പാർട്ടി പറഞ്ഞാൽ മത്സരിക്കും- ഒ. രാജഗോപാൽ

‘‘പാർട്ടിക്ക് നിയമസഭയിൽ പ്രാതിനിധ്യം ഉണ്ടാവേണ്ടത് ആവശ്യമാണ്. അതുകൊണ്ട് മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കും. എൽ.ഡി.എഫ് സർക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും മോശമാണ് എന്നുപറയുന്നത് ശരിയല്ല. പാർട്ടിയിൽ ചില ആൾക്കാർക്ക് ഈ പറയുന്നതിന്റെ മുഴുവൻ സ്പിരിട്ടും ആവശ്യകതയും ചിന്തിക്കാനുള്ള സമയവുമില്ല, ചിന്തിക്കുന്നുമുണ്ടാവില്ല''

Political Desk

പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും സിറ്റിംഗ് എം.എൽ. എ യുമായ ഒ. രാജഗോപാൽ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു. ഒ. രാജഗോപാലുമായി മനില സി.മോഹൻ നടത്തിയ അഭിമുഖത്തിലാണ് മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചത്.

മത്സരിക്കുന്നില്ല എന്നാണല്ലോ പറഞ്ഞിട്ടുള്ളത്, ഭാവി പ്ലാനുകൾ എന്താണ് എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ‘‘എനിക്കിപ്പോ 92 വയസ്സായി. നേരത്തെ പറഞ്ഞതുപോലെ കുറേ എഴുത്തും കാര്യങ്ങളുമായി നിൽക്കണം എന്നാണ്. പക്ഷേ പാർട്ടിക്ക് നിയമസഭയിൽ പ്രാതിനിധ്യം ഉണ്ടാവേണ്ടതും ആവശ്യമാണ്.’’

‘‘അപ്പോൾ മത്സരിച്ചേക്കും? സാധ്യതയുണ്ട്?'’

‘‘മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കും. പാർട്ടി, എന്റെ ലിമിറ്റേഷൻസും പ്രശ്‌നങ്ങളുമൊക്കെ കേട്ട ശേഷം നിൽക്കണം, നമുക്ക് ആവശ്യമാണ് എന്ന് പറഞ്ഞാൽ മത്സരിക്കും.

അനുസരണയുള്ള ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക്, എന്റെ കഴിവനുസരിച്ച് ചെയ്യും.’’

കഴിഞ്ഞ ദിവസങ്ങളിൽ എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കും അനുകൂലമായി നടത്തിയ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാക്കിയോ എന്ന ചോദ്യത്തിന് ഒ. രാജഗോപാൽ ഇങ്ങനെ പ്രതികരിച്ചു: ‘‘എൽ.ഡി.എഫ് സർക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും മോശമാണ് എന്നുപറയുന്നത് ശരിയാണോ? അത് ശരിയല്ലല്ലോ. നല്ലത് ചെയ്താൽ നല്ലതാണ് എന്ന് പറയണ്ടേ! ഞാൻ ഒപ്പോസിഷനാണ്. അതുകൊണ്ട് സർക്കാർ കൊണ്ടുവരുന്ന എല്ലാം തെറ്റാണ് എന്നുപറയുന്നത് സയന്റിഫിക് അപ്രോച്ചല്ല. നല്ലതിനെ നമ്മൾ നല്ലത് എന്ന് പറയും. ചീത്തയാണെങ്കിൽ ചീത്ത എന്നുപറയും.

പാർട്ടിയിൽ ചില ആൾക്കാർക്ക് ഈ പറയുന്നതിന്റെ മുഴുവൻ സ്പിരിട്ടും ആവശ്യകതയും ചിന്തിക്കാനുള്ള സമയവുമില്ല, ചിന്തിക്കുന്നുമുണ്ടാവില്ല. എല്ലാവരും ഒരുപോലെ ചിന്തിക്കണം എന്നുപറയാൻ സാധ്യമല്ലല്ലോ. ഇത് കമ്യൂണിസ്റ്റ് വ്യവസ്ഥയല്ലല്ലോ. ഒറ്റവരിയിലും മാറ്റമില്ലാതെ എല്ലാം ചിട്ടയിൽ വേണമെന്ന കാര്യം സാധ്യമല്ലല്ലോ.’’

ദേശീയത, മീശ വിവാദം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം, ബി.ജെ.പി.യിലെ യുവനേതാക്കളുടെ ഭാഷ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഒ. രാജഗോപാൽ തന്റെ നിലപാടുകൾ ട്രൂ കോപ്പിയുമായി പങ്കുവെച്ചു. വീഡിയോ അഭിമുഖത്തിന്റെ പൂർണരൂപം ട്രൂ കോപ്പി തിങ്ക് ഉടൻ പബ്ലിഷ് ചെയ്യും.


Comments