പത്തിലേയോ പന്ത്രണ്ടിലേയോ പരീക്ഷകൾ അവസാനിക്കുന്ന ദിവസം സ്കൂളിൽ പി.ടി.എ ക്കാരുടേയും പൊലീസിന്റെയും കാവൽ വേണമെന്ന സ്ഥിതിയാണ് മിക്ക സ്കൂളുകളിലും. ഇത്രയും കാലം പഠിച്ച സ്കൂളിനോടോ പഠിപ്പിച്ച അധ്യാപകരോടോ യാതൊരു മമതയുമില്ലാതെയാണ് ചില കുട്ടികളുടെയെങ്കിലും പെരുമാറ്റം എന്നതാണ് ഇതിന്റെ കാരണം. കെട്ടിടങ്ങൾ തല്ലിപ്പൊളിക്കുന്നതിനോ അധ്യാപകരുടെ വാഹനങ്ങൾ നശിപ്പിക്കുന്നതിനോ അവർക്കൊരു മടിയുമില്ല. സഹപാഠികൾ തമ്മിലുണ്ടാവുന്ന സംഘർഷം പോലും കുട്ടിക്കുസൃതികളുടെ നിലവിട്ട് ഭീകരമായിത്തീർന്നിട്ടുണ്ട്. ഏതാനും വർഷമായി ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും ഏത് സമയത്തും ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത് അടുത്ത കാലത്താണ്. കേരളത്തിന്റെ പല ഭാഗങ്ങളിലായി ഈയടുത്ത ദിവസളിലുണ്ടായ സംഭവങ്ങളാകട്ടെ ആശങ്കാജനകവും ഏറെ വേദനിപ്പിക്കുന്നതുമാണ്.
കുട്ടികളെന്താണിങ്ങനെ എന്ന് ചോദിച്ചാൽ അധ്യാപകർക്ക് പറയാൻ ഉത്തരങ്ങളുണ്ട്. കുട്ടികളെ അച്ചടക്കത്തോടെ വളർത്താത്ത അവരെ വേണ്ടവിധം ശ്രദ്ധിക്കാത്ത രക്ഷിതാക്കളാണ് പ്രതികളെന്ന് അവർ പറയും. തങ്ങൾ പറഞ്ഞാലനുസരിക്കാത്ത മക്കളെ നേർവഴിക്കാക്കേണ്ടത് നിങ്ങളല്ലേയെന്ന് രക്ഷിതാക്കൾ തിരിച്ചു ചോദിച്ചാൽ, അങ്ങനെയൊരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയാത്ത നിലവിലെ സാഹചര്യം അവർ ചൂണ്ടിക്കാണിക്കും. കുട്ടികൾ അകപ്പെട്ടിരിക്കുന്ന ലഹരി റാക്കറ്റുകളെക്കുറിച്ചുള്ള അറിവുകൾ വേദനയോടെയവർ പങ്കുവെക്കും. വയലൻസിനെ നോർമലൈസ് ചെയ്യുന്ന പുതുകാല സിനിമകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കുട്ടികളെ എത്രമാത്രം ക്രിമിനൽവൽക്കരിക്കുകയാണ് എന്നും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

പുതുതലമുറയിലെ കുട്ടികളെ ഒന്നു ശാസിക്കാൻ പോലും പറ്റാത്ത സ്ഥിതി വന്നതോടെയാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ തുടങ്ങിയതെന്നാണ് മറ്റൊരു പ്രധാന വാദം. ബാലാവകാശവും മനുഷ്യാവകാശവുമൊക്കെ എല്ലാവരും എല്ലായിടത്തും ഉപയോഗിക്കാൻ തുടങ്ങിയതോടെ കുട്ടികളുടെ എന്ത് പോക്രിത്തരവും നോക്കി നിൽക്കേണ്ട സ്ഥിതിയായെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്തുന്നു. ഈ വാദത്തിന് ഉപോദ്ബലകമായ ചില സംഭവങ്ങൾ ഉണ്ടാവുകയും ഈ സന്ദർഭത്തെ ചിലർ കൃത്യമായി ഉപയോഗിക്കുകയും ചെയ്തതോടെ ഭൂരിപക്ഷം അധ്യാപകരും ആശങ്കയിലായിരിക്കുന്നു. തങ്ങളുടെ ധാരണകളും വാദങ്ങളും ശരിയായിരുന്നു എന്ന് തെളിയിക്കാൻ കിട്ടിയ അവസരം എന്ന നിലയിലാണ് ചില അധ്യാപകരെങ്കിലും ഈ സന്ദർഭത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപകർ ചൂരൽ മാറ്റിവെക്കേണ്ടി വന്നതോടെയാണ് കുട്ടികൾ അനുസരണയില്ലാത്തവരായതെന്ന ലളിതയുക്തിയിൽ അഭിരമിക്കുന്നവർ അധ്യാപകരിൽ മാത്രമല്ല, രക്ഷിതാക്കളിലും മറ്റ് മുതിർന്നവരിൽ പോലുമുണ്ട്.
വീട്ടിലോ സ്കൂളിലോ സ്വതന്ത്രമായ അസ്തിത്വം ഇല്ലാതിരുന്ന പഴയകാല കുട്ടികളുടെ സ്ഥാനത്ത്, ഇൻഡിവിജ്വാലിറ്റിയെക്കുറിച്ച് നല്ല ബോധ്യമുള്ള, അതിൽ അഭിമാനിക്കുന്ന കുട്ടികളാണ് ഇപ്പോഴുള്ളത്.
അടുത്ത കാലത്തായി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ചില സംഭവങ്ങൾ കേരളീയ പൊതുമണ്ഡലത്തിൽ വലിയ ആശങ്കകളുണ്ടാക്കിയിട്ടുണ്ട്. സഹപാഠികളോടു മാത്രമല്ല, അധ്യാപകരോട് പോലും മോശമായി സംസാരിക്കുകയും പ്രതീക്ഷിക്കാൻ സാധിക്കാത്ത തരത്തിൽ പെരുമാറുകയും ചെയ്ത സംഭവങ്ങൾ വിദ്യാഭ്യാസ മേഖലയെയാകമാനം അസ്വസ്ഥമാക്കിയിട്ടുണ്ട്. അധ്യാപകർക്കിടയിൽ ഉണ്ടായിട്ടുള്ള നിരാശയും അസ്വസ്ഥതയും എത്രമാത്രമുണ്ട് എന്നറിയാൻ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് വെറുതെയൊന്ന് എത്തി നോക്കിയാൽ മതിയാവും.
കുട്ടി എന്ന സ്വതന്ത്രവ്യക്‌തി
വീട്ടിലോ സ്കൂളിലോ സ്വതന്ത്രമായ അസ്തിത്വം ഇല്ലാതിരുന്ന പഴയകാല കുട്ടികളുടെ സ്ഥാനത്ത്, ഇൻഡിവിജ്വാലിറ്റിയെക്കുറിച്ച് നല്ല ബോധ്യമുള്ള, അതിൽ അഭിമാനിക്കുന്ന കുട്ടികളാണ് ഇപ്പോഴുള്ളത്. സ്കൂൾ പ്രായമാകും മുമ്പെ തന്നെ അവർ വ്യക്തിസ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങുന്നു. തന്റെ ഇഷ്ടങ്ങൾക്ക് വിലകൽപ്പിക്കപ്പെടുന്ന കുടുംബാന്തരീക്ഷത്തിലാണവർ ജീവിച്ചുതുടങ്ങുന്നത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഗാർഹിക ഊഷ്മളതയിൽ ഭയത്തിന്റെയോ ബഹുമാനത്തിന്റെയോ ആവശ്യമില്ലാതെയാണവരുടെ വളർച്ച. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യത്തെയും ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നവരല്ല പുതിയ കുട്ടികൾ. തങ്ങൾ ആഗ്രഹിക്കാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്കൂളിലെത്തുന്നതോടെ കുട്ടികൾ അനുഭവിക്കുന്ന സംഘർഷം വേണ്ടരീതിയിൽ പരിഗണിക്കപ്പെടാറില്ല.

ഡിസ്ഫങ്ഷനൽ ഫാമിലിയിൽ നിന്നെത്തുന്ന കുട്ടികളുടെ പ്രശ്നങ്ങളും പഠിക്കപ്പെടേണ്ടതുണ്ട്. കുട്ടികളുടെ വളർച്ചയിൽ നിർണ്ണായകമായ ഇടപെടൽ നടത്തേണ്ട രക്ഷിതാക്കൾ / മാതാപിതാക്കൾ ഇല്ലാത്ത, ശ്രദ്ധിക്കാത്ത ഗാർഹികാന്തരീക്ഷവും പ്രശ്നവൽക്കരിക്കപ്പെടേണ്ടതുണ്ട്. പഠന പിന്നാക്കാവസ്ഥ മുതൽ കുറ്റകൃത്യവാസന വരെയുള്ള പല വിഷയങ്ങളുടെയും അടിവേരുകൾ എത്തിനിൽക്കുക പരിതാപകരമായ കുടുംബ സംവിധാനത്തിലാവും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടുംബ ദൗർബല്യങ്ങളുടെ സബ്സ്റ്റിറ്റ്യൂഷനായി മാറേണ്ട സ്കൂൾ / അധ്യാപകർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു പോകുന്നതും ഗൗരവമുള്ള വിഷയം തന്നെയാണ്. അപക്വമായ കുടുംബ -സാമൂഹ്യ സംവിധാനത്തിൽ നിന്ന് കുട്ടികൾ പിടിച്ചുവാങ്ങുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്ത രഹിതവും നിയന്ത്രണാതീതവുമായേക്കാം എന്ന അപകടവും കാണാതെ പോവരുത്.
ചെറുപ്രായത്തിൽ മറച്ചുവെച്ചാലും, കൗമാരത്തിലേക്കെത്തുന്നതോടെ വാശിയും ദേഷ്യവുമൊക്കെ മറയില്ലാതെ പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായി കുട്ടികൾ മാറുന്നു. വരുംവരായ്കളെക്കുറിച്ച് ചിന്തിച്ച് പെരുമാറാൻ സഹായിക്കുന്ന പ്രിഫണ്ടൽ കോർട്ടക്സിന് (PFC) വേണ്ടത്ര വികാസമെത്താത്തതിനാൽ , വൈകാരികമായ പ്രതികരണങ്ങളായി വാക്കുകളും പ്രവൃത്തികളും പുറത്തുവരുന്നു. വൈകാരിക നിയന്ത്രണമുള്ള കുട്ടികൾ പോലും സൗഹൃദസമ്മർദ്ദത്താൽ (peer pressure) അപകടകരമായ സാഹചര്യത്തിൽ പെട്ടുപോകുന്നതായി ഈയിടെ നടന്ന ചില സംഭവങ്ങൾ തെളിയിക്കുന്നുണ്ട്.
കോളജിലെ സ്വതന്ത്രമായ കാമ്പസും ഉച്ചവരെയുള്ള പ്രീഡിഗ്രി ക്ലാസുകളും ആസ്വദിച്ചവരാണ് പ്ലസ്ടു കുട്ടികളുടെ അച്ചടക്കരാഹിത്യത്തെക്കുറിച്ച് വ്യാകുലപ്പെടുന്നത് എന്നതിലുമുണ്ട് വിരോധാഭാസം. 16ഉം 17ഉം വയസ്സുകാരായ യുവാക്കളെയാണ് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 4.30 വരെ ക്ലാസിനകത്ത് അടക്കിയിരുത്തുന്നത്. കലാപരിപാടികൾ സ്പോർട്സിനങ്ങൾ രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങി ലേറ്റ് അഡോളസെൻസിന്റെ സേഫ്റ്റി വാൾവുകൾ മുഴുവൻ അടച്ചിട്ട ശേഷമാണ് അടക്കിയിരുത്തിയുള്ള പഠിപ്പിക്കൽ അരങ്ങേറുന്നത്. സെന്റോഫ് ദിവസങ്ങളിലെ പൊട്ടിത്തെറികൾക്കുള്ള നശീകരണ ഊർജം എവിടെയായിരുന്നു കരുതിവെച്ചിരുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാവൂ.

അക്രമസംഭവങ്ങളിൽ പ്രതികളായ കുട്ടികൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാമെന്നല്ലാതെ, കുട്ടികൾ മുഴുവൻ ക്രിമിനലുകളാണെന്ന തരത്തിലുള്ള നറേറ്റീവുകൾ ഉണ്ടാവുന്നു എന്നത് ദൗർഭാഗ്യകരമാണ്. ആൽഫാ തലമുറയുടെ പ്രതിനിധി എന്ന ടാഗ് ലൈനിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത കുട്ടി ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിലുണ്ടെന്ന് മുതിർന്നവർ മറന്നുപോകരുത്. ഞങ്ങൾ ലഹരി ഉപയോഗിക്കുന്നു എന്നു പറയുന്നവർ, ഞങ്ങൾക്ക് ലഹരി എത്തിക്കുന്നവരെ തടയാത്തതെന്താണ് എന്നവർ ചോദിക്കുന്നുണ്ട്. ഞങ്ങൾ കാണുന്ന ക്രൈം സിനിമകൾ ഞങ്ങൾ ഉണ്ടാക്കുന്നതല്ലെന്നും അത് ചെയ്യുന്നത് മുതിർന്നവരാണെന്നും അവർ കുറ്റപ്പെടുത്തുന്നുണ്ട്. മുതിർന്ന തലമുറയെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്താവുന്ന ഒട്ടേറെ വാദമുഖങ്ങൾ, തങ്ങളുടെ മുഖം രക്ഷിക്കാനാണെങ്കിൽ പോലും അവരെടുത്തുപയോഗിക്കുമെന്നും നമ്മളൊരു പക്ഷെ ഉത്തരം പറയാനാവാതെ വിഷമിക്കേണ്ടിവരുമെന്നും മനസ്സിലാക്കിയേ മതിയാവൂ.
ലളിതമല്ല പ്രശ്നങ്ങൾ
ഇന്റർനെറ്റിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിശാലവും നിഗൂഢവുമായ വർത്തമാനകാലത്താണ് കുട്ടികളുള്ളത്. USE-ഉം ABUSE-ഉം തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാനോ പാകപ്പെടാനോ കഴിയാത്ത പ്രായത്തിൽ സ്മാർട്ട് ഫോണുകൾ അവർക്ക് കിട്ടിയിട്ടുണ്ട്. കൊവിഡിന്റെ അടച്ചുപൂട്ടൽ കാലത്ത് പഠിക്കാനും കളിക്കാനുമുള്ള ആയുധമായി നാം തന്നെയാണവർക്കത് നൽകിയത്. ഡിജിറ്റൽ വെൽബീയിംഗിനെക്കുറിച്ച് കുട്ടികൾക്കോ മുതിർന്നവർക്കോ ഒന്നുമറിയില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഫോണുപയോഗത്തിലെ അഡിക്ഷനും അപകടങ്ങളും മനസിലാക്കിയതു കൊണ്ടാണ് കുട്ടികൾ സമൂഹമാധ്യമങ്ങളിൽ ഇടപെടരുത് എന്ന് ഓസ്ട്രേലിയ നിയമം കൊണ്ടുവന്നത്. ചൈനയിലും ബ്രിട്ടനിലുമൊക്കെ കുട്ടികളുപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെയും വീഡിയോ ഗെയിമുകളിലെയും വെബ് സീരീസുകളിലെയും അപകടങ്ങളെക്കുറിച്ച് മനസിലാക്കാനോ അവയെ നേരിടാനോ ഉള്ള ഒരു സഹായവും നാം നമ്മുടെ കുട്ടികൾക്ക് നൽകിയിട്ടില്ല. ശാസിച്ചും ഫോൺ തട്ടിപ്പറിച്ചെടുത്തും അവരെ രക്ഷിച്ചെടുക്കാമെന്ന ചിന്ത മൗഢ്യമാണ്.
ഇഷ്ടമില്ലാത്തതാണെങ്കിൽ പോലും അടിസ്ഥാനപരമായ ചില തിരുത്തലുകൾക്ക് സമൂഹം സന്നദ്ധമാവണം. സർക്കാർ തന്നെ ഈ പുതുക്കിപ്പണിയലുകൾക്ക് നേതൃത്വം നൽകുകയും വേണം.
ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന മുന്നറിയിപ്പായി ഈയടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങളെ കാണാമെന്ന് തോന്നുന്നു. പരസ്പരമുള്ള രാഷ്ട്രീയ കുറ്റപ്പെടുത്തലുകൾ കൊണ്ടൊന്നും യാതൊരു ഗുണവും ആർക്കും ഉണ്ടാവില്ല എന്ന് മനസ്സിലാക്കണം. ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ സംഭവങ്ങളെയും സാഹചര്യങ്ങളെയും പഠിക്കണം. സാമൂഹ്യ ശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വിലയിരുത്തലുകൾ നടത്തണം. പോലീസോ എക്സൈസോ വിദ്യാഭ്യാസ വകുപ്പോ നടത്തുന്ന ഇടപെടലുകൾ കൊണ്ട് താൽക്കാലിക പരിഹാരങ്ങളുണ്ടാക്കാൻ സാധിക്കുമെങ്കിലും, കുറെക്കൂടി വിശാലമായ പ്ലാറ്റ്ഫോമിൽ കാര്യങ്ങളെ സമീപിക്കുന്നതാവും നല്ലത്.

കേരളത്തിന്റെ സാമൂഹ്യാരോഗ്യത്തിനും കുട്ടികളുടെ മാനസികാരോഗ്യത്തിനും ഗുരുതരമായ ചില കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗൗരവമായ പഠനങ്ങളൊന്നും വേണ്ടരീതിയിൽ നടന്നിട്ടുമില്ല. ഇക്കാര്യത്തിലാണ് ആദ്യം പരിഹാരമുണ്ടാവേണ്ടത്. അടിയന്തര സ്വഭാവത്തിൽ പഠനം നടത്തി വിശദമായ റിപ്പോർട്ട് തയാറാക്കാൻ ഒരു വിദഗ്ദ സമിതിയെ സർക്കാർ ചുമതലപ്പെടുത്തണം. വിവിധ മേഖലയിൽ നിന്നുള്ള എക്സ്പർട്ടുകൾ അടങ്ങുന്ന സമിതിയുടെ കണ്ടെത്തലുകളെ ദീർഘവീക്ഷണത്തോടെ സ്വീകരിക്കണം. താൽക്കാലിക വെച്ചുകെട്ടലുകളല്ല, ദീർഘ ഫലസിദ്ധി ഉറപ്പാക്കുന്ന ചികിത്സകളാണ് വേണ്ടതെന്ന് ടേംസ് ഓഫ് റഫറൻസിൽ തന്നെ വ്യക്തമാക്കണം. നമ്മുടെ മക്കൾക്കും അവരുടെ മക്കൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാവും വിധമുള്ള ആസൂത്രണം നടക്കണം. ഇഷ്ടമില്ലാത്തതാണെങ്കിൽ പോലും അടിസ്ഥാനപരമായ ചില തിരുത്തലുകൾക്ക് സമൂഹം സന്നദ്ധമാവണം. സർക്കാർ തന്നെ ഈ പുതുക്കിപ്പണിയലുകൾക്ക് നേതൃത്വം നൽകുകയും വേണം.