നവാബ് വാരികയിൽ രാജേന്ദ്രൻ പ്രസിദ്ധീകരിച്ച കത്ത് കോടതിയിൽ ഹാജരാക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അഴീക്കോടൻ രാഘവൻ പ്രസ്താവിക്കുന്നത് 1972 സെപ്തംബർ 15 നാണ്. ആഭ്യന്തരമന്ത്രിക്കെതിരായ ഗുരുതരമായ അഴിമതിയാരോപണം ചർച്ചചെയ്യാൻ അഴീക്കോടൻ പ്രതിപക്ഷനേതാക്കളുടെ ഒരു യോഗം സെപ്തംബർ 24നു തൃശൂരിൽ വിളിച്ചു. പ്രസ്തുത യോഗത്തിൽ വച്ച് എല്ലാ പ്രതിപക്ഷനേതാക്കളേയും കൊണ്ട് കത്തിന്റെ പിറകിൽ ഒപ്പു വയ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കാം എന്ന നിർദേശവും അഴിക്കോടൻ വച്ചു.
അതിനിടെ കത്ത് നിയമസഭയിൽ വയ്ക്കുന്ന കാര്യം ചർച്ചചെയ്യാൻ ഇ.എം.എസിനെ കാണാനായി 21-ാം തിയ്യതി രാജേന്ദ്രൻ തിരുവനന്തപുരത്തെത്തി. ശാന്തിനഗറിലെ ഇ.എം.എസിന്റെ വസതിയിലെത്തിയ രാജേന്ദ്രനോട് ഇ.എം.എസ്. നാളെ വരാൻ പറഞ്ഞു. ഗൗരിയമ്മയോട് ഇക്കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.
അന്നുരാത്രി സംഘടനാ കോൺഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടറി അമരവിള കൃഷ്ണൻ നായരുടെ ഓഫീസിൽ കഴിഞ്ഞ രാജേന്ദ്രൻ പിറ്റേന്ന് ഇ.എം.എസിനെ വീണ്ടും കണ്ടു. അസംബ്ലിയിൽ ഹാജരാക്കു ന്നതിലും നല്ലത് കോടതിയിൽ ഹാജരാക്കുന്നതു തന്നെയാണെന്ന് ഇ.എം.എസ്. രാജേന്ദ്രനോടു പറഞ്ഞു.
രാജേന്ദ്രൻ ഉടൻ തന്നെ തൃശൂരിലേക്കു പുറപ്പെടാൻ തീരുമാനിച്ചു. എറണാകുളത്തേക്ക് ബസ് കിട്ടിയില്ല. കോട്ടയം വഴിയായി യാത്ര. കോട്ടയത്തിറങ്ങിയപ്പോൾ സംഘടനാ കോൺഗ്രസ് ഓഫീസിൽ ശങ്കരനാരായണനുണ്ട്. ശങ്കരനാരായണന്റെയും സംഘടനാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജി. രവീന്ദ്രവർമയുടെയും കൂടെ കാറിന് തൃശൂരിലേക്ക് രാജേന്ദ്രൻ പുറപ്പെട്ടു.
രാത്രി 12 മണിക്കാണ് കാർ തൃശൂരിലെത്തിയത്. രാജേന്ദ്രൻ പ്രൈവറ്റ് ബസ്സ്റ്റാന്റിനടുത്തിറങ്ങി. ശങ്കരനാരായണനും വർമയും രാമനിലയത്തി ലേക്കു പോയി. സ്റ്റാന്റിനടുത്തുനിന്നു ടാക്സി പിടിച്ചു വീട്ടിലേക്ക് പോകാനായിരുന്നു രാജേന്ദ്രന്റെ പരിപാടി. അവിടെയെങ്ങും ഒറ്റ ടാക്സി പോലും കാണാനില്ല. സ്റ്റാന്റിനരികിൽ നിറയെ പോലീസുകാർ. “എനി ക്കാകെ പരിഭ്രാന്തിയായി ഞാൻ നേരെ ക്രസന്റ് ഹോട്ടലിലേക്ക് ചെന്നു ചായക്ക് പറഞ്ഞു.”
“ചായ ഇല്ല, കട്ടൻ കാപ്പിയേ ഉള്ളൂ. നിങ്ങളെ പണ്ട് അഴീക്കോടന്റെ വീട്ടിലേക്ക് പോലീസ് കൂട്ടിക്കൊണ്ടുപോയിരുന്നില്ലേ?”പരിചയക്കാരനായ ചായക്കടത്തൊഴിലാളി ചോദിച്ചു.
“ഉവ്വ്”
“അഴീക്കോടൻ മരിച്ചല്ലോ, അഴീക്കോടനെ കുത്തിക്കൊന്നു.”
“തലേ ദിവസംപോലും ഞാൻ സംസാരിച്ച ആളെ കുത്തിക്കൊന്നി രിക്കുന്നു. എനിക്കാകെ ഭയമായി. ഹോട്ടലിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല.”
നേരം പുലർന്നപ്പോൾ പടിഞ്ഞാറേ ചിറയിലെ വീട്ടിനരികിലുള്ള ബ്രൈറ്റ് ബിസ്ക്കറ്റ് കമ്പനിയിലേക്ക് ഫോൺ ചെയ്ത് അവിടെനിന്ന് ആളെത്തിയശേഷമേ രാജേന്ദ്രൻ വീട്ടിലേക്കു പുറപ്പെട്ടുള്ളൂ. 24ന് പ്രതിപക്ഷ നേതാക്കളുടെ യോഗം നടന്നില്ല. കോടതിയിൽ കത്ത് ഹാജരാക്കേണ്ടിയിരുന്ന സെപ്തംബർ 25ന് അഴീക്കോടന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രതിപക്ഷ ബന്ദായിരുന്നു. കേസ് കോടതി 30-ാം തിയ്യതിക്ക് വച്ചു. പക്ഷേ, 29 ന് രാജേന്ദ്രനെ വീണ്ടും കാണാതായി.
പിറ്റേദിവസം പുറത്തിറങ്ങിയ പത്രങ്ങളിൽ രാജേന്ദ്രന്റെ പിതാവ് കെ. വി. കുഞ്ഞിരാമ പൊതുവാളിനെ ഉദ്ധരിച്ചുകൊണ്ടു വന്ന വാർത്ത ഇങ്ങനെയായിരുന്നു.
“എന്റെ മകനെ കാണാനില്ല. ഒരുപക്ഷേ, പോലീസുകാർ അവനെ കൊന്നിട്ടുണ്ടാവും. അല്ലെങ്കിൽ കരുണാകരന്റെ ആളുകൾ തല്ലിച്ചതച്ച് എവിടെയെങ്കിലും കായലിൽ തള്ളിക്കാണും - സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളിൽ വീറോടെ പൊരുതിയിരുന്ന, പത്രപ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ സ്വരത്തിന് ഇടർച്ചയുണ്ടായിരുന്നു. സ്വന്തം മകൻ മരി ച്ചതുപോലുള്ള വേദനയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം ധീരതയോടെ പറഞ്ഞു: “കൈക്കൂലി വാങ്ങിയതിനെതിരായി ശബ്ദമുയർത്തിയതിനല്ലേ? സത്യം പറയുന്നവർക്ക് തൂക്കുമരമാണ് വിധിച്ചിരിക്കുന്നത്. ഗാന്ധിജിയെപ്പോലും വെടിവച്ചുകൊന്ന കാപാലികരുടെ നാടാണിത്.”
ആഭ്യന്തരമന്ത്രി കെ.കരുണാകരന്റെ പി.എ. ഗോവിന്ദൻ തട്ടിൽ എസ്റ്റേറ്റ് മാനേജർക്ക് തൃശൂർ ഡി.സി.സി. പ്രസിഡന്റ് എം.വി. അബൂബക്കർക്ക് 15,000 രൂപ കൊടുക്കണമെന്നാവശ്യപ്പെട്ട് എഴുതി എന്നു പറയുന്ന കത്തിന്റെ ഫോട്ടോസ്റ്റാറ്റ് കേസിലെ പ്രതിയായ നവാബ് പത്രാധിപർ രാജേന്ദ്രനെ കാണാനില്ലെന്നറിഞ്ഞ് അന്വേഷിക്കാൻ ചെന്നപ്പോൾ രാജേന്ദ്രന്റെ പിതാവ് പറഞ്ഞതാണിത്. സെപ്തംബർ 30 ന് കോടതിയിൽ ഹാജരാവേണ്ടിയിരുന്ന രാജേന്ദ്രനെ 29ന് കാണാതാവുകയാണുണ്ടായത്. ഈ അപ്രത്യക്ഷമാവലിന് പിറകിൽ നിരവധി കഥകൾ പ്രചരിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്തതാണെന്നും മാർക്സിസ്റ്റുകാർ ഒളിപ്പി ച്ചതാണെന്നും ഫോട്ടോസ്റ്റാറ്റിന്റെ ഒറിജിനൽ കൈക്കലാക്കാൻ പോലീസ് കസ്റ്റഡിയിലെടുത്ത് തടവിൽ വച്ച് ചോദ്യം ചെയ്യുകയാണെന്നും അതല്ല, ഒറിജിനൽ കോടതിയിൽ ഹാജരാക്കിയാൽ ദുഷ്പേരുണ്ടാവുമെന്ന സ്ഥിതിയിൽ നിന്നു രക്ഷിക്കാൻ വേണ്ടി ഭരണകോൺഗ്രസ്സുകാർ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യുകയാണ് എന്നൊക്കെയാണ് സംശയാസ്പദമായ സംസാരം. സെപ്തംബർ 28-ാം തിയ്യതി നവാബ് പത്രാധിപർ എറണാകുളത്ത് പത്രസമ്മേളനം നടത്തിയിരുന്നു. 30-ാം തിയ്യതി കോടതിയിൽ ഹാജരാവുമ്പോൾ ഫോട്ടോസ്റ്റാറ്റിന്റെ ഒറിജിനൽ ഹാജരാക്കുമെന്ന് അന്ന് രാജേന്ദ്രൻ പ്രസ്താവിച്ചിരുന്നു. 28ന് എറണാകുളത്ത് പോയ രാജേന്ദ്രൻ 29ന് രാവിലെയാണ് തൃശൂരുള്ള വീട്ടിൽ തിരിച്ചെത്തിയത്. അന്ന് പത്തുമണിക്ക് തൃശൂരിൽ വർക്കിങ് ജേണലിസ്റ്റ് യൂണിയന്റെ യോഗത്തിൽ പങ്കെടുത്തിരുന്നു. രണ്ടര മണിക്ക് വീട്ടിലെത്തി. അഞ്ചുമണിയോടെ പുറത്തു പോയ രാജേന്ദ്രൻ പിന്നീട് തിരിച്ച് വീട്ടിലെത്തിയില്ല.
ഏതായാലും 30-ാം തിയ്യതിയിൽ രാജേന്ദ്രൻ കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്ന് തൃശൂർ ജില്ലാ മജിസ്ട്രേറ്റ് ബി. മാധവമേനോൻ ജാമ്യമില്ലാത്ത വാറന്റ് പുറപ്പെടുവിച്ചു. പ്രതിയെ വാദിഭാഗക്കാർ തട്ടിക്കൊണ്ടു പോയിരിക്കയാണെന്ന് അഡ്വക്കറ്റ് വീര ചന്ദ്രമേനോൻ കോടതിയിൽ ബോധിപ്പിച്ചു. കേസ് അഞ്ചാം തിയ്യതിക്ക് നീട്ടിയതായി മജിസ്ട്രേറ്റ് അറിയിച്ചു. മൂന്നാം തിയ്യതി നേരിട്ട് കോടതിയിൽ ഹാജരായ രാജേന്ദ്രൻ തിരിച്ചറിയാൻ വയ്യാത്ത ചിലർ ചേർന്ന് ബലമായി കാറിൽ തട്ടിക്കൊണ്ടുപോയ കാര്യം കോടതിയെ അറിയിച്ചു. കോയമ്പത്തൂരിനരികിൽ കത്തിന്റെ ഒറിജിനൽ തട്ടിപ്പറിച്ചെടുത്ത ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞ അവർ പോലീസുദ്യോഗസ്ഥരാണെന്ന സംശയവും രാജേന്ദ്രൻ മജിസ്ട്രേറ്റിനെ അറിയിച്ചു. രാജേന്ദ്രന്റെ പ്രസ്താവന കോടതി രേഖപ്പെടുത്തി. കുഞ്ഞിരാമപൊതുവാളും രാംദാസും ചേർന്ന് രാജേന്ദ്രനെ ജാമ്യത്തിലെടുത്തു.
തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട സ്ഥിതിക്ക് വക്കാലത്ത് ഒഴിയാൻ അഡ്വ. വീരചന്ദ്രമേനോൻ നിർബന്ധിതനായി.
“അദ്ദേഹത്തെ ഞാൻ കുറ്റം പറയില്ല. ഇന്നും ഞാൻ ബഹുമാനിക്കുന്ന ആളാണ് മേനോൻ. വക്കീലിനെ എന്തെങ്കിലും ചെയ്യാൻ സാധ്യത കുറവായിരുന്നു. പത്തു പൈസപോലും വിരചന്ദ്രമേനോൻ എന്നിൽ നിന്നും ഫീസായി വാങ്ങിയിട്ടില്ല.”
അഞ്ചാം തിയ്യതി കോടതി വിധി പ്രഖ്യാപിച്ചു. 1972 ജൂൺ 20ന് സി. കെ. ഗോവിന്ദൻ നൽകിയ കേസിന്റെ വിധി ഇങ്ങനെയായിരുന്നു.
“സെക്ഷൻ 500 ഐ.പി.സി. പ്രകാരം പ്രതി രാജേന്ദ്രൻ കുറ്റക്കാരനാണെന്നു തെളിഞ്ഞിരിക്കുന്നു. അതിനാൽ 100 രൂപ പിഴയോ പിഴ അടയ്ക്കാത്ത പക്ഷം രണ്ടാഴ്ച വെറും തടവോ അനുഭവിക്കണം. ഇത്രയും തുക വിധിക്കാൻ കാരണം പത്രപ്രവർത്തനരംഗത്ത് ഒരു കന്നിക്കാരനും യുവാവുമായിരുന്നതിനാലാണ്. ഈ കേസിൽ അന്യായക്കാരനായ ആഭ്യന്തരമന്ത്രിയുടെ പി.എ. ഗോവിന്ദനേക്കാൾ ആവലാതിക്കർഹൻ മന്ത്രി തന്നെയാണ്. പക്ഷേ, മന്ത്രി ഒരു കേസിന് തയ്യാറായില്ല. അപകീർത്തി ഉണ്ടെന്നുകാണിച്ച് ഒരു കേസ് ഫയൽ ചെയ്തുമില്ല. അതുകൊണ്ട് മന്ത്രിയേക്കാൾ അപമാനം ഈ കേസിൽ അന്യായക്കാരനായ ഗോവിന്ദനില്ല. എങ്കിലും ഈ ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരണം മൂലം മന്ത്രിയുടെ പി.എ. ഗോവിന്ദനെ ചെളി വാരിയെറിയുന്നതിന് കാരണമായിട്ടുണ്ട്. സെക്ഷൻ 499 (1) പ്രകാരം പ്രതി ഈ ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരണത്തിന്റെ യാതൊരു ആനുകൂല്യവും അർഹിക്കുന്നില്ല. ഫോട്ടോസ്റ്റാറ്റിന്റെ ഒറിജിനൽ കോടതിയിൽ ഹാജരാക്കാത്തിടത്തോളം കാലം പ്രതിയുടെ വാദം സത്യമായി അംഗീകരിക്കുവാൻ കോടതിക്ക് നിർവാഹമില്ല.”
ഇവിടെ നവാബ് വാരികയുടെ കഥ അവസാനിക്കുകയാണ്.
കരുണാകരൻ സ്വാധീനം ഉപയോഗിച്ച് എല്ലായിടത്തും പരസ്യം തടഞ്ഞു. അങ്ങനെ നവാബ് ഇറങ്ങാതായി. പിന്നീടൊരിക്കലും ഇറങ്ങിയതുമില്ല. ആറുമാസം മാത്രം പ്രായമായ നവാബ് നിന്നുപോയി. തൃശൂരിലെ 20 സെന്റ് സ്ഥലവും വീടും കേസിനിടെ വിറ്റു. അച്ഛൻ കുഞ്ഞി രാമപൊതുവാൾ 1973-ൽ മരിച്ചു.
കത്തിന്റെ ഒറിജിനൽ തട്ടിയെടുക്കാൻ പോലീസ് നടത്തിയ പരാക്രമണങ്ങളിൽ തനിക്കേറ്റ മർദ്ദനങ്ങളേക്കാൾ രാജേന്ദ്രനെ ഇന്നും അലട്ടുന്നത് അഴീക്കോടന്റെ കൊലപാതകമാണ്. അഴീക്കോടൻ കൊല്ലപ്പെടുന്നത് ഈ കേസുമായി ബന്ധപ്പെട്ട ആഭ്യന്തരമന്ത്രിയുടെ അറിവോടെ പോലീസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് രാജേന്ദ്രൻ ഇപ്പോൾ വിശ്വസിക്കുന്നു.
“അഴീക്കോടന്റെ വധത്തിൽ കരുണാകരന് പങ്കില്ല എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. അഴീക്കോടൻ രണ്ടു ദിവസം പോലും ജീവിച്ചിരുന്നെങ്കിൽ കരുണാകരൻ അഴിമതിക്കേസിൽ അന്ന് പ്രതിയായി ഒന്നുമല്ലാതായിപ്പോയേനെ”- രാജേന്ദ്രൻ പറയുന്നു. അഴീക്കോടനെ വക വരുത്താൻ പോലീസുണ്ടാക്കിയ പദ്ധതിയെന്തായിരുന്നെന്ന് രാജേന്ദ്രൻ വിശദീകരിക്കുന്നു.
അക്കാലത്ത് ആര്യൻ ഗ്രൂപ്പും സി.പി.എമ്മുമായി പ്രാദേശികമായി പച്ചക്കറിമാർക്കറ്റിൽ ഒരു തർക്കം നിലനിന്നിരുന്നു. അഴീക്കോടൻ രാഘവനെ വകവരുത്തുക എന്ന പദ്ധതി തയ്യാറാക്കിയ പോലീസ് 23 ന് രാത്രി എട്ടുമണിക്ക് തന്നെ ചെട്ടിയങ്ങാടിയിൽ കടകളെല്ലാം അടപ്പിച്ചു (ചിന്ത വാരികയിൽ ബാബു ഭരദ്വാജിന്റെ റിപ്പോർട്ട്).
എ.വി. ആര്യൻ മംഗലം ഡാമിനടുത്ത് ഒരു പ്രസംഗത്തിന് പോയതായിരുന്നു. സി.പി.എമ്മുകാർ ആര്യനെ വെട്ടിക്കൊന്നതായി പോലീസുകാർ ആര്യൻ ഗ്രൂപ്പിന്റെ ഓഫീസിൽ വിവരമറിയിച്ചു. ഇതിന്റെ പിറകിൽ അഴീക്കോടനാണെന്നും പറഞ്ഞു. അഴീക്കോടൻ എറണാകുളത്താണുള്ളതെന്നും തൃശൂരിലെത്തിയാൽ ഉടനെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. മണ്ണുത്തി പോലീസ് സ്റ്റേഷനിൽ വണ്ടിയില്ലാത്തതു കൊണ്ട് തൃശൂരിൽനിന്നു പോലീസ് ആര്യനെ കൊന്ന സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും വിവരം കൊടുത്തു. ഈ വിവരം കിട്ടിയ ആര്യൻ ഗ്രൂപ്പ് പ്രവർത്തകർ ചെട്ടിയങ്ങാടിയിലും കെ.എസ്.ആർ.ടി.സി. സ്റ്റാന്റിനരികിലുമായി ആയുധങ്ങളുമായി സംഘടിച്ചുനിന്നു.
ഈ സമയത്ത് അഴീക്കോടൻ ചെട്ടിയങ്ങാടിയിലെ ആര്യൻ ഗ്രൂപ്പിന്റെ ഓഫീസിന് മുൻപിലായി വന്നിറങ്ങി. താമസസ്ഥലമായ പ്രീമിയർ ലോഡ്ജിലേക്ക് കിഴക്കോട്ട് നടന്നു പോകുമ്പോൾ വഴിക്കു വച്ച് അഴീക്കോടന് കുത്തേറ്റു. അഴീക്കോടന് കുത്തേറ്റ ഉടനെ സംഭവസ്ഥലത്തെത്തിയ ആദ്യത്തെ പോലീസുദ്യോഗസ്ഥൻ തൃശൂർ എസ്.പി സി. കെ. നാരായണനായിരുന്നു. ഏറെനേരം കഴിഞ്ഞാണ് ശരീരം ആശുപത്രിയിലേക്കു നീക്കിയത്. പെട്ടെന്നു തന്നെ ശരീരം ആശുപത്രിയിലേക്കു നീക്കിയിരുന്നെങ്കിൽ അഴീക്കോടൻ ഇന്നും ജീവിച്ചിരിക്കുമായിരുന്നെന്ന് രാജേന്ദ്രൻ പറയുന്നു. അഴീക്കോടന് കുത്തേറ്റ ഉടനെ പോലീസ് സി.പി.എം. പാർട്ടി ഓഫീസിലും വിവരം നൽകി. അഴീക്കോടനെ കുത്തിക്കൊന്നു. കൊന്നവൻ ഡേവിഡാണ്. അവൻ സൈക്കിളിൽ ഇന്ന വഴിക്ക് പോയിട്ടുണ്ട് എന്നായിരുന്നു നൽകിയ വിവരം, സി.പി.എം, ഓഫീസിൽ നിന്നു രണ്ടു മൂന്ന് വിഭാഗമായി പുറപ്പെട്ടവർ ഡേവിഡിനെയും വധിച്ചു. ഇങ്ങനെ മുകളിൽനിന്നുള്ള പദ്ധതിപ്രകാരം രണ്ടു ഗ്രൂപ്പുകാർക്കിടയിൽ പോലീസ് നടത്തിയ ഒരു കളിയിലൂടെയാണ് അഴീക്കോടൻ കൊല്ലപ്പെട്ടത്.
നെഞ്ചിലേറ്റ കുത്തുകൊണ്ടാണ് അഴീക്കോടൻ വധിക്കപ്പെട്ടത് എന്നായിരുന്നു വാർത്ത. അഴീക്കോടൻ മരിച്ചുകിടക്കുന്ന ചിത്രവും ഇതിനെ ന്യായീകരിക്കുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയപാലൻ എഴുതിയ റിപ്പോർട്ടിൽ വിശദീകരിച്ചത് വലത് ചെവിക്കേറ്റ കുത്താണ് മരണകാരണമെന്നാണ്. സെപ്തംബർ 24-ാം തിയ്യതി രാവിലെ പോസ്റ്റ്മോർട്ടം മുറിക്ക് മുൻപിലെത്തിയ ഇ.എം.എസ്. നമ്പൂതിരിപ്പാട് പത്രക്കാരോടു പറഞ്ഞത് “ഞാനെന്തു പറയാനാണ്” എന്നു മാത്രം. ഇ.എം.എസ്. അത്രയ്ക്ക് ദുഃഖിതനായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നെഞ്ചിലേറ്റ കുത്തിന്റെ കാര്യം പരാമർശിക്കുന്നേയില്ല.