മേനിപ്പൊന്മാൻ, ഈന്ത്,
പാതാള പൂന്തരകൻ, ഈനാംപേച്ചി;
കോഴിക്കോടിനും സ്വന്തം ജീവജാതികൾ

കോഴിക്കോട് ജില്ലക്കും ഔദ്യോഗിക ജന്തുവും പക്ഷിയും മത്സ്യവും പൂവും പൈതൃക വൃക്ഷവും ജലജന്തുവും നിലവിൽ വന്നിരിക്കുന്നു. എട്ട് ഇനങ്ങളില്‍ ജില്ലാതല പ്രഖ്യാപനം നടത്തുന്ന സംസ്ഥാനത്തെ ആദ്യ സ്ഥലമായി കോഴിക്കോട്. ശാസ്ത്രീയവും നിയമപരവുമായ പരിശോധനയ്ക്കുശേഷമാണ് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പട്ടിക തയ്യാറാക്കിയത്- ഡോ. അബ്ദുള്ള പാലേരി എഴുതുന്നു.

കേരളത്തിന്റെ സ്വന്തം പൂവും മൃഗവും പൂമ്പാറ്റയും മത്സ്യവും നമുക്ക് സുപരിചിതമാണ്. എന്നാൽ, 2023-ൽ കാസർഗോഡ് ജില്ലക്ക് ഔദ്യോഗിക പക്ഷിയും (വെള്ള വയറൻ കടൽ പരുന്ത്) മൃഗവും (പാലപ്പൂവൻ ആമ) പൂവും (പെരിയ പോളത്താളി) വൃക്ഷവും (കാഞ്ഞിരം) നിലവിൽ വരികയുണ്ടായി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ജില്ലക്ക് സവിശേഷമായി പൂവും മൃഗവും വൃക്ഷവും പക്ഷിയും പ്രഖ്യാപിക്കപ്പെടുന്നത്. ഇപ്പോഴിതാ കോഴിക്കോട് ജില്ലക്കും ഔദ്യോഗിക ജന്തുവും പക്ഷിയും മത്സ്യവും പൂവും പൈതൃക വൃക്ഷവും ജലജന്തുവും നിലവിൽ വന്നിരിക്കുന്നു. കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെയാണ് തെരഞ്ഞെടുപ്പും പ്രഖ്യാപനവും.

ജില്ലയിലെ ജീവജാലങ്ങളിൽനിന്ന് അപൂർവവും സംരക്ഷണം അർഹിക്കുന്നതും പൈതൃകപ്രാധാന്യമുള്ളതുമായ ജീവജാതിയെയാണ് ജില്ലയുടെ ഔദ്യോഗിക വൃക്ഷവും പൂവും ജന്തുവും പൂമ്പാറ്റയും പൈതൃക സസ്യവും മൽസ്യവുമായി തെരഞ്ഞടുക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജീവജാതികളിൽ സമൂഹത്തിന്റെ ശ്രദ്ധ പതിയുമെന്നതാണ് ഈ പ്രഖ്യാപനത്തിന്റെ ഒരു ലക്‌ഷ്യം. ഈ ജീവജാതികൾ സംരക്ഷണം അർഹിക്കുന്നവയാണെന്ന ബോധം ജനങ്ങളിലുണ്ടാകും.


1. മേനിപ്പൊന്മാൻ (Oriental Dwarf Kingfisher )

കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക പക്ഷിയാണിത്. ഇത് കേരളത്തിൽ അപൂർവമാണ്. ഒരു പ്രാദേശിക ദേശാടകനാണെന്നാണ് പക്ഷിനിരീക്ഷകരുടെ നിഗമനം. ഒരു പക്ഷേ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നാകാം ഇത് കേരളത്തിൽ എത്തുന്നത്. കേരളത്തിൽ ഏറെക്കുറെ വർഷം മുഴുവനായും ഇതിനെ കാണാം. എന്നാൽ ഒക്ടോബർ മുതൽ മെയ് വരെയാണ് കൂടുതൽ തവണ കണ്ടുവരുന്നത്. കേരളത്തിൽ ശിശിരകാലദേശാടനപ്പക്ഷികൾ ഏറെയും എത്തുന്ന കാലമാണിത്. കോഴിക്കോട് ജില്ലയിൽ അത്യപൂർവമായിട്ടേ ഇതിനെ കണ്ടിട്ടുളളൂ. വർണപ്പകിട്ടാർന്ന ഈ കൊച്ചുപക്ഷിയെ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സമിതി (IUCN) നാശസാധ്യതയുള്ള (Near Threatened)പക്ഷികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്.

മേനിപ്പൊന്മാനെ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സമിതി (IUCN) നാശസാധ്യതയുള്ള (Near Threatened)പക്ഷികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്.
മേനിപ്പൊന്മാനെ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സമിതി (IUCN) നാശസാധ്യതയുള്ള (Near Threatened)പക്ഷികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്.

2. ഈന്ത് (Cycas circinalis)

ഈന്താണ് കോഴിക്കോട് ജില്ലയുടെ പൈതൃക വൃക്ഷം. വംശനാശം നേരിടുന്ന ഒരു പുരാതന വൃക്ഷമാണിത്. കോഴിക്കോട് ജില്ലയിലെ ചരിത്ര സംസ്കാരങ്ങളുമായി ഈ വൃക്ഷത്തിന് ബന്ധമുണ്ട്. കോടിക്കണക്കിന് വർഷങ്ങളായി ശ്രദ്ധേയമായ മാറ്റങ്ങൾ ഒന്നുമില്ലാതെ നിലനിൽക്കുന്ന ഒരു ജീവിക്കുന്ന ഫോസിൽ (Living Fossil) വൃക്ഷമാണിത്. ജില്ലയിൽ ഒരുകാലത്ത് ധാരാളമായി കണ്ടിരുന്ന ഈ വൃക്ഷം ഇപ്പോൾ ഗണ്യമായി കുറഞ്ഞുപോയയിട്ടുണ്ട്. തീർച്ചയായും സംരക്ഷണമർഹിക്കുന്ന വ്യക്ഷ മുത്തശ്ശിയാണിത്.

ഈന്താണ് കോഴിക്കോട് ജില്ലയുടെ പൈതൃക വൃക്ഷം. വംശനാശം നേരിടുന്ന ഒരു പുരാതന വൃക്ഷമാണിത്.
ഈന്താണ് കോഴിക്കോട് ജില്ലയുടെ പൈതൃക വൃക്ഷം. വംശനാശം നേരിടുന്ന ഒരു പുരാതന വൃക്ഷമാണിത്.

3. പാതാള പൂന്തരകൻ (Pangio bhujia)

കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക മൽസ്യമാണിത്. ഒരപൂർവ ഭൂഗർഭ മൽസ്യമാണ് (Subterranean Fish) പാതാള പൂന്തരകൻ. കിണറുകളിലും തോടുകളിലും അത്യപൂർവമായി ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 2019-ൽ കോഴിക്കോട് ജില്ലയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. മറ്റു ഭൂഗർഭമൽസ്യങ്ങളെപ്പോലെ ഇവയും ഏറെക്കുറെ അന്ധരാണ്. ഇരുണ്ട ഭൂഗർഭ ജലാശയത്തിൽ ജീവിക്കുമ്പോൾ കാഴ്ച അപ്രധാനമാണല്ലോ. വണ്ണവും നീളവും കുറഞ്ഞ ഒരു വർണമത്സ്യമാണിത്. വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണമായ ബുജിയ (ന്യൂഡിൽസിന്റെ കഷണങ്ങൾ പോലെ) ഓർമി പ്പിക്കുന്നതിനാലാണ് ഇതിനു ബുജിയ എന്ന് ജാതിപ്പേര് (Species Name) നൽകിയത്. വംശനാശം നേരിടുന്ന ഒരു മൽസ്യമാണിത്.​ കോഴിക്കോട് ജില്ലയിലെ കിണറുകളിൽ ചിലയിനം ഭൂഗർഭ മത്സ്യങ്ങളെ കാണാറുണ്ട്.

വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണമായ ബുജിയ (ന്യൂഡിൽസിന്റെ കഷണങ്ങൾ പോലെ) ഓർമി പ്പിക്കുന്നതിനാലാണ് ഇതിനു ബുജിയ എന്ന് ജാതിപ്പേര് (Species Name) നൽകിയത്.
വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണമായ ബുജിയ (ന്യൂഡിൽസിന്റെ കഷണങ്ങൾ പോലെ) ഓർമി പ്പിക്കുന്നതിനാലാണ് ഇതിനു ബുജിയ എന്ന് ജാതിപ്പേര് (Species Name) നൽകിയത്.

4. ഈയകം (Hopea erosa)

ഈയകമാണ് ​കോഴിക്കോട് ജില്ലയുടെ വൃക്ഷമായി തെരഞ്ഞെടുത്തത്. കേരളത്തിലെ ഒരപൂർവ വൃക്ഷമാണിത്. കണ്ണൂർ, കൊല്ലം, കോഴിക്കോട്, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ ഈ വൃക്ഷമുണ്ട്. ദക്ഷിണ പശ്ചിമ ഘട്ടത്തിലെ ഒരു തദ്ദേശീയ (Endemic) വൃക്ഷമാണിത്. അതായത്, ലോകത്ത് മറ്റൊരിടത്തും ഈ വൃക്ഷം വളരുന്നില്ല എന്ന് ചുരുക്കം. കേരളം കൂടാതെ തമിഴ്നാട്ടിലും കർണാടകത്തിലും ഈ വൃക്ഷത്തെ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ പെരുവണ്ണാമൂഴിയിൽ ഈ വൃക്ഷമുണ്ട്. ഒരു കണക്കെടുപ്പ് പ്രകാരം ആകെ 250 ഓളം വൃക്ഷങ്ങളെ നിലനിൽക്കുന്നുള്ളുവത്രെ. ആവാസ നാശവും വനനശീകരണവുമാണ് ഇതിന്റെ എണ്ണം കുറായാൻ കാരണം. കൂടാതെ മണ്ണിൽ വീഴുന്ന വിത്തുകൾ ഏറെയും കിളിർക്കാതെ നശിച്ചുപോകുന്നു. ഇതും വംശക്ഷയതിന്റെ മറ്റൊരു കാരണമാണ്. ഗുരുതര വംശനാശം നേരിടുന്ന (Critically Endangered) ജീവജാതിയിലാണ് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി (IUCN) ഈയകത്തെ ഉൾപ്പെടുത്തിയത്.

ദക്ഷിണ പശ്ചിമ ഘട്ടത്തിലെ ഒരു തദ്ദേശീയ (Endemic) വൃക്ഷമാണ് ഈയകം.. അതായത്, ലോകത്ത് മറ്റൊരിടത്തും ഈ വൃക്ഷം വളരുന്നില്ല എന്ന് ചുരുക്കം.
ദക്ഷിണ പശ്ചിമ ഘട്ടത്തിലെ ഒരു തദ്ദേശീയ (Endemic) വൃക്ഷമാണ് ഈയകം.. അതായത്, ലോകത്ത് മറ്റൊരിടത്തും ഈ വൃക്ഷം വളരുന്നില്ല എന്ന് ചുരുക്കം.

5. മലബാർ റോസ് (Malabar Rose)

കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക പൂമ്പാറ്റയാണിത്. കേരളത്തിൽ അത്രകണ്ട് സാധാരണമല്ല. പശ്ചിമ ഘട്ടത്തിലെ ഒരു തദ്ദേശീയ (Endemic)ചത്രശലഭമാണിത്.കേരളം കൂടാതെ കർണാടക, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഇതിനെ കാണാറുണ്ട്. ഒരു വനശലഭമാണിത്. ആർദ്ര നിത്യ ഹരിതവനമാണ് ഇഷ്ടപ്പെട്ട ആവാസം. പതുക്കെയാണ് പറക്കൽ. ഏറെ പൊക്കത്തിൽ പറക്കാറില്ല. അരിപ്പൂ ചെടിയിൽ നിന്ന് തേനുണ്ണാറുണ്ട്. കാലത്തു സജീവമാകുന്ന പൂമ്പാറ്റകളിൽ ഒന്നാണിത്. അല്പം (Thottea siliquosa) ചെടിയിലാണ് മുട്ടയിടുന്നത്. മറ്റേതെങ്കിലും സസ്യത്തിൽ മുട്ടയിടുന്നുണ്ടോ എന്ന് നമുക്കറിയില്ല. അതല്ല, ഇതുവരെ കണ്ടെത്തിയതുപൊലെ അല്പത്തിൽ മാത്രമാണ് ഇത് മുട്ടയിടുന്നതെങ്കിൽ അൽപത്തിന്റെ വംശനാശം ഈ ശലഭത്തെ തീർത്തും ഇല്ലാതാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആർദ്ര നിത്യ ഹരിതവനമാണ് മലബാർ റോസിന്റെ ഇഷ്ടപ്പെട്ട ആവാസം. പതുക്കെയാണ് പറക്കൽ. ഏറെ പൊക്കത്തിൽ പറക്കാറില്ല.
ആർദ്ര നിത്യ ഹരിതവനമാണ് മലബാർ റോസിന്റെ ഇഷ്ടപ്പെട്ട ആവാസം. പതുക്കെയാണ് പറക്കൽ. ഏറെ പൊക്കത്തിൽ പറക്കാറില്ല.

6. ഈനാംപേച്ചി (Indian Pangolin)

ഈനാംപേച്ചിയാണ് കോഴിക്കോട് ജില്ലയുടെ മൃഗം. അളുങ്ക്‌ എന്നും ഉറുമ്പുതീനി എന്നും ഈ നിശാചാരിയെ വിളിക്കാറുണ്ട്. ശരീരം ശൽകങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും. ഈ ശൽക്ക കവചം ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സഹായകമാണ്. അതേസമയം മനുഷ്യർ ഇതിനെ വേട്ടയാടുന്നത് ശൽക്കങ്ങൾക്കു വേണ്ടിയാണ്. ശൽക്കങ്ങൾ ഒരേസമയം ഈനാംപേച്ചിക്ക് അനുഗ്രഹവും ശാപവുമായി തീരുന്നു. മാംസനത്തിനു വേണ്ടിയും ഇതിനെ വേട്ടയാടാറുണ്ട്. മാംസത്തിന് ഔഷധഗുണമുണ്ടെന്ന വിശ്വാസമാണ് വേട്ടക്ക് പ്രചോദനം. ഉറുമ്പുകളും ചിതലുകളുമാണ് ഇഷ്ടഭക്ഷണം. നാവു നീട്ടി ഉറുമ്പുകളെയും ചിതലുകളെയും നാവിൽ ഒട്ടിച്ചുപിടിക്കും. നാവിൽ പശപോലെയുള്ള ഉമിനീരുണ്ട്. ഭയപ്പെടുത്തിയാൽ ശരീരം ഒരു പന്തുപോലെ ചരുട്ടിപ്പിടിക്കും. തള്ള കുഞ്ഞുങ്ങളെ വാലിൽ ചുമന്നു നടക്കാറുണ്ട്. ആർദ്ര ഇലപൊഴിയും കാടുകളാണ് ഇഷ്ടപ്പെട്ട ആവാസം. വേട്ടയാണ് വംശക്ഷയത്തിനു മുഖ്യ കാരണം. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി (IUCN) ഇതിനെ വംശനാശം(Endangered) നേരിടുന്ന ജന്തുവായിട്ടാണ് പരിഗണിക്കുന്നത്.

അളുങ്ക്‌ എന്നും ഉറുമ്പുതീനി എന്നും ഈ നിശാചാരിയെ വിളിക്കാറുണ്ട്. ശരീരം ശൽകങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും. ഈ ശൽക്ക കവചം ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സഹായകമാണ്.
അളുങ്ക്‌ എന്നും ഉറുമ്പുതീനി എന്നും ഈ നിശാചാരിയെ വിളിക്കാറുണ്ട്. ശരീരം ശൽകങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും. ഈ ശൽക്ക കവചം ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സഹായകമാണ്.

7. നീർനായ(Smooth-coated Otter)

കോഴിക്കോട് ജില്ലയുടെ ജലജന്തുവാണിത്. കൂട്ടമായിട്ടാണ് കാണുന്നത്. ജില്ലയിൽ സരോവരം ജൈവപാർക്കിൽ ഇതിനെ കാണാറുണ്ട്. കടലുണ്ടിയിലും കണ്ടിട്ടുണ്ട്. പുഴകളും തടാകങ്ങളും അഴിമുഖങ്ങളുമാണ് മുഖ്യ ആവാസങ്ങൾ. മൽസ്യങ്ങളും ഞണ്ടുകളും ചെറു ജീവികളുമാണ് ഭക്ഷണം. ജലാശയങ്ങളുടെ ഓരങ്ങളിൽ വിശ്രമിക്കാറുണ്ട്. ജലത്തിൽ നിന്ന് ശിരസ്സ് ഉയർത്തിപ്പിടിച്ചു ചുറ്റുപാടും വീക്ഷിക്കുന്ന ശീലമുണ്ട്. ഇതിന്റെ എണ്ണം കേരളത്തിൽ കുറഞ്ഞു വരുന്നതായിട്ടാണ് നിഗമനം. തണ്ണീർത്തടങ്ങളുടെ നാശമാണ് വംശക്ഷയത്തിന് മുഖ്യ ഹേതു. ജലാശയങ്ങളുടെ മലിനീകരണവും ഇതിന്റെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി (IUCN) ഇതിനെ വംശനാശ ഭീഷണിക്കു സാധ്യതയുള്ള(Vulnerable) ജന്തുക്കളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാംപട്ടികയിൽ ഉൾക്കൊള്ളിച്ചു സംരക്ഷിച്ചിട്ടുണ്ട്.

 ജലത്തിൽ നിന്ന് ശിരസ്സ് ഉയർത്തിപ്പിടിച്ചു ചുറ്റുപാടും വീക്ഷിക്കുന്ന ശീലമുണ്ട്. നീർനായകളുടെ  എണ്ണം കേരളത്തിൽ കുറഞ്ഞു വരുന്നതായിട്ടാണ് നിഗമനം.
ജലത്തിൽ നിന്ന് ശിരസ്സ് ഉയർത്തിപ്പിടിച്ചു ചുറ്റുപാടും വീക്ഷിക്കുന്ന ശീലമുണ്ട്. നീർനായകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു വരുന്നതായിട്ടാണ് നിഗമനം.

8. അതിരാണി (Malabar Melastome)

കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക പുഷ്പം. വയലറ്റ് നിറമുള്ള മനോഹരമായ പൂവാണിത്. കേരളത്തിൽ എല്ലാ ജില്ലകളിലും ഇതിനെ കാണാം. കദളി, കലം പൊട്ടി എന്നിങ്ങനെ കേരളത്തിൽ പല പേരുകളിലും ഇത് അറിയപ്പെടുന്നെണ്ടെങ്കിലും മലബാറിൽ പൊതുവെ അതിരാണി എന്നാണ് വിളിക്കുന്നത്. ഇതിന്റെ കായ കടിച്ചാൽ നാവ് ഇരുണ്ടതാകും. അതിനാൽ തമിഴിൽ നാക്കുകറുപ്പൻ എന്ന് വിളിക്കാറുണ്ട്. കാടുകളിലും കൃഷിയിടങ്ങളിലും വഴിയോരങ്ങളിലും ഇത് വളരാറുണ്ട്.പണ്ട് സാധാരണയായിരുന്ന ഈ പൂവ് ചിലയിടങ്ങളിൽ കുറഞ്ഞു വരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാടിന്റെ അതിരാണിപ്പാടം കോഴിക്കോട് നഗരത്തിൽ എവിടെയാണോ ആവോ?

കദളി, കലം പൊട്ടി എന്നിങ്ങനെ കേരളത്തിൽ പല പേരുകളിലും ഇത് അറിയപ്പെടുന്നെണ്ടെങ്കിലും മലബാറിൽ പൊതുവെ അതിരാണി എന്നാണ് വിളിക്കുന്നത്. ഇതിന്റെ കായ കടിച്ചാൽ നാവ് ഇരുണ്ടതാകും.
കദളി, കലം പൊട്ടി എന്നിങ്ങനെ കേരളത്തിൽ പല പേരുകളിലും ഇത് അറിയപ്പെടുന്നെണ്ടെങ്കിലും മലബാറിൽ പൊതുവെ അതിരാണി എന്നാണ് വിളിക്കുന്നത്. ഇതിന്റെ കായ കടിച്ചാൽ നാവ് ഇരുണ്ടതാകും.

ALSO READ: ഈന്തുകളുടെ അന്ത്യം കുറിക്കുമോ ഈ മാരകരോഗം?


Summary: Kozhikode district announces it's official animal, bird, fish, flower, heritage tree, and aquatic animal. State Biodiversity Board announces the list, Dr Abdulla Paleri writes.


ഡോ. അബ്​ദുള്ള പാലേരി

പക്ഷിനിരീക്ഷകൻ, അധ്യാപകൻ. പക്ഷിനിരീക്ഷണം: അറിവും വിനോദവും, വരൂ, നമുക്ക്​ പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments