കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ നിന്നും / Photo : Muhammed Fasil

ഒരു അഭ്യുദയകാംക്ഷിയുടെ ആശങ്കകൾ

(സി.പി.എം പാർട്ടി കോൺഗ്രസിനുശേഷം)

​​​​​​​പുറത്തുകാണിക്കാനുള്ളത് ആർഭാടം മാത്രം എന്ന രീതി സി.പി.എമ്മിന് ചേർന്നതല്ല. അകക്കാമ്പിലെ ഊർജ്ജം അറിയാൻ കാത്തിരിക്കുന്ന വലിയൊരു സമൂഹം കേരളത്തിലെങ്കിലുമുണ്ട്. അവരോടൊപ്പം വേണം പാർട്ടി വളർന്നുമുന്നേറാൻ.

ന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ സി.പി.എമ്മിന്റെ 23ാമത്​ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടന്നുകഴിഞ്ഞു. തികച്ചും അസാധാരണ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോൾ സി.പി.എമ്മിന് എന്താണ് ഇന്ത്യയിലെ ജനാധിപത്യപ്രേമികളോട് പറയാനുള്ളത്?

വിശദമായ പര്യാലോചനകളുടെ പിൻബലത്തോടെ മാത്രം രാഷ്ട്രീയ നിലപാട് കൈക്കൊള്ളുന്ന ഒരു പാർട്ടി എന്ന നിലയിൽ സി.പി.എം പാർട്ടി കോൺഗ്രസിന് പ്രാധാന്യവും പ്രസക്തിയുമേറെയുണ്ട്. ഭക്തരെപ്പോലെ വിനീതരായ അനുയായികൾക്ക് സമ്മേളനത്തിന്റെ ആർഭാടവും പൊടിപ്പും തൊങ്ങലുമൊക്കെ കൊണ്ട് തൃപ്തിയടയാം. അത് ആവശ്യത്തിൽ കൂടുതൽ കണ്ണൂരിലുണ്ടായിരുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ നിന്ന്​ മനസ്സിലാക്കുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ സി.പി.എം എന്ന പാർട്ടിക്ക് ഗൗരവമായി ഇടപെടാൻ ഒരിടമുണ്ട് എന്നും അത് ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കേണ്ട സമയമാണ് ഇപ്പോൾ അവർക്കു മുന്നിലുള്ളതെന്നും വിശ്വസിക്കുന്ന വലിയൊരു കൂട്ടം അഭ്യുദയകാംക്ഷികളുടെ മുന്നിൽ നാലു ദിവസത്തെ ഈ പാർട്ടി കോൺഗ്രസ് എന്താണ് മുന്നോട്ടുവെച്ചിട്ടുള്ളത്?

പാർട്ടി കോൺഗ്രസിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പിണറായി വിജയൻ, സീതാറാം യെച്ചൂരി / Photo: Shafeeq Thamarassery
പാർട്ടി കോൺഗ്രസിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പിണറായി വിജയൻ, സീതാറാം യെച്ചൂരി / Photo: Shafeeq Thamarassery

നിർഭാഗ്യവശാൽ നമ്മുടെ ദിനപത്രങ്ങളൊന്നും ഈ സമ്മേളനത്തിന്റെ വിശദാംശങ്ങൾ ഗൗരവത്തോടെ റിപ്പോർട്ടു ചെയ്തു കാണുന്നില്ല. വ്യക്തികളെക്കുറിച്ചുള്ള അപദാനങ്ങൾക്കപ്പുറത്തേക്ക് കടന്നുചെല്ലാൻ അവർക്കൊന്നും താല്പര്യമില്ലെന്നു വേണം കരുതാൻ. പോളിറ്റ് ബ്യുറോയിൽ നിന്ന് ആരൊക്കെ ഒഴിവാക്കപ്പെട്ടു, പുതുതായി ആരെയൊക്കെ ഉൾപ്പെടുത്തി, കേന്ദ്ര കമ്മറ്റിയിലെ മാറ്റങ്ങളെന്തൊക്കെ എന്നതിനപ്പുറം കടന്നുചെല്ലാൻ മലയാള മാധ്യമങ്ങൾ ശ്രമിച്ചിട്ടില്ല. എന്നാൽ പാർട്ടി കോൺഗ്രസിനകത്ത് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളും ഇന്ത്യൻ മാർക്‌സിസം നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തിട്ടുണ്ടാവണം. രാഷ്ട്രീയ പ്രമേയത്തിന്റെ കാതൽ അതായിരിക്കുമല്ലോ. അത്തരം ആലോചനകളെന്തൊക്കെ എന്നതാണ് ഇടതുപക്ഷ സ്‌നേഹികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

അടിച്ചേൽപ്പിക്കപ്പെടുന്ന വംശീയ ജനാധിപത്യം

ഇന്ത്യൻ രാഷ്ട്രീയത്തെ നരേന്ദ്ര മോദിയും സംഘപരിവാറും ചേർന്ന് മൊത്തത്തിൽ നിയന്ത്രിക്കുന്ന ഒരവസ്ഥ യാഥാർത്ഥ്യമായിരിക്കുന്നു. അവരുടെ താല്പര്യങ്ങൾക്കനുകൂലമായി സമൂഹത്തെ ചലിപ്പിക്കാനായി ഭരണകൂട ആവനാഴിയിലെ സകല ശരങ്ങളും അവർ ആവേശപൂർവ്വം ഉപയോഗിക്കുന്നുണ്ട്. സമൂഹം മെല്ലെ മെല്ലെ ‘മറ്റൊരു വഴിയുമില്ലല്ലോ, അനുഭവിക്കുക തന്നെ' എന്ന നിരാശ കലർന്ന നിലപാടിലേക്ക് കടന്നുകഴിഞ്ഞു. ഭരണപക്ഷവും മറുപക്ഷവും തമ്മിലുള്ള അന്തരം ഭ്രമാത്മകമാണ്. ഇതിന്റെ ലക്ഷണങ്ങൾ തെരഞ്ഞെടുപ്പുകളിലും സാമൂഹ്യമായ പൊതുവേദികളിലും ഇപ്പോൾ തന്നെ കാണാൻ കഴിയുന്നുണ്ട്. പ്രശസ്ത ഇന്ത്യൻ രാഷ്ട്രീയ പഠിതാവായ ക്രിസ്റ്റഫർ ജഫ്രലോട്ടൊക്കെ ഭയപ്പെടുന്നതുപോലെ, വംശീയ ജനാധിപത്യം (Ethnic Democracy) അടിച്ചേല്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പിയും അനുയായികളും. അതായത്, ഇന്ത്യ ഭൂരിപക്ഷ മതസ്തരായ ഹിന്ദുക്കളുടേതാണ്, മറ്റെല്ലാ മതസ്തരും രണ്ടാംതരം പൗരന്മാരാണ് എന്നിങ്ങനെയുള്ള പൊതുവികാരനിർമ്മിതി സംഭവിച്ചുകൊണ്ടിരിക്കുന്നു. അതോടെ, ഹിന്ദുക്കൾ ഭരിക്കേണ്ട രാജ്യം എന്ന തീരുമാനത്തിന് ജനാധിപത്യത്തിന്റെയോ, തെരഞ്ഞെടുപ്പുകളുടേയോ ആവശ്യം പോലുമില്ല, അത് സെൻസസ് നോക്കി ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. ഇത്തരം ചിന്തകളിലേക്ക് ജനങ്ങളെ എത്തിക്കാനും അതുവഴി രാജ്യം അവരുടേതാക്കി മാറ്റാനും അവർ കിണഞ്ഞു പരിശ്രമിക്കുകയാണ്.

Photo : CPIM 23rd Party Congress
Photo : CPIM 23rd Party Congress

ന്യൂനപക്ഷ മതസ്തരെ ഭയപ്പെടുത്തി ഒറ്റപ്പെടുത്തുകയും പ്രകോപിപ്പിച്ച് ഹിന്ദുക്കളുടെ ശത്രുപക്ഷത്താക്കാകുകയും ചെയ്യുകയാണ്. ദിനം പ്രതി ഇത്തരം സംഭവങ്ങൾ നമ്മളറിയുന്നുണ്ട്. ഇതിലെല്ലാം ഭരണകൂടം അവർ പ്രതീക്ഷിച്ചതിലേറെ വിജയം കാണുന്നു. ബഹുസ്വര സമൂഹമായ ഇന്ത്യ മുന്നോട്ടുവെച്ച മതേതരചിന്ത നമ്മുടെ പൊതുമണ്ഡലത്തിൽ നിന്ന്​ ഒരു പരിധി വരെ പിൻവാങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ കോർപറേറ്റ് മുതലാളി വർഗം ഇതുമായി പൊരുത്തപ്പെടാൻ പഠിച്ചുകഴിഞ്ഞു. ഇതെല്ലാം തടസ്സം കൂടാതെ നടപ്പിലാക്കാനായി ഭരണകൂട ഭീകരത നിർബാധം തുടരും. അതിനാവശ്യമായ നിയമനിർമ്മാണങ്ങൾ നിരന്തരം നടന്നുവരുന്നു. ഇത്തരം യാഥാർത്ഥ്യങ്ങളെപ്പറ്റിയും ഇതിനെയൊക്കെ പ്രതിരോധിക്കാൻ എന്തു നിലപാടിലേക്കാണ് ഇടതുപക്ഷ പ്രസ്ഥാനം പോകേണ്ടത് എന്നതിനെപ്പറ്റിയും സി.പി.എം പാർട്ടി കോൺഗ്രസ് വിശാല കാഴ്ചപ്പാടോടെ ചർച്ച ചെയ്തുവോ? ഉണ്ടാവും എന്നാണ് നമ്മളൊക്കെ പ്രതീക്ഷിക്കുന്നത്.

സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിൽ നിന്നും /  Photo: Shafeeq Thamarassery
സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിൽ നിന്നും / Photo: Shafeeq Thamarassery

ആദ്യമായി വേണ്ടത്, ഇന്ന് രാജ്യത്ത് നിലവിലുള്ളത്, മുകളിൽ സൂചിപ്പിച്ചതു പോലുള്ള അസാധാരണമായ സാഹചര്യമാണ് എന്ന് തിരിച്ചറിയുകയാണ്. അഥവാ, അത് ഉൾക്കൊണ്ടുകൊണ്ടുള്ള അസാധാരണ നിലപാടുകൾക്ക് നേതൃത്വം കൊടുക്കേണ്ടതുണ്ട് എന്ന് ബോദ്ധ്യപ്പെടുകയാണ് വേണ്ടത്. അങ്ങനെയൊരു ബോദ്ധ്യപ്പെടലിന്​ തടസ്സമായേക്കാവുന്ന, പാർട്ടിക്കകത്തെ സങ്കുചിത നിലപാടുകളെ ചർച്ചയിലൂടെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. അതിന് തുനിഞ്ഞിട്ടുണ്ടോ എന്നത് ഒരാശങ്കയായി പുറത്തുള്ളവരിൽ നിലനിൽക്കുന്നു.

2024 ൽ നടന്നേക്കാവുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ദേശീയ തലത്തിൽ പരാജയപ്പെടുത്തുക എന്നത് ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ട സുപ്രധാന കാര്യമാണ്. ഭരണഘടനയെപ്പോലും മാറ്റിയെഴുതി ഇന്ത്യൻ ജനാധിപത്യത്തെ പൂർണമായും കശാപ്പു ചെയ്യുക എന്ന അജണ്ടയുമായാണ് ബി.ജെ.പി 2024-നെ നോക്കിക്കാണുന്നത്. ഇന്ത്യയെ അവർ ഒരു ഹിന്ദു ഇന്ത്യയാക്കി മാറ്റും. മതന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കും. ബഹുസ്വര സംസ്‌കാരം ഇല്ലാതാക്കും. അഭിപ്രായ സ്വതന്ത്ര്യം വെറും മിഥ്യയാവും. ഹിന്ദി അടിച്ചേല്പിക്കും. ഇന്ത്യ പൂർണമായും മറ്റൊരിന്ത്യയാവും. ഇതിനെ എങ്ങനെ തടയാനാവും എന്നതാണ് ജനാധിപത്യവാദികളുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം. ചെറുത്തുനില്പുകൾ പരാജയപ്പെടുകയാണ്. ഇതിനെ ഇന്നലെകളുടെ രാഷ്ട്രീയ ഉത്തരങ്ങൾ കൊണ്ട് നേരിടാനാവില്ല. മുൻപെങ്ങും പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ സി.പി.എം തിരിച്ചറിഞ്ഞുവോ?
ഇതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തിയോ?

ഇല്ലെന്നു വേണം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ.
പാർട്ടിയുടെ സമുന്നത ബോഡിയായ പോളിറ്റ്ബ്യൂറോയിലുള്ളവർ തന്നെ മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റു സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ചു എന്നത് അത്ഭുതമല്ല; ഭയമാണ് ജനാധിപത്യവിശ്വാസികളിലുളവാക്കിയത്. അതെന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? ഇന്ത്യനവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണാനുള്ള ഒരു വിസമ്മതം ആ പ്രസ്താവനയ്ക്കു പുറകിലില്ലേ എന്ന് സംശയിക്കാവുന്നതാണ്. ഇതാർക്കാണ് ഗുണം ചെയ്യുക? വർഗീയവാദികളല്ലാത്ത ഹിന്ദുക്കളിൽ ഇത് സംശയത്തിനിടയാക്കും. അവരുടെ ജനാധിപത്യ ബോധം പൂർവ്വാധികം ശക്തിയോടെ നിലനിന്നാൽ മാത്രമേ മതേതര-സോഷ്യലിസ്‌റ് ഇന്ത്യയെ കാത്തു സൂക്ഷിക്കാനാകൂ. അതിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തരുത്.

Photo: Muhammed Fasil
Photo: Muhammed Fasil

ഇനി, സിതാറാം യെച്ചൂരിയുടെ ചില പ്രസ്താവാനകളിൽ നിന്ന്​ ചിലതൊക്കെ വായിച്ചെടുക്കാൻ കഴിയും. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷമുന്നണിയുണ്ടാക്കുക എന്നത് ഇന്ത്യയിൽ പതിവില്ലെന്നും അത് പ്രായോഗികമല്ലെന്നുമാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രധാനമായും പറഞ്ഞുവെച്ചത്. പതിവുകളിലേക്കും ഇന്നലെകളിലെ പ്രായോഗികതാവാദത്തെ മുൻനിർത്തിക്കൊണ്ടും നടത്തേണ്ട ഒരു പോരാട്ടമല്ല ഇന്നത്തെ ഇന്ത്യയിലുള്ളത് എന്ന കാര്യം സൗകര്യപൂർവ്വം യെച്ചൂരി മറച്ചു പിടിക്കുകയാണ്. അത്തരം നിലപാടുകളിലെ അപകടങ്ങൾ മറ്റാരേക്കാളും നന്നായി അറിയാവുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് സീതാറാം യെച്ചൂരി എന്നോർക്കണം. നിർഭാഗ്യവശാൽ പ്രദേശിക സമ്മർദ്ദങ്ങളാണ് സി.പി.എമ്മിന്റെ ദേശീയ നിലപാടുകളിൽ നിർണായക സ്വാധീനം ചെലുത്തുന്നത്. അധികാരം കയ്യാളുന്ന സംസ്ഥാന നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങാൻ ദേശീയ നേതൃത്വം നിർബന്ധിതമാവുന്നു. അത് കെ-റെയിലിന്റെ കാര്യത്തിൽ പകൽ പോലെ വ്യക്തവുമാണ്. കെ. റെയിൽ പദ്ധതി മുന്നോട്ടു വെക്കുന്ന ദൂരവ്യാപകമായതും അല്ലാത്തതുമായ അപകടങ്ങളെപ്പറ്റി ആലോചിക്കുവാനും ഉത്തരം തേടാനും ഈ പാർട്ടി കോൺഗ്രസ് തയ്യാറായിട്ടുണ്ടോ? വികസനവും പാരിസ്ഥിതിക പ്രതിസന്ധികളും ചർച്ചയാവേണ്ടതില്ലേ? വിദേശ മൂലധനവും കടക്കെണിയും നവലിബറൽ വിരുദ്ധർക്ക് ചർച്ച ചെയ്യേണ്ടതില്ലെന്നാണോ? ജനഹിതത്തെ രാഷ്ട്രീയക്കണ്ണിലൂടെ മാത്രമേ കാണൂ എന്നത് ഫാസിസ്റ്റു രീതിയല്ലേ? ഇതൊന്നും ചിന്തിക്കാതെ കേരള മോഡൽ ബദൽ രാഷ്ടീയമായി ഇന്ത്യക്ക് മുന്നിൽ വെക്കും എന്ന് തീരുമാനിക്കുന്നതെങ്ങനെ?

സി.പി.എം 23ാം പാർട്ടി കോൺഗ്രസിലെ പ്രതിനിധി സമ്മേളനത്തിൽ നിന്നും / Photo: Shafeeq Thamarassery
സി.പി.എം 23ാം പാർട്ടി കോൺഗ്രസിലെ പ്രതിനിധി സമ്മേളനത്തിൽ നിന്നും / Photo: Shafeeq Thamarassery

കേരളത്തെ യൂറോപ്യൻ രാജ്യങ്ങളുമായി നടത്തിയ താരതമ്യം വിചിത്ര ഫലിതമായിരുന്നു. ഏതോ ചില മാനവ വികസന തോതുകളിലെ സാമ്യമാണ് അതിന്റെ പിന്നിലെ അടിസ്ഥാനമായി പറഞ്ഞത്. എന്നാൽ അവിടെയില്ലാത്ത (അവിടെയുള്ളവർ വ്യക്തമായ ചരിത്ര- രാഷ്ട്രീയ- പാരിസ്ഥിതിക- ശാസ്ത്രീയ ബോദ്ധ്യങ്ങളോടുകൂടി തിരുത്തിയ) പലതും ഇവിടെ ഇപ്പോഴുമുണ്ടെന്ന് സഖാവ് യെച്ചൂരിയെ ഖേദപൂർവ്വം ഓർമിപ്പിക്കേണ്ടി വരുന്നു. ഇവിടെ പ്രളയം വന്നു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഭീതിദമായ പ്രത്യാഘാതങ്ങൾ ഉറപ്പുള്ള, പ്രകൃതിക്കുമേലുള്ള ചിന്താരഹിതവും അശാസ്ത്രീയവുമായ കടന്നുകയറ്റങ്ങളുണ്ട്. ഇനിയും പരിഹരിക്കപ്പെടാത്ത എൻഡോസൾഫാൻ പ്രശ്‌നമുണ്ട്. ആദിവാസി ഭൂമിപ്രശ്‌നങ്ങളുണ്ട്. അലൻ - താഹ പ്രശ്‌നമുണ്ട്. അഴിമതിയുണ്ട്. ഫ്യൂഡൽ മനോഭാവം വെച്ചു പുലർത്തുന്ന കമ്യൂണിസ്റ്റു നേതാക്കൾ പോലുമുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളുണ്ട്. പ്രതിഷേധങ്ങളെയും എതിരഭിപ്രായങ്ങളെയും എന്തിനേറെ, സംശയങ്ങളെപ്പോലും ദേശദ്രോഹമെന്നും വികസനവിരുദ്ധമെന്നും തീവ്രവാദമെന്നും മുദ്രകുത്തുന്ന, ജനാധിപത്യസമൂഹത്തിന്റെ നിലനില്പിന്റെ കാതലായ അവയെയെല്ലാം അടിച്ചമർത്തുകയും നിശബ്ദമാക്കുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണതകളുണ്ട്. ഇവിടെയങ്ങനെ തീരാത്ത നിരവധി പ്രശ്‌നങ്ങളുണ്ട്.
ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതോ തിരുത്തപ്പെട്ടതോ ആയ പ്രശ്‌നങ്ങളുമായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളം കഴിഞ്ഞു കൂടുന്നത്.

ഭരണകൂട വ്യതിയാനങ്ങളെ പോലും പാർട്ടി കണ്ടില്ലെന്ന് നടിക്കുന്നത് ഇന്നിവിടെ ഒരു രീതിയായി മാറിയിരിക്കുന്നു. പാർട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് ധരിച്ചിരുന്ന കാലം അങ്ങകലെയൊന്നുമായിരുന്നില്ല. ഭരണകൂടത്തിന്റെ ആഗ്രഹങ്ങളല്ല; പാർട്ടിയുടെ ആഗ്രഹങ്ങളാണ് ഭരണത്തിൽ പ്രതിഫലിക്കേണ്ടത്. ഇന്നലെകളിൽ അങ്ങനെയായിരുന്നു. ഇപ്പോഴത്തെ മാറ്റം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തുവോ?

സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ നിന്ന്‌ / Photo: Muhammed Fasil
സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ നിന്ന്‌ / Photo: Muhammed Fasil

കേരളം സി.പി.എമ്മിനെ സംബന്ധിച്ച്​ മറ്റേതൊരു സംസ്ഥാനവും പോലല്ല. പാർട്ടി സംസ്ഥാന ഭരണം കയ്യാളുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ്. തുടർഭരണമെന്ന ചരിത്ര വിജയത്തിന് സാദ്ധ്യതയൊരുക്കിയ ഭരണകൂടവുമാണ്. അതുകൊണ്ടു തന്നെ ഈ സംസ്ഥാനത്തിലെ രാഷ്ട്രീയ വെല്ലുവിളികളെപ്പറ്റി ദേശീയ സമ്മേളനം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ സംഘപരിവാറിന്റെ സ്വപ്നത്തിൽ നിന്ന്​ കേരളത്തെയെങ്കിലും മാറ്റിനിർത്താൻ കഴിയൂ. അവർ തക്കം പാർത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ നമ്മുടെ കേരളത്തിലെ പ്രശ്‌നങ്ങൾ വഷളാവാതെ നോക്കാനായി ആവശ്യമായ സംവാദങ്ങൾ പാർട്ടി കോൺഗ്രസിൽ നടന്നു കാണും എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

അവയിൽ പ്രധാനപ്പെട്ട പല പ്രശ്‌നങ്ങളുണ്ട്. ഒന്നാമതായി ചർച്ച ചെയ്തിരിക്കുക യു.എ.പി.എ, സി.എ.എ തുടങ്ങിയ കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ കിരാതനിയമങ്ങളെ ഒരു സി.പി.എം സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരിക്കും. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നിരവധി തീവ്ര ഇടതുപക്ഷ പ്രവർത്തകരെ നിഷ്‌ക്കരുണം വെടിവെച്ചു കൊല്ലുന്നത് ശരിയാണോ എന്ന ചർച്ചയും നടക്കേണ്ടതുണ്ട്. ജനാധിപത്യവിരുദ്ധമായ കേന്ദ്രനിയമങ്ങളോട് എന്ത് നിലപാടെടുക്കും എന്നത് പ്രധാന വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ വന്നുപെട്ട തെറ്റുകൾ ആവർത്തിക്കാതിരിക്കണമല്ലോ. അവയൊക്കെ തെറ്റാണെന്ന് കരുതുന്ന ഒരു ന്യൂനപക്ഷമെങ്കിലും പാർട്ടിയ്ക്കകത്തുണ്ടാവുമല്ലോ. അവരുടെ ശബ്ദമുയരേണ്ട വേദിയാണല്ലോ പാർട്ടി കോൺഗ്രസ്.

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന, കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ / Photo : CPIM 23rd Party Congress, fb page
സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന, കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ / Photo : CPIM 23rd Party Congress, fb page

വർഗീയ വിഷം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ ആരാധനാലയങ്ങളും വിശ്വാസി സമൂഹങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ പഴയതുപോലെ നോക്കിക്കണ്ടാൽ മതിയോ? പോരെന്നാണ് സമീപകാല അനുഭവങ്ങൾ പറഞ്ഞു വെക്കുന്നത്. മാറിയ ഇന്ത്യൻ സാഹചര്യത്തിൽ ഇതൊരു ഞാണിന്മേൽ കളിയാണ്. അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് വർഗീയ ശക്തിക്കൾക്ക് വളം വെച്ചു കൊടുക്കലാവും. ഇത് തിരിച്ചറിഞ്ഞ സംഘപരിവാർ ശക്തികൾ ഇത്തരം സന്ദർഭങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു കൊണ്ടിരിക്കും. അത്തരം കെണികളിൽ നിന്ന് അണികളെ എങ്ങനെ രക്ഷിക്കും എന്നാലോചിക്കേണ്ടതുണ്ട്. ശബരിമല നൽകുന്ന പാഠം മറക്കാറായിട്ടില്ലല്ലോ. ഉണ്ടായിട്ടുണ്ടോ അത്തരം ചർച്ചകൾ?

കേരളത്തിൽ ഇപ്പോൾ വേരോടിക്കൊണ്ടിരിക്കുന്ന വർഗീയതയെ തടയാൻ പ്രസ്താവനകൾ മാത്രം പോരല്ലോ. ഹിന്ദു സമൂഹത്തെ ഹിന്ദുത്വവാദികളാവാതെ കാത്തു സൂക്ഷിക്കേണ്ടതെങ്ങനെ? അവസരം പാർത്തിരിക്കുന്ന ഇസ്​ലാമിക തീവ്രവാദത്തെ എങ്ങനെ തടയാം? അവരുടെ പിടിയിലകപ്പെടാതെ മുസ്​ലിം സഹോദരങ്ങളെ എങ്ങനെ രക്ഷപ്പെടുത്താം? ഇതിനൊക്കെ കർമപദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യാതിരുന്നാൽ കേരളത്തിലുയർന്നു കേൾക്കുന്ന മുദ്രാവാക്യങ്ങളെ മന്ത്രോച്ചാരണങ്ങൾ കീഴടക്കുന്ന കാലം അതിവിദൂരമായിരിക്കില്ല.

എന്തുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രത്തിലില്ലാത്ത തുടർഭരണം സാദ്ധ്യമായത്? ഇഷ്ടാനുസരണം, തെറ്റായ കാരണങ്ങളിലൂടെ ഈ വിജയം വിലയിരുത്തപ്പെട്ടാൽ ഇത് സന്തോഷത്തേക്കാൾ ദുഃഖത്തിന് കാരണമായിത്തീരും. നഷ്ടപ്പെട്ടതിന്റെ കണക്കുകൾ നമുക്കുമുന്നിൽ ഏറെയാണ്. ബംഗാളിലെയും തൃപുരയിലെയും നഷ്ടങ്ങളുടെ കാരണങ്ങളായി മുന്നോട്ടു വെക്കുന്ന വാദങ്ങൾ വാദങ്ങളായി മാത്രം നിലനിൽക്കുന്നു. ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ വാദങ്ങൾ മാത്രം പോരല്ലോ! കേവലം താർക്കികയുക്തി കൊണ്ടു മാത്രം നേരിടാവുന്നവയല്ല ജനാധിപത്യത്തിലെ യാഥാർത്ഥ്യങ്ങൾ. ജനങ്ങളിൽ നിന്നുള്ള അകൽച്ച യഥാർത്ഥ നഷ്ടങ്ങളാണ്. അവിടെ ശൂന്യതയല്ല ഉണ്ടാവുന്നത്. അവിടെ മറ്റൊരു രാഷ്ട്രീയം കടന്നുവരികയാണ്. ഇത്തരം പാഠങ്ങളുമായാണ് ബംഗാളും തൃപുരയും മാറിനിൽക്കുന്നത്.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി പശ്ചിമ ബംഗാളിൽ നിന്നും കണ്ണൂരിലെത്തിയ സി.പി.ഐ.എം പ്രവർത്തകർ
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി പശ്ചിമ ബംഗാളിൽ നിന്നും കണ്ണൂരിലെത്തിയ സി.പി.ഐ.എം പ്രവർത്തകർ

തുടർഭരണം സാദ്ധ്യമാവുന്നു എന്നത് പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സാക്ഷ്യപത്രങ്ങളാവണമെന്നില്ല. ഭേദമെന്നോ കൂടുതൽ നല്ലതെന്നോ വിവേകത്തോടെ തിരിച്ചറിയുവാനുള്ള ഭൂരിപക്ഷജനത്തിന്റെ കഴിവുമാകാം അത്. അതാകട്ടെ, തിരുത്തപ്പെടാവുന്നതുമാണ്. ഇടതുപക്ഷമാണ് സമൂഹനന്മക്ക് കൂടുതൽ നല്ലതെന്ന് ജനാധിപത്യബോധത്തോടെയുള്ള ജനോപകാരപ്രദവും ജനപിന്തുണയുള്ളതുമായ പ്രവർത്തനങ്ങളിലൂടെ ജനത്തെ നിരന്തരം ബോദ്ധ്യപ്പെടുത്തേണ്ടത് ഇടതുപക്ഷത്തിന്റെ തന്നെ കടമയാണ്. പാർലമെന്ററി വ്യാമോഹത്തെയെന്ന പോലെ കരുതലോടെ വേണം അധികാരം കയ്യാളുന്ന നേതാക്കളിൽ വന്നുപെടാവുന്ന ഫാസിസ്റ്റു സ്വഭാവത്തെയും നോക്കിക്കാണാൻ. അധികാരം പലപ്പോഴും ജനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ പ്രേരിപ്പിക്കും. എപ്പോഴും ഓർക്കേണ്ടത്, ജനാധിപത്യത്തിലെ സ്‌നേഹം നഷ്ടപ്പെടാൻ ചെറിയൊരു കയ്യബദ്ധം മതിയെന്നതാണ്. കണ്ണടച്ചു തുറക്കുന്ന സമയവും. ഇതേക്കുറിച്ചും ആരോഗ്യകരമായ സംവാദങ്ങൾ നടന്നിട്ടുണ്ടാകും എന്നു കരുതട്ടെ.

കോൺഗ്രസിനോടുള്ള കാഴ്ചപ്പാട്

നിലവിലെ ഇന്ത്യനവസ്ഥയിൽ കോൺഗ്രസ് എവിടെ നിൽക്കുന്നു എന്നത് പ്രധാനമാണ്. അവരുടെ തളർച്ച ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. മുഖ്യശത്രുവായി മുന്നിലുള്ള ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ് അനിവാര്യ ഘടകമാണ്. മതനിരപേക്ഷ ജനാധിപത്യ പാർട്ടികളെ നയിക്കാനുള്ള പ്രാപ്തി കോൺഗ്രസിന് നഷ്ടപ്പെട്ടു എന്നൊരു വിമർശനമാണ് സി.പി.എം മുന്നോട്ടു വെക്കുന്നത്. അതേസമയം ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ കോൺഗ്രസ് ഉറച്ച നിലപാടുകൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിലെ വൈരുദ്ധ്യം പ്രാദേശിക താല്പര്യങ്ങൾ മൂലം സംഭവിച്ചതാണ്. ഇത് കോൺഗ്രസ് ദേശീയ നേതൃത്വവുമായി സംസാരിച്ച് പ്രായോഗിക പരിഹാരം കണ്ടെത്തി മുന്നേറേണ്ട കാര്യമാണ്, അതും ഒട്ടും വൈകാതെ. കാരണം, മുഖ്യശത്രു ജൈത്രയാത്ര തുടരുകയാണ്. അത് ഇന്ത്യൻ ജനാധിപത്യത്തെ കൊല്ലാനായി തക്കം പാർത്തിരിക്കുകയാണ്.

പാചകവാതക വില വർധനവിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ / Photo: Indian National Congress - Mumbai, FB Page
പാചകവാതക വില വർധനവിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ / Photo: Indian National Congress - Mumbai, FB Page

2024 ലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം തിരിഞ്ഞുനോക്കി ആരോപണ- പ്രത്യാരോപണങ്ങൾ നടത്തി തൃപ്തിയടയാവുന്ന ഒരു സാഹചര്യമല്ല രാജ്യത്തിപ്പോഴുള്ളത്. ബി.ജെ.പിയൊഴിച്ചുള്ള മറ്റെല്ലാ രാഷ്ട്രീയ കക്ഷികളുമായും അവസരോചിതമായ ‘അടവു' നയങ്ങൾക്ക് തയ്യാറാവേണ്ട സമയമാണിത്. കോൺഗ്രസ് ഇനിയും തകരാതെ നോക്കുക എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനില്പിനുവേണ്ടി എടുക്കേണ്ടുന്ന അടവുനയങ്ങളിലൊന്നാണ്. മറ്റൊരു ദേശീയ പാർട്ടി ഇന്ത്യയിലിപ്പോൾ നിലവിലില്ല എന്ന വസ്തുത കാണാതിരുന്നുകൂടാ. പ്രാദേശിക പാർട്ടികളെ എങ്ങനെ നേരിടണം എന്ന കാര്യത്തിൽ സംഘപരിവാർ 2024-നു ശേഷം തീരുമാനമെടുക്കും. തീർച്ചയായും അവരുടെ അജണ്ടയിലതുണ്ടായിരിക്കും. ഇന്ത്യൻ ഫെഡറലിസത്തെ അവർ ഭയപ്പെടുന്നുണ്ട്. അതിനാൽ, ഇന്ന് വേണ്ടത് ഒരു ഫാസിസ്റ്റ് വിരുദ്ധമുന്നണിയാണ്. അത് തെരഞ്ഞെടുപ്പിനുശേഷം തക്കം പോലെ തട്ടിക്കൂട്ടാവുന്ന ഒന്നായിക്കൂടാ. രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ ജനങ്ങളിലേക്കെത്തിച്ച്​ ബി.ജെ.പിയെ കൂട്ടായി നേരിടണം. ഇതൊരു പുതിയ വെല്ലുവിളിയായി കണ്ടുകൊണ്ട് പതിവിനു വിപരീതമായ നിലപാടുകൾ കൈക്കൊള്ളണം.

ക്രിയാത്മക മാർക്‌സിസം

വർത്തമാനകാല സംഭവവികാസങ്ങളോടുള്ള നിരന്തര ഇടപെടലുകൾക്കപ്പുറം പ്രസ്ഥാനത്തെ കാലോചിതമായി നവീകരിക്കുകയും പുതിയകാല വെല്ലുവിളികൾ നേരിടാനായി പ്രാപ്തമാക്കുകയും ചെയ്യുക എന്ന ദൗത്യവും പാർട്ടി കോൺഗ്രസുകൾക്കുണ്ടല്ലോ. ഇത്തവണത്തെ പാർട്ടി കോൺഗ്രസിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടന്നു എന്നത് പ്രധാനമാണ്. പാർട്ടി നേരിടുന്ന വെല്ലുവിളികളെപ്പറ്റി ആഴത്തിലുള്ള അന്വേഷണങ്ങൾ സ്വാഭാവികമായും നടന്നു കാണുമല്ലോ.

ദേശീയ തലത്തിൽ സി.പി.എം എന്ന ജനാധിപത്യ പാർട്ടി ഇന്ന് മുമ്പത്തേക്കാളും ദുർബലമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നേരിട്ട് സ്വാധീനം ചെലുത്താനുള്ള ശക്തി നന്നേ കുറഞ്ഞിരിക്കുന്നു. ഇത്തവണത്തെ പാർട്ടി കോൺഗ്രസ് പോലും ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയില്ല. പാർലമെന്റിലെ പ്രാതിനിധ്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അക്കത്തിലാണിപ്പോൾ. ഭരണം നഷ്ടപ്പെട്ട ബംഗാളിലും തൃപുരയിലും പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ സി.പി.എമ്മിന്റെ ശത്രുക്കൾക്ക് അവരുടെ പോരാട്ടം കേരളത്തിൽ മാത്രം ബലപ്പെടുത്തിയാൽ മതിയെന്ന അവസ്ഥ സംജാതമായിരിക്കുന്നു. സംഘപരിവാർ - ബി.ജെ.പി സഖ്യം അതനുസരിച്ച് കേരളത്തിലെ സി.പി.എമ്മിനെ അപകടക്കെണിയിലാക്കാൻ തക്കം പാർത്തിരിക്കുയാണ്. ഇത് സി.പി.എം എത്രമാത്രം ഗൗരവത്തിലെടുത്തിട്ടുണ്ട്? പാർട്ടി കോൺഗ്രസ് ഇക്കാര്യം ചർച്ച ചെയ്തുവോ? അധികാരത്തിന്റെ തിമിരം വരാതെ പാർട്ടിയെ കൃത്യമായ സംഘടനാ പ്രവർത്തനങ്ങളിലൂടെയും ജനപക്ഷ നിലപാടുകളിലൂടെയും മുന്നോട്ടു കൊണ്ടുപോവുന്നതിനുള്ള പുതിയ കർമ്മ പരിപാടികൾ പാർട്ടി കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ടോ?

ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നിലെ എക്കാലത്തേയും വെല്ലുവിളികളിലൊന്നാണ് അതിനെ ഭാരതീയമായി പുതുക്കിപ്പണിയുക എന്നത്. അത് ഘട്ടം ഘട്ടമായി നടന്നില്ല എന്നുണ്ടെങ്കിൽ സ്റ്റാലിന്റെയും ലെനിന്റെയുമൊന്നും ചിത്രങ്ങൾക്ക് അതിനെ രക്ഷിക്കാനാവില്ല. ക്രിയാത്മക പരിഷ്‌കാര പ്രമാണങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. അത് അണികൾക്കിടയിലും പൊതുമണ്ഡലത്തിലും സ്വീകാര്യമാക്കാനായി വേണ്ട പ്രചാരണം നടത്തേണ്ടതുണ്ട്. അതിന് പ്രാപ്തിയുള്ള നേതൃത്വവും നേതാക്കളും ഉണ്ടാവേണ്ടതുണ്ട്.

Photo: Muhammed Fasil
Photo: Muhammed Fasil

അതിനാവശ്യമായ സാംസ്‌കാരിക തലം കണ്ടെത്തേണ്ടതുണ്ട്. സാംസ്‌കാരികമായ ഇടപെടൽ പഴയതുപോലെ നടക്കുന്നില്ല എന്നതും അത് ഗൗരവമായി എടുക്കുന്നില്ല എന്നതും പകൽ പോലെ വ്യക്തമാണ്. ഇത്തവണ കണ്ണൂരിൽ നടന്ന സാംസ്‌കാരിക സമ്മേളനം മാത്രം നോക്കിയാൽ ഇത് മനസ്സിലാകും. പാർട്ടിക്ക് പുറത്തു നിന്നുള്ള ഒരാൾ പോലും ആ സാംസ്‌കാരിക സമ്മേളന സദസ്സിലുണ്ടായിരുന്നില്ല. വേറിട്ട അഭിപ്രായം പറയുന്നവരുടെയും വിമർശിക്കുന്നവരുടെയും സാന്നിദ്ധ്യം ഉറപ്പാക്കേണ്ട ഒന്നായിരുന്നു അത്. ആ തുറന്ന മനസ്സ് പാർട്ടിക്ക് കൈമോശം വന്നുവോ എന്നാലോചിക്കേണ്ടതാണ്.

സാംസ്‌കാരികമായ തുറന്ന സംവാദങ്ങളിലൂടെ മാത്രമേ സമൂഹത്തിലെ ക്ഷുദ്രശക്തികളെ നേരിടാനൊക്കൂ. ഹൈന്ദവ വർഗീയതയെപ്പോലും രാഷ്ട്രീയമായി മാത്രം നേരിടാനൊക്കുകയില്ല. അതിൽ സാസ്‌കാരികമായ ഇടപെടൽ അനിവാര്യമാണ്. മുസ്​ലിം മതമൗലികതയെ ശക്തമായി നേരിടാനും ഇതാവശ്യമാണ്. ഇന്ത്യൻ ജനതയുടെ ഐക്യത്തിന് ബഹുസ്വരമായ സാംസ്‌കാരിക ഉണർവ്വ് സൃഷ്ടിക്കേണ്ടതുണ്ട്. തുച്ഛമായ തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം കാര്യങ്ങളെ കാണാൻ പാർട്ടി അണികളെ പഠിപ്പിക്കേണ്ടതുണ്ട്. സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ വേണം ഇത് നടപ്പിലാക്കാൻ.

തെറ്റുകൾ പറ്റാത്തതും വൈകല്യം സംഭവിക്കാത്തതുമായ ഒരു ശുദ്ധരൂപമാണ് പാർട്ടി എന്നൊരു സങ്കല്പം പാർട്ടിക്കാരിൽ വളർന്നുവരുന്നുണ്ട്. അത്തരത്തിലുള്ളവർക്ക് വിമർശനങ്ങളെ സഹിക്കുവാനാവില്ല. അതിനു മാറ്റുണ്ടാകണം. ഇടതുപക്ഷ മൂല്യങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടാണ് പിണറായി വിജയൻ സർക്കാർ മുന്നേറുന്നത് എന്ന വിമർശനം ആദ്യം മുതലേ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. ഇത് മറുപടി അർഹിക്കുന്നില്ല എന്ന രീതിയിൽ തള്ളിക്കളയുന്നത് കാണുന്നുമുണ്ട്. അതൊരു ഫ്യൂഡൽ മാടമ്പി ലൈനാണ്. ഇതും മുളയിലേ പറിച്ചു കളയേണ്ടതുണ്ട്. സ്റ്റാലിനിസത്തിന്റെ രസച്ചരട് പിഴുതുകളയാൻ ഇപ്പോഴും തയ്യാറാവാത്തത് ചരിത്രത്തോടും പ്രത്യയശാസ്ത്ര മൂല്യങ്ങളോടുമുള്ള അവഹേളനമാണ്. ഏറ്റുപറച്ചിലുകളിലൂടെയുള്ള ശുദ്ധീകരണത്തിന് പകരം വെക്കാൻ ചരിത്രത്തിൽ മറ്റൊന്നുമില്ല. ശുദ്ധീകരണമില്ലാതെ മുന്നോട്ടു പോക്കുമില്ല . തെറ്റുകളുടെ ഭാരം പേറിയുള്ള യാത്രയാണ് വേഗത കുറയ്ക്കുന്നത്.

കമ്യൂണിസത്തിലൂടെ എല്ലാറ്റിനും പരിഹാരം കാണാമെന്ന് ഇന്നാരും കരുതുന്നില്ല. അങ്ങനെയൊരു തെറ്റിദ്ധാരണയുടെ പുറത്തൊന്നുമല്ല സി.പി.എമ്മിനോടൊപ്പം ആളുകൂടുന്നത്. തെറ്റുകളേക്കാളേറെ ശരികൾ ചെയ്യാൻ തയ്യാറാവുന്ന ഒരു ജനാധിപത്യ സംവിധാനം ആ പാർട്ടിക്കകത്ത് നിലനിൽക്കുന്നു എന്ന (മുൻകാലങ്ങളോർത്തുള്ള) പൊതുതിരിച്ചറിവാണ് ആ പാർട്ടിയോട് ചേർന്നുനില്ക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഭരണകൂട അധികാരത്തിനുമേൽ സമൂഹത്തിലുള്ള അധികാരത്തെ വിലമതിക്കുന്ന ഒരു പ്രവർത്തന രീതി അവർ മുന്നോട്ടുവെച്ചിരുന്നു. ഇന്നത് എത്രത്തോളമുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. വിപ്ലവം ഒരു പ്രതീകമായിപ്പോലും ഇനി നിലനിൽക്കേണ്ടതില്ല. മനുഷ്യസ്‌നേഹവും പരിസ്ഥിതിയോടുള്ള കരുതലും സമത്വവും നീതിയും നടപ്പിലാക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിക്കായി നിരന്തരം പൊരുതുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാവണം പുതിയ തലമുറ നിങ്ങളെ നോക്കിക്കാണേണ്ടത്. അതിനാവശ്യമായ പുതുക്കിപ്പണിയലുകളും തിരുത്തലുകളും പാർട്ടി കോൺഗ്രസ്സുകൾ പോലുള്ള കൂട്ടായ്മകളിൽ നിന്ന്​സംഭവിക്കേണ്ടതുണ്ട്.

Photo: Muhammed Fasil
Photo: Muhammed Fasil

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ നടന്നിരിക്കും എന്ന വിശ്വാസത്തോടെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിൽ വിമർശനത്തിന്റെ സ്വരം വന്നുപോയിട്ടുണ്ടാവാം. അത് പ്രതീക്ഷയുള്ളതുകൊണ്ടാണ്. ആ പ്രതീക്ഷ എനിക്ക് ചരിത്രം സമ്മാനിച്ചതാണ്. ആ ചരിത്രത്തെ മറക്കാൻ ഞാൻ തയ്യാറല്ല. ചരിത്രം മുന്നേറുന്നത് തുടർച്ചയിലൂടെയാണ്. നിങ്ങളെന്ന തുടർച്ചയിൽ നേരിന്റെയും നന്മയുടെയും അംശങ്ങളുണ്ട്. നീതിയുടെ ശബ്ദമുണ്ട്. തിരിച്ചറിവിന്റെ ബോദ്ധ്യമുണ്ട്. അഹങ്കാരം കൊണ്ടും മൂഢത്വം കൊണ്ടും അവയെ മറച്ചുപിടിക്കാനായേക്കും. അത് സംഭവിക്കാതിരിക്കാൻ വേണ്ടത് തുറന്ന സമീപനമാണ്, സുതാര്യതയാണ്. പാർട്ടി കോൺഗ്രസിൽ നിന്നുള്ള കണ്ടെത്തലുകളും തീരുമാനങ്ങളും പൊതുമണ്ഡലത്തിൽ ചർച്ചയാവണം. നിർഭാഗ്യവശാൽ അതൊന്നും നടന്നു കാണുന്നില്ല. പുറത്തുകാണിക്കാനുള്ളത് ആർഭാടം മാത്രം എന്ന രീതി സി.പി.എമ്മിന് ചേർന്നതല്ല. അകക്കാമ്പിലെ ഊർജ്ജം അറിയാൻ കാത്തിരിക്കുന്ന വലിയൊരു സമൂഹം കേരളത്തിലെങ്കിലുമുണ്ട്. അവരോടൊപ്പം വേണം പാർട്ടി വളർന്നുമുന്നേറാൻ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments