കുറ്റ്യാടി കലാപം നാദാപുരത്തെത്തുമോ?

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

നാദാപുരത്തെ സി.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു; സിറ്റിങ് എം.എൽ.എ ഇ.കെ. വിജയൻ തന്നെ. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും 2016ൽ വിജയനോട് 4759 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോറ്റ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ തന്നെയാകും എതിർസ്ഥാനാർഥിയെന്ന് ഉറപ്പാണ്. 2016 ആവർത്തിക്കുന്നു.

ഇത്തവണ എൽ.ഡി.എഫിന്റെ സാധ്യതകൾക്ക് ഏതെങ്കിലും തരത്തിൽ മങ്ങലേറ്റിട്ടുണ്ടോ, അത് യു.ഡി.എഫിന് ഗുണകരമാകുമോ എന്നീ രണ്ടു ചോദ്യങ്ങളാണ് നാദാപുരത്തുനിന്ന് ഉയരുന്നത്. പ്രത്യക്ഷത്തിൽ വലിയ രാഷ്ട്രീയ അടിയൊഴുക്കുകൾ ദൃശ്യമല്ലാത്ത മണ്ഡലമാണ് നാദാപുരം. 1970 മുതൽ സി.പി.ഐയാണ് തുടർച്ചയായി ജയിക്കുന്നത്. എം. കുമാരൻ (1970), കാന്തലോട്ട് കുഞ്ഞമ്പു (1977), കെ.ടി. കണാരൻ (1980, 1982), സത്യൻ മൊകേരി (1987, 1991, 1996), ബിനോയ് വിശ്വം (2001, 2006) എന്നിവരാണ് വിജയനുമുമ്പ് നാദാപുരം സി.പി.ഐയുടെ സ്വന്തമാക്കിയത്.

നാദാപുരം മാത്രമെടുത്താൽ എൽ.ഡി.എഫിന് ഇത്തവണ വലിയ വെല്ലുവിളിയില്ല. എന്നാൽ, കുറ്റ്യാടി കേരള കോൺഗ്രസിന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് സി.പി.എമ്മിലുണ്ടായ പ്രതിഷേധം വടകര താലൂക്കിലെ മറ്റു ഘടകകക്ഷി മണ്ഡലങ്ങളിലേക്കുകൂടി വ്യാപിക്കുമോ എന്നാണ് എൽ.ഡി.എഫിലെ പ്രാദേശിക നേതൃത്വങ്ങൾ ഉറ്റുനോക്കുന്നത്. കാരണം, വടകര താലൂക്കിലെ മൂന്ന് മണ്ഡലങ്ങളിലും- വടകര, നാദാപുരം, കുറ്റ്യാടി- സി.പി.എമ്മിന് സ്ഥാനാർഥികളില്ല.

നാദാപുരം ഇത്തവണ സി.പി.ഐയിൽനിന്ന് ഏറ്റെടുക്കണമെന്ന് സി.പി.എം പ്രാദേശിക നേതൃത്വ ശക്തമായി ആവശ്യപ്പെട്ടിരുന്നു, പകരം, സംവരണ മണ്ഡലമായ ബാലുശ്ശേരി നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഈ വച്ചുമാറലിന് സി.പി.ഐ സന്നദ്ധമായില്ല. ഇപ്പോൾ കുറ്റ്യാടിയിൽ പടരുന്ന പ്രതിഷേധം മനസ്സുകൊണ്ട് പങ്കിടുന്നവരാണ് നാദാപുരത്തെ സി.പി.എം പ്രവർത്തകർ. ഇത് നാദാപുരത്തെ ജനവിധിയെ ബാധിക്കുമോ എന്ന ചോദ്യമുയരുന്നുണ്ടെങ്കിലും താൽക്കാലിക വികാരപ്രകടനമെന്ന നിലക്ക് ഇത് കെട്ടടങ്ങുമെന്നും പ്രചാരണം സജീവമായാൽ പ്രവർത്തകർ രംഗത്തിറങ്ങുമെന്നുമാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ ഉറപ്പ്.

സിറ്റിങ് എം.എൽ.എയായ വിജയൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 15 വർഷം കോഴിക്കോട് ജില്ല സെക്രട്ടറിയായിരുന്നു. എ.ഐ.എസ്.എഫിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2011ലാണ് ആദ്യമായി നാദാപുരത്തുനിന്ന് നിയമസഭയിലെത്തിയത്. കോൺഗ്രസലെ വി.എം. ചന്ദ്രനെ 7546 വോട്ടിനാണ് തോൽപ്പിച്ചത്.

കെ. പ്രവീൺകുമാറാകട്ടെ, സ്ഥാനാർഥിത്വം ഉറപ്പാക്കി നാളുകളായി മണ്ഡലത്തിൽ സജീവമാണ്. ‘ഇത്തവണ നാദാപുരത്തെ എം.എൽ.എ യു.ഡി.എഫുകാരനായിരിക്കും' എന്ന ഉറപ്പും അദ്ദേഹം നൽകുന്നുണ്ട്. കെ. മുരളീധരൻ എം.പിയുടെ അടുത്ത അനുയായിയാണ് പ്രവീൺകുമാർ. കെ.പി.സി.സി സെക്രട്ടറിയായിരുന്ന പ്രവീൺകുമാർ, പുനഃസംഘടനയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ. മുരളീധരന് നാദാപുരത്ത് ലഭിച്ച 17,596 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പുഫലം എൽ.ഡി.എഫിനൊപ്പമായിരുന്നു. എൽ.ഡി.എഫിന് 82 വാർഡും യു.ഡി.എഫിന് 76 വാർഡുമാണ് ലഭിച്ചത്. ആറ് പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പവും നാല് പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പവുമാണ്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

സി.പി.എമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും സ്വാധീനമേഖലകളുള്ള നാദാപുരം ഒരു കാലത്ത് രാഷ്ട്രീയ കുടിപ്പകയുടെയും വർഗീയ സംഘർഷങ്ങളുടെയും കലാപഭൂമിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോടായിരുന്നു ചായ്‌വ്. 1960ൽ മാത്രമാണ് മു്‌സ്‌ലിം ലീഗ് ജയിച്ചത്. ഹമീദലി ഷംനാടിന്റെ ജയം പി.എസ്.പി അടക്കമുള്ളവരുടെ പിന്തുണയോടെയായിരുന്നു.

1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സി.എച്ച് കണാരനാണ് ജയിച്ചത്. 1967 ൽ സി.പി.എമ്മിലെ ഇ.വി. കുമാരനും. 1970 മുതൽ സി.പി.ഐയുടേതാണ് നാദാപുരം.

വടകര താലൂക്കിലെ ചെക്യാട്, എടച്ചേരി, കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, നരിപ്പറ്റ, തൂണേരി, വളയം, വാണിമേൽ എന്നീ ഗ്രാമ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.


Comments