ഒരു നിലമ്പൂർ കീറാമുട്ടി

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലാണ്​ കേരളം. ​കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

കോൺഗ്രസിൽ ഡൽഹി ചർച്ചയിലെ ഒരു കീറാമുട്ടി നിലമ്പൂരായിരുന്നു. മലപ്പുറം ഡി.സി.സി. പ്രസിഡൻറ്​ വി.വി. പ്രകാശ് നേരത്തെ രാജി ഭീഷണിയും ഡി.സി.സി പിളർപ്പും മുഴക്കി ഒരുങ്ങിയിരിക്കുകയായിരുന്നു. നിലമ്പൂരിനെ ഒഴിച്ചിട്ടാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. തല മുണ്ഡനം ചെയ്യപ്പെട്ട പാർട്ടി നേതൃത്വത്തിന്, നിലമ്പൂരുനിന്ന് ഒരു പിളർപ്പുകൂടി സഹിക്കാൻ കരുത്തില്ലായിരുന്നു, പ്രകാശിനുതന്നെ കൊടുത്തു, മണ്ഡലം.

മത്സരത്തിൽ പ്രകാശിനൊപ്പമുണ്ടായിരുന്ന ആര്യാടൻ ഷൗക്കത്തിന് പട്ടാമ്പി കൊടുക്കാമെന്നു പറഞ്ഞ് സമാധാനിപ്പിച്ചെങ്കിലും അദ്ദേഹം പിണങ്ങിനിൽക്കുകയാണ്. മാത്രമല്ല, ഷൗക്കത്തിനുവേണ്ടിയും പ്രകാശിന് എതിരായും മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവും നടത്തി. പ്രകടനങ്ങൾ റോഡിൽനിന്ന് ബൂത്തുകളിലേക്ക് വ്യാപിച്ചാൽ, പ്രകാശിന്റെ തോൽവിയുടെ ആഴം കൂടുകയായിരിക്കും ഫലം.

പലവിധ അട്ടിമറികളിലൂടെയാണ് പ്രകാശ് സ്ഥാനാർഥിത്വം നേടിയെടുത്തത്. ഡി.സി.സി പ്രസിഡന്റുമാർക്ക് സീറ്റ് കൊടുക്കുന്ന കീഴ്‌വഴക്കമനുസരിച്ച് പ്രകാശിനായിരുന്നു പട്ടികയിൽ മുൻതൂക്കം. ഉമ്മൻചാണ്ടി ഇടപെട്ട് പ്രകാശിന്റെ കാര്യം ഉറപ്പാക്കുകയും ചെയ്തു. എന്നാൽ, പൊടുന്നനെ കോഴിക്കാട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പൊട്ടിവീണു. കൽപ്പറ്റയിലേക്ക് തീരുമാനിച്ചിരുന്ന സിദ്ദീഖിനെ, അവിടെ വേണ്ടെന്ന ക്രിസ്ത്യൻ സഭകളുടെ ഉത്തരവ് ശിരസ്സാവഹിച്ച് നിലമ്പൂരിലേക്കുതട്ടി. ഇതോടെ, പ്രകാശ് വിഭാഗം രാജിഭീഷണി മുഴക്കി.

‘നിലമ്പൂരിന് എന്തിന് പുറത്തുനിന്ന് ഒരു യു.ഡി.എഫ് സ്ഥാനാർഥി? നിലമ്പൂരിൽ തന്നെ ജനകീയ നേതാക്കൾ ഇല്ലേ?' എന്ന ചോദ്യവുമായി മണ്ഡലം കമ്മിറ്റികൾ പ്രകാശിനുവേണ്ടി രാഹുൽ ഗാന്ധിക്ക് ഇ- മെയിൽ പരാതികൾ അയച്ചു. ഇതേതുടർന്നാണ്, നിലമ്പൂരിൽ പ്രകാശിന് നറുക്കുവീണത്.
എൽ.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.എൽ.എ പി.വി. അൻവർ തന്നെയാണ്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

അൻവറിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിലായിരുന്നു നിലമ്പൂർ കഴിഞ്ഞ ദിവസങ്ങളിൽ. അതായത്, എൽ.എൽ.എയെ മണ്ഡലത്തിൽ കാണാനില്ലത്രേ. സി.പി.എം നിലമ്പൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ, സ്ഥാനാർഥി വിദേശത്തായിരുന്നു. എം.എൽ.എയെ കാണാനില്ല എന്ന ആക്ഷേപമുണ്ടായപ്പോൾ ‘‘ഞാൻ ആഫ്രിക്കൻ രാജ്യമായ സിയറോ ലിയോണയിലുണ്ടെന്ന്'' കാണിച്ച് എം.എൽ.എക്ക് ഫേസ്ബുക്കിൽ വീഡിയോ സന്ദേശം ഇടേണ്ടിവന്നു. സ്വർണ, വജ്‌റ ഖനന വ്യവസായം തുടങ്ങി, ആയിരങ്ങൾക്ക് തൊഴിൽ നൽകാൻ എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മൂന്നുമാസമായി അൻവർ മണ്ഡലത്തിലുണ്ടായിരുന്നില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ വികസന യാത്ര നിലമ്പൂരിലെത്തിയപ്പോഴും എം.എൽ.എയുടെ അസാന്നിധ്യം പാർട്ടി ശത്രുക്കളും ബൂർഷ്വാ മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. മുമ്പ്, രണ്ടുമാസത്തിലേറെയായി എം.എൽ.എ മണ്ഡലത്തിലില്ലെന്നും അദ്ദേഹത്തെ കാണാനില്ലെന്നും കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈയിടെ എം.എൽ.എക്കെതിരെ മറ്റൊരു കേസുമുണ്ടായി.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് അൻവറിനെതിരെ മൂന്നുവർഷമായി കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന്, ഇതുസംബന്ധിച്ച ഒരു പരാതിയിൽ ഹൈകോടതി ചോദിച്ചു. പരിധിയിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് അൻവറിനെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോർഡ് ഉത്തരവ് മൂന്നുവർഷമായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി. നിയമമനുസരിച്ച് ഒരാൾക്ക് കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായിരിക്കേ, തന്റെ കൈവശം 2017,84 ഏക്കർ ഭൂമിയുണ്ടെന്ന് അൻവർ തെരഞ്ഞെടുപ്പുകമീഷന് നൽകിയ സത്യവാങ്മൂലത്തിലുണ്ട്. കേസ് 19ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴും അൻവറിനെതിരായ ‘വേട്ട' തുടർന്നു. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ അൻവറിനെ സ്വീകരിക്കാൻ വലിയ ആൾക്കൂട്ടമുണ്ടായിരുന്നുവെന്നും ക്വാറന്റയിനിൽ പോകാതെ എം.എൽ.എ ആൾക്കൂട്ടത്തിനിടയിലേക്കിറങ്ങി എന്നും ചൂണ്ടിക്കാട്ടി കെ.എസ്.യുവാണ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയത്.

എല്ലാത്തിനും അൻവർ മറുപടി നൽകുന്നു: ‘‘മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകൾക്കും ചിത്രവധത്തിനും ഇരുന്നുകൊടുക്കുന്നവർ ഉണ്ടാകും. തൽക്കാലം പി.വി.അൻവറിന് അതിന് മനസ്സില്ല. ഒരു മാധ്യമങ്ങളുടെയും താരാട്ട് കേട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത്രയും നാൾ പ്രവർത്തിച്ചതും. കുറച്ച് വർഷങ്ങളായി പരമാവധി ഇവരെല്ലാം കൂടി വളഞ്ഞിട്ട് അക്രമിച്ചിട്ടേ ഉള്ളൂ. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ. അവരെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കാറുണ്ട്. അവരെനിക്കൊപ്പമുണ്ട്. അതിനപ്പുറം, ഒരു മാധ്യമ ജഡ്ജിമാർക്കും ഒരു രോമത്തിന്റെ വില പോലും കൽപ്പിക്കുന്നുമില്ല. അതിനി ആരൊക്കെ ആണെങ്കിലും. കേരളത്തിലെ മുഴുവൻ മാധ്യമ സന്നാഹങ്ങൾക്കും നിലമ്പൂരിലെത്താം, എനിക്കെതിരെ മരിച്ച് പണിയെടുക്കാം. വെറുതെ ഓട്ട ബക്കറ്റിൽ വെള്ളം കോരാമെന്ന് മാത്രം..?? പി.വി.അൻവർ ഇങ്ങനെയൊക്കെയാണ്. ഇന്നും നാളെയും അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പണി തുടർന്നോള്ളൂ..എനിക്കൊപ്പം,നിലമ്പൂരിലെ ജനങ്ങളുണ്ട്...തൽക്കാലം അത് മതി...''.

എന്തായാലും നിലമ്പൂരിലെ എൽ.ഡി.എഫ് പ്രവർത്തകർ ആവേശത്തിലാണ്, എം.എൽ.എയെ തിരിച്ചുകിട്ടിയതിൽ.

1987 മുതൽ 2011 വരെ തുടർച്ചയായി ആറുതവണ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദ് ജയിച്ച നിലമ്പൂരിൽ 2016ൽ മകൻ ആര്യാടൻ ഷൗക്കത്താണ് പി.വി. അൻവറിനെ നേരിട്ടത്. 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിന് അൻവർ നിലമ്പൂർ തിരിച്ചുപിടിച്ചു.

അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങളെ ചുറ്റിപ്പറ്റിയാണ് യു.ഡി.എഫിന്റെ പ്രചാരണം. മറിച്ച്, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകൾ യു.ഡി.എഫിനെ സംബന്ധിച്ച് അത്ര ശുഭസൂചകമല്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ രാഹുൽ ഗാന്ധി നേടിയത് 60,000ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ 794 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. നിലമ്പൂർ നഗരസഭ അടക്കം എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു.

1967ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കെ. കുഞ്ഞാലിയാണ് ജയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു എതിരാളി. കുഞ്ഞാലി 1969 ജൂലൈ 28ന് കൊല്ലപ്പെട്ടു. കൊലക്കുപിന്നിൽ ആര്യാടൻ മുഹമ്മദാണെന്ന് ആരോപണമുണ്ടായിരുന്നു. കുഞ്ഞാലിക്കുശേഷം നിലമ്പൂർ കോൺഗ്രസിന്റേതായി. 1970ൽ എം.പി. ഗംഗാധരനും 1977ൽ ആര്യാടൻ മുഹമ്മദും 1980ൽ സി. ഹരിദാസും അതേവർഷം ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ആര്യാടനും എം.എൽ.എമാരായി.

1982ൽ ടി.കെ. ഹംസ ഇടതുപക്ഷത്തിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. എന്നാൽ, 1987 മുതൽ ആര്യാടന്റെ കുത്തകയായി. ഇത്തവണയും അൻവറിന് നിലമ്പൂരിൽ വലിയ വെല്ലുവിളികളില്ല. കോൺഗ്രസുകാർ ഉയർത്തുന്ന വിവാദങ്ങൾ മറികടക്കാനുള്ള സാമർഥ്യമുള്ളയാളാണ് അൻവർ. മാത്രമല്ല, കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്ത് ഫാക്ടർ യു.ഡി.എഫിനുമേൽ ഒരു വാളായി തൂങ്ങിക്കിടക്കുകയുമാണ്.

Comments