പത്രസമ്മേളനമെന്ന ജനാധിപത്യ പ്രവർത്തനം

മുഖ്യമന്ത്രി അദ്ദേഹം നടത്തിവന്ന പ്രതിദിന പത്രസമ്മേളനം ഉപേക്ഷിക്കുകയാണ് എന്നൊരു വാർത്ത കണ്ടു. അങ്ങനെയൊരു തീരുമാനം സഖാവ് പിണറായി വിജയൻ എടുത്തുവോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഏതായാലും കുറച്ചു ദിവസമായി അദ്ദേഹത്തെ കണ്ടിട്ട് . ജൂൺ അഞ്ചിനാണ് അവസാനം പത്ര സമ്മേളനം കണ്ടത്. ഞാനതിന്റെ ഒരു സ്ഥിരം കാഴ്ചക്കാരനൊന്നുമായിരുന്നില്ല. എന്നാലും പല ദിവസങ്ങളിലും അത് കേൾക്കാനിരുന്നിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവുമധികം കാണാനിടയായതും ഏറെ താല്പര്യത്തോടെ ശ്രദ്ധിച്ചതുമായ പത്രസമ്മേളനങ്ങളിൽ ഒന്നായിരുന്നു അത്. "സിഎമ്മേ" എന്ന അഭിസംബോധനയോടെ നമ്മുടെ പത്രക്കാരുടെ ചോദ്യങ്ങളുയരുന്നത് കേൾക്കുമ്പോൾ എന്നിലെ പൗരൻ തീർച്ചയായും ആഹ്ലാദിച്ചിരുന്നു. പ്രത്യേകിച്ചും നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യൻ ജനാധിപത്യ പരിസരത്ത്. അടുത്ത കാലത്തായി അതിനൊരു മൗലിക സ്വാഭാവം തന്നെ കൈവന്നിരുന്നു. വലിയ നേതാക്കളെന്ന് അർമാദിക്കുന്ന ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയുമൊക്കെ പരാജയപ്പെടുന്നിടത്താണ് പിണറായി വിജയിച്ചു കയറിയത്. മോദിയാകട്ടെ ഈ ജനാധിപത്യ പ്രക്രിയയെ നേരിടാനുള്ള ചങ്കൂറ്റം കാണിച്ചതേയില്ല. ആ അർത്ഥത്തിൽ അദ്ദേഹം വളരെ ചെറിയ നേതാവാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ

സമൂഹവുമായുള്ള ആശയ കൈമാറ്റത്തിൽ സന്തോഷം കണ്ടെത്തുന്ന നേതാക്കളാണ് ജനാധിപത്യത്തിന്റെ കരുത്ത്. കേരളം കേരളമായി മാറിയതിന്റെ പുറകിലും ഇത്തരം നേതാക്കളുണ്ട്.

അധികാരത്തിലെത്തിയ ആദ്യമൊക്കെ പിണറായി വിജയൻ എന്ന ഭരണാധികാരിയും പത്രസമ്മേളനത്തിന്റെ സാധ്യതയോട് മുഖം തിരിച്ചു നിന്നിരുന്നു .

അതൊരു ജനാധിപത്യ ഉപകരണമാണെന്ന് അന്നൊന്നും അദ്ദേഹവും കരുതിയില്ല എന്നു വേണം മനസ്സിലാക്കാൻ. അദ്ദേഹത്തിന്റെ ജനാധിപത്യ ബോധത്തിലെ ഒരു കുറവായും ഇതിനെ കാണാവുന്നതാണ്. ഈ സമീപനം കാരണം മാധ്യമ പ്രവർത്തകരും മുഖ്യമന്ത്രിയിൽ നിന്ന് അവർക്കവകാശപ്പെട്ട സ്വാതന്ത്ര്യം വേണ്ടത്ര വിനിയോഗിച്ചില്ല. അനാവശ്യമായ കർക്കശതയും എടുത്തു ചാട്ടവും ഉള്ള ഒരു നേതാവാണ് പിണറായി വിജയനെന്ന് വിലയിരുത്തപ്പെട്ടു. ചാനൽ ചർച്ചകളിൽ നിറഞ്ഞ കുട്ടി സഖാക്കൾ വിളമ്പുന്ന വിവരങ്ങൾ കൊണ്ട് നമ്മൾക്ക് തൃപ്തിയടയേണ്ടി വന്നു. അവയിലെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും വിവാദങ്ങൾക്ക് വളം വെച്ചു കൊടുത്തു. മാധ്യമങ്ങൾ ഇത്തരം വിവാദങ്ങളുടെ ധാരാളിത്തത്തിൽ തൃപ്തിയടഞ്ഞു.

രണ്ടു പ്രധാന സവിശേഷതകളാണ് ഈ പത്രസമ്മേളനത്തെ വേറിട്ടു നിർത്തിയത്. ഒന്ന് വ്യക്തത. മറ്റൊന്ന് ആധികാരികത

കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനൊരു മാറ്റം വന്നത്. ആദ്യം പത്രസമ്മേളനങ്ങളുമായി ആരോഗ്യ മന്ത്രി രംഗം കൊഴുപ്പിച്ചെങ്കിലും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ആവശ്യമായി വന്നതോടെ, അവയുടെ ഏകോപനം ഏറ്റെടുത്തു കൊണ്ട് മുഖ്യമന്ത്രി നേതൃത്വമേറ്റെടുത്തു. തുടർന്നാണ് അദ്ദേഹം പ്രതിദിന പത്രസമ്മേളനം നടത്തി തുടങ്ങിയത്. കോവിഡുമായി ബന്ധപ്പെട്ട സംസ്ഥാനത്തിലെ വിവരങ്ങൾ ഓരോ ദിവസവും കണിശതയോടെ അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചു. അവരുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടികൾ നൽകി. സർക്കാരിന്റെ നിലപാടുകളിൽ വ്യക്തത വരുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തെറ്റുകളെ തിരുത്തി. ചിലരുടെ അസംബന്ധ ചോദ്യങ്ങളെ പതിവുപോലെ അവഗണിക്കുകയും പരിഹസിച്ച് തള്ളുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളെ രാഷ്ട്രീയമായി നേരിടാനും അവരുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടാനും ഈ പത്രസമ്മേളനങ്ങൾ ഉപയോഗപ്പെടുത്തി. പൊതുവിൽ പിണറായി വിജയനിലെ ജനാധിപത്യവാദിയെ പാകപ്പെടുത്താനും ഇതു വഴിയൊരുക്കി. അടുത്ത കാലത്തായി അദ്ദേഹമത് വളരെ ആസ്വദിച്ചു തുടങ്ങിയിരുന്നു എന്ന് കാഴ്ചക്കാർക്കും ബോദ്ധ്യപ്പെട്ടു. ജനങ്ങളും അതിനെ ആസ്വദിച്ച് കണ്ടുതുടങ്ങി. ചെറിയ കുട്ടികൾ പോലും അതിന്റെ നിത്യക്കാഴ്ചക്കാരായി മാറി. ഒരു ഭരണാധികാരിയെന്ന നിലയിൽ സ്വയം തിരിച്ചറിയാനും തിരുത്താനും ദിവസേനയുള്ള ഈ ഒരു മണിക്കൂർ പിണറായി വിജയനെയും സഹായിച്ചു. ഒരു രാഷ്ടീയ നേതാവെന്ന നിലയിൽ ഇതിനെ വലിയൊരു സാധ്യതയായി അദ്ദേഹം തിരിച്ചറിഞ്ഞു.

രണ്ടു പ്രധാന സവിശേഷതകളാണ് ഈ പത്രസമ്മേളനത്തെ വേറിട്ടു നിർത്തിയത്. ഒന്ന് വ്യക്തത. മറ്റൊന്ന് ആധികാരികത. രണ്ടിലും മുഖ്യമന്ത്രി ഏറെ ശ്രദ്ധിച്ചു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അതുപോലെ അദ്ദേഹം ഈ ഒരു മണിക്കൂർ കൈകാര്യം ചെയ്ത രീതി ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹം പാകപ്പെട്ടു വന്നു എന്നതുപോലെ അദ്ദേഹത്തെ നേരിടുന്നതിൽ നമ്മുടെ മാധ്യമ പ്രവർത്തകരും പാകപ്പെട്ടു. അവരുടെ ചോദ്യങ്ങളിലും ശബ്ദത്തിലും ആരോഗ്യകരമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. എന്തു ചോദിക്കാം, എന്ത് ചോദിക്കരുത് എന്ന് കാര്യത്തിൽ അവർക്കും തിരിച്ചറിവുണ്ടായി. ഗൗരവമായ ഒരു സയാഹ്ന പരിപാടിയായി അത് വികാസം കൊണ്ടു. പിണറായി വിജയനെന്ന നേതാവിനോട് താല്പര്യമില്ലാത്തവരും ഈ പത്രസമ്മേളനത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. പ്രതിപക്ഷ കക്ഷികളുടെ ചാനലുകൾ പോലും ഇതിന്റെ സംപ്രേക്ഷണത്തെ പ്രയോജനപ്പെടുത്തി. അവിടെയും ധാരാളം കാഴ്ചക്കാരുണ്ടായി. സ്വാഭാവികതയോടെയുള്ള നേരിടൽ കൊണ്ട് പിണറായി വിജയൻ ഇതിനെ വലിയ ഉയരങ്ങളിലെത്തിച്ചു.

ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹം പാകപ്പെട്ടു വന്നു എന്നതുപോലെ അദ്ദേഹത്തെ നേരിടുന്നതിൽ നമ്മുടെ മാധ്യമ പ്രവർത്തകരും പാകപ്പെട്ടു

എന്നാൽ ഇതു കൊണ്ടുണ്ടായ മുഖ്യ പ്രയോജനം മറ്റൊന്നായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനത്തെ ഇത് പരോക്ഷമായി ഏറെ സഹായിച്ചു. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനം ഇത്രയും കാര്യക്ഷമമായതിനു പിറകിൽ ഈ വൈകുന്നേരത്തെ ഇടപെടൽ വലിയ പ്രയോജനം ചെയ്തിട്ടുണ്ട് എന്ന് സൂക്ഷ്മ വിലയിരുത്തലിൽ കണ്ടെത്താൻ കഴിയും. ആരോഗ്യം, പൊലീസ്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളെ പ്രവർത്തനനിരതമാക്കുന്നതിലും പ്രേരണയായി വർത്തിക്കുന്നതിലും മുഖ്യമന്ത്രിയുടെ കരുതലോടെയുള്ള വാക്കുകൾ രാസത്വരകമായി വർത്തിച്ചിട്ടുണ്ട്. അവരിലൊക്കെ ഉത്തരവാദിത്ത്വബോധം നിലനിർത്തുന്നതിൽ ഇതിനൊരു പങ്കുണ്ട്. എത്ര ഗൗരവത്തോടെയാണ് ചെറിയ കാര്യങ്ങളെ പോലും അദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നത് ഉദ്യോഗസ്ഥരിൽ വലിയ സ്വാധീനം ചെലുത്തി. ഇതൊരു പരസ്പരപൂരക പ്രവർത്തനമായി മാറുകയായിരുന്നു. അഭിമാനത്തോടെ സ്വന്തം ജനതയുടെയും ലോകത്തിന്റെയും മുന്നിലെത്താൻ കഴിയുന്നു എന്നതിൽ മുഖ്യമന്ത്രി ആഹ്ലാദം കണ്ടെത്തിയിരിക്കാം. നിത്യേന മുഖ്യമന്ത്രിയിലൂടെ സംവേദനം ചെയ്യപ്പെടുകയും ലോകം വിസ്മയത്തോടെ നോക്കിക്കാണുകയും ചെയ്ത ഒരു പ്രവർത്തനത്തിന്റെ ഭാഗമായി എന്നതിൽ പങ്കാളികളായവരും ആഹ്ലാദിച്ചിരിക്കാം. അതുകൊണ്ടു തന്നെ അവയിൽ പിഴവുകൾ കുറവായിരുന്നു. സർക്കാരിന്റെ എല്ലാ യന്ത്രങ്ങളും പതിവിലും ശക്തിയായി പ്രവർത്തിച്ചു. കൊറോണ പ്രതിരോധത്തെ ഇത് മുന്നോട്ടു നയിച്ചു. നുണപ്രചരണങ്ങളെ തടയുന്നതിലും ഇത് സഹായിച്ചു. മാധ്യമ പ്രവർത്തകർ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ നോക്കിക്കാണാൻ തുടങ്ങി. അവരിലേക്ക് വരുന്ന വാർത്തകളെ അപ്പാടെ വിഴുങ്ങുന്ന പതിവുകൾക്ക് മാറ്റമുണ്ടായി.

"നിങ്ങൾ സൂചിപ്പിച്ച കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നോക്കിയിട്ടു പറയാം." ആ കണക്ക് ഇപ്പോൾ എന്റെ കയ്യിലില്ല. അതെടുക്കാം. "ജനങ്ങൾ കണ്ടുകൊണ്ടിരിക്കയല്ലേ. "ഇനി നാളെ കാണാം' തുടങ്ങിയ മറുപടികളിൽ നിറഞ്ഞിരിക്കുന്ന ആർജവം ജനാധിപത്യവാദിയായ ഒരു രാഷ്ട്രീയക്കാരന്റെ കൈമുതലാണ്. അങ്ങനെ നോക്കുമ്പോൾ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ കൂടുതൽ ജനാധിപത്യവത്ക്കരിക്കുന്നതിലും ഈ സായാഹ്ന സംവേദനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് കാണാം. ജനങ്ങളിൽ വിശ്വാസ്യത വളരാനും ഇതുമൂലം സാധിച്ചു. പകൽനേരങ്ങളിൽ തേടിയെത്തുന്ന വിവരങ്ങൾ അപ്പാടെ വിശ്വസിക്കുന്നതിന് പകരം, നോക്കാം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിയട്ടെ എന്ന ചിന്ത പലരിലും ഇത് സൃഷ്ടിച്ചു. ഇങ്ങനെ വളർന്നു വന്ന വിശ്വാസ്യത പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയെന്നതും നമ്മൾ കണ്ടതാണ്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ പിഴവുകൾ കണ്ടെത്താനും പത്രസമ്മേളനം ചില പ്രതിസന്ധികൾക്ക് കാരണമാകുന്നു എന്ന് വരുത്തിത്തീർക്കാനും അവർ കിണഞ്ഞു പരിശ്രമിച്ചു. അതിന്റെ ഫലമായി പലപ്പോഴും ഇളിഭ്യരാവേണ്ടിയും വന്നു. അതോടെ പ്രതിപക്ഷത്തിനെ തുറന്നു കാട്ടാനുള്ള അവസരമായും മുഖ്യമന്ത്രി ഇതിനെ മാറ്റി. പത്രസമ്മേളനം നിന്നു പോവുകയാണെങ്കിൽ ഏറ്റവും സന്തോഷിക്കുക കേരളത്തിലെ പ്രതിപക്ഷമായിരിക്കും.

ചോദ്യം ചെയ്യപ്പെടാത്ത അധികാരം ജനാധിപത്യത്തെ തകർത്തുകളയും. ചോദ്യങ്ങളെ നേരിടുന്നവർ ചിന്തിക്കേണ്ടതായി വരും

കൃത്യതയുള്ള അറിവിന്റെ ശക്തിയും ചോദ്യങ്ങളിലൂടെ ഉത്തരത്തിലേക്കെത്തുന്നതിന്റെ സൗന്ദര്യവും പകർന്നുതന്ന ഒന്നായി മാറിയ ഈ പത്രസമ്മേളനങ്ങൾ നിന്നു പോവേണ്ട ഒന്നല്ല. പ്രതിദിനമെന്നത് ഒഴിവാക്കാമെങ്കിലും, പ്രതിവാര പരിപാടിയായെങ്കിലും അത് തുടരേണ്ടതാണ്.

സമൂഹത്തെ ജാഗ്രതയോടെ നിർത്തുന്നതിലും സ്റ്റേറ്റിന്റെ സംവിധാനങ്ങളെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിലും അധികാരികളെ ഉത്തരവാദിത്തത്തോടെ ഇടപെടാൻ പ്രേരിപ്പിക്കുന്നതിലും മാധ്യമപ്രവർത്തന രംഗത്തെ ഉത്തേജിപ്പിക്കുന്നതിലും ഇത് കൂട്ടായി നിൽക്കും. അങ്ങനെ ഇതും ഒരു കേരള മോഡലാവട്ടെ. നമുക്ക് വേറിട്ട് തന്നെ മുന്നേറേണ്ടതുണ്ട്. ഈ ജനാധിപത്യ പ്രവർത്തനത്തിൽ ഇന്ത്യ നമ്മളെ പിന്തുടരാൻ ശ്രമിക്കട്ടെ.

ഇ.എം.എസ്

ചോദ്യം ചെയ്യപ്പെടാത്ത അധികാരം ജനാധിപത്യത്തെ തകർത്തുകളയും. ചോദ്യങ്ങളെ നേരിടുന്നവർ ചിന്തിക്കേണ്ടതായി വരും. ഇ.എം. എസ്സിന്റെ പഴയൊരു വാചകത്തോടെ ഇതവസാനിപ്പിക്കാം. "ചിന്തിക്കുന്ന മനസ്സുകൾ മാറ്റങ്ങൾക്ക് വിധേയമാകും'. ഈ സത്യവാചകത്തിന്റെ സാക്ഷ്യപത്രമായി പിണറായി വിജയൻ എന്ന നേതാവ് കേരളത്തിന്റെ മുന്നിൽ നിൽക്കുന്നു. ജനാധിപത്യത്തിന്റെ "വൈകുന്നേരങ്ങളെ' ഉപേക്ഷിക്കാൻ ഭരണാധികാരികളെ അനുവദിക്കരുത്. നമ്മുടെ സമൂഹത്തിന്റെ പ്രാണവായുവാണ് ജനാധിപത്യം. അതിനെ "രോഗാണു' മുക്തമാക്കുന്നതിൽ ആശയ കൈമാറ്റത്തിന് വലിയ പങ്കുവഹിക്കാനാവും.

Comments