തൃശൂർ ജില്ലയിലെ ഏറ്റവും ചാഞ്ചാട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് ഒല്ലൂർ. 2016 വരെയുള്ള 14 തെരഞ്ഞെടുപ്പുകളിൽ ഒമ്പതു തവണ യു.ഡി.എഫും അഞ്ചു തവണ എൽ.ഡി.എഫും ജയിച്ചു. ഇതാണ് മുന്നണികളുടെ പ്രതീക്ഷയും ആശങ്കയും. അടിയൊഴുക്കുകൾ പരസ്യമാക്കാതെ തന്നെ പാർട്ടി നോക്കാതെ ഏതു സ്ഥാനാർഥിയെയും ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്യുന്ന മണ്ഡലം.
സി.പി.ഐയിലെ സിറ്റിങ് എം.എൽ.എയും ചീഫ് വിപ്പുമായ കെ. രാജൻ തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി. 2016ൽ സിറ്റിങ് എം.എൽ.എയായിരുന്ന കോൺഗ്രസിലെ എം.പി. വിൻസെന്റിനെ 13,248 വോട്ടിനാണ് രാജൻ തോൽപ്പിച്ചത്. 2011ൽ സിറ്റിങ് എം.എൽ.എയായിരുന്ന സി.പി.ഐയിലെ രാജാജി മാത്യു തോമസിനെ വിൻസെൻറ് തോൽപ്പിച്ചത് 6247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇതാണ്, 2016ൽ നേരെ ഇരട്ടിയായി സി.പി.ഐയുടെ പക്ഷം ചേർന്നത്. അഞ്ചുവർഷം കൊണ്ട് മണ്ഡലത്തിൽ ആയിരം കോടി രൂപയുടെ വികസനം നടത്തിയെന്ന അവകാശവാദവുമായാണ് രാജന്റെ വികസന സന്ദേശയാത്ര.
ഒല്ലൂർ നൽകുന്ന 50:50 ചാൻസ് ഏറ്റവും പ്രലോഭനമായത് കോൺഗ്രസിലെ ഭൈമീകാമുകരെയായിരുന്നു. ഡി.സി.സിയിലെ ഏതാണ്ട് എല്ലാ ഭാരവാഹികളും നാളുകളായി ഒല്ലൂർക്കുപ്പായമിട്ട് മണ്ഡലത്തിൽ ഓടിനടക്കുകയായിരുന്നു. എന്നാൽ, ജോസ് വള്ളൂരിനായിരുന്നു നറുക്ക് വീണത്. ഡി.സി.സി പ്രസിഡന്റുപദവി വീതം വെച്ചപ്പോൾ, വള്ളൂരിന് നിയമസഭാ മണ്ഡലം നൽകാമെന്ന് ധാരണയുണ്ടായിരുന്നു. ഒല്ലൂർ ഐ ഗ്രൂപ്പിന്റെ മണ്ഡലം കൂടിയാണ്. വള്ളൂർ മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു.
കോൺഗ്രസിന്റെ പേരിൽ മണ്ഡലത്തിൽ പൊട്ടിത്തെറികളും നടക്കുന്നുണ്ട്. കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ പരസ്യപ്രകടനം നടത്തി. പൊതുതാൽപര്യ നിയമവ്യവഹാരങ്ങളിലൂടെ ശ്രദ്ധേയനായ വിവരാവകാശപ്രവർത്തകനാണ് ഷാജി. മണ്ണുത്തി ദേശീയപാതയിലെ സുരക്ഷാവീഴ്ച, കുതിരാൻ തുരങ്കം, വിമാനത്താവളങ്ങളിൽ ചായക്ക് ഈടാക്കുന്ന അമിതവില, ബണ്ട് നിർമാണത്തിന്റെ പേരിലുള്ള ദുർവ്യയ തുടങ്ങിയ നിരവധി വിഷയങ്ങളിൽ കോടതി ഇടപെടൽ സാധ്യമാക്കിയ ഷാജിക്ക് സീറ്റുവേണമെന്നാണ് അനുയായികളുടെ ആവശ്യം.
1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പി.ആർ. ഫ്രാൻസിസാണ് ജയിച്ചത്. 1967ൽ എ.വി. ആര്യൻ സി.പി.എമ്മിനുവേണ്ടി ഒല്ലൂർ പിടിച്ചു. തുടർന്ന് 1970, 1977 വർഷങ്ങളിൽ പി.ആർ. ഫ്രാൻസിസ്. 1980, 1982 വർഷങ്ങളിൽ കോൺഗ്രസിലെ രാഘവൻ പൊഴക്കടവിൽ. 1987ൽ സി.പി.ഐയിലെ എ.എം. പരമൻ. 1991ൽ കോൺഗ്രസ് തിരിച്ചുപിടിച്ചു, ജയം പി.പി. ജോർജിന്. 1996ൽ സി.പി.ഐയിലെ സി.എൻ. ജയദേവൻ ജയിച്ചു. 2001ൽ വീണ്ടും പി.പി. ജോർജ്. 2006ൽ സി.പി.ഐയിലെ രാജാജി മാത്യു തോമസ്. 2011ൽ കോൺഗ്രസിലെ എം.പി. വിൻസെന്റ്. 2016ൽ കെ. രാജൻ.
തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ പഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ഉൾക്കൊള്ളുന്ന മണ്ഡലമാണ് ഒല്ലൂർ.