കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ സഹകരിക്കുന്നവരുടെ കൂട്ടായ്മ സൃഷ്ടിക്കലാണ് ഇന്ന് പല മാധ്യമങ്ങളുടെയും ലക്ഷ്യമെന്ന് തോന്നുന്നു. ഒന്നര നൂറ്റാണ്ടിലേറെ മാനവരാശിക്ക് തുണയേകിയൊരു പ്രസ്ഥാനത്തെ തള്ളിപ്പറയാൻ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രമറിയുന്നവർക്ക് സാധ്യമല്ല. എല്ലാ തരത്തിലുമുള്ള ചൂഷണങ്ങൾക്കെതിരെയും ഉയർന്നുവന്ന ഒരു പ്രസ്ഥാനമാണിത്.
വ്യാവസായിക വിപ്ലവത്തിന്റെ കെടുതികളിൽ തൊഴിൽരഹിതരായവർക്ക് അത്താണിയായാണ് പല രാജ്യങ്ങളിലും സഹകരണപ്രസ്ഥാനങ്ങൾ ഉരുത്തിരിഞ്ഞത്. അന്നും അതിസമ്പന്ന വ്യവസായഭീമന്മാർ ഈ സാമൂഹികകൂട്ടായ്മയെ തകർക്കാൻ ശ്രമിച്ചിരുന്നു. അച്ചടക്കമുള്ള സാമ്പത്തികക്രമം തൊഴിലാളികൾക്കിടയിൽ ഒരുക്കാനുള്ള അന്നത്തെ സഹകാരികളുടെ ശ്രമം ഒറ്റപ്പെടുത്തുകയായിരുന്നു അവർ. ഇന്നും അത്തരത്തിലുള്ള ആസൂത്രിതശ്രമം നമുക്കുചുറ്റുമുണ്ട് എന്നാണ് മനസ്സിലാവുന്നത്. ഒരു കരുവന്നൂർ കാണിച്ച് കേരളത്തിലെ സഹകരണസംഘങ്ങളെ മുഴുവൻ കരിവാരിത്തേക്കുന്ന പ്രവണതയാണ് മാധ്യമങ്ങളുടേത്. അങ്ങനെയെങ്കിൽ ഒരു ജാമ്യവ്യവസ്ഥയുമില്ലാതെ ദേശസാത്കൃത ബാങ്കുകളിൽനിന്ന് കോടികളുടെ വായ്പകൾ വാങ്ങി മുങ്ങി കടൽ കടക്കാൻ വിജയ് മല്യയെയും നീരവ് മോദിയെയും സഹായിച്ച, നമ്മുടെ രാജ്യത്തിന്റെ സ്വന്തമെന്ന് പറയുന്ന ബാങ്കുകൾക്കെതിരെ എന്തേ മാധ്യമങ്ങൾ നിശബ്ദരാവുന്നത്? വർഷംതോറും പരസ്യയിനത്തിൽ അവർ കോടികൾ പത്രങ്ങൾക്ക് നൽകുന്നുണ്ട്, അതുതന്നെ കാരണം. ഒരു ഗ്രാമത്തിന്റെ സാമ്പത്തിക ചാലകശക്തികളായ സഹകരണ ബാങ്കുകളിൽ നിന്ന് മാധ്യമങ്ങൾക്ക് എന്ത് കിട്ടാനാണ്?
രാജ്യത്തെ സമ്പത്ത് മുഴുവൻ ചില അതിവിപുലമായ കോർപറേറ്റുകൾക്ക് അടിയറ വെക്കാനുള്ള ശ്രമമാണ് കേരളത്തിലെ സഹകരണമേഖലക്കുനേരെ നടക്കുന്നത്.
വലിയൊരു വിരോധാഭാസം കൂടി പറയട്ടെ, കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹകരണസംഘങ്ങളുണ്ടെന്നുള്ളതാണ് വസ്തുത. മാനേജ്‌മെന്റിന്റെ അനുവാദങ്ങളോടെയാണവ പ്രവർത്തിക്കുന്നതും. കൂടാതെ സ്വന്തം നാട്ടിലെയും ജോലിസ്ഥലത്തെയും പല സഹകരണസ്ഥാപനങ്ങളിലും ഇവരെല്ലാം അംഗങ്ങളാണുതാനും. അവയിൽനിന്നുള്ള വായ്പകൾ കൊണ്ട് വീടെടുത്തവരും മക്കളെ കെട്ടിച്ചയച്ചവരും വിദ്യാഭ്യാസം നടത്തിയവരും വാഹനം വാങ്ങിയവരുമാണ് പല മാധ്യമപ്രവർത്തകരും. കേരളത്തിലെ എല്ലാ സഹകരണസ്ഥാപനങ്ങൾക്കും ബാധകമായത് ഒരേയൊരു നിയമവുമാണ് - 1969-ലെ കേരള സഹകരണ നിയമം. കേരള നിയമസഭ അംഗീകരിച്ച സ്റ്റാറ്റ്യൂട്ടറി നിയമമാണിത്. ഈ നിയമത്തിലെവിടെയും അഴിമതിയെയോ കള്ളത്തരങ്ങളെയോ സംരക്ഷിക്കുന്ന ഒരു വരി പോലുമില്ല.
കരുവന്നൂർ ഒരു പാഠമാണ്, മനസ്സുവെച്ചാൽ തിരുത്താവുന്ന പാഠം. സഹകരിച്ചാൽ തീരുന്ന ഒരു പ്രശ്‌നം മാത്രമാണത്. ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ ഭാഗത്തുനിന്ന് വേണം. അമിതമായ രാഷ്ട്രീയതാത്പര്യങ്ങൾ എല്ലാ മേഖലയെയും ബാധിക്കുന്നതുപോലെ സഹകരണമേഖലയിലും കാലാകാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയനേതൃത്വം ആർജവത്തോടെ അവയ്ക്കെതിരെ നിന്നാൽ നിഷ്പ്രയാസം ഈ മേഖല തിളക്കമുള്ളതാക്കാനാവും.
ബഹുജനത്തിന്റെ പരാധീനത തിരിച്ചറിഞ്ഞതിനുള്ള പരിഹാസമാണിന്ന് സഹകരണ മേഖല നേരിടുന്നത്. സഹകരണ സംഘങ്ങൾ ഇക്കാലയളവിൽ ചെയ്തുപോന്ന നന്മകൾ ഈ കാമ്പയിനിലൂടെ തമസ്കരിക്കപ്പെടുന്നതാണ്സങ്കടകരം
മറ്റ് ബാങ്കിങ് സ്ഥാപനങ്ങളിൽ നിന്ന് വിഭിന്നമായ പ്രവർത്തനരീതിയാണ് സഹകരണ ബാങ്കുകൾക്ക്. ജനകീയമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണസമിതി, ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതിയറിയുന്ന, ഗ്രാമീണരുടെ സാമ്പത്തികാവശ്യങ്ങളറിയുന്ന, അവരോടൊപ്പം ജീവിക്കുന്ന സാധാരണക്കാർ ഭരണം കൈയാളുന്നു. അതിനാൽ, ഒരു അടിയന്തരാവശ്യം വന്നാൽ അയൽപക്കത്തേക്ക് ഓടുന്നതുപോലെ സഹകരണ ബാങ്കിലേക്ക് ഓടിയെത്തി ആവശ്യം നേടാൻ സാധാരണക്കാരനാവും. പല വായ്പകളിലും ഈടൊക്കെ പിന്നീടാവും സമർപ്പിക്കുന്നത്. താരതമ്യേന ചെറിയ വായ്പകളേ അവർക്കാവശ്യം വരൂ. തിരിച്ചടവ് വൈകുമ്പോൾ ജപ്തി നടപടികൾക്കിറങ്ങാനും അല്പം പിറകിലാണ് സഹകരണ ബാങ്കുകൾ. മാനുഷികമുഖമുള്ളതിനാൽ ആർ.ബി.ഐ. നിയന്ത്രണമുള്ള ദേശസാത്കൃത ബാങ്കുകളെ പോലെ മുഖം നോക്കാതെ നടപടിക്കിറങ്ങില്ല. (ഒറ്റപ്പെട്ട ചില അർബൻ ബാങ്കുകൾ ഇതിന് വിപരീതമായി കാണും, അവയെല്ലാം ആർ.ബി.ഐ.യുടെ നിർദേശപ്രകാരമാണല്ലോ പ്രവർത്തിക്കുന്നത്).
ഇതൊക്കെയാണ് ചില സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. ബഹുജനത്തിന്റെ പരാധീനത തിരിച്ചറിഞ്ഞതിനുള്ള പരിഹാസമാണിന്ന് സഹകരണമേഖല നേരിടുന്നത്. സഹകരണസംഘങ്ങൾ ഇക്കാലയളവിൽ ചെയ്തുപോന്ന നന്മകൾ ഈ കാമ്പയിനിലൂടെ തമസ്കരിക്കപ്പെടുന്നതാണ്സങ്കടകരം. നാടിന്റെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ സഹകരണ കൺസോർഷ്യങ്ങൾ വഴി നടത്തിയ നിർമാണപ്രവർത്തനങ്ങൾ കാണാതെ പോകരുത്. നാട്ടിലെ തിളക്കമുള്ള പല റോഡുകളും ഉറപ്പുള്ള പാലങ്ങളും സ്‌കൂളുകളും സഹകരണ കൺസോർഷ്യം വഴി സാധ്യമായതാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഇന്ന് യഥാവിധി സാധാരണക്കാരനിലെത്തുന്നത് സഹകരണ ബാങ്കുകൾ വഴിയാണെന്ന് ഓർക്കുക. കെ.എസ്.ആർ.ടി.സി.യിലെ പെൻഷൻ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടത് സർക്കാർ ട്രഷറികളല്ല, മറിച്ച് സഹകരണസംഘങ്ങളുടെ ധനസമാഹാരം വഴിയാണ്. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവർക്ക് രണ്ടായിരത്തിൽപരം വീടുണ്ടാക്കി നൽകിയതും കോവിഡ് കാലത്ത് നാടൊട്ടുക്ക് ചെയ്തുതീർത്ത അടിയന്തരസഹായങ്ങളും കരുവന്നൂരിൽ തട്ടി മറന്നുകളയരുത്.
സാമൂഹ്യബോധമില്ലാത്ത രാഷ്ട്രീയക്കാർ ഭരണസമിതിയിലും സേവന തല്പരതയില്ലാത്തവർ ജീവനക്കാർക്കിടയിലും സ്വന്തം സൗകര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്നവർ പരിശോധകരായ ഉദ്യോഗസ്ഥർക്കിടയിലും ഉണ്ടായതിന്റെ ഫലങ്ങളാണിപ്പോഴുള്ളത്.
വർഷങ്ങളായി സഹകരണസംഘങ്ങൾ വഴി കേരളത്തിൽ നടക്കുന്ന കാർഷികവിപ്ലവം ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? കൃഷി വകുപ്പിനുപോലും സാധ്യമാകാത്തവിധം സഹകരണ കൃഷിയിന്ന് വ്യാപകമാണ്. ചെറുകിട വ്യാവസായിക രംഗത്ത് സഹകരണ വിപണന മേഖല കൈവരിച്ച നേട്ടങ്ങൾ വ്യവസായവകുപ്പിൽ പോലും സാധ്യമായിട്ടില്ല.
പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ നിർമാണ പ്രവർത്തനങ്ങളധികവും നടത്തിയത് ചുരുങ്ങിയ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ലേബർ സഹകരണസംഘങ്ങൾ വഴിയല്ലേ? ജനങ്ങളെ പിഴിയുന്ന സ്വകാര്യ ആശുപത്രികൾക്കിടയിൽ ഇന്ന് നമുക്കാശ്വാസമാകുന്നത് ഏറെക്കുറെ എല്ലാ ജില്ലകളിലുമുള്ള സഹകരണ ആശുപത്രികളല്ലേ?
അതിരാവിലെ നമ്മൾ കണി കാണുന്നത് മിൽമയെന്ന നന്മ കൊണ്ടല്ലേ? കേരളത്തിലെ വനിതാമുന്നേറ്റങ്ങൾക്ക് ഒരുപരിധിവരെ തുണയായത് പെൺകൂട്ടങ്ങളൊരുക്കിയ വനിതാസംഘങ്ങളല്ലേ? ഇതൊക്കെ അപൂർവം സംഭവിക്കുന്ന ‘കരുവന്നൂർ മോഡലു’കളിൽ മറക്കാനുള്ളതാണോ?
എല്ലാ മേഖലയിലുമുള്ള പുഴുക്കുത്തുകളെക്കാൾ തുലോം കുറവാണിവിടെ. ഒട്ടും സാമൂഹ്യബോധമില്ലാത്ത രാഷ്ട്രീയക്കാർ ഭരണസമിതിയിലും സേവന തത്പരതയില്ലാത്തവർ ജീവനക്കാർക്കിടയിലും സ്വന്തം സൗകര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്നവർ പരിശോധകരായ ഉദ്യോഗസ്ഥർക്കിടയിലും ഉണ്ടായതിന്റെ ഫലങ്ങളാണിപ്പോഴുള്ളത്.
യഥാർഥത്തിൽ കരുവന്നൂരിന്റെ പ്രശ്‌നം അവിടത്തെ മാത്രം പ്രശ്‌നമാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കാണിക്കേണ്ട ജാഗ്രത ഇല്ലാതെ പോയതിന്റെ ഫലമാണിത്.
160-ൽപരം സംഘങ്ങൾക്ക് നിക്ഷേപ തുക തിരിച്ചുനൽകാനാവുന്നില്ല എന്നൊരു വാർത്തയും ഇതോടൊപ്പം പത്രങ്ങളിൽ വന്നു. യഥാർഥത്തിൽ അവയിൽ ബാങ്കിങ് പ്രവർത്തനം നടത്തുന്ന സംഘങ്ങൾ ഇരുപതിലും താഴെയാണ്. മറ്റുള്ളവയിൽ തന്നെ വർഷങ്ങൾക്കുമുമ്പെ പ്രവർത്തനം നിലച്ചിട്ട് ലിക്വിഡേഷൻ നടപടി നേരിടുന്നവയാണേറെയും. ഇന്ത്യയും കേരളവും ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഭരണനേതൃത്വം നൽകുന്നവ തന്നെയാണീ സംഘങ്ങൾ. ഏതെങ്കിലും ഒരു പാർട്ടിയെ മാത്രം പ്രതിസ്ഥാനത്ത് നിർത്താനാവില്ല. മിക്കവയും പ്രവർത്തനം തുടങ്ങാനാവാതെ പൊടുന്നനെ അവസാനിപ്പിച്ചതുമുണ്ട്. ഇതെല്ലാം കരുവന്നൂരിനൊപ്പം ചേർത്തുവായിപ്പിക്കാനുള്ള ബോധപൂർവ ശ്രമമാണിവിടെ നടക്കുന്നത്.
യഥാർഥത്തിൽ കരുവന്നൂരിന്റെ പ്രശ്‌നം അവിടത്തെ മാത്രം പ്രശ്‌നമാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കാണിക്കേണ്ട ജാഗ്രത ഇല്ലാതെപോയതിന്റെ ഫലമാണിത്. നിക്ഷേപത്തിനാനുപാതികമായി വായ്പകളനുവദിക്കുമ്പോൾ കാണിക്കേണ്ട സൂക്ഷ്മത ശ്രദ്ധിക്കാൻ ഭരണസമിതിക്കും ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്കും സാധിക്കാതെപോയി. അവരതിന് സമൂഹത്തിന്റെ വിചാരണ നേരിട്ടേ പറ്റൂ.
സഹകരണമേഖലയിൽ രാഷ്ട്രീയനേതൃത്വം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നൈപുണ്യമില്ലാത്തവരെയും സ്വാർഥ താത്പര്യക്കാരെയും ഭരണസമിതികളിലേക്ക് മത്സരിക്കുന്നതിന് തെരഞ്ഞെടുക്കാതിരിക്കുക. സംശുദ്ധരായവരെ മാത്രം ആ ചുമതല ഏല്പിക്കുക. സംഘവും അതിന്റെ ശാഖകളും നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കുക. രാഷ്ട്രീയം മാത്രം നോക്കി അംഗത്വം നൽകാതിരിക്കുക. അംഗത്വമെടുക്കുന്നതിൽ നിന്ന് മാറ്റിനിർത്തൽ എന്നത് സഹകരണതത്വങ്ങൾക്കെതിരാണ്. ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോൾ യോഗ്യതയും കഴിവും മാത്രം മാനദണ്ഡമാക്കുക. ഇന്ന് മിക്ക സംഘങ്ങളിലെ ജീവനക്കാരും മറ്റ് പല താത്പര്യങ്ങൾ വഴി കയറിവന്നവരാണ്. അവർക്ക് നിരന്തരമായ പരിശീലനങ്ങൾ നൽകുക. പ്രമോഷനുള്ള പ്രഹസനമായി പരിശീലനങ്ങളെ കാണരുത്. ഒരു ജീവനക്കാരനെയും സ്ഥിരമായി ഒരു സീറ്റിൽ മാത്രം ഇരിക്കാനനുവദിക്കരുത്.
ജപ്തി നടപടികൾ കാരണമോ നിക്ഷേപ തുക തിരിച്ചുകിട്ടാത്തതു കൊണ്ടോ ആത്മഹത്യ ചെയ്യുന്നവർ സഹകരണ മേഖലയിൽ വളരെ കുറവാണ്. മറിച്ച്, വായ്പ പിരിച്ചെടുക്കാനാവാതെ സഹകരണ സംഘങ്ങൾ വീർപ്പുമുട്ടുകയും ചെയ്യുന്നുണ്ട്.
സഹകരണ വകുപ്പിന്റെ പ്രധാന അജണ്ട സംഘം പരിശോധനകളും ഓഡിറ്റുമായിരിക്കണം. മറ്റ് പണികളാണിപ്പോൾ വകുപ്പിൽ കൂടുതൽ നടക്കുന്നത്. ജീവനക്കാരുടെ മാസാന്ത റിവ്യൂകൾ സ്റ്റാറ്റിസ്റ്റിക്‌സിന് വേണ്ടിയാവരുത്. ഓഡിറ്റ് മികവുറ്റതാക്കണം. അതിന് വേണ്ടത്ര സമയം ഓഡിറ്റർമാർക്ക് നൽകണം. വകുപ്പ് ജീവനക്കാരുടെ കടുത്ത കുറവുമൂലവും ഓഡിറ്റ് സമയബന്ധിതമായി തീർക്കേണ്ടിവരുന്നതിനാലും പലപ്പോഴും ഓഡിറ്റ് പ്രഹസനമാവുന്നു. കുറ്റം കണ്ടെത്തുന്നതോടൊപ്പം അവ പരിഹരിക്കാനുള്ള വഴിയും ഓഡിറ്റർമാർ അറിഞ്ഞിരിക്കണം. ലിക്വിഡേഷൻ, അന്വേഷണങ്ങൾ എന്നിവ ഒരുവർഷത്തിലേറെ നീളരുത്. ജീവനക്കാർ പക്ഷപാതികളാതിരിക്കാൻ ശ്രമിക്കണം.
എളുപ്പത്തിൽ തിരുത്താവുന്ന പ്രശ്‌നങ്ങളേ ഈ മേഖലയിലുള്ളൂ. ജപ്തിനടപടികൾ കാരണമോ നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതുകൊണ്ടോ ആത്മഹത്യ ചെയ്യുന്നവർ സഹകരണമേഖലയിൽ വളരെ കുറവാണ്. മറിച്ച്, വായ്പ പിരിച്ചെടുക്കാനാവാതെ സഹകരണസംഘങ്ങൾ വീർപ്പുമുട്ടുകയും ചെയ്യുന്നുണ്ട്. ഒരാളുടെ നിക്ഷേപമാണ് മറ്റൊരാളുടെ വായ്പയായി മാറുന്നത്. തിരിച്ചടവ് മുടങ്ങിയാൽ നിക്ഷേപകർക്ക് തുക തിരിച്ചുനൽകാനാവാതെവരും. നൽകുന്ന വായ്പകളിൽ സൂക്ഷ്മത കാണിക്കുക എന്നതേ ഇതിന് പരിഹാരമുള്ളൂ.
അതിനിടെ ചില ഗൂഢമായ അജണ്ടകൾ ഓർത്തുവെക്കുന്നത് നന്നായിരിക്കും. രാജ്യത്തെ സമ്പത്ത് മുഴുവൻ ചില അതിവിപുലമായ കോർപറേറ്റുകൾക്ക് അടിയറവെക്കാനുള്ള ശ്രമമാണ് കേരളത്തിലെ സഹകരണമേഖലയ്ക്കുനേരെ നടക്കുന്നത്. ഏറ്റവും കൂടുതൽ പ്രവാസിനിക്ഷേപം വരുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർക്കണമെന്ന ലക്ഷ്യമാണിതിനുപിന്നിൽ. സഹകരണം തകർന്നാൽ തകരുന്നത് ഇവിടത്തെ രാഷ്ട്രീയനേതൃത്വമല്ല, ലക്ഷക്കണക്കിന് ജീവനക്കാരുടെ ജീവിതവുമല്ല, മറിച്ച് കേരളത്തിന്റെ മതേതര ജനാധിപത്യ സാമ്പത്തിക മുഖമാണ് . സഹകരണസ്ഥാപനങ്ങളാണവ സൃഷ്ടിച്ചത്. മലയാളി നേടിയ ഓരോ നേട്ടത്തിന് പിന്നിലും സഹകരണസംഘങ്ങളുടെ കൈത്താങ്ങുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.