The past lies like a nightmare upon the present' - Karl Marx (The 18th Brumaire of Louis Bonaparte).
തങ്ങളുടെ സ്വന്തം താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും നിയമങ്ങൾക്കും പ്രാഥമിക പരിഗണനകൾ നൽകുന്നവർ എന്ന നിലയിലാണ്, പാർലമെന്ററി ജനാധിപത്യത്തിനകത്തും, സ്വേച്ഛാധിപതികളായ (Autocrats) ഭരണകർത്താക്കളെ നാം കണ്ടുതുടങ്ങുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ, ജനാധിപത്യ വാഴ്ചയെ ഉറപ്പുവരുത്തുന്ന മണ്ഡലങ്ങളെ - ഉദാഹരണത്തിന് മാധ്യമപ്രവർത്തനം, മനുഷ്യാവകാശ പ്രവർത്തനം തുടങ്ങിയവയെ - തങ്ങളുടെ അധികാരപർവത്തിൽ അപ്രസക്തവും അധീരവുമായ ഒരു തലത്തിലേക്ക് തള്ളിനിർത്തിക്കൊണ്ടുകൂടിയാണ് ഇത്തരം സ്വേച്ഛാധിപതികൾ ഉയർന്നുവരുന്നത്. ഇന്ത്യ അടക്കം, പല ലോകരാഷ്ട്രങ്ങളിലും ഇപ്പോൾ കാണുന്നതുപോലെ. ആ അർഥത്തിൽ, ഇന്ത്യ ഇന്ന് ലോകത്തിന്റെ ശ്രദ്ധ നേടുകയുമാണ് - ജനാധിപത്യജീവിതത്തിന്റെ നാനാമേഖലകളിൽ നിന്ന് അതിവേഗം പിറകോട്ടുപോകുന്ന ‘ജനാധിപത്യ ഇന്ത്യ'യെ ഇതിനകം പല പഠനങ്ങളിലും നമ്മൾ കാണുന്നുമുണ്ട്. ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും അഭീഷ്ടങ്ങൾക്കകത്ത്, അല്ലെങ്കിൽ ഇതുവരെയും ഊർജസ്വലമായ (vibrant) ഒരു ജനാധിപത്യം, ഇന്ത്യയിൽ അതിവേഗം പിന്മടങ്ങുന്നു എന്നാണ് ആ വിലയിരുത്തൽ, അത് ശരിയുമാണ്.
എന്നാൽ, ഈ ‘പിന്മാറ്റത്തെ' ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങൾ, വിശേഷിച്ചും ആർ.എസ്.എസ്. /ബി.ജെ.പി. ഇതര സർക്കാരുകൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതും പ്രധാനമാകുന്നു. വലിയ കോർപറേറ്റുകളുടെ ധർമപിതൃത്വത്തിൽ ഭരണത്തുടർച്ച തേടുന്ന ‘ഹിന്ദുത്വ' രാഷ്ട്രീയത്തെ, അതിന്റെ സാംസ്‌കാരികാധിനിവേശത്തെ, മറ്റ് സംസ്ഥാനങ്ങൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് ഇന്ന് ജനാധിപത്യ ഇന്ത്യയെക്കുറിച്ചുള്ള ഏതൊരു ചർച്ചയിലും പ്രധാനമാകുന്നത് അതുകൊണ്ടാണ്. മൂന്നുതലത്തിലുള്ള പ്രതിരോധ രാഷ്ട്രീയമാണ് ഇതിനെതിരെ, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മേൽക്കോയ്മക്കെതിരെ, ഇന്ന് പ്രബലമാകുന്നത്, അല്ലെങ്കിൽ പ്രബലമാവേണ്ടത്.
ഒന്ന്, ഏതുതരം അധികാരകേന്ദ്രീകരണത്തോടും വിസമ്മതിക്കും വിധം മുഖ്യമായ ആവശ്യമായി ‘ഫെഡറലിസ'ത്തെ പൊതുരാഷ്ട്രീയത്തിലും പുറത്തും അവതരിപ്പിയ്ക്കുക.
രണ്ട്, ഭാഷാ ദേശീയതകൾ എന്ന നിലയ്ക്ക് സ്വാത്മാഭിമാനത്തിന്റെ രാഷ്ട്രീയം ഉയർത്തി പ്രതിരോധിക്കുക.
മൂന്ന്, ആധുനികവും ചലനാത്മകവുമായ ‘ലിബറലിസ'ത്തിന്റെ പ്രായോഗികരാഷ്ട്രീയം കൊണ്ട് പാർലമെന്ററി രാഷ്ട്രീയത്തെ കൂടുതൽ മെച്ചപ്പെട്ട ഘട്ടത്തിലേക്ക് നയിക്കുക.
എന്നാൽ, ഈ മൂന്ന് രാഷ്ട്രീയ പ്രക്രിയയിലും കാര്യമായ ഊഴങ്ങൾ ഒന്നുമില്ലാതെ പിൻവാങ്ങുന്ന ഒരു കേരളത്തെയാണ് ഇന്ന് പിണറായി വിജയന്റെ ‘ഇടതുപക്ഷ സർക്കാർ' പ്രതിനിധീകരിക്കുന്നത്. പ്രത്യേകിച്ചും രണ്ടാമൂഴം. അതുമാത്രമല്ല, ‘ഹിന്ദുത്വ' രാഷ്ട്രീയത്തിന്റെ പല ചേരുവകളും തന്ത്രങ്ങളും സമീപനങ്ങളും തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക കൂടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം. ചെയ്തത് എന്ന് നാം കാണുകയും ചെയ്യുന്നു.
സംഘപരിവാർ രാഷ്ട്രീയത്തോട്, കേരളത്തിലെങ്കിലും, അടുക്കുന്ന ക്രിസ്ത്യൻ പൗരോഹിത്യത്തെയും അതിന്റെ സംഘടനാ നേതാക്കളെയും തങ്ങളുടെ ചേരിയിലേക്ക് തന്ത്രപരമായി മാറ്റിക്കൊണ്ടായിരുന്നു സി.പി.എം മുസ്ലിം (ലീഗ്) വിരുദ്ധത പരീക്ഷിച്ചത്.
ജനാധിപത്യ സമൂഹത്തിലെ സംവാദശീലങ്ങളെ അനർഥകരമായ പ്രവൃത്തി എന്ന് വരുത്തിക്കൊണ്ട്, പ്രതിപക്ഷ പാർട്ടികളെ ശിഥിലീകരിച്ചുകൊണ്ട്, നയപരമായ തീരുമാനങ്ങളിൽ നിന്ന് സിവിൽ സമൂഹത്തെ മുഴുവനായും ഒഴിവാക്കിക്കൊണ്ട്, ഇന്ന് യൂണിയൻ ഗവണ്മെൻറ് നടപ്പാക്കുന്ന ഭരണനിർവഹണം തന്നെ പിണറായി വിജയന്റെ സർക്കാരും കേരളത്തിൽ പരീക്ഷിക്കുന്നു എന്ന തരത്തിൽ പല ചർച്ചകളും നമ്മുടെ പൊതുമണ്ഡലത്തിലുണ്ടുതാനും. അതുമാത്രമല്ല, ആർ.എസ്.എസ്. രാഷ്ട്രീയത്തിന്റെ ആധിപത്യ പ്രത്യയശാസ്ത്രം തന്നെയായ ബ്രാഹ്മണിക് ആശയങ്ങളെ തങ്ങളുടെ തിരഞ്ഞെടുപ്പ് ബലത്തിലേക്ക് ആനയിക്കുക കൂടി ചെയ്യുന്ന കാഴ്ചകളും സാധാരണമായി. ഹൈന്ദവ ദേവതകളുടെ രൂപങ്ങളിലേയ്ക്കും സന്ദേശങ്ങളിലേയ്ക്കും തങ്ങളുടെ ‘മതേതര നേതാക്കളെ' ശരീരമാറ്റം ചെയ്തുള്ള കട്ട് ഔട്ടുകൾ പ്രദർശിപ്പിച്ചും മുന്നാക്ക സംവരണത്തെ നിയമപരമായി സാധുകരിച്ചുകൊണ്ടും മറ്റും ഇത് പലപ്പോഴും പ്രകടമാവുകയും ചെയ്യുന്നു.
മറ്റൊന്ന്, മുസ്ലിം മതവിഭാഗങ്ങളോടുള്ള ഈ സർക്കാരിന്റെ പൊതുസമീപനമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തോട്, കേരളത്തിലെങ്കിലും, അടുക്കുന്ന ക്രിസ്ത്യൻ പൗരോഹിത്യത്തെയും അതിന്റെ സംഘടനാ നേതാക്കളെയും തങ്ങളുടെ ചേരിയിലേക്ക് തന്ത്രപരമായി മാറ്റിക്കൊണ്ടായിരുന്നു സി.പി.എം ഈ മുസ്ലിം (ലീഗ്) വിരുദ്ധത പരീക്ഷിച്ചത്. എന്നാൽ ഇതുണ്ടാക്കാവുന്ന ദൂരവ്യാപക വിപത്തുകളെ തങ്ങളുടെ രാഷ്ട്രീയചർച്ചകളിൽ നിന്നും മുന്നണിയിൽ നിന്നും മാറ്റിനിർത്താൻ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിൽ സംഘടിതമായിത്തന്നെ പ്രചരിപ്പിക്കുന്ന ‘ഇസ്ലാമോഫോബിയ'യെ നമ്മൾ കാണേണ്ടത് ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ്. കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിനകത്തെ ഒരു പ്രധാന രാഷ്ട്രീയമായി ഈ ‘അപരവൽകരണം’ സാധിച്ചെടുക്കുന്നത് സി.പി.എം. ആണ് - ഇതിനെ താൽകാലികമായ തിരഞ്ഞെടുപ്പ് വിജയമായി ഇനിയും ലഘുകരിച്ചു കാണാതിരുന്നെങ്കിൽ. തങ്ങളുടെ ഭരണത്തിന്റെ തുടർച്ചയ്ക്കും പരിപാലനത്തിനും അനുയോജ്യമായ ‘അടവുരാഷ്ട്രീയ'മായിത്തന്നെയാണ്, അതിന്റെ എല്ലാ ആപത്തുകളോടെയും, സി.പി.എമ്മിന്റെ ഈ ചുവടുമാറ്റത്തെ കാണേണ്ടത്. കൃത്യമായും ഇത് ഇന്ത്യയിൽ ഇന്ന് ആർ.എസ് എസ്. പരീക്ഷിക്കുന്ന ജനാധിപത്യത്തിന്റെ ‘പ്രകാരഭേദ' (version) മാണ്. കേരളത്തിൽ ഇത് വളരെ പ്രത്യക്ഷമായിത്തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതുമാണ്. ഈ അവസ്ഥയുടെ സങ്കടകരമായ കാര്യം, ഇതേ പ്രകാരഭേദം തന്നെയാണ് കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും പയറ്റിനോക്കുന്നത് എന്നതാണ്. അല്ലെങ്കിൽ, തങ്ങളുടെ നിലനിൽപ്പോ ഭാഗ്യമോ അവരും തിരയുന്നത് ആർ.എസ്.എസിന്റെ ഈ ‘അഖണ്ഡ രാഷ്ട്രീയ' ത്തിനകത്താണ്.
‘കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഏറ്റവും വിപ്ലാത്മകമായ രാഷ്ട്രീയം ഒരിക്കൽ അവതരിപ്പിച്ച പാർട്ടിയുടെ പാരമ്പര്യം ഈ സർക്കാരിന്റെയോ അതിന്റെ നേതൃത്വത്തിന്റെയോ ഓർമയിൽ പോലുമില്ല
ഏതെങ്കിലും രൂപത്തിൽ ആധിപത്യം നേടുന്ന അധികാര ശക്തിയോട് (പലപ്പോഴും) തീവ്രമായി പ്രതികരിക്കുന്ന ഇന്ത്യയിലെ വിവിധ ‘ദേശീയത'കളുടെ പ്രക്ഷോഭങ്ങൾ, എൺപതുകളിലെ ഒരു പ്രധാന രാഷ്ട്രീയ പ്രശ്‌നമായിരുന്നുവെങ്കിൽ, ഇന്ന് അത് മറ്റൊരുവിധത്തിൽ നമ്മുടെ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയാണ്. ഈയിടെ നടന്ന കർഷക സമരത്തിന്റെ അടിയൊഴുക്കായി ഈ രാഷ്ട്രീയം ഉണ്ടായിരുന്നതുപോലെ. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെൻറിൽ ‘രണ്ട് ഇന്ത്യ'യെ കുറിച്ച് ചെയ്ത പ്രസംഗത്തിൽ; ഇന്ത്യ, ‘യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ്' ആണെന്നും ആ രാഷ്ട്രീയയാഥാർത്ഥ്യത്തെ തഴഞ്ഞ് ഇന്ത്യയിലെ ഭാഷാദേശീയതകളെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രം കൊണ്ടോ രാഷ്ട്രഭാഷ കൊണ്ടോ ‘രാജാവിനെ' കൊണ്ടോ കീഴ്‌പ്പെടുത്തി ഭരിക്കാമെന്ന് കരുതുന്നത് വിഫലമാണെന്നും സൂചിപ്പിച്ചതും ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
ഇന്ത്യ നീങ്ങുന്നത് അത്തരമൊരു സംഘർഷഘട്ടത്തിലേയ്ക്കുതന്നെയാണ് എന്ന് വിചാരിക്കാൻ അനവധി കാരണങ്ങളുമുണ്ട്. എന്നാൽ, പിണറായി വിജയനോ ഇടതുമുന്നണി സർക്കാരിനോ ഇതൊരു അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നമായി ഇതുവരെയും തോന്നിയിട്ടുമില്ല - ‘കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഏറ്റവും വിപ്ലാത്മകമായ രാഷ്ട്രീയം ഒരിക്കൽ അവതരിപ്പിച്ച പാർട്ടിയുടെ പാരമ്പര്യം ഈ സർക്കാരിന്റെയോ അതിന്റെ നേതൃത്വത്തിന്റെയോ ഓർമയിൽ പോലുമില്ല എന്ന് തോന്നത്തക്കവിധം. ഇതും നമ്മെ അത്ഭുതപ്പെടുത്തില്ല. കാരണം, നേരത്തെ സൂചിപ്പിച്ചപോലെ ‘ചുവടുമാറുന്ന ഒരു രാഷ്ട്രീയ'ത്തിന്റെ അജണ്ടയിൽ ഇങ്ങനെയൊരു രാഷ്ട്രീയത്തെ ഇന്ന് അഭിമുഖീകരിക്കാൻ പിണറായിയോ സി.പി.എം. രാഷ്ട്രീയമോ ഇന്ന് തയ്യാറാവുകയില്ല എന്നുവേണം കരുതാൻ. അതിന്റെ സൂചന തരുന്നതായിരുന്നു, കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിലേയ്ക്കുള്ള ദേശചിഹ്നങ്ങളിൽ നാരായണഗുരുവിന്റെ ‘രൂപം' വേണ്ട, ശങ്കരാചാര്യരുടെ മതി എന്ന് കേരളത്തോട് ആവശ്യപ്പെട്ട യൂണിയൻ ഗവണ്മെൻറിനോട് കാര്യമായ പ്രതിഷേധമൊന്നുമില്ലാതെ കേരള സർക്കാർ വിനീതമായി പെരുമാറിയത്.
‘ഹിന്ദുത്വ ഇന്ത്യ' ഇന്ന് ഒരു തീവ്രവലതുപക്ഷ ആവശ്യം മാത്രമല്ല, ഫെഡറൽ ഇന്ത്യയെ വെറുക്കാനുള്ള അവസരം കൂടി അത് അതിന്റെ അണികൾക്ക് ‘വാഗ്ദാനം' നൽകുന്നു. ചിലപ്പോൾ ‘ഇടതി'നും അത് സ്വീകാര്യമാകുന്നുവെന്നാണ്, അതിരുവിട്ട വാദമെന്നു തോന്നുമെങ്കിലും, ഇത് കാണിക്കുക. എങ്കിൽ, ഈ ‘ഇടതും' സംശയിക്കുന്നത് ‘ജനാധിപത്യ ഇന്ത്യ'യെത്തന്നെ എന്നും വരുന്നു.
ജനാധിപത്യ രാഷ്ട്രീയത്തിൽ എന്നതിനേക്കാൾ സ്വേച്ഛാധിപത്യത്തിന്റെ രാഷ്ട്രീയത്തിൽ തങ്ങളുടെ പ്രത്യയശാസ്ത്രം ‘പക്വമാവുന്ന' ഒരു രാഷ്ട്രീയസ്വപ്നത്തിലേക്ക് സി.പി.എം. എന്ന രാഷ്ട്രീയകക്ഷിയും അതിന്റെ ‘ക്യാപ്റ്റൻ' എന്ന നിലയ്ക്ക് പിണറായി വിജയനും പ്രവേശിച്ചിരിക്കുന്നു എന്നാണ് അതിന്റെ വിനീതമായ അർഥം.
കമ്യൂണിസ്റ്റ് മനോഘടനയുള്ള കേരളീയ പൊതുബോധത്തിൽ കാര്യമായ എതിർപ്പുകളൊന്നുമില്ലാതെ ഇതെല്ലാം സംഭവിക്കുന്നു എന്നതും നമ്മെ ഭയപ്പെടുത്തേണ്ടതാണ്. സമീപകാലത്തെ പല സംഭവങ്ങളും ഇതിന് സാക്ഷ്യങ്ങളുമാണ്. പാർട്ടി അണികളുടെ തന്നെ വർധിച്ചുവരുന്ന ‘ബൗദ്ധിക ശത്രുത' ഇതിന് വലിയ ഉദാഹരണമാണ്. പാർട്ടിയെയോ അതിന്റെ നേതാവിനെയൊ വിമർശിയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന പൊതുമണ്ഡലത്തിലെ ഏത് പ്രവൃത്തിയെയും അധിക്ഷേപിക്കുന്നതരം ജനാധിപത്യവിരുദ്ധത ഇന്ന് പാർട്ടിക്കൊപ്പം നിൽക്കുന്ന ബുദ്ധിജീവികളിൽ വരെ കാണാം. അല്ലെങ്കിൽ, ഇതേ ജനാധിപത്യ വിരുദ്ധതയോട് സമരസപ്പെടുന്ന പൊതുസമൂഹത്തിന്റെ ബൗദ്ധിക ക്ഷീണം തന്നെ ഈ രാഷ്ട്രീയ കാലാവസ്ഥയുടെ ലക്ഷണമാകുന്നു. മതം/ജാതി/സവർണ ബോധം- ഇതിന്റെയെല്ലാം നീരൊഴുക്കുള്ള ഒരു ‘ഇടത് രാഷ്ട്രീയ'ത്തെ പുരോഗമനമെന്ന് നമ്മുടെ പല എഴുത്തുകാരും വേണ്ടതിലധികം വിശ്വസിക്കുന്നു എന്നതും ഇതേ ബൗദ്ധിക ക്ഷീണത്തെ കാണിക്കുന്നു.
ഏതുതരം ആധിപത്യവാസനകളും ഹിംസാസ്മരണകളും മായ്ക്കാൻ തക്കവിധം ശക്തമായ ‘ഇടതിനൊപ്പം' എന്ന, ജനാധിപത്യ കാപട്യം മുറ്റിനിൽക്കുന്ന മുദ്രാവാക്യം, ഒരു ‘ഉച്ചഭാഷണം', എന്തായാലും ഇന്ന് കേരളത്തിന്റെ പൊതുബോധത്തിൽ വേരുറച്ചിട്ടുണ്ട്.
നമുക്കറിയാം, ജനാധിപത്യത്തെ സോവിയറ്റ് കാലത്തിന്റെ, (Soviet Era യുടെ) മൈൻഡ് സ്‌കേപ്പിൽ പരിശീലിക്കുന്ന മലയാളി ബുദ്ധിജീവിതത്തിന്റെ മൂന്നോ നാലോ തലമുറയുള്ള ഒരു സമൂഹമാണ് നമ്മുടേത് എന്ന്. അതിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നമ്മുടെ ബൗദ്ധിക ജീവിതത്തിന്റെ മൂലധനവുമാണ്. നമ്മുടെ സ്വന്തം വർഗീയതകളും ഫാസിസങ്ങളും വരെ അതിൽ വളരുകയും ചെയ്യുന്നു.
ഒരു ഭരണകൂടം വികാരരഹിതമായ ഒരു യന്ത്രസമുച്ചയമായി മാറുന്നു എന്നാണ് ജനാധിപത്യത്തിനകത്ത് സ്വേച്ഛാധിപത്യം വളരുന്നു എന്ന് കാണിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ: വെറുപ്പും പകയും പരാജയഭീതിയും അത്തരമൊരു ഭരണകൂടത്തെ അതിന്റെ എല്ലാ ‘മനുഷ്യഗുണങ്ങളിൽ' നിന്നും അകറ്റിനിർത്തുന്നു. ഈ രീതിയിൽ താരതമ്യം ചെയ്യാൻ കേരളത്തിന്റെ ഭരണത്തുടർച്ചയിലേയ്ക്ക് പ്രവേശിച്ച പിണറായി വിജയന്റെ ഭരണകൂടമുണ്ടാവുമോ എന്ന് ആലോചിക്കാൻ എന്തായാലും ഇതൊരു അവസരമാണ്.
അതോടൊപ്പം നമ്മൾ തിരിച്ചറിയേണ്ടത്, ഏതുതരം ആധിപത്യവാസനകളും ഹിംസാസ്മരണകളും മായ്ക്കാൻ തക്കവിധം ശക്തമായ ‘ഇടതിനൊപ്പം' എന്ന, ജനാധിപത്യ കാപട്യം മുറ്റിനിൽക്കുന്ന മുദ്രാവാക്യം, ഒരു ‘ഉച്ചഭാഷണം', എന്തായാലും ഇന്ന് കേരളത്തിന്റെ പൊതുബോധത്തിൽ വേരുറച്ചിട്ടുണ്ട്. സ്പർശബോധമറ്റ (insensitive) ഒരു ഭരണകൂടമാവാൻ ഈ ഭരണകൂടത്തിനും കഴിയുമെന്ന് പിണറായി വിജയന്റെ ഈ രണ്ടാം സർക്കാർ തെളിയിക്കുന്നു എന്നതിനും പല ഉദാഹരണങ്ങളുണ്ട്: പൊലീസ് വാഴ്ച മുതൽ കെ റെയിൽ സംഘാടനം വരെ. ‘ആരുവിമർശിച്ചാലും ഇത് ഇങ്ങനെ ഞാൻ നടത്തിയിരിക്കും' എന്നോ, ‘സന്തോഷിക്കാൻ അറിയാത്ത ആളുകൾ' എന്നോ തന്റെ അഭിപ്രായത്തെ അനുസരിക്കാത്ത ആരെയും എന്തിനെയും വിമർശിയ്ക്കുന്ന മുഖ്യമന്ത്രിയെയും നമ്മൾ കാണുന്നു.
അല്ലെങ്കിൽ, സന്തോഷം നീണ്ടുനിൽക്കുന്ന ഉത്സവമല്ല എന്ന് ആർക്കാണ് അറിയാത്തത്? മരണത്തിൽ നിന്ന് നുള്ളിയെടുക്കുന്ന ജീവിതത്തിന്റെ ചില നിമിഷങ്ങൾ മാത്രമാണ് നമ്മുടെ സന്തോഷം എന്ന് ആർക്കാണ് അറിയാത്തത്? എന്നിട്ടും, ഇങ്ങനെ ഭരണാധികാരികൾ അനാർദ്രചിത്തരാവുന്നത് എന്തുകൊണ്ടാണ്? ജനാധിപത്യത്തിന്റെ ആത്യന്തികധർമം സമൂഹത്തിന്റെ അധികാരാവകാശങ്ങളിൽ പതുക്കെ നിർവീര്യമാകുന്ന ഭരണകൂടം തന്നെയാണ് എന്ന് വിശ്വസിക്കാൻ ശേഷിയില്ലാത്ത ‘കമ്യൂണിസ്റ്റ്' നേതാവും അണിയും നിങ്ങളെ വഴിതടയുമ്പോൾ അല്ലെങ്കിൽ മറ്റെന്തുതോന്നും?
ഏതൊരു സമൂഹത്തിലും അപ്രതീക്ഷിത ദുരന്തങ്ങളായി വരുന്ന ഭരണകൂടങ്ങളെപ്പറ്റി ചർച്ചചെയ്യുമ്പോൾ ഭരിക്കുന്ന പാർട്ടിയുടെയോ പ്രതിപക്ഷത്തെ പാർട്ടിയുടെയോ ശരീരവും ആത്മാവുമായി ചർച്ചയിൽ ഇരിക്കാൻ നിങ്ങൾക്കുപറ്റില്ല. എന്തെന്നാൽ, അത് നിങ്ങളുടെ ഉള്ളിലെ ഭരണകൂട സങ്കൽപത്തിനൊപ്പം നിങ്ങളുടെ ഉള്ളിലെ പൗരബോധത്തിന്റെ തോതും പുറത്തേയ്ക്ക് തട്ടുന്നു. നിങ്ങൾക്ക് വേണ്ടതോ, നിങ്ങൾക്ക് അവകാശപ്പെട്ടതോ ആയ ജീവിതത്തെ തിരിച്ചറിയുന്നതിനെയാണ് പൗരബോധം എന്നതുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് - അതിന്റെ വിവിധ വിളവെടുപ്പിനെ തൽക്കാലം വിട്ടുകൊണ്ടുതന്നെ.
വാസ്തവത്തിൽ, ഇന്ന് നമുക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും നാം നമുക്കുവേണ്ടി ഒരിക്കൽ ഉറപ്പുവരുത്തിയതാണ് - അധികാരനിർവഹണത്തെ, ലളിതമായി പറഞ്ഞാൽ, അങ്ങനെയാണ് കാണേണ്ടത്. നാം ഉറപ്പുവരുത്തിയ ഒന്നിനെ നമുക്ക് നിഷേധിക്കുന്നതും നമുക്ക് നൽകുന്നതും നമ്മൾ തന്നെ തിരഞ്ഞെടുത്ത സർക്കാർ ആണ് എന്ന് മനസ്സിലാക്കുമ്പോൾത്തന്നെ നമ്മൾ ജനാധിപത്യത്തിന്റെ കാതലായ പ്രശ്‌നങ്ങളെ തൊടാൻ തുടങ്ങുന്നു. ജനങ്ങളാണ് ‘അധികാരികൾ' എന്ന ആത്മബോധം തന്നെ ജനാധിപത്യത്തിന്റെ കാതലാണ്. ഇത് മനുഷ്യവംശം പോരാടി നേടിയെടുത്തതാണ്. നിർഭാഗ്യവശാൽ, ജനാധിപത്യത്തെ, കമ്യൂണിസ്റ്റ് മനോഘടനയിൽ മനസ്സിലാക്കിയതിന്റെ ഒരു നീണ്ട പാരമ്പര്യം മലയാളികൾക്ക് ഉള്ളതുകൊണ്ടാകും, ഈ കാര്യങ്ങൾ ചർച്ചചെയ്യാൻ തന്നെ കേരളത്തിൽ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ അതിന്റെ അളവ് (level) നമ്മുടെ ഇടയിലെങ്കിലും പുലഭ്യം പറച്ചിലിന്റെ തലത്തിൽ നടക്കുന്നു. കേരളത്തിൽ ജനാധിപത്യ/മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ ‘നിഷ്‌ക്രിയമാക്ക'പ്പെടുന്നതും വെറുതെയല്ല.
ചിലപ്പോൾ തോന്നും, ഒരു Political Entrepreneur നെ പോലെയാണ് സി.പി.എം. നേതാവ് പിണറായി വിജയൻ എന്ന്. അവകാശവാദങ്ങളിൽ അധികാര- ആഗ്രഹങ്ങളിൽ അദ്ദേഹം എപ്പോഴും ഒരു ബിസിനസ് സാമ്രാജ്യത്തെ ഓർമിപ്പിക്കുന്നു. ആ സാമ്രാജ്യം ‘മലയാളിയുടെ കമ്യൂണിസ്റ്റ് ജീവിത'മാണ്. അങ്ങനെ ഒന്നാണ് ഒരിക്കൽ നമ്മൾ കേട്ട പ്രസംഗവും: കേരളീയ നവോത്ഥാനത്തിനു തൊട്ടുപിറകെ വന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലെ ജാതി, അയിത്തം, ദാരിദ്ര്യം ഇതിനൊക്കെ ഒരു പരിഹാരം പോലെയായി എന്നാണ് ആ പ്രസംഗത്തിൽ വിജയൻ പറഞ്ഞത്. ‘അതിനാൽ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാന ങ്ങളിൽ നിന്ന് ഇത് കേരളത്തെ വ്യത്യസ്തമാക്കുന്നു.’
ചെങ്ങറ സമരത്തിലെ നേതാവ് സെലീന പ്രാക്കാനത്തിന്റെ ആത്മകഥ വായിച്ചവർക്കറിയാം, എന്താണ് ജാതിജീവിതം, എന്താണ് ഭൂരഹിതർ ആയിരിക്കുക, എന്താണ് ദരിദ്രരായിരിക്കുക എന്നതിലെ കേരളീയജീവിതം എന്ന്. അവരുടെ സമരങ്ങളിൽ സി.പി.എം. വഴിനീളെ സ്വീകരിച്ച നിഷേധാത്മകമായ നിലപാടുകൾ സെലീന എണ്ണിയെണ്ണി പറയുന്നുമുണ്ട്. നമ്മുടെ ‘മുറിഞ്ഞുപോയ നവോത്ഥാനകഥ'യുടെ ഒരു തുടർച്ച കേരളത്തിലെ ജാതി- ദലിത്- ആദിവാസി ജീവിതത്തിൽ ഒരുപക്ഷെ അന്നത്തെക്കാൾ ദീനമായി തുടരുകയും ചെയ്യുന്നു. വാസ്തവത്തിൽ, കേരളത്തിലെ നവോത്ഥാനമൂല്യങ്ങളെ തങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് മുതൽകൂട്ടുക എന്ന കോൺഗ്രസ് ചെയ്ത അതേ രാഷ്ട്രീയപരിപാടി തന്നെയായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കും. വർഗസമരം എന്ന വലിയ അജണ്ടയിൽ ജാതിയും ഭൂരാഹിത്യവും ദാരിദ്ര്യവും ഒക്കെ പാതാളത്തിലേയ്ക്ക് എന്നപോലെ ഈ വോട്ട് ബാങ്ക് - കമ്യൂണിസ്റ്റ് രാഷ്ട്രീയം ചവിട്ടിത്താഴ്ത്തി. അങ്ങനെ ഇവരും നമ്മുടെ തന്നെ രാഷ്ട്രീയ മുരടിപ്പിന്റെ പ്രധാന സംഘാടകരായി.
അല്ലെങ്കിൽ, വിജയൻ അവകാശപ്പെടുന്ന ആ നവോത്ഥാന ബാക്കി നോക്കൂ: ഒരിക്കലും കൃഷി ഭൂമി കർഷകന് കിട്ടിയില്ല. പിന്നെ പിന്നെ കൃഷി ഇല്ലാതായി. അരിയും പച്ചക്കറിയും ഇതേ തെക്കേ ഇന്ത്യയിൽ നിന്ന് വന്നു. ജാതിസംഘടനകൾ ശക്തരായി, മുന്നണിരാഷ്ട്രീയത്തിൽ അവർ വലതും ഇടതും പങ്കെടുത്തു, ജാതി ഹിംസാത്മകമായ നിശബ്ദ ഉള്ളടക്കത്തോടെ മലയാളിജീവിതത്തിന്റെ ദൈനംദിന ജീവിതമായി. വലിയ വ്യവസായങ്ങൾ ഉണ്ടായില്ല, അതിനാൽ വർഗബോധം ഉറപ്പിച്ച ക്ലാസിക് വിപ്ലവപ്പട ഉണ്ടായില്ല, അന്യസംസഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ വരേണ്ടിവന്നു ചെറിയ പണിയ്ക്ക്, ഈ പാർട്ടികളുടെയൊക്കെ ജാഥയ്ക്ക്. ജൈവസമ്പത്തുള്ള നീണ്ട കരയുണ്ട്, പക്ഷെ ഒന്നും നടന്നില്ല, അഞ്ചു- വർഷ- അധികാരക്കളിയുടെ ആചാര്യന്മാർ അല്ലാതെ നമുക്ക് ‘വിഷൻ ' ഉള്ള രാഷ്ട്രീയനേതാക്കൾ തന്നെ ഉണ്ടായില്ല. മാത്രമല്ല, ലോകത്തിനോടും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോടും സംവദിക്കാനാകാത്ത മറ്റൊരു ‘ജാതിജീവിതം' തന്നെയായി പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും കമ്യൂണിസ്റ്റ് ജീവിതം. എന്നല്ല, അതിന്റെതന്നെ ഭീകരമായ ഫാസിസ്റ്റ് ഉള്ളടക്കം പല രീതിയിൽ ഇക്കാലമത്രയും നമ്മുടെ പൊതുജീവിതത്തിന്റെ തന്നെ ഭാഗമായി: ജനാധിപത്യത്തെക്കുറിച്ചോ അധികാരനിർവഹണത്തെക്കുറിച്ചോ ‘ഒറിജിനൽ' ആയി ഒന്നും തോന്നാത്ത, അങ്ങനെ ആലോചിക്കാൻ തന്നെ ഭയമുള്ള ഒരു ബൗദ്ധിക ദാസ്യം തലമുറകളായി നൽകാനും ഈ പാർട്ടിക്ക് കഴിഞ്ഞു.
പല നാടുകളിലേയ്ക്ക് കുടിയേറിയ മലയാളിജീവിതത്തിന്റെ ഒരു പച്ചപ്പ് നമ്മെ ഇത്രകാലവും പിടിച്ചുനിർത്തി എന്നല്ലാതെ ആലോചിക്കുമ്പോൾ എന്താണ് മറ്റൊരു പച്ചപ്പ് എന്ന് ഒരാൾ അമ്പരക്കുന്നതും അതുകൊണ്ടാവും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.