1957 മുതൽ ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന നെയ്യാറ്റിൻകരയെ ഒന്ന് പിടിച്ചുനിർത്താൻ പല സൂത്രങ്ങളും പയറ്റുന്നതിനിടക്ക്, ഇടതുമുന്നണി സർക്കാർ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് ഒരു കാർഡുകൂടി ഇറക്കി: സംവരണം ഇല്ലാതിരുന്ന നാടാർ വിഭാഗത്തിനും ഒ.ബി.സി സംവരണം.
നിലവിൽ ഹിന്ദു, എസ്.ഐ.യു.സി, ലത്തീൻ കത്തോലിക്ക നാടാർ വിഭാഗങ്ങളാണ് സംവരണ പട്ടികയിൽ. ഇതിൽപെടാത്ത നാടാർ വിഭാഗങ്ങളുമുണ്ട്. ഇനി എല്ലാ വിഭാഗക്കാർക്കും സംവരണം ലഭിക്കും. മറ്റു വിഭാഗങ്ങൾക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് സംവരണം നടപ്പാക്കുകയെന്നാണ് സർക്കാർ പറയുന്നത്. നാടാർ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള നെയ്യാറ്റിൻകരയിൽ തീരുമാനം ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
സംവരണമില്ലാത്ത നാടാർ വിഭാഗവും അവരുടെ സഭയും നാളുകളായി ഈ ആവശ്യമുന്നയിച്ചുവരികയായിരുന്നു. എന്നാൽ, ഇതിനെതിരെ ഒ.ബി.സി വിഭാഗങ്ങൾ വൻ പ്രതിഷേധത്തിലാണ്. 12 മുന്നാക്ക ക്രിസ്ത്യൻ സമുദായങ്ങളെ നാടാർ സമുദായമെന്നു പറഞ്ഞ് പിന്നാക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെടുത്താനും 80 പിന്നാക്ക സമുദായങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മൂന്നുശതമാനം സംവരണം അട്ടിമറിക്കാനുമാണ് സർക്കാർ നീക്കമെന്നാണ് മോസ്റ്റ് ബാക്ക്‌വേഡ് കമ്യൂണിറ്റ് ഫെഡറേഷൻ ആരോപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് നടപടിയെന്ന് ഒ.ബി.സി സംഘടനകൾ കുറ്റപ്പെടുത്തുന്നു.
കോൺഗ്രസിനോട് അടുപ്പം പുലർത്തിയിരുന്ന നാടാർ വിഭാഗങ്ങളുമായി അടുക്കാൻ കഴിഞ്ഞ വർഷങ്ങളിൽ ബി.ജെ.പി നീക്കം നടത്തിയിരുന്നു. ഇത് മുന്നിൽ കണ്ടാണ് സംവരണക്കാർഡ് പുറത്തെടുക്കാൻ സി.പി.എം തീരുമാനിച്ചത്.
2016ൽ 9543 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ. ആൻസലൻ കോൺഗ്രസിലെ ആർ. സെൽവരാജിനെ തോൽപ്പിച്ചത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 2161 വോട്ടിന്റെ ലീഡ് നേടി. വീണ്ടും ആൻസലൻ- സെൽവരാജ് മൽസരം ആവർത്തിക്കാനാണ് സാധ്യത. എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ സാധ്യതാപട്ടികയിലും സെൽവരാജാണുള്ളത്.
1957 മുതൽ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന മണ്ഡലം. 18 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും കോൺഗ്രസോ കോൺഗ്രസ് പിന്തുണയുള്ളവർക്കോ ആയിരുന്നു ജയം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ജനാർദ്ദനനാണ് ജയിച്ചത്. 1960ൽ പി.എസ്.പിയിലെ നാരായണൻ തമ്പി. 1965, 1967 വർഷങ്ങളിൽ കോൺഗ്രസ് മണ്ഡലം പിടിച്ചു. 1970ൽ സി.പി.എമ്മിലെ ആർ. പരമേശ്വരൻ പിള്ള തിരിച്ചുപിടിച്ചു. 1977, 1980 തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിലെ ആർ. സുന്ദരേശ്വരൻ നായർ പരമേശ്വരൻ പിള്ളയെ തോൽപ്പിച്ചു. 1982ൽ സുന്ദരേശ്വൻ നായരെ ജനതാപാർട്ടിയിലെ എസ്.ആർ. തങ്കരാജ് തോൽപ്പിച്ചു. 1987ലും തങ്കരാജ്. 1991ൽ തങ്കരാജിനെ തമ്പാനൂർ രവി തോൽപ്പിച്ചു. തുടർന്ന് രണ്ട് തെരഞ്ഞെടുപ്പുകളിലും രവി വിജയം ആവർത്തിച്ചു. നാലാം അങ്കത്തിൽ രവിയെ സി.പി.എമ്മിലെ വി.ജെ. തങ്കപ്പൻ തോൽപ്പിച്ചു.
2011ൽ സി.പി.എം സ്ഥാനാർഥിയായ ആർ. സെൽവരാജ് തമ്പാനൂർ രവിയെ തോൽപ്പിച്ചു. സെൽവരാജ് കാലുമാറി കോൺഗ്രസിലേക്കുപോയതിനെതുടർന്ന് 2012ൽ ഉപതെരഞ്ഞെടുപ്പ്, കൈപ്പത്തി ചിഹ്‌നത്തിൽ സെൽവരാജിന് വീണ്ടും ജയം. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ഒ. രാജഗോപാൽ 30,507 വോട്ട് നേടിയിരുന്നു.
ഭൂമി ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ലക്ഷംവീട് കോളനിനിവാസികളായ രാജനും ഭാര്യയും തീകൊളുത്തി മരിച്ചതും അവരുടെ മകന്റെ ദയനീയ ദൃശ്യവും സർക്കാറിനെതിരായ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം തയാറെടുത്തിരുന്നുവെങ്കിലും തുടർനടപടികളിലൂടെ പ്രതിഷേധം തണുപ്പിക്കാനായി. സംഭവത്തിന് പൊലീസാണ് ഉത്തരവാദി എന്ന നിലപാടിലാണ് എം.എൽ.എ. കുടിയൊഴിപ്പിക്കലിൽനിന്ന് പിന്മാറാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ല, അത് രണ്ടുപേരുടെ ജീവനെടുത്തു- അദ്ദേഹം പറയുന്നു.
നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. പരമ്പരാഗത തൊഴിൽ മേഖല. പഴയ നെയ്യാറ്റിൻകര മണ്ഡലത്തിലെ പഞ്ചായത്തുകൾ അധികവും ഇപ്പോൾ പാറശ്ശാല മണ്ഡലത്തിലാണ്. പഴയ പാറശ്ശാല മണ്ഡലത്തിലുണ്ടായിരുന്ന കാരോട്, കുളത്തൂർ, ചെങ്കൽ, തിരുപുറം, എന്നീ പഞ്ചായത്തുകൾ പുതിയ നെയ്യാറ്റിൻകര മണ്ഡലത്തിന്റെ ഭഗമായപ്പോൾ പഴയ നെയ്യാറ്റിൻകരയുടെ ഭാഗമായിരുന്ന നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയും അതിയന്നൂർ പഞ്ചായത്തും മാത്രമാണ് മണ്ഡലത്തിൽ അവശേഷിച്ചത്.