എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ നിർണായകമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ, പ്രാഥമിക കണക്കനുസരിച്ച് 70.76 ശതമാനം പോളിങ്. 2021-ൽ 76.6 ശതമാനമായിരുന്നു, 2016-ൽ 78.9. ഇരുമുന്നണികളും, രാജിവെച്ച പി.വി. അൻവറും മണ്ഡലം ഇളക്കിമറിച്ചിട്ടും, കഴിഞ്ഞ തവണത്തേക്കാൾ ആറ് ശതമാനത്തിന്റെ കുറവ്.
തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ വൈകീട്ട് 5.40 വരെയുള്ള അനൗദ്യോഗിക വോട്ടിങ് ശതമാനം:
നിലമ്പൂർ- 71.35.
വഴിക്കടവ്: 73.12.
മൂത്തേടം: 71.15.
എടക്കര: 71.2.
പോത്തുകല്ല്: 71.80.
ചുങ്കത്തറ: 70.9.
കരുളായി: 70.9.
അമരമ്പലം: 71.2.
മണ്ഡലത്തിൽ ഇതുവരെ നടന്ന 16 തെരഞ്ഞെടുപ്പുകളിലെ ശരാശരി പോളിങ് 75 ശതമാനമാണ്.
നല്ല മഴയുണ്ടായിട്ടും രാവിലെ മുതൽ ബൂത്തുകളിലേക്ക് വോട്ടർമാരെത്തിയിരുന്നു. ഒരു മണിയായപ്പോൾ പോളിങ് 42 ശതമാനം കടന്നു. അഞ്ചു മണിയായപ്പോഴാണ് 70 ശതമാനം കടന്നത്.
ഉപതെരഞ്ഞെടുപ്പിനോട് വോട്ടർമാർക്ക് വിമുഖതയുണ്ടായേക്കാമെന്ന കണക്കുകൂട്ടൽ പൊതുവെയുണ്ടായിരുന്നു: ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ്, എട്ടു മാസത്തിനുശേഷം വരാനിരിക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പ്, അടിസ്ഥാന വിഷയങ്ങൾക്കുപകരം വിവാദങ്ങൾ അപഹരിച്ച കാമ്പയിൻ- ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾ കൊളുത്തിയ ആവേശം കെടുത്തുന്നവയായിരുന്നു ഈ ഘടകങ്ങൾ. ഇത് മുന്നിൽക്കണ്ട് എൽ.ഡി.എഫും യു.ഡി.എഫും അതിശക്തമായ മത്സരപ്രതീതിയുണ്ടാക്കി. എന്നാൽ അത്, പൂർണമായും വോട്ടർമാരെ ബൂത്തുകളിലേക്ക് എത്തിക്കാൻ പര്യാപ്തമായില്ല എന്നാണ് പ്രാഥമിക കണക്ക് വ്യക്തമാക്കുന്നത്. ആദിവാസി മേഖലകളിൽ ഉച്ചയ്ക്കുശേഷം കനത്ത പോളിങ്ങുണ്ടായി.

മണ്ഡലത്തിൽ 2.32.381 വോട്ടർമാരാണുള്ളത്. സ്ത്രീകൾ 1,18,760, പുരുഷന്മാർ 1.13.613, സർവീസ് വോട്ടർമാർ 324.
പി.വി. അൻവർ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 2021-ൽ 76.6 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 61.46 ശതമാനമായിരുന്നു പോളിങ്. പ്രിയങ്ക ഗാന്ധിയെപ്പോലൊരു സ്ഥാനാർഥിയുണ്ടായിട്ടും മുൻ നിയമസഭാ തെരഞ്ഞെടുപ്പിലേതിൽനിന്ന് 15 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇത്തവണ, ഈ കുറവിനെ മറികടക്കാനായി.
നിലമ്പൂരിൽ ഇതുവരെ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 1980, 1987, 2006 വർഷങ്ങളിലാണ് 80 ശതമാനത്തിലേറെ പോളിങ്ങുണ്ടായത്. മൂന്നു തവണയും ജയിച്ചത് ആര്യാടൻ മുഹമ്മദ്. അതിൽ രണ്ടു തവണ യു.ഡി.എഫിലും ഒരു തവണ എൽ.ഡി.എഫിലുമായിരുന്നു ആര്യാടൻ.
83.15 എന്ന ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ 1987-ലും 2006-ലും യു.ഡി.എഫിനായിരുന്നു ജയം. 1980-ലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ജയിച്ചു. 61.94 എന്ന ഏറ്റവും കുറവ് പോളിങ് ശതമാനമുണ്ടായ 1970-ൽ ജയം യു.ഡി.എഫിനൊപ്പമായിരുന്നു. ഏറ്റവും കുറവ് പോളിങ് നടന്ന 1970-ൽ (61.94) യു.ഡി.എഫിനായിരുന്നു ജയം.
80 ശതമാനത്തിലേറെ പോളിങ് നടന്ന വർഷങ്ങൾ ശക്തമായ രാഷ്ട്രീയ മത്സരങ്ങളുടേതുകൂടിയായിരുന്നു. 1980-ലെ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസ് പിളർന്നുണ്ടായ കോൺഗ്രസ്- യു സ്ഥാനാർഥിയായിരുന്നു ആര്യാടൻ, ഈ പാർട്ടി അന്ന് എൽ.ഡി.എഫ് ഘടകകക്ഷിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ആര്യാടനെ ഇ.കെ. നായനാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിന് മത്സരിക്കാൻ, സിറ്റിങ് എം.എൽ.എയായിരുന്ന കോൺഗ്രസ്- യുവിലെ സി. ഹരിദാസ് നിലമ്പൂർ ഒഴിഞ്ഞുകൊടുക്കുകയുമായിരുന്നു. അതുമാത്രമായിരുന്നില്ല ഈ ഉപതെരഞ്ഞെടുപ്പിലെ കൗതുകം. അതുവരെ സി.പി.എം ശത്രുപക്ഷത്ത് നിർത്തിയ ആളാണ് ആര്യാടൻ, കൊല്ലപ്പെട്ട സി.പി.എം നേതാവും എം.എൽ.എയുമായ കെ. കുഞ്ഞാലി വധക്കേസിൽ പ്രതിചേർക്കപ്പെട്ടയാളെന്ന നിലയ്ക്ക്. ആര്യാടന്റെ എതിർസ്ഥാനാർഥി അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും. ആര്യാടൻ 17,841 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

80 ശതമാനത്തിലേറെ പോളിങ്ങുണ്ടായ 1987ലും 2006-ലും ആര്യാടൻ മുഹമ്മദിനുതന്നെയായിരുന്നു ജയം. 2006-ലാണ് പാർട്ടി ചിഹ്‌നത്തിൽ, ഇതിനുമുമ്പ് സി.പി.എം മത്സരിച്ചത്; പി. ശ്രീരാമകൃഷ്ണൻ.
എന്നാൽ, ഈ ഉപതെരഞ്ഞെടുപ്പിലും അതിശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് നിലമ്പൂർ വേദിയായത്. സി.പി.എം സ്വതന്ത്രനായിരുന്ന സിറ്റിങ് എം.എൽ.എയുടെ രാജിയും സ്ഥാനാർഥിത്വവും, നിലമ്പൂരിനെ കുത്തകയാക്കിവെച്ചിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന നിലയ്ക്കുകൂടിയുള്ള ആര്യാടൻ ഷൗക്കത്തിന്റെ എൻട്രി, ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം, പാർട്ടി ചിഹ്‌നത്തിലെത്തിയ സി.പി.എം സ്ഥാനാർഥി, സംസ്ഥാനത്ത് തുടർഭരണത്തിനുശേഷം, മൂന്നാമൂഴത്തിലേക്ക് കച്ച മുറുക്കുന്ന എൽ.ഡി.എഫിന്റെ അഭിമാനപ്പോരാട്ടം- ഇത്രയും നാടകീയവും വീറുറ്റതുമായ ഒരു ഉപതെരഞ്ഞെടുപ്പ് സമീപകാലത്തുണ്ടായിട്ടില്ല എന്നു പറയാം. എന്നിട്ടും, വോട്ടർമാരിൽ ആ ആവേശം പ്രതിഫലിച്ചില്ല.
2016-ൽ നിലമ്പൂരിൽ എൽ.ഡി.എഫിന് 47.91 ശതമാനം വോട്ടാണ് ലഭിച്ചത്. 2021-ൽ 46.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞതവണ ഭൂരിപക്ഷം 2794 വോട്ടായിരുന്നു. മലപ്പുറം ജില്ലയിൽ എൽ.ഡി.എഫ് ഏറ്റവും കൂടുതൽ വോട്ട് നേടിയ തെരഞ്ഞെടുപ്പായിരുന്നു 2021-ലേത്; 10,66,755.
യു.ഡി.എഫ് 2016-ലെ 40.83 ശതമാനത്തിൽനിന്ന് 2021-ൽ 45.34 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയർത്തിയിരുന്നു.
2016-ൽ ബി.ഡി.ജെ.എസ് മത്സരിച്ചപ്പോൾ, എൻ.ഡി.എയുടെ വോട്ട് ശതമാനം 7.56 ആയിരുന്നു. എന്നാൽ, 2021-ൽ ബി.ജെ.പി മത്സരിച്ചപ്പോൾ 4.96 ശതമാനത്തിലേക്ക് താഴ്ന്നു.
നിലമ്പൂർ മണ്ഡലം രൂപീകരിച്ചതിനുശേഷം രണ്ട് ഉപതെരഞ്ഞെടുപ്പുകൾഅടക്കം ഇതുവരെ 16 തെരഞ്ഞെടുപ്പുകളാണ് നടന്നത്. 1965, 1967, 1980 (ഉപതെരഞ്ഞെടുപ്പ്), 1982, 2016, 2021 എന്നീ വർഷങ്ങളിൽ എൽ.ഡി.എഫ് ജയിച്ചു.
1970, 1970 (ഉപതെരഞ്ഞെടുപ്പ്), 1977, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ യു.ഡി.എഫ് ജയിച്ചു.
നിലമ്പൂർ മുൻസിപ്പാലിറ്റി, അമരമ്പലം, പോത്തുകല്ല്, കരുളായി, എടക്കര, ചുങ്കത്തറ, മൂത്തേടം, വഴിക്കടവ് എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. വഴിക്കടവ്, മൂത്തേടം എന്നിവിടങ്ങളിൽ യു.ഡി.എഫിനാണ് മുൻതൂക്കം. നിലമ്പൂർ മുനിസിപ്പാലിറ്റി, അമരമ്പലം, കരുളായി, പോത്തുകൽ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം. ചുങ്കത്തറ, എടക്കര എന്നിവിടങ്ങളിൽ ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.
