നെയ്യാറ്റിൻകരയിലെ ഭരണകൂട കൊലയെക്കുറിച്ചുതന്നെ

നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് കോളനിയിൽ താമസക്കാരായ രാജനും അമ്പിളിയും തീ പടർന്ന്​ കൊല്ലപ്പെട്ടതും അവരുടെ അനാഥരായ കുട്ടികൾ മാതാപിതാക്കളുടെ കുഴിമാടം വെട്ടുകയും ചെയ്യുന്ന കാഴ്ച കേരളീയ സമൂഹം ഞെട്ടലോടെയാണ് കണ്ടത്. പലർക്കും ഹൃദയം തകരുന്ന വിധത്തിലുള്ള വേദനയാണ് അതുണ്ടാക്കിയത്. ഇവയെല്ലാം ഭരണകൂട മനോഭാവത്തിൽനിന്നുണ്ടാകുന്ന വ്യവസ്ഥാപിത ഭരണകൂട കൊലപാതകങ്ങളാണ്. വരേണ്യർക്കും സമ്പന്നർക്കും അനുകൂലമായ ഈ ഭരണകൂട മനോഭാവം ഇടതുപക്ഷ മുന്നണിയുടെ ഭരണത്തിനുകീഴിൽ തീവ്രമായിരിക്കുന്നു

രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിൽ ‘ആദിപാപം' എന്നൊരു പ്രയോഗം നിലനിന്നിരുന്നു. സമൂഹത്തിലെ ഓരങ്ങളിലും അരികുകളിലും ജീവിച്ചിരുന്ന സാമൂഹിക വിഭാഗങ്ങളെ രാഷ്ട്രീയമായി നിർവചിക്കാതെ അവരെ നിതാന്തമായ പിന്നോക്കാവസ്ഥയിലും വാർപ്പുമാതൃകകളിലും കാണുന്നതിന്റെ ഫലമായിട്ടാണ് ഈ സംജ്ഞ രൂപപ്പെട്ടത്.

യൂറോപ്പിലെ പഴയ വേലക്കാർ, ഭൂമിയിൽ നിന്ന് പറിച്ചെറിയപ്പെട്ടവർ, കാർഷിക അടിയാളർ, കറുത്തവരും ജിപ്സികളുമായ ജനവിഭാഗങ്ങൾ, ലൈംഗിക വേലക്കാർ മുതലായ സമുദായങ്ങൾ, ‘സന്മാർഗ'ത്തിൽനിന്ന് വ്യതിചലിച്ച് കരുതലില്ലാതെ ജീവിക്കുന്നതുമൂലം അവർ ‘ആദിപാപ'ത്തിന് വിധേയരായി എന്നാണ് വരേണ്യർ കരുതിയിരുന്നത്. എന്നാൽ അധ്വാനത്തേയും മൂലധനത്തേയും നിർവചിച്ചുകൊണ്ട് തൊഴിലാളി സംഘടനകളും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും അവയുടെ പ്രത്യയശാസ്ത്ര മണ്ഡലങ്ങളും വികസിക്കുന്നതിലൂടെ "ആദിപാപം' എന്ന സങ്കൽപനം ഉപേക്ഷിക്കേണ്ടതായിവന്നു.

മരിച്ച രാജനും ഭാര്യ അമ്പിളിയും മക്കൾക്കൊപ്പം
മരിച്ച രാജനും ഭാര്യ അമ്പിളിയും മക്കൾക്കൊപ്പം

ഇന്ത്യയെ സംബന്ധിച്ച് ജാതിവ്യവസ്ഥയെ പ്രശ്നവൽക്കരിക്കാതെയും സമുദായ രൂപീകരണങ്ങളെ കാണാതെയും വിവിധ സാമൂഹിക വിപ്ലവധാരകളെ അംഗീകരിക്കാതെയുമുള്ള വരേണ്യ ഒറ്റമൂലികൾ സാർവത്രികമാണ്. ഇതിന്റെ ഫലമായി ദളിതർ അടക്കമുള്ള കീഴാള ജനതയുടെ ഭൂരാഹിത്യം, ദാരിദ്ര്യം, നിരക്ഷരത എന്നിവയെ ‘ആദിപാപം' പോലെ അവതരിപ്പിക്കുകയാണ് വരേണ്യ മുഖ്യധാര ചെയ്തു കൊണ്ടിരിക്കുന്നത്.

കീഴാള സമുദായങ്ങളെ ഇല്ലായ്മക്കാരും വല്ലായ്മക്കാരുമായി ചിത്രീകരിക്കുന്നതിനൊപ്പം അവരെ ദുർമാർഗ്ഗികൾ, മദ്യപാനികൾ, നന്ദികെട്ടവർ, വർഗബോധം ഇല്ലാത്തവർ, സ്വത്വവാദികൾ മുതലായ നിന്ദാസ്ഥാനങ്ങളിൽ ഒതുക്കി നിർത്താനും ഇത്തരം വരേണ്യ കൽപനകൾ കൊണ്ട് കഴിയുന്നുണ്ട്.
നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് കോളനിയിൽ താമസക്കാരായ രാജനും അമ്പിളിയും തീകൊളുത്തി മരിച്ചതും അവരുടെ അനാഥരായ കുട്ടികൾ മാതാപിതാക്കളുടെ കുഴിമാടം വെട്ടുകയും ചെയ്യുന്ന കാഴ്ച കേരളീയ സമൂഹം ഞെട്ടലോടെയാണ് കണ്ടത്. പലർക്കും ഹൃദയം തകരുന്ന വിധത്തിലുള്ള വേദനയാണ് അതുണ്ടാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

പുരോഗമനപക്ഷത്ത് നിൽക്കുന്നതെന്നും, പീഡിതർക്കും അനാഥർക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന കേരത്തിലെ ഇടതുപക്ഷ സർക്കാർ തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷമുള്ള വിജയം ആഘോഷിക്കുന്ന അവസരത്തിലാണ് ഈ ദാരുണദൃശ്യം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തെത്തുന്നത്.

കേരളത്തിലെ ദളിതർ അടക്കമുള്ള അരികുവൽകരിക്കപ്പെട്ട ജനതയുടെ ഭൂമിയില്ലായ്മയും, അവർ ഭൂരിപക്ഷവും അധിവസിക്കുന്നത് കോളനികളിലും റോഡ്, തോട്, റെയിവേ പുറമ്പോക്കുകളിലുമാണെന്ന വസ്തുതയും ദളിത് പ്രസ്ഥാനങ്ങൾ ദശാബ്ദങ്ങൾ മുൻപേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇക്കാര്യം, കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ വിള്ളലുകളെ മാത്രമല്ല സ്വത്ത്, പദവി, അധികാരം പോലുള്ള മേഖലകളിൽ നിലനിൽക്കുന്ന അസമാനതകളെക്കുറിച്ചും ഓർമപ്പെടുത്തുന്നതാണ്. ഇവർക്കെല്ലാം ഭൂമിയും വിഭവ പങ്കാളിത്തവും കൊടുക്കാൻ പറ്റുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. എങ്കിലും സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന കുത്തക തോട്ടമുടമകളും, പൊതുമേഖ-സ്വകാര്യ സ്ഥാപനങ്ങളും ഭരണകൂടത്തെയും കോടതികളെയും സ്വാധീനിച്ച് എല്ലാറ്റിനും തടസ്സം നിൽക്കുകയാണെന്ന് എല്ലാവർക്കും അറിയാം.

ഇത്തരം തടസ്സങ്ങൾ മറികടക്കാൻ പറ്റുന്ന നിയമനിർമ്മാണം നടത്താനോ അനധികൃതമായ ഉടമസ്ഥത ബലം പ്രയോഗിച്ച് അവസാനിപ്പിക്കാനോ തയ്യാറല്ലാത്ത ഭരണകൂടങ്ങൾ "ലൈഫ് മിഷൻ" പോലുള്ള കൃത്രിമ പരിപാടികൾ നടത്തി ജനങ്ങളെ വീണ്ടും പാർശ്വവത്കരണത്തിന് വിധേയമാക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പരിണിത ഫലം, സമൂഹത്തിൽ അപരജനതകൾ പെരുകകയാണെന്ന വസ്തുത ഇവർ കണ്ടില്ലെന്നു നടിക്കുന്നു.

കേരളത്തിൽ കീഴാള സമുദായത്തിലെ ഒരു പെൺകുട്ടി സെൽ ഫോൺ ഇല്ലാതെ ആത്മഹത്യ ചെയ്യുമ്പോഴും കോളനിയിൽ താമസിക്കുന്ന മുടി നീട്ടിവളർത്തിയ ഒരാൺകുട്ടി പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെടുമ്പോഴും മൂന്ന് സെന്റ് ഭൂമിയിൽ വസിക്കുന്ന കുടുംബം തീകൊളുത്തി മരിക്കുമ്പോഴും, ഇതിനെല്ലാം പരിഹാരം ഭൂപരിഷ്‌കരണം മാത്രമാണെന്ന് പറയുകയും വിഭവങ്ങളുടെ പങ്കാളിത്തം വേണമെന്ന് ഓർമപ്പെടുത്തുകയൂം ചെയ്യുന്നതിൽ ‘മെറ്റ നരേഷന്റെ' ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടത് വിപുലമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ്. അവ സംഭവിക്കുന്നതുവരെയും സാമൂഹിക നീതിയും ഭരണകൂട പരിരക്ഷയും പാർശ്വവൽകൃതർക്ക് ലഭിക്കേണ്ടതില്ലേ?

ഇത്തരം സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ കൂടുതൽ തിരിച്ചറിവ് ഉണ്ടാവേണ്ട കാര്യം, ഇവയെല്ലാം ഭരണകൂട മനോഭാവത്തിൽനിന്നുണ്ടാകുന്ന വ്യവസ്ഥാപിത ഭരണകൂട കൊലപാതകങ്ങൾ ആണെന്നതാണ്.
അതായത്, മൂന്ന് സെന്റിൽ താമസിക്കുന്ന ഒരു കുടുംബത്തെ കുടിയിറക്കാനുള്ള കോടതി വിധിയുണ്ടായാൽ അത് നടപ്പാക്കാൻ ഭരണകൂടവും പൊലീസും കാണിക്കുന്ന വ്യഗ്രതയിലാണ് ഈ ഭരണ മനോഭാവം കുടികൊള്ളുന്നത്. ഇതേ വ്യഗ്രത മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിലോ മൂന്നാർ കൈയേറ്റങ്ങൾ ഇടിച്ചുപൊളിക്കുന്നതിലോ പണക്കാർ തമ്മിലുള്ള സ്വത്ത് തർക്കത്തിലോ ഭരണകൂടം കാണിക്കുകയില്ല.

ഇതിന് കാരണം, ഭരണകൂടത്തെ നയിക്കുന്നത് ഇടതായാലും വലതായാലും ഹിന്ദുത്വയായാലും ഭരണമനോഭാവം വരേണ്യർക്കും സമ്പന്നർക്കും അനുകൂലമായിരിക്കും എന്നതാണ്. ഇടതുപക്ഷ മുന്നണിയുടെ ഭരണത്തിനുകീഴിൽ ഈ ഭരണമനോഭാവം തീവ്രമായി ശക്തിപ്രാപിച്ചിരിക്കുന്നു എന്നുമാത്രമല്ല, അത് കീഴാളരെ തന്നെ അടിമപ്പെടുത്തിക്കൊണ്ട് ആന്തരികവൽക്കരിച്ചിരിക്കുന്നു എന്നതാണ് യാഥാർഥ്യം. അതിനാലാണല്ലോ, ഇന്ത്യയിലെ സാമൂഹിക വിപ്ലവധാരകളെ തന്നെ അട്ടിമറിച്ചുകൊണ്ട് സവർണ സംവരണം നടപ്പാക്കാനും അടിസ്ഥാനതല വികസനമെന്ന പേരിൽ, ചങ്ങാതി മുതലാളിത്തത്തെ കുടിയിരുത്താനും അവർക്ക് കഴിയുന്നത്.

മന്ത്രി എ.കെ ബാലൻ
മന്ത്രി എ.കെ ബാലൻ

കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാറിനോട് കീഴാളപക്ഷത്തുനിന്ന് രാഷ്ട്രീയമായ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, "സ്വത്വവാദി'കളുടെ കുത്തിത്തിരുപ്പാണെന്നുപറഞ്ഞ് അവഗണിക്കുകയാണ് പതിവ്. അതിന് പറ്റുന്ന പ്രചാരണ ഉപകരണങ്ങളായി പട്ടികജാതി- വർഗ ക്ഷേമ സമിതി പോലുള്ള സംഘടനകളെ അവർ ഉപയോഗിക്കുന്നുമുണ്ട്.

മറ്റൊരു വാദം, കേരളത്തിലെ മുഖ്യമന്ത്രി പിന്നാക്കക്കാരനാണ്, മന്ത്രിമാരും പാർട്ടിയുടെ ഭൂരിപക്ഷം നേതാക്കളും കീഴാളരാണ് എന്നതാണ്. ഇവർ കീഴാളർ തന്നെയാണ് എന്നുവെക്കുക. എങ്കിലും കീഴാളരെ ഇവർ നിർവചിക്കുന്നത് എങ്ങനെയാണെന്നതാണല്ലോ പരിശോധിക്കപ്പെടേണ്ടത്. കീഴാളരെ രാഷ്ട്രീയമായി ഉൾക്കൊള്ളാനോ അവരുടെ വികാസത്തെയും വിമോചനത്തെയും സാമൂഹിക വിപ്ലവവുമായി കണ്ണിചേർക്കാനോ കഴിയാത്ത നിഷ്‌ക്രിയരായ ശരീരങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ പൊതു പ്‌ളാറ്റ്‌ഫോമുകളിലെ കീഴാള നേതാക്കളൂം ബുദ്ധിജീവികളും എന്നതാണ് വസ്തുത. ഇത്തരക്കാരിലൂടെ കീഴാളർ നിർവചിക്കപ്പെടുന്നത് ആദ്യമേ സൂചിപ്പിച്ച പ്രകാരം, "ആദിപാപ'ത്തിന്റെ സംജ്ഞകളിലൂടെയാവുന്നത് സ്വഭാവികമാണ്.

ഇവരുടെ നിർവചനങ്ങളിൽനിന്ന് പുറത്തുകടന്നുകൊണ്ടുള്ള സമരങ്ങൾക്കൊപ്പം, സ്വയം ശാക്തീകരിക്കാൻ വേണ്ടി തങ്ങളുടെ ബൗദ്ധികശേഷി അടക്കമുള്ള വിഭവങ്ങളെ കാര്യക്ഷമമായി വിനിയോഗിക്കുകയും ഇതര പീഡിത വിഭാഗങ്ങളോടുള്ള സഹവർത്തിത്വം ഊട്ടിയുറപ്പിക്കുകയുമാണ് കീഴാളപക്ഷത്തുനിന്നും ഉണ്ടാകേണ്ടത്. കേരളത്തിൽ ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കരുതുന്നു.



Summary: നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് കോളനിയിൽ താമസക്കാരായ രാജനും അമ്പിളിയും തീ പടർന്ന്​ കൊല്ലപ്പെട്ടതും അവരുടെ അനാഥരായ കുട്ടികൾ മാതാപിതാക്കളുടെ കുഴിമാടം വെട്ടുകയും ചെയ്യുന്ന കാഴ്ച കേരളീയ സമൂഹം ഞെട്ടലോടെയാണ് കണ്ടത്. പലർക്കും ഹൃദയം തകരുന്ന വിധത്തിലുള്ള വേദനയാണ് അതുണ്ടാക്കിയത്. ഇവയെല്ലാം ഭരണകൂട മനോഭാവത്തിൽനിന്നുണ്ടാകുന്ന വ്യവസ്ഥാപിത ഭരണകൂട കൊലപാതകങ്ങളാണ്. വരേണ്യർക്കും സമ്പന്നർക്കും അനുകൂലമായ ഈ ഭരണകൂട മനോഭാവം ഇടതുപക്ഷ മുന്നണിയുടെ ഭരണത്തിനുകീഴിൽ തീവ്രമായിരിക്കുന്നു


Comments