‘‘അമ്മേ, നമ്മുടെ ചുറ്റും ചില അപകടങ്ങളുണ്ട്.
അവ വരുന്നത് സ്നേഹിതന്മാരെപ്പോലെയാണ്.
കൂടെയിരുന്ന് ഒരേ പാത്രത്തിൽ നിന്ന് ആഹാരം കഴിക്കുമ്പോഴും അവയുടെ ഉള്ളിൽ വിഷം ഒളിപ്പിച്ചിരിക്കുന്നു’’.
മാക്‌സിം ഗോർക്കിയുടെ വിശ്വോത്തര നോവലായ ‘അമ്മ’യിലെ പ്രധാന കഥാപാത്രമായ പാവലിന്റെ അടുത്ത സുഹൃത്തും സഹവിപ്ലവകാരനുമായ ആൻഡ്രി, പാവലിന്റെ അമ്മയോട് പറയുന്ന മുന്നറിയിപ്പാണിത്. സൗഹൃദത്തിന്റെ മുഖം ധരിച്ചെത്തുന്ന ‘സർപ്പങ്ങൾ’ വിപ്ലവപ്രസ്ഥാനത്തിനകത്തും പുറത്തും പത്തിതാഴ്ത്തി പതിയിരിക്കുന്നത് പാവലിന്റെ അമ്മയെ ജാഗ്രതപ്പെടുത്തുകയാണ് ആൻഡ്രി.
“അമ്മേ, നമ്മൾ എല്ലായ്‌പ്പോഴും സൂക്ഷിക്കണം. നമ്മുടെ ചുറ്റും അവർ വലയിട്ടിരിക്കുകയാണ്. അവർ അടുത്തുവരുന്നത് സുഹൃത്തുക്കളെപ്പോലെയാണ്- ചിരിച്ചുകൊണ്ട്, സ്നേഹത്തോടെ. അവർ നമ്മുടെ ഓരോ വാക്കും ശ്രദ്ധിക്കുന്നു, നമ്മൾ എങ്ങനെ ശ്വാസമെടുക്കുന്നു എന്നതുവരെ.”
കരുണയും സൗഹൃദവും ആശ്രയിച്ചല്ല മനുഷ്യബന്ധങ്ങൾ എന്നും അതൊരു രാഷ്ട്രീയമാണെന്നും ‘അമ്മ’ തിരിച്ചറിയുന്നത് ഈ സന്ദർഭത്തിലാണ്. ‘അമ്മ’ മുന്നോട്ടുവെക്കുന്ന ഈ ജാഗ്രത തന്നെയാണ് നോവലിനെ കാലാതീതമായ രാഷ്ട്രീയസാഹിത്യകൃതിയായി മാറ്റുന്നത്.
ജാതിമത ചിന്തകൾക്കപ്പുറം കേരളം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മനസ്സ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകർ പ്രസരിപ്പിച്ച ആശയാടിത്തറയിൽ കെട്ടിപ്പടുത്തതാണ്. വർഗീയത ഉത്തേജിപ്പിച്ച് സംഘപരിപാർ പരീക്ഷിക്കുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയം ഇവിടെയവർക്ക് മടക്കിവെക്കേണ്ടിവരുന്നത് ആഴത്തിൽ വേരുറപ്പുള്ള ഈ മതനിരപേക്ഷ ജീവിതത്തിന്റെ ശക്തി കൊണ്ടാണ്.
എന്നാൽ, കേരളത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തിനുപോലും ഒളിച്ചുവെക്കേണ്ടിവന്ന വിഷലിപ്തമായ വർഗീയത ഇന്ന് വെള്ളാപ്പള്ളി നടേശൻ എന്ന പേരിൽ ഒരു വടവൃക്ഷമായി വളർന്നിരിക്കുന്നു. കേരളത്തിന്റെ മനസ്സും ഭാഷയും അറിയുന്നവർക്കാർക്കും അത് മനസ്സിലാവാതിരിക്കില്ല.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ഞാൻ ജാതിയും മതവും ഉപേക്ഷിച്ചിരിക്കുന്നു’വെന്നും പ്രഖ്യാപിച്ച നാരായണഗുരുവിന്റെ ദർശനം ഉയർത്തിപ്പിടിച്ച പ്രസ്ഥാനത്തിന്റെ ഉച്ചിയിൽ കയറിനിന്നാണ് ഒരു ഹൈന്ദവ സന്യാസി മാത്രമായി ശ്രീനാരായണ ഗുരുവിനെ ചുരുട്ടിക്കെട്ടാൻ വെള്ളാപ്പള്ളി നടേശൻ സംഘപരിപാറിന് കുടപിടിച്ചുകൊടുക്കുന്നത്.
വിശ്വശാന്തിയും സാഹോദര്യവും ഉയർത്തിപ്പിടിക്കേണ്ട എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്തിരുന്നുകൊണ്ട് അദ്ദേഹം നടത്തുന്നത് ഗുരുദർശനങ്ങളിൽ നിന്ന് ഹൈന്ദവ തീവ്രതയിലേക്കുള്ള രാഷ്ട്രീയ പിമ്പിങ്ങാണ് എന്ന് മനസ്സിലാക്കാതിരിക്കുന്നത് അപാരമായ രാഷ്ട്രീയനിരക്ഷരതയാണ്.
കോഴിക്കോട് മാൻഹോളിൽ അകപ്പെട്ട അന്തർസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്താനിറങ്ങി അപകടത്തിൽ മരിച്ച നൗഷാദ് എന്ന യുവാവിന്റെ കുടുംബത്തിന് സർക്കാർ നൽകിയ സാമ്പത്തിക പിന്തുണയെക്കുറിച്ച് പറഞ്ഞ "മരിക്കുന്നത് മുസ്ലീമാണെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു, എന്നാൽ ഹിന്ദുവാണെങ്കിൽ ആരും തിരിഞ്ഞുനോക്കുന്നില്ല" എന്ന ഒറ്റ പ്രസ്താവന മതി, മതനിരപേക്ഷതയുടെ വിദൂരമായ സൗഹൃദങ്ങളിൽ നിന്നുപോലും ഇത്തരം നടേശൻമാരെ കുഴിച്ചുമൂടാൻ. പ്രളയകാലത്തും മഹാമാരിക്കാലത്തും മലയാളി കൈകോർത്തു പിടിച്ചത് മതം നോക്കിയായിരുന്നില്ല. നൗഷാദിനെപ്പോലെയുള്ളവർ ജീവൻ ബലിയർപ്പിച്ചത് തന്റെ മുന്നിലുള്ളവരുടെ മതം ചോദിച്ചിട്ടുമല്ല. കേരളം വികസിപ്പിച്ച മാനവികതയുടെ ഈ ആത്മാവിനെയാണ് നടേശൻ അന്ന് അപഹസിച്ചത്.

‘കേരളത്തിന്റെ മണ്ണിൽ ഇത്രയും നീചമായ ഒരു പ്രസ്താവന ഇതിനുമുമ്പ് ആരും നടത്തിയിട്ടില്ല' എന്നും ‘ജീവത്യാഗം ചെയ്ത മനുഷ്യരിൽപോലും ജാതിയും മതവും തിരയുന്നത് ക്രിമിനൽ കുറ്റമാണെന്നും’ അന്ന് പറഞ്ഞവരെയടക്കം വരുതിയിലാക്കാൻ പാകത്തിൽ ഇന്ന് നടേശവേരുകൾ വളർന്ന് പടരുന്നത് ഭയപ്പെടുത്തുന്നു.
വെള്ളാപ്പള്ളി നടേശൻ നാളിതുവരെ ഏറ്റെടുത്തതും പാടി നടന്നതും ഹിന്ദുത്വത്തിന്റെ ആശയങ്ങളും മുദ്രവാക്യങ്ങളും തന്നെയായിരുന്നുവെന്ന് ഇടതുപക്ഷത്തിന് കൃത്യമായിതന്നെ മനസിലാകും. അതിനെതിരായ പ്രതിരോധം തീർത്തതും ഇടതുപക്ഷം തന്നെയായിരുന്നു. അതിൽ വിപുലമായ ഒന്നായിരുന്നു വെള്ളപ്പള്ളി നടത്തിയ വിശാല ഹിന്ദു ഐക്യയാത്രയെ പ്രതിരോധിച്ച വിധം.
പഴയ ജനസംഘം പ്രസിഡന്റും ആർ.എസ്.എസ് നേതാവുമായ ദീനദയാൽ ഉപാധ്യായയുടെ ഏകാത്മതാ പ്രസ്ഥാനത്തിന്റെ ഭാഗമായി 1982 ഏപ്രിലിൽ എറണാകുളത്ത് വിളിച്ചുചേർത്ത സമ്മേളനത്തിലാണ് "വിശാലഹിന്ദു' എന്ന മുദ്രാവാക്യം ആദ്യമായി ആർ.എസ്.എസ്. ഇവിടെ മുന്നോട്ട് വെക്കുന്നത്. നവോത്ഥാന മുന്നേറ്റവും ജനാധിപത്യരാഷ്ട്രീയ പ്രയോഗങ്ങളും ജീർണ്ണിച്ച സവർണത്വത്തെ തച്ചുടച്ച് രൂപപ്പെടുത്തിയെടുത്ത മതേതരവും ജാതിനിരപേക്ഷവുമായ സാംസ്‌കാരിക പൊതുജീവിതം ഇവിടെ ശക്തമായതുകൊണ്ട്തന്നെ വർണ്ണവ്യവസ്ഥയുടെ ആജ്ഞകൾ ഒരുക്കുന്ന കെണിയിലേക്ക് ഓടിക്കയറാതെരിക്കാനുള്ള ജാഗ്രത അന്ന് സാമുദായിക സംഘടനകൾക്ക് ഉണ്ടായിരുന്നു. ഇത് കേവലം സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടിയല്ലായെന്നും മറ്റു മതങ്ങളെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢനീക്കമാണെന്നും തിരിച്ചറിയാൻ അന്നവർക്ക് കഴിഞ്ഞു.
ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും പോലുള്ള നവോത്ഥാന നായകരുടെ ദർശനങ്ങൾ പിന്തുടരുന്ന കേരളത്തിലെ അടിസ്ഥാന സാമൂഹിക സംഘടനകൾക്ക്, ‘ഹിന്ദുത്വം' എന്ന മിഥ്യയേക്കാൾ വലുതായിരുന്നു ‘സാമൂഹിക നീതി' എന്ന രാഷ്ട്രീയസങ്കല്പം. ജാതിരഹിതസമൂഹം ലക്ഷ്യം വെച്ച നവോത്ഥാന പ്രസ്ഥാനങ്ങളെ വീണ്ടും മതത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ തളച്ചിടാനുള്ള നീക്കമായി അവർ വിശാല ഹിന്ദു വാദത്തെ കാണുകയും അവഗണിക്കുകയും ചെയ്തു.
പിന്നീട് അതേ മുദ്രാവാക്യം കേരളീയ പൊതുമണ്ഡലത്തിലേക്ക് ആനയിക്കുന്നത് 2015-ൽ വെള്ളാപ്പള്ളി നടേശനായിരുന്നു എന്നത് നാം ഓർത്തുകൊണ്ടേയിരിക്കണം. കോൺഗ്രസും ഇടതു പാർട്ടികളും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്നും, ഹിന്ദുക്കൾക്ക് നീതി ലഭിക്കാൻ ‘ഹിന്ദു ഐക്യം' വേണമെന്നുമുള്ള, ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന ന്യൂനപക്ഷ വിരുദ്ധ വാദങ്ങൾ ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ‘വിശാല ഹിന്ദു ഐക്യയാത്ര'.
ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങൾ ആധിപത്യം പുലർത്തുന്നുവെന്നും ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാരായി മാറുന്നുവെന്നും പറഞ്ഞ് അദ്ദേഹം ഓരോ സ്വീകരണകേന്ദ്രങ്ങളിലും ആർത്തട്ടഹസിച്ച ആ കാലം അതിവിദൂരമല്ല. ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യമുള്ള എസ്.എൻ.ഡി.പി യോഗത്തെ ഒന്നാകെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആലയിൽ കെട്ടാനാണ് അന്ന് അദ്ദേഹം ശ്രമിച്ചത്. വെള്ളാപ്പള്ളിയുടേയും കൂട്ടാളികളുടേയും ഈ നീക്കത്തെ അതിശക്തമായാണ് ഇടതുപക്ഷവും മതേതര പ്രസ്ഥാനങ്ങളുമാണ് ചെറുത്തുതോൽപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ദർശനങ്ങളെ രാഷ്ട്രീയ ലാഭങ്ങൾക്കായി ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ അന്ന് പിണറായി വിജയൻ ഉയർത്തിയ രൂക്ഷമായ വിമർശനങ്ങൾ കേരളത്തിലെ നവോത്ഥാന ചർച്ചകളിൽ നിർണായകമാണ്. നവോത്ഥാനത്തിനുമേൽ വർഗീയതയുടെ വിഷം പുരട്ടുന്ന വെള്ളാപ്പള്ളിയെ രൂക്ഷമായി ആക്രമിച്ചുകൊണ്ടായിരുന്നു അന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ ‘നവോത്ഥാന സന്ദേശയാത്ര’ ആരംഭിച്ചത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ ശക്തമായ രാഷ്ട്രീയ പ്രതിരോധമായിരുന്നു അത്.

വെള്ളാപ്പള്ളി എല്ലാകാലത്തും സംസാരിച്ച ഭാഷ സാമൂഹിക നീതിയുടെയും സമത്വത്തിന്റെതുമല്ല, വിദ്വേഷത്തിന്റെയും ധ്രുവീകരണത്തിന്റെയുമാണ്. ഗുരുദേവൻ സ്വപ്നം കണ്ട ജാതിരഹിതവും മാനവികവുമായ സമൂഹത്തിന് പകരം, ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് അദ്ദേഹത്തെ ആവേശം കൊള്ളിക്കുന്നത്. അതിനാൽ തന്നെ, ഗുരുദർശനങ്ങളുടെ വക്താവെന്നതിലുപരി, ഹൈന്ദവവർഗീയതയുടെ പ്രചാരകനാകുന്നതിലാണ് അദ്ദേഹം കുളിരുകൊള്ളുന്നത്. ഈ ഉന്മാദത്തിന്റെ തുടർച്ചയിലാണ് “മുസ്ലീങ്ങൾ പെറ്റുപെരുകുന്നു” എന്ന് അഴീക്കോട് ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ വിളിച്ചുപറഞ്ഞത്. “ഹിന്ദുക്കൾക്ക് ഇവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥ”യാണെന്ന് സ്ഥാപിക്കാനുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒരായുധമാണ് വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടാണ് ‘വെള്ളാപ്പള്ളിയുടെ നാവിലൂടെ സംസാരിക്കുന്നത് സംഘപരിവാർ' ആണെന്നും
അവ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നിന്ന് എഴുതിക്കൊടുക്കുന്നതാണെന്നും പിണറായി പറഞ്ഞത്.
നിർഭാഗ്യവശാൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായ ഒരു ശരീരത്തിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഈ പരകായപ്രവേശം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുദേവൻ ഉയർത്തിപ്പിടിച്ച മാനവികതയുടെ വെളിച്ചം സ്വയത്തമാക്കിയ മതേതര സാസ്ക്കാരികതയ്ക്ക് അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഈ പരകായപ്രവേശത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യം കേരളത്തിൽ പതിഞ്ഞതിന് നാളിന്നേവരെ ദൃഷ്ഠാന്തങ്ങളില്ല.
2015- രാഷ്ട്രീയപദ്ധതി പൊളിഞ്ഞതിനു ശേഷം വെള്ളാപ്പള്ളി നടത്തിപ്പോരുന്ന ഇടതുപക്ഷ സ്തുതികൾക്കുപിന്നിലെ സൗഹൃദത്തിന്റെ ഭാഷയും നവോത്ഥാനത്തിന്റെ മുഖാവരണവും ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ. അദ്ദേഹത്തെ നവോത്ഥാന നായകനായോ മതനിരപേക്ഷവാദിയായോ ആയി കാണുന്ന രാഷ്ട്രീയ കുറ്റകൃത്യത്തിന് കേരളം വഴങ്ങില്ലായെന്ന് തീർച്ചയാണ്. എങ്കിലും അദ്ദേഹം പോലുള്ളവർ വിതയ്ക്കുന്ന ഒരോ വാക്കും അപരവിദ്വേഷത്തിലേക്ക് വളരുന്നതിന് നമ്മുടെ മൗനങ്ങൾ കാരണമായിക്കൂടാ. മതനിരപേക്ഷത കേരളത്തിന്റെ അലങ്കാരമല്ല, അതിന്റെ ശ്വാസമാണ്. അത് നിലയ്ക്കാതെ സൂക്ഷിക്കുന്നതിൽ മാത്രം വീഴ്ച വരുത്തരുത്.
