അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഈയടുത്ത് നടത്തിയ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. “ഒരാൾ സിയോണിസ്റ്റ് ആകുന്നതിന് അയാൾ ഇസ്രേയേലിയോ ജൂതനോ ആകണമെന്നില്ല” അത് ഇന്ത്യൻ പശ്ചാത്തലത്തിലിലേക്ക് മാറ്റി എഴുതിയാൽ, “ഒരാൾ സംഘിയാവുന്നതിന് ഹിന്ദുവോ ബി.ജെ.പിയോ ആകണമെന്നില്ല,” എന്ന് വായിക്കാം. കേരള സി.പി.എം നേതാക്കളുടെ സമീപകാല പ്രസ്താവനകളും നടപടികളും ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. കോൺഗ്രസ്സിലും ആം ആദ്മി പാർട്ടിയിലുമെല്ലാം ‘മൃദുഹിന്ദുത്വം’ ആരോപിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ അടുത്ത കാലത്തായി കേരളാ സി പി എം മൃദുഹിന്ദുത്വത്തിനുമപ്പുറം സംഘപരിവാറിന്റെ ബി ടീം ആയിത്തീരുകയാണോ എന്ന് സംശയിക്കാവുന്ന നിലയിലാണ് കാര്യങ്ങൾ.
പ്രപഞ്ചത്തേയും സമൂഹത്തേയും ഭൗതികവാദ കാഴ്ചപ്പാടോടെ സമീപിക്കുന്ന ഒരു ദർശനമാണ് മാർക്സിസം. എന്നാലത് വിശ്വാസി സമൂഹങ്ങളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യും. കേവല ഭൗതികവാദത്തിനപ്പുറം വൈരുദ്ധ്യാത്മക (Dialectics) വീക്ഷണകോണിലൂടെയാണത് പ്രവർത്തിക്കുക. എന്നാൽ അടുത്ത കാലത്തായി നേതാക്കളിലും അണികളിലും ഭക്തിലഹരി വർദ്ധിക്കുന്നത് പ്രകടമാണ്. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ശബരിമല ഘോഷയാത്രകളും ഭജനകളുമൊക്കെ സജീവമാണ്. കഴിഞ്ഞതവണ ആലപ്പുഴയിൽ നിന്ന് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ച് എം.പിയായ ഒരാൾ മുജാഹിദ് സമ്മേളനത്തിന്റെ പ്രമോ വീഡിയോയിൽ താരമായതും കാണാനിടയായി. ‘അടവുപരമായ നിലപാട്’ എന്നാണ് നേതൃത്വം ഇതിനെ വിശേഷിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ‘അടവും തന്ത്രവും’ (Strategy and Tactics) ഒക്കെയുണ്ട്. പക്ഷേ നേതാക്കളിപ്പോൾ വിശദീകരിക്കുന്ന അർത്ഥമല്ല പാർട്ടി ഇതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് അവർക്കറിയാത്തതാണോ അതല്ല അറിഞ്ഞുകൊണ്ട് നുണപറയുകയാണോ എന്ന് വ്യക്തമല്ല.
രാഷ്ട്രീയ നേതാക്കൾ കൂടുവിട്ട് കൂട് മാറി പുതിയ ലാവണങ്ങളിലെത്തുന്ന പ്രവണത ഇപ്പോൾ കേരളത്തിലും ശക്തിപ്പെട്ടിട്ടുണ്ട്. പക്ഷേ സി.പി.എമ്മിൽ നിന്ന് മറ്റ് പാർട്ടികളിലേക്കുള്ള കൂടുമാറ്റം പൊതുവേ സജീവമായിരുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം, ലെനിനിസ്റ്റ് സംഘടനാരീതികൾ അച്ചടക്കനടപടികൾ എന്നിവയൊക്കെ അതിന് കാരണമായിരിക്കാം. സിപിഎമ്മിന്റെ തൊഴിലാളി വർഗ്ഗ സമുദ്രത്തിൽ ജീവിച്ച ഒരു മത്സ്യത്തിന് വലതുപക്ഷ ബൂർഷ്വാ സമുദ്രങ്ങളിൽ ജീവിക്കുക അസാധ്യമാണ് എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാലിന്ന് ആ അവസ്ഥയൊക്കെ മാറി. എല്ലാ കടലിലേയും വെള്ളം ഒരുപോലെയായിരിക്കുന്നു. ഒരു കടലിൽ നിന്ന് മറ്റൊരു കടലിലേക്ക് മത്സ്യങ്ങൾ ചേക്കേറുന്നത് ഒരു പതിവ് കാഴ്ചയായിരിക്കുന്നു.
ജില്ലാതലത്തിൽ സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന രണ്ട് നേതാക്കൾ കഴിഞ്ഞ ദിവസം ബി.ജെ.പിയിലെത്തി. അതിലൊരാൾ പറഞ്ഞത് “രാഷ്ട്രീയക്കാരനായിപ്പോയില്ലേ ഏതെങ്കിലും പാർട്ടിയിൽ ചേർന്നല്ലേ ഒക്കൂ” എന്നായിരുന്നു. അതായത് രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന് കേവലമൊരു പ്രൊഫഷൻ മാത്രമാണ്, അല്ലാതെ ഏതെങ്കിലും ആശയാഭിലാഷങ്ങളുടെ പൂർത്തീകരണത്തിനുള്ള നിലപാടല്ല എന്നാണല്ലോ. അദ്ദേഹം ബി.ജെ.പി തന്നെ തന്റെ പ്രൊഫഷനായി തെരഞ്ഞെടുത്തു. അവിടെയെത്തി മാധ്യമങ്ങളെ കണ്ടപാടെ അദ്ദേഹം പറഞ്ഞത് “തിരുവനന്തപുരത്തെ ഒരു പ്രമുഖ നായർ കുടുംബത്തിന്റെ പിന്തുണ സി.പി.എം നഷ്ടപ്പെടുത്തി” എന്നായിരുന്നു. അതായത് നാല് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന ഇദ്ദേഹത്തെ ഇക്കാലമത്രയും നയിച്ചത്, തൊഴിലാളിവർഗ്ഗ രാഷ്ട്രീയമോ, മാർക്സിസമോ ഒന്നുമായിരുന്നില്ല. പുളിച്ചു നാറിയ ജാതിബോധവും വംശാഹന്തയും മാത്രമായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
ഏറ്റവും സമീപകാല സംഭവങ്ങൾ മാത്രമെടുത്താലും, ബി.ജെ.പിയിലേയും സി.പി.എമ്മിലേയും നേതാക്കൾ, ഫോട്ടോകോപ്പിയെടുത്ത് തയാറാക്കിയ പ്രസതാവനകൾ പരസ്പരം പങ്കുവെക്കുകയാണോ എന്ന് ആർക്കും സംശയം തോന്നും. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെ മുൻനിർത്തി സിപിഎം നേതാവ് എം ബി രാജേഷും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും നടത്തിയ പ്രസതാവനകൾ ഈച്ചക്കോപ്പിയാണെന്ന് കാണാം. വലിയ മാർജിനിൽ യു ഡി എഫ് യുവനേതാവ് ജയിച്ചു കയറിയതിന് രണ്ട് പാർട്ടികളും പഴിച്ചത്, മണ്ഡലത്തിൽ ആയിരം വോട്ടു പോലും തികച്ചില്ലാത്ത ജമാഅത്തെ ഇസ്ലാമിയേയും എസ്ഡി പിഐയേയുമായിരുന്നു. മുഖ്യമന്ത്രി മുതൽ താഴോട്ടുള്ള സകല ബിജെപി, സിപിഎം നേതാക്കളും തുടർന്നുള്ള ദിവസങ്ങളിൽ, ഇതേ പ്രസതാവന ഉരുവിടുന്നത് കാണാം.
മലപ്പുറം ജില്ലയിൽ പ്രധാനമായും, കോഴിക്കോട്ടും കണ്ണൂരിലും ഗൾഫുനാടുകളിലുമൊക്കെ ഭാഗികമായും പ്രവർത്തിച്ചു വരുന്ന ‘മെക് സെവൻ’ വ്യായാമ കൂട്ടായ്മക്കെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പിമോഹനൻ നടത്തിയ പ്രസംഗത്തിന്റെ മുഴുവൻ ടെക്സ്റ്റും കേൾക്കുന്ന ഒരാൾ, അയാൾ മാർക്സിസ്റ്റ് ആശയധാരകളാൽ തെല്ലെങ്കിലും സ്വാധീനിക്കപ്പെട്ട ഒരാളാണെങ്കിൽ, മൂക്കത്ത് വിരൽ വെച്ചുപോകും. പി. മോഹനൻ സി.പി.എമ്മാണോ അതോ ബി.ജെ.പിയാണോ എന്ന് ആരും സംശയിക്കും. തുടർന്നദ്ദേഹം മലക്കംമറിഞ്ഞ് മുൻ നിലപാടിനെ തള്ളിപ്പറഞ്ഞെങ്കിലും സംഘപരിവാർ പ്രൊഫൈലുകൾ അത് വ്യാപകമായി ഏറ്റെടുത്ത് ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. സംഘപരിവാർ, ബി.ജെ.പി നേതാക്കൾ എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും കേരളത്തിൽ രാഷ്ട്രീയമായി വിജയിക്കാതെ പോയ, ഹിന്ദുത്വവൽക്കരണവും ഇസ്ലാമോഫോബിക്കായ ആശയങ്ങളുടെ വ്യാപനവും സിപിഎം ഏറ്റെടുത്ത് നടത്തുകയാണ് എന്ന് ആരെങ്കിലും ആരോപിച്ചാൽ ഇന്നത്തെ നിലയിൽ നമുക്കവരെ കുറ്റപ്പെടുത്താനാവില്ല.
മെക്സെവൻ വ്യായാമ കൂട്ടായ്മക്കെതിരായ തന്റെ വിമർശനത്തിന്റെ യാതൊരു ഉത്തരവാദിത്തവുമേൽക്കാത്ത പി.മോഹനൻ, ആ പ്രസംഗത്തിൽ ജമാഅത്തെ ഇസ്ലാമി അധികാരം പിടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അതുവഴി ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുക ഹിന്ദുക്കളായിരിക്കുമെന്നും ആശങ്കപ്പെടുന്നുണ്ട്. സിപിഐ (എം) എന്ന ഇടതുരാഷ്ട്രീയ പാർട്ടിയുടെ നിലപാടല്ല ഇത് എന്ന് ഉറപ്പുണ്ടായിട്ടും അദ്ദേഹം എന്തുകൊണ്ടിങ്ങനെ പറയുന്നു എന്നത് ദുരൂഹമാണ്. അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തുമ്പോൾ, ഇന്ത്യയുടെ വസ്തുനിഷ്ഠമായ അനുഭവം എന്താണ്? ‘മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണം (Hate Campaign) അതിന്റെ ഉച്ചസ്ഥായിയിലെത്തുകയാണ്. പള്ളികൾക്കടിയിൽ അമ്പലങ്ങളുണ്ട് എന്ന് പ്രഖ്യാപിച്ച് അവയുടെ അടിത്തറ മാന്തുന്നു. പ്രതിഷേധിക്കുന്നവരെ വെടി വെച്ചു കൊല്ലുന്നു. ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ ബുൾഡോസ് ചെയ്യപ്പെടുന്നു. ന്യൂനപക്ഷ വേട്ടക്കെതിരായ കേസ്സുകളിൽ ജുഡീഷ്യറി പലപ്പോഴും മൗനം പാലിക്കുന്നു. ജൂഡീഷ്യറിയിൽ നിന്ന് പക്ഷപാതപരമായ വധിതീർപ്പുകളുണ്ടാവുന്നു. ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയെ വീട്ടിലെ ബ്രാഹ്മണ പൂജയ്ക്ക് ക്ഷണിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ പരസ്യപരിപാടികളിൽ പങ്കെടുത്ത് ‘ന്യായാധിപർ‘ ഇന്ത്യ ഹിന്ദു രാഷ്ട്രമാണമെന്നും മുസ്ലീങ്ങൾ അധമ സംസ്കാരമുള്ളവരാണെന്നും പ്രഖ്യാപിക്കുന്നു. പോലീസിലും പട്ടാളത്തിലും വലിയ തോതിൽ ഹിന്ദുത്വവൽക്കരണം നടക്കുന്നു. പാർലമെൻ്റിൽ ബിജെപി എംപിമാരും നിയമസഭകളിൽ എംഎൽഎമാരും വിദ്വേഷ പ്രചാരണത്തിന്റെ അംബാസിഡർമാരായി പ്രവർത്തിക്കുന്നു. പ്രതിഷേധിക്കുന്നവർക്കെതിരെ യുഎപിഎ ചുമത്തി പതിറ്റാണ്ടുകൾ വെളിച്ചം കാണാതെ തടവിലടയ്ക്കപ്പെടുന്നു. ആ തടവറയിൽ രക്തസാക്ഷിയായ സ്റ്റാൻ സ്വാമിയേയും ഇന്നും തടവറകളിൽ നരകിക്കുന്ന ആയിരങ്ങളേയും ഒരു ഇടതു പ്രസ്ഥാനത്തിന് മറക്കാനാവില്ല.
ഭീകരവാദ/തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിലുള്ള ട്രാക്ക് റിക്കാർഡ് പരിശോധിച്ചാൽ ഇന്ത്യയിലത് ഹിന്ദുത്വശക്തികളാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അപ്പോഴുമവർ അധികാരം കയ്യാളുന്നവരാണ്. എന്നിട്ടുമവർ ന്യൂനപക്ഷങ്ങളെ ഒന്നടങ്കം തീവ്രവാദികളായി മുദ്രകുത്തുന്ന ഇസ്ലാമോഫോബിക്കായ പ്രചാരവേല കൊണ്ടുപിടിച്ച് നടത്തുന്നു. ഇത്തരം ഒരു ചരിത്രഘട്ടത്തിൽ ജീവിക്കുമ്പോഴാണ് പി.മോഹനൻ എന്ന സി.പി.എം നേതാവ് ജമാഅത്തെ ഇസ്ലാമി ഇന്ത്യ ഭരിക്കുന്നതും അപ്പോൾ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നതും ഓർത്ത് ഇന്ന് തന്നെ ഞെട്ടുന്നത്. ഇതു കേട്ടപ്പോൾ ഓർമ്മവന്നത്, പുഴക്കക്കരെ നിന്ന് തുടലിലിട്ട പട്ടി കുരക്കുന്നത് കണ്ട്, ഇക്കരെ നിന്ന് പരിഭ്രമിച്ച ഒരാളുടെ കഥയാണ്. അപ്പോഴും ചോദ്യത്തിനയാൾക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. പുഴയിലെ ജലം വറ്റിപ്പോകുകയും തുടലഴിഞ്ഞു പോകുകയും ചെയ്താൽ, നിശ്ചയമായും ആ പട്ടി എന്നെ കടിക്കില്ലേ എന്നായിരുന്നു ആ ഉത്തരം. അതേ മറുപടിയാണ് സിപിഎമ്മിലെ ന്യായീകരണക്കൂട്ടം ഇക്കാര്യത്തിലും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇത് പി. മോഹനനെപ്പോലൊരാളുടെ അറിവില്ലായ്മയിൽ നിന്ന് സംഭവിച്ച നാക്കുപിഴയായിരിക്കാം എന്ന് കരുതുമ്പോഴാണ് പാർട്ടി പിബി അംഗമായ എ. വിജയരാഘവൻ രംഗത്ത് വരുന്നത്. കടിച്ചതിനേക്കാൾ വലുത് മടയിലുണ്ട് എന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. വയനാട് പാർട്ടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ സുദീർഘമായ പ്രസംഗത്തിൽ അദ്ദേഹം പറയുന്നത്, മുസ്ലീം വർഗ്ഗീയവാദികളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് രാഹുൽഗാന്ധി ഇന്ത്യൻ പാർലമെൻ്റിലെത്തിയത് എന്നാണ്. രാഹുലിൻ്റേയും പ്രിയങ്കയുടേയും മുമ്പിലും പിമ്പിലും വർഗ്ഗീയ കൂട്ടങ്ങളായിരുന്നെന്നും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം നയിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. ജനങ്ങൾ ഒന്നടങ്കം വോട്ട് ചെയ്ത്, പ്രിയങ്കയുടെ ഭൂരിപക്ഷം ചരിത്രമായതിന് ശേഷമാണ് ഇദ്ദേഹം ഇത് പറയുന്നത് എന്നത് മറക്കരുത്. പ്രസംഗം വിവാദമായതോടെ അത് ആലോചിച്ച് ഉറച്ച് പറഞ്ഞത് തന്നെയാണ് എന്ന് വിജയരാഘവൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ പാർലമെൻ്റിനകത്തും പുറത്തും തീവ്ര ഹിന്ദുത്വ നിലപാടുകൾക്കെതിരേയും അദാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ കോർപ്പറേറ്റിസത്തിനെതിരേയും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന നേതാവാണ് രാഹുൽ ഗാന്ധി എന്ന കാര്യത്തിൽ, സിപിഎമ്മിന് സംശയമുണ്ടാകേണ്ടതില്ല. അദ്ദേഹത്തെ മുസ്ലീം തീവ്രവാദികളുടെ വക്താവായി ചാപ്പകുത്തി, ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാനാണ് സംഘപരിവാറും ബിജെപിയും എല്ലാകാലത്തും ശ്രമിച്ചു കൊണ്ടിരുന്നത്. വയനാട്ടിലെ രാഹുലിന്റെ ഒന്നാം തെരഞ്ഞെടുപ്പുകാലത്ത്, തെരഞ്ഞെടുപ്പു റാലിയിലെ മുസ്ലീംലീഗിന്റെ പതാക ചൂണ്ടിക്കാട്ടി, പാക്കിസ്ഥാൻ പതാകയേന്തിയ മുസ്ലീം തീവ്രവാദികളാണ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് എന്ന് ആക്ഷേപമുന്നയിച്ചത് അമിത്ഷാ ആയിരുന്നു.
കൃഷ്ഠരോഗികൾ ഉൾപ്പെടെയുള്ള അവശജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ക്രിസ്ത്യൻ പാതിരി, ഗ്രഹാംസ്റ്റെയിൻസിനേയും മക്കളേയും ഒരു വാഹനത്തിനകത്തിട്ട് ചുട്ടുകൊന്നത് ബജ്റംഗദൾ എന്ന സംഘപരിവാർ സംഘടനയാണ്. ആ കേസ്സിൽ പ്രതിയായിരുന്ന ഒരാളെ ബിജെപി ഇത്തവണ ടിക്കറ്റ് നൽകി മത്സരിപ്പിച്ച് പാർലമെൻ്റിലെത്തിച്ചിട്ടുണ്ട്. ഇതിലും വലിയ തീവ്രവാദമൊന്നും ഇനി മറ്റാരിലെങ്കിലും ആരോപിക്കാൻ ആർക്കുമാവില്ലല്ലോ. പക്ഷേ ഇയാളെ കായികമായി അക്രമിച്ചു എന്ന് രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ്സുണ്ടാക്കിയിരിക്കയാണിപ്പോൾ ബിജെപി. ഇതുപോലെ നിരവധി കേസ്സുകൾ രാഹുലിനെതിരെ ഉണ്ടാക്കി, അദ്ദേഹത്തെ തടവറയിൽ തന്നെ പാർപ്പിക്കാൻ കഴിയുമോ എന്ന പരീക്ഷണം അവർ തുടർന്നും നടത്തിവരുന്നു. പലവിധ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യാസഖ്യം രാഹുലിന് പിന്നിൽ പാർലമെൻ്റിനകത്തും പുറത്തും ശക്തമായി ഉറച്ചു നിന്ന് പോരാടുന്നത് ജനാധിപത്യവാദികൾക്കാകെ ആശ്വാസം പകരുന്നു. അപ്പോഴാണ് കേരളാ സിപിഎം നേതൃത്വം രാഹുലിനും പ്രിയങ്കക്കും മേൽ മുസ്ലീം തീവ്രവാദ ചാപ്പയടിക്കാനുള്ള നീക്കം നടത്തുന്നത്. വിജയരാഘവന്റെ ഈ പ്രസ്താവന, ഉത്തരേന്ത്യയിലാകെ രാഹുൽ വിരുദ്ധ പ്രചാരണത്തിന് ബിജെപി ഉപയോഗിക്കും എന്ന കാര്യത്തിൽ സംശയമില്ലല്ലോ. അപ്പോൾ പിന്നെ എന്താണ് സിപിഎം ഇപ്പോൾ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം എന്ന സംശയം ചിന്തിക്കുന്ന മനുഷ്യരിലാകെ ഉണ്ടാവുക സ്വാഭാവികമാണ്. മറ്റൊരു പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദനും സംഘവും വിജയരാഘവന് പിന്തുണയുമായി കൂടെ നിൽക്കുമ്പോൾ വിശേഷിച്ചും.
ഭൂരിപക്ഷ വർഗ്ഗീയതയേയും ന്യൂനപക്ഷ വർഗ്ഗീയതേയും ഒരേ അളവിലും തൂക്കത്തിലും ഒരേ പോലെ എതിർക്കുന്നതല്ല സിപിഎം നയം. പാർട്ടി പരിപാടിയും പാർട്ടിരേഖകളും വല്ലപ്പോഴും ഒന്ന് മറിച്ചു നോക്കുകയെങ്കിലും ചെയ്യുന്ന ഒരാൾക്ക് ഇക്കാര്യത്തിൽ സംശയമുണ്ടാകേണ്ടതില്ല. ഭൂരിപക്ഷ വർഗ്ഗീയ/ഫാസിസ്റ്റ് ശക്തികളെ സിപിഎം വിലയിരുത്തുന്നത് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കയ്യടക്കി ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന തന്നെയും അട്ടിമറിച്ച്, ഒരു ഫാസിസ്റ്റ് സ്റ്റേയ്റ്റാക്കി ഇന്ത്യയെ മാറ്റാൻ കെൽപ്പുള്ള വിഭാഗീയ ശക്തികൾ എന്ന നിലയിലാണ്. ഇന്ത്യയിൽ ഹിന്ദുമതം ഭൂരിപക്ഷത്തിന്റെ മതമാണ്. രാഷ്ട്രീയ അധികാരം സമ്പൂർണ്ണമായി അവരുടെ കൈകളിൽ വന്നാൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനും ന്യൂനപക്ഷങ്ങളെ വംശഹത്യയ്ക്ക് വിധേയമാക്കാനും അവർ മടിക്കില്ല എന്നത് കൊണ്ടാണ്. ഗുജറാത്ത്, മണിപ്പൂർ വംശഹത്യകൾ ഉൾപ്പെടെ ഒട്ടനവധി സംഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്.
എത്രയൊക്കെ ശ്രമിച്ചാലും ഒരു ന്യൂനപക്ഷ/പ്രാദേശിക വർഗ്ഗീയതക്കും ഒരു കാലത്തും ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കയ്യടക്കാനാവില്ല എന്നാണ് സിപിഐഎമ്മിന്റെ സുചിന്തിതമായ നിലപാട്. ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്നത് കൊണ്ടാണ് പലപ്പോഴും ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളും ഫാസിസ്റ്റ് സ്വരൂപമുള്ള സൈനിക സംഘടനകളും രൂപം കൊള്ളുന്നത്. ഫലത്തിൽ അവ ഭൂരിപക്ഷ വർഗ്ഗീയതയ്ക്കും ഫാസിസത്തിനും വളരാനുള്ള മണ്ണൊരുക്കുകയാണ് ചെയ്യുന്നത്. ഭൂരിപക്ഷവർഗ്ഗീയതയെ/ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗം, സ്വയം വർഗ്ഗീയമായി സംഘടിക്കലല്ല. ന്യൂനപക്ഷ/പ്രാദേശിക വിഭാഗങ്ങളേയും ജനാധിപത്യ ശക്തികളേയും യോജിപ്പിച്ച് ഭൂരിപക്ഷ വർഗ്ഗീയതയെ/ഫാസിസത്തെ ചെറുക്കുക എന്നതാണ്. ന്യൂനപക്ഷങ്ങൾ വർഗ്ഗീയമായി സംഘടിക്കുന്നത് അതിന് പ്രതിബന്ധകൾ സൃഷ്ടിക്കും എന്നത് കൊണ്ടാണ് ഇടതുപക്ഷം ന്യൂനപക്ഷ വർഗ്ഗീയതയേയും എതിർക്കുന്നത്. അല്ലാതെ ഭൂരിപക്ഷ വർഗ്ഗീയതയേയും ന്യൂനപക്ഷ വർഗ്ഗീയതയേയും ഒരേപോലെ എതിർക്കുന്നതല്ല പാർട്ടി നയം.
ഇതുകൊണ്ടാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, അഖിലേന്ത്യാ മുസ്ലീം ലീഗ്, വിവിധ കേരളാകോൺഗ്രസ്സുകൾ, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായി സിപിഎം പല തലത്തിൽ സഹകരിക്കുകയും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും അധികാരം പങ്കിടുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഹിന്ദു വർഗ്ഗീയത ഫാസിസ്റ്റ് സ്വരൂപങ്ങളായി വികസിച്ചതോടെ വർഗ്ഗീയ നിറം ആരോപിക്കാവുന്ന പാർട്ടികൾ/സംഘടനകൾ എന്നിവയുമായി തെരഞ്ഞെടുപ്പുകളിൽ സഹകരിക്കുന്നത് സിപിഎം കേന്ദ്ര നേതൃത്വം വിലക്കുകയായിരുന്നു. അതിന് വേണ്ടി പ്രത്യേകമായി, മലയാളത്തിൽ തന്നെ ഒരു പാർട്ടിക്കത്ത് തയ്യാറാക്കി കേരളത്തിലെ മുഴുവൻ ഘടകങ്ങൾക്കും കേന്ദ്രനേതൃത്വം അയച്ചു കൊടുത്തു. ഇഎംഎസ് ആയിരുന്നു അന്ന് പാർട്ടി ജനറൽ സെക്രട്ടറി. സിപിഎമ്മിന് ഹിന്ദുത്വ രാഷ്ട്രീയത്തോട് തെരഞ്ഞെടുപ്പുകളിലോ അല്ലാതേയോ ഒരു സഹകരണവും പാടില്ല; എന്ന് നിഷ്കർഷിക്കുമ്പോൾ തന്നെ, ന്യൂനപക്ഷ അവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്കായി അവരുടെ സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുന്നത് സിപിഎം പരിപാടിയോ മറ്റ് രേഖകളോ വിലക്കേർപ്പെടുത്തിയിട്ടുമില്ല.
പക്ഷേ സിപിഎം കേന്ദ്ര സമിതിയുടെ ഇത്തരം നയനിലപാടുകളൊക്കെ കാറ്റിൽ പറത്തിയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം കേരള ഘടകം പ്രവർത്തിച്ചു വരുന്നത്. പിണറായി - വിഎസ് ഏറ്റുമുട്ടലിന് പിന്നിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഇത്തരം നയവ്യതിയാനങ്ങളായിരുന്നു. വിഎസ് അച്യുതാനന്ദൻ നിശബ്ദനാക്കപ്പെട്ടതോടെ പാർട്ടിക്കകത്ത് ഇത്തരം അനഭിലഷണീയമായ പ്രവണതകൾ ചോദ്യം ചെയ്യാൻ ആരുമില്ലാതായി. ആർഎസ്സ്എസ്സിന്റെ ഇസ്ലാമിക രൂപമായ, ഐഎസ്സ്എസ്സ് രൂപീകരിച്ച മദനിയുടെ പിഡി പിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം ഇതിന് ഉദാഹരണമാണ്. കേന്ദ്രസമിതിയുടെ നിർദ്ദേശപ്രകാരം ഇടതുമുന്നണിയിൽ നിന്ന് ഒഴിവാക്കിയ അഖിലേന്ത്യാ മുസ്ലിം ലീഗിനെ പേര് മാറ്റി (INL) വീണ്ടും ഇടതുമുന്നണിയിലെടുത്തതും പള്ളിയുടെ സ്വാധീനവലയത്തിലുള്ള കേരളാ കോൺഗ്രസ്സ് വിഭാഗങ്ങളെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവന്നതും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാൻ അടുത്ത കാലം വരെ നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. ഏറ്റവും അടുത്തകാലം വരെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായുണ്ടാക്കിയ തെരഞ്ഞെടുപ്പു ധാരണകൾ മറക്കാൻ മാത്രം മറവിരോഗത്തിനടിമപ്പെട്ടവരല്ലല്ലോ കേരളീയർ. ഈ പറഞ്ഞതിന്റെയൊക്കെ സാരാംശം നയവും നിലപാടുകളുമൊക്കെ പരണത്ത് വെച്ചും പാർലമെൻ്ററി അധികാരം നിലനിർത്തുക എന്ന മിനിമം പരിപാടിയിലേക്ക് സിപിഎം അധ:പ്പതിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയം സിപിഎമ്മിനെ ഒരു കാര്യം ബോദ്ധ്യപ്പെടുത്തി. ഏക സിവിൽകോഡ് സെമിനാർ, പാലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയ ആത്മാർത്ഥതയില്ലാത്ത ന്യൂനപക്ഷ പ്രീണന നയങ്ങൾ കൊണ്ടൊന്നും ന്യൂനപക്ഷ വോട്ടുകളെ ഇനി സ്വാധീനിക്കാനാവില്ല. അതു മാത്രമല്ല ഇത്തരം ‘അടവു’കൾ കൈവശമുണ്ടായിരുന്ന ഭൂരിപക്ഷ വോട്ടുകൾ ചോർത്തിക്കളയുകയും ചെയ്യും. എങ്കിൽ പിന്നെ ന്യൂനപക്ഷങ്ങളെ വിട്ട് ഭൂരിപക്ഷ ഹിന്ദുവോട്ടുകളെ സ്വാധീനിക്കാൻ ഹിന്ദുത്വ പ്രചാരണമേറ്റെടുത്ത് സംഘപരിവാറിന്റെ ബി ടീമാകാനാണ് ഇപ്പോൾ കേരളാ സിപിഎം പരിശ്രമിക്കുന്നത്. അപ്പോഴും തങ്ങളുടെ പാർട്ടി പരിപാടി വിഭാവനം ചെയ്യുന്ന തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോകാൻ അവർക്ക് കഴിയില്ല. കോർപ്പറേറ്റ് മുതലാളി വർഗ്ഗവുമായും പുത്തൻപണക്കാരുമായും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം നേതാക്കൾ ഊട്ടി വളർത്തിയ ചങ്ങാത്തവും ഉറച്ച ബന്ധവും ഉപേക്ഷിക്കാനുമവർക്കാവില്ല. എല്ലാ ജാതിമത വിഭാഗങ്ങളിലേയും അധ്വാനിക്കുന്ന വർഗ്ഗങ്ങളുടെ പ്രശ്നങ്ങളുയർത്തി വർഗ്ഗസമരപാതയിൽ മുന്നേറുക എന്നത് ഇന്നത്തെ സിപിഎമ്മിന് അചിന്ത്യമായ ഒരു സംഗതിയാണ്.
സിപിഎം കേരളഘടകം സംഘപരിവാറിന് സമ്പൂർണ്ണമായി കീഴടങ്ങുന്നതും ഹിന്ദുത്വ രാഷ്ട്രീയ പ്രചാരകരായി മാറുന്നതുമാണ് അടുത്ത കാലത്തായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതെന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകൾക്കോ നേതാക്കൾക്കോ ലഭിക്കാത്ത പരിഗണനകൾ എന്തുകൊണ്ടോ കേരള സർക്കാരിനും പിണറായി വിജയനും ലഭിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ലാവ്ലിൻ കേസ്സ് വിചാരണക്കെടുക്കാതെ അനന്തമായി നീണ്ടു പോകുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനേപ്പോലുള്ളവർ, 164ാം വകുപ്പു പ്രകാരം കോടതിയിലുൾപ്പെടെ മൊഴികൾ നൽകിയിട്ടും ഒരു ചോദ്യം ചെയ്യലിന് പോലും ബന്ധപ്പെട്ടവർ വിധേയരാകുന്നില്ല. കെഎംആർഎല്ലിൽ നിന്നും ചെയ്യാത്ത ജോലിക്ക് പ്രതിഫലം കൈപ്പറ്റിയ വീണാ വിജയൻ്റേയും എക്സാ ലോജിക്കിൻ്റേയും നടപടി രാഷ്ട്രീയ അഴിമതിയായി മാത്രമേ കണക്കാക്കാക്കാനാവൂ എന്ന് ഇൻ്റ്റിംഗ് സെറ്റിൽമെൻ്റ് ബോഡിന്റെ വിധിതീർപ്പുകൾ ഉണ്ടായിട്ടും നടപടികളൊന്നുമുണ്ടാവുന്നില്ല. 130 കോടി രൂപയോളം കെഎംആർഎല്ലിൽ നിന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾ കൈപ്പറ്റിയിട്ടുണ്ടെന്നും അതിൽ സിംഹഭാഗവും കൈപ്പറ്റിയത് പിവി എന്ന ചുരുക്കപ്പേരിൽ പരാമർശിക്കപ്പെട്ട ഒരാളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അത് പിണറായി വിജയനാണെന്ന് ആരോപണവും ഉയർന്നിരുന്നു. അപ്പോഴും എസ്എഫ്ഐഒ പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതല്ലാതെ കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് മൂർത്തമായ നടപടികളൊന്നുമുണ്ടാവുന്നില്ല. വ്യക്തമായ തെളിവുകളോ വിശ്വസനീയമായ മൊഴികളോ ഒന്നുമില്ലെങ്കിലും ചില ആരോപണ പുകമറകൾ സൃഷ്ടിച്ച്, പിഎംഎൽഎ ആക്ട് പോലുള്ള മാരക വകുപ്പുകൾ ചുമത്തി മുഖ്യമന്ത്രിമാരെ പോലും ജയിലിലടക്കുന്ന കേന്ദ്ര ഏജൻസികൾ, സംസ്ഥാനത്തെ പ്രമുഖരായരായ സിപിഎം നേതാക്കൾക്കെതിരെ മൃദുസമീപനം കൈക്കൊള്ളുന്നതെന്തുകൊണ്ടാണ് എന്ന കാമ്പുള്ള ചോദ്യം അവഗണിക്കാവുന്നതല്ല.
ആർഎസ്സ്എസ്സ് ഹാർഡ്കോർ ബന്ധമുള്ളതായി ആരോപണം ഉയർന്ന ഗുജറാത്ത് കേഡറിലുള്ള ലോക്നാഥ് ബെഹ്റ, കേരളം ഇടതുപക്ഷം ഭരിക്കുമ്പോൾ പോലീസിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ തിരിച്ചയക്കാതെ, പോലീസിംഗുമായി ഒരു ബന്ധവുമില്ലാത്ത കൊച്ചി മെട്രോയുടെ അമരത്ത് അവരോധിക്കുന്നു. പാലക്കാട്ടെ സിറാജുന്നീസ എന്ന കുട്ടിയുടെ മരണത്തിനിടയാക്കിയ, വെടിവെപ്പിനുത്തരവാദിയെന്ന് സിപിഎം തന്നെ ആക്ഷേപിച്ചിരുന്ന, ആർഎസ്സ്എസ്സ് ബന്ധം ആരോപിക്കപ്പെടുന്നയാളാണ് രമൺ ശ്രീവാസ്തവ. ഈ കുപ്രസിദ്ധനായ പോലീസുദ്യോഗസ്ഥനെ അയാൾ വിരമിച്ച ശേഷവും ഒരിടതു മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനായി നിയമിക്കപ്പെടുന്നുവെങ്കിൽ അത് എന്തു കൊണ്ടായിരിക്കും? ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരുന്ന കാലത്ത് സംഘപരിവാറിനനുകൂലമായി ഒട്ടനവധി കേസ്സുകളിൽ നിലപാടെടുത്തു എന്ന ആരോപണം നേരിടുന്നയാളാണ് എംആർ അജിത് കുമാർ. ഒട്ടനവധി കേസ്സുകൾ ഈ വിധം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമുണ്ട്. പ്രതിപക്ഷത്തേക്കാൾ ശക്തമായി ഈ ആരോപണം ഉന്നയിച്ചത്, ഭരണകക്ഷി എംഎൽഎ തന്നെയാണ്. സ്വർണ്ണം പൊട്ടിക്കൽ, ചില കൊലപാതങ്ങൾ, ചില തിരോധാനങ്ങൾ എന്നിവയ്ക്ക് പിന്നിലെല്ലാം ഇയാളുടെ കരങ്ങളുണ്ട് എന്ന് എംഎൽഎ പരസ്യനിലപാടെടുത്തു. ആർഎസ്സ്എസ്സിലെ രണ്ടാമനായ ദത്താത്രയ ഹൊസബലേ, രാം മാധവ് തുടങ്ങിയവരെ രഹസ്യമായി, ഊഴമിട്ട് കാണാൻ പോയതിലെ ദുരൂഹത മുൻനിർത്തി ഭരണമുന്നണിയിലെ രണ്ടാം കക്ഷിയുടെ സെക്രട്ടറി തന്നെ ആരോപണവുമായി രംഗത്തുവന്നു. തൃശൂർ പൂരം സംഘപരിവാറിന് വേണ്ടി ഇയാൾ കലക്കിയതായി ആക്ഷേപം ഉണ്ടാകുകയും ഇത് ശരിവെക്കുന്ന തരത്തിൽ ഡിജിപിയുടെ റിപ്പോർട്ട് വരികയും ചെയ്തു. കവടിയാറിൽ ഇയാൾ ഭൂമി വാങ്ങി വീടുപണിയുന്നതുമായി ബന്ധപ്പെട്ട് അവിഹിത സ്വത്തുസമ്പാദനത്തിനെതിരെ ശക്തമായ ആരോപണം ഉയർന്നപ്പോൾ വിജിലൻസിനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറയുന്നു. ഇടതു സർക്കാർ ഭരിക്കുമ്പോൾ ദുരൂഹവും ഗൂഢവുമായ സംഘപരിവാർ ബന്ധം സൂക്ഷിക്കുന്ന പോലീസ് സേനയിലാകെ മോശമായ പ്രതിഛായയുള്ള ഒരു ഉദ്യോഗസ്ഥനെ വഴിവിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഉയർന്നുവന്ന ആരോപണങ്ങളിൽ നിന്നെല്ലാം ഇയാളെ മുക്തനാക്കാൻ, ആഭ്യന്തര വകുപ്പ് റിപ്പോർട്ടുകൾ പടച്ചുണ്ടാക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇപ്പോൾ ഡിജിപിയായി പ്രമോഷൻ നൽകാൻ നടപടിയും സ്വീകരിച്ചിരിക്കുന്നു. ഇതൊക്കെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പം മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ അടിത്തറയിളക്കാൻ പോലും കാരണമായി തീർന്നേക്കാം.
നവോത്ഥാനത്തിൻ്റേയും വർഗ്ഗസമരത്തിൻ്റേയും പശ്ചാത്തലമുള്ള കേരളീയ സമൂഹത്തെ ഒരു മതനിരപേക്ഷ പൊതുസമൂഹമായി (Secular Public) വികസിപ്പിച്ചതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വഹിച്ച പങ്ക് വളരെ വലുതാണ്. സംഘപരിവാറിന് കേരളത്തിൽ കാലുറപ്പിക്കാൻ കഴിയാതെ പോയത് അതുകൊണ്ടാണ്. കേരളം എന്ന മതനിരപേക്ഷ പൊതു സമൂഹത്തെ മതപരമായ സമൂഹങ്ങളായി വിഭജിക്കാൻ ആർഎസ്സ്എസ്സ് വലിയ പരിശ്രമങ്ങൾ നടത്തുകയും അതിൽ ഇന്ന് വലിയൊരളവിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മതനിരപേക്ഷ പൊതുസമൂഹമായ (secular public) കേരളത്തെ ക്ഷേത്രകേന്ദ്രീകൃതമായ സമൂഹമായി (temple public) പുനർനിർമ്മിക്കുകയാണ് സംഘപരിവാരം ചെയ്തത്. പരിശീലിപ്പിക്കപ്പെട്ട സംഘം പ്രചാരകർ, വേദപഠന കേന്ദ്രങ്ങൾ, ജ്യോതിഷാലയങ്ങൾ, ക്ഷേത്രം/കാവ്/അന്തിത്തിരിക്കാവുകൾ എന്നിവയുടെ പുനരുദ്ധാരണവും ബ്രാഹ്മണവൽക്കരണവും, ക്ഷേത്ര കലാപഠനകേന്ദ്രങ്ങൾ, വനിതാവേദികൾ, കീഴാള ദേവസ്ഥാനങ്ങളെ ബ്രാഹ്മണവൽക്കരിക്കൽ തുടങ്ങിയ ഒട്ടനവധി ഘടകങ്ങളെ കൂട്ടിയിണക്കിയാണ് സംഘപരിവാരം ഒരു ഭാഗത്ത് ക്ഷേത്രകേന്ദ്രീകൃത സമൂഹമായും മറുഭാഗത്ത് പള്ളി കേന്ദ്രീകൃത സമൂഹമായും കേരളത്തെ വിഭജിച്ചെടുത്തത്.
ഭൂരിപക്ഷ സമുദായാംഗങ്ങളെ മുസ്ലീം വിരോധമുള്ളവരാക്കി മാറ്റിയെടുക്കാനാണ് സംഘപരിവാരം ഇന്ന് കഠിനമായി പ്രയത്നിക്കുന്നത്. അതിലവർക്ക് വലിയൊരളവിൽ വി്ജയിക്കാനായെങ്കിലും അത് രാഷ്ട്രീയമായി വോട്ടാക്കി മാറ്റാൻ കഴിയുന്നില്ല. ഇന്ന് വ്യത്യസ്തരാഷ്ട്രീയ പാർട്ടികളിലായി ചിതറിയ നിലയിലാണ് സോകോൾഡ് ഹിന്ദുവിശ്വാസികൾ ഉള്ളത്. അവരിൽ വലിയൊരു പങ്ക് സിപിഎമ്മിന്റെ വോട്ടർമാരാണ്. ഇവരിൽ തന്നെ മഹാഭൂരിപക്ഷം ഇന്ന് സിപിഎം രാഷ്ട്രീയത്തോട് പല കാരണങ്ങളാൽ അതൃപ്തിയുള്ളവരായി മാറിത്തീരുന്നുണ്ട്. ഈ അതൃപ്തി സൂക്ഷിക്കുന്ന സിപിഎം വോട്ടർമാരായ ഹിന്ദുക്കളെ, ബിജെപിയിലേക്ക് ആകർഷിക്കാനുള്ള നീക്കമാണ് സംഘപരിവാരം നടത്തുന്നത്. അറിഞ്ഞോ അറിയാതെയോ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ നടപടികൾ, സംഘപരിവാരത്തിന് കുടപിടിക്കുന്നതും സിപിഎം പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി വർഗ്ഗരാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുന്നതുമാണ്. ആഭിചാര സമാനമായ ഇത്തരം ഒരു കോർപ്പറേറ്റ്/വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനങ്ങളാണ് വിജയരാഘവൻമാരിലൂടെയും പി മോഹനൻമാരിലൂടെയും നാം കേട്ടുകൊണ്ടിരിക്കുന്നത്.