ഇങ്ങനെയൊരു ഓണത്തിലേക്ക് മലയാളി എത്തിയതെങ്ങനെ?

സാമ്പത്തികമായും ജാതീയമായും അരാജകത്വം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കേരളജനത കടന്നുവന്നത്. ഇന്നു കാണുന്ന രീതിയിലുള്ള ഓണാഘോഷത്തിലേക്ക് മലയാളി എത്തിയതിന് നീണ്ടകാലത്തെ ചരിത്രം പറയാനുണ്ട്.

കേരളീയരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഓണം. ഭൂപ്രദേശത്തിന്റെ അതിർത്തികൾ മറികടന്ന് ലോകമെമ്പാടും ആഘോഷിക്കുന്ന ഉത്സവമായി ഓണം മാറിയിരിക്കുന്നു. ജാതി-മതഭേദമന്യേ എല്ലാവരും ഓണം കൊണ്ടാടുന്നു. ഒരു ഐതിഹ്യമെന്നോണം മാവേലിയെയും കാത്തിരിക്കുന്ന ഓണക്കാലം നമ്മൾ ആഘോഷിക്കുന്നു.

എന്നാൽ ഓണം പ്രതിനിധീകരിക്കുന്ന വരേണ്യത അതുപോലെതന്നെ നിലനിൽക്കുന്നു എന്നത് വിസ്മരിക്കരുത്. വയറും ചാടി, വെളുത്ത, ആഭരണങ്ങൾ അണിഞ്ഞ, വേഷഭൂഷാദികൾ കൊണ്ട് സമ്പന്നനായ സവർണ മാവേലി നമ്മുടെ സാംസ്‌കാരിക ചിഹ്നമായി ഇടം പിടിച്ചിരിക്കുന്നു. സംസ്‌കാരത്തിന്റെ ചിഹ്നങ്ങളെ നിർണ്ണയിക്കുന്നതിൽപോലും അറിയാതെ സവർണ അടിമത്തം നമ്മൾ ഏറ്റുവാങ്ങുന്നു. ദ്രാവിഡിയനായ മഹാബലി ഒരിക്കലും അങ്ങനെ ആകാൻ ഇടയില്ല. എന്നാൽ ഈ കുടവയർ ജൈനദൈവങ്ങളുടെ രീതിയാണെന്ന് എസ്. കെ. വസന്തൻ ചൂണ്ടി കാണിക്കുന്നു. ഓണത്തെ ഹിന്ദുത്വ അജണ്ടയിൽ ഒതുക്കി ഒരു ഇടുങ്ങിയ മാനം നൽകാനുള്ള ശ്രമങ്ങളും തുടരെയുണ്ട്. കമ്പോള ചരക്കായി ഓണം മാറുന്ന സ്ഥിതിവിശേഷം വർഷങ്ങളായി പല, പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങേറുന്നുണ്ട്.

ഓണത്തിന്റെ പ്രാചീനതക്ക്, സാഹിത്യ കൃതികൾ തരുന്ന തെളിവുകൾ ഇനി പറയാം; സംഘകാല സാഹിത്യത്തിലെ മധുരൈ കാഞ്ചിയിൽ മയോൻ ദേവന്റെ ജന്മനാളായ ഓണം എന്ന പരാമർശമുണ്ട്. എന്നാൽ അതിനെ ഇന്ന് കാണുന്ന ഓണം എന്ന രീതിയിലെടുക്കരുത്. മറവർ നൃത്തത്തിന് ചുവടുവെച്ച് അത് ആഘോഷിച്ചു. പിന്നീട് ശൈവ മതക്കാരായിരുന്ന ആഴ് വാർമാരുടെ കൃതികളിൽ രാജാവിന്റെ ജന്മദിനവും, വിഷ്ണുവിന്റെ ജന്മദിനവും കൊണ്ടാടുന്നതിന് ഓണം എന്ന പദം ഉപയോഗിച്ചതായി കാണാം. ഊരാളർ ഊട്ടുന്നതിന്റെ പരാമർശം സ്ഥാണുരവിയുടെ 17-ാം ഭരണവാർഷികത്തിൽ രചിക്കപ്പെട്ട തിരുവാറ്റുവായി ക്ഷേത്രത്തിലെ ലിഖിതത്തിലുള്ളതായി രാജൻ ഗുരുക്കൾ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. അതോടൊപ്പം, ഭാസ്‌കര രവിയുടെ കാലത്ത് ഒരു മാസത്തോളം നീണ്ടുനിന്ന ഓണത്തിന്റെ പരാമർശം കാണുന്നുണ്ട്.

ഏറ്റവുമൊടുവിൽ 14-ാം നൂറ്റാണ്ടിലുണ്ടായതെന്ന് കരുതപ്പെടുന്ന ഉണ്ണുനീലി സന്ദേശത്തിലും ഓണം പരാമർശിക്കപ്പെടുന്നു. എന്നാൽ ഇവയൊന്നും ഇന്ന് നമ്മൾ ആഘോഷിക്കുന്ന ഓണമായി എടുക്കരുത്, കേവലം ആഹ്ലാദമോ, അല്ലെങ്കിൽ ഒരു ആഘോഷം മാത്രമോ ആയിരിക്കാം അവർ കണ്ടിട്ടുള്ളത്.

സാഹിത്യകൃതികളിൽ നിന്നു വ്യത്യസ്തമായി ഓണത്തിന്റെ ചരിത്രപശ്ചാത്തലത്തെ വിലയിരുത്തേണ്ടതായിട്ടുണ്ട്. ഓരോ ആഘോഷങ്ങളും രൂപപ്പെടുന്നത് മനുഷ്യന്റെ ജീവിത ചുറ്റുപാടുകൾക്കനുസരിച്ചാണ്. അതിന്റെ രൂപീകരണത്തിൽ അവരുടെ വിശ്വാസത്തിനും ഭയത്തിനും അതിന്റേതായ സ്വാധീനമുണ്ട്. മുന്നേ സൂചിപ്പിച്ചപോലെ ഓണം ഐതിഹ്യമാണ്. അതിന്റെ പശ്ചാത്തലം പ്രതിനിധീകരിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. ഡി. ഡി. കൊസാംബി Myth and Reality: Studies in the Formation of Indian Culture എന്ന കൃതിയിൽ സൂചിപ്പിക്കുന്നപോലെ, ആര്യന്മാർ ദ്രാവിഡ ജനതക്കുമേൽ നേടിയ വിജയമാണ് ഓണം. ഏകദേശം എ. ഡി 8-ാം നൂറ്റാണ്ടോടെയാണ് ബ്രാഹ്മണ കുടിയേറ്റം പരമോന്നതയിൽ എത്തുന്നത്.

പല കാലങ്ങളായി നാട്ടിലേക്ക് ചേക്കേറി ഇവിടെയുള്ള പരമ്പരാഗത തദ്ദേശീയ ദ്രാവിഡ ജനതക്കുമേൽ അവർ അധീശത്വം സ്ഥാപിച്ചു. ഇറ്റാലിയൻ സൈദ്ധാന്തികനായ അന്റോണിയോ ഗ്രാംഷിയുടെ പരികല്പനകളിൽ ഒന്നാണ് Hegemony അഥവാ അധീശത്വം. 'ഭരണകൂടാധികാരം നേടുവാനും നിലനിർത്തുവാനും വർഗപദ്ധതികൾ നടപ്പിലാക്കാനും സാമൂഹിക ശക്തികളെ പ്രാപ്തരാക്കുന്ന രാഷ്ട്രീയമായ രൂപീകരണത്തെ കുറിച്ചുള്ള മാർക്‌സിസ്റ്റ് സിദ്ധാന്തമാണ് അധീശത്വം' എന്ന് സി. ബി. സുധാകരൻ പറഞ്ഞുവെക്കുന്നു. മാർക്‌സിസ്റ്റ് രീതി അല്ലെങ്കിലും ഈ രീതിയോട് സമാനമായ നിലപാടാണ് അക്കാലത്ത് ആര്യന്മാർ സ്വീകരിച്ചത്.

ഈ ഭൂപ്രദേശത്തെ രാജ്യം സമത്വസുന്ദരമായി ഭരിച്ചിരുന്ന ഭരണാധികാരിയെ തകർത്ത് മറ്റൊരു മേൽക്കോയ്മ ആര്യന്മാർ നേടുന്നു. ഇതോടെ വരേണ്യ പുനരുദ്ധാരണത്തിന്റെ പുതിയ യുഗമാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ ബ്രാഹ്മണാധിപത്യം സംഭവിക്കുന്നതുവഴി ക്ഷേത്രകേന്ദ്രീകൃതമായ ഭരണവും സംവിധാനവും വന്നു. അതോടെ ഇവിടെയുണ്ടായിരുന്ന നാടുവഴികളും സാധാരണക്കാരും അവരുടെ വിളവിന്റെ നല്ലൊരു ഭാഗം ബ്രാഹ്മണർക്ക് നൽകി ആചാരം തുടങ്ങി. 'ആ ഭരണാധികാരി ബുദ്ധമതവിശ്വാസിയായിരുന്നെന്നും, ആ മതത്തെ തന്നെ ഇവിടെ നിന്ന് ഇല്ലാതാക്കാനാണ് ഓണത്തല്ലും മറ്റും ഉണ്ടായതെന്നും' ലക്ഷ്മി രാജീവ് തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഓണത്തെ കാർഷിക ഉത്സവമായിട്ടാണ് കാണുന്നത്.

ഇതേ ഐതിഹ്യവുമായി വളരെ സാമ്യത പുലർത്തുന്ന ഒന്നാണ് 1500- കളിൽ രചിച്ച സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന കോഴിക്കോട് ഉണ്ടായിരുന്ന ഭരണാധികാരിയുടെ കഥയും. മാവേലിയെ കാത്തിരിക്കുന്നതുപോലെ നിലവിളക്കും കത്തിച്ച് കൊടുങ്ങല്ലൂരുകാർ ഇന്നും അദ്ദേഹത്തെ കാത്തിരിക്കുന്നു. ഇതും തെളിയിക്കപ്പെടാത്ത ഒന്നാണ്.

കാണം വിറ്റും ഓണം ഉണ്ണണം എന്ന അവസ്ഥ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നതായി കാണാൻ കഴിയില്ല. കാരണം അത്തരമൊരു ജീവിതസ്ഥിതി ആ കാലത്ത് കേരളത്തിലുണ്ടായിട്ടില്ല. അതോടൊപ്പം, ആര്യന്മാരുടെ കോയ്മക്ക് മേലുള്ള പ്രതിരോധമായി അന്നത്തെ ജനത വളർന്നു വന്നിട്ടില്ല. പിന്നീടുണ്ടായ സാമൂഹിക മാറ്റത്തിന്റ അലയൊലിയാണ് സാഹിത്യത്തിൽ എഴുത്തച്ഛൻ സൃഷ്ടിച്ച സംസ്‌കൃത വരേണ്യ ഭാഷയോടുള്ള പ്രതിരോധം. ഇത് പുതിയ സാധ്യതയിലേക്കുള്ള ചുവടുവെപ്പാണ്.

Photo: Peoples Archives of Rural India

ഓണം എന്നത് കാർഷിക സമൃദ്ധിയുടെ വരവേൽപ്പ് ആണെങ്കിലും വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ച്, അവർണരായ അധ്വാനിക്കുന്ന ജനതയെ സംബന്ധിച്ച്, അവർക്ക് തങ്ങളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ കഴിയില്ലല്ലോ. സ്വന്തം കുടിലുകളിൽ ഭക്ഷണം സ്വന്തമായി പാകം ചെയ്യാനും സാധ്യത ഇല്ല. സവർണരുടെ വീടുകളിൽ നിന്ന് ലഭിക്കുന്ന ബാക്കികൊണ്ട് ഒരുപക്ഷെ അന്ന് അവർ തൃപ്തി നേടേണ്ടി വന്നിരിക്കും. കാരണം അത്രയും തീവ്രമായ, സാമ്പത്തികമായും ജാതീയമായും അരാജകത്വം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കേരളജനത കടന്നുവന്നത്.

ഇന്നു കാണുന്ന രീതിയിലുള്ള ഓണാഘോഷത്തിലേക്ക് മലയാളി എത്തിയതിന് നീണ്ടകാലത്തെ ചരിത്രം പറയാനുണ്ട്. കൊളോണിയൽ ശക്തിയുടെ വരവോടെ, വിദ്യാഭ്യാസത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങൾ മുതൽ ഇപ്പോഴത്തെ അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വരെ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. ചന്തുമേനോന്റെ ഇന്ദുലേഖ പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയം ഇതിനോട് ചേർത്തുവായിക്കാം. സാമൂഹിക പരിഷ്‌ക്കരണ ശ്രമങ്ങളും ഇതിലേക്ക് വഴിവച്ചു. കൃഷിഭൂമി കർഷകനെന്ന മുദ്രാവാക്യം വലിയൊരു വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. അത്, ദുർബല വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെ പുരോഗമനപരമായി സ്വാധീനിച്ചു. പ്രാതിനിധ്യസ്വഭാവമുള്ള ഒരു പൊതുമണ്ഡലം രൂപപ്പെടാൻ തുടങ്ങി. എം.ജി.എസ്. നാരായണൻ ചൂണ്ടിക്കാട്ടിയതുപോലെ, കേരളീയത പക്വതയാർന്ന ദേശീയതയായി മാറി. കേരളീയമായ പൊതുമണ്ഡലം സൃഷ്ടിക്കപ്പെട്ടു.

ഈ പുതിയ ആധുനിക ബോധം, മറ്റൊരു കമ്പോള സംസ്‌കാരത്തിലേക്കാണ് കേരള ജനതയെ കൊണ്ടെത്തിച്ചത്. ഓണം എന്ന കാർഷിക സമൃദ്ധിയുടെ കാലം ഇന്ന് വിപണിയുടെ പുത്തൻ തന്ത്രങ്ങൾ പയറ്റപ്പെടുന്ന ഒന്നായി മാറി. സ്ത്രങ്ങൾ മുതൽ സദ്യ വരെ കടയിൽ നിന്ന് വാങ്ങുന്ന ഉപഭോഗ സംസ്‌കാരം നിലവിൽ വന്നു. നമ്മുടെ ആവശ്യങ്ങളെ പൂർത്തീകരിച്ചു തരുന്നതിനോടൊപ്പം ഈ സംസ്‌കാര വ്യവസായം ഓരോ പുതിയ സാധ്യതകളും തുറന്നിട്ടു. അതുവഴി പുതിയ കമ്പോള വ്യവസായത്തിന്റെതായ ലോകം സൃഷ്ടിക്കപ്പെട്ടു. ഓണക്കാലത്ത് പൊതുവെ അവശ്യസാധനങ്ങൾ അടക്കം വില അമിതമായി ഈടാക്കാറുണ്ട്. എന്നിരുന്നാലും മലയാളിയുടെ ഓണസങ്കല്പങ്ങൾ മാറിവരും, അവ അതാതുകാലത്തെ അളവുകോലുകളാൽ അഭിസംബോധന ചെയ്യപ്പെടും.

Comments