സി.പി.എമ്മിന്റെ
എൻ.എസ്.എസ് പേടി

കേരളത്തിലും അധികാര രാഷ്ട്രീയം കൈയടക്കിവച്ചിരിക്കുന്ന സവർണ ന്യൂനപക്ഷത്തിന് ഒരു ഇടതുപക്ഷ സർക്കാറിനെക്കൊണ്ട് തങ്ങളുടെ അജണ്ട ഒരുവിധ സമ്മർദങ്ങളുമില്ലാതെ നടപ്പാക്കാൻ കഴിയുന്നു. അതുകൊണ്ടാണ് സവർണ സംവരണം സ്വഭാവികനീതിയാണെന്ന മട്ടിൽ നടപ്പാക്കാനും ജാതിസെൻസസിനെ ഉപാധികളോടെ അവതരിപ്പിക്കാനും കഴിയുന്നത്.

ജാതിസെൻസസ് നടത്തും എന്ന് ഒരു സംശയത്തിനും ഇടനൽകാത്തവിധം പ്രഖ്യാപിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. കാരണം, രാഷ്ട്രീയമായും സാമൂഹികമായും കേരളത്തിൽ ജാതിസെൻസസിന് എതിരായ ഒരു ഘടകവുമില്ല. ജാതിസെൻസസ് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്തുന്ന 'ഇന്ത്യ' എന്ന പ്രതിപക്ഷ മുന്നണിയിലെ ഘടകകക്ഷികളാണ് എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും രാഷ്ട്രീയപാർട്ടികൾ. അതായത്, ഈ മുന്നണികൾക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിനും കോൺഗ്രസിനും ഒരു തർക്കവുമില്ലാതെ നിലപാടെടുക്കാൻ കഴിയുന്ന വിഷയമാണിത്.

എസ്.എൻ.ഡി.പി അടക്കമുള്ള പ്രധാന പിന്നാക്ക- ദലിത് സാമുദായിക സംഘടനകളും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്‌ലിംലീഗ് അടക്കമുള്ള രാഷ്ട്രീയ സംഘടനകളും, ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഭരണതലത്തിൽ അടക്കം കൊണ്ടുവരുന്നതിന് ജാതിസെൻസസ് അനിവാര്യമാണ് എന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ, എൽ.ഡി.എഫ് സർക്കാറിന്റെയും സി.പി.എമ്മിന്റെയും ദുരൂഹമായ നിശ്ശബ്ദതയിൽ ഈയൊരു സമവായം അപ്രസക്തമാക്കപ്പെട്ടിരിക്കുകയാണ്. ജാതി സെൻസസിനെക്കുറിച്ച് മിണ്ടാതിരിക്കുക എന്ന നയമാണ് എൽ.ഡി.എഫ് സർക്കാറും സി.പി.എമ്മും സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ, ദേശീയതലത്തിൽ സ്വീകരിച്ച നിലപാട് എന്ന രീതിയിൽ ഈ ആവശ്യം കരുതലോടെ ആവർത്തിക്കുന്നുണ്ടെങ്കിലും അവരിലും വലിയ ആവേശമൊന്നും പ്രകടമല്ല.

കേരളത്തിൽ പത്തു ശതമാനം സവർണ സംവരണം നടപ്പാക്കാൻ ഇതേ സർക്കാർ സ്വീകരിച്ച തിടുക്കം ഓർമയിലെത്തുകയാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം കൊണ്ടുവന്ന കേന്ദ്ര സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവക്കും മുമ്പേ കേരളം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ നിഷേധിക്കുന്നതും ഭരണഘടനാപരമായി നിലനിൽപ്പില്ലാത്തതുമായ ഒരു തീരുമാനം ഒരുവിധ ഡാറ്റകളുടെയും പിൻബലമില്ലാതെ, കേന്ദ്രനിയമത്തിൽ പറയുന്ന പരമാവധിയായ പത്തു ശതമാനം തന്നെ നൽകി കേരളം ഏറ്റെടുക്കുകയായിരുന്നു.

ജാതി സെൻസസിലേക്ക് അങ്ങനെ എടുത്തുചാടേണ്ടതില്ല എന്ന സർക്കാർ ജാഗ്രതക്കുപുറകിലെ കാരണം വ്യക്തമാണ്. അധികാര- ഭരണകൂട സംവിധാനങ്ങളെ നിയന്ത്രിക്കുന്ന വർണതാൽപര്യം തന്നെ.

പാർട്ടി സംവിധാനത്തിലെയും അതിന്റെ നേതൃത്വത്തിലുള്ള അധികാര രാഷ്ട്രീയത്തിലെയും പിന്നാക്ക, ദലിത്, ന്യൂനപക്ഷ പ്രതിനിധാനങ്ങളെ ചൂണ്ടിക്കാട്ടാനായേക്കാം. പട്ടികജാതി ക്ഷേമ സമിതിയും ആദിവാസി ക്ഷേമ സമിതിയുമെല്ലാം പാർട്ടിക്കുണ്ട്. എന്നാൽ, ഈ വിഭാഗങ്ങൾ നേരിട്ടുകൊണ്ടിരുന്ന ചരിത്രപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥയെ സംഘടനാപരമായി തന്നെ നിലനിർത്തുന്ന സംവിധാനങ്ങൾ മാത്രമാണ് ഈ സമിതികൾ.
ദലിത് വിഭാഗത്തിൽനിന്ന് ഒരാൾ പൊളിറ്റ്ബ്യൂറോയിൽ ഇതുവരെ ഇല്ലാതിരുന്നത് ചരിത്രപരമായ കാരണങ്ങൾ കൊണ്ടാണ് എന്നായിരുന്നുവല്ലോ സി.പി.എം ജനറൽ സെക്രട്ടറി പറഞ്ഞത്. ചരിത്രപരമായ അനീതിയെ ബ്രേക്ക് ചെയ്യാൻ സന്നദ്ധമല്ലാത്ത ഒരു പ്രസ്ഥാനമാണ് സി.പി.എം എന്നുകൂടി ഈ പ്രസ്താവനക്ക് അർഥമുണ്ട്. അതുകൊണ്ടാണ് ജാതിസെൻസസിന്റെ കാര്യത്തിൽ സി.പി.എമ്മിനും അത് നേതൃത്വം നൽകുന്ന സർക്കാറിനും ഈ സാമുദായിക വിഭാഗങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് കൃത്യമായ നിലപാടെടുക്കാൻ കഴിയാത്തത്.

സി.പി.എമ്മിന്റെ വർഗ ബഹുജന സംഘടയായ പട്ടികജാതി ക്ഷേമ സമിതിയുടെ സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളത്തിലും ജാതി സെൻസസ് വേണം എന്നാവശ്യപ്പെട്ടത്. 'ജാതി സെൻസസിന് സി.പി.എം എതിരല്ല' എന്നൊരാത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ അത്ര തന്നെ ആത്മവിശ്വാസം പാർട്ടിക്കില്ല എന്ന്, വ്യക്തിപരം എന്ന നിലയ്ക്ക് നിരാകരിക്കപ്പെട്ട ആ പ്രസ്താവന തെളിയിക്കുന്നു.

പകരം, കേരളത്തിലും അധികാര രാഷ്ട്രീയം കൈയടക്കിവച്ചിരിക്കുന്ന സവർണ ന്യൂനപക്ഷത്തിന് ഒരു ഇടതുപക്ഷ സർക്കാറിനെക്കൊണ്ട് തങ്ങളുടെ അജണ്ട ഒരുവിധ സമ്മർദങ്ങളുമില്ലാതെ നടപ്പാക്കാൻ കഴിയുന്നു. അതുകൊണ്ടാണ് സവർണ സംവരണം സ്വഭാവികനീതിയാണെന്ന മട്ടിൽ നടപ്പാക്കാനും ജാതിസെൻസസിനെ ഉപാധികളോടെ അവതരിപ്പിക്കാനും കഴിയുന്നത്.

കേരള ജനസംഖ്യയിലെ 11 ശതമാനം വരുന്ന നായന്മാരിൽ എത്ര പേർ എൻ.എസ്.എസിനെ പ്രതിനിധീകരിക്കുന്നുണ്ട് എന്നറിയില്ല എങ്കിലും, എൻ.എസ്.എസ് എന്ന ജാതിസംഘടന കേരളത്തെ സംബന്ധിച്ച് ഭൂരിപക്ഷമാക്കപ്പെട്ട ഒരു പ്രാതിനിധ്യമാണ്. സംവരണം മുതൽ ഭരണം വരെയുള്ള തലങ്ങളിൽ കേരളത്തെ ഒരു നായർ ബാധ പിടികൂടിയിരിക്കുന്നത് അതുകൊണ്ടാണ്.

ജാതി സംവരണത്തിനെതിരെ എൻ.എസ്.എസ് പുറത്തിറക്കിയ പ്രസ്താവന, 'ജാതിമതവ്യത്യാസമില്ലാത്ത' ഒരു സമത്വസുന്ദര സംവിധാനത്തെക്കുറിച്ചാണ് പറയുന്നത്. പിന്നാക്കക്കാരിലെ മുന്നാക്കക്കാർ ജാതിസംവരണത്തിന്റെ പേരിൽ എല്ല ആനുകൂല്യങ്ങളും അനുഭവിക്കുന്നത് അവസാനിപ്പിക്കണം, മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കണം എന്നാണ് എൻ.എസ്.എസ് പ്രബോധനം. സ്വന്തം സ്ഥാപനങ്ങളിൽപോലും നടപ്പാക്കാത്ത ഈ സമത്വസുന്ദരലോകത്തെയാണ് കേരളം പിന്തുടരുന്നത് എന്നത് വിരോധാഭാസമായിരിക്കാം. പിന്നാക്ക- ന്യൂനപക്ഷ സമുദായങ്ങൾ എല്ലാ അവസരങ്ങളും കൈയടക്കിവച്ചിരിക്കുന്നു എന്ന ഈയൊരു സവർണപൊതുബോധം കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരിടം കൂടിയാണ് കേരളം. മുസ്‌ലിംകൾ, പട്ടികജാതി- പട്ടികവർഗക്കാർ, 70-ഓളം പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് കേരളത്തിലെ സർക്കാർ ജോലികളിൽ മതിയായ പ്രാതിനിധ്യമില്ലെന്ന്, പിന്നാക്ക സംവരണ പട്ടിക പുതുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമീഷൻ ട്രസ്റ്റ് നൽകിയ ഹർജിയിലുണ്ട്. മാത്രമല്ല, കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും സർവകലാശാലകളിലും നിലനിൽക്കുന്ന സവർണജാതിമേധാവിത്തത്തിന്റെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.

ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളിലെയും അധികാര പദവികളിലെയുമെല്ലാം ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ യഥാർഥ കണക്ക് പുറത്തുവന്നാൽ കേരളത്തെക്കുറിച്ച് സൃഷ്ടിച്ചുവച്ചിട്ടുള്ള പലതരം വ്യാജനിർമിതികൾ തകരും. അതിൽ ഒലിച്ചുപോകുന്ന സവർണ വിഭാഗങ്ങളുടെ പേടിയാണ് സി.പി.എമ്മിനെ പിടികൂടിയിരിക്കുന്നത്. അത്, കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഒരു പേടി കൂടിയാണ്.

Comments