ സത്യമായിട്ടാണ് ഇപ്പോൾ തെളിയിക്കപ്പെടുന്നത്. ഇവിടെ മോദിയും ടീമും ഇതിനെ നേരിടുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയോ എന്നു ചോദിച്ചാൽ അതിനുള്ള ഭാവന പോലും അവർക്കില്ല എന്നതാണ് യാഥാർത്ഥ്യം. തീർച്ചയായിട്ടും അവരിതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കും. പക്ഷേ, അങ്ങനെ നേരിടാനുള്ള കഴിവും അവർക്കില്ല. ഇവർ വെറും നാഭിദൃക്കുകളാണ്. ഇവർക്ക് ഇവരുടെ സ്വന്തം നാഭിയ്ക്കപ്പുറത്ത് ഒരു ലോകമുള്ളതായി തോന്നുന്നില്ല. ഇത്രയും വലിയ മഹാമാരി നടക്കുമ്പോൾ മോദി 10,000 കോടി രൂപ ചെലവാക്കി സെൻട്രൽ വിസ്ത പണിത് സ്വന്തം മഹത്വം ഭാവി തലമുറക്കായി അവശേഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. സത്യം പറഞ്ഞാൽ മനുഷ്യസ്‌നേഹമില്ലാത്ത ഒരുകൂട്ടം ഭരണാധികാരികളാണ് നമുക്കുള്ളത്. അത്തരക്കാർ ഭരിക്കുന്ന എല്ലായിടത്തും കോവിഡ് ഇത്തരത്തിൽ രൂക്ഷമായിട്ടുണ്ട്.

ഇവരെന്തെല്ലാം തെറ്റു ചെയ്താലും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു. ഒരു രണ്ടു ഡോസ് വർഗീയത കൂടുതൽ പറഞ്ഞാൽ എല്ലാ തെറ്റും മറന്ന് ജനം കൂടുതൽ വോട്ടു ചെയ്യും എന്ന ആത്മവിശ്വാസത്തിലാണ് ഇവർ എന്തും ചെയ്യാൻ മടിക്കാത്തത്.

ഇതോടൊപ്പം സംഭവിച്ച മറ്റൊരു ദുരന്തമാണ് നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും തകർച്ച. വൈകിയാണെങ്കിലും സുപ്രീംകോടതി കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡ് ഒക്കെ സംസാരിച്ചത് വളരെ രൂക്ഷമായ ഭാഷയിലാണ്. നമ്മുടെ ആരോഗ്യ സംവിധാനം, ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട അവശ്യസാധനങ്ങളുടെ ലോജിസ്റ്റിക്‌സ് ഒക്കെ തകരാറിലാണ്. ഇതൊക്കെ കൂടിയാണ് നമ്മുടെ കോവിഡ് ദുരന്തത്തെ കൂടുതൽ ഭീകരമാക്കിയത്. ഇതേക്കുറിച്ച് എന്തുപറയുന്നു?

സത്യം പറഞ്ഞാൽ, നേരത്തെ പറഞ്ഞ ഏകാധിപത്യ പ്രവണതയുള്ള ആളുകൾ ഭരിക്കുന്ന സ്ഥലത്തെല്ലാം ഇതും സംഭവിച്ചിട്ടുണ്ട്. അമേരിക്കയിൽ ശാസ്ത്രീയമായി കോവിഡ് പ്രതിസന്ധിയെ നയിച്ചിരുന്ന ഡോ. ഫൗച്ചിയെ തികച്ചും അവഗണിച്ചാണ് ട്രംപ് സ്വന്തം സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിച്ചത്. ഇന്ത്യയിൽ തന്നെ ഐ.സി.എം.ആറിലൊക്കെയുള്ള ഡോക്ടർമാർ മോശക്കാരല്ല. പക്ഷേ, അവരെക്കൊണ്ട് ഇതിനോടൊപ്പം ഗായത്രി മന്ത്രം ചൊല്ലിക്കുന്നത് ശ്രദ്ധതെറ്റിക്കാൻ വേണ്ടിയാണ്. കോവിഡിന്റെ പ്രഭാവം തുടങ്ങിയ കാലം തൊട്ട് ഇത് തുടങ്ങിയിരുന്നു. സത്യം പറഞ്ഞാൽ ഇവർക്ക് ശാസ്ത്രത്തിനോടോ അതുപോലുള്ള കാര്യങ്ങളോടോ യാതൊരു പരിഗണനയുമില്ല. അതിന്റെ യഥാർത്ഥ കാരണം ജനങ്ങളോടുള്ള അവജ്ഞയാണ്. ഇത് രണ്ടു കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. ഏതു രീതിയിലും വളരെ പെട്ടന്ന് ജനങ്ങളെ സ്വായത്തമാക്കം എന്നൊരു തോന്നലിവർക്കുണ്ട്. ഈ തോന്നൽ പഴയകാല ചരിത്രം പരിശോധിക്കുകയാണെങ്കിൽ ശരിയുമാണ്. കാരണം അവർ പലപ്പോഴും തെരഞ്ഞെടുപ്പുകൾ ജയിച്ചു വരുന്നുണ്ട്. ഇത് ജനാധിപത്യത്തിന്റെ തന്നെ ഒരു പ്രശ്‌നമാണ്. ഇവരെന്തെല്ലാം തെറ്റു ചെയ്താലും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു. ഒരു രണ്ടു ഡോസ് വർഗീയത കൂടുതൽ പറഞ്ഞാൽ എല്ലാ തെറ്റും മറന്ന് ജനം കൂടുതൽ വോട്ടു ചെയ്യും എന്ന ആത്മവിശ്വാസത്തിലാണ് ഇവർ എന്തും ചെയ്യാൻ മടിക്കാത്തത്. അതിന്റെ ഫലമാണ് നമ്മളിപ്പോൾ അനുഭവിക്കുന്നത്. സുപ്രീംകോടതി പോലും സുധീർ സൂചിപ്പിച്ചതു പോലെ വളരെ അടുത്ത കാലത്താണ് ആക്ടീവാകാൻ തുടങ്ങിയത്. രണ്ടാമത്, സംസ്ഥാനങ്ങളുടെ കാര്യം. ആരോഗ്യം സംസ്ഥാന വിഷയമാണ്. എന്നാൽ സംസ്ഥാനങ്ങളെ പ്രവർത്തിക്കാൻ ഇവർ അനുവദിക്കുന്നുമില്ല.

ഇന്ത്യയിൽ നിന്നുള്ള വാക്‌സിനുകൾ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തിന് ഇന്ത്യൻ സ്ഥാനപതി നന്ദിനി സിംഗ്ല കൈമാറുന്നു. Photo: MEA
ഇന്ത്യയിൽ നിന്നുള്ള വാക്‌സിനുകൾ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തിന് ഇന്ത്യൻ സ്ഥാനപതി നന്ദിനി സിംഗ്ല കൈമാറുന്നു. Photo: MEA

മൂന്നാമത്തെ കാരണം; ഇപ്പോൾ നമ്മൾ നേരിടുന്ന വാക്‌സിൻ ക്രൈസിസ് നോക്കുക. അതിന്റെ കാരണം വിചിത്രമാണ്. ഇതുവരെ മോദിയുടെ ഭരണം നടത്തിയ ന്യൂനപക്ഷ വിരോധം, പൗരത്വ ബിൽ തുടങ്ങിയ മനുഷ്യാവകാശ വിരുദ്ധ നടപടികൾ ലോകരാഷ്ടങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തിട്ടുണ്ട്. ഈ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് ഇന്ത്യയിൽ ഉൽപാദിപ്പിച്ച വാക്‌സിൻ ഏതാണ്ട് 94 രാജ്യങ്ങൾക്ക് ആദ്യം തന്നെ വിതരണം ചെയ്തു. അതിന്റെ ഫലമായിട്ടാണ് ഇപ്പോൾ ഇന്ത്യയിൽ ആദ്യ ഡോസെടുത്തവർക്കുപോലും രണ്ടാം ഡോസ് കൊടുക്കാൻ വാക്‌സിൻ ഇല്ലാത്തത്. ലോകരാജ്യങ്ങൾക്കിടയിൽ ഫാസിസമൊന്നും കയ്യടിച്ച് അംഗീകരിക്കാൻ തയ്യാറല്ല. ഇവിടെ നടത്തിക്കൊണ്ടിരുന്ന ചെയ്തികൾ ലോകരാഷ്ട്രങ്ങൾക്കു മുന്നിലുണ്ടാക്കിയേക്കാവുന്ന പ്രതിച്ഛായക്കുറവിനെ വാക്‌സിൻ നൽകി തിരിച്ചുപിടിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. അതിന്റെ ഫലമായാണ് ഇവിടത്തെ വാക്‌സിൻ പ്രതിസന്ധി വർധിച്ചത്. ഇങ്ങനെയൊരു വിഷ്യസ് സർക്കിളിൽ (Vicious circle) കിടന്ന് നമ്മൾ കറങ്ങുകയാണെന്നാണ് എനിക്കു തോന്നുന്നത്.

കോവിഡ് അവസാനിച്ചാലും അടുത്ത തരംഗം വരുന്നുണ്ടെന്ന് പേടിപ്പിച്ച് പിന്നെയും നിയന്ത്രണം തുടരാൻ ശ്രമിക്കും. തീർച്ചയായും ഷാഹിൻ ബാഗിലും ഡൽഹി അതിർത്തിയിലും കത്തിപ്പടരുന്ന പ്രക്ഷോഭങ്ങളെ സർക്കാരിന് നേരിടാൻ സാധിച്ചത് ഈ രോഗത്തിന്റെയും അതിന്റെ നിയന്ത്രണത്തിന്റെയും പേരിലാണ്.

രണ്ടു തരം അജണ്ടകൾ ഇവർക്കുണ്ട് എന്നാണ് കാണേണ്ടത്. ഒന്ന്, ഇന്ത്യയ്ക്കകത്ത് അവരുടെ സ്വാധീനം ഉറപ്പിക്കാനും രാഷ്ട്രീയ വിജയം ഉറപ്പിക്കാനും അവരുടെ വർഗീയത വളർത്താനുമുള്ള അജണ്ട. അതുപോലെ തന്നെ ലോകത്തിനുമുന്നിൽ അവർക്ക് നഷ്ടപ്പെട്ടുപോവുന്ന അവരുടെ സ്വാധീനം, പ്രത്യേകിച്ചും മോദിയുടെ വ്യക്തിപ്രഭാവത്തിനുണ്ടായിരിക്കുന്ന കുറവ് എന്നീ ഭയത്തിൽ ഇങ്ങനെയൊരു വാക്‌സിൻ തന്ത്രമുപയോഗിക്കുക എന്ന അജണ്ടയും. ഈ ദുരന്തമുഖത്തെ ഉപയോഗിച്ച് ഒരു അന്തരാഷ്ട്ര അജണ്ടകൂടി നടപ്പിലാക്കാൻ ശ്രമിച്ചുനോക്കി. ഇങ്ങനെയൊക്കെ വിചിത്രമായി ചിന്തിയ്ക്കുന്ന ഒരു ഭരണാധികാരിയെയാണ് ഈ സമയത്ത് നമ്മൾക്ക് കിട്ടിയത് എന്നുവേണം മനസ്സിലാക്കാൻ. ഒരേസമയം രണ്ടു ദുരന്തങ്ങൾ രാജ്യത്തിന്റെ മുന്നിലുണ്ട്. മഹാമാരിയും, മഹാമാരിയിൽ നിന്ന് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ഒരു ഭരണാധികാരിയും. ഇതേക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ ഈയൊരവസ്ഥയിൽ മറ്റൊരു ഗവൺമെന്റായിരുന്നെങ്കിൽ എന്ന ഒരു ആലോചന, സാങ്കൽപികമാണെങ്കിലും നടത്തിയിട്ടുണ്ടോ?

വെറെ ഏത് ഗവൺമെന്റായാലും ഇങ്ങനെയാവുമായിരുന്നില്ല കാര്യങ്ങളെ കാണുക. ഇപ്പോൾ അമേരിക്കയുടെ കാര്യം നോക്കുക. വലിയ ജനാധിപത്യ രാജ്യമാണ്. അവരും ഇന്ത്യയിലേക്ക് വാക്‌സിന്റെ അസംസ്‌കൃത വസ്തുക്കൾ ആദ്യം തരാൻ വിസമ്മതിച്ചു. അതിനവർ പറഞ്ഞ കാരണം - "അമേരിക്ക ഫസ്റ്റ്' എന്ന നയമാണ്. ആദ്യം അമേരിക്കയുടെ കാര്യം നോക്കട്ടെ എന്ന്. ഇന്ത്യയിൽ വേറൊരു ഭരണകൂടമായിരുന്നുവെങ്കിൽ, ഒരു ജനപക്ഷ ഭരണകൂടമായിരുന്നെങ്കിൽ ഈ കാര്യത്തിൽ ഇത്ര ദയാവായ്പ് മറ്റു രാജ്യങ്ങളോട് കാണിക്കുകയില്ലായിരുന്നു. അവർ സ്വന്തം ആവശ്യം കഴിഞ്ഞ് നീക്കിയിരിപ്പുള്ള കാര്യങ്ങളേ സാധാരണയായി മറ്റുള്ളവർക്കായി കയറ്റുമതി ചെയ്യുമായിരുന്നുള്ളൂ.

ബംഗാൾ ക്ഷാമകാലത്ത് കൽക്കത്തയിലെ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് 1943 ആഗസ്റ്റ് 22ന് ദ സ്‌റ്റേറ്റ്‌സ്മാൻ പത്രം പ്രസിദ്ധീകരിച്ച ഫോട്ടോ.
ബംഗാൾ ക്ഷാമകാലത്ത് കൽക്കത്തയിലെ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് 1943 ആഗസ്റ്റ് 22ന് ദ സ്‌റ്റേറ്റ്‌സ്മാൻ പത്രം പ്രസിദ്ധീകരിച്ച ഫോട്ടോ.

സത്യം പറഞ്ഞാൽ സമാന ചരിത്ര സംഭവം ബംഗാൾ ക്ഷാമമാണ്. ഇന്ത്യയിൽ വളരെയധികം ഭക്ഷ്യധാന്യങ്ങൾ അക്കാലത്തുണ്ടായിരുന്നു. അന്നത്തെ ബ്രട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റന്റ് ചർച്ചിൽ ഈ ഭക്ഷ്യധാന്യങ്ങൾ, ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറ്റിടങ്ങളിലേക്ക് മാറ്റിയതുകൊണ്ടാണ് ബംഗാളിലെ കോടിക്കണക്കിന് ആളുകൾക്ക് പട്ടിണി കിടന്ന് മരിച്ചു വീഴേണ്ടിവന്നത്. ആ ഒരു നടപടിക്ക് തതുല്യമാണ് ഇവിടെനിന്ന് 6. 6 കോടി വാക്‌സിനുകൾ കയറ്റുമതി ചെയ്ത നടപടി. ഇത് നേരത്തെ സൂചിപ്പിച്ച പ്രതിച്ഛായ വീണ്ടെടുക്കാൻ നടത്തിയ വാക്‌സിൻ മൈത്രിയ്ക്കു വേണ്ടി ചെയ്തതാണ്.

അതുപോലെ ഈ മഹാമാരിക്കാലത്തെ, ഭരണവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഒരവസരമായി ഭരണകൂടം കണ്ടു എന്നും തോന്നുന്നില്ലേ?

തീർച്ചയായും അങ്ങനെയും കാണാവുന്നതാണ്. യുവാൽ നോവാ ഹരാരിയുടെ ഒരു ഇന്റർവ്യു ഇടയ്ക്ക് വായിക്കുകയുണ്ടായി. അദ്ദേഹം പറയുന്നത്, കോവിഡ് നിയന്ത്രണങ്ങളെ ഭരണാധികാരികൾ സ്വന്തം രാജ്യത്തുള്ള പ്രതിഷേധങ്ങൾക്കെതിരായി ഉപയോഗിക്കും എന്നാണ്. ഒരു പടി കടന്ന് ഹരാരി പായുന്നുണ്ട്; അതായത് കോവിഡ് അവസാനിച്ചാലും അടുത്ത തരംഗം വരുന്നുണ്ടെന്ന് പേടിപ്പിച്ച് പിന്നെയും നിയന്ത്രണം തുടരാൻ പലരും ശ്രമിക്കും എന്നാണ്. തീർച്ചയായും ഷാഹിൻ ബാഗിലും ഡൽഹി അതിർത്തിയിലും കത്തിപ്പടരുന്ന പ്രക്ഷോഭങ്ങളെ സർക്കാരിന് നേരിടാൻ സാധിച്ചത് ഈ രോഗത്തിന്റെയും അതിന്റെ നിയന്ത്രണത്തിന്റെയും പേരിലാണ്. ഇത് നല്ല ആയുധമാണ്. ഈ ആയുധം കിട്ടിയതിൽ അവർ വളരെ സന്തുഷ്ടരാണ്. ഇതുവളരെ ഹ്രസ്വകാല കാഴ്ചപ്പാടാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധം. 2020 ജനുവരി 11ലെ ചിത്രം
പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധം. 2020 ജനുവരി 11ലെ ചിത്രം

ഇന്ന് അമേരിക്കൻ സെനറ്റിലെ ഇന്ത്യൻ കോർപസ്, ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടം സെനറ്റർമാർ, പറയുന്നത് അടുത്തുതന്നെ ഇന്ത്യയിലെ തെരുവുകളിൽ ആളുകൾ കൂട്ടമായി മരിച്ചു വീഴും എന്നും അതുകൊണ്ട് ഇന്ത്യക്ക് അടിയന്തരമായി വേണ്ട സഹായം എത്തിക്കണം എന്നുമാണ്. ഇതിന്റെ മാനുഷികവശം അല്ലെങ്കിൽ ആരോഗ്യവശം അവഗണിക്കാൻ കഴിയുന്നതുകൊണ്ടാണ് ഇതിനെ ഒരു ലാത്തി പോലെയോ, അല്ലെങ്കിൽ ഒരു ടിയർഗ്യാസ് പോലെയോ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഒരു ആയുധമായി ഈ ഭരണാധികാരികൾക്ക് കാണാൻ സാധിച്ചത്.

ബിഹാറിലെയും യു.പിയിലേയും പല ഭാഗത്തും ഇന്റർനെറ്റു പോലുമില്ല. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഡിജിറ്റൽ ആപ്പ്​ ഉപയോഗിച്ചുള്ള വാക്​സിനേഷൻ സ്ടാറ്റജി തീർത്തും ജനവിരുദ്ധമാണ്.

ഇന്ത്യയെ ലോകരാഷ്ട്രങ്ങൾ ഇപ്പോൾ സഹായിക്കുന്നതു പോലും മോദി പ്രഭാവം കൊണ്ടാണെന്നു വരുത്തിത്തിർക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അതിൽപ്പോലും ഒരു തെറ്റായ വ്യാഖ്യാനം പ്രചരിപ്പിക്കുകയാണ്. അത് ശ്രദ്ധിച്ചിട്ടില്ലേ? സത്യത്തിൽ ഇന്ത്യയുടെ അവസ്ഥയെ ഓർത്തുള്ള ഭയമല്ലേ അവരെ ഇങ്ങനെ സഹായഹസ്തവുമായി മുന്നോട്ടു വരാൻ പ്രേരിപ്പിക്കുന്നത്?

അതെ. അല്ലാതെ മോദി പ്രഭാവവുമായി അതിനു യാതൊരു ബന്ധവുമില്ല. ഇംഗ്ലീഷിൽ വരുന്ന മാധ്യമങ്ങളിൽ, വാഷിങ്ങ്ടൺ പോസ്റ്റായാലും ഗാർഡിയനായാലും ന്യൂയോർക്ക് ടൈംസായാലും എല്ലാവരും ഒരു പോലെ വ്യക്തമായി പറയുന്ന കാര്യം, ഇന്ത്യ ഈ ദുർദശയിലെത്താനുള്ള കാരണം മോദിയാണെന്നാണ്. ഒരു പക്ഷേ 2020 - 21 ലെ, കോവിഡ് കാലത്തെ ഏറ്റവും ഭീകരമായ ദൃശ്യം ഇന്ത്യയിൽ നിരയായി കത്തുന്ന ചിതകളുടെ ചിത്രമാണ്. ആ ചിത്രമാണ് അന്തരാഷട്ര മാധ്യമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ലോകം ഇതൊക്കെ കൃത്യമായി വീക്ഷിക്കുന്നുണ്ട്.

ഇതോടൊപ്പം കാണുന്ന മറ്റൊരു കാര്യം, ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതാണ്. ആരോഗ്യം സംസ്ഥാനങ്ങളുടെ വിഷയമാണെന്ന് പറഞ്ഞൊഴിയേണ്ട സമയമാണോ ഇത്? ഒരു ദേശീയ ദുരന്ത സമയത്താണ് ഇത്തരമൊരു നിലപാടിലൂടെ രക്ഷനേടാൻ ഒരു രാജ്യഭരണകൂടം ശ്രമിക്കുന്നത്.

അഡാർ പൂനവാല
അഡാർ പൂനവാല

കോവിഡ് പ്രതിസന്ധി കൈവിട്ടു പോകുന്ന സ്ഥിതിയിലാണ് വാക്‌സിൻ അമ്പതു ശതമാനം സംസ്ഥാനങ്ങൾക്ക് മാറ്റിവെക്കാമെന്നും അമ്പതു ശതമാനം ഞങ്ങൾ സൗജന്യമായി തരുമെന്നും കേന്ദ്ര ഗവൺമെന്റ് പറഞ്ഞത്. വാക്‌സിന്റെ ചുമതല മുഴുവൻ ഒരു രാത്രി കൊണ്ട് സംസ്ഥാനങ്ങളുടെ തലയിലേക്ക് അവർ മാറ്റുകയായിരുന്നു. എന്നാൽ വാക്‌സിൻ ഉൽപാദനം വേണ്ടത്ര നടക്കുന്നുമില്ല. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അഡാർ പൂനവാല പറഞ്ഞത് വാക്‌സിൻ നിർമിച്ചു നൽകാനുള്ള അഡ്വാൻസ്, മുൻകൂർ പണം വളരെ വൈകിയാണ് ഗവൺമെന്റിൽനിന്ന് കിട്ടിയത് എന്നാണ്. ഇതിനോടൊപ്പം ആലോചിക്കേണ്ട വെറൊരു കാര്യമാണ്, ഈ വാക്‌സിൻ സ്ട്രാറ്റജിയുടെ അടിസ്ഥാനം എത്ര ജനവിരുദ്ധമാണ് എന്നത്. ഇതിന്റെ അടിസ്ഥാനം ഒരു ഡിജിറ്റൽ ആപ്പാണ്. ഇവിടെ വിദ്യാഭ്യാസമില്ലാത്ത, പരമ ദരിദ്രരായ കോടിക്കണക്കിന് ആളുകളുള്ള ഒരു രാജ്യത്ത് - കേരളം പോലെയല്ല; ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നോർക്കണം - ഒരു വാക്‌സിൻ കിട്ടണമെങ്കിൽ ഒരു ഡിജിറ്റൽ ആപ് വേണമെന്ന സ്ഥിതി എത്ര അപ്രായോഗികമാണ്. ഇത് വല്ലാത്തൊരു സ്ഥിതിയല്ലേ? ബിഹാറിലെയും യു.പിയിലേയും പല ഭാഗത്തും ഇന്റർനെറ്റു പോലുമില്ല. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇത്രയും സോഫിസ്റ്റിക്കേറ്റഡായ ഒരു സ്ടാറ്റജി. ഇത് തീർത്തും ജനവിരുദ്ധമാണ്. പാവങ്ങൾക്ക് എതിരായിട്ടുള്ളതുമാണ്. ഈ ആപ്പും വെച്ചിരുന്നാൽ ആളുകൾ എങ്ങനെ കുത്തിവെക്കും? പിന്നെ നാളിതുവരെ ഇന്ത്യ പിൻതുടർന്നു വന്ന ഒരു വാക്‌സിൻ പോളിസിയുണ്ട്. അത് വാക്‌സിൻ തികച്ചും സൗജന്യമായി കൊടുക്കുക എന്നതു തന്നെയാണ്. അപ്പോഴാണ് വാക്‌സിൻ കുറച്ചു പേർ പണം കൊടുത്ത് വാങ്ങിക്കണമെന്ന് തിരുമാനിക്കുന്നത്.

പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ പാർട്ടി ഓഫീസുകൾക്കുനേരെ നടന്ന അക്രമം  / Photo: CPI(M) WEST BENGAL, Twitter
പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ പാർട്ടി ഓഫീസുകൾക്കുനേരെ നടന്ന അക്രമം / Photo: CPI(M) WEST BENGAL, Twitter

ഈ രീതിയിലാണ് തീരുമാനങ്ങളൊക്കെയും. ജനങ്ങളെ പാടേ മറന്ന്, അവരുടെ ജീവിതം വിലപ്പെട്ടതല്ല എന്ന ബോധ്യത്തിൽ നിന്നാണ് ഈ തീരുമാനങ്ങളൊക്കെയും വരുന്നത്. അതിന് പ്രധാന കാരണം ഇവർക്ക് തെരഞ്ഞെടുപ്പുകൾ വർഗീയത പറഞ്ഞ് ജയിക്കാമെന്ന ഉറപ്പാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരുവിലും ബംഗാളിലും കാണുന്നത് വീണ്ടും വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമമാണ്, അതും ഈ മഹാമാരിക്കാലത്ത്.

രാഷ്ട്രീയ അടിയന്തരാവസ്ഥയെ നമുക്ക് പരിചയമുണ്ടായിരുന്നു. ഇന്നിപ്പോൾ ഒരു ആരോഗ്യ അടിയന്തരാവസ്ഥ സംജാതമായിരിക്കുന്നു. ഒരു പക്ഷേ, ഒഴിവാക്കാനാവാത്തതുമായിരിക്കാം. എന്നാൽ ഇതിനിടയിൽ ആദ്യത്തേതിലെന്ന പോൽ ധാരാളം മനുഷ്യാവകാശ ലംഘനങ്ങൾ അറിഞ്ഞും അറിയാതെയും സംഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ എങ്ങനെ നോക്കി കാണുന്നു?

അത് ഏതാണ്ട് അനിവാര്യമാണ്. ഭരണഘടന അനുസരിച്ച് ഒരു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പറ്റില്ല. പക്ഷേ, അതിനു സമാനമായ കർശന നടപടികൾ ദുരന്ത മാനേജ്‌മെന്റ് ആക്റ്റ് ഉപയോഗിച്ച് നടപ്പിലാക്കാൻ പറ്റും. ചിലപ്പോൾ അത് ഒഴിവാക്കാനാവാതെ വരും. അത്തരം സാഹചര്യങ്ങൾ നിലവിലുണ്ടാവും. രോഗം വളരെ വ്യാപിച്ചു കഴിഞ്ഞാൽ മറ്റു വഴികളില്ലാതാവും. ഇതു രണ്ടും പരസ്പര പൂരകമാണ്. മനുഷ്യാവകാശ ലംഘനത്തിലേക്ക് പോവുമ്പോൾ തന്നെ രോഗത്തെ തടയാനുള്ള കർശന നടപടികൾ മറ്റൊരു വശത്ത് എടുക്കേണ്ടി വരും. ഇതു രണ്ടും ഒരുമിച്ചു പോവുന്ന കാര്യങ്ങളായി മാറിയേക്കും. അടിസ്ഥാനപരമായി ആദ്യം മുതലേ രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങളോ അതിനായുള്ള മുൻകരുതലോ ഇല്ലാത്തതുകൊണ്ടാണ് ഇതുപോലുള്ള ഒരു സാഹചര്യത്തിൽ കൊണ്ടെത്തിക്കുന്നത്. അതാണ് ഇവിടെ സംഭവിച്ചത്. അതിലിവർ ആനന്ദിക്കുകയും ചെയ്യുന്നു എന്നുള്ളതിൽ യാതൊരു സംശയവുമില്ല.

ജനങ്ങൾക്ക് മോദിയുടെ നേതൃത്വത്തിൽ സംശയങ്ങളുണ്ടാവാൻ കോവിഡ് അവസരമൊരുക്കിയിരിക്കാം. ഇയാൾക്ക് കെൽപ്പില്ല എന്ന ഒരു തോന്നൽ ജനങ്ങൾക്കുണ്ടായിട്ടുണ്ടാവും.

കേരളത്തിലേക്ക് വന്നാൽ കോവിഡിന്റെ ആദ്യഘട്ടത്തിൽ നമ്മൾ വളരെ മെച്ചപ്പെട്ട ഒരവസ്ഥയിലായിരുന്നു. അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അത്ര ആശാവഹമല്ല. എന്താണ് കേരളത്തിലെ കോവിഡ് മാനേജ്‌മെന്റിനെപ്പറ്റി പറയാനുള്ളത്?

ഈ രോഗത്തിന്റെ ചാക്രിക സ്വഭാവം നോക്കുകയാണെങ്കിൽ ഈയൊരവസ്ഥ എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ചു. അല്ലെങ്കിൽ സംഭവിക്കും. കേരളത്തിൽ ആദ്യം മുതലേയുള്ള സ്ട്രാറ്റജി രോഗം പീക്ക് ചെയ്യുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു. അത് തെറ്റായ നടപടിയായി ഞാൻ കരുതുന്നില്ല. മാത്രമല്ല, ഇവിടെ മാത്രമെ ഇത്രയും കരുതലോടെയുള്ള ആരോഗ്യ സംവിധാനങ്ങൾ ഒരുക്കപ്പെട്ടിട്ടുള്ളൂ. ഞാൻ ആശുപത്രികളെപ്പറ്റിയല്ല പറയുന്നത്. അതു കൂടാതെയുള്ള ആശാ വർക്കർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, വളണ്ടിയർ സേന തുടങ്ങിയ സൗകര്യങ്ങളെല്ലാം ചേർന്ന കൂട്ടായ്മ ഇവിടെ മാത്രമേയുള്ളൂ.

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ടു ചെയ്തതിനു പിന്നാലെ കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ 2020 ജനുവരി 20ന് തൃശൂർ കലക്ട്രേറ്റിൽ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോൾ
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ടു ചെയ്തതിനു പിന്നാലെ കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ 2020 ജനുവരി 20ന് തൃശൂർ കലക്ട്രേറ്റിൽ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോൾ

അങ്ങനെ പൊതുവിൽ സുസജ്ജമായ സംവിധാനം നിലനിൽക്കുന്നു. കേരളത്തിന് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിൽ കാണിച്ച ചെറിയൊരശ്രദ്ധ മാത്രമാണ്. പക്ഷേ, രോഗവ്യാപനത്തിന്റെ പൊതുവെയുള്ള ഗ്രാഫ്, മോഡലിങ്ങ് നോക്കുകയാണെങ്കിൽ ഈ രീതിയിലാണ് രോഗവ്യാപനം മുന്നേറുന്നത്. ഇങ്ങനെ തന്നെയാണ് മറ്റു സ്ഥലങ്ങളിലും കണ്ടുവന്നിരുന്നത്.

ഇനി കേരളത്തിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളെപ്പറ്റിക്കൂടി ചർച്ച ചെയ്യാമെന്നു തോന്നുന്നു. പിണറായി വിജയൻ സർക്കാരിന് ജനം തുടർഭരണം അനുവദിച്ചിരിക്കുന്നു. കേരളത്തിലെ കോവിഡ് മാനേജ്‌മെന്റിന് ഇത് ഏറെ പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് പ്രവചിച്ച ഒരാൾ കൂടിയാണല്ലോ. പ്രതിക്ഷിച്ചതിൽ കൂടുതൽ അംഗബലത്തോടെയാണ് പിണറായി സർക്കാർ തിരിച്ചു വന്നിരിക്കുന്നത്. പൊതുവിൽ ഈ ജനവിധിയെ എങ്ങനെ വിലയിരുത്തുന്നു?

ജനങ്ങളുടെ ദുഃഖം കുറെയൊക്കെ പരിഹരിക്കാനും കോവിഡ് കാലത്ത് അവരോടൊപ്പം നിൽക്കാനും ശ്രമിച്ച സർക്കാരുകളാണ് തിരിച്ചുവന്നിരിക്കുന്നത് എന്നുവേണം കരുതാൻ. കേരളം, ബംഗാൾ, ആസാം - ഈ മൂന്നു സംസ്ഥാനങ്ങളിലും തുടർഭരണം സംഭവിച്ചതിൽ നിന്ന് ഇതാണ് മനസ്സിലാക്കേണ്ടത്. തമിഴ്നാട്ടിൽ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. വാക്‌സിന്റെ കാര്യം മാത്രം നോക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിൻ നഷ്ടപ്പെടുത്തിയിട്ടുള്ളത് തമിഴ്‌നാടാണ്; 18 ശതമാനം. കേരളത്തിന്റെ നഷ്ടം മൈനസ്സിലാണെന്നു കാണാം. നമ്മൾ ഊറ്റിയെടുത്തു എന്നാണ് കണക്കുകൾ കാണിക്കുന്നത്. തമിഴ്നാട്ടിലെ ഇതിന്റെ മാനേജ്‌മെന്റിനെക്കുറിച്ച് ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. പൊതുവിൽ വിലയിരുത്തുമ്പോൾ ഇത് കോവിഡ് കാലത്തെ ഇലക്ഷനാണ്. കോവിഡ് ഇതിലൊരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഇതൊരു അസ്തിത്വ പ്രശ്‌നം തന്നെയായിരുന്നു. ജനങ്ങൾ അതിനു തന്നെയാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതിനുശേഷമാണ് രാഷ്ട്രീയം വരുന്നത്.

മറ്റൊരു വശം കൂടി ഞാൻ ആലോചിക്കുകയാണ്. കേരളത്തിലും ബംഗാളിലും തുടർഭരണമുണ്ടാവുന്നു. അതായത് ഭരണവിരുദ്ധ തരംഗം സംഭവിച്ചില്ല. അതേസമയം തമിഴ്നാട്ടിൽ ഭരണ വിരുദ്ധ നിലപാടുണ്ടായി. പ്രതിപക്ഷത്തെയാണ് ജനങ്ങൾ തിരഞ്ഞെടുത്തത്. ഇങ്ങനെ നോക്കുമ്പോൾ കാണുന്ന ഒരു പൊതുഘടകം, വർഗീയ വിരുദ്ധതയാണ്. മൂന്നിടത്തും ജനം ഒഴിവാക്കിയത് ബി.ജെ.പിയെ ആണെന്നുകാണാം. ഒരു ബി.ജെ.പി വിരുദ്ധ തരംഗം കൂടി ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ചിട്ടില്ലേ?

തീർച്ചയായും. അതിനുള്ള കാരണവും ഒരു പക്ഷേ കോവിഡായിരിക്കും. ജനങ്ങൾക്ക് മോദിയുടെ നേതൃത്വത്തിൽ സംശയങ്ങളുണ്ടാവാൻ കോവിഡ് അവസരമൊരുക്കിയിരിക്കാം. ഇയാൾക്ക് കെൽപ്പില്ല എന്ന ഒരു തോന്നൽ ജനങ്ങൾക്കുണ്ടായിട്ടുണ്ടാവും. വർഗീയത അതിന്റെ ഒരു രാഷ്ട്രീയതലമാണ്. ദൈനംദിന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ, പ്രത്യേകിച്ചും കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ, അല്ലെങ്കിൽ ബി.ജെ.പി ശക്തമല്ല എന്നൊരു തോന്നൽ ജനങ്ങൾക്കുണ്ടായിട്ടുണ്ടാവും. അതിനു ശേഷം വരുന്നതാവും വർഗീയത. വർഗീയത ആസാമിൽ അവർക്ക് വളരെയധികം ഗുണം ചെയ്തു. പൊതുവിൽ രാഷ്ട്രീയവും ഈ ജനവിധിയിൽ രണ്ടാമതേ വരുന്നുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.

അതുപോലൊരു കാര്യമാണ് ന്യൂനപക്ഷങ്ങളുടെ ചിന്താഗതിയിൽ വന്ന മാറ്റം. കേരളത്തിലത് ഏറെ പ്രകടമാണല്ലോ. ബംഗാളിലും തമിഴ്‌നാട്ടിലും അത് കാണാനുണ്ട്. വർഗീയതയെ ആർക്കാണ് പ്രതിരോധിക്കാനാവുക എന്ന ഒരു ചോദ്യം നൂനപക്ഷങ്ങൾ ഗൗരവമായി ചോദിച്ചിട്ടുണ്ട് എന്ന് വേണ്ടേ കരുതാൻ ?

തീർച്ചയായും. കേരളത്തിൽ അത് അത്ഭുതകരമാണ്. പരമ്പരാഗതമായി കേരളത്തിലെ ന്യൂനപക്ഷങ്ങൾ യു.ഡി.എഫിന്റെ കൂടെ നിൽക്കുന്നവരാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനം നടത്തിയപ്പോൾ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനം നടത്തിയപ്പോൾ

ആ നിലപാട് മാറാനുള്ള കാരണം യു.ഡി.എഫും ബി.ജെ.പിയു തമ്മിലുള്ള, അവരെ വേർതിരിക്കുന്ന രേഖ നേർത്ത് നേർത്ത് ഇല്ലാതായി എന്നതുതന്നെയാണ്. ഇപ്പോൾ ബി.ജെ.പി മാനിഫെസ്റ്റോയായാലും യു.ഡി.എഫ് മാനിഫെസ്റ്റോയാലും ശബരിമല വിധിക്കെതിരെ നിയമമുണ്ടാക്കുമെന്ന് പറയുന്നു. ലീഗ് എം.എൽ.എ ബി.ജെ.പിയുടെ വോട്ട് സ്വീകരിക്കാൻ തയ്യാറാവുകയാണ്. പൗരത്വ ബിൽ നടപ്പിലാക്കിയാൽ അതിന്റെ കടലാസുകൾ പൂരിപ്പിക്കാൻ ലീഗ് തന്നെ സഹായിക്കാമെന്ന് ഗുരുവായൂരിലെ ലീഗ് സ്ഥാനാർത്ഥി പറയുകയാണ്. പല യു.ഡി.എഫ് സ്ഥാനാർത്ഥികളും ബി.ജെ.പി വോട്ട് തങ്ങൾക്കു ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഇതെല്ലാം കാണിക്കുന്നത് ബി.ജെ.പിയും യു. ഡി.എഫും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവന്നു എന്നതുതന്നെയാണ്. അവിടെയാണ് ഇതിനെല്ലാം എതിരായ ശക്തമായ നിലപാടെടുത്ത് പിണറായി വിജയന്റെ സർക്കാർ നിലകൊള്ളുന്നത്. അതായിരിക്കും ന്യൂനപക്ഷങ്ങളെ എൽ. ഡി. എഫിൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുക.

ഇവിടെ സംഭവിക്കാൻ പോകുന്നത് ബി.ജെ.പിയിലെ കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വത്തിന് പകരം ഇന്ത്യയിൽ മറ്റു പലേടത്തും വർക്കു ചെയ്യുന്ന മലയാളികളായ ആർ.എസ്. എസ് നേതാക്കളെ ഇറക്കുമതി ചെയ്ത് മറ്റൊരു ധ്രുവീകരണ ശ്രമം നടക്കും. അത്രതന്നെ.

തുടർഭരണം കേരളത്തിന് ഏതെങ്കിലും തരത്തിൽ ദോഷമാകുമെന്ന് കരുതുന്നുണ്ടോ? അക്കാര്യത്തിൽ എന്തെങ്കിലും ഉത്കണ്ഠയുണ്ടോ?

അങ്ങനെ ഒരു ഉൽക്കണ്ഠക്ക് സ്ഥാനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത് പ്രത്യേകിച്ച് ഇവിടെ ഒരു ദോഷവും ഉണ്ടാക്കാനിടയില്ല. പലരും പറയുന്നതുപോലെ ഇത് കോൺഗ്രസിനെ തളർത്താനും പോകുന്നില്ല. ഇതിലും മോശം അവസ്ഥയിൽ നിന്ന് കോൺഗ്രസ് തിരിച്ചു വന്നിട്ടുണ്ട്. ആ ഭയവും അസ്ഥാനത്താണ്. പിന്നെ ബി.ജെ.പി വളരുമോ എന്ന ആശങ്ക. അതിനും അടിസ്ഥാനമില്ല. കാരണം കേരളം വെറൊരുതരം സമൂഹമാണ്. നമ്മുടെ അടിത്തറ മറ്റൊന്നാണ്. അത് ബംഗാളിലേതു പോലൊന്നുമല്ല. ബി.ജെ.പി 2016 ലാണ് ഇവിടെ വളർന്നത്. അന്ന് മോദിയുണ്ടാക്കിയ ഓരാവേശം വളരെ വലുതായിരുന്നു. അഴിമതിയിലും മറ്റും മുഴുകിയ യു.പി.എ ഗവൺമെന്റ് ഉണ്ടാക്കിയ നിരാശ അതിനൊരു കാരണമായിരുന്നു. കുറച്ചാളുകൾ കേരളത്തിലും അന്ന് ബി.ജെ.പിയിൽ വിശ്വാസമർപ്പിച്ചു. എന്നാൽ ഇപ്പോൾ അവർക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇനിയങ്ങോട്ട് ഇതിലധികമൊന്നും അവർ വളരുമെന്ന് ഞാൻ കരുതുന്നില്ല. അവരുടെ വർഗീയ ധ്രുവീകരണം ഇവിടെ ഇനിയും വിലപ്പോകാനിടയില്ല. അതിന്റെ പ്രധാന കാരണം, കേരളത്തെ സംബന്ധിച്ച് സെക്കുലറിസം ഒരാവശ്യമുള്ള സംഗതിയാണ് എന്നതാണ്. മതനിരപേക്ഷത നമ്മുടെ സമൂഹത്തിന്റെ ദൈനംദിനമായ മുന്നോട്ടുപോക്കിന് അത്യാവശ്യമാണ്.

ആഭ്യന്തര മന്ത്രി അമിത് ഷാ മലമ്പുഴയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ
ആഭ്യന്തര മന്ത്രി അമിത് ഷാ മലമ്പുഴയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ

എന്നാൽ മറ്റുള്ളവർക്കൊക്കെ അതൊരു ആദർശം മാത്രമാണ്. ഇവിടെ സംഭവിക്കാൻ പോകുന്നത് ബി.ജെ.പിയിലെ കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വത്തിന് പകരം ഇന്ത്യയിൽ മറ്റു പലേടത്തും വർക്കു ചെയ്യുന്ന മലയാളികളായ ആർ.എസ്. എസ് നേതാക്കളെ ഇറക്കുമതി ചെയ്ത് മറ്റൊരു ധ്രുവീകരണ ശ്രമം നടക്കും. അത്രതന്നെ.

ഈ ലോക്ക്ഡൗൺ കഴിഞ്ഞാലുടനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയൻ വീണ്ടും അധികാരമേൽക്കും. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയോട് പ്രത്യേകിച്ച് എന്തെങ്കിലും പറയാനുണ്ടോ?

ഞാൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്റെ പത്രപംക്തിയിലും പൊലീസ് നയം മാറ്റണം, പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. മറ്റൊന്ന് അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം പിൻതുടർന്നത് ഒരു ചീഫ് മിനിസ്റ്റീരിയൽ ഭരണമായിരുന്നു. അത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ രീതിയായിരുന്നില്ല. ഇടതുപക്ഷ ഗവൺമെന്റുകൾക്ക് എപ്പോഴും രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എ.കെ.ജി സെന്ററും മുഖ്യമന്ത്രിയുടെ ഓഫീസും. അത് കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായില്ല. അതിന് കുറെ വില കൊടുക്കേണ്ടിയും വന്നു. അതിലൊരു സമവായം ഇത്തവണ ഉണ്ടായേക്കാം. അങ്ങനെ കുറെ പ്രശ്‌നങ്ങളെ തീർക്കാനാവുമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്.

ഒരു വ്യക്തി എന്ന നിലയിലും ഒരു എഴുത്തുകാരൻ എന്ന നിലയിലുമൊക്കെ കോവിഡ് കാലം എങ്ങനെ കടന്നു പോയി, അതുണ്ടാക്കിയ പുതിയ അവസ്ഥകളെ എങ്ങനെ നേരിട്ടു എന്നുകൂടി പറയാമോ?

വായനയാണ് പ്രധാനമായും നടന്നതും ഇപ്പോഴും നടക്കുന്നതും. ആദ്യകാലങ്ങളിൽ സിനിമയെയാണ് കൂട്ടുപിടിച്ചത്. അതു മടുത്തപ്പോൾ വായനയിലേക്ക് കടന്നു. എഴുത്തിലേക്ക് മടങ്ങാറായി. എഴുത്തിലേക്കുള്ള വഴി, പ്രത്യേകിച്ചും റൈറ്റേഴ്‌സ് ബ്ലോക്കൊക്കെ ഒഴിവാക്കാൻ എല്ലാവരും ചെയ്യുന്നത് കൂടുതൽ വായിക്കുക എന്നതാണ്. ഇപ്പോൾ ഞാൻ ഫിക്ഷനിലേക്ക് തിരിഞ്ഞു. ഇതുവരെ നോൺ ഫിക്ഷനിലായിരുന്നു ശ്രദ്ധ. എന്തായാലും ഇതൊരു വല്ലാത്ത കാലമാണ്. സമാനമായ ഒരു കാലം കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ സ്പാനിഷ് ഫ്‌ളുവിന്റെ കാലമാണ്. ഇന്ത്യയിൽ അഞ്ചു കോടിയോളം ആളുകൾ അന്ന് മരിച്ചു. അത് ഹിന്ദി സാഹിത്യത്തിലൊക്കെ വലിയ മാറ്റം വരുത്തിയിരുന്നു. ബ്രിട്ടീഷ് സർക്കാരിനെതിരെ എഴുതാൻ പോലും പലരും അതോടെ തയ്യാറായി എന്നാണ് ചരിത്രം.

കേരളത്തിൽ, ഭരണകൂടം ഇപ്പോഴും ആത്മവിശ്വാസം കൈവിട്ടിട്ടില്ല. അവരുടെ പെരുമാറ്റവും സംസാരവും നടപടികളും ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിലാണ് എന്നതാണ്. അതൊരു വലിയ ആശ്വാസമാണ്.

ഈ മഹാമാരിക്കാലത്ത് ഇവിടെ, ഈ കൊച്ചു കേരളത്തിലാണ് ജീവിക്കുന്നത് എന്നത് ഏതെങ്കിലും തരത്തിൽ ആശ്വാസമായിത്തോന്നുന്നുണ്ടോ?

തീർച്ചയായും. അതിൽ യാതൊരു സംശയവുമില്ല. ഓൾ ഇന്ത്യ സർവീസിൽ ജോലി നോക്കിയതുകൊണ്ട് പലേടത്തുമുള്ള പരിചയക്കാരുമായി ഇപ്പോഴും സംസാരിക്കാറുണ്ട്. അവരിലെല്ലാം പ്രകടമാണ് വലിയ നിസ്സഹായവസ്ഥ. നമ്മൾ ആ സ്ഥിതിയിലേക്കായിട്ടില്ല. ആവില്ല എന്നു ഞാൻ പറയില്ല. കാരണം ഇപ്പോൾ എറണാകുളം നഗരത്തിലെ 80 ശതമാനം ഹോസ്പിറ്റൽ കിടക്കകളും നിറഞ്ഞു കഴിഞ്ഞു. മറ്റിടങ്ങളിലെ സ്ഥിതി ദയനീയമാണ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥരൊക്കെയാണ് കാർ പാർക്കിങ്ങിൽ കിടന്ന് മരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ രാജൻ മിശ്ര ഹോസ്പിറ്റൽ സൗകര്യം കിട്ടാതെ മരിക്കുന്നു. രാജ്യത്തെ ആരായാലും - വലിയവനായാലും ചെറിയവനായാലും - ഈ നിസ്സഹായവസ്ഥയുടെ ഇരയാണ്. എന്തും സംഭവിക്കാം എന്ന നില. ഇവിടെ അത് രണ്ട് രീതിയിലില്ല. ഒന്ന്, ഭരണകൂടം ഇപ്പോഴും ആത്മവിശ്വാസം കൈവിട്ടിട്ടില്ല. അവരുടെ പെരുമാറ്റവും സംസാരവും നടപടികളും ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിലാണ് എന്നതാണ്. അതൊരു വലിയ ആശ്വാസമാണ്. രണ്ട്, ചുറ്റുപാടും അത്തരമൊരു നിസ്സഹായാവസ്ഥ കാണുന്നില്ല. തീർച്ചയായും ഈയൊരു കാലഘട്ടത്തിൽ കേരളത്തിൽ ജീവിക്കുന്നു എന്നത് വലിയൊരു ആശ്വാസം തന്നെയാണ്.▮


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

എൻ. എസ്. മാധവൻ

കഥാകൃത്ത്, നോവലിസ്റ്റ്. സിവിൽ സർവീസ്​ ഉദ്യോഗസ്​ഥനായിരുന്നു. ​​​​​​​ഹിഗ്വിറ്റ, തിരുത്ത്, ചൂളൈമേടിലെ ശവങ്ങൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ തുടങ്ങിയ പ്രധാന കൃതികൾ.

Comments