മനസ്സിൽ ഉദ്ദേശിച്ചത് ഒന്ന്,
അത് പുറത്തേക്ക് കമ്യൂണിക്കേറ്റ് ചെയ്തപ്പോൾ മറ്റൊന്നായി.
അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകൻ എന്തു ചെയ്യും?
അന്തസ്സായങ്ങ് തിരുത്തും.
അച്ചടക്കമുള്ള പാർട്ടി അംഗമായ ഡോ. പി. സരിനാണ് ഇന്നത്തെ കഥാനായകൻ.
അദ്ദേഹം പുറത്തേക്ക് കമ്യൂണിക്കേറ്റ് ചെയ്തത് ഇതാണ്:
‘ഒരു ആർ.എസ്.എസ് പദ്ധതിയാണ് CJP’.
അദ്ദേഹം ശരിക്കും മനസ്സിൽ ഉദ്ദേശിച്ചത് ഇതാണ്:
"CJP ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത്.
ഇപ്പോൾ ഒരു ഐഡിയോളജിക്കൽ ക്ലാരിറ്റിയൊക്കെ വന്നില്ലേ?
കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ മുൻ കൺവീനറോട് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പാർട്ടി തൽക്കാലമങ്ങ് ക്ഷമിച്ചാലും,
ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന നമുക്ക്, ഈ നിർവ്യാജന്റെ ഖേദപ്രകടനം അപ്പടി വിഴുങ്ങാനാകുമോ?
ഇല്ല. കാരണം, മീഡിയ മൈക്ക് കാണുമ്പോൾ സംഭവിക്കാൻ പാടില്ലാത്ത ഗുരുതരമായ വാക്കു പിഴ മാത്രമായിരുന്നില്ല ആ പ്രസ്താവന.
പ്രതിഷേധത്താൽ തിളച്ചുമറിയുന്ന ദൽഹിയിൽ,
ആയിരക്കണക്കിന് സമരസഖാക്കൾക്കിടയിൽനിന്നാണ് സരിൻ ഇതു പറഞ്ഞത്.
ദിവസങ്ങളായി നടക്കുന്ന സമരമാണ്. സരിന്റെ ഇപ്പോഴത്തെ നേതാക്കളും ആ സമരമുഖത്തുണ്ട്. അതായത്, ഇതെല്ലാം കണ്ടും കേട്ടും ജീവിക്കുന്ന ഏതൊരു മനുഷ്യനും ഇതേക്കുറിച്ച് ഒരു രാഷ്ട്രീയ വ്യക്തതയൊക്കെ വരാനുള്ള സമയം വേണ്ടതിലധികമായി എന്നർഥം.
എന്നിട്ടും സരിനെപ്പോലൊരു പാർട്ടി അംഗത്തിന് അത് വന്നിട്ടില്ല എന്നതിലാണ് നമ്മുടെയൊക്കെ യഥാർഥ ഖേദം.
പാർട്ടിയുടെ ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം അഭിമാനത്തോടെ ഒരു കാര്യം പറഞ്ഞു: 'ജെൻ- സി'യിൽ നിന്നും സി.ജെ.പിയിൽനിന്നും പഠിക്കാനുള്ളത് പഠിക്കാൻ നമ്മളൊക്കെ തയ്യാറാകേണ്ടതുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. ചില പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നത് സമ്മതിക്കാനും കുറച്ചിലില്ല.
ഇടതുപക്ഷ വിദ്യാർത്ഥി യുവജനസംഘടനകൾ മാത്രമല്ല, പൊതുവേ ഇടതുപക്ഷ ജനാധിപത്യശക്തികളും കാലോചിതമായി മാറേണ്ടതുണ്ട് എന്നും മാറാൻ വിസമ്മതിക്കുന്ന ഒന്നിനും ഭാവിയുണ്ടാകില്ല എന്നതാണ് സത്യം എന്നും കൂടി എം.എ ബേബി പറയുന്നുണ്ട്.
ജനറൽ സെക്രട്ടറി സൂചിപ്പിക്കുന്ന മാറ്റങ്ങളോട് ഇപ്പോഴും മുഖംതിരിച്ചുനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവത്തിന്റെ മനസ്സിലിരിപ്പാണോ സരിന്റെ നാക്കുപിഴയിലൂടെ പുറത്തുവന്നത്? എങ്കിൽ, ആ നാക്കുപിഴയ്ക്ക് ഒരു ഫേസ്ബുക്ക് തിരുത്തുമാത്രം മതിയാകില്ല. കാരണം, ഇന്ത്യയെ ഇന്ന് മുന്നോട്ടുനയിക്കുന്നത്, ഈ ചെറുപ്പക്കാരാണ്. ആ ചെറുപ്പത്തിലേക്ക് ഓടിയെത്താനാണ് രാഹുൽഗാന്ധി മുതൽ പിണറായി വിജയൻ വരെയുള്ളവർ ഇന്ന് ശ്രമിക്കുന്നത്.
ഈ ചെറുപ്പക്കാർ അവരുടെ രാഷ്ട്രീയം കൃത്യമായി ഇന്ത്യയിലെ ജനങ്ങളോട് പറഞ്ഞുകഴിഞ്ഞു. അത് ആർ.എസ്.എസിനും ബി.ജെ.പിയ്ക്കും നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും മോഹൻ ഭാഗവതിനും എതിരായ രാഷ്ട്രീയമാണ്. അതായത്, ഇന്ത്യയിലെ കഷ്ടപ്പെടുന്ന മനുഷ്യരുടെ, ചിന്തിക്കുന്ന മനുഷ്യരുടെ, രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് വേദനിക്കുന്നവരുടെ രാഷ്ട്രീയമാണത്.
ആ രാഷ്ട്രീയം അകത്തും പുറത്തും ഒരേപോലെ സൂക്ഷിക്കുകയും നാക്കുപിഴ കൂടാതെ പുറത്തുപറയേണ്ടതുമായ സന്ദർഭമാണിത്. ഇത്തരമൊരു സമയത്തുതന്നെ, സമരം ചെയ്യുന്ന ആ മനുഷ്യർക്കിടയിൽനിന്നുതന്നെ അതിനെ തള്ളിപ്പറയുന്നത് ആ രാഷ്ട്രീയത്തെ ഉൾക്കൊള്ളാനാകാത്തതുകൊണ്ടാണ്.
ഇന്നലെ ഇന്ത്യ സഖ്യത്തിലെയും മറ്റു സംഘടനകളിലെയും നേതാക്കൾ ഒരുമിച്ച് സുപ്രീംകോടതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെക്കുറിച്ചും ഇത്തരമൊരു ‘സരിൻ ആഖ്യാനം’ കേൾക്കുന്നുണ്ട്: സി.ജെ.പിയോടൊപ്പമുള്ള സംഘടനകളെ രാഹുൽ ഗാന്ധി അടർത്തിയെടുത്തു എന്ന മട്ടിൽ.
നേഹ ബോറയും ഐഷി ഘോഷും മുൻനിരയിൽനിന്ന് നയിച്ച ഇതുപോലെയുള്ള മാർച്ചുകളാണ് ഇനി ഇന്ത്യൻ ജനാധിപത്യത്തെ നയിക്കാൻ പോകുന്നത് എന്ന തിരിച്ചറിവ്, ഇന്ന് ഏറ്റവും പ്രധാനമാണ്. ആ തിരിച്ചറിവില്ലാതെ പോകുന്ന നാക്കുപിഴസംഘങ്ങളുടെ സ്ഥാനം രാഷ്ട്രീയത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും.
