“ചെരുപ്പിനുള്ളിൽ കുടുങ്ങിയ കല്ലും, തൊണ്ടയിൽ കുടുങ്ങിയ കഥയും” ഒരുപോലെയാണ്. ആ കഥ പുറത്തെറിയാൻ വരൂ, ‘ഫെസ്റ്റ’യിലേക്ക്..😅
2026 ഏപ്രിൽ 11–12 തീയതികളിലായി എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള ആല ബദൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ദേശീയ കഥോത്സവം ‘ഫെസ്റ്റ 2026’ (ഫെസ്റ്റിവൽ ഓഫ് സ്റ്റോറിടെല്ലിംഗ് അറ്റ് ആല) സംഘടിപ്പിക്കുന്നു.
"മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് കഥകൾ കൊണ്ട് കൂടിയാണ്" എന്ന ആശയത്തോടെ കേരളത്തിലാദ്യമായി നടക്കുന്ന ഈ കഥോത്സവത്തിൽ ആല കാമ്പസിലെ മൂന്ന് വേദികളിലും, പഞ്ചായത്തിന്റെ തുറന്ന അരങ്ങിലുമായി നാല്പതോളം തത്സമയ കഥപറച്ചിൽ സെഷനുകൾ, വർക്ക്ഷോപ്പുകൾ, സംഗീതപരിപാടികൾ, ജയന്റ് പപ്പറ്റ് പരേഡ് എന്നിവയൊക്കെയാണ് നടത്താൻ ആലോചിക്കുന്നത്.
ആലയുടെ കഥപറച്ചിൽ സംഘത്തിലെ അംഗങ്ങൾ, കഥപറച്ചിലിനെ നെഞ്ചിലേറ്റിയ കേരളത്തിലെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ കഥ പറച്ചിലുകാർ എന്നിവരോടൊപ്പം വ്യത്യസ്ത ജീവിത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കേരളത്തിലെ ശ്രദ്ധേയരായ വ്യക്തികൾ അവരുടെ ജീവിതത്തിൽ നിന്നുള്ളതോ, അവരെ സ്വാധീനിച്ചതോ ആയ അനുഭവങ്ങൾ/കഥകൾ പങ്കുവയ്ക്കാനെത്തുന്നു എന്നതാണ് ഫെസ്റ്റയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.

ഫെസ്റ്റയിൽ അവതരിപ്പിക്കപ്പെടുന്ന കഥകൾ, അവതാരകരും പ്രേക്ഷകരുമായുള്ള അഭിമുഖങ്ങൾ, ശില്പശാലകൾ, സംഗീതപരിപാടികൾ എന്നിവയുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനിലൂടെ, ഉത്സവ ദിവസങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന വിശാലമായ ഒരു സാംസ്കാരിക ഭൂമിക, പ്രത്യേകിച്ചും വിദ്യാർത്ഥികൾക്കായി സൃഷ്ടിക്കപ്പെടുന്നു എന്നതും ഫെസ്റ്റയുടെ പ്രസക്തി വർധിപ്പിക്കുന്നു.
രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കാൻ 5 വയസ്സിന് താഴെയുള്ളവർക്ക് പാസ് വേണ്ട. 5 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് 400 രൂപയും 17 ന് മുകളിലുള്ളവർക്ക് 600 രൂപയും ആണ് ഒരു ദിവസത്തേക്ക് മാത്രമെങ്കിൽ: കുട്ടികൾക്ക് 200 രൂപ, മുതിർന്നവർക്ക് 300 രൂപ. ഭക്ഷണവും താമസവും ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ച് പണമടച്ചാൽ ഏർപ്പാടാക്കുന്നതാണ്.
നമ്മുടേതും അല്ലാത്തതുമായ കാരണങ്ങളാൽ പരസ്പരമുള്ള പറച്ചിലുകളും കേൾക്കലുകളും കുറഞ്ഞ് വരുകയും ആ ‘കുറവി’ന്റെ ഭാരം പ്രത്യേകിച്ച് കുട്ടികളിൽ സൃഷ്ടിക്കുന്ന ആഘാതം തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യുന്ന ഒരു കാലത്ത് ഇത്തരമൊരു കഥപറച്ചിലുത്സവം സംഘടിപ്പിക്കുക എന്നത് ഒരു സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനമായാണ് തങ്ങൾ കാണുന്നതെന്ന് സംഘാടകർ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 954411395.
Reg. Form: https://docs.google.com/forms/d/e/1FAIpQLScXLewl5I-3-RUHNursB5iTcBzZ7IPj5ipxb5LNI44gzcWvOA/viewform
