പഞ്ചായത്ത് രാജ് - നഗരപാലികാ നിയമം നടപ്പിലാക്കിയതിനുശേഷം കേരളത്തിൽ നടക്കുന്ന ഏഴാമത്തെ തിരഞ്ഞെടുപ്പായിരുന്നു 2025-ലേത്. ഓരോ തിരഞ്ഞെടുപ്പും തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്നതുകൊണ്ടുതന്നെ ഇത്തവണത്തെ റിസൾട്ടും മുന്നണികൾക്ക് ഏറെ നിർണായകമാണ്.
ഒമ്പതര വർഷമായി സംസ്ഥാന ഭരണത്തിന് പുറത്തിരിക്കുന്ന യു.ഡി.എഫിന് അനുകൂലവും മൂന്നാമൂഴം ആഗ്രഹിക്കുന്ന എൽ ഡി ഫിന് തിരിച്ചടിയുമാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം. കേരള രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിയെ സംബന്ധിച്ച് പുതിയ ചില സാധ്യതകൾ കൂടി തുറന്നിടുകയും ചെയ്യുന്നു.
ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന ഭരണസ്ഥാപനങ്ങളെന്ന നിലയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗുണ്ടാകാറുണ്ട്. 2020-ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 2025- ലെ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും 2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാൾ കൂടുതലാണ് 2025- ലെ തദ്ദേശ ഇലക്ഷനിലെ പോളിംഗ് ശതമാനം.
മാത്രമല്ല, 2020- ലേക്കാൾ 2.99 ലക്ഷം കൂടുതൽ പേർ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുമുണ്ട്. മൊത്തം വോട്ടർമാരുടെ എണ്ണത്തിൽ വർധനവിന്റെ അടിസ്ഥാനത്തിൽ താരതമ്യം വരുമ്പോഴാണ് ശതമാനം കുറയുന്നത്. ഈ കാലയളവിൽ ജോലിക്കും പഠനത്തിനുമെല്ലാം അന്തർ ജില്ലാ, അന്തർ സംസ്ഥാന, രാജ്യാന്തര കുടിയേറ്റം പോളിംഗ് ശതമാനം കുറയാൻ ഒരു കാരണമാണ്.
ഈ തദ്ദേശ തെരഞ്ഞെടുപ്പ് സ്ത്രീകളുടെയും യുവാക്കളുടെയും കൂടിയായിരുന്നു. മൊത്തം സീറ്റുകളിയിലേക്ക് മത്സരിച്ചവരിൽ 52 ശതമാനവും സ്ത്രീകളായിരുന്നു. യുവാക്കൾക്കും ഗണ്യമായ സീറ്റുകൾ ലഭിച്ചു.
അതോടൊപ്പം മറ്റു ജില്ലകളിൽ വോട്ടുള്ള പല പോളിംഗ് ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാൻ കഴിയാതെയും പോയിട്ടുണ്ട്. ഉദാഹരണത്തിന് ഡിസംബർ 11-ന് പോളിങ്ങിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ പലരും ഡിസംബർ ഒമ്പതിന് തെക്കൻ ജില്ലകളിൽ പോയി വോട്ട് ചെയ്യണ്ട അവസ്ഥ ഉണ്ടായിരുന്നു. അവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നില്ല. ഡിസംബർ ഒമ്പതിന് വോട്ട് ചെയ്ത് 10- നു രാവിലെ പോളിംഗ് ഡ്യൂട്ടിക്കെത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടു കാരണം വോട്ട് ചെയ്യാനാകാത്ത ചെറിയ വിഭാഗവും ഉണ്ട്. ഈ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരവും ഉണ്ടായിരുന്നില്ല എന്നതും ഒരു കാരണമാണ്.
ഈ തദ്ദേശ തെരഞ്ഞെടുപ്പ് സ്ത്രീകളുടെയും യുവാക്കളുടെയും കൂടിയായിരുന്നു. മൊത്തം സീറ്റുകളിയിലേക്ക് മത്സരിച്ചവരിൽ 52 ശതമാനവും സ്ത്രീകളായിരുന്നു. യുവാക്കൾക്കും ഗണ്യമായ സീറ്റുകൾ ലഭിച്ചു. മറ്റൊരു പ്രധാന കാര്യം പുരുഷന്മാരേക്കാൾ സ്ത്രീവോട്ടർമാർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. പോൾ ചെയ്യപ്പെട്ട 2.11 കോടി വോട്ടുകളിൽ 1.13 കോടി സ്ത്രീകളുടേതായിരുന്നു.

മുന്നണികളുടെ പ്രതീക്ഷകൾ
ഒമ്പതര വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ ജനവിരുദ്ധതയില്ല എന്നും ഭരണത്തിന്റെ ജനഹിത പരിശോധനയാകും ജനവിധി എന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞത്. കോർപ്പറേഷൻ അഞ്ചിൽ നിന്ന് ആറായി ഉയർത്തും, പഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്തും എന്നുമായിരുന്നു അവകാശവാദം.
ഭരണവിരുദ്ധത ഗുണം ചെയ്യുമെന്നും UDF- ന്റെ തിരിച്ചുവരവുണ്ടാകുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിലയിരുത്തൽ. ' കോർപ്പറേഷൻ നിലവിലെ ഒന്നിൽ നിന്ന് നാലാകും, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തിരിച്ചു വരും എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
20% വോട്ടു നേടുമെന്നും ജനപ്രതിനിധികളുടെ എണ്ണം കൂടും, 12 ലധികം മുനിസിപ്പാലിറ്റികളിൽ അധികാരം പിടിക്കും, തിരുവനന്തപുരം, തൃശൂർ കോർപറേഷനിൽ അധികാരത്തിലെത്തും- ഇതായിരുന്നു ബി ജെ പിയുടെ അവകാശവാദം.
ഘടകകഷികൾ തമ്മിലുള്ള സീറ്റ് വിഭജനം തർക്കരഹിതമായി നടത്തുകയും കോൺഗ്രസിൽ കൂട്ടായ നേതൃശൈലി രൂപപ്പെടുത്തുകയും ഗ്രൂപ്പ് താല്പര്യങ്ങൾക്കപ്പുറം മികച്ച സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്താൽ അനുകൂല സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താൻ യു.ഡി.എഫിന് കഴിയും.
ഫലം വന്നപ്പോൾ യു ഡി എഫിന്റെ അവകാശവാദമാണ് ഫലിച്ചത്. ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പവും, ഗ്രാമ- ബ്ലോക്ക്- മുനിസിപ്പാലിറ്റി- കോർപറേഷൻ തലങ്ങളിൽ വലിയ നേട്ടത്തോടെ മുന്നിലെത്താനും മുന്നണിയ്ക്കായി. ആകെ 17,337 ഗ്രാമപഞ്ചായത്തു വാർഡുകളിൽ 8021 എണ്ണം യു ഡി എഫ് നേടി. 6568 വാർഡുകളിൽ എൽ ഡി എഫ് വിജയിച്ചു. എൻ ഡി എ 1447 വാർഡുകളിലും മറ്റുള്ളവർ 1299 വാർഡുകളിലും വിജയിച്ചു.
ബ്ലോക്ക് തലത്തിൽ ആകെ 2267 ഡിവിഷനുകളിൽ 1241 ഇടത്ത് യു ഡി എഫ് വിജയിച്ചു. എൽ ഡി എഫിന് 923 സീറ്റുണ്ട്. എൻ ഡി എക്ക് 54.
ജില്ലാ പഞ്ചായത്തുകളിൽ എൽ ഡി എഫും യു ഡി എഫും ഏഴു ജില്ലകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയെങ്കിലും ഡിവിഷനുകളുടെ കാര്യത്തിൽ യു ഡി എഫ് കാര്യമായ നേട്ടമുണ്ടാക്കി. ആകെ 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 196 എണ്ണവും യു ഡി എഫ് നേടിയപ്പോൾ എൽ ഡി ഫിന് 146 ഡിവിഷനുകളാണ് ലഭിച്ചത്. ബി ജെ പിയ്ക്ക് ഒരിടത്തുമാത്രമാണ് ജയം.
കഴിഞ്ഞ തവണ അഞ്ച് കോർപറേഷനുകളും സ്വന്തമാക്കിയ എൽ.ഡി.എഫിന് കോഴിക്കോട്ട് മാത്രമാണ് നേരിയ മുൻതൂക്കമുള്ളത്. യു ഡി എഫ് കണ്ണൂർ നിലനിർത്തുകയും കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ട തൃശൂർ, കൊച്ചി കോർപറേഷനുകളിൽ മിന്നും വിജയം നേടുകയും ചെയ്തു. കൊല്ലം എൽ ഡി ഫിഎഫിൽ നിന്ന് പിടിച്ചെടുക്കാനുമായി.
പതിറ്റാണ്ടുകളായി എൽ ഡി ഫ് ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ ആദ്യമായി ബി ജെ പി അധികാരത്തിലെത്തി. തലസ്ഥാനനഗരിയിലെ കോർപറേഷൻ ഭരണം ബി ജെ പി ഇതിനകം ദേശീയതലത്തിൽ കാമ്പയിനായി ഉയർത്തിക്കഴിഞ്ഞു.
മുനിസിപ്പാലിറ്റികളിലേക്കു വരുമ്പോൾ യു ഡി എഫ് മുൻകാലങ്ങളിലെ പോലെ മുൻതൂക്കം നിലനിർത്തുകയും ആകെ 3240 ഡിവിഷനുകളിൽ 1458 ഇടത്ത് വിജയിക്കുകയും ചെയ്തു. എൽ ഡി എഫിന് 1100 ഡിവിഷനുകളും എൻ ഡി എ ക്ക് 24 ഡിവിഷനുകളുമാണ് ലഭിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ കക്ഷിനില

ഭരണവിരുദ്ധവികാരത്തിന്റെ പ്രതികരണങ്ങൾ പല സ്ഥലത്തും യു ഡി എഫിനും ബി ജെ പി ക്കുമായി വിഭജിക്കപ്പെട്ടതായി ഫലം സമഗ്രമായി വിലയിരുത്തിയാൽ കാണാം.
2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിനുശേഷം 2020- ലെ തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ തിരിച്ചുവരവാണ് എൽ ഡി എഫ് കാഴ്ചവെച്ചത്. കേരള കോൺഗ്രസ് എം, എൽ ജെ ഡി തുടങ്ങിയ പാർട്ടികളെ കൂടെ ചേർത്തുള്ള മുന്നണി വിപുലീകരണവും, കോവിഡ് കാല പ്രവർത്തനങ്ങളുമാണ് എൽ ഡി എഫിന് ഗുണമായി ഭവിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ, പാർട്ടിസീറ്റുകളിൽ പോലും സ്വന്തന്ത്ര സ്ഥാനാർത്ഥികളെ നിർത്തുകയും 2500- ലധികം സ്വന്തന്ത്രരെ വിജയിപ്പിച്ച് സർക്കാർ അനുകൂല പ്രതീതി സൃഷ്ടിക്കാനും സി പി എമ്മിനു കഴിഞ്ഞിരുന്നു.
പിന്നീട് തുടർഭരണത്തിൽ ജനകീയ വിഷയങ്ങളിൽ നിന്ന് സർക്കാർ മുഖം തിരിക്കുന്നതാണ് കണ്ടത്. വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്തതും, സപ്ലൈകോയിൽ പോലും സാധനങ്ങളില്ലാതെ വന്നതും കെട്ടിട നികുതി ഭീമമായി വർധിപ്പിച്ചതും വൈദ്യുതിചാർജ് പല തവണ വർധിപ്പിച്ചതും സാധാരണജനങ്ങളെ ഏറെ ബാധിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമം പോലുള്ള പ്രശ്നങ്ങൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയെങ്കിലും സർക്കാരിനെതിരായ ജനവികാരം അതിലും ശക്തമായിരുന്നു എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.
കോവിഡ് കാലത്ത് കാലാൾപ്പട എന്ന് വിശേഷിപ്പിക്കപ്പെട്ട ആശാ പ്രവർത്തകരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, അവരുടെ സമരത്തെ ഇടതുപക്ഷത്തിന് അഭികാമ്യമല്ലാത്ത വിധത്തിൽ നേരിടുകയും ചെയ്തത് വലിയ പ്രതിഷേധമുണ്ടാക്കി. പിൻവാതിൽ നിയമനങ്ങൾ, ആരോഗ്യമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ, മെഡിക്കൽ കോളേജുകളിലെ ശോച്യാവസ്ഥ, സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക തുടങ്ങിയവ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുംവിധം വാർത്തകളിൽ ഇടംപിടിച്ചു.
12 ജില്ലകളിൽ രൂക്ഷമായ വന്യജീവി ആക്രമണം പോലുള്ളവ നിരവധി പ്രാദേശിക പ്രശ്നങ്ങൾ ജനത്തിന് പ്രയാസം സൃഷ്ടിച്ചു. ഇതിനിടയിലാണ് ശബരിമല ക്ഷേത്രത്തിലെ സ്വർണക്കവർച്ചയും അതിലുള്ള സി.പി.എം നേതാക്കളുടെ പങ്കാളിത്തവും പുറത്തുവന്നത്. ജയിലിലടക്കപ്പെട്ട ഈ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തയ്യാറായില്ല എന്നു മാത്രമല്ല, സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇത് പൊതുസമൂഹത്തെ പ്രകോപിപ്പിച്ച ഘടകമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമം പോലുള്ള പ്രശ്നങ്ങൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയെങ്കിലും സർക്കാരിനെതിരായ ജനവികാരം അതിലും ശക്തമായിരുന്നു എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.

ഭാവിയിലേക്ക്…
തദ്ദേശ തിരഞ്ഞെടുപ്പുഫലം 2026- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് അധികാരത്തിലെത്താനുള്ള അനുകൂല രാഷ്ട്രീയ കാലാവസ്ഥ ഒരുക്കുന്നുണ്ട്. ഘടകകഷികൾ തമ്മിലുള്ള സീറ്റ് വിഭജനം തർക്കരഹിതമായി നടത്തുകയും കോൺഗ്രസിൽ കൂട്ടായ നേതൃശൈലി രൂപപ്പെടുത്തുകയും ഗ്രൂപ്പ് താല്പര്യങ്ങൾക്കപ്പുറം മികച്ച സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്താൽ ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ മുന്നണിയ്ക്ക് കഴിയും.
ഒരു കോർപറേഷനിലും വിവിധ തദ്ദേശ സ്ഥാപനങ്ങളിലും ബി.ജെ.പി നേടിയ ജയം ഒരു കാര്യം വ്യക്തമാക്കുന്നു: തൃശൂർ കോർപറേഷൻ അടക്കം ടാർഗറ്റ് ചെയ്ത ഇടങ്ങളിലും മുനിസിപ്പാലിറ്റികളിലും പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും എല്ലാ ജില്ലകളിലും സാന്നിധ്യമറിയിക്കാനും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളും പഞ്ചായത്തുകളും നേടിയെടുക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞു. വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങളിൽ ബി ജെ പിയ്ക്ക് ഏറെ മുന്നേറാനായിട്ടുണ്ട്.
‘തിരുത്തുക’ എന്നതുതന്നെയാണ് എൽ.ഡി.എഫിനുമുന്നിലുള്ള വഴി. ഈ റിസൽട്ടിൽനിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോവുകയല്ലാതെ മുന്നണിയ്ക്കുമുന്നിൽ മറ്റു വഴികളില്ല. ഇന്നും സംഘടനാപരമായി ശക്തമായ അടിത്തറയുള്ള പാർട്ടി സി പി എം തന്നെയാണ്. ജനകീയമായി തിരിച്ചുവരാനുള്ള ശേഷിയും പാർട്ടിയ്ക്കും മുന്നണിയ്ക്കുമുണ്ട്.

എല്ലാത്തിനുമുപരി, ജനകീയാസൂത്രണത്തിന് മൂന്ന് പതിറ്റാണ്ടു തികയുന്ന സന്ദർഭത്തിൽ നിലവിൽ വരുന്ന പുതിയ തദ്ദേശ ഭരണകൂടങ്ങൾക്ക് ജനകീയമായ വികസനശൈലി രൂപപ്പെടുത്താൻ കഴിഞ്ഞാൽ, അത് കേരളത്തെ സംബന്ധിച്ച് ഭാവിയിലേക്കുള്ള സുപ്രധാന കാൽവെപ്പാകും. അതിനനുസൃതമായി, പ്രാദേശിക സർക്കാരുകൾക്ക് കൂടുതൽ അധികാരങ്ങളും ഫണ്ടും ഉറപ്പുവരുത്തുകയും വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സംസ്കാരം ബലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനൊത്ത ആസൂത്രണവുമായി മുന്നോട്ട് പോകാൻ മുന്നണികൾക്കും രാഷ്ട്രീയപാർട്ടികൾക്കും കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.
