തെയ്യംകെട്ടുത്സവത്തിൻ്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നടന്ന കരിമരുന്ന് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ്, വടക്കേ മലബാറിലെ കളിയാട്ടം നടത്തിപ്പുകാരുടെയും നിയമപാലകരുടെയും നാട്ടുകാരുടെയും എല്ലാവരുടെയും ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ പങ്കുവെക്കുന്നത്. മറ്റൊരു അവസരത്തിലല്ല, ഇപ്പോൾ തന്നെയാണ് ഇത് പറയേണ്ടത്.
ഉത്തരമലബാറിലെ തെയ്യംകെട്ടുത്സവങ്ങൾ ഇന്ന് ലോകപ്രസിദ്ധമാണല്ലോ. തുലാപ്പത്തോടെ തെയ്യങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നാടും നാട്ടുകാരെയും കാണുന്നതിനായി വരികയാണ്. ഇവിടുന്നങ്ങോട്ട് കളിയാട്ടങ്ങളുടെയും പെരുങ്കളിയാട്ടങ്ങളുടെയും കാലമാണ്. വടക്കേ മലബാറിൻ്റെ തനത് തെയ്യംകെട്ടുത്സവങ്ങളായ കളിയാട്ടങ്ങൾ ഇന്ന് പതിനായിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടുന്ന വലിയ ആഘോഷങ്ങളായി മാറിയിരിക്കുകയാണ്. പക്ഷേ വലിയ ആഘോഷങ്ങൾ നടത്തുന്നതിനുള്ള സ്ഥലസൗകര്യങ്ങളോ ചുറ്റുപാടുകളോ കളിയാട്ടക്കാവുകൾക്കില്ല എന്നതാണ് യാഥാർത്ഥ്യം. തെയ്യംകെട്ടുത്സവം നടക്കുന്ന എല്ലാ കാവുകളും വലിയ ക്ഷേത്രങ്ങളോ ധാരാളം ജനങ്ങളെ ഉൾക്കൊള്ളുന്നതിന് ശേഷിയുള്ള വലിയ സംവിധാനങ്ങളോ അല്ല. കളിയാട്ടങ്ങൾ നടക്കുന്നത് ഓരോ ദേശത്തെയും തറവാടുകൾ കേന്ദ്രീകരിച്ചാണ്. അല്ലാതെ ഒരു നാട്ടിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയല്ല. പല ജാതിക്കാരുടെ തറവാടുകളിൽ ആണ്ടോടാണ്ട് കൂടുമ്പോഴോ മൂവാണ്ട് മുപ്പത്താറു മാസം കൂടുമ്പോഴോ കൊണ്ടാടപ്പെട്ട കളിയാട്ടങ്ങളാണ് ഇന്ന് ലക്ഷങ്ങളും കോടികളും മുടക്കുന്ന മഹോത്സവങ്ങളായി, വലിയ കാർണിവെലുകളായി മാറിയിരിക്കുന്നത്.
കഴിഞ്ഞ അമ്പത് വർഷക്കാലത്തിനിടെ ഉത്തര മലബാറുകാരുടെ സാമൂഹിക, സാംസ്കാരിക ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളാണ് കുഞ്ഞുകുഞ്ഞു കളിയാട്ടങ്ങളെ ഈ സ്ഥിതിയിലെത്തിച്ചത്. നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികളും ശിങ്കാരിമേളവും ലക്ഷങ്ങൾ ചെലവഴിച്ചുള്ള കാഴ്ചയും അങ്ങനെ യാതൊരു നിയന്ത്രണവുമില്ലാത്ത മനുഷ്യക്കൂട്ടങ്ങളുടെ പ്രകടനങ്ങൾ മാത്രമായി കളിയാട്ടങ്ങൾ മാറിയിരിക്കുകയാണ്. ഒരുപാട് വർഷങ്ങൾക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ടങ്ങളിൽ മാത്രമാണ് മുൻകാലങ്ങളിൽ വലിയ തോതിൽ ജനങ്ങൾ പങ്കെടുക്കുന്നത്. പക്ഷേ കാലാന്തരത്തിൽ ഉത്തര മലബാറിന്റെ സ്വന്തം സംസ്കാരമായ തെയ്യംകെട്ടുത്സവങ്ങൾ അടിമുടി മാറിക്കഴിഞ്ഞു. ഓരോ തറവാട്ടിലെയും അംഗങ്ങളും അതിന് ചുറ്റിലുമുള്ള നാട്ടുകാരും ഒത്തുചേരുന്ന ഏറ്റവും ലളിതമായ കളിയാട്ടങ്ങളായിരുന്നു ഉത്തര കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്നത്. എല്ലാ ജാതിക്കാർക്കും അവരവരുടെ കളിയാട്ടങ്ങളും പടിഞ്ഞാറ്റയിൽ ചൂണ്ടിയ വിരലിൽത്തെളിയുന്ന ധർമ്മദൈവവും ഉണ്ടായിരുന്നതിനാൽ വലിയ തോതിലുള്ള ജാതിപ്രശ്നങ്ങളൊന്നും കളിയാട്ടങ്ങളെ ബാധിച്ചിരുന്നില്ല.
ജാതീയമായി സംഘടിച്ച് ധനം സമ്പാദിക്കുകയോ അവരവരുടെ ജാതിയുടെ മേധാവിത്വം കാണിക്കുകയോ ചെയ്യുക എന്നത് പഴയകാല കളിയാട്ടങ്ങളുടെ ലക്ഷ്യമേ ആയിരുന്നില്ല. ആ കളിയാട്ടങ്ങളുടെ പേര് തന്നെ തക്കുറിക്കളിയാട്ടം, കല്പനക്കളിയാട്ടം, എടുത്തൂട്ടികയിക്കുന്ന കളിയാട്ടം എന്നിങ്ങനെയാണ്. ഓരോ തറവാട്ടിലെയും അംഗങ്ങൾ തങ്ങൾക്കാവുന്നത് എടുത്തുകൂട്ടി നുള്ളിപ്പെറുക്കി സമ്പാദിച്ചു നടത്തുന്ന കളിയാട്ടങ്ങൾക്ക് ഒരു ലാളിത്യമൊക്കെ ഉണ്ടായിരുന്നു. ഇങ്ങനെ കൊണ്ടുക്കൂട്ടി നടത്തുന്ന കളിയാട്ടത്തിലൂടെയാണ് തെയ്യം തറവാട്ട് ബന്ധം നിലനിർത്തുന്നത്. തറവാട്ടംഗങ്ങളുടെ ഐക്യവും സുസ്ഥിരതയും നിലനിർത്തുക എന്ന സാമൂഹിക ദൗത്യം കൂടി പോയകാലത്ത് തെയ്യം നിലനിർത്തിയിരുന്നു. ഇന്ന് കാണുന്നതു പോലെ അത് ഹിംസാത്മകമായി ജാതിബോധത്തെ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നില്ല.
കുഞ്ഞുകളിയാട്ടങ്ങളും തറവാടുകളും പിന്നീട് വലിയ നിലയ്ക്ക് മൂലധന നിക്ഷേപങ്ങളുള്ള സ്ഥാപനങ്ങളായി മാറി. മൂലധനം പെരുകുന്ന മുറയ്ക്ക് അന്തസ്സ് കുറഞ്ഞുപോയി എന്ന വീണ്ടുവിചാരത്തിൽ ചെറിയ കളിയാട്ടക്കാവുകൾ പ്രതിഷ്ഠ ബ്രഹ്മകലശങ്ങളിലൂടെ നവീകരിക്കപ്പെട്ട് ക്ഷേത്രങ്ങളായി മാറിക്കൊണ്ടിരുന്നു. തീയരുടെയും പുലയരുടെയും വാണിയരുടെയും മണിയാണിയുടെയും മുകയരുടെയും കാവുകളുടെ ആധിപത്യം തന്ത്രീശ്വരർ സ്വന്തക്കാൻ തുടങ്ങി.
ചെമ്പകവും പൂവും പുകിലും ആലും അരയാലും കാഞ്ഞിരവും ആധാരമായ ചാണകം തേച്ച കളിയാട്ട മുറ്റങ്ങളെ ക്ഷേത്രങ്ങളെന്ന ആഢ്യ സവർണ്ണ നിർമ്മിതികളാക്കി പരിണമിപ്പിച്ചു. കല്യാണമണ്ഡപങ്ങളും വലിയ കോൺക്രീറ്റ് സൗധങ്ങളും നടപ്പന്തലുകളും വമ്പൻ മതിൽക്കെട്ടുകളും കെട്ടിപ്പൊക്കി. നമ്മുടെ കാവുകൾ സിമൻ്റ് മസിൽ ഉരുട്ടിപ്പെരുപ്പിച്ച് ക്ഷേത്രങ്ങളെ വെല്ലുവിളിച്ചു. നവക്ഷത്രിയ ക്ഷേത്രങ്ങൾ ജാതിക്കോട്ടകളായി സ്വജാതികളെ കാത്തു സംരക്ഷിച്ചു. ജാതിയെയും അതിൻ്റെ ബലാബലങ്ങളെയും പരീക്ഷിക്കുന്ന പൊതു ഇടങ്ങളായി കാവുകൾ രൂപാന്തരപ്പെട്ടപ്പോൾ അതിൻ്റെ ഏറ്റവും നിസ്സഹായമായ ഇര തെയ്യമായിരുന്നു. കഴിഞ്ഞ അമ്പത് വർഷങ്ങളായുണ്ടായ മാറ്റങ്ങൾക്കൊടുവിലാണ് വടക്കൻ കേരള ഗ്രാമങ്ങളിൽ ഇന്ന് കാണുന്ന കളിയാട്ടങ്ങളും നൂറുകണക്കിന് ക്ഷേത്രങ്ങളും ഉടലെടുത്തിരിക്കുന്നത്.
കാവുകൾ ക്ഷേത്രങ്ങളായി മാറുമ്പോഴും അതിൻ്റെ ചുറ്റുവട്ടവും അതിന് അനുവദിക്കപ്പെട്ട സ്ഥല സൗകര്യവും പരിമിതപ്പെട്ടു തന്നെ കിടക്കുകയായിരുന്നു. വലിയ മതിൽക്കെട്ടുകൾക്കുള്ളിൽ തിങ്ങിഞെരുങ്ങി ശ്വാസം മുട്ടി മനുഷ്യർക്ക് നിന്ന് തിരിയാൻ പറ്റാത്ത വിധത്തിലുള്ള കളിയാട്ടക്കാഴ്ചകളാണ് ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാണുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമുള്ളതുപോലെ മഹാക്ഷേത്രളും വൻമതിൽകെട്ടുകളും നിർമ്മിക്കേണ്ടുന്ന ആവശ്യം ഉത്തരമലബാറിലെ കുഞ്ഞുകുഞ്ഞു കളിയാട്ടക്കാവുകൾക്കില്ല. മഹാക്ഷേത്രങ്ങൾ രാജഭരണകാലത്ത് രാജാക്കന്മാരുടെ സമ്പത്തും നിധിയും സൂക്ഷിക്കുന്ന ഗജാനകൾ ആയിരുന്നു. അതുകൊണ്ടാണ് ക്ഷേത്രത്തെ വലിയ മതിൽക്കെട്ടുകൾ ഉയർത്തി സംരക്ഷിച്ചു നിർത്തിയത്. ഉത്തര മലബാറിലെ ക്ഷേത്രങ്ങളായി മാറിയ കാവുകൾക്കുള്ളിൽ അങ്ങനെ എന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ സമ്പത്തോ നിധിയോ നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വലിയ ക്ഷേത്ര നിർമിതികളുടെയോ ആനമതിലിൻ്റെയോ യാതൊരാവശ്യവുമില്ല. പിന്നെ എന്തിനാണ് ഇത്രയും വലിയ കൂറ്റൻ മതിൽ എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം...?
കാവുകളിൽ ഇങ്ങനെയുള്ള അശാസ്ത്രീയ നിർമ്മിതികൾ നടത്തുന്നതിന് തീരുമാനമെടുക്കുന്നവരോ അതിന് ആജ്ഞ കൊടുക്കുന്നവരോ ഒരു കാവിന്റെ ആത്മാവ് എന്താണെന്നോ കാവും മനുഷ്യരും ഇതര ജീവജാലങ്ങളും തമ്മിലുള്ള ഹൃദയബന്ധം എന്താണെന്നോ തെയ്യക്കാരുടെ ശാരീരിക സുരക്ഷ എന്താണെന്നോ യാതൊരു ബോധ്യവും ഇല്ലാത്തവരാണ്. ആവശ്യത്തിൽ കൂടുതൽ പണം പെരുകുമ്പോൾ വൈകാരികതയ്ക്കും കാരുണ്യത്തിനുമപ്പുറം മറ്റു പല താൽപര്യങ്ങളുമാണല്ലോ മനുഷ്യനെ നയിക്കുന്നത്.
നമുക്കു വേണ്ടുന്ന എല്ലാ സുഖസൗകര്യങ്ങളും ആർഭാടങ്ങളും വേണ്ടുന്നവരല്ല തെയ്യത്തിലെ ദൈവങ്ങൾ. നീലിയാർ കോട്ടത്തെ വൻമരപ്പടർപ്പുകൾക്ക് നടുവിലിരുന്ന് തെയ്യം പറയുന്നത് കേൾക്കൂ;
“എനിക്ക് ഓടിട്ട മാടമില്ലെന്നോ ചെമ്പടിച്ച ശ്രീകോവിലില്ലെന്നോ കരിങ്കല്ല് പാകിയ മുറ്റമില്ലെന്നോ എന്ന പരിദേവനം നിങ്ങൾക്കാർക്കും വേണ്ട…
ഇതെന്റെ പച്ചക്കാട്
ഇതെന്റെ വൃന്ദാവനം
എൻ്റെ കാടിഷ്ടമായോ” - എന്നാണ്.
തെയ്യം നടക്കുന്ന ക്ഷേത്രത്തിലെ മതിൽക്കെട്ടിന് പുറത്തുനിൽക്കുന്നവർക്ക് അകത്തെ അനുഷ്ഠാനങ്ങളുടെ യാതൊരു കാഴ്ചയും കാണാൻ സാധ്യമാകാത്ത വിധത്തിലാണ് അതിൻ്റെ നിർമ്മിതി. ഇങ്ങനെ വരുമ്പോൾ കുറച്ച് ജനങ്ങളെത്തുമ്പോൾ തന്നെ നിയന്ത്രിക്കാനാകാത്ത തിക്കും തിരക്കുമാണ്. ക്ഷേത്രത്തിലെത്തുന്ന ജനങ്ങളുടെ തെയ്യം കാണാനുള്ള തത്രപ്പാടും ഗതികേടും പലപ്പോഴും കണ്ടിട്ടുള്ളതാണ്. തിങ്ങിക്കൂടിയ ജനങ്ങൾക്കിക്കിടയിലുള്ള അനുഷ്ഠാന പ്രകടനമാണ് തെയ്യം. തെയ്യത്തിനും ജനങ്ങൾക്കുമിടയിൽ ഇങ്ങനെ വൻമതിൽ പടുത്തുയർത്തുമ്പോൾ തെയ്യവും ജനങ്ങളും തമ്മിലുള്ള ജൈവികബന്ധത്തിന്റെ കണ്ണി മുറിക്കുകയാണ് ചെയ്യുന്നത്.
തെയ്യം നടക്കുന്ന ക്ഷേത്രത്തിലെ മതിൽക്കെട്ടിന് പുറത്തുനിൽക്കുന്നവർക്ക് അകത്തെ അനുഷ്ഠാനങ്ങളുടെ യാതൊരു കാഴ്ചയും കാണാൻ സാധ്യമാകാത്ത വിധത്തിലാണ് അതിൻ്റെ നിർമ്മിതി. ഇങ്ങനെ വരുമ്പോൾ കുറച്ച് ജനങ്ങളെത്തുമ്പോൾ തന്നെ നിയന്ത്രിക്കാനാകാത്ത തിക്കും തിരക്കുമാണ്.
നാട്ടുമീനുകളുടെ ജനിതകസ്മൃതികളിൽ കുറിച്ചിട്ട നീർത്താരകളിലൂടെയുള്ള ജന്മാന്തര സഞ്ചാരം പോലെയാണ് ആർത്തലയ്ക്കുന്ന ജനങ്ങളിലേക്കുള്ള തെയ്യത്തിൻ്റെ പൂർവ്വസമൃതികളിലൂടെയുള്ള സഞ്ചാരം. തെയ്യവും ജനങ്ങളും തമ്മിലുള്ള ആത്മബന്ധത്തെയാണ് ഇങ്ങനെ കുറുകെ മതിൽ കെട്ടി തടയുന്നത്. വെള്ളത്തിൽ നീന്തിത്തുടിക്കുന്ന മീനുകളെപ്പോലെ ജനങ്ങൾക്കിടയിൽ മാത്രമേ തെയ്യത്തിന്റെ ജൈവിക സാന്നിധ്യം സാധ്യമാകൂ. മീനും വെള്ളവും എന്നപോലെ മനുഷ്യരും തെയ്യവും തമ്മിലുള്ള ജൈവികബന്ധത്തെ നിർവചിക്കുക എളുപ്പമല്ല. കാവുകളിൽ പ്രതിഷ്ഠ നടത്താനും വൻമരങ്ങൾ മുറിച്ചുമാറ്റാനും വൻ മതിൽക്കെട്ടുകൾ ഉയർത്തി കാവിനെ ക്ഷേത്രമാക്കാനും ഒത്താശ ചെയ്തു കൊടുക്കുന്ന ജ്യോതിഷ പണ്ഡിതരോട് ഈയൊരു പരസ്പര്യത്തെക്കുറിച്ച് ആരാണ് പറഞ്ഞു കൊടുക്കുക?
ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന ധനസമാഹരണ കേന്ദ്രങ്ങളായി ഉത്തര മലബാറിലെ തറവാട് ക്ഷേത്രങ്ങൾ മാറിയപ്പോൾ ഇങ്ങനെ സമാഹരിക്കുന്ന ധനം വിനിയോഗിച്ച് സംഘടിപ്പിക്കുന്ന വലിയ ഉത്സവങ്ങളാണ് ഇപ്പോൾ കാവുകളിൽ അരങ്ങേറുന്നത്. ഉത്തരമലബാറിൽ ഒരുകാലത്തും വെടിക്കെട്ടോ വലിയ കരിമരുന്ന് പ്രയോഗമോ ഉണ്ടായിട്ടില്ല. ഞങ്ങളുടെ അറിവിൽ രണ്ടേ രണ്ട് കാവുകളിൽ മാത്രമാണ് അതുള്ളത്. അത് രണ്ടും ഇന്നത്തെ കണ്ണൂർ ജില്ലയിലാണ്. ഒന്ന് പയ്യന്നൂരിനടുത്ത് കുറിഞ്ഞി അറയിലും മറ്റൊന്ന് അല്പം മാറിയുള്ള കോട്ടണച്ചേരി അറയിലുമാണ്. ഈ രണ്ട് ക്ഷേത്രങ്ങളിൽ മാത്രമാണ് കാലാകാലങ്ങളായി തെയ്യത്തോടനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നത്. ഈ രണ്ട് കാവുകളും എല്ലാ സുരക്ഷിതത്വവും നിയമനടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് വെടിക്കെട്ട് നടത്തിയിട്ടുള്ളത്.
കോട്ടണച്ചേരി അറയിലും കുറഞ്ഞി അറയിലും വെടിക്കെട്ട് നടക്കുന്നതിനിടെ വലിയ അപകടങ്ങൾ നടന്നതായി ഇന്നോളം അറിവില്ല. പക്ഷേ നിലവിലുള്ള എല്ലാ നിയമസംവിധാനങ്ങളും ആചാര മര്യാദകളും പാരമ്പര്യമായ വിശ്വാസസംഹിതകളും കാറ്റിൽ പറത്തി കഴിഞ്ഞ കുറച്ചുകാലമായി ഉത്തരമലബാറിലുടനീളം വെടിക്കെട്ടുകൾ നടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഏതാണ്ട് എല്ലാ വലിയ കളിയാട്ടങ്ങളുടെ നോട്ടീസിലും സമാപന ദിവസം കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ് എന്ന് വലിയ അക്ഷരത്തിൽ പരസ്യപ്പെടുത്തുന്നു. ഒറ്റദിവസവും രണ്ട് ദിവസവും മാത്രമുണ്ടായിരുന്ന കളിയാട്ടങ്ങൾ ഒരു ദിവസം കൂടി ദീർഘിപ്പിച്ച് അവസാന ദിവസം കരിമരുന്ന് പ്രയോഗം കൂടി സംഘടിപ്പിക്കുകയാണ് പുതിയ നടത്തിപ്പുകാർ ചെയ്യുന്നത്. ഇങ്ങനെ കരിമരുന്ന് പ്രയോഗം നടത്തേണ്ടതിനാൽ മുഴുവൻ അനുഷ്ഠാനത്തോടെയും അവസാനിക്കേണ്ടുന്ന തെയ്യം ചടങ്ങുകൾ വളരെ നേരത്തെ തീർത്ത് വെടിക്കെട്ടിന്റെ നടപടികളിലേക്ക് നീങ്ങുന്ന കാഴ്ചയും ഉത്തരമലബാറിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ഉത്തര കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങൾ കളിയാട്ടത്തോടനുബന്ധിച്ച് ഇങ്ങനെ കരിമരുന്ന് പ്രയോഗം നടത്തുന്നതിന് കൃത്യമായ നിയമനടപടികളോ അതിൻ്റെ മുൻകരുതലുകളോ എന്തെങ്കിലും പാലിക്കുന്നതായി അറിവില്ല.
നീലേശ്വരത്ത് എൻ്റെ ഭാര്യയുടെ വീടിൻ്റെ തൊട്ടടുത്താണ് അപകടം നടന്ന അഞ്ഞൂറ്റമ്പലം വീരർ കാവ്. എത്രയോ കാലമായി ഇവിടെ തെയ്യത്തിന് ഞാൻ പോകാറുണ്ട്. ഇത്തവണയും പോകേണ്ടതായിരുന്നു. കഴിഞ്ഞവർഷവും ഇതേ സ്ഥലത്ത് തെയ്യം കാണാൻ പോയിരുന്നു. വലിയ മാലപ്പടക്കങ്ങൾ പൊട്ടിക്കുമ്പോൾ അതിൻ്റെ തീപ്പൊരികളും വെടിമരുന്നവശിഷ്ടങ്ങളും ഞങ്ങളുടെ ശരീരത്തിൽ വീഴുന്നുണ്ടായിരുന്നു. അപ്പോഴും ഞാൻ അതിശയിച്ചിരുന്നു എത്ര നിസ്സാരമായാണ്, എത്ര അശ്രദ്ധമായാണ് അവിടെ കൂടിയിരുന്നർക്ക് നടുവിൽ ഇങ്ങനെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതെന്ന്.
വള്ളുവനാടൻ പ്രദേശങ്ങളിലും മധ്യകേരളത്തിലും നടക്കുന്ന വലിയ വെടിക്കെട്ടുത്സവങ്ങൾ അതിന്റേതായ എല്ലാ നിയമങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കിയതിനുശേഷമാണ് നടത്തുന്നത്. ഉത്രാളിക്കാവ്, നെന്മാറ വല്ലങ്ങി, കുറ്റിയങ്കാവ്, ചെനക്കത്തൂര്, ആറാട്ടുപുഴ, തൃശൂർ പൂരം, മച്ചാട് മാമാങ്കം പോലെയുള്ള എല്ലാ ഉത്സവങ്ങളും എല്ലാ വെടിക്കെട്ടുകളും അത്രയും വിശാലമായ തുറന്ന പാടത്തോ വലിയ മൈതാനത്തോ ആണ് നടക്കുന്നത്. ഇങ്ങനെ വിശാലമായ വലിയ മൈതാനമോ പാടമോ ഒന്നും ഇട്ടാവട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ കളിയാട്ടം നടക്കുന്ന ക്ഷേത്രങ്ങൾക്കില്ല. മതിൽക്കെട്ടിനുള്ളിലും ആൾക്കൂട്ടത്തിനിടയിലും വെച്ച് തന്നെയാണ് വെടി പൊട്ടിക്കുന്നത്. വിചിത്രവും അത്യന്തം അപകടകരവുമായ മറ്റൊന്നുകൂടി ഇപ്പോൾ കാണാം. തെയ്യവും വെള്ളാട്ടുമൊക്കെ കളിയാട്ട മുറ്റത്തിറങ്ങുമ്പോൾ ചുറ്റിലും പൂക്കുറ്റികൾ കത്തിച്ച് വെക്കും. അതിനിടയിലൂടെ കലാശം ചവിട്ടുന്ന തെയ്യക്കാഴ്ച കണ്ട് കയ്യടിക്കുന്ന ജനങ്ങൾ! ചെറിയ തീപ്പൊരികൾ വീണാൽ പോലും കത്തിപ്പിടിക്കുന്ന ചമയങ്ങളും മെഴുക് തേച്ച അണിയലങ്ങളും മുരിക്കിലരിഞ്ഞ മുടിയും വെച്ചാടുന്ന തെയ്യം തന്നെ കത്തിപോകുന്ന കാഴ്ചയും നമ്മൾ കാണേണ്ടിവരും.
യാതൊരു തുറസ്സോ സൗകര്യമോ ഇല്ലാത്ത വിധം കെട്ടിമുട്ടിച്ച മതിൽക്കെട്ടിനുള്ളിലെ കോൺക്രീറ്റ് ബിൽഡിങ്ങുകൾക്കിടയിലെ കളിയാട്ടവും വെടിമരുന്ന് കത്തിക്കലും വലിയ ദുരന്തം ഉണ്ടാക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒരപകടം വന്നാൽ ഓടി രക്ഷപ്പെടാനോ മാറിനിൽക്കാനോ പറ്റുന്ന വിധത്തിൽ അല്ല, ഇപ്പോഴത്തെ നമ്മുടെ ക്ഷേത്രങ്ങളുടെ ഘടന. സ്ഥലമോ സൗകര്യമോ ഒന്നും വിഷയമല്ല. വെടിക്കെട്ട് നിർബന്ധമാണ്. ഇതൊക്കെ ആരോട് പറയാൻ… ഒന്നിനെയും അനുസരിക്കാത്ത ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും വലിയ ആൾക്കൂട്ട ഹിംസകളാണ് ഉത്തരമലബാറിലെ കളിയാട്ടക്കമ്മിറ്റിക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിനെ ചോദ്യം ചെയ്യാനോ അവർക്ക് നേർവഴി കാണിച്ചു കൊടുക്കാനോ ആരുമില്ല എന്നതും യാഥാർത്ഥ്യമാണ്.
ക്ഷേത്രത്തിൽ തെയ്യം കെട്ടുന്ന തെയ്യക്കാരനും അവരുടെ കൂടെ അണിയറയിൽ പണിയെടുക്കുന്ന സഹായികൾക്കുമുള്ള കോളും കൂലിയും വർദ്ധിപ്പിക്കുന്നതിനെതിരെ എല്ലാവരും ഒറ്റക്കെട്ടാണ്. കളിയാട്ടത്തിലെയും പെരുങ്കളിയാട്ടത്തിലെയും തെയ്യം അനുഷ്ഠാനമൊഴികെ മറ്റെല്ലായിടത്തും ലക്ഷങ്ങൾ പൊടിപൊടിക്കുമ്പോൾ കനലാടിമാരുടെ കാര്യം വലിയ കഷ്ടം തന്നെയാണ്. തെയ്യക്കാരുടെ കോളും കൂലിയും തെരയാൻ വേണ്ടി അട്ടത്ത് ചുരുട്ടി വെച്ച ഓലയും കാർന്നോന്മാർ കണക്ക് എഴുതിവെച്ച വാലൻ മൂട്ടതുളച്ച ബൗണ്ട് ബുക്കുമായി അധികാരികൾ വരും. ഉത്തരമലബാറിലെ കളിയാട്ട നടത്തിപ്പുകാരുടെയും ജാതിക്കൂട്ടായ്മകളുടെയും കണ്ണുതുറപ്പിക്കുന്നതിന് എന്താണ് മാർഗം...?