ഒരു മാസം കഴിഞ്ഞു, ‘ഇനിയെന്ത്’ എന്ന ​ആശങ്കയിൽ വിലങ്ങാട്

വിലങ്ങാട് എന്ന മലയോര ഗ്രാമത്തെ ഉരുൾ വിഴുങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ജീവൻ മാത്രം ബാക്കി ലഭിച്ച വിലങ്ങാട്ടെ ജനങ്ങൾ ഇനിയെന്ത് എന്ന ചോദ്യവുമായി തുടരുകയാണ്.

News Desk

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്ന മലയോര ഗ്രാമത്തെ ഉരുൾ വിഴുങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. കുടിയേറ്റ കർഷകരും ആദിവാസി കുടുംബങ്ങളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന വിലങ്ങാട്ട് ഭീതി നിറഞ്ഞ സംഭവങ്ങളാണ് ആ രാത്രി ഉണ്ടായത്.

ജൂലൈ 30, വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം നാൽപ്പതോളം ഉരുൾപൊട്ടൽ. ഒരു പ്രദേശമൊന്നാകെ ഒറ്റപ്പെട്ട രാത്രി. അതിശക്തമായി പെയ്ത ആ മഴ അവസാനിച്ചത് മാത്യു മാഷിന്റെ ജീവനെടുത്തും പ്രദേശത്താകെ നാശം വിതച്ചും. ജീവനൊഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ടുമാണ്.

വാണിമേൽ പഞ്ചായത്തിൽ മാത്രം 305 കുടുംബങ്ങളിലായി 929 പേരാണ് ദുരന്തബാധിതരെന്നാണ് സർക്കാരിന്റെ ഏറ്റവും ഒടുവില കണക്ക്. നരിപ്പറ്റ പഞ്ചായത്തിൽ 29 കുടുംബങ്ങളിലായി 56 പേരും ദുരിതബാധിതരായി. വാണിമേൽ പഞ്ചായത്തിൽ മാത്രം 162 ഹെക്ടർ കൃഷി ഭൂമി നശിച്ചു.

വിലങ്ങാടിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ദുരന്തത്തിന്റെ നഷ്ടക്കണക്കുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നുവെങ്കിലും അത് വെട്ടിക്കുറയ്ക്കണമെന്ന് അധികൃതരുടെ നിർദേശം നിലനിൽക്കെ കണക്കുകൾക്കപ്പുറമുള്ള നഷ്ടമാണ് ഇവിടെ ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.

ഉദ്യോഗസ്ഥർ സർക്കാരിന് സമർപ്പിച്ചതിനേക്കാൾ കൂടുതലായിരിക്കും നാശനഷ്ടമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഉദ്യോഗസ്ഥർ സർക്കാരിന് സമർപ്പിച്ചതിനേക്കാൾ കൂടുതലായിരിക്കും നാശനഷ്ടമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ദുരിതബാധിത പ്രദേശത്തുള്ളവരെ വാടക വീടുകളിലേക്ക് മാറ്റിയതായും സന്നദ്ധപ്രവർത്തകർ മുഖേന ലഭിക്കുന്ന സഹായങ്ങൾ അവർക്ക് എത്തിച്ചുനൽകുന്നതായും വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“ട്രൈബൽ ഏരിയയായ പന്നിയേരിയിലെ കുറച്ചാളുകൾക്കു​കൂടി വീട് ലഭിക്കാനുണ്ട്. പഞ്ചായത്ത് നിശ്ചയിച്ച സംഘം വെരിഫൈ ചെയ്തിട്ടാണ് ഓരോരുത്തരെയും വാടക വീടുകളിലേക്ക് മാറ്റിയിട്ടുള്ളത്. അതിനുശേഷം വീണ്ടും ആ സംഘം പോയി അവർക്ക് വേണ്ട സാധനങ്ങളെല്ലാം എത്തിച്ചുനൽകുന്നുണ്ട്. വീട്ടുസാധനങ്ങൾ, അലമാര,ബെഡ്, കട്ടിൽ തുടങ്ങിയ സാധനങ്ങളെല്ലാം പഞ്ചായത്ത് മുഖേന സംഘടിപ്പിച്ച് എത്തിക്കുന്നുണ്ട്. ഒരുപാട് സഹായം ലഭിക്കുന്നുണ്ട്. കിട്ടുന്നതിനനുസരിച്ച് ദുരിതബാധിതരുടെ ലിസ്റ്റ് പ്രകാരം അവർക്ക് എത്തിച്ചു നൽകുകയാണ്.”

മലമുകളിൽ ഉരുൾപൊട്ടിയ സ്ഥലത്തുനിന്ന് വീണ്ടും മണ്ണിടിഞ്ഞ് പാറക്കൂട്ടങ്ങൾ താഴേക്ക് പതിച്ചു.
മലമുകളിൽ ഉരുൾപൊട്ടിയ സ്ഥലത്തുനിന്ന് വീണ്ടും മണ്ണിടിഞ്ഞ് പാറക്കൂട്ടങ്ങൾ താഴേക്ക് പതിച്ചു.

കൂലിപ്പണി ചെയ്തും ആടിനെയും പശുവി​നെയും നോക്കിയും കഴിയുന്ന വിലങ്ങാട്ടെ ജനങ്ങൾക്ക് പെട്ടെന്ന് ഒരു ദിവസം ഇതെല്ലാം വിട്ട് മറ്റൊരിടത്തേക്ക് പോകാൻ പ്രയാസമാണെന്ന് വിലങ്ങാട് സ്വദേശി ബിജു ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:

'“ഏകദേശം എല്ലാവരും വിലങ്ങാടിനോടടുത്ത് തന്നെയാണ് വീട് വാടകയ്‌ക്കെടുത്ത് ജീവിക്കുന്നത്. കാരണം ഞങ്ങളുടെ നാടും പ്രദേശവുമെല്ലാം വിലങ്ങാടാണല്ലോ, പിന്നെ പണിയും വളർത്തുമൃഗവുമെല്ലാമുള്ളതുകൊണ്ട് അവർക്ക് അത് വിട്ട് പുറത്തേക്ക് പോകാനാവുന്നില്ല. അവർ പകൽ സ്വന്തം വീടുകളിലേക്ക് വരികയും രാത്രി വാടകവീടുകളിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.”

ഉരുൾ നാശം വിതച്ചവർ ക്യാമ്പിൽ നിന്ന് തിരിച്ച് വീടെത്തിയെങ്കിലും കഴിഞ്ഞയാഴ്ച വിലങ്ങാട്ട് വീണ്ടും ശക്തമായി മഴ പെയ്തതോടെ ആളുകൾ ഭീതിയിലായി. അതിനിടയിൽ മലമുകളിൽ ഉരുൾപൊട്ടിയ സ്ഥലത്തുനിന്ന് വീണ്ടും മണ്ണിടിഞ്ഞ് പാറക്കൂട്ടങ്ങൾ താഴേക്ക് പതിച്ചു. ഇതോടെ ഗ്രാമമൊന്നാകെ വീണ്ടും ഭീതിയിലായിരിക്കുകയാണ്.

‘‘ഇപ്പോൾ ഞങ്ങൾ ഭൂമിവാതുക്കലെന്ന സ്ഥലത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. വാടക ഗവൺമെന്റ് കൊടുക്കുമെന്നാണ് പറയുന്നത്. ഉരുൾപൊട്ടലുണ്ടായി ഒരു മാസം തികയും മുമ്പുതന്നെ പെയ്ത അതിശക്തമായ മഴയിൽ ചെറിയ മലവെള്ളപ്പാച്ചിൽ പോലെയുണ്ടായി. മുകളിലുള്ള കല്ല് ഒലിച്ചു വന്നു. അന്ന് എല്ലാവരും നന്നായി പേടിച്ചു. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞതോടെ വീണ്ടും ക്യാമ്പിലേക്ക് മാറ്റി. അതുകഴിഞ്ഞ് വീട്ടിൽ നിർബന്ധമായും ആരും താമസിക്കരുതെന്ന് പറഞ്ഞതോടെ ഞങ്ങളെല്ലാം വാടകവീട്ടിലേക്ക് മാറി. വാടക പഞ്ചായത്ത് കൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ ഞങ്ങൾ പകൽ മാത്രം ഓരോ ആവശ്യങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് വരും. രാത്രി ഉറങ്ങാൻ വാടകവീട്ടിലേക്കും പോകും. സ്വന്തം വീടും സാധനങ്ങളും ഒരു സ്ഥലത്തും താമസം മറ്റൊരിടത്തുമെന്നതാണ് വിലങ്ങാടിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ’’, നാട്ടുകാരിലൊരാ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

വിലങ്ങാട്ടെ മഞ്ഞച്ചീളിയിലാണ് മാത്യു മാഷിന്റെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടാകുന്നത്. രാത്രി മഴ തകർത്തു പെയ്തപ്പോൾ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ മുന്നിൽ നിന്നയാളായിരുന്നു മാത്യു മാഷെന്ന് പ്രദേശവാസിയായ റോയ് ഓർക്കുന്നു. തൊട്ടടുത്ത കട ചൂണ്ടിക്കാട്ടി ആ കടയിലായിരുന്നു മാത്യൂ മാഷ് അവസാനമായി നിന്നിരുന്നതെന്ന് റോയ് വേദനയോടെ പറഞ്ഞു:

“കുത്തിയൊലിച്ചുവന്ന ഉരുളിൽ ആ കടയടക്കം എടുത്തോണ്ടുപോയി. ആ കടയിലായിരുന്നു മാഷ് നിന്നിരുന്നത്. ഞാൻ മാഷിനോട് അവിടെ നിന്നും മാറാൻ വിളിച്ചു പറഞ്ഞിരുന്നു. അപ്പോൾ മാഷ് പറഞ്ഞത് ഇവിടെ സേഫാണെന്നാണ്. പക്ഷെ രണ്ടാമത് വന്ന അതിഭീകരമായ ഉരുളിൽ ആ കടയടക്കം എടുത്തോണ്ടുപോയി. മാഷ് പോയി. ഞങ്ങൾക്കൊക്കെ എന്താവശ്യത്തിനും ഓടി എത്തിയിരുന്ന ആളായിരുന്നു അദ്ദേഹം.”

 വിലങ്ങാട് ഉരുൾപൊട്ടലെന്ന് കേൾക്കുമ്പോൾ ഒരു സ്ഥലത്ത് മാത്രമായിരിക്കും ഉരുൾനാശം വിതച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പല പ്രദേശങ്ങളിലായി വിലങ്ങാടിൽ നാൽപതോളം ഉരുൾപൊട്ടലുകളുണ്ടായി.
വിലങ്ങാട് ഉരുൾപൊട്ടലെന്ന് കേൾക്കുമ്പോൾ ഒരു സ്ഥലത്ത് മാത്രമായിരിക്കും ഉരുൾനാശം വിതച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പല പ്രദേശങ്ങളിലായി വിലങ്ങാടിൽ നാൽപതോളം ഉരുൾപൊട്ടലുകളുണ്ടായി.

ആ ഭീകര ദിവസത്തെ ഓർമിക്കുമ്പോൾ വിലങ്ങാട്ടെ ഓരോ മനുഷ്യരുടെയും കണ്ഠമിടറുന്നുണ്ടായിരുന്നു. വിലങ്ങാട് ഉരുൾപൊട്ടലെന്ന് കേൾക്കുമ്പോൾ ഒരു സ്ഥലത്ത് മാത്രമായിരിക്കും ഉരുൾനാശം വിതച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പല പ്രദേശങ്ങളിലായി വിലങ്ങാടിൽ നാൽപതോളം ഉരുൾപൊട്ടലുകളുണ്ടായി. വിലങ്ങാട് ടൗണിൽ നിന്ന് എട്ട് കിലോമീറ്ററോളം മലമുകളിലുള്ള പന്നിയേരി എന്ന ഗ്രാമം അന്ന് രാത്രി എങ്ങോട്ടാണ് ഓടേണ്ടതെന്ന് പോലുമറിയാതെ പകച്ചു നിന്നതായി പ്രദേശവാസികൾ പറഞ്ഞു.

തന്റെ വീടിന്റെ രണ്ട് ഭാഗത്തുകൂടിയും ഉരുൾ വന്ന് എങ്ങോട്ട് ഓടണമെന്നറിയാതെ മരണം മുന്നിൽ കണ്ട രാത്രിയെ ഓർത്തെടുക്കുമ്പോൾ പ്രദേശവാസിയായ ബിൻസി വിറക്കുന്നുണ്ടായിരുന്നു:

“രാത്രി 12.30 ഓടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. രണ്ട് സൈഡിൽ നിന്നും ശബ്ദമുണ്ടായിരുന്നു. അപ്പോൾ എങ്ങോട്ടാണ് ഓടേണ്ടതെന്ന് മനസിലായില്ല. ഒരു പ്രാവശ്യം ഞങ്ങളെല്ലാരും കൂടി ഒരു സൈഡിലേക്ക് ഓടി. ചെറിയ കൊച്ചും മറ്റുമുണ്ടായിരുന്നു. പിന്നെ പൊട്ടൽ അവിടുന്നല്ലാന്ന് കണ്ടപ്പോൾ തിരിച്ച് ഓടി. അപ്പറത്തെ സൈഡിൽ നിന്നാണോ ഇപ്പറത്തെ സൈഡിൽ നിന്നാണോ എന്നറിയില്ല. അതുകൊണ്ട് എല്ലാർക്കും ഭയങ്കര പേടിയായിരുന്നു. എങ്ങനെയോ ഞങ്ങൾ രക്ഷപ്പെട്ടതാണ്.

കൃഷി ചെയ്തും കൂലിപ്പണി ചെയ്തും സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടതിന്റെ വേദന ആ മനുഷ്യരുടെ മുഖങ്ങളിൽ വ്യക്തമായിരുന്നു. ആ ഭീകരരാത്രിയുടെ ഓർമ ഇന്നും ഉറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നും കണ്ണടക്കുമ്പോൾ ആ ഉഗ്ര ശബ്ദം കാതിൽ കേൾക്കുന്നുവെന്നും അവർ പറയുന്നു.


Summary: Vilangad, is crowded with farmers, tribal families, and common people. One month after the landslide in Vilangad, the residents were worried about their safety.


Comments