ചില സന്ദേഹങ്ങളോടെ; ഇടതുരാഷ്ട്രീയത്തിന്റെ തുടർഭരണത്തെക്കുറിച്ച്​

കേരളീയ സമൂഹത്തെ പുറകോട്ടു നയിക്കില്ല എന്ന ഉറപ്പിന്റെ പിൻബലത്താൽ നമ്മൾ നടത്തേണ്ട തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കേരളത്തെ ഉത്തർപ്രദേശ് പോലൊന്നാക്കി മാറ്റാൻ അനുവദിക്കില്ല എന്ന ഉറപ്പ്. മോദിയുടെയും യോഗിയുടെയും അനുചരന്മാർക്ക് കേരളം വിട്ടുകൊടുക്കില്ല എന്ന ഉറപ്പ്. പതിറ്റാണ്ടുകൾ കൊണ്ട് ഒത്തൊരുമയോടെ കൈവരിച്ച നേട്ടങ്ങളെ വർഗീയ ശക്തികൾക്കു മുന്നിൽ അടിയറവു വെക്കില്ല എന്ന ഉറപ്പ്. ആ ഉറപ്പാണ് ഇന്നത്തെ കേരളം ആവശ്യപ്പെടുന്നത്.

കേരളം പൊതുതെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്.
പതിവുപോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും കേരളത്തിന്റെ അധികാരം പിടിച്ചെടുക്കാൻ തെരുവിൽ മത്സരിക്കുകയാണ്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യവും ശക്തി പരീക്ഷണത്തിന് ഗോദയിലുണ്ട്.

കേരളം ആരെ തെരഞ്ഞെടുക്കും? രാജ്യം ഉറ്റുനോക്കുന്ന ചോദ്യമാണത്. പതിവുരീതിയനുസരിച്ച് അഞ്ചു കൊല്ലം കൂടുമ്പോൾ മുന്നണികൾ മാറിമാറി ഭരണം കൈയാളുന്ന രീതിയാണ് കേരളത്തിലേത്. ഇങ്ങനെ മാറിമാറി വരുന്ന മുന്നണികൾ തമ്മിലുള്ള മത്സരബുദ്ധിയാണ് കേരളീയ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്ന് കേരളത്തെ സസൂക്ഷ്മം പഠിച്ച ചില സാമൂഹ്യ ശാസ്ത്രജ്ഞർ വിലയിരുത്തി കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും റോബിൻ ജെഫ്രിയെപ്പോലുള്ള പുറത്തുനിന്നുള്ള നിരീക്ഷകർ.

ജനാധിപത്യ കേരളത്തിന്റെ ആദ്യകാല ചരിത്രം പരിശോധിക്കുമ്പോൾ ഇതിൽ കുറച്ചൊക്കെ വാസ്തവമുണ്ടെന്നു കാണാം. ദേശീയബോധവും സാമൂഹ്യബോധവുമുള്ള, ഉന്നത മൂല്യം വച്ചു പുലർത്തിയ ഒരു തലമുറയാണ് ആദ്യകാല കേരളത്തെ സുസജ്ജമാക്കിയത്. അവരിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമുണ്ടായിരുന്നു. ദേശീയസമരത്തിൽ നിന്ന് ഊർജ്ജം കണ്ടെത്തിയ ഒരു തലമുറ നേതാക്കളാണ് അന്ന് കേരളത്തെ നയിച്ചത്. വിഭിന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുമ്പോഴും അവർ ഉയർന്ന മൂല്യബോധമുള്ളവരും കേരളത്തിന്റെ പൊതുബോധത്തെ ഉൾക്കൊണ്ടവരുമായിരുന്നു. എന്നാൽ അപ്പോഴും അവർ തമ്മിൽ മത്സരബുദ്ധിയുണ്ടായിരുന്നു. ജനാധിപത്യാധികാരം നേടുന്നതിലും ആ അധികാരം വിനിയോഗിക്കുന്നതിലും അത്തരം മത്സരബുദ്ധി പ്രവർത്തിച്ചുപോന്നു. അങ്ങനെ അവർ സൃഷ്ടിച്ച കേരളത്തെയാണ് നമ്മൾ ഇപ്പോൾ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ വ്യത്യസ്തമായിരിക്കുന്നത്. അതൊരു സാധാരണ വ്യത്യാസമല്ല. എല്ലാ രംഗത്തും നമ്മൾ വലിയ ഉയരം തന്നെ കൈവരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അസൂയാവഹമായ നേട്ടം തന്നെ നമ്മൾ നേടിയിട്ടുണ്ട്. ആധുനിക ലോകം ശ്രദ്ധിയ്ക്കത്തക്ക സാമൂഹ്യ വികസനം ഇവിടെ ഉണ്ടായി. അതൊരു ചെറിയ കാര്യമല്ല. ഇപ്പോൾ നമ്മുടെ മുന്നിലെ വെല്ലുവിളി അതിനെ നിലനിർത്തുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക എന്നതാണ്. പുതിയ സാഹചര്യത്തിൽ അതാരെ ഏൽപ്പിക്കണം? ആർക്കതിന് കരുത്തുണ്ട്? ഇതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ നമ്മൾ ചോദിക്കേണ്ട അടിസ്ഥാന ചോദ്യം.

പുതിയ സാഹചര്യം എന്നത് ആലങ്കാരികമായി വെറുതെ പറഞ്ഞതല്ല. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയാവസ്ഥയും അതിലൂടെ ഉരുത്തിരിഞ്ഞു വരുന്ന സാമൂഹ്യാവസ്ഥയും കണക്കിലെടുത്തുകൊണ്ടാണ് പുതിയ സാഹചര്യം എന്ന് വിശേഷിപ്പിച്ചത്. പൗരസ്വാതന്ത്ര്യം പരിമിതപ്പെട്ട, രാജ്യദ്രോഹികളെ കൃത്രിമമായി ഉണ്ടാക്കപ്പെടുന്ന ഒരവസ്ഥയിൽ, എല്ലാം മതത്തിന്റെ കണ്ണിലൂടെ കാണപ്പെടുന്ന ഒരു കാലത്ത് നമ്മൾ എന്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്? നീചമായ ഇത്തരം രാഷ്ട്രീയനീക്കങ്ങൾക്ക് സംസ്ഥാനങ്ങൾ വഴങ്ങിക്കൊടുക്കുന്ന കാഴ്ചയാണ് അടുത്തകാലത്തായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സവിശേഷ സാഹചര്യത്തിൽ കേരളം എന്തു നിലപാടെടുക്കണം? ഏപ്രിൽ ആറിലെ ജനവിധി ഈ ചോദ്യത്തെയാണ് മറ്റെന്തിലുപരി നേരിടേണ്ടത്.

കോൺഗ്രസിനെക്കുറിച്ച്

കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്ന ഇരുനേതൃത്വങ്ങളിലും വലിയ തോതിൽ മൂല്യശോഷണം സംഭവിച്ചു കഴിഞ്ഞു. അതൊരു നഗ്‌ന യാഥാർത്ഥ്യമാണ്. കാരണങ്ങൾ പലതുണ്ടാവാം. കാലത്തിന്റെ പ്രശ്‌നമാണെന്നും പറയാം. പുതുതായി ഉരുത്തിരിഞ്ഞു വന്ന പല വിധ സമ്മർദ്ദങ്ങളെയും കുറ്റപ്പെടുത്താം. അതൊക്കെയാണെങ്കിലും ഇങ്ങനെയൊരു പ്രശ്‌നമുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയവർ എന്ന നേരിയ മുൻതൂക്കം ഇപ്പോഴും കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്. തിരുത്ത് ആവശ്യമാണ് എന്നും ഇനിയും സ്ഥിതി വഷളാവരുത് എന്നും അവർ തിരിച്ചറിയുന്നു. എന്നാൽ കോൺഗ്രസ് ഉൾപ്പെട്ട സംഘം ഇങ്ങനെയൊരു പ്രശ്‌നത്തെപ്പറ്റി അറിയുകയോ വ്യാകുലപ്പെടുകയോ ചെയ്യാത്തത്ര മോശം അവസ്ഥയിലേക്ക് തരം താണുപോയിരിക്കുന്നു. അവർ കേരളത്തെപ്പറ്റി ചിന്തിക്കുന്നതേയില്ല. കേരളത്തെപ്പറ്റി അവർക്ക് സ്വപ്നങ്ങളില്ല.

കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, കെ. മുരളീധരൻ, രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ.
കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, കെ. മുരളീധരൻ, രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ.

കേരളീയ സമൂഹം ഇതിനകം കൈവരിച്ച നേട്ടങ്ങളെ കൈവിട്ടും പൊതുവിൽ കണ്ടുവരുന്ന സാമൂഹ്യമായ പിന്നോട്ടു നടത്തത്തിന് ഒത്താശ ചെയ്തും അധികാരം കൈക്കലാക്കുക എന്ന ഒറ്റ ആവശ്യത്തിലേക്ക് അവർ ചെറുതായിക്കഴിഞ്ഞിരിക്കുന്നു. വ്യക്തിഗതമായ സ്ഥാനമാനങ്ങൾക്കുവേണ്ടി മാത്രമാണ് അവർ ജനങ്ങൾക്കു മുന്നിലേക്ക് വന്നിട്ടുള്ളത്. അതുകൊണ്ടാണ് ജനക്കൂട്ടത്തിന്റെ വിഭാഗീയമായ ഇഷ്ടത്തിനു പോലും അവർ ബോധപൂർവം കൂട്ടുനിൽക്കുന്നത്. ജനങ്ങൾ കരുതുന്നതല്ല ശരി എന്ന് പറയാനും ശരിയെന്തെന്ന് ചൂണ്ടിക്കാട്ടി ജനക്കൂട്ടത്തെ ബോധ്യപ്പെടുത്താനും കോൺഗ്രസിന് ഇപ്പോൾ സാധിക്കുന്നില്ല. അവർക്കങ്ങനെയൊരു ദിശാബോധമില്ല. അതിനുള്ള ശക്തിയുമില്ല. ജനതയെ നയിക്കുക എന്ന അടിസ്ഥാന ദൗത്യം ആ പ്രസ്ഥാനം മറന്നു കഴിഞ്ഞിരിക്കുന്നു.

ഇടതുപക്ഷത്തിലും ഇത്തരം ചില ചാഞ്ചാട്ടങ്ങൾ കണ്ടെത്താനാവും. എന്നാലും അവർ ഇക്കാര്യത്തിൽ കോൺഗ്രസിനേക്കാൾ എത്രയോ ഭേദമാണ് എന്നാണ് ഞാൻ കരുതുന്നത്. ആൾക്കൂട്ടത്തിന്റെ ശരി മാത്രമാണ് ശരി എന്നവർ കരുതുന്നില്ല. പൊതുജനത്തിന്റെ വകതിരിവിൽ ഇടപെടാൻ പ്രസ്ഥാനം ശ്രമിക്കേണ്ടതുണ്ട് എന്നവർ തിരിച്ചറിയുന്നു. പൊതു ബോധനിർമ്മിതിയിൽ കരുതലോടെ അവർ ഇടപെടുന്നു. (തെരഞ്ഞെടുപ്പിൽ ജയിക്കാനായി നീക്കുപോക്കുകൾ ഒന്നും ചെയ്യുന്നില്ല എന്നല്ല ഇതിനർത്ഥം ). സൈദ്ധാന്തികമായി ജനപ്രിയ താൽപ്പര്യത്തിലുപരിയായ ഒരു വീക്ഷണം പല പ്രധാന വിഷയങ്ങളിലും അവർക്കുണ്ട്. അതവർ വ്യക്തമാക്കാറുമുണ്ട്. ബോധവൽക്കരണത്തിലൂടെ അണികളിലേക്കും ഇതവരെത്തിക്കാറുമുണ്ട്. ഈ രീതി കേരളത്തിന്റെ ദിശാബോധത്തിന് വെളിച്ചം പകരും.

ബി.ജെ.പിയെക്കുറിച്ച്

ഇനി കേരളത്തിൽ പൊടുന്നനെ വേരുകളുണ്ടാക്കാൻ തീവ്രശ്രമം നടത്തുന്ന ബി.ജെ.പി സഖ്യത്തെപ്പറ്റി പറയാം. അടിസ്ഥാനപരമായി അവർക്കൊരു കേരള ബേസില്ല. ഒരു കേരള നേതൃത്വവുമില്ല. തീവ്ര വലതുപക്ഷ നിലപാടുകൾ കൊണ്ടുനടക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ ചൊൽപ്പടിക്കനുസരിച്ച് തുളളുന്ന ചില ഏറാൻമൂളി നേതാക്കളാണ് അവർക്കിവിടെയുള്ളത്. കേരളീയ പൊതുബോധത്തോട് യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഒരു പാർട്ടിയാണ് ബി.ജെ.പി. കേരളം വർഷങ്ങൾക്കു മുമ്പേ അവഗണിച്ചു തള്ളിയ പഴഞ്ചൻ ആശയങ്ങളാണ് ബി.ജെ.പി മുഖ്യ അജണ്ടയിൽ ഇപ്പോഴും ചേർത്തുവെച്ചിരിക്കുന്നത്. സമത്വത്തിലും ജനാധിപത്യ മൂല്യത്തിലും മതേതരത്വത്തിലും വിശ്വാസമില്ലാത്തവരാൽ നയിക്കപ്പെടുന്നവരുടെ ഒരു കൂട്ടായ്മ. ഒട്ടും വികസിതമല്ലാത്ത വടക്കേ ഇന്ത്യൻ സാമൂഹ്യബോധത്തിന്റെ അളവുകോൽ കൊണ്ട് ലോകത്തെ നോക്കിക്കാണുന്നവർ. അവരാണ് കേരളത്തെ പിടിച്ചടക്കാൻ ഹിന്ദുവിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. വർഗീയമായ വിഭാഗീയതയിലൂടെ പൊതുസമൂഹത്തെ പിച്ചിചീന്തി അധികാരം നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. അവർ ഓരോ നോക്കിലൂടെയും വാക്കിലൂടെയും കേരളത്തെ പുറകോട്ടു വലിച്ചിഴയ്ക്കുകയാണ്.

കെ.സുരേന്ദ്രൻ, അമിത് ഷാ, ഇ. ശ്രീധരൻ, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ ബി.ജെ.പി പരിപാടിയ്ക്കിടെ
കെ.സുരേന്ദ്രൻ, അമിത് ഷാ, ഇ. ശ്രീധരൻ, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ ബി.ജെ.പി പരിപാടിയ്ക്കിടെ

ഇതാണ് നമ്മൾ തിരിച്ചറിയേണ്ടത്. ഇടതിന്റെയോ കോൺഗ്രസിന്റെയോ പോരായ്മകൾക്കുള്ള മറുമരുന്നല്ല ബി.ജെ.പി. നമുക്ക് പരിചിതരായ രണ്ടു മുന്നണികളോടുമുള്ള അനിഷ്ടങ്ങൾക്ക് പകരം വെക്കാനുള്ള രാഷ്ട്രീയമല്ല സംഘപരിവാർ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം. അവർ കേരളത്തെ വെറുമൊരു ഇന്ത്യൻ സംസ്ഥാനമായി ചുരുക്കിക്കാണുകയേ ഉള്ളൂ. കേരളത്തിന്റെ സവിശേഷതകളെ മനസ്സിലാക്കാനോ, അംഗീകരിക്കാനോ അവർക്ക് സാധ്യമല്ല. സത്യത്തിൽ കേരളം അവർക്കോ, അവർക്ക് കേരളമോ ചേർന്നതല്ല. അധികാരത്തിന്റെ കണക്കു പുസ്തകത്തിൽ ഇതിനൊന്നും പ്രസക്തിയില്ലല്ലോ. അതിനാൽ ഏതുവിധേനയും കേരളം പിടിച്ചെടുക്കാൻ അവർ ശ്രമിച്ചെന്നു വരും. അതിന്റെ പല ലക്ഷണങ്ങളും ഇതിനകം നമ്മുടെ മുന്നിൽ അരങ്ങേറിക്കഴിഞ്ഞതുമാണല്ലോ.

പിണറായി വിജയൻ സർക്കാറിനെക്കുറിച്ച്

ഒരു തുടർഭരണമുണ്ടായാലുള്ള ദോഷങ്ങളെപ്പറ്റിയും ഒരു വശത്ത് ചർച്ച സജീവമാവുന്നുണ്ട്. അതു കാണാതെയല്ല ഞാനീ വാദം മുന്നോട്ടു വെക്കുന്നത്. ഇപ്പോൾ അതത്ര പ്രസക്തമായ ഒരു പ്രശ്‌നമല്ലെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ചിന്തിക്കാനുള്ള ഒരു രാഷ്ട്രീയ സാഹചര്യത്തിലൂടെയല്ല നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്നത് എന്നോർക്കണം. അതാണ് മുകളിൽ സൂചിപ്പിച്ച ഇന്ത്യനവസ്ഥ എപ്പോഴും ഓർമയിലുണ്ടാവണം. മറ്റെല്ലാം മാറ്റിവെച്ച് തുടർഭരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേരളം വോട്ടു ചെയ്താൽ എന്തു സംഭവിക്കും? സ്വാഭാവികമായും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിൽ വരും. അത് നിലനിൽക്കുമോ? അതിന് കേരളത്തെ മുന്നോട്ടു നയിക്കാനുള്ള ത്രാണിയുണ്ടാകുമോ? അത്തരമൊരു സർക്കാരിനെ കേന്ദ്ര ഗവൺമെന്റും ബി.ജെ.പിയും എങ്ങനെ കൈകാര്യം ചെയ്യും? മറ്റിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾക്ക് എന്തു സംഭവിച്ചു എന്ന മുന്നനുഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചു നോക്കുക. ജനാധിപത്യത്തിലെ കുതിരക്കച്ചവടത്തിന്റെയും ചാക്കിട്ടുപിടുത്തത്തിന്റെയും മറ്റൊരു മാർക്കറ്റായി കേരളം അധഃപ്പതിക്കാനിടയുണ്ട്. അതിനുള്ള അവസരം മോദി സർക്കാരിന് നമ്മളായി ഒരുക്കിക്കൊടുക്കരുത്. അത്തരമൊരു സാഹചര്യം നേരിടാനുള്ള കരുത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനോ, കേരളത്തിലെ ഗ്രൂപ്പു നേതൃത്വങ്ങൾക്കോ ഇല്ല. ഇതെല്ലാം കണക്കിലെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളീയ സമൂഹത്തിന്റെ മുന്നിലുള്ളത്.

ഇടതു പക്ഷത്തിന്റെ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അവർ അഴിമതിരഹിത ഭരണം കാഴ്ചവെച്ചു എന്നോ, മറ്റെല്ലാ രീതിയിലും കുറ്റമറ്റതായിരുന്നു എന്നോ വാദിക്കാൻ ഞാനാളല്ല. അത്തരം അവകാശവാദത്തിനൊന്നും ഞാനില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പലതും അന്തരീക്ഷത്തിലുണ്ട്. ഒരു ജനാധിപത്യവാദിയ്ക്ക് നീതികരിക്കാനാവാത്ത പലതിനും അവർ കൂട്ടുനിന്നിട്ടുണ്ട്. തിരുത്തേണ്ട പലതും ചൂണ്ടിക്കാണിക്കാനായുണ്ട്.

എഴുപതുകളിലെ അച്യുതമേനോൻ ഭരണകാലത്തെയാണ് ഇപ്പോഴത്തെ പിണറായി വിജയൻ ഭരണം ഓർമിപ്പിക്കുന്നത്. ഒരുപാട് വികസന പ്രവർത്തനങ്ങൾക്ക് അന്ന് അച്യുതമേനോൻ മന്ത്രിസഭ നേതൃത്വം കൊടുത്തു. ഇപ്പോൾ പിണറായി വിജയനും അക്കാര്യത്തിൽ ശ്രദ്ധ വെച്ചു. പൊലീസിന്റെ മനുഷ്യത്വരഹിതമായ നിരവധി ഇടപെടലുകൾ അച്യുതമേനോന്റെ ഭരണകാലത്തുണ്ടായി. പിണറായി വിജയൻ മന്ത്രിസഭ അക്കാര്യത്തിലും അച്യുതമേനോൻ മന്ത്രിസഭയോടാണ് മത്സരിച്ചത്. അന്ന് വികസനത്തിന് മുഖ്യമന്ത്രിയായ അച്യുതമേനോനും പൊലീസ് തേർവാഴ്ചയ്ക്ക് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരനും നേതൃത്വം നൽകി. ഇവിടെയിപ്പോൾ രണ്ടിനും നേതൃത്വം നൽകിയത് ഒരാളാണെന്നേയുള്ളൂ- സഖാവ് പിണറായി വിജയൻ. ഇതു മാത്രമാണ് പ്രധാന വ്യത്യാസം. ഇതൊക്കെ മനസ്സിലാക്കിയിട്ടും എന്നിലെ ജനാധിപത്യവാദി ഇടതുപക്ഷത്തിനു വേണ്ടി വാദം മുന്നോട്ടു വെക്കുകയാണ്. കാരണം ഈ ചൂണ്ടിക്കാട്ടിയവയൊക്കെ തിരുത്താവുന്ന തെറ്റുകളാണ്. നമ്മൾ മറിച്ചു ചിന്തിച്ചാൽ നമുക്ക് മുന്നിൽ അരങ്ങേറാൻ പോവുന്നത് തിരുത്ത് അസാധ്യമായ വലിയ ദുരന്തങ്ങളാണ്. തലമുറകൾ വില കൊടുക്കേണ്ടി വരുന്ന തെറ്റുകൾ. അതിനെയാണ് നമ്മൾ തടയേണ്ടത്.

എന്തുകൊണ്ട് എൽ.ഡി.എഫ്?

ചിത്രം ഇതോടെ വ്യക്തമാവുകയാണ്. സമഗ്ര വിശകലനത്തിൽ കേരളത്തിന്റെ മുന്നിൽ ഒരു പോംവഴി മാത്രമെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തുറന്നു കിടപ്പുള്ളു. അത് ഇടത് രാഷ്ട്രീയത്തെ വീണ്ടും അധികാരത്തിലേറ്റുക എന്നതു മാത്രമാണ്. അത് ഭരണനേട്ടത്തിന്റെ പേരിലോ, വികസന മുന്നേറ്റത്തിന്റെയോ മാത്രം പേരിലോ അവർക്ക് തുറന്നുകിട്ടിയ വഴിയല്ല. അതിലുമൊക്കെ വലിയ ഒരടിസ്ഥാന മികവിന്റെ പശ്ചാത്തലത്തിൽ തുറക്കപ്പെടേണ്ട വഴിയാണത്. കേരളീയ സമൂഹത്തെ പുറകോട്ടു നയിക്കില്ല എന്ന ഉറപ്പിന്റെ പിൻബലത്താൽ നമ്മൾ നടത്തേണ്ട തെരഞ്ഞെടുപ്പാണത്. കേരളത്തെ ഉത്തർപ്രദേശ് പോലൊന്നാക്കി മാറ്റാൻ അനുവദിക്കില്ല എന്ന ഉറപ്പ്. മോദിയുടെയും യോഗിയുടെയും അനുചരന്മാർക്ക് കേരളം വിട്ടുകൊടുക്കില്ല എന്ന ഉറപ്പ്. പതിറ്റാണ്ടുകൾ കൊണ്ട് ഒത്തൊരുമയോടെ കൈവരിച്ച നേട്ടങ്ങളെ വർഗീയ ശക്തികൾക്കു മുന്നിൽ അടിയറവു വെക്കില്ല എന്ന ഉറപ്പ്. ആ ഉറപ്പാണ് ഇന്നത്തെ കേരളം ആവശ്യപ്പെടുന്നത്. അതാണ് LDF ന്റെ ഉറപ്പ്. അതാണ് പിണറായി വിജയനും കൂട്ടരും മുന്നോട്ടു വെക്കുന്ന ഉറപ്പ്.

എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്
എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്

ജയിക്കേണ്ടത് വ്യക്തികളല്ല. എൽ.ഡി.എഫാണ്. കേരളം തോറ്റു പോവാതിരിക്കാൻ, കേരളം പുറകോട്ടു നടക്കാതിരിക്കാൻ ഇടതു ജനാധിപത്യ മുന്നണി ജയിക്കണം. അവസാന കണക്കുകൾ തെറ്റാതിരിക്കാൻ ആളും തരവും നോക്കാതെ എല്ലാ എൽ.ഡി. എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുക. ഇത് അസാധാരണ സാഹചര്യമാണ്. നമ്മുടെ നാടിന്റെ ഭാവിയെ നിർണയിക്കാൻ പോകുന്ന ഒരു അസാധാരണ മുഹുർത്തവുമാണ്. ഏപ്രിൽ ആറിന് കേരളം തോറ്റു പോവാതിരിക്കാനുള്ള ഒരു കരുതൽ. കേരളത്തെ തോൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവരെ തിരിച്ചറിയുക. LDF ന്റെ ഉറപ്പിന് കരുത്തു പകരുക. ഭാവി തലമുറയുടെ സ്വസ്ത ജീവിതത്തിനായി കേരളത്തിന്റെ നവോത്ഥാന മൂല്യത്തിലൂന്നിയ പൊതുബോധത്തെ നിലനിർത്തുക. വിധ്വംസക രാഷ്ടീയത്തെയും വഴങ്ങലിന്റെ രാഷ്ട്രീയത്തെയും വോട്ടിലൂടെ തോല്പിക്കുക. ഈ അവസരം ഇനിയും ലഭിക്കണമെന്ന് ഉറപ്പു വരുത്തുന്നതിൽ പോലും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.

ഉറപ്പുള്ള രാഷ്ട്രീയം വിജയം നേടട്ടെ. കേരളത്തിന്റെ ഭാവിയും ഉറപ്പുള്ളതാവട്ടെ. നമുക്കിനിയും സ്വപ്നം കാണാനും അവ യാഥാർത്ഥ്യമാക്കാനും കഴിയണം. മറ്റുള്ളവർ ഈ കൊച്ചുകേരളത്തെ നോക്കി അസൂയപ്പെടണം.



Summary: കേരളീയ സമൂഹത്തെ പുറകോട്ടു നയിക്കില്ല എന്ന ഉറപ്പിന്റെ പിൻബലത്താൽ നമ്മൾ നടത്തേണ്ട തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കേരളത്തെ ഉത്തർപ്രദേശ് പോലൊന്നാക്കി മാറ്റാൻ അനുവദിക്കില്ല എന്ന ഉറപ്പ്. മോദിയുടെയും യോഗിയുടെയും അനുചരന്മാർക്ക് കേരളം വിട്ടുകൊടുക്കില്ല എന്ന ഉറപ്പ്. പതിറ്റാണ്ടുകൾ കൊണ്ട് ഒത്തൊരുമയോടെ കൈവരിച്ച നേട്ടങ്ങളെ വർഗീയ ശക്തികൾക്കു മുന്നിൽ അടിയറവു വെക്കില്ല എന്ന ഉറപ്പ്. ആ ഉറപ്പാണ് ഇന്നത്തെ കേരളം ആവശ്യപ്പെടുന്നത്.


Comments