ജമാഅത്തെവൽക്കരിക്കപ്പെടുന്ന ലീഗും
സി.പി.എമ്മിന്റെ ന്യൂനപക്ഷ നിലപാടും

ഹിന്ദു ഏകീകരണമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിന് ബദലായി മുസ്‍ലിം ഏകീകരണം എന്ന മുദ്രാവാക്യം നടപ്പാക്കാനാണ് മുസ്‍ലിം ലീഗ് ശ്രമിക്കുന്നത്. അതിന്, സമുദായത്തിലെ തീവ്രവാദികളെ അടക്കം കൂട്ടിയോജിപ്പിച്ചു. മുസ്‌ലിം ഏകീകരണം ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സമുദായത്തെ, മുസ്‍ലിം വിരുദ്ധമായി ഏകീകരിക്കാനും ശ്രമമുണ്ട്. ഈ പുതിയ പ്രവണതകൾ തിരിച്ചറിഞ്ഞ് മുസ്‍ലിം ലീഗിന്റെ അവസരവാദം തുറന്നുകാട്ടുകയാണ് വേണ്ടത്- പി. ജയരാജൻ എഴുതുന്നു.

ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ സി.പി.എമ്മും ഇടതുപക്ഷവും മാറ്റം വരുത്തുന്നു എന്നത് യഥാർത്ഥത്തിൽ വലതുപക്ഷ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ്. ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനോടുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള കൃത്യമായ അജണ്ടയുടെ ഭാഗമാണ് ഈ പ്രചാരണം.

ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്. എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പിയുടെ ഭരണത്തിൽ, ഇന്ത്യൻ മതനിരപേക്ഷത വലിയ തോതിൽ ആക്രമിക്കപ്പെടുന്നുണ്ട്. മതനിരപേക്ഷതയുടെ അടിത്തറ തന്നെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുള്ള ഭരണനടപടികളാണ് ന​രേന്ദ്രമോദി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയിട്ടുള്ളത്. മോദി സർക്കാർ അധികാരത്തിൽ വരുന്നത് 2014-ലാണ്. എന്നാൽ, അതിനുമുമ്പുതന്നെ, ലോകത്തും ഇന്ത്യയിലുമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളിലെ മാറ്റത്തെക്കുറിച്ച് 2000-ൽ തിരുവനന്തപുരത്തുനടന്ന പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച സി. പി. എമ്മിന്റെ പുതുക്കിയ പാർട്ടി പരിപാടിയിൽ പറയുന്നുണ്ട്.

ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്. എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പിയുടെ ഭരണത്തിൽ, ഇന്ത്യൻ മതനിരപേക്ഷത വലിയ തോതിൽ ആക്രമിക്കപ്പെടുന്നുണ്ട്.
ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്. എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പിയുടെ ഭരണത്തിൽ, ഇന്ത്യൻ മതനിരപേക്ഷത വലിയ തോതിൽ ആക്രമിക്കപ്പെടുന്നുണ്ട്.

മൂന്നാം അധ്യായത്തിലാണ് ആഗോളതലത്തിലെ മാറ്റം സൂചിപ്പിക്കുന്നത്. സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ ഫലമായി ലോകത്തിലെ ശാക്തിക ബലാബലത്തിൽ മാറ്റം സംഭവിച്ചു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും പാവപ്പെട്ട ജനങ്ങളുടെയും നേതൃത്വത്തിൽ മത വ്യത്യാസങ്ങൾക്കതീതമായി വർഗസമരം ശക്തിപ്പെട്ടതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങളാണ് ലോകത്തുണ്ടായിരുന്നത്. എന്നാൽ, സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം അത്തരം വർഗസമരങ്ങൾ അവസാനിച്ചുവെന്നും മതസംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇനി നടക്കാൻ പോകുന്നതെന്നുമുള്ള തെറ്റായ വ്യാഖ്യാനമാണ് സാമുവൽ പി. ഹണ്ടിങ്ടണെ ​പോലുള്ളവർ മുന്നോട്ടുവെച്ചത്.

ജീവൻ ബലിയർപ്പിച്ചുപോലും സി.പി.എം പ്രവർത്തകർ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് കേരളത്തിൽ മതനിരപേക്ഷത നിലനിന്നുപോന്നത്. 218 സഖാക്കൾ ജീവാർപ്പണം നടത്തിയ പ്രസ്ഥാനമാണ് സി.പി.എം. അവരെ കൊലപ്പെടുത്തിയത് ആർ.എസ്.എസാണ് എന്ന യാഥാർഥ്യം ചരിത്രത്തിൽ എപ്പോഴും ഉയർന്നു നിൽക്കുന്ന ഒന്നാണ്.

യഥാർത്ഥത്തിൽ സോവിയറ്റാനന്തര ലോകത്ത് നവ നാസികളടക്കമുള്ള സങ്കുചിതവാദപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടു . അതിന്റെ ഭാഗമായി മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭീകരവാദവും വർഗീയവാദവും വളർന്നു.
ആഗോളതലത്തിലെ മാറ്റത്തിനനുസൃതമായി, മത മൗലികവാദപരവും പിന്തിരിപ്പനുമായ സങ്കുചിത വാദത്തിന് ഇന്ത്യയിലും സ്വാധീനമുണ്ടായി. പാർട്ടിപരിപാടിയുടെ അഞ്ചാം അധ്യായത്തിൽ ഇന്ത്യയിലെ മതനിരപേക്ഷതയെക്കുറിച്ചാണ് പറയുന്നത്. ഭരണഘടനയിൽ മതനിരപേക്ഷതയുടെ തത്വങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ, പ്രയോഗത്തിൽ, മതനിരപേക്ഷതയുടെ കാഴ്ചപ്പാട് വളച്ചൊടിക്കപ്പെടുകയാണുണ്ടായത്. മതനിരപേക്ഷത പൂർണതോതിൽ നടപ്പാക്കപ്പെട്ടില്ല. മതത്തെ പൂർണമായും രാഷ്ട്രീയത്തിൽനിന്ന് വേർപെടുത്തുന്നതിനുപകരം രാഷ്ട്രീയ ജീവിതത്തിൽ ഒരുപോലെ ഇടപെടാൻ എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് എന്ന വ്യാഖ്യാനമാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം വർഗസമരങ്ങൾ അവസാനിച്ചുവെന്നും മതസംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇനി നടക്കാൻ പോകുന്നതെന്നുമുള്ള തെറ്റായ വ്യാഖ്യാനമാണ് സാമുവൽ പി. ഹണ്ടിങ്ടണെ  ​പോലുള്ളവർ മുന്നോട്ടുവെച്ചത്.
സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം വർഗസമരങ്ങൾ അവസാനിച്ചുവെന്നും മതസംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇനി നടക്കാൻ പോകുന്നതെന്നുമുള്ള തെറ്റായ വ്യാഖ്യാനമാണ് സാമുവൽ പി. ഹണ്ടിങ്ടണെ ​പോലുള്ളവർ മുന്നോട്ടുവെച്ചത്.

മതത്തിന് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള പഴുതുവെച്ചുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ച എല്ലാ ഗവൺമെന്റുകളും നിലപാട് സ്വീകരിച്ചത്. ബി.ജെ.പി ഭരണത്തിൽ മാത്രമല്ല, അതിനുമുമ്പ് കോൺഗ്രസ് അധികാരത്തിലുള്ള സമയത്തും മതനിരപേക്ഷതയിൽ വെള്ളം ചേർക്കുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട്. പിൽക്കാലത്ത് മതനിരപേക്ഷതയെയും ഭരണഘടനാമൂല്യങ്ങളെയും തകർക്കുന്ന പ്രത്യക്ഷ നിലപാട്, ബി.ജെ. പിയും സ്വീകരിച്ചു.

ഭൂരിപക്ഷ വർഗീയതയുടെ വളർച്ച ന്യൂനപക്ഷ വർഗീയ ശക്തികൾക്ക് കരുത്തുപകരുകയും ദേശീയ ഐക്യത്തെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന കാര്യവും പാർട്ടിപരിപാടി വ്യക്തമാക്കുന്നുണ്ട്. അതേ സമയം ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിൽ മർമപ്രധാനമാണ് ന്യൂനപക്ഷ പരിരക്ഷ എന്നും പാർട്ടി എടുത്തുപറയുന്നു. അതുകൊണ്ട് ന്യൂനപക്ഷങ്ങളോട് പുതിയ സമീപനം സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. എല്ലാ വർഗീയതകളെയും എതിർക്കുക എന്നതാണ് സി.പി. എമ്മിന്റെ കാഴ്ചപ്പാട്. അത് എല്ലാ കാലത്തും സി.പി.എം മുന്നോട്ട് വെച്ച നിലപാടാണ്.

യു.ഡി.എഫിന്റെ ഭാഗമായ മുസ്‍ലിം ലീഗാവട്ടെ ഹിന്ദുത്വ വർഗീയ വാദത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നത്.

18- മത് ലോക്സഭാ തെരഞ്ഞെടുപ്പുഫലം കേരളത്തിൽ ഒരു പുതിയ സാഹചര്യം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബി.ജെ. പിക്ക് ഒരു ലോക്സഭാസീറ്റിൽ വിജയം നേടാൻ കഴിഞ്ഞു. ബി.ജെ.പിക്ക് വോട്ട് വർധനയുമുണ്ടായി. മൂർത്തമായ ആ രാഷ്ട്രീയ സാഹചര്യം സി.പി.എം സംസ്ഥാന കമ്മിറ്റിയും​ ​കേന്ദ്ര കമ്മിറ്റിയും വിലയിരുത്തി. എല്ലാ വർഗീയ ശക്തികളും കേരളത്തിൽ നുഴഞ്ഞുകയറി മതനിരപേക്ഷതയുടെ അടിത്തറ ദുർബലപ്പെടുത്തുന്നുണ്ടെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടിയത്. വസ്തുതാപരമായി എന്തു തെറ്റാണ് അതിലുള്ളത്?

അതുകൊണ്ടുതന്നെ ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ വർഗീയതക്കെതിരായ ആശയസമരം ഇനിയും ശക്തിപ്പെടുത്തണം. ഇക്കാര്യത്തിൽ സി.പി.എമ്മിന് അഭിമാനിക്കാവുന്ന പോരാട്ടചരിത്രമുണ്ട്. അത് ആർക്കും നിഷേധിക്കാനാവില്ല.

ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ വർഗീയതക്കെതിരായ ആശയസമരം ഇനിയും ശക്തിപ്പെടുത്തണം. ഇക്കാര്യത്തിൽ സി.പി.എമ്മിന് അഭിമാനിക്കാവുന്ന പോരാട്ടചരിത്രമുണ്ട്. അത് ആർക്കും നിഷേധിക്കാനാവില്ല.
ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ വർഗീയതക്കെതിരായ ആശയസമരം ഇനിയും ശക്തിപ്പെടുത്തണം. ഇക്കാര്യത്തിൽ സി.പി.എമ്മിന് അഭിമാനിക്കാവുന്ന പോരാട്ടചരിത്രമുണ്ട്. അത് ആർക്കും നിഷേധിക്കാനാവില്ല.

ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി, ആർ.എസ്.എസിന് ഹിന്ദു ജനവിഭാഗങ്ങളിൽ വേണ്ടത്ര സ്വാധീനം നേടാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. ആർ.എസ്.എസ് ശാഖകളിൽ കൂടുതൽ കേരളത്തിലാണ് എന്നൊക്കെ അവർ അവകാശപ്പെടുന്നുണ്ടെങ്കിലും അവർക്ക് ലോക്സഭാസീറ്റിലോ ശാശ്വതമായി നിയമസഭാ സീറ്റുകളിലോ വിജയിക്കാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. അതിനുവേണ്ടി കോൺഗ്രസോ മുസ്‍ലിം ലീഗോ അതുപോലെയുള്ള പാർട്ടികളോ അല്ല ആശയസമരം നടത്തിയത്, സി.പി.എമ്മാണ്. ആശയസമരം മാത്രമല്ല, ജീവൻ ബലിയർപ്പിച്ചു പോലും സി.പി.എം പ്രവർത്തകർ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് കേരളത്തിൽ ഈ നിലയ്ക്ക് മതനിരപേക്ഷത നിലനിന്നുപോന്നത്. 218 സഖാക്കൾ ജീവാർപ്പണം നടത്തിയ പ്രസ്ഥാനമാണ് സി.പി.എം. അവരെ കൊലപ്പെടുത്തിയത് ആർ.എസ്.എസാണ് എന്ന യാഥാർഥ്യം ചരിത്രത്തിൽ എപ്പോഴും ഉയർന്നു നിൽക്കുന്ന ഒന്നാണ്. പോപ്പുലർ ഫ്രണ്ട് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായ സഖാവ് അഭിമന്യു ഉൾപ്പെടെയുള്ളവർ ജീവാർപ്പണം ചെയ്‌തതും കേരളീയ ചരിത്രത്തിന്റെ ഭാഗമാണ്.

മുസ്‍ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും അംഗീകരിക്കാത്ത ആശയങ്ങളാണ് ജമാഅത്തെ ഇസ്‍ലാമി മുന്നോട്ടുവെക്കുന്ന 'ഹുക്കുമത്തെ ഇലാഹി' അഥവാ മതരാഷ്ട്രവാദം. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്‍ലാമിയെ പല ഘട്ടങ്ങളിലും അകറ്റിനിർത്താൻ ലീഗ് ശ്രദ്ധിച്ചിട്ടുണ്ട്.

ആർ.എസ്.എസ്- സി.പി.എം സംഘർഷം അവസാനിച്ചശേഷം, മറ്റു തരത്തിൽ സമൂഹത്തിൽ സ്വാധീനമുറപ്പിക്കാനാണ് അവർ ശ്രമിച്ചത്. ആരാധനാലയങ്ങളിലൂടെയുള്ള കടന്നുകയറ്റം, ജാതിരാഷ്ട്രീയക്കാരെ ഉപയോഗിച്ചുകൊണ്ടുള്ള ഇടപെടൽ, ജാതീയമായി ഭിന്നിപ്പിക്കുകയും അതേ സമയം മതപരമായി ഏകോപിപ്പിക്കുകയും ചെയ്യുന്ന വർഗീയ പ്രവർത്തനം- ഇതൊക്കെയാണ് ആർ.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരായ ആശയസമരം കൂറേക്കൂടി ശക്തിപ്പെടുത്തണമെന്നാണ് സി.പി.എം തീരുമാനിച്ചത്.

യു.ഡി.എഫിന്റെ ഭാഗമായ മുസ്‍ലിം ലീഗാവട്ടെ ഹിന്ദുത്വ വർഗീയ വാദത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. അത് പല തരത്തിലുണ്ട്. ഹിന്ദു ഏകീകരണമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. ‘നായാടി മുതൽ നമ്പൂതിരിവരെ യോജിക്കണ’മെന്ന മുദ്രാവാക്യത്തിന് ബദലായി മുസ്‍ലിം ഏകീകരണത്തിന്റെ മുദ്രാവാക്യം നടപ്പാക്കാനാണ് മുസ്‍ലിം ലീഗ് ശ്രമിക്കുന്നത്. അതിന് മുസ്‍ലിം സമുദായത്തിലെ തീവ്രവാദികളെ അടക്കം കൂട്ടിയോജിപ്പിച്ചു.

പോപ്പുലർ ഫ്രണ്ട് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായ സഖാവ് അഭിമന്യു ഉൾപ്പെടെയുള്ളവർ ജീവാർപ്പണം ചെയ്‌തതും കേരളീയ ചരിത്രത്തിന്റെ ഭാഗമാണ്.
പോപ്പുലർ ഫ്രണ്ട് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായ സഖാവ് അഭിമന്യു ഉൾപ്പെടെയുള്ളവർ ജീവാർപ്പണം ചെയ്‌തതും കേരളീയ ചരിത്രത്തിന്റെ ഭാഗമാണ്.

ലീഗും ജമാഅത്തെ ഇസ്‍ലാമിയും തമ്മിൽ ഇടക്കാലത്ത് അകൽച്ചയുണ്ടായിരുന്നു. 2010- ൽ തൊടുപുഴ ന്യൂമാൻസ് കോളേജിലെ അധ്യാപകൻ ജോസഫിന്റെ നേരെ നടന്ന കൈവെട്ട് കേസിനെ തുടർന്നാണിത്. അക്രമം നടത്തിയത് പോപ്പുലർ ഫ്രണ്ടാണെങ്കിലും ജമാഅത്തെ പത്രമായ ‘മാധ്യമം’ ഈ ആക്രമണത്തിന് പ്രേരണ നൽകുംവിധം വാർത്തകളും വാർത്താവലോകനങ്ങളും നൽകിയത് പരിഗണിച്ചായിരുന്നു ഇത്തരമൊരു നിലപാട് ലീഗ് കൈകൊണ്ടത്. ഇതിന്റെ ഭാഗമായി മലപ്പുറം കോട്ടക്കലിൽ വിളിച്ചുചേർത്ത മത സംഘടനായോഗത്തിൽ നിന്ന് ജമാഅത്തെ ഇസ്‍ലാമിയെ ഒഴിവാക്കി നിർത്താൻ ലീഗ് തീരുമാനിച്ചു.

ജമാഅത്തെ ഇസ്‍ലാമിയേയും പോപ്പുലർ ഫ്രണ്ടിനേയും കൂട്ടുപിടിച്ചു കൊണ്ടുള്ള മുസ്‍ലിം ഏകീകരണ ശ്രമത്തിന്റെ പ്രത്യാഘാതമാണ് സി.പി.എം ചൂണ്ടിക്കാണിക്കുന്നത്.

മുസ്‍ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും അംഗീകരിക്കാത്ത ആശയങ്ങളാണ് ജമാഅത്തെ ഇസ്‍ലാമി മുന്നോട്ടുവെക്കുന്ന 'ഹുക്കുമത്തെ ഇലാഹി' അഥവാ മതരാഷ്ട്രവാദം. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്‍ലാമിയെ പല ഘട്ടങ്ങളിലും അകറ്റിനിർത്താൻ ലീഗ് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ കോട്ടക്കൽ യോഗത്തെ തുടർന്ന് ജമാഅത്തെ ഇസ്‍ലാമി കടുത്ത ലീഗ് വിരുദ്ധ പ്രചാരണവുമായി രംഗത്തുവന്നു. കോട്ടക്കൽ യോഗത്തെ തീവ്രവാദത്തിനെതിരായ ‘കോട്ടക്കൽ കഷായം’ എന്നാണ് മാധ്യമം പത്രം പരിഹസിച്ചത്.

ടി.ജെ. ജോസഫ്
ടി.ജെ. ജോസഫ്

എന്നാൽ, ലീഗ് പഴയ നിലപാട് ഉപേക്ഷിച്ച് ജമാഅത്തെ ഇസ്‍ലാമി തെളിച്ച വഴിയിലൂടെ സഞ്ചരിക്കുന്നതാണ് പിന്നീട് കണ്ടത്. അതായത്, ലീഗ് തന്നെ ജമാഅത്തെ വത്കരിക്കപ്പെടുന്നതായാണ് ഇപ്പോൾ കാണുന്നത്. അതിന്റെ അപകടം സി.പി.എം ചൂണ്ടിക്കാണിക്കുമ്പോൾ, ന്യൂനപക്ഷങ്ങളോടുള്ള സി.പി.എമ്മിന്റെ നിലപാടുമാറ്റമാണ് അത് എന്ന് വ്യാഖ്യാനിക്കുന്നത്, വസ്തുതകളെ തലകീഴായി നിർത്തുന്നതിന് തുല്യമാണ്. ജമാഅത്തെ ഇസ്‍ലാമിയെ മാത്രമല്ല പോപ്പുലർ ഫ്രണ്ടുകാരെയും കൂട്ടുപിടിക്കാൻ ലീഗിനും കോൺഗ്രസിനും മടിയില്ല. ന്യൂനപക്ഷങ്ങളിലെ മുസ്‌ലിം ഏകീകരണം ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സമുദായത്തെ, മുസ്‍ലിം വിരുദ്ധമായി ഏകീകരിക്കാനും ശ്രമമുണ്ട്. ‘കാസ’യെ പോലുള്ള സംഘടനകളാണ് അതിന് നേതൃത്വം കൊടുക്കുന്നത്. ഈ പുതിയ പ്രവണതകൾ തിരിച്ചറിഞ്ഞ് മുസ്‍ലിം ലീഗിന്റെ അവസരവാദം തുറന്നുകാട്ടുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ സി.പി.എം ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നാണ് ജമാത്തെ ഇസ്‍ലാമി ആക്ഷേപിക്കുന്നത്. മുസ്‍ലിം ന്യൂനപക്ഷത്തെ ലീഗിനോടും രാഷ്ട്രീയ ഇസ്‍ലാമിനോടും തുലനപ്പെടുത്തുന്ന അപകടകരമായ വാദമാണിത്.

യഥാർത്ഥത്തിൽ ഇന്ത്യയിൽ ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നത് സംഘപരിവാർ ആണ്. ആർ എസ് എസ് നേതൃത്വവുമായി 2023 ജനുവരി 14 ന് ഡൽഹിയിൽ വെച്ച് ജമാത്തെ ഇസ്‍ലാമി നേതൃത്വം രഹസ്യ കൂടിയാലോചന നടത്തിയത് ഇന്ന് പരസ്യമാണ്. അതുകൊണ്ടുതന്നെ സംഘപരിവാരിന്റെ ഇസ്‍ലാമോഫോബിയക്കെതിരായി ഒരക്ഷരം ഉരിയാടാൻ അവരുടെ നാവ് അനങ്ങില്ല. ജമാഅത്തെ ഇസ്‍ലാമിയേയും പോപ്പുലർ ഫ്രണ്ടിനേയും കൂട്ടുപിടിച്ചു കൊണ്ടുള്ള മുസ്‍ലിം ഏകീകരണ ശ്രമത്തിന്റെ പ്രത്യാഘാതം സി.പി.എം ചൂണ്ടിക്കാണിക്കുമ്പോൾ, മുൻപ് ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെന്ന ന്യായം ആരെയും ബോധ്യപ്പെടുത്താൻ ഉപകരിക്കില്ല.

 ന്യൂനപക്ഷങ്ങളിലെ മുസ്‌ലിം ഏകീകരണം ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സമുദായത്തെ, മുസ്‍ലിം വിരുദ്ധമായി ഏകീകരിക്കാനും ശ്രമമുണ്ട്. ‘കാസ’യെ പോലുള്ള സംഘടനകളാണ് അതിന് നേതൃത്വം കൊടുക്കുന്നത്.
ന്യൂനപക്ഷങ്ങളിലെ മുസ്‌ലിം ഏകീകരണം ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സമുദായത്തെ, മുസ്‍ലിം വിരുദ്ധമായി ഏകീകരിക്കാനും ശ്രമമുണ്ട്. ‘കാസ’യെ പോലുള്ള സംഘടനകളാണ് അതിന് നേതൃത്വം കൊടുക്കുന്നത്.

ന്യൂനപക്ഷങ്ങളോട് സി.പി.എമ്മിന് എല്ലാകാലത്തും ഒരേ നിലപാടാണുള്ളത്. പാർട്ടിപരിപാടിയിൽ വ്യക്തമാക്കിയതുപോലെ ജനാധിപത്യവും മത നിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിൽ മർമപ്രധാനമായ വശമാണ് ന്യൂനപക്ഷ സംരക്ഷണം എന്ന് അംഗീകരിച്ചിട്ടുള്ള പാർട്ടിയാണ് സി.പി.എം.

അനുഭവമാണ് ഏറ്റവും നല്ല പാഠം. കേരളത്തിലെ വർഗീയ സംഘർഷങ്ങളെല്ലാം കോൺഗ്രസും ലീഗും ഭരിക്കുന്ന കാലത്താണുണ്ടായത് എന്നത് ചരിത്രം. തലശ്ശേരി, പൂന്തുറ, മാറാട്, കാസർഗോഡ് എന്നിവയെല്ലാം അനുഭവപാഠങ്ങളാണ്. വർഗീയ സംഘർഷമില്ലാത്ത നാടായി ഇടതുപക്ഷവും ഭരിക്കുന്ന കേരളം ഉയർന്നുനിൽക്കുന്നു എന്നത് ആർക്കും നിഷേധിക്കാനാവാത്ത വസ്തുതയുമാണ്. ആ നിലപാടുതന്നെയാണ് സി.പി.എം ഇപ്പോഴും മുറുകെപ്പിടിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിരുന്ന് സങ്കുചിത രാഷ്ട്രീയനേട്ടത്തിനുവേണ്ടി കോൺഗ്രസും ലീഗും തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നത്തിന്റെ അപകടം തുറന്നു കാണിക്കുകതന്നെ ചെയ്യും.


Summary: Communist leader P Jayarajan explains party's stand on Jamaat-e-Islami, SDPI, Muslim league and RSS. He points out CPIM's political policy against communal forces.


പി. ജയരാജൻ

സി.പി.എം സംസ്ഥാന സമിതി അംഗം. ‘കേരളം: മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments