ആ പത്ത് ലക്ഷം ഓഫര്‍ അവരുടെ കണക്ക് പൊളിക്കാനാണ്‌

ചോദ്യം : ബേസ്ഡ് ഓണ്‍ ട്രൂസ്റ്റോറി എന്ന ലേബലില്‍ ആണ് കേരളാസ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപഗാന്റ സിനിമ ഈ മെയ് 5നു റിലീസ് ആവുന്നത്. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ നടക്കുന്നുണ്ട്. 32000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും ISIS ല്‍ ചേരാന്‍ പോയി എന്ന നുണ പ്രചാരണമാണ് നടക്കുന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ കേരളത്തിലെ രാഷ്ട്രീയലോകവും സാംസ്കാരിക മണ്ഡലവുമെല്ലാം ഈ സിനിമ മുന്നോട്ടുവെക്കുന്ന വിദ്വേഷ ഉള്ളടക്കത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. അതിനിടെയാണ് സിനിമയില്‍ പറയുന്നത് പോലെ കേരളത്തില്‍ നിന്നും മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഓഫര്‍ പ്രഖ്യാപിച്ച് താങ്കള്‍ രംഗത്തെത്തിയത്. #keralastorychallenge എന്ന ഹാഷ്ടാഗോടുകൂടി ഇപ്പോള്‍ നിരവധി പേര്‍ ആ ക്യാംപയിന്‍ ഏറ്റെടുത്തിട്ടുണ്ട്. അതിലേക്ക് പ്രേരിപ്പിച്ച സവിശേഷമായ ആ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു.

നസീർ ഹുസൈൻ കിഴക്കേടത്ത് : സിദ്ധാർഥ് മുഖർജിയുടെ പ്രശസ്തമായ ദി ജീൻ എന്ന പുസ്തകമാണ് ഞാൻ അവസാനമായി വായിച്ചത്. അതിൽ ജർമനിയിൽ ഹിറ്റ്‌ലർ യഹൂദന്മാരെ കൂട്ടക്കൊല ചെയ്യാൻ വേണ്ടി ഉപയോഗിച്ച യൂജെനിക്സ് എന്ന അശാസ്ത്രീയ വാദത്തെക്കുറിച്ചുള്ള അന്വേഷണമാണ് എന്നെ, യഹൂദരുടെ കൂട്ടക്കൊല ന്യായീകരിക്കാൻ വേണ്ടി ഹിറ്റ്ലർ നിർമിച്ച "The Eternal Jew" എന്ന സിനിമയിലേക്ക് എത്തിച്ചത്. യഹൂദർ ജർമനിയിലെ സാധാരണ മനുഷ്യരെ പോലെയല്ലെന്നും, മറിച്ച് അവർ അപരിഷ്‌കൃതരും പരാന്നഭോജികളുമായ ഒരു ജനതയാണെന്നും ആയിരുന്നു ഗീബൽസും ഹിറ്റലറും കൂടി നിർമിച്ച ഈ ചിത്രത്തിന്റെ കഥാസാരം. ഫാസിസത്തിന്റെ വളരെ നല്ല ഒരു ടൂൾ ആണ് സിനിമയെന്ന് വളരെ നേരത്തെ ഹിറ്റ്ലർ മനസിലാക്കിയിരുന്നു. രണ്ടു വംശങ്ങളിൽ (race) പെട്ടവർക്ക് ഒരു രാജ്യത്ത് ഒരുമിച്ച് താമസിക്കുന്നത് അസാധ്യമാണെന്ന ഹിറ്റ്ലറുടെ നയം പിന്തുടരുന്നവരാണ്, ഇന്ത്യയിലെ നവ ഹിന്ദുത്വ വാദികൾ. അതിന്റെ ഭാഗമായിട്ടാണ് ഹിന്ദു മഹാസഭ നേതാവായിരുന്ന ബിഎസ് മുഞ്ചേ ഇറ്റലിയിലെ ഫാസിസ്റ്റായിരുന്ന മുസ്സോളിനിയെ സന്ദർശിച്ചത്.

ഉംബെർട്ടോ എക്കോ പറഞ്ഞ, ഫാസിസത്തിന്റെ പതിനാലു ഘട്ടങ്ങളിൽ ഓരോന്നായി കടന്ന് പോയികൊണ്ടിരിക്കുകയാണ് നമ്മുടെ നാടിപ്പോൾ. കേരള സ്റ്റോറി എന്ന പേരിൽ സിനിമ നിർമിക്കുന്നത്, മുസ്ലിങ്ങളെ അപരവത്കരിക്കാൻ വേണ്ടിയാണെന്നുള്ളത് നിസംശയമായ കാര്യമാണ്. ഈ സിനിമ കേരളത്തിലെ ആളുകള്‍ കാണാന്‍ ഉദ്ദേശിച്ചുള്ളതു പോലുമല്ല, മറിച്ച് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ, ഭൂരിപക്ഷ ഹിന്ദുക്കളെ, ഭയപ്പെടുത്താൻ വേണ്ടിയുള്ള സിനിമയാണിത്. മുസ്ലിങ്ങൾക്ക് കുറച്ചെങ്കിലും സമൂഹത്തിലും അധികാരത്തിലും പങ്കു കിട്ടിയാൽ ഇതാണ് സംഭവിക്കുക എന്ന് നുണ പറയുകയാണ്.

ഞാൻ മുസ്‌ലിം കുടുംബത്തിൽ ജനിച്ച് വളർന്ന ഒരാളും, ഇരുപത്തിമൂന്ന് വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുന്ന എന്റെ പങ്കാളി, ഒരു ഹിന്ദു കുടുബത്തിൽ ജനിച്ചു വളർന്ന ആളു മായത് കൊണ്ട്, ഞാൻ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒന്നാണ് സംഘപരിവാർ ഉപയോഗിക്കുന്ന ലവ് ജിഹാദ് എന്ന, ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന, ഉമ്മാക്കി. ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മുപ്പത്തിരണ്ടായിരം പെൺകുട്ടികളെ, കേരളത്തിലെ ആൺകുട്ടികൾ, പ്രേമം നടിച്ച് മതം മാറ്റി, ഐസിസിൽ ചേർത്തു എന്നത്, സാധാരണ ബുദ്ധിക്ക് നിരക്കുന്ന ഒന്നല്ല എന്നത് അതുകൊണ്ടുതന്നെ എനിക്കുറപ്പായ ഒരു കാര്യമായിരുന്നു.

അതിനർത്ഥം കേരളത്തിൽ നിന്ന് ഐസിസിലേക്ക് ആരും പോയിട്ടില്ല എന്നല്ല. ഐസിസിന്റെ യഥാർത്ഥ ഇരകൾ മുസ്‌ലിങ്ങളാണ്. സർക്കാരിന്റെ കണക്കുകൾ അനുസരിച്ച്, നൂറോളം മലയാളികൾ ഐസിസിൽ ചേർന്നിട്ടുണ്ട്, അതിലെ ഏതാണ്ട് എല്ലാവരും മുസ്‌ലിങ്ങളാണ്. എഴുപത്തിരണ്ടു മലയാളികൾ വിദേശത്തു നിന്നാണ് ഐസിസിൽ ചേർന്നിട്ടുള്ളത്, അതിൽ ഒരാൾ മാത്രമാണ് മുസ്‌ലിം അല്ലാതെയുള്ളത്. കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്ന ഇരുപത്തിയെട്ട് പേരിൽ അഞ്ചുപേർ മാത്രമാണ് മറ്റു മതങ്ങളിൽ നിന്ന് മുസ്‌ലിം ആയ ശേഷം ഐസിസിൽ ചേർന്നിട്ടുള്ളത്. അതിൽ തന്നെ ബെക്സൻ, ബെസ്റ്റിൻ ഇനീ രണ്ടു സഹോദരങ്ങൾ, ക്രിസ്ത്യൻ മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി, അവരുടെ, നിമിഷ, മെറിൻ ജേക്കബ് എന്നീ പങ്കാളികളെ കൂടി മതപരിവർത്തനം നടത്തി ഐസിസിൽ ചേർന്നവരാണ്. കേരളാ ഹൈക്കോടതി മുതൽ എൻഐഎ വരെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് എന്ന ഇല്ലാക്കഥയാണ് സംഘപരിവാർ മുസ്‌ലിങ്ങളെ അപരവത്കരിക്കാൻ ആയി ഉപയോഗിക്കുന്നത്. തൊണ്ണൂറു പേരോളം ഐസിസിൽ ചേർന്ന മുസ്‌ലിം സമുദായമാണ് ഐസിസിന്റെ യഥാർത്ഥ ഇരകളെന്ന് ഞാൻ പറയാൻ കാരണമതാണ്.

സിനിമയിലെ മുപ്പത്തി രണ്ടായിരം പെൺകുട്ടികളുടെ എണ്ണം മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പറഞ്ഞു എന്നാണ് ഈ സിനിമയുടെ സംവിധായകൻ പറയുന്നത്. അത് പച്ചക്കള്ളമാണ്, ഉമ്മൻ ചാണ്ടി രണ്ടായിരത്തി ആറു മുതൽ രണ്ടായിരത്തി പന്ത്രണ്ട് വരെ ഇസ്‌ലാം മതം സ്വീകരിച്ച 2667 പെൺകുട്ടികളെ കുറിച്ചാണ് പറഞ്ഞത്. അത് പക്ഷെ പലതും സാധാരണ പ്രണയ വിവാഹത്തിന്റെ ഭാഗമായുള്ള മതം മാറ്റങ്ങളാണ്.

കേരളത്തിൽ പ്രണയവിവാഹങ്ങളുടെ ഭാഗമായി അങ്ങോട്ടും ഇങ്ങോട്ടും മതപരിവർത്തനം നടക്കുന്നുണ്ട് എന്നത് യാഥാർത്യമാണ്. രണ്ടു മതങ്ങളിൽ പെട്ട പ്രായപൂർത്തി ആയവർ, വിവാഹം കഴിക്കാൻ രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു മാസത്തെ നോട്ടീസ് കൊടുക്കണമെന്ന വിചിത്രമായ നിയമമാണ് ഇതിന്റെ പ്രധാന കാരണം. മതപരമായി വിവാഹം ചെയ്തവർക്ക് ഒരു ദിവസം കൊണ്ടുതന്നെ വിവാഹം രജിസ്റ്റർ ചെയ്തുകൊടുക്കുന്ന സ്ഥിതി നിലനിൽക്കെ ഇതിൽ വലിയ അത്ഭുതമില്ല. ഞാൻ തന്നെ, വിവാഹം കഴിക്കാൻ വേണ്ടി, ആര്യസമാജം വഴിയും, വിശ്വഹിന്ദു പരിഷത് വഴിയുമെല്ലാം മതം മാറാൻ ശ്രമിച്ച ഒരാളാണ്. മേല്പറഞ്ഞ സംഖ്യ ഒരു വർഷത്തെ കണക്കാണെന്നു തെറ്റിദ്ധരിപ്പിച്ച്, അതിനെ ഉമ്മൻ ചാണ്ടി പ്രസ്താവന നടത്തിയ വർഷം മുതൽ ഓരോ വർഷവും അത്ര തന്നെ കേസുകൾ എന്ന് കണക്കുക്കൂട്ടിയാണ് സംവിധായകൻ 32000 എന്ന ഭീകര സംഖ്യയിൽ എത്തി നിൽക്കുന്നത്. പക്ഷെ അതൊന്നും ഐസിസിൽ ചേർക്കാനുള്ള മതം മാറ്റങ്ങൾ ആയിരുന്നില്ല എന്നതും, മേല്പറഞ്ഞ കണക്ക് ആറുവർഷത്തെ കണക്കാണെന്നതുമൊക്കെ വിദഗ്ദമായി മറച്ചുവെച്ചാണ് ഈ കള്ള പ്രചരണം. പലപ്പോഴും ഇതിന്റെ കൂടെയൊക്കെയാണ്, സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച അഖിലയുടെ കഥയൊക്കെ ചേർക്കുന്നത്.

ഫാസിസ്റ്റുകളുടെ നുണപ്രചാരണത്തെയും പ്രൊപഗാന്റകളേയും നേരിടാന്‍ പൊതുവേ പലമാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. അതൊരു രാഷ്ട്രീയ പ്രവർത്തനമാണല്ലോ. പക്ഷെ ഇവിടെ ഒരു വ്യക്തി ആ രാഷ്ട്രീയത്തിന് വേണ്ടി പണം ഓഫര്‍ ചെയ്യുന്നു. വിദ്വേഷ പ്രചരണങ്ങളെ പണം ഓഫര്‍ ചെയ്ത് നേരിടുന്നതിലേക്ക് നയിച്ച മനശാസ്ത്രം എന്തായിരുന്നു ?

സുപ്രീം കോടതി അസ്സന്നിഗ്ദ്ധമായി അത് ലവ് ജിഹാദല്ല എന്ന് കണ്ടെത്തിയതാണ്. ഈ കണക്കുകൾ തെറ്റാണെന്ന് അത്ര ഉറപ്പുള്ളതു കൊണ്ടും, പല മതസ്ഥരുടെ ഇടയിൽ ഞാൻ ജനിച്ചു വളർന്ന കേരളത്തെ ഈ ദുഷ്പ്രചാരണം കൊണ്ട് ഇന്ത്യയൊട്ടാകെ ചീത്തപ്പേര് കേൾപ്പിക്കരുത് എന്ന ചിന്തയുമൊക്കെയാണ് ഈ കണക്കുകൾ തെളിയിക്കുന്നവർക്ക് പത്തുലക്ഷം രൂപ സമ്മാനം ഓഫർ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു യുക്തിവാദിയായ എനിക്ക്, വിവാഹത്തിന് വേണ്ടിയോ അല്ലാതെയോ, ഒരു മതത്തിൽ നിന്ന് വേറെ മതത്തിലേക്ക് പോകുന്നത് ഇടതുകാലിലെ മന്ത് വലതുകളിലേക്ക് മാറ്റുന്നതിൽ കവിഞ്ഞ കാര്യമൊന്നുമല്ല, പക്ഷെ ഒരു മതത്തിലെ കണക്കുകൾ മാത്രമെടുത്ത് ഇസ്ലാമോഫോബിയ പരത്തുന്നത് നല്ല കാര്യമല്ല. സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വയും, ജോസഫ് മാഷിന്റെ കൈവെട്ടിയതു പോലുള്ള ഇസ്‌ലാം തീവ്രവാദവും ഒരേ പോലെ എതിർക്കപ്പെടേണ്ടതാണ്, പക്ഷെ അതിന്റെ പേരിൽ ഈ സമുദായങ്ങളിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ തമ്മിൽ തല്ലിക്കരുത്.

ഈ സിനിമ ഉൾപ്പെടെ എല്ലാ കലാരൂപങ്ങൾക്കും പ്രദർശന അനുമതി നൽകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള സിനിമ എന്ന വ്യാജ വാദങ്ങളെ പൊളിച്ചുകാട്ടാൻ ഞങ്ങൾ നടത്തിയ പ്രചരണങ്ങൾക്ക് കേരളത്തിലെങ്കിലും കഴിഞ്ഞിട്ടുണ്ട്. സാധാരണ ഇത്തരം കാര്യങ്ങളിൽ നടത്തുന്ന സാധാരണ വിമർശനങ്ങളെക്കാൾ, പൈസ കൊടുക്കാം എന്ന് പറഞ്ഞുള്ള വിമർശനം നടത്താൻ കാരണം, പെരുമാറ്റ സാമ്പത്തികശാസ്ത്രത്തെ (behavioural economics) സംബന്ധിച്ച് ഞാൻ വായിച്ച മറ്റു രണ്ടു പുസ്തകങ്ങളാണ്. ഡാനിയൽ കനീമാൻ എഴുതിയ തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ എന്ന പുസ്തകവും, ഡാൻ ആരിയേലി എഴുതിയ "Predictably Irrational" എന്ന പുസ്തകവും. പൈസയുടെ ഇടപാട് വരുമ്പോൾ നമ്മുടെ തലച്ചോർ പ്രവർത്തിക്കുന്ന സർക്യൂട്ടുകൾ വ്യത്യസ്തമായിരിക്കുമെന്നതാണ് ഈ പുസ്തകങ്ങളുടെ കാതൽ. ഒരു പക്ഷെ ഈ ക്യാമ്പെയിൻ കുറച്ചെങ്കിലും വിജയിക്കാനും, സംഘപരിവാറിന്റെ കള്ള കണക്കുകളെ പൊളിച്ചുകാണിക്കാനും കഴിഞ്ഞതും വലിയൊരു സംഖ്യ ഒരാൾ ഓഫർ ചെയുമ്പോൾ, അതിന്റെ പിറകിൽ എന്തെങ്കിലും സത്യം കാണുമെന്ന സാധാരണ ആളുകളുടെ വിശ്വാസമാണ്.

എന്നെ പക്ഷെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഈ ക്യാമ്പയിനെതിരെ കേവല യുക്തിവാദികൾ നടത്തിയ വിമർശനങ്ങളാണ്. ഒരു പക്ഷെ കേരളത്തിൽ സംഘപരിവാറിനെ പോലെ തന്നെ പേടിക്കേണ്ട ഒരു വിഭാഗമായി, സംഘപരിവാറിന്റെ വലം കയ്യായി തന്നെ കേവല യുക്തിവാദികൾ മാറിയെന്നുളത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.

Comments