നീറ്റിലെ അടിവസ്​ത്രാക്ഷേപം: പരീക്ഷാമാഹാത്മ്യം പാടിപ്പുകഴ്ത്തിയവർ ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്

മെരിറ്റാണ് പരമപ്രധാനമെന്ന് ജനാധിപത്യസമൂഹത്തിലെ ജനപ്രതിനിധികൾ പുലമ്പുന്നതുകണ്ട് ലജ്ജിക്കേണ്ടിവന്നവരാണ് നമ്മൾ. മെരിറ്റാണ് പ്രധാനമെങ്കിൽ, നീറ്റ്​ പരീക്ഷക്ക്​ വിദ്യാർഥിയുടെ അടിവസ്​ത്രം അഴിപ്പിച്ച്​ പരിശോധന നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നടപടിയെ അപലപിക്കാൻ നമുക്ക് അവകാശമില്ല. ‘മെരിറ്റിന്റെ നീതി നടപ്പിലാക്കാൻ ഇത്തരം ചില നടപടികൾ അനിവാര്യമായി വരും. കുറച്ചു കഴിയുമ്പോൾ ഇതെല്ലാം ശീലമായിക്കൊള്ളും’.

കൊല്ലത്തെ ഒരു നീറ്റ് പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളോട് അടിവസ്ത്രം ഒഴിവാക്കാൻ പരീക്ഷാനടത്തിപ്പുകാർ നിർദ്ദേശം നൽകി എന്ന വാർത്ത ഞെട്ടലുളവാക്കുന്നതും നമ്മുടെ ആത്മാഭിമാനത്തെ തളർത്തുന്നതുമാണ്. വിദ്യാഭ്യാസത്തെ സംബന്ധിച്ചും വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൗമാരക്കാരിൽ വളർത്തിയെടുക്കേണ്ട സ്വാതന്ത്ര്യബോധത്തെക്കുറിച്ചും നാം നാളിതുവരെ പ്രചരിപ്പിക്കാൻ ശ്രമിച്ച എല്ലാ തത്ത്വങ്ങളുടെയും പരാജയസ്ഥാനമാണിത്. നമ്മുടെ നാട്ടിൽ തലയുയർത്തി നിന്ന് വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികളോടും ഇവിടത്തെ വിദ്യാഭ്യാസമേലാളന്മാർ മാപ്പുപറയേണ്ടിയിരിക്കുന്നു.

അഖിലേന്ത്യാ തലത്തിൽ മെഡിക്കൽ- ഡന്റൽ കോഴ്‌സുകൾക്ക് പ്രവേശനം നൽകുന്നതിന് ആരംഭിച്ച പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എന്ററൻസ് എക്‌സാമിനേഷൻ) സംസ്ഥാന സർക്കാരുകളുടെ അധികാരത്തിനുമേൽ കേന്ദ്രം നടത്തിയ കടന്നുകയറ്റമാണ്. തമിഴ്‌നാട് സർക്കാർ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേരളം ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾ നടത്തിയതായി അറിവില്ല. നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടി നൽകുന്നതു സംബന്ധിച്ച് കേന്ദ്രനയത്തിന്റെ തുടർച്ചയായി മാത്രമേ കേരളം ചർച്ചകൾ ആരംഭിച്ചിരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. മലയാളത്തിൽ ചോദ്യം നൽകുന്നതിനെ പ്രതികൂലിക്കാനും കേരളത്തിൽ ആളുകൾ ഉണ്ടായി. മെരിറ്റാണ് പ്രാധാനം എന്ന വാദഗതിയാണ് അതിന് അടിസ്ഥാനമായി ഉന്നയിക്കപ്പെട്ടത്.

നാഷണൽ ടെസ്റ്റിങ് ഏജൻസിയെയാണ് ഈ പരീക്ഷയുടെ നടത്തിപ്പിനായി കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. നീറ്റ് ആരംഭിക്കുന്നതിനു മുമ്പ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയുടെ നടത്തിപ്പുചുമതല സി.ബി.എസ്.ഇക്കായിരുന്നു. മെരിറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വരാതെ കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താൻ എന്ന പേരിലാണ് പുതിയ ഏജൻസിക്ക് രൂപം നൽകിയത്. അഖിലേന്ത്യാ ക്വാട്ടയിലുള്ള പ്രവേശനത്തിനു മാത്രമാണ് സി.ബി.എസ്.ഇ പരീക്ഷ നടത്തിയിരുന്നതെങ്കിൽ എൻ.ടി.എ നടത്തുന്ന പരീക്ഷ രാജ്യത്തെ മുഴുവൻ മെഡിക്കൽ- ഡെന്റൽ കോളേജുകളിലെയും മുഴുവൻ സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനു വേണ്ടിയാണ്. ഈ ചുവടുമാറ്റത്തിന്റെ ഭീകരത തമിഴ്‌നാടിനു തിരിച്ചറിയാൻ കഴിഞ്ഞതുപോലെ കേരളം മനസ്സിലാക്കിയിട്ടില്ലെന്നു വേണം കരുതാൻ.

കേരളം മെരിറ്റിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന നയം പലകുറി അധികാരികൾ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതിന് വേണ്ടത്ര കൈയടിയും ലഭിച്ചിട്ടുണ്ട്. അതിനാൽ കേന്ദ്രനയത്തോടുള്ള ആഭിമുഖ്യം വിമർശനങ്ങൾ ഉന്നയിച്ച് മെരിറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതിൽ നിന്ന് കേരളത്തെ അകറ്റുന്നു. അടിവസ്ത്ര വിവാദത്തിൽ ചില നിലവിളികളും നെഞ്ചത്തടികളും അധികാരികളുടെ അടക്കം ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അവ പെട്ടെന്നുള്ള പ്രതികരണമായി മാത്രം കണ്ടാൽ മതിയാവും. അടിസ്ഥാനത്തിൽ ആ നടപടികളോട് അനുഭാവമുള്ളതാണ് കേരളത്തിന്റെ വിദ്യാഭ്യാസമനസ്സ്. പരീക്ഷയിൽ ക്രമക്കേടുണ്ടാകാതിരിക്കാനുള്ള സുരക്ഷയുടെ ഭാഗം മാത്രമായി ഈ നടപടിയെ ഉൾക്കൊള്ളാൻ നമുക്ക് അധികസമയം വേണ്ടിവരില്ല. പരീക്ഷാഹാളിൽ ശിരോവസ്ത്രം ധരിക്കുന്നതു സംബന്ധിച്ച് വിവാദമുണ്ടായപ്പോൾ മെരിറ്റിന്റെ പവിത്രതയ്ക്ക് കോട്ടംതട്ടാതെ അത് പരിഹരിക്കുന്നതിന് നാം മുൻകൈ എടുത്തല്ലോ. സംസ്ഥാനത്തിന്റെ ചെലവിൽ ലോഹമുക്തമായ അടിവസ്ത്രം മുഴുവൻ പരീക്ഷാർത്ഥികൾക്കും നൽകി അടിവസ്ത്രപ്രശ്‌നം പരിഹരിക്കാനുള്ള ആലോചനകളാവും വരുംദിവസങ്ങളിൽ ഉണ്ടാവുക. കാരണം, നമ്മൾ കേരളീയർ മെരിറ്റിന്റെ വിട്ടുവീഴ്ചയില്ലാത്ത ഉപാസകരാണ്.

കേരളത്തിൽ പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ ഭാഗമായി നിരന്തരമൂല്യനിർണയവും ആഭ്യന്തരവിലയിരുത്തലും നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചനകൾ ഉണ്ടായപ്പോൾ അധ്യാപകരെ എങ്ങനെ വിശ്വാസത്തിലെടുക്കും എന്ന് ഉളുപ്പില്ലാതെ വിളിച്ചുകൂവിയവരിൽ അധ്യാപകരും ഉൾപ്പെടുന്നു. അധ്യാപകർ പക്ഷപാതികൾ ആയിരിക്കുമെന്നും ശരിയായ മെരിറ്റ് കണ്ടെത്താൻ അധ്യാപകർക്കു കഴിയില്ലെന്നുമെല്ലാം വാദിക്കാൻ ഇവിടെ ആളുകളുണ്ടായി. പഠിപ്പിക്കുന്ന അധ്യാപകർക്ക് പൊതുപരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയ്യാറാക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള സമരത്തോളം പ്രാധാന്യമുണ്ട്. എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ ഇപ്പോഴും ട്രഷറികളിലാണ് സൂക്ഷിക്കുന്നത്. പ്രൈമറിക്ലാസിലെ ഒരു ടേം പരീക്ഷാചോദ്യപേപ്പർ ചോർന്നതിന്റെ പേരിൽ കേരളം സമരമുഖത്ത് ജ്വലിച്ചുനിന്ന നാളുകളുണ്ടായി. കൊറോണകാലത്തെ പരീക്ഷാവിവാദങ്ങളും അധ്യാപകർക്കെതിരെ എടുത്ത അച്ചടക്ക നടപടികളും ഭീഷണികളും ആരെയും അമ്പരപ്പിക്കുന്നതാണ്.

Photo: Sumit-Saraswat, Shutterstock
Photo: Sumit-Saraswat, Shutterstock

മെരിറ്റാണ് പരമപ്രധാനമെന്ന് ജനാധിപത്യസമൂഹത്തിലെ ജനപ്രതിനിധികൾ പുലമ്പുന്നതുകണ്ട് ലജ്ജിക്കേണ്ടിവന്നവരാണ് നമ്മൾ. മെരിറ്റാണ് പ്രധാനമെങ്കിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നടപടിയിൽ അപലപിക്കാൻ നമുക്ക് അവകാശമില്ല. മെരിറ്റിന്റെ നീതി നടപ്പിലാക്കാൻ ഇത്തരം ചില നടപടികൾ അനിവാര്യമായി വരും. കുറച്ചു കഴിയുമ്പോൾ ഇതെല്ലാം ശീലമായിക്കൊള്ളും. ഏജൻസിയുടെ ഭാഗത്തു നിന്നു നോക്കിയാൽ ലോഹനിർമിത വസ്തുക്കൾ ഒഴിവാക്കണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകിയതാണ്. ‘ആയിരക്കണക്കിന് കേന്ദ്രങ്ങളിലെ ലക്ഷക്കണക്കിനു കുട്ടികൾ ഈ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നു, നമ്മുടെ കുട്ടികളുടെ അശ്രദ്ധയാണ് പ്രശ്‌നങ്ങൾക്ക് കാരണം അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല’- പരീക്ഷകളെ സംബന്ധിച്ച വിദ്യാഭ്യാസപ്രവർത്തകരുടെ ആവലാതികളെ ഇത്തരം ന്യായങ്ങൾ പറഞ്ഞല്ലേ അധികാരികൾ പ്രതിരോധിച്ചത്. അപ്പോൾ പരീക്ഷാമാഹാത്മ്യം പാടിപ്പുകഴ്ത്തിയവർ ഇപ്പോൾ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണ്. അവർ നിലകൊള്ളുന്നത് വിദ്യാർത്ഥികളുടെ പക്ഷത്തല്ല.

പഠനത്തിനായുള്ള പ്രവേശനത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പുകൾ, മികവുകൾ സാക്ഷ്യപ്പെടുത്തൽ, പിന്തുണ തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥിപക്ഷത്തുനിന്നുള്ള സമീപനം ഉണ്ടാവണം. സമൂഹത്തിന്റെ പൊതുവായ ശ്രേയസ്സാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മെരിറ്റ് എന്നത് ആപേക്ഷികമാണ്. അത് നിർണയിക്കുന്നതിൽ പാകംവന്ന സാമൂഹികബോധത്തിന് നിർണായക പങ്കുണ്ട്. വലിയ പൊളിച്ചെഴുത്തുകൾക്ക് പാങ്ങില്ലെങ്കിൽ തമിഴ്‌നാടിന്റെ പാത പിന്തുടരാനെങ്കിലും ശ്രമിക്കാം.

നീറ്റ് അടക്കമുള്ള മത്സരപരീക്ഷകളുടെ ഭാഗമായ അണിയറപ്രവർത്തനങ്ങളെയും കണ്ടില്ലെന്നു നടിക്കാനാവില്ല. കഠിന പരിശീലനങ്ങളിലൂടെ കടന്നുപോയാണ് പല കുട്ടികളും യോഗ്യത നേടുന്നത്. ഇത്തരത്തിൽ കൃത്രിമമായി വികസിപ്പിക്കുന്ന പ്രതിഭാവിലാസങ്ങൾ സമൂഹനന്മയ്ക്ക് എത്രത്തോളും സഹായകമാവുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം പരിശീലനകേന്ദ്രങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയും ഈ പരീക്ഷകളുടെ വിശ്വാസ്യതയെ തകർക്കുന്നതാണ്. പരിശീലനകേന്ദ്രങ്ങളിൽ പലതും വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തെ കളങ്കപ്പടുത്തുന്ന തരത്തിലുള്ള നടപടികൾ കൈക്കൊണ്ടുവരുന്നതായി ആക്ഷേപമുണ്ട്. വിദ്യാർത്ഥികൾക്ക് വ്യാജസ്‌കൂൾ പ്രവേശനം നൽകി പരിശീലനത്തിനായി സ്‌കൂളിങ് അനുഭവങ്ങൾ നിഷേധിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം മികച്ച പ്രവർത്തനങ്ങളായി വാഴ്ത്തുന്ന അധികാരികളല്ലേ യഥാർത്ഥ കുറ്റക്കാർ.


Summary: മെരിറ്റാണ് പരമപ്രധാനമെന്ന് ജനാധിപത്യസമൂഹത്തിലെ ജനപ്രതിനിധികൾ പുലമ്പുന്നതുകണ്ട് ലജ്ജിക്കേണ്ടിവന്നവരാണ് നമ്മൾ. മെരിറ്റാണ് പ്രധാനമെങ്കിൽ, നീറ്റ്​ പരീക്ഷക്ക്​ വിദ്യാർഥിയുടെ അടിവസ്​ത്രം അഴിപ്പിച്ച്​ പരിശോധന നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നടപടിയെ അപലപിക്കാൻ നമുക്ക് അവകാശമില്ല. ‘മെരിറ്റിന്റെ നീതി നടപ്പിലാക്കാൻ ഇത്തരം ചില നടപടികൾ അനിവാര്യമായി വരും. കുറച്ചു കഴിയുമ്പോൾ ഇതെല്ലാം ശീലമായിക്കൊള്ളും’.


Comments