യുവരക്തം തിളയ്ക്കുന്ന ഒറ്റപ്പാലം

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ, ഒറ്റപ്പാലത്തെ മത്സരത്തിന്റെ ഗതി മാറിയിരിക്കുകയാണ്.

Election Desk

ണ്ട് യുവാക്കൾ, രണ്ടുപേരുടെയും ആദ്യ നിയമസഭാ മത്സരം. ആര് തോറ്റാലും ഒറ്റപ്പാലത്തിന് അത് നഷ്ടമാകും.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കെ. പ്രേംകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പാർട്ടിയിലും പ്രദേശികമായും മികച്ച പ്രതിച്ഛായയുള്ളവരാണ് ഇരുവരും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ ഇടതുപക്ഷത്തിന് ഇത്തവണയും ആശങ്കക്ക് വകയില്ല.

2016ൽ സി.പി.എമ്മിലെ പി. ഉണ്ണി 16,088 വോട്ടിനാണ് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചത്. 2006ലും 2011ലം സി.പി.എമ്മിലെ എം. ഹംസക്കായിരുന്നു ജയം. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 6460 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 21,650 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഒറ്റപ്പാലം നഗരസഭയും ലക്കിടി- പേരൂർ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, അമ്പലപ്പാറ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനുള്ളത്. ഈ മുൻതൂക്കം കണക്കിലെടുത്താൽ എൽ.ഡി.എഫിന് അനായാസ മത്സരത്തിന് സാധ്യതയുണ്ടായിരുന്നു.

എന്നാൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ, മത്സരത്തിന്റെ ഗതി മാറിയിരിക്കുകയാണ്. ‘രാഹുൽ ബ്രിഗേഡ്​’ പ്രതിനിധിയായ സരിൻ മണ്ഡലത്തിൽ സജീവ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പാസായ സരിൻ, 2008ൽ സിവിൽ സർവീസ് പരീക്ഷ പാസായി. ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സർവീസിൽ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കേ, 2016ൽ സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു. ഇത്തവണ ഒറ്റപ്പാലം തിരിച്ചുപിടിക്കുമെന്ന, മുൻതെരഞ്ഞെടുപ്പുകളിൽ ഇല്ലാത്ത ആത്മവിശ്വാസം കോൺഗ്രസിനുണ്ട്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

2016ൽ ബി.ജെ.പിയുടെ പി. വേണുഗോപാലൻ 27,605 വോട്ട് നേടിയിരുന്നു. ഇത്തവണയും അദ്ദേഹമാണ് ബി.ജെ.പി സ്ഥാനാർഥി.

1957 മുതലുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ടു തവണ മാത്രമാണ് ജയിക്കാനായത്. 1957ലും 1960ലും സി.പി.ഐയിലെ കുഞ്ഞുണ്ണി നായർ ജയിച്ചു. 1965 മുതൽ 1970 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ പി.പി. കൃഷ്ണൻ. 1977ൽ പി. ബാലൻ കോൺഗ്രസിന് ജയം നേടിക്കൊടുത്തു. 1980, 1982 വർഷങ്ങളിൽ എൽ.ഡി.എഫിന്റെ വി.സി. കബീർ. 1987ൽ കോൺഗ്രസിലെ കെ. ശങ്കരനാരായണൻ ജയിച്ചു. 1991 മുതൽ 2001 വരെ മൂന്നു തവണ വീണ്ടും വി.സി. കബീർ. 2006, 2001 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ എം. ഹംസ, 2016ൽ പി. ഉണ്ണി.


Comments