മണ്ഡല രൂപീകരണം മുതൽ 1987 വരെ സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു നെടുമങ്ങാട്.
കെ.വി. സുരേന്ദ്രനാഥ് മൂന്നുതവണയും കണിയപുരം രാമചന്ദ്രൻ ഒരു തവണയും മാങ്കോട് രാധാകൃഷ്ണൻ രണ്ടു തവണയും കെ.ജി. കുഞ്ഞുകൃഷ്ണപിള്ള രണ്ടു തവണയും ഇവിടെനിന്ന് ജയിച്ചു. ഇത്തവണ, ‘രണ്ടു ടേം' നിബന്ധയിൽ തട്ടി സി. ദിവാകരൻ പുറത്തുപോകുമെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ തവണ 3621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോൺഗ്രസിലെ പാലോട് രവിയെ പരാജയപ്പെടുത്തിയത്.
യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് 2016ൽ ദിവാകരൻ പിടിച്ചെടുത്തത്. ദിവാകരൻ ഒഴിയുമ്പോൾ പാർട്ടി ജില്ല സെക്രട്ടറി ജി.ആർ. അനിലിനാണ് സാധ്യത. ജില്ല കമ്മിറ്റി അംഗം മീനാങ്കൽ കുമാർ, എ.ഐ.ടി.യു.സി ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. രാഹുൽ എന്നിവരുടെ പേരും സാധ്യതാപട്ടികയിലുണ്ട്.
കെ.വി. സുരേന്ദ്രനാഥിന്റെ ഹാട്രിക് തകർത്ത് മണ്ഡലത്തെ യു.ഡി.എഫിലെത്തിച്ച രവിക്കുതന്നെയാണ് കോൺഗ്രസിൽ സാധ്യത. കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്തിന്റെ പേരും പട്ടികയിലുണ്ട്. എസ്. അനിൽകുമാറിന്റെ പേരാണ് എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ സർവേ ലിസ്റ്റിലുള്ളത്.
2016ൽ ബി.ജെ.പിയിലെ വി.വി. രാജേഷിന് 35,139 വോട്ടാണ് ലഭിച്ചത്. വി.വി. രാജേഷ് ഇത്തവണ വട്ടിയൂർക്കാവിലേക്കു മാറുമെന്നാണ് സൂചന. എന്നാൽ, ഇ. ശ്രീധരനാണ് വട്ടിയൂർക്കാവിൽ എങ്കിൽ രാജേഷ് ഇവിടെ തുടരും.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് വിജയമെങ്കിലും നെടുമങ്ങാട് നഗരസഭയിലെ സി.പി.എം- സി.പി.ഐ പോര് എൽ.ഡി.എഫിന് തലവേദനയാണ്. നെടുമങ്ങാട് നഗരസഭയിൽ കാൽനൂറ്റാണ്ടായി ഇടതുഭരണമാണ്. ഇത്തവണ എൽ.ഡി.എഫ് 22, യു.ഡി.എഫ് ആറ് സീറ്റുവീതം നേടി. ബി.ജെ.പിക്ക് രണ്ടു സീറ്റുണ്ട്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സി.പി.എം- സി.പി.ഐ ഏറ്റുമുട്ടലിലേക്കാണ് നയിച്ചത്. വൈസ് ചെയർ സ്ഥാനത്തേക്ക് സി.പി.ഐക്കെതിരെ മത്സരിച്ച് ജയിച്ച സി.പി.എം വൈസ് ചെയർമാൻ ഹരികേശൻ നായർ, പാർട്ടി നിർദേശത്തെതുടർന്ന് രാജിവച്ചു. ഇത് ഭിന്നത രൂക്ഷമാക്കി. വീണ്ടും നടത്തിയ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സി.പി.എം സി.പി.ഐക്ക് വോട്ടുചെയ്തതെങ്കിലും വൈസ് ചെയർമനായി തെരഞ്ഞെടുക്കപ്പെട്ട എസ്. രവീന്ദ്രന്റെ സത്യപ്രതിജ്ഞ സി.പി.എം ബഹിഷ്‌കരിച്ചു. മുന്നണി ധാരണ സി.പി.എം ലംഘിക്കുന്നുവെന്നാണ് സി.പി.ഐ പരാതി. നഗരസഭയിലെ ഭിന്നത നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് എൽ.ഡി.എഫിലെ പ്രാദേശിക പ്രവർത്തകർക്ക് ആശങ്കയുണ്ട്.
1957 ൽ രൂപംകൊണ്ട നെടുമങ്ങാട്ട് 11 തവണയും ഇടതുപക്ഷമാണ് ജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എൻ. എൻ. പണ്ടാരത്തിൽ 12000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വിമോചനസമരത്തിനുശേഷം 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ പണ്ടാരത്തിലിന് വീണ്ടും ജയം. 1965ൽ കോൺഗ്രസിലെ എസ്. വരദരാജൻ ജയിച്ചെങ്കിലും സഭ രൂപീകരിച്ചില്ല.
1967 മുതൽ 1987 വരെ രണ്ട് തവണ സി.പി.ഐയിലെ കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, ഒരുവട്ടം കണിയാപുരം രാമചന്ദ്രൻ, മൂന്ന് തവണ കെ. വി. സുരേന്ദ്രനാഥ് എന്നിവരാണ് ജയിച്ചത്. 1987ൽ സുരേന്ദ്രനാഥിനോട് തോറ്റ കോൺഗ്രസിലെ പാലോട് രവി 1991 ൽ 939 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 1996ലും രവി തന്നെ. 2001ൽ മാങ്കോട് രാധാകൃഷ്ണൻ രവിയെ തോൽപ്പിച്ചു. 2006ലും മാങ്കോട് രാധാകൃഷ്ണന് ജയം. 2011ൽ പാലോട് രവിക്ക് വീണ്ടും ജയം.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ മറ്റ് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് ചെയ്തപ്പോൾ 759 വോട്ടിന്റെ ഭൂരിപക്ഷം നെടുമങ്ങാട്ടുണ്ടായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം എൽ.ഡി.എഫ് 26000 ആയി ഉയർത്തി. വെമ്പായം ഒഴികെ എല്ലായിടത്തും ഭരണം എൽ.ഡി.എഫിനാണ്.
നെടുമങ്ങാട് നഗരസഭ, മാണിക്കൽ, കരകുളം, അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം.