യു.ഡി.എഫിന്
ഉജ്ജ്വല തിരിച്ചുവരവ്,
വോട്ട് ചോർന്ന് എൽ.ഡി.എഫ്;
രാഷ്ട്രീയക്കണക്ക് തെറ്റിച്ച നിലമ്പൂർ

നിലമ്പൂരിൽ എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നിലമ്പൂർ നഗരസഭ, അമരമ്പലം പോലുള്ള തദ്ദേശമേഖലകളിൽ യു.ഡി.എഫിന് വലിയ മുന്നേറ്റം. 2021-നേക്കാൾ യു.ഡി.എഫിന് 790 വോട്ടിന്റെ കുറവാണുള്ളതെങ്കിൽ എൽ.ഡി.എഫിൽനിന്ന് ചോർന്നത് 14,567 വോട്ടാണ്.

News Desk

മ്പതു വർഷത്തിനുശേഷം നിലമ്പൂർ യു.ഡി.എഫിന്.
11,077 വോട്ടിന്റെ തിളങ്ങുന്ന ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് സി.പി.എമ്മിലെ എം. സ്വരാജിനെ തോൽപ്പിച്ച് നിലമ്പൂർ തിരിച്ചുപിടിച്ചത്. ഉപതെരഞ്ഞെടുപ്പിലെ നിർണായക ഫാക്ടറായി മാറിയ പി.വി. അൻവർ 19,760 വോട്ട് നേടി മൂന്നാമതായി.

എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായിരുന്ന നിലമ്പൂർ നഗരസഭ, അമരമ്പലം പോലുള്ള തദ്ദേശമേഖലകളിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തി. മാത്രമല്ല, 2021-നേക്കാൾ യു.ഡി.എഫിന് 790 വോട്ടിന്റെ കുറവാണുള്ളതെങ്കിൽ എൽ.ഡി.എഫിൽനിന്ന് ചോർന്നത് 14,567 വോട്ടാണ്.

പ്രധാന സ്ഥാനാർഥികൾ നേടിയ വോട്ടുകൾ:

ആര്യാടൻ ഷൗക്കത്ത് (കോൺഗ്രസ്): 77737.
എം. സ്വരാജ് (സി.പി.എം): 66660.
പി.വി. അൻവർ (സ്വത.): 19760.
മോഹൻ ജോർജ്ജ് (എൻ.ഡി.എ): 8648.

2021-ൽ യു.ഡി.എഫിന് കിട്ടിയത് 78,527 വോട്ടാണ്.
ഇത്തവണ 77737.
790 വോട്ടിന്റെ കുറവ്.

2021-ൽ എൽ.ഡി.എഫിന് 81227 വോട്ട് കിട്ടി,
ഇത്തവണ 66660.
കുറവ് 14567.

എൻ.ഡി.എയ്ക്ക് 2021-ൽ കിട്ടിയത് 8595 വോട്ട്,
ഇത്തവണ 8648.
53 വോട്ട് കൂടുതൽ.

2021-ൽ 45.34 ശതമാനം വോട്ട് നേടിയ യു.ഡി.എഫ് ഇത്തവണ നേടിയത് 44.51 ശതമാനം.
കുറവ്: 0.83 ശതമാനം.

2021-ൽ 46.9 ശതമാനം വോട്ട് നേടിയ എൽ.ഡി.എഫിന് ഇത്തവണ കിട്ടിയത് 38.16 ശതമാനം.
കുറവ് 8.74 ശതമാനം.

2021-ൽ 4.96 ശതമാനം വോട്ടു നേടിയ എൻ.ഡി.എ ഇത്തവണ 4.95 ശതമാനം നേടി.
കൂടിയത്: 0.01 ശതമാനം.

എട്ടു തവണ നിലമ്പൂരിൽനിന്ന് വിജയിച്ച്, മണ്ഡലം കുത്തകയാക്കിവച്ചിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിന് ഇരട്ടിമധുരം കൂടിയായി ഈ ജയം.
എട്ടു തവണ നിലമ്പൂരിൽനിന്ന് വിജയിച്ച്, മണ്ഡലം കുത്തകയാക്കിവച്ചിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിന് ഇരട്ടിമധുരം കൂടിയായി ഈ ജയം.

മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിന് മുൻതൂക്കമുള്ള മേഖലകളിലടക്കം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. നിലമ്പൂർ നഗസഭയിൽ 3967-ലേറെ വോട്ടിന് എൽ.ഡി.എഫ് പുറകിലായി. മറ്റൊരു ഇടതുശക്തികേന്ദ്രമായ അമരമ്പലത്ത് 704 വോട്ടിന് പിന്നിലായി. കരുളായിയിൽ മാത്രമാണ് എൽ.ഡി.എഫിന് 118 വോട്ടിന്റെ നേരിയ ലീഡ് ലഭിച്ചത്. എം. സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യു.ഡി.എഫിന് 800 വോട്ടിന്റെ ലീഡുണ്ട്. എടക്കര, ചുങ്കത്തറ, മൂത്തേടം, വഴിക്കടവ് എന്നീ പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ലീഡ്.

2021-ൽ പി.വി. അൻവർ കോൺഗ്രസിലെ വി.വി. പ്രകാശിനെ 2700 വോട്ടിനാണ് തോൽപ്പിച്ചത്. ഇത്തവണ ബി.ജെ.പി കഴിഞ്ഞതവണ നേടിയ വോട്ട് നിലനിർത്തി.

എട്ടു തവണ നിലമ്പൂരിൽനിന്ന് വിജയിച്ച്, മണ്ഡലം കുത്തകയാക്കിവച്ചിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിന് ഇരട്ടിമധുരം കൂടിയായി ഈ ജയം. 2011-ലാണ് നിലമ്പൂരിൽ അവസാനമായി യു.ഡി.എഫ് ജയിച്ചത്, ആര്യാടൻ മുഹമ്മദിനായിരുന്നു അന്ന് ജയം. 2011-ലാണ് ആര്യാടൻ ഷൗക്കത്ത് ആദ്യമായി സ്ഥാനാർഥിയായത്. പി.വി. അൻവർ 11,000 -ലേറെ വോട്ടിനാണ് ഷൗക്കത്തിനെ തോൽപ്പിച്ചത്. 2021-ൽ അൻവറിന്റെ ഭൂരിപക്ഷം 2700 വോട്ടിലേക്ക് ഇടിഞ്ഞു.

2021-നേക്കാൾ യു.ഡി.എഫിന് 790 വോട്ടിന്റെ കുറവാണുള്ളതെങ്കിൽ എൽ.ഡി.എഫിൽനിന്ന് ചോർന്നത് 14,567 വോട്ടാണ്.

2016-ൽ ബി.ഡി.ജെ.എസ് നിലമ്പൂരിൽനിന്ന് 12,000 -ഓളം വോട്ട് നേടിയിരുന്നു. എന്നാൽ, 2021-ൽ ബി.ജെ.പി സ്ഥാനാർഥിക്ക് 8595 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.

നിലമ്പൂർ മണ്ഡലം രൂപീകരിച്ചതിനുശേഷം മൂന്ന് ഉപതെരഞ്ഞെടുപ്പുകൾഅടക്കം ഇതുവരെ 17 തെരഞ്ഞെടുപ്പുകളാണ് നടന്നത്. 1965, 1967, 1980 (ഉപതെരഞ്ഞെടുപ്പ്), 1982, 2016, 2021 എന്നീ വർഷങ്ങളിൽ എൽ.ഡി.എഫ് ജയിച്ചു. 1970, 1970 (ഉപതെരഞ്ഞെടുപ്പ്), 1977, 1987, 1991, 1996, 2001, 2006, 2011, 2025 (ഉപതെരഞ്ഞെടുപ്പ്) വർഷങ്ങളിൽ യു.ഡി.എഫ് ജയിച്ചു.

ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയിരുന്ന മണ്ഡലം 2016-ൽ പി.വി. അൻവറിലൂടെ എൽ.ഡി.എഫ് തിരിച്ച് പിടിക്കുകയായിരുന്നു. തുടർച്ചയായി ആറുതവണ നിലമ്പൂരിൽ നിന്ന് ജയിച്ച ആര്യാടൻ മുഹമ്മദ് 2011-ൽ അവസാനമായി ജയിച്ചത് 5598 വോട്ടിനായിരുന്നു. കോൺഗ്രസുമായി ഇടഞ്ഞുനിന്ന അൻവറിനെ പിന്തുണച്ചത് 2016-ൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തു. സ്ഥാനാർത്ഥിത്വം അൻവറിനും നേട്ടമുണ്ടാക്കി. 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മികച്ച വിജയമാണ് ആ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് സാധ്യമായത്. ആര്യാടൻ മുഹമ്മദിന്റെ പിൻഗാമിയായി മകൻ ഷൗക്കത്തിനെ യു.ഡി.എഫ് ആദ്യമായി പരീക്ഷിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. അൻവറിന് 47.91 ശതമാനവും ഷൗക്കത്തിന് 40.83 ശതമാനവും വോട്ടാണ് കിട്ടിയത്.

ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയിരുന്ന മണ്ഡലം 2016-ൽ പി.വി. അൻവറിലൂടെ എൽ.ഡി.എഫ് തിരിച്ച് പിടിക്കുകയായിരുന്നു.
ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയിരുന്ന മണ്ഡലം 2016-ൽ പി.വി. അൻവറിലൂടെ എൽ.ഡി.എഫ് തിരിച്ച് പിടിക്കുകയായിരുന്നു.

2021-ൽ അൻവർ നേരിയ ഭൂരിപക്ഷത്തിനാണ് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായിരുന്ന കോൺഗ്രസിലെ അഡ്വ. വി.വി. പ്രകാശിനെ തോൽപ്പിച്ചത്, 2700 വോട്ട്. അൻവറിന് 46.9 ശതമാനവും പ്രകാശിന് 45.34 ശതമാനവും വോട്ടാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാർഥി അഡ്വ. ടി.കെ. അശോക് കുമാർ 8595 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി കെ. ബാബു മണി 3281 വോട്ടും നേടി.

എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായിരുന്ന നിലമ്പൂർ നഗരസഭ, അമരമ്പലം പോലുള്ള തദ്ദേശമേഖലകളിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തി.

മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള 1965-ലെ ആദ്യ തെരഞ്ഞെടുപ്പിലും, 67-ലെ രണ്ടാം തെരഞ്ഞെടുപ്പിലും കെ. കുഞ്ഞാലിയുടെ ജയങ്ങൾ ഒഴിച്ചാൽ സി.പി.എമ്മിന് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽനിന്ന് ജയിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ, തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിൽ, നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ എം. സ്വരാജിനെ നിർത്തി, അതിശക്തമായ രാഷ്ട്രീയമത്സരമാണ് സി.പി.എം നടത്തിയത്. 2006-ലാണ് അവസാനമായി സി.പി.എം നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്, പി. ശ്രീരാമകൃഷ്ണനായിരുന്നു സ്ഥാനാർഥി.

തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിൽ, നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ എം. സ്വരാജിനെ നിർത്തി, അതിശക്തമായ രാഷ്ട്രീയമത്സരമാണ് സി.പി.എം നടത്തിയത്.
തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിൽ, നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ എം. സ്വരാജിനെ നിർത്തി, അതിശക്തമായ രാഷ്ട്രീയമത്സരമാണ് സി.പി.എം നടത്തിയത്.

അഞ്ചിരട്ടി വോട്ടിനാണ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചതെന്നും യുഡിഎഫിന്റെ വോട്ട് എവിടെയും പോയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു: ‘‘എൽ.ഡി.എഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യു ഡി എഫ് ശക്തിപ്പെട്ടുവെന്നതിന്റെ തെളിവാണ് ഈ വിജയം. 100-ലധികം സീറ്റുകളുമായി യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തും. മണ്ഡല പുനക്രമീകരണത്തോടെ നിലമ്പൂരിന്റെ രാഷ്ട്രീയ സ്വഭാവം മാറിയിരുന്നു. 2026- ലെ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്’’- അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റേത് വർഗീയ- തീവ്രവാദ ശക്തികളെ ചേർത്ത് നടത്തിയ ജയമാണെന്നും ഇത് രാഷ്ട്രീയ- സാമൂഹിക ജീവിതത്തിൽ ഗൗരവകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണിക്ക്, പുറമെനിന്ന് കുറച്ചുകൂടി വോട്ട് ലഭിക്കുമ്പോഴാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ നിലമ്പൂരിൽ ജയിച്ചുവരാറ് എന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് ലഭിച്ച വോട്ടുകൾ എവിടെനിന്നാണ് എന്ന് സൂക്ഷ്മമായി പരി​ശോധിക്കണം. കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞ വോട്ടാണ് അവർക്ക് ലഭിച്ചത്. മാത്രമല്ല ഈ വിജയത്തിന് വർഗീയ ശക്തികളുടെ പിൻബലമുണ്ട്. ഇക്കാര്യം ബി.ജെ.പി സ്ഥാനാർഥി തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു വശത്ത് ഭൂരിപക്ഷ വർഗീയത ഉപയോഗിക്കുക, മറുഭാഗത്ത് ന്യൂനപക്ഷ വർഗീയതയെ, അതും ജമാഅത്തെ ഇസ്‍ലാമിയെപ്പോലുള്ള സംഘടനയെ ഉപയോഗിക്കുക, അതാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Comments