വയനാട് ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്നതിൽ സംസ്ഥാന സർക്കാരോ ബാങ്കുകളോ കൃത്യമായ നടപടികളുമായി മുന്നോട്ടു വന്നിട്ടില്ലെന്ന് ചൂരൽമല റിലീഫ് സെന്റർ. മുത്തൂറ്റ് ഗ്രൂപ്പ് 17 പേരുടെ ലോൺ എഴുതിത്തള്ളിയതും സഹകരണ ഗ്രാമ വികസന ബാങ്ക് ലോണുകൾ എഴുതി തള്ളാനുള്ള തീരുമാനം എടുത്തതും അക്കമുള്ള ചുരുക്കം പോസിറ്റീവായ ഇടപെടലുകൾ മാത്രമാണുണ്ടായത്. കേരള ബാങ്കിലെ കടങ്ങൾ മുഴുവൻ എഴുതിത്തള്ളും എന്ന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല എന്നാണ് അവിടെനിന്ന് കടമെടുത്ത ആളുകളെ നേരിട്ട് വിളിച്ചു ചോദിച്ചതിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് സെന്റർ പ്രവർത്തകർ പ്രസ്താവനയിൽ പറഞ്ഞു.
കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സർക്കാർ അധികൃതർക്കും സെന്റർ കത്തുകൾ നൽകിയിരുന്നു.
‘‘സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗം ചേർന്നശേഷം ഒരു ബാങ്കിന്റെ പോലും ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുത്ത് മുന്നോട്ടു വന്നിട്ടില്ല. സ്റ്റെർല, ബജാജ് പോലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഗ്രാമീൺ ബാങ്ക് അടക്കമുള്ള ബാങ്കുകളും തിരിച്ചടവുകൾ ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കാൻ തുടങ്ങിയിട്ടുണ്ട്. കാർഷിക ലോൺ പോലും അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് പറഞ്ഞു കൊണ്ടുള്ള മെസ്സേജുകൾ നമ്മുടെ ഗ്രൂപ്പിൽ അംഗങ്ങൾക്ക് കിട്ടിയിട്ടുണ്ട്’’- പ്രസ്താവനയിൽ പറയുന്നു.
‘‘ഇത്തരമൊരു സാഹചര്യത്തിൽ ലോണുകൾ നമുക്കാർക്കും തിരിച്ചടക്കാൻ കഴിയില്ല. ഇക്കാര്യം ബാങ്കുകളെയും ബാങ്കേഴ്സ് സമിതിയെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ അവർ ഇക്കാര്യത്തിൽ അനുകൂല ഇടപെടൽ നടത്താൻ യാതൊരു സാധ്യതയുമില്ല’’.
ഇക്കാര്യം ചർച്ച ചെയ്യുന്നതിനും അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കാനും സെപ്റ്റംബർ 22ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചൂരൽമല സെന്റ് സെബാസ്റ്റ്യൻ പള്ളി ഹാളിൽ യോഗം ചേരുമെന്ന് ചൂരൽമല റിലീഫ് സെന്റർ അറിയിച്ചു.