ഷൗക്കത്ത്, സ്വരാജ്, അൻവർ; എന്താവും നിലമ്പൂരിന്റെ രാഷ്ട്രീയ ക്ലൈമാക്സ്?

സമ്പൂർണമായി ഏതെങ്കിലുമൊരുപക്ഷത്തിന് അനുകൂലമായി നിൽക്കുന്ന മണ്ഡലമാണ് നിലമ്പൂരെന്ന് പറയുക വയ്യ. ഇവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ ഭൂരിപക്ഷം നോക്കിയാൽ തന്നെ അത് വ്യക്തമായി മനസ്സിലാവും. രണ്ട് മുന്നണികളുടെ ബലാബല പോരാട്ടത്തിനൊപ്പം മറ്റൊരു ഭാഗത്ത് രാജിവെച്ച എം.എൽ.എ പി.വി. അൻവർ സ്വതന്ത്രനായി മത്സരിക്കുന്നുവെന്നത് ഇത്തവണ കണക്കുകൾ പ്രവചനാതീതമാക്കുന്നുണ്ട്.

Election Desk

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കൗതുകകരമായ അട്ടിമറികൾക്കും രക്തം ചിന്തിയ രാഷ്ട്രീയ ചേരിതിരിവുകൾക്കും സാക്ഷിയായ നിയമസഭാ മണ്ഡലമാണ് നിലമ്പൂർ. ഈ ഉപതെരഞ്ഞെടുപ്പിലും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കാണ് മണ്ഡലം സാക്ഷിയായത്. ഇടതുമുന്നണിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് തവണയും എം.എൽ.എയുമായിരുന്ന പി.വി. അൻവറിന്റെ രാഷ്ട്രീയ നിലപാട് മാറ്റമാണ് മണ്ഡലത്തെ ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചത്. നാല് വർഷം പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാരിന് ഇനി കഷ്ടിച്ച് ഒരു വർഷം മാത്രമാണ് ബാക്കിയുള്ളത്. ആ കാലം തന്നെയായിരിക്കും നിലമ്പൂരിലെ പുതിയ എം.എൽ.എയുടെയും കാലാവധി. എങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പാശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ രാഷ്ട്രീയ ബലാബലത്തെ നിർണയിക്കുന്ന മത്സരമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മാറുകയാണ്.

ഇടതിനും വലതിനും ഒരുപോലെ വളക്കൂറുള്ള നിലമ്പൂരിന്റെ മണ്ണിൽ ഇത്തവണ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. മുൻപ് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി.വി. അൻവർ മുന്നണിക്കൊപ്പം നിൽക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം വന്നതോടെ അൻവർ ഇടഞ്ഞു. ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ് സ്ഥാനാർത്ഥിയാവുമെന്നായിരുന്നു അൻവറിന്റെ പ്രതീക്ഷ. എന്നാൽ, ആര്യാടൻ ഷൗക്കത്തിനെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഷൗക്കത്തിനെതിരെയും യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനുമെതിരെയും പരസ്യമായി തന്നെ വിമർശനങ്ങൾ ഉന്നയിച്ച അൻവറിനെ ഉൾക്കൊള്ളാൻ യു.ഡി.എഫിന് സാധിക്കാതെയായി. അൻവറും വി.ഡി. സതീശനും തമ്മിലുള്ള പോര് മുറുകിയതോടെ മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികൾക്ക് പോലും സമവായ ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനും സാധിച്ചില്ല. ഇതോടെയാണ് രാജിവെച്ച എം.എൽ.എയായ അൻവർ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചത്. ഇടതുമുന്നണിയോട് അകന്നതിന് ശേഷം പല രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാവാൻ ശ്രമിച്ച അൻവർ നിലവിൽ തൃണമുൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന നേതാവാണ്. തൃണമുൽ സ്ഥാനാർത്ഥിയായി നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയതോടെ സ്വതന്ത്രനായി മത്സരിക്കാനാണ് അൻവർ തീരുമാനിച്ചത്. അൻവർ മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെ ഇടതുമുന്നണിയും ശക്തനായ പാർട്ടി സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. മുൻ തൃപ്പൂണിത്തുറ എം.എൽ.എയും സംസ്ഥാന നേതാവുമായ സ്വരാജ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി വന്നതോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് നിലമ്പൂർ സാക്ഷിയാവുന്നത്.

മുൻ തൃപ്പൂണിത്തുറ എം.എൽ.എയും സംസ്ഥാന നേതാവുമായ സ്വരാജ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി വന്നതോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് നിലമ്പൂർ സാക്ഷിയാവുന്നത്.
മുൻ തൃപ്പൂണിത്തുറ എം.എൽ.എയും സംസ്ഥാന നേതാവുമായ സ്വരാജ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി വന്നതോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് നിലമ്പൂർ സാക്ഷിയാവുന്നത്.

ഉപതെരഞ്ഞെടുപ്പ് ചിത്രം പൂർണമായി തെളിഞ്ഞപ്പോൾ ആകെ 10 സ്ഥാനാർത്ഥികളാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. സ്വരാജിനും ഷൗക്കത്തിനും പുറമെ എൻ.ഡി.എ സ്ഥാനാർത്ഥിയായി മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ്ജും എസ്.ഡി.പി.ഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിയും മത്സരിക്കുന്നു. പി.വി. അൻവറടക്കം 6 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.

മുന്നണികൾക്ക്
നിർണായകം

മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള 1965-ലെ ആദ്യ തെരഞ്ഞെടുപ്പിലും, 67-ലെ രണ്ടാം തെരഞ്ഞെടുപ്പിലും കെ. കുഞ്ഞാലിയുടെ ജയങ്ങൾ ഒഴിച്ചാൽ സി.പി.എമ്മിന് പാർട്ടി ചിഹ്‌നത്തിൽ നിലമ്പൂരിൽനിന്ന് ജയിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ, തുടർഭരണത്തിന്റെ ഈ ഒമ്പതാം വർഷത്തിൽ, നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കുക എന്നത് എൽ.ഡി.എഫിനേക്കാൾ സി.പി.എമ്മിന്റെ അഭിമാനപ്രശ്നം കൂടിയാണ്. 2006-ലാണ് അവസാനമായി സി.പി.എം നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്, പി. ശ്രീരാമകൃഷ്ണനായിരുന്നു സ്ഥാനാർഥി. സർക്കാറിന്റെ ഭരണനേട്ടങ്ങളാണ് ഉയർത്തിക്കാട്ടുക എന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, പിണറായി സർക്കാറിന്റെ മൂന്നാമൂഴത്തിന്റെ തുടക്കമെന്ന നിലയ്ക്കാണ് സി.പി.എം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ സമീപിക്കാൻ പോകുന്നത് എന്നർഥം. യു.ഡി.എഫിനെതിരെ ജാതി-മത- വർഗീയ ശക്തികളുടെ ‘മഴവിൽ സഖ്യം’ എന്ന ആരോപണവും സി.പി.എം ഉന്നയിച്ചുകഴിഞ്ഞു. ​

പിതാവിന്റെ മൂന്നു പതിറ്റാണ്ടുനീണ്ട കുത്തകക്കാലത്തിനുശേഷം, തന്റെ കൈയിൽനിന്ന് ചോർന്നുപോയ മണ്ഡലം തിരിച്ചുപിടിക്കുക എന്ന വ്യക്തിപരമായ വെല്ലുവിളി ആര്യാടൻ ഷൗക്കത്തിനു മുന്നിലുമുണ്ട്.
പിതാവിന്റെ മൂന്നു പതിറ്റാണ്ടുനീണ്ട കുത്തകക്കാലത്തിനുശേഷം, തന്റെ കൈയിൽനിന്ന് ചോർന്നുപോയ മണ്ഡലം തിരിച്ചുപിടിക്കുക എന്ന വ്യക്തിപരമായ വെല്ലുവിളി ആര്യാടൻ ഷൗക്കത്തിനു മുന്നിലുമുണ്ട്.

അതേസമയം, നിലമ്പൂരിൽ സ്ഥാനാർഥി നിർണയം മുതൽ പി.വി. അൻവർ വിഷയത്തിൽ വരെ തന്റെ സ്വാധീനമുറപ്പിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സ്വന്തം പാർട്ടിയിലുള്ള അഭിമാനപ്പോരാട്ടം കൂടിയാണ് നിലമ്പൂരിൽ നടക്കുന്നത്. പി.വി. അൻവറിനെ മുന്നണിയിലെടുക്കുന്ന വിഷയത്തിൽ, മുസ്‍ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും കോൺഗ്രസിലെ പ്രമുഖ നേതാക്കളും ഉയർത്തിയ വിരുദ്ധാഭിപ്രായങ്ങളെ ഏതാണ്ട് ഒറ്റയ്ക്കുനിന്ന് നേരിട്ട സതീശനെ സംബന്ധിച്ച് നിലമ്പൂരി​ലെ റിസൾട്ട്, ഏറെ നിർണായകമായിരിക്കും.
പിതാവിന്റെ മൂന്നു പതിറ്റാണ്ടുനീണ്ട കുത്തകക്കാലത്തിനുശേഷം, തന്റെ കൈയിൽനിന്ന് ചോർന്നുപോയ മണ്ഡലം തിരിച്ചുപിടിക്കുക എന്ന വ്യക്തിപരമായ വെല്ലുവിളി ആര്യാടൻ ഷൗക്കത്തിനു മുന്നിലുമുണ്ട്.

2016, 2021

ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയിരുന്ന മണ്ഡലം 2016-ൽ പി.വി. അൻവറിലൂടെ എൽ.ഡി.എഫ് തിരിച്ച് പിടിക്കുകയായിരുന്നു. തുടർച്ചയായി ആറുതവണ നിലമ്പൂരിൽ നിന്ന് ജയിച്ച ആര്യാടൻ മുഹമ്മദ് 2011-ൽ അവസാനമായി ജയിച്ചത് 5598 വോട്ടിനായിരുന്നു. കോൺഗ്രസുമായി ഇടഞ്ഞുനിന്ന അൻവറിനെ പിന്തുണച്ചത് 2016-ൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തു. സ്ഥാനാർത്ഥിത്വം അൻവറിനും നേട്ടമുണ്ടാക്കി. 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മികച്ച വിജയമാണ് ആ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് സാധ്യമായത്. ആര്യാടൻ മുഹമ്മദിന്റെ പിൻഗാമിയായി മകൻ ഷൗക്കത്തിനെ യു.ഡി.എഫ് ആദ്യമായി പരീക്ഷിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. അൻവറിന് 47.91 ശതമാനവും ഷൗക്കത്തിന് 40.83 ശതമാനവും വോട്ടാണ് കിട്ടിയത്. 2021-ൽ അൻവർ നേരിയ ഭൂരിപക്ഷത്തിനാണ് മുൻ ഡി.സി.സി പ്രസിഡൻറ് കൂടിയായിരുന്ന കോൺഗ്രസിലെ അഡ്വ. വി.വി. പ്രകാശിനെ തോൽപ്പിച്ചത്, 2700 വോട്ട്. അൻവറിന് 46.9 ശതമാനവും പ്രകാശിന് 45.34 ശതമാനവും വോട്ടാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാർഥി അഡ്വ. ടി.കെ. അശോക് കുമാർ 8595 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി കെ. ബാബു മണി 3281 വോട്ടും നേടി.

 തൃണമുൽ സ്ഥാനാർത്ഥിയായി നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയതോടെ സ്വതന്ത്രനായി മത്സരിക്കാനാണ് അൻവർ തീരുമാനിച്ചത്.
തൃണമുൽ സ്ഥാനാർത്ഥിയായി നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയതോടെ സ്വതന്ത്രനായി മത്സരിക്കാനാണ് അൻവർ തീരുമാനിച്ചത്.

കെ. കുഞ്ഞാലി, ആര്യാടൻ, ടി.കെ. ഹംസ…

പൊതുവെ ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ണാണ് നിലമ്പൂരിലേത്. ഏറനാട്ടിലെ ജന്മിത്വ വിരുദ്ധ സമരങ്ങളുടെ ചോര വീണ മണ്ണ്. കമ്യൂണിസ്റ്റ് പാർട്ടിക്കും പാർട്ടിയുടെ തൊഴിലാളി യൂണിയനുകൾക്കും പിളർപ്പിനുശേഷം സി.പി.എമ്മിനും സി.ഐ.ടി.യുവിനുമെല്ലാം നിരവധി പോരാട്ടകഥകൾ സമ്മാനിച്ചിട്ടുണ്ട് നിലമ്പൂർ. എന്നാൽ, ഈ മേൽക്കൈ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനില്ല. ഇതുവരെ നടന്ന 16 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പത്തിലും കോൺഗ്രസും യു.ഡി.എഫുമാണ് ജയിച്ചത്.

1965, 67 തെരഞ്ഞെടുപ്പുകളിൽ കെ. കുഞ്ഞാലി വിജയിച്ചതിന് ശേഷം പി.വി. അൻവറിനെപ്പോലെ ഇടതുസ്വതന്ത്രനായാണ് 1982-ൽ ടി.കെ. ഹംസ ജയിച്ചത്. 1965-ൽ മഞ്ചേരിയെ വിഭജിച്ച് നിലവിൽ വന്ന നിലമ്പൂരിലെ ആദ്യ തെരഞ്ഞെടുപ്പ്, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെ പാശ്ചാത്തലത്തിലായിരുന്നുവെന്നത് ശ്രദ്ധേയം. സി.പി.എമ്മിലെ കെ. കുഞ്ഞാലി 7161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ യുവ നേതാവായിരുന്ന ആര്യാടൻ മുഹമ്മദിനെ തോൽപ്പിച്ചത്. പോൾ ചെയ്ത വോട്ടിന്റെ 41.83 ശതമാനം കുഞ്ഞാലി നേടിയപ്പോൾ ആര്യാടന് കിട്ടിയത് 25.11 ശതമാനം മാത്രം. സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്നതിനാൽ നിയമസഭ ചേർന്നില്ല. തുടർന്ന്, 1967-ൽ നടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലി ജയം ആവർത്തിച്ചു, തോൽപ്പിച്ചത്, ആര്യാടൻ മുഹമ്മദിനെ തന്നെ. കോൺഗ്രസും സി.പി.എമ്മും ഇരു പാർട്ടികളുടെയും തൊഴിലാളി യൂണിയനുകളും തമ്മിൽ കടുത്ത സംഘർഷം നിലനിന്നിരുന്ന കാലം. എം.എൽ.എയായിരിക്കേ, 1969 ജൂലൈ 28ന് കുഞ്ഞാലി ചുള്ളിയോടുവെച്ച് വെടിയേറ്റു മരിച്ചു. എം.എൽ.എയായിരിക്കേ വെടിയേറ്റ് കൊല്ലപ്പെടുന്ന ആദ്യ നേതാവ്. കുഞ്ഞാലി വധത്തിലെ പ്രധാന പ്രതികൾ കോൺഗ്രസുകാരായിരുന്നു, അവരിൽ ഒരാൾ ആര്യാടൻ മുഹമ്മദും. കുഞ്ഞാലിയെപ്പോലൊരു ശക്തനായ നേതാവിന്റെ അതിക്രൂരമായ കൊലപാതകത്തിനുതൊട്ടുപുറകേ, 1970-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആ കൊലപാതകവും ആര്യാടന്റെ പ്രതിസ്ഥാനവുമാണ് സി.പി.എം പ്രധാന കാമ്പയിനായി ഉയർത്തിയത്. ഇത് മുന്നിൽക്കണ്ട് ആര്യാടൻ മുഹമ്മദിനെ മാറ്റിനിർത്തി കോൺഗ്രസ് എം.പി. ഗംഗാധരനെ സ്ഥാനാർഥിയാക്കി. ഏറെ പ്രക്ഷുബ്ധമായ ആ തെരഞ്ഞെടുപ്പിലെ ജനവിധി തീർത്തും അപ്രതീക്ഷിതമായിരുന്നു. സി.പി.എമ്മിലെ സി.പി. അബൂബക്കറിനെ തോൽപ്പിച്ച് ഗംഗാധരനിലൂടെ കോൺഗ്രസ് വൻ അട്ടിമറി നടത്തി.

എം.എൽ.എയായിരിക്കേ, 1969 ജൂലൈ 28ന് കുഞ്ഞാലി ചുള്ളിയോടുവെച്ച് വെടിയേറ്റു മരിച്ചു.
എം.എൽ.എയായിരിക്കേ, 1969 ജൂലൈ 28ന് കുഞ്ഞാലി ചുള്ളിയോടുവെച്ച് വെടിയേറ്റു മരിച്ചു.

അടിയന്തരാവസ്ഥയ്ക്കുശേഷം, 1977-ൽ നടന്ന തെരഞ്ഞെടുപ്പിൽ, മൂന്നാമത്തെ മത്സരത്തിലാണ് ആര്യാടൻ മുഹമ്മദിന് ആദ്യ ജയം നേടാനായത്. കോൺഗ്രസിലെ പിളർപ്പിനെതുടർന്ന് രൂപീകരിക്കപ്പെട്ട കോൺഗ്രസ്- യു 1980-ൽ ഇടതുമുന്നണിക്കൊപ്പമായിരുന്നു. ആ വർഷം പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായതിനെതുടർന്ന് ആര്യാടനുപകരം നിലമ്പൂരിൽ കോൺഗ്രസ്- യുവിലെ സി. ഹരിദാസാണ് മത്സരിച്ചത്. കോൺ​ഗ്രസിലെ ടി.കെ. ഹംസയെയാണ് ഹരിദാസ് തോൽപ്പിച്ചത്. എന്നാൽ, അതേ വർഷം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് വേദിയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ആര്യാടൻ മുഹമ്മദ് ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായതോടെ, അദ്ദേഹത്തിനുവേണ്ടി ഹരിദാസ് നിലമ്പൂർ സീറ്റ് ഒഴിഞ്ഞു.
അങ്ങനെ, കൗതുകകരമായ ഒരു രാഷ്ട്രീയപോരിന് നിലമ്പൂർ സാക്ഷിയായി. ഇടതുപക്ഷ മുന്നണിയിലെ കോൺഗ്രസ്-യു സ്ഥാനാർഥിയായി ആര്യാടൻ. കുഞ്ഞാലി വധക്കേസ് പ്രതി, സി.പി.എമ്മിന്റെ കടുത്ത ശത്രു, സി.പി.എം പിന്തുണയുള്ള സ്ഥാനാർഥിയായി. ആര്യാടനെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ. ആര്യാടൻ 17,841 വോട്ടിന് മുല്ലപ്പള്ളിയെ തോൽപ്പിച്ചു.

നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് (യു) യുഡിഎഫിലെത്തിയശേഷം, 1982- ൽ നടന്ന തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ് തന്നെ കോൺഗ്രസ് സ്ഥാനാർഥിയായി. അ​പ്പോഴേക്കും കോൺഗ്രസിൽനിന്ന് സി.പി.എമ്മിലെത്തിയ ടി.കെ. ഹംസ പാർട്ടി സ്വതന്ത്രനായി രംഗത്തെത്തി, ആര്യാടനെ തോൽപ്പിച്ചു. 1980-ൽ 18,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ആര്യാടനെ 1566 വോട്ടിനാണ് ഹംസ പരാജയപ്പെടുത്തിയത്.
1987-ൽ ആര്യാടൻ സി.പി.എം സ്വതന്ത്രൻ ദേവദാസ് പൊറ്റക്കാടിനെ തോൽപ്പിച്ച്, തന്റെ വിജയഗാഥ തുടങ്ങി. 1987 മുതൽ 2011 വരെ ആര്യാടൻ മുഹമ്മദിന്റെ കുത്തകയായിരുന്നു നിലമ്പൂർ.

മണ്ഡലചിത്രം ഇങ്ങനെ

നിലമ്പൂർ നിയമസഭയിലെ ആകെ വോട്ടർമാരുടെ എണ്ണം 2,32 384 ആണ്. 113486 പുരുഷ വോട്ടർമാരും 118889 സ്ത്രീ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡേഴ്സും ആണുള്ളത്. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ മണ്ഡലത്തിൽ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. നിലമ്പൂർ നഗരസഭ, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകൽ, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളുമാണ് ഇതിലുൾപ്പെടുന്നത്. ഇതിൽ നിലമ്പൂർ നഗരസഭയും പോത്തുകല്ല്, അമരമ്പലം എന്നീ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ പഞ്ചായത്തുകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടിൽ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എൽ.ഡി.എഫിനാണ് ലീഡുണ്ടായിരുന്നത്. മൂത്തേടം, ചുങ്കത്തറ, എടക്കര എന്നിവിടങ്ങളിൽ നേരിയ വോട്ടുകളുടെ ലീഡാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 173443 (75.20 ശതമാനം) വോട്ടിൽ 81227(46.83 ശതമാനം) വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.വി. അൻവറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി വി.വി പ്രകാശിന് 78527 വോട്ടും എൻഡിഎ സ്ഥാനാർഥിയ്ക്ക് 8595 വോട്ടും ലഭിച്ചു.

രാഷ്ട്രീയചിത്രം

ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യു.ഡി.എഫിനാണ് നിലമ്പൂരിൽ കൂടുതൽ മേൽക്കൈ ലഭിച്ചത്. കുഞ്ഞാലിക്ക് ശേഷം പാർട്ടി സ്ഥാനാർത്ഥിയെന്ന നിലയിൽ മണ്ഡലം പിടിക്കുകയെന്ന ദൗത്യമാണ് എം. സ്വരാജിനുള്ളത്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സ്വരാജ് നേരത്തെ മുൻമന്ത്രി കെ. ബാബുവിനെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറയിൽ നിന്ന് എം.എൽ.എയായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ വെറും 992 വോട്ടുകൾക്ക് ബാബുവിനോട് പരാജയപ്പെട്ടു. ഇതിന് ശേഷം പാർട്ടിയുടെ സംഘടനാതലത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിച്ചിരുന്നത്. നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറാണ്.

യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ എന്നതിലപ്പുറം സാംസ്കാരിക രംഗത്ത് തന്റെ സംഭാവനകൾ രേഖപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ്. രണ്ടാം തവണ ജനവിധി നേരിടുന്ന ഷൗക്കത്ത് 2016-ൽ എൽ.ഡി.എഫ് സ്വതന്ത്രനായിരുന്ന പി.വി. അൻവറിനോടാണ് പരാജയപ്പെട്ടത്. ചെറുപ്പം മുതലേ രാഷ്ട്രീയരംഗത്ത് സജീവമായ ഷൗക്കത്ത് 2005-ൽ നിലമ്പൂർ പഞ്ചായത്ത് പ്രസിഡൻറായാണ് ഒരു സുപ്രധാന പദവിയിലേക്ക് എത്തുന്നത്. സിപിഎമ്മിന്റെ കയ്യിൽ നിന്ന് പഞ്ചായത്ത് പിടിച്ചെടുത്ത് കൊണ്ടായിരുന്നു ആ വിജയം. പിന്നീട് നിലമ്പൂർ നഗരസഭയായപ്പോൾ അതിന്റെ ആദ്യത്തെ ചെയർമാനും ഷൗക്കത്ത് തന്നെയായിരുന്നു. പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, ദൈവനാമത്തിൽ, വർത്തമാനം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയുമെഴുതിയിട്ടുണ്ട് ആര്യാടൻ ഷൗക്കത്ത്.

1987 മുതൽ 2011 വരെ  ആര്യാടൻ മുഹമ്മദിന്റെ കുത്തകയായിരുന്നു നിലമ്പൂർ.
1987 മുതൽ 2011 വരെ ആര്യാടൻ മുഹമ്മദിന്റെ കുത്തകയായിരുന്നു നിലമ്പൂർ.

കോൺഗ്രസ് കുടുംബത്തിൽ ജനിച്ച പി.വി. അൻവറിന്റെ പിതാവ് സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറായിരുന്ന അൻവർ, കെ.കരുണാകരൻ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിലേക്ക് ചേക്കേറുകയായിരുന്നു. ഡി.ഐ.സി തിരിച്ചടി നേരിട്ടപ്പോൾ കെ. കരുണാകരനും മുരളീധരനുമടക്കമുള്ള പ്രധാന നേതാക്കളെല്ലാം തിരിച്ച് കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും അൻവർ തൻേറതായ സ്വതന്ത്ര രാഷ്ട്രീയ പാതയിൽ സഞ്ചരിച്ചു. 2011-ൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അൻവർ പി.കെ. ബഷീറിന് പിന്നിൽ രണ്ടാമതെത്തിയിരുന്നു (ഈ ഘട്ടത്തിൽ സിപിഎമ്മിൻെറ അനൌദ്യോഗിക പിന്തുണയുണ്ടായിരുന്നു). 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പിന്നീട് 2016-ൽ എൽ.ഡി.എഫ് സ്വതന്ത്രനായി നിലമ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെയാണ് രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടാവുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇടത് സ്വതന്ത്രനായും പി.വി. അൻവർ മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം വ്യവസായി കൂടിയായ അൻവറിനെതിരെ ഭൂമികയ്യേറ്റം, നിയമവിരുദ്ധ നിർമമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന് വരികയും അത് വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു.

സമ്പൂർണമായി ഏതെങ്കിലുമൊരുപക്ഷത്തിന് അനുകൂലമായി നിൽക്കുന്ന മണ്ഡലമാണ് നിലമ്പൂരെന്ന് പറയുക വയ്യ. ഇവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ ഭൂരിപക്ഷം നോക്കിയാൽ തന്നെ അത് വ്യക്തമായി മനസ്സിലാവും. യു.ഡി.എഫിനും എൽ.ഡി.എഫിനും 40 - 45 ശതമാനം വരെ വോട്ട് ബാങ്ക് നിലമ്പൂരിലുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. 5 മുതൽ 8 ശതമാനം വരെ വോട്ട് പിടിക്കാൻ ബി.ജെ.പിക്കും ചെറിയൊരു ശതമാനം വോട്ട് നേടാൻ സ്വതന്ത്രർക്കും സാധിക്കും. രണ്ട് മുന്നണികളുടെ ബലാബല പോരാട്ടത്തിനൊപ്പം മറ്റൊരു ഭാഗത്ത് പി.വി. അൻവർ കൂടിയുണ്ടെന്നതാണ് ഇത്തവണ കണക്കുകൾ പ്രവചനാതീതമാക്കുന്നത്. അൻവർ അടഞ്ഞ അധ്യായമാണെന്ന് യു.ഡി.എഫും, ആ സ്ഥാനാർത്ഥിത്വം പ്രസക്തമേയല്ലെന്ന് എൽ.ഡി.എഫും ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് ടേമുകളായി മണ്ഡലത്തിൽ നിന്നും ജയിച്ച് വരുന്ന എം.എൽ.എയെന്ന നിലയിൽ അൻവറിനെ രണ്ട് മുന്നണികൾക്കും വിലകുറച്ച് കാണാൻ സാധിക്കില്ല. അൻവർ ഒപ്പമുണ്ടായിരുന്നുവെങ്കിൽ യു.ഡി.എഫിന് മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്നായിരുന്നു പൊതുവിലയിരുത്തൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവർ എത്രത്തോളം വോട്ട് പിടിക്കുമെന്നതും അത് ഏത് മുന്നണിയിൽ നിന്നായിരിക്കുമെന്നതുമൊക്കെ ഘടകങ്ങളാണ്. പ്രചാരണത്തിനിടയിൽ നടക്കുന്ന അടിയൊഴുക്കുകളും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കും.

Comments