മലപ്പുറത്ത് ഈ വർഷം നിപ സ്ഥിരീകരിക്കുന്നത് രണ്ടാം തവണ; മാസ്ക് നിർബന്ധം, കടുത്ത നിയന്ത്രണങ്ങൾ

കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം. ഇത് രണ്ടാം തവണയാണ് ഈ വർഷം മലപ്പുറം ജില്ലയിൽ തന്നെ നിപ സ്ഥിരീകരിക്കുന്നത്

News Desk

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് (Nipah Virus) സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച മലപ്പുറം (Malappuram) വണ്ടൂർ സ്വദേശിയായ 24-കാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഉതിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലാണ് നിയന്ത്രണം. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് എന്നീ വാർഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം.

കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരനായ വിദ്യാർഥിക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഈ മാസം 9-നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസർ വഴി ലഭ്യമായ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചപ്പോൾ മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിരുന്നു. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. “ഐസൊലേഷനിലുള്ള 5 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപൂർവമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോൺടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്” - മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയക്കുകയായിരുന്നു. യുവാവിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതറിഞ്ഞ ഉടനെതന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതലയോഗം ചേർന്നിരുന്നു. പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയും 16 കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

വീണ ജോർജ്
വീണ ജോർജ്

2018 മെയ് മാസമായിരുന്നു കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധയായിരുന്നു ഇത്. മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ എത്തിയ യുവാവിനാണ് 2018-ൽ നിപ സ്ഥിരീകരിച്ചിരുന്നത്. 18 പേർക്കായിരുന്നു അന്ന് രോഗബാധയുണ്ടായത്. സിസ്റ്റർ ലിനിയുൾപ്പടെ 17 മരണങ്ങൾ സംസ്ഥാനത്തുണ്ടായി. കോഴിക്കോട് ചാത്തമംഗലത്ത് 2021 സെപ്റ്റംബറിൽ 12 വയസുകാരൻ നിപ ബാധിച്ച് മരണപ്പെട്ടു. 2023 സെപ്റ്റംബറിൽ വീണ്ടും കോഴിക്കോട് ആറു പേർക്ക് നിപ വൈറസ് ബാധിച്ചു. ഈ വർഷം ജൂണിൽ മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് കുട്ടി മരിച്ചു. മാസങ്ങൾക്കിപ്പുറം വീണ്ടും മലപ്പുറത്ത് തന്നെ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നു. വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പും പൊതു ജനങ്ങളും അതീവ ജാഗ്രതയിലാണ്.

മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ

1. പൊതുജനങ്ങൾ പരമാവധി കൂട്ടം കൂടന്നത് ഒഴിവാക്കണം.

2. പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിക്കണം.

3. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ പ്രവൃത്തിസമയങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.

4. കല്യാണം/മരണം/മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

5. പനി, ചർദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങൾ കാണുമ്പോൾ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദേശം തേടണം.

6. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ തുടങ്ങിയവ കടിച്ചതോ മരത്തിൽ നിന്ന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങൾ കഴിക്കാൻ പാടില്ല. പഴം, പച്ചക്കറി എന്നിവ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.

7 പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും രോഗം പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.

കണ്ടെയ്ൻമെന്റ് സോണുകളിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ

1. പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.

2. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. (പാൽ, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതൽ പ്രവർത്തിക്കാവുന്നതാണ്). മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

3. സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുവാൻ പാടുള്ളതല്ല.

4. സ്കൂളുകൾ, കോളേജുകൾ, മദ്രസ്സുകൾ അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പ്രവർത്തിപ്പിക്കരുത്.

Comments