രാഷ്​ട്രീയ തടവുകാരെ കണ്ടശേഷം കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ നിന്ന് ഇറങ്ങി വരുന്ന മഹാത്മ ഗാന്ധി (16 ഏപ്രിൽ 1938)

ശ്രീ എമ്മും ശ്രീ എച്ചും (ഹിന്ദുത്വ) ശ്രീ എല്ലും (ലെഫ്റ്റ്) തമ്മിലെന്ത്?

ഒരു ഇടതുപക്ഷ ഗവണ്മെന്റിൽ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുളള രാജഗുരു പദവികൾ എത്ര പ്രതിലോമകരമാണ്. രാഷ്ട്രീയാധികാരമല്ല, മറിച്ച് സാംസ്‌കാരാധികാരമാണ് ഹിന്ദുത്വശക്തികൾ കേരളത്തിൽ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞവരെ ഞെട്ടിക്കുന്ന തീരുമാനമാണിത്

ശ്രീ എം എന്ന മുംതാസ് അലി എഴുതിയ ആത്മകഥയുടെ ഒന്നാം ഭാഗമാണ് Apprenticed to a Himalayan Master - A Yogis's Autobiography. ഇത് പുറത്തു വരുന്നത് 2011 ലാണ്. തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ജനിച്ച് ഹിമാലയത്തിൽ എത്തി ആത്മസാക്ഷാത്ക്കാരം നേടിയ കഥയാണത്. ഒരർത്ഥത്തിൽ മുംതാസ് അലിയിൽ നിന്ന്​ ശ്രീ എമ്മിലേയ്ക്കുള്ള യാത്ര നാമത്തിൽ നിന്ന്​ തൂലികാനാമത്തിലേയ്ക്കുള്ള യാത്ര, നശ്വരനായ മനുഷ്യനിൽ നിന്ന്​ അനശ്വരമായ ആത്മസ്വരൂപത്തിലേയ്ക്കുള്ള യാത്രയായിട്ടാണ് ഇത് അദ്ദേഹം സ്വാംശീകരിച്ചിരിക്കുന്നതെന്ന് പറയാം. ഹിമാലയൻ യാത്രാപുസ്തകങ്ങൾ മലയാളത്തിൽ ഒരു "ജോണർ' ആയിരിക്കുന്നു എന്ന് വേണം പറയാൻ. എം.കെ.രാമചന്ദ്രൻ തുടങ്ങിവെച്ച ഒരു "ജോണർ ' ആണത് എന്നാണ് പൊതുവേ വിചാരിക്കപ്പെടുന്നത്. എങ്കിലും അന്വേഷിച്ചു പോയാൽ തപോവനസ്വാമികളുടെ ഹിമഗിരി വിഹാരത്തിൽ ആണ് ഇതിന്റെ തുടക്കം എന്ന് കാണാം.

ഒറ്റപ്പാലത്തുകാരനായ ചിപ്പുക്കുട്ടി നായരാണ് തപോവനസ്വാമികളായി മാറി ഉത്തരകാശിയിൽ ആശ്രമം സ്ഥാപിച്ചത്. ഇന്ന് കേരളത്തിൽ സുപരിചിതമായ ഗംഗോത്രി, യമുനോത്രി , കേദാർനാഥ്, ബദരീനാഥ് എന്നീ "ചാർധാമുകളും ' തുംഗനാഥ്, പശുപതിനാഥ്, കൈലാസം, മാനസസരോവർ, വാലി ഓഫ് ഫ്‌ളവേഴ്‌സ്, ജോഷിമഠ്, ഋഷികേശ്, ഹിമാലയത്തിലേയ്ക്കുള്ള പ്രവേശന കവാടമായ ഹരിദ്വാർ തുടങ്ങിയവയും നദീസംഗമപ്രദേശങ്ങളായ ദേവപ്രയാഗ, കർണപ്രയാഗ തുടങ്ങിയവയും ആദ്യം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ഹിമഗിരി വിഹാരത്തിലൂടെയാണ്. കൈലാസയാത്രയെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും സ്വാമി തപോവനം രചിയ്ക്കുകയുണ്ടായി.

ആസ്തിക്യത്തിന്റെ സൗന്ദര്യാനുഭൂതികളുടെ വിവരണമാണ് ഹിമഗിരി വിഹാരത്തിന്റെ ആകെത്തുക. 1930-40 കളിലാണ് ഇതിൽപ്പറയുന്ന യാത്രകൾ നടത്തിയതെന്നു തോന്നുന്നു. ഒരു പക്ഷെ വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങൾ ഇന്ത്യയെപ്പോലൊരു രാജ്യം അനുഭവിച്ചു തുടങ്ങിയപ്പോൾ, അതിനെ ഇന്ത്യൻ മനസ്സനുഭവിച്ചത് യുക്തിയുടേയും വിശ്വാസത്തിന്റേയും ദ്വന്ദ്വയുദ്ധമായി കൂടിയാണ്. വികസനത്തിന്റേയും പരിസ്ഥിതി ബോധത്തിന്റേയും ഭാഷാ വിന്യാസങ്ങൾ അന്ന് സന്യാസിക്കും ലൗകികനും അപരിചിതമായിരുന്നു എന്നുവേണം പറയാൻ. ഇന്ന് പി.കുഞ്ഞിരാമൻ നായരെ പരിസ്ഥിതിയുടേയും കൊളോണിയൽ വിരുദ്ധതയുടേയും കവിയായാണ് പലരും വായിക്കുന്നതെങ്കിലും കുഞ്ഞിരാമൻ നായർ ജീവിച്ചിരുന്ന കാലത്ത് ഭക്തിയുടേയും പഴമയുടേയും കവിയായിട്ടാണ് അദ്ദേഹത്തെ പൊതുവേ കണ്ടത് എന്ന് പറഞ്ഞതുപോലെ ആസ്തിക്യത്തെ പ്രകൃതിയിൽ വായിക്കുന്ന ഒരു പുസ്തകമായിരുന്നു ഹിമഗിരി വിഹാരം. ഹിമാലയത്തിലെ എണ്ണമറ്റ അരുവികളും സസ്യങ്ങളും ഭൂസ്വഭാവവും പക്ഷി ജന്തുജാലങ്ങളും അനന്യമായ വിധത്തിൽ ഹിമഗിരി വിഹാരത്തിൽ പ്രത്യക്ഷപ്പെട്ടു.

പുതിയ മനുഷ്യരാശിയെ സൃഷ്ടിക്കാൻ ദൈവത്തെക്കുറിച്ചുള്ള അവബോധത്തിൽ വലിയ മാറ്റങ്ങൾ വരുത്തണം എന്ന തിരിച്ചറിവാണ് നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയം

സ്വാമി തപോവനത്തിൽ നിന്ന് എം.കെ.രാമചന്ദ്രനിൽ എത്തുമ്പോഴേയ്ക്കും സംഭവിയ്ക്കുന്ന പ്രധാന വ്യത്യാസം, ഹിമാലയത്തെ കാണുന്ന രീതിയിലുണ്ടാകുന്ന മാറ്റമാണ്. തപോവനത്തിന് ഹിമാലയത്തിന്റെ ദൈവസാന്നിദ്ധ്യം എന്നത് ആ പ്രദേശത്തിൽ അലിഞ്ഞു ചേർന്ന അനന്യമായ സൗന്ദര്യമാണ്. ഹിമാലയത്തിന്റെ മറ്റെങ്ങും കാണാത്ത ഓരോ കാഴ്ചക്കഷണവും ദൈവത്തോടുള്ള നന്ദിയും കടപ്പാടും സമർപ്പണവുമായി അദ്ദേഹത്തിൽ വിരിയുന്നു. ഒരു പക്ഷേ വ്യാവസായിക വിപ്ലവകാലത്ത് ഒരു വേഡ്‌സ് വർത്തിന്റെ നിലപാട് പ്രാചീനം , ആധുനികം എന്നോ പുരോഗമനം, യാഥാസ്ഥിതികം എന്നോ ഉള്ള ദ്വന്ദ്വങ്ങൾ കൊണ്ട് അളക്കാൻ കഴിയില്ല എന്ന് നമുക്ക് അറിയാം. വികസനത്തിന്റെ അക്ഷാംശ - രേഖാംശങ്ങൾ പുറത്താക്കിയ പരിസ്ഥിതി ഒരു മൂല്യബോധം മാത്രമല്ല, ശാസ്ത്രീയത കൂടിയാണ് എന്ന് നമുക്ക് അറിയാം. എങ്കിലും അത് സർഗാത്മകമായി പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും കാല്പനിക സൗന്ദര്യാനുഭൂതി ആയിട്ടാണെന്ന് വേഡ്‌സ് വർത്ത് മുതൽ സുഗതകുമാരി വരെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിൽപ്പെടുന്ന ഒന്നാണ് സ്വാമി തപോവനവും ഹിമഗിരി വിഹാരവും.

എന്നാൽ എം. കെ.രാമചന്ദ്രനിൽ എത്തുമ്പോഴേയ്ക്കും സംഗതി മാറുന്നുണ്ട്. ഹിമാലയം സൗന്ദര്യത്തിന്റെ മടിത്തട്ട് എന്നതിൽ നിന്ന്​ നിഗൂഢശക്തികളുടെ ഒരു ആലയം ആയി മാറുന്നുണ്ട്. കെട്ടുകഥകൾ യാഥാർത്ഥ്യമാകുന്ന ഒരിടം കൂടിയാണ് അദ്ദേഹത്തിന് ഹിമാലയം. നാം ആർജ്ജിച്ച ഇന്ത്യൻ യുക്തിബോധത്തെ മുഴുവൻ അഴിച്ചു വെച്ചു മാത്രം പ്രവേശിക്കാവുന്ന ഇടം. ഇന്ത്യൻ യുക്തിബോധം എന്ന് ഇവിടെ വിശേഷിപ്പിക്കുന്നത് നിരീശ്വരവാദമോ, മനുഷ്യകേന്ദ്രിതമായി അഹങ്കാരത്തോടെ പ്രത്യക്ഷപ്പെടുന്ന ശാസ്ത്രബോധമോ, മുതലാളിത്തത്തിന്റേയും കമ്യൂണിസത്തിന്റേയും രാഷ്ട്രമാതൃകകൾ ഒരേ പോലെ പ്രകീർത്തിച്ചിരുന്ന മുൻ പിൻ നോട്ടമില്ലാത്ത സാങ്കേതികമാത്രബദ്ധവികസനമോ അല്ല. വിവേകാനന്ദൻ മുതൽ ശ്രീനാരായണ ഗുരു വരെ ഇന്ത്യൻ ജനതയുടെ ചിന്തയിലും ലോകവീക്ഷണത്തിലും കൊണ്ടുവരാൻ പരിശ്രമിച്ച ആധുനിക മൂല്യബോധം കൂടിയാണ്. അത് ജാതിയെ നിരാകരിയ്ക്കുകയും മതത്തെ മൂല്യബോധമാക്കാൻ പരിശ്രമിക്കുകയും ചെയ്തു.

പുതിയ മനുഷ്യരാശിയെ സൃഷ്ടിക്കാൻ ദൈവത്തെക്കുറിച്ചുള്ള അവബോധത്തിൽ വലിയ മാറ്റങ്ങൾ വരുത്തണം എന്ന തിരിച്ചറിവാണ് നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയം. നിങ്ങൾക്ക് ഫുട്‌ബോൾ കളിച്ചും മോക്ഷം നേടാം എന്ന് വിവേകാനന്ദൻ പറയുമ്പോൾ ആ വാചകത്തെ നിർണയിക്കുന്നത് പഴയ മട്ടിലുള്ള വ്യാകരണം അല്ല.

ജാതിയില്ലാ വിളബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംസ്‌കാരിക വകുപ്പ് തിരുവനന്തപുരത്ത് സ്ഥാപിച്ച ഗുരുപ്രതിമ, ശിൽപി ഉണ്ണി കാനായി

പഴയ വ്യാകരണം വാക്കുകളുടെ ചേർപ്പുകളെ നിശ്ചയിച്ചിരുന്നത് മറ്റൊരു ദൈവബോധത്താലാണ്. ഫുട്‌ബോൾ എന്ന പദവും മോക്ഷം എന്ന പദവും ഒപ്പം ചേർത്തു വയ്ക്കാൻ സമ്മതിക്കാത്ത ഒരു ബോധമായിരുന്നു അത്. ഈ ലേഖകൻ തന്നെ പലപ്പോഴും ചൂണ്ടിക്കാണിച്ച പോലെ നവോത്ഥാനപൂർവ ദൈവബോധം "ഈ നരക വാരിധി നടുവിൽ നിന്നെന്നെ കരകേറ്റീടണം ശിവശംഭോ ' എന്ന പ്രാർത്ഥനയിൽ ഉൾച്ചേർന്ന് കിടക്കുന്ന ഒന്നായിരുന്നു. രക്ഷിക്കാനും ശിക്ഷിക്കാനും അവകാശപ്പെട്ട ദൈവം. പ്രസാദിപ്പിക്കേണ്ട ദൈവം. നീതി എന്നത് കാണിക്കകൊണ്ടും പൂർണ്ണമായ അർപ്പണം കൊണ്ടും മനുഷ്യർക്ക് കിട്ടുന്ന ദയാദാക്ഷിണ്യം ആണ് അവിടെ.

നവോത്ഥാനം കൊണ്ടുവന്ന ഈ സാംസ്‌കാരികാവസ്ഥയെ എങ്ങനെയാണ് ഫ്യൂഡലും സവർണവും രാജാധികാരത്തെ ഉള്ളിൽപ്പേറുന്നതുമായ പഴയ ദൈവസങ്കല്പം നേരിട്ടത് എന്ന് പരിശോധിക്കുക സമകാലീനാവസ്ഥയിൽ വളരെ പ്രസക്തമായ ഒന്നാണ്. ഹിന്ദുത്വം നമ്മുടെ സാമൂഹിക ജീവിതത്തിൽ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ അത്തരമൊരു അന്വേഷണത്തിന്റെ പ്രാധാന്യം പതിന്മടങ്ങാകുന്നു. രാമചന്ദ്രന്മാർ ഹിമാലയത്തിലെ യക്ഷ, കിന്നര, ഗന്ധർവ്വർ എന്നത് അവിടെ വസിക്കുന്നവരുടെ ശാരീരികവും സാംസ്‌കാരികവുമായ പ്രത്യേകതകളെ ആസ്പദമാക്കിയുള്ള നരവംശശാസ്ത്രപരമായ വേർതിരിവല്ല, മറിച്ച് മനുഷ്യേതരമായ സിദ്ധികൾ ഉൾക്കൊള്ളുന്ന തിര്യക്കുകൾ ആണ് എന്ന് അടിവരയിടുമ്പോൾ എന്തോ തകരുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ സംശയിക്കേണ്ട, അത് നവോത്ഥാനം കൊണ്ടുവരാൻ ശ്രമിച്ച സാമൂഹ്യബോധത്തിന്റെ തകർച്ച തന്നെയാണ്. പ്രൊതിമ ബേദി മരിച്ചത് ഹിമാലയത്തിന്റെ ശാന്തിയേയും സമാധാനത്തേയും മാത്രമല്ല, ദൈവങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന നിഗൂഢമായ ഒരു ഭൂശാസ്ത്രത്തിന്റെ സമനിലയെ തകിടം മറിച്ച് നൃത്തം ചെയ്തത് കൊണ്ടാണ് എന്ന് പറയാൻ അദ്ദേഹത്തിന് ഒരു സന്ദേഹവും ഇല്ല.

വസ്തുത എന്ന പേരിൽ "നിഷ്‌കളങ്കമായ ' ഒരു സർഗാത്മകാഖ്യാനം പ്രകാശിതമാകുമ്പോൾ അതിനെ പ്രശ്‌നവല്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഹിന്ദുത്വ ഫാസിസത്തിന്റെ കാലത്ത്.

വിമാനം പറത്തിപ്പോകുന്ന പൈലറ്റ് വായുവിലൂടെ ഒഴുകിപ്പോകുന്ന ആൺ പെൺ രൂപങ്ങളെ കണ്ടു എന്നത് നൂറ്റൊന്നു ശതമാനം സത്യമായി അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. എല്ലാ വസ്തുക്കളും സ്വർണമാക്കാം എന്ന രസവിദ്യയിൽ അദ്ദേഹം വിശ്വസിക്കുക മാത്രമല്ല , അതിനു വേണ്ടി ഹിമാലയത്തിലെ മഹത്തുക്കൾ ഒരുമിച്ച് ചേർന്ന് ശ്രമം ആരംഭിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യുക കൂടി ചെയ്യുന്നു. 1962 ലെ ഇന്തോ- ചീന യുദ്ധത്തിൽ ചൈനക്കാർ ബദരി ക്ഷേത്രം വരെ എത്തിയെന്നും, അവർ അവിടെ നിന്ന്​ പിൻമാറാനുള്ള കാരണം, ഹിമാലയത്തിലെ യോഗി വര്യന്മാരുടെ ഒത്തൊരുമിച്ചുള്ള ആത്മീയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണെന്നുമുള്ള വെളിപ്പെടുത്തൽ നടത്തുന്നു. ഹിമാലയത്തിൽ 1990 കളിലുണ്ടായ ഭൂകമ്പത്തിന് തൊട്ട് മുമ്പ് ഉത്തരകാശിയിലെ ക്ഷേത്രത്തിന് മുൻവശത്തെ ശൂലത്തിൽ നിന്ന്​ ഒരു മിന്നൽപ്പിണർ ആകാശത്തേയ്ക്ക് കുതിച്ചു പാഞ്ഞു എന്ന "വസ്തുത ' യും നമ്മുടെ സീസ്‌മോ ഗ്രാഫിക് അറിവുകളിലേയ്ക്ക് അദ്ദേഹം കൂട്ടി വെയ്ക്കുന്നു. ഷാങ്ങ് ഗ്രില എന്ന മിത്ത് യാഥാർത്ഥ്യമാണ് എന്നതിൽ അദ്ദേഹത്തിന് സംശയമേതുമില്ല. നവനാഥ് സംഘ് എന്ന പൊതുവേ പ്രശസ്തമായ സംന്യാസ സംഘം അദ്ദേഹത്തിന്റെ ആഖ്യാനത്തിൽ യോഗ വിദ്യയുടെ പൊരുൾ തലമുറതലമുറ കൈമാറുന്ന രഹസ്യ സംഘമാകുന്നു. ഇന്നത്തെ തുറന്ന ലോകത്തിലേയ്ക്ക്, വിവരം അവകാശമായ സാഹചര്യത്തിലേയ്ക്ക്, യോഗ വിദ്യയുടെ പൊരുൾ വിവൃതമാക്കരുത് എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അത് ഹിമാലയത്തിന്റെ ദുഷ്‌ക്കര സൗന്ദര്യത്തിൽ മാത്രം വിരിയുന്ന ഒന്നായി നിൽക്കേണ്ടതുണ്ട്. അതിനാൽ യോഗികളുടെ ചിത്രം അദ്ദേഹത്തിന്റെ ക്യാമറയിൽ പതിയുന്നില്ല. അദ്ദേഹത്തിന്റെ ഫേവർ ലൂബ (അതോ റാഡോയോ?) വാച്ചിന്റെ ആന്തരാവയവങ്ങൾ യോഗികളുടെ ഉഗ്രനോട്ടത്തിൽ നമ്മുടെ ഭൗതിക ശാസ്ത്ര ക്ലാസുകളുടെ പാഠാവലികൾ പകർന്നു തന്ന അറിവുകളെ നിരാകരിച്ച് ഉരുകിപ്പോകുന്നു.

ശ്രീ എം / Photo : Sri M, facebook

നമ്മെ ബാല്യകാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഇത്തരം രസാഖ്യാനങ്ങളെ എന്തിന് നിരാകരിക്കണം? ആധുനിക യുക്തിബോധത്തിന് നമ്മുടെ നേരങ്ങളെ എന്തിന് വിട്ടുകൊടുക്കണം? ഫ്ലാ‌റ്റിലെ മുറിയിൽ വെളിച്ചം കൊണ്ട് വെള്ളപ്പൊക്കമുണ്ടാക്കി കഥ പറഞ്ഞ മാർകേസിന് നമ്മൾ നോബൽ സമ്മാനം കൊടുത്തില്ലേ? എമിൽ കുസ്തൂരിക്കയുടെ സിനിമയിൽ പിന്തുടരുന്ന ആൾക്കൂട്ടത്തിൽ നിന്ന്​ കമിതാക്കൾ പറന്നുയർന്ന് രക്ഷപ്പെട്ടില്ലേ? ജോർജ് മെലി സിനിമയിൽ മന്ത്രികതയുടേതായ ഒരു "ജോണർ ' തുടങ്ങി വെച്ചില്ലേ? ലൂയി ബ്യുനുവൽ സിനിമയിൽ യാഥാർത്ഥ്യവും സ്വപ്നവും യുക്തിയും അസംബന്ധവും തമ്മിലുള്ള അതിർത്തി തകർത്തില്ലേ? ആധുനിക മനുഷ്യർ അത് കണ്ടാനന്ദിച്ചില്ലേ? ഈ ലേഖകൻ തന്നെ കവിതയെഴുതുമ്പോൾ നവോത്ഥാന യുക്തിയെ മുറുകെപ്പിടിക്കാറുണ്ടോ? നവോത്ഥാനന്തര ലോകം നവോത്ഥാന യുക്തികളെ യുക്തിപരമായി തന്നെ നിലംപരിശാക്കിയില്ലേ? എന്ന നിരവധി ചോദ്യങ്ങളെ നേരിട്ടു വേണം നമ്മുടെ അപഗ്രഥനത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാൻ.

ഒന്നാമത്തെ കാര്യം സർഗ്ഗാത്മകതയും വസ്തുതാ കഥനവും തമ്മിൽ ഒരു വിഭജനരേഖ പ്രവർത്തിക്കുന്നുണ്ട്. വിഷയം എന്ന നിലയ്ക്ക് മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലും പ്രവർത്തിക്കുന്ന വിഭജനം ആണത്. അവ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഇല്ലെന്നല്ല. ചേർന്ന് നില്ക്കുന്ന പോലെ തന്നെ അവ തമ്മിൽ പോരടിയ്ക്കുന്നുമുണ്ട്. അതു കൊണ്ട് വസ്തുത എന്ന പേരിൽ "നിഷ്‌കളങ്കമായ ' ഒരു സർഗാത്മകാഖ്യാനം പ്രകാശിതമാകുമ്പോൾ അതിനെ പ്രശ്‌നവല്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഹിന്ദുത്വ ഫാസിസത്തിന്റെ കാലത്ത്.
ഫാസിസം സംസ്‌കാരത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിൽ ഒന്ന്‌ സർഗാത്മകതയുടെ വസ്തുതാവല്ക്കരണമാണ്.

അയോധ്യാപ്രശ്‌നം കലുഷിതമാക്കിയ ദശകങ്ങളിൽ ജീവിച്ച നമ്മളോട് അത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചില പുസ്തകങ്ങളേയും ചില സങ്കല്പനങ്ങളേയും ഇളകാതെ സംരക്ഷിക്കേണ്ട കൂട്ടങ്ങൾ ആയിട്ടാണ് അവർ സമൂഹത്തെ കാണുന്നത്. ഹിന്ദുത്വ എന്നാൽ ഹിന്ദുയിസം അല്ല എന്നത് വിനായക് ദാമോദർ സവർക്കറുടെ ഹിന്ദുത്വ എന്ന പുസ്തകത്തിലെ, ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ ഏറ്റവും ആദ്യത്തെ പാഠത്തിലെ, ആദ്യവാചകങ്ങളിൽ ഒന്നാണ്.

ഇന്നത്തെ തുറന്ന ലോകത്തിലേയ്ക്ക്, വിവരം അവകാശമായ സാഹചര്യത്തിലേയ്ക്ക്, യോഗ വിദ്യയുടെ പൊരുൾ വിവൃതമാക്കരുത് എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അത് ഹിമാലയത്തിന്റെ ദുഷ്‌ക്കര സൗന്ദര്യത്തിൽ മാത്രം വിരിയുന്ന ഒന്നായി നിൽക്കേണ്ടതുണ്ട്.

അതേ സമയം ഹിന്ദുയിസം ഹിന്ദുത്വത്തിൽ നിന്നും വേർപെട്ട ഒന്നല്ല എന്നും സവർക്കർ വ്യക്തമാക്കുന്നു. ഹിന്ദുത്വത്തിലേക്കെത്തിക്കുന്ന ഒരു പാതയായി ഹിന്ദുയിസത്തെ ഉപയോഗ്യയോഗ്യമാക്കുക എന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടത്. ഹിന്ദുത്വത്തെ സഹായിക്കാത്ത ഹിന്ദുയിസത്തെ അവർക്കാവശ്യമില്ല. ഗാന്ധിവധത്തിലേയ്ക്ക് ഹിന്ദുത്വ ഫാസിസ്റ്റുകളെ നയിച്ചത് ഇക്കാര്യമാണ്. അതുകൊണ്ട് അതിന്റെ തന്നെ ഉറവുകളെ ചോദ്യം ചെയ്യുന്ന നവോത്ഥാനാന്തര ഹിന്ദുവിനെ, അത് ഹിന്ദു എന്ന പേര് കാനേഷുമാരിക്കണക്കിൽ പേറുന്ന പിന്നോക്കക്കാരോ ദളിതരോ സവർണ വിമതരോ മറ്റുള്ളവരോ ആകാം, അവർക്കാവശ്യമില്ല. നവോത്ഥാനവും നവോത്ഥാനന്തരതയും ഹിന്ദു പ്രമാണങ്ങൾ എന്ന് ഹിന്ദുത്വ ശാശ്വതവത്കരിക്കാൻ ശ്രമിച്ച ഗ്രന്ഥങ്ങളെ പ്രശ്‌നവത്കരിച്ചത് കൊണ്ടാണ് അതിനോട് അവർക്ക് ഉള്ളാലെ ഒരു കണക്ക് ബാക്കിനിൽക്കുന്നത്. രാമസ്വാമി നായ്ക്കർ കീമായണവും കുമാരനാശാൻ ചിന്താവിഷ്ടയായ സീതയും എഴുതി. അതിനും മുൻപേ തന്നെ മഹാബലി കേരളത്തിലെങ്കിലും വാമനനെ വില്ലനാക്കി. വടക്കൻ കേരളത്തിൽ രാമൻ വധിച്ച ബാലി തെയ്യമായി, ദൈവമായി. ഇങ്ങനെ ഹിന്ദുത്വത്തോടിടയുന്ന ഹിന്ദുയിസം പതുക്കെ പതുക്കെ യാഥാസ്ഥിതികതയ്ക്കപ്പുറം ഒരു ആധുനിക സ്ഥലിയിലേയ്ക്കു നീങ്ങുമ്പോഴാണ് ഈ നിഷ്‌കളങ്കാഖ്യാനങ്ങൾ ഉണ്ടാകുന്നത്. ജാതിവിരുദ്ധസമരങ്ങൾ തിരുവിതാംകൂറിനെ തകിടം മറിക്കുന്ന കാലത്താണ് കൊട്ടാരത്തിൽ ശങ്കുണ്ണീയുടെ ഐതിഹ്യമാല സംഭവിക്കുന്നത്. പിൽക്കാല മുതലാളിത്തത്തിന് ബി പോസിറ്റീവ് പുസ്തകങ്ങൾ എങ്ങനെയായിരുന്നോ അതുപോലെ ഒന്നായിരുന്നു മായുന്ന ഫ്യൂഡലിസത്തിന് ഐതിഹ്യമാല. ഹിറ്റ്‌ലറുടെ ഫാസിസത്തിനും സ്റ്റാലിന്റെ സമഗ്രാധിപത്യത്തിനും ബാലസാഹിത്യത്തോളം എത്തുന്ന നിഷ്‌കളങ്കസാഹിത്യം ഉണ്ടായിരുന്നു. സംക്രമണഘട്ടങ്ങളിൽ ഉണ്ടാകുന്ന നിഷ്‌കളങ്കാഖ്യാനങ്ങൾ അബോധത്തിൽ അത്ര നിഷ്‌കളങ്കമല്ല എന്നാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്

ഇന്ത്യയിൽ ഇത്തരം ഒരു നിഷ്‌ക്കളങ്ക ഹിന്ദുസാഹിത്യത്തിന്റെ ഉത്തമ ഉദാഹരണം ശ്രീ പരമഹംസ യോഗാനന്ദ രചിച്ച നിരവധി ഇന്ത്യൻ ഭാഷകളിൽ തർജ്ജമ ചെയ്ത ഓട്ടോബയോഗ്രഫി ഓഫ് എ യോഗി ആണ്. ഇന്ന് ഹിമാലയൻ ഗ്രന്ഥങ്ങളിൽ കാണുന്ന പല സ്ഥിരം കഥാപാത്രങ്ങളും ആദ്യമായി അച്ചടിരൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇതിലാണ്. ബാബാജി എന്നു പറയുന്ന മരണമില്ലാത്ത യോഗീശ്വരൻ പ്രത്യേകിച്ചും. പതിനാറുവയസ്സുകാരന്റെ മുഖപ്രകൃതിയും ദേഹ പ്രകൃതിയുമാണ് അയാൾക്കുള്ളത്. ഹിമാലയത്തിൽ മാത്രമല്ല, എവിടേയും ആവശ്യമുള്ളപ്പോൾ പ്രത്യക്ഷപ്പെടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹം ദൈവമല്ല. പക്ഷേ നവോത്ഥാനപൂർവ്വ ദൈവത്തിന് എന്തൊക്കെ പ്രത്യേകതകൾ ഉണ്ടായിരുന്നോ അതെല്ലാം ബാബാജിക്ക് ഉണ്ട്. പ്രത്യക്ഷമാകാനും അപ്രത്യക്ഷമാകാനുമുള്ള കഴിവ്. ഭൂതവും ഭാവിയും കാണാനുള്ള കഴിവ് തുടങ്ങിയവ. യോഗാഭ്യാസനത്തിലൂടെ ആ സ്ഥിതി പൂകാനാകും എന്ന സാധ്യതയാണ് ഈ പുസ്തകം അവശേഷിപ്പിക്കുന്നത്. അതായത് നവോത്ഥാനം ഏതു ദൈവസങ്കല്പത്തെയാണോ ഇല്ലാതാക്കാനാഞ്ഞത് ആ ദൈവസങ്കല്പത്തെ കൂടുതൽ ശക്തിയോടെ ഉറപ്പിക്കുകയാണ് ഈ പുസ്തകം ചെയ്തത്.

അമർ ചിത്രകഥാ സന്ദർഭങ്ങളാൽ സമൃദ്ധമായ ഈ രചനയാണോ, ശ്രീ എം ന് ഇടതുപക്ഷ ഗവണ്മെന്റുകളുടെയടക്കം രാജഗുരുപദവി നേടിക്കൊടുത്തത് എന്ന് ആർക്കും ശംശയിക്കാൻ തോന്നുന്ന വിധം ലളിതമായ ഒരു ഫിക്ഷൻ സ്വഭാവമാണ് ഇതിനുളളത്.

നല്ലൊരളവിൽ ആ പുസ്തകത്തെ പിൻപറ്റിയ ശ്രീ എമ്മിന്റെ ആത്മകഥ ഒരു പക്ഷേ ഈ നൂറ്റാണ്ടിൽ ഇറങ്ങിയ ഏറ്റവും "നിഷ്‌കളങ്ക' മായ ഹിമാലയാഖ്യാനമാണ്. ഓട്ടോബയോഗ്രഫി ഓഫ് എ യോഗിയുടെ എഴുത്തുമാതൃക മാത്രമല്ല, കഥാപാത്രങ്ങളും ഇതിലുണ്ട്. വഞ്ചിയൂരിൽ മുസ്ലിം കുടുംബത്തിൽ ജനിച്ച ശ്രീ എം ന് ഒരു ഭൂതകാലമുണ്ട്. പക്ഷെ അത് നമ്മുടെ ചരിത്രകാലത്തിന്റെ കോ - ഓർഡിനേഷനുകളിൽ ഒതുങ്ങുന്നതല്ല. പുനർജന്മം വായിക്കാൻ കെല്പു നേടിയശേഷമാണ് ശ്രീ എം അതു മനസ്സിലാക്കിയത് എന്നു പറയുന്നുണ്ട്. പക്ഷേ പുസ്തകത്തിൽ ആദ്യം തന്നെ അതു വിവരിക്കുന്നുണ്ട്. ഇത്തരം ഒരു പുസ്തകം എഴുതുമ്പോൾ തുടക്കത്തിൽ തന്നെ അത്തരമൊരു അതിന്ദ്രീയാനുഭവം അത്യാവശ്യമാണ്. യോഗാനന്ദപരമഹംസൻ ഉണ്ടാക്കിയെടുത്ത സാംസ്‌കാരിക മൂലധനത്തിന്റെ പലിശയ്ക്കുമുകളിലാണ് ഈ രചന. ഒരു പ്രധാനപ്പെട്ട വ്യത്യാസം ഉള്ളത് നവോത്ഥാന ദൈവസങ്കല്പത്തെ തകിടം മറിക്കേണ്ടത് ഹിന്ദുത്വയുടെ ആവശ്യമായ കാലത്താണ് ഇത് എഴുതപ്പെടുന്നത് എന്നാണ്.

ഹിമാലയത്തിലെ ബദരീനാഥത്തിൽ ആസ്ഥാനമുറപ്പിച്ച മധു എന്ന അവധൂതന്റെ അടുത്തേയ്ക്ക് ഒരു സൂഫി അന്വേഷകൻ വളരെ ത്യാഗങ്ങൾ സഹിച്ച് എത്തുന്നു. തന്റെ സൂഫിഗുരു പറഞ്ഞതനുസരിച്ച് ആത്മസാക്ഷാത്ക്കാരത്തിന്റെ രഹസ്യം അറിയാനാണദ്ദേഹം അവിടെ എത്തുന്നത്. ദേഹം മുഴുവൻ ക്ഷതങ്ങളോടെ എത്തുന്ന സൂഫി അന്വേഷകൻ മധുവിന്റെ കാലിൽ വീഴുന്നു. മാംസഭോജിയായ അന്വേഷകനെ പക്ഷെ മധു കോപത്തോടെയാണ് നേരിടുന്നത്. ശാപം നൽകാൻ മാത്രം സിദ്ധി ആർജ്ജിച്ച മധു അതു അന്വേഷകന്റെ മേൽ ചൊരിയാതെ ഒരു സൗജന്യം അനുവദിക്കുന്നുമുണ്ട്. എന്നാൽ മധുവിനാൽ കയ്യൊഴിയപ്പെട്ട സൂഫി അന്വേഷകൻ അപ്പോൾ തന്നെ അളകനന്ദാനദിയിൽ ചാടി ആത്മഹത്യ ചെയ്യുന്നു. എന്നിട്ടു യാതൊരു കുറ്റബോധവും കൂടാതെ മധു അളകനന്ദയിൽ ഇറങ്ങി മുങ്ങുന്നു. കുളിച്ച് സന്തോഷത്തോടെ വരുന്ന മധുവിന്റെ മുന്നിൽ ബാബാജി പ്രത്യക്ഷപ്പെടുന്നു. (പരമഹംസ യോഗാനന്ദന്റെ പുസ്തകത്തിലെ അതേ ബാബാജി തന്നെ. വെള്ളക്കാരന്റെ നിറവും ജരാനരകൾ പിടികൂടാത്ത ശരീരവും ഉള്ള അതേ ബാബാജി ). അന്വേഷകന്റെ ആവശ്യത്തോട് മുഖവും മനസ്സും തിരിച്ചതിന് ബാബാജി മധുവിനെ ശാസിക്കുന്നു. ഇപ്പോൾ തന്നെ സമാധി കൈവരിക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം സമാധി കൈവരിക്കുന്നു.

ഇങ്ങനെ സമാധി കൈവരിച്ച മധുവിന്റെ പുനർജന്മമാണ് നാം വായിക്കുന്ന ഈ പുസ്തകത്തിന്റെ കർത്താവ് ശ്രീ എം. ഇത്തരത്തിലുള്ള അമർ ചിത്രകഥാ സന്ദർഭങ്ങളാൽ സമൃദ്ധമായ ഈ രചനയാണോ, ശ്രീ എം ന് ഇടതുപക്ഷ ഗവണ്മെന്റുകളുടെയടക്കം രാജഗുരുപദവി നേടിക്കൊടുത്തത് എന്ന് ആർക്കും സംശയിക്കാൻ തോന്നുന്ന വിധം ലളിതമായ ഒരു ഫിക്ഷൻ സ്വഭാവമാണ് ഇതിനുളളത്. സ്വാമിത്തോപ്പിലെ ശ്മശാനത്തിൽ പ്രേതത്തെ കണ്ടുമുട്ടുന്നതോ കാലടിമസ്താന്റെ ഉച്ഛിഷ്ടച്ചായ കുടിച്ച് മൂന്നുദിവസം ബോധം കെട്ടു കിടന്നതോ ഒന്നും ഇനി നിങ്ങളെ അത്ഭുതപ്പെടുത്തില്ല. തമിഴ്‌നാട്ടിലെ പോട്ടൽ പുത്തൂരിൽ വെച്ച് ദുഷ്ട അതിന്ദ്രീയ ശക്തികൾ ആക്രമിക്കാൻ വന്നതും വീട്ടുവളപ്പിൽ മുജ്ജന്മത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഗുരു പ്രത്യക്ഷപ്പെട്ടതും സ്വാഭാവികമാകുന്നു. കേരളീയനല്ലാത്ത ഈ ഗുരു ബദരീനാഥത്തിലെ മലയാളി പുരോഹിതനോടു സംസാരിക്കുമ്പോൾ അയാളുടെ തലച്ചോറിലൂടെ സഞ്ചരിക്കുന്ന മലയാളവീചികൾ പിടിച്ചെടുത്ത് മലയാളത്തിൽ പ്രതിവചിക്കുന്നു. അരുന്ധതി ഗുഹയിൽ വെച്ചു നടന്ന സംഭവം മാത്രം ഒരു പക്ഷേ, നിങ്ങളുടെ നെറ്റി അല്പം ചുളിച്ചേക്കാം. ഒരു രാത്രിയിൽ ഒരു തീഗോളം അവിടെ താമസിക്കുന്ന ശ്രീ എമ്മിന്റേയും ഗുരുവിന്റേയും മുന്നിൽ വന്നു വീഴുന്നു. ഇംഗ്ലീഷിൽ നിന്ന്​ അതൊന്നു പരിഭാഷപ്പെടുത്തി നോക്കാം. ""രണ്ടടിപ്പൊക്കമുള്ള തീഗോളം നെടുകെപ്പിളർന്ന്​ പുറത്തുവന്ന ‘അത്’ എന്റെ ശരീരത്തിലെമ്പാടും രോമാഞ്ചം മൂലമുള്ള മുകുളങ്ങൾ സൃഷ്ടിച്ചു . മൂർഖന്റേതുപോലത്തെ പത്തിയുള്ള, നീലനിറത്തിൽ വിദ്യുത്പ്രവാഹം പോലെ തിളങ്ങുന്ന വലിയൊരു സർപ്പമായിരുന്നു അത്.''
ആ നാഗം ഗുരുവിന്റെ മുന്നിൽ നമസ്‌കരിക്കുകയും പരസ്പരം കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ആകാശഗംഗയിൽ ഏഴുഗ്രഹങ്ങളും പതിനെട്ടു ചന്ദ്രന്മാരുമുള്ള ഒരു സൗരയൂഥത്തിലാണു നാഗലോകം സ്ഥിതി ചെയ്യുന്നതെന്നും , അവിടെ നിന്നാണ് അതിഥിയായ സർപ്പം വന്നതെന്നും ശ്രീ എം വെളിപ്പെടുത്തുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ശ്രീ എമ്മും

ഇത്തരം കൗതുകകരമായ മൊണ്ടാഷുകളിലൂടെയും മിസ് എൻ സീനുകളിലൂടെയുമാണു ഈ ആത്മകഥ വികസിക്കുന്നത്. ഈ നൂറ്റാണ്ടിൽ ഇത്തരമൊരു ആത്മകഥ ആരെയാണ് അഭിമുഖീകരിക്കുക എന്ന് നമുക്ക് അത്ഭുതപ്പെടാം. പക്ഷെ ഈ അമർചിത്രകഥാ മുഹൂർത്തങ്ങൾ എങ്ങനെയാണ് നവോത്ഥാന, നവോത്ഥാനന്തര മനുഷ്യരെ ബാധിക്കുന്നത് എന്നറിയാൻ ഒന്നു രണ്ടു ഉദാഹരണങ്ങൾ കൂടിപ്പറയാം. ഒന്ന്, വഞ്ചിയൂരിലെ അയൽപക്ക ജീവിതത്തെപറ്റി: ""5 വയസ്സിനും 9 വയസ്സിനുമിടക്ക് ഞാൻ ഹിന്ദുയിസത്തോടും ക്രിസ്റ്റ്യാനിറ്റിയോടും മുഖാമുഖം ദർശിച്ചു. ആ വയസ്സിൽ തന്നെ ഒരു മതത്തിൽപ്പെട്ട ആളുകൾ മറ്റുള്ള മതങ്ങളോട് എത്രമാത്രം മുൻ വിധികൾ ആണ് പുലർത്തുന്നത് എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് മുസ്​ലിം സിദ്ധരെക്കുറിച്ച് പറയുമ്പോൾ ഉന്മാദത്തിലെത്തുന്ന എന്റെ വല്യുമ്മ ഹിന്ദുമതത്തെ വെറുത്തിരുന്നു. ഞങ്ങളുടെ ഏതെങ്കിലും ഹിന്ദു അയൽക്കാരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനെതിരെ അവർ എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവിശുദ്ധർ എന്ന് അവർ കരുതിയിരുന്ന ഹിന്ദുദൈവങ്ങൾക്ക് നിവേദിച്ചതാകും ആ ഭക്ഷണപദാർത്ഥങ്ങൾ എന്നവർ കരുതിയിരുന്നു. ഹിന്ദുക്കളെ വിഗ്രഹാരാധകർ എന്ന് പലപ്പോഴും വിശേഷിപ്പിച്ചിരുന്നു. ഇസ്​ലാമിന്റെ ഉദയമാണ് മനുഷ്യരാശിയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നേട്ടം എന്ന് അവർ കരുതിയിരുന്നു. മുസ്​ലിംകൾക്ക് സ്വർഗ്ഗത്തിൽ ഒരു സ്ഥാനം ഉറപ്പു വരുത്തിയിരിക്കുന്നു'' (പേജ് 4)

ഞങ്ങളുടെ അയൽക്കാർ മുഴുവൻ ഹിന്ദുക്കൾ ആയിരുന്നു. അവരുടെ വീടുകൾ സന്ദർശിക്കുമ്പോൾ അവർ ആരാധിച്ചിരുന്നിരുന്നദൈവങ്ങളുടെ വൈവിദ്ധ്യബാഹുല്യം എന്നെ ആകർഷിച്ചിരുന്നു. ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണകുടുംബത്തിലെ ഒരു സ്ത്രീ എന്നെ വലുതായി ഇഷ്ടപ്പെടുകയും എനിക്ക് മധുരപലഹാരങ്ങൾ തരുന്നതിൽ ആനന്ദം അനുഭവിക്കുകയും ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി. അതേ സമയം എന്റെ വല്യുമ്മ അവ കഴിക്കുന്നതിൽ നിന്നും എന്നെ തടയുകയാണ് ചെയ്തത്. അതേ സമയം റംസാന്റേയും ബക്രീദിന്റേയും അവസരത്തിൽ എന്റെ ഉമ്മ ഉണ്ടാക്കി അയല്പക്കത്തെ നായർ വീടുകളിൽ വിതരണം ചെയ്തിരുന്ന രുചികരമായ മട്ടൺബിരിയാണിക്ക് കാത്തിരിക്കുകയായിരുന്നു എന്റെ ഹിന്ദു അയൽക്കാർ. എന്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ ഇഡ്ഡലിയ്ക്കും സാമ്പാറിനും പുത്തൻ വാഴയിലയിൽ വിളമ്പുന്ന മലയാളി പച്ചക്കറി ഊണിനും വേണ്ടി കൊതിച്ചു ( പേജ് 5)

ഹൈന്ദവാഭിമുഖ്യം തന്നിൽ പുനർജന്മസ്മൃതിയായി എങ്ങനെ ചേർന്നലിഞ്ഞുകിടക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഓർമകളെ ശ്രീ എം ഇങ്ങ‌നെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂറിൽ ഹിന്ദുക്കൾ എത്രമാത്രം സഹിഷ്ണുതയുള്ളവരും മുസ്‌ലീങ്ങൾ അസഹിഷ്ണുക്കളുമായിരുന്നു എന്ന് എത്ര നിഷ്‌കളങ്കമായാണ് പറഞ്ഞു വെയ്ക്കുന്നത് . അതുപോലെത്തന്നെ തന്റെ തീറ്റശീലങ്ങൾ എത്രമാത്രം ബ്രാഹ്‌മണികമായിരുന്നു എന്നും. ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലപ്പെട്ട മനുഷ്യരുള്ള ഒരു രാജ്യത്തിരുന്നാണ് ഈ പുസ്തകത്തിന്റെ പാരായണം നിർവ്വഹിക്കുന്നത് എന്ന് അറിയാത്ത വിധം മസൃണവും "സ്വാഭാവികവു ' മായാണ് ഈ ആഖ്യാനം നീങ്ങുന്നത്. നവോത്ഥാനം ഭക്ഷണശീലങ്ങളേയും വസ്ത്രധാരണത്തേയും അട്ടിമറിച്ചതൊന്നും ഈ ആത്മകഥയുടെ പ്രശ്‌നങ്ങളേ അല്ല. സ്വയം സന്യാസം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ച ശ്രീനാരായണഗുരു ഈ പുസ്തകത്തിൽ സ്മരിക്കപ്പെടുന്നുണ്ടെങ്കിലും അത് വ്യാജവിവരണങ്ങളും ശ്രദ്ധക്കുറവുകളും കൊണ്ടു മാത്രമാണ് നമ്മുടെ ശ്രദ്ധയാകർഷിക്കുക.

വേദാന്തത്തിലേയും സോക്രട്ടിസത്തിലേയും പരമോന്നതതത്വമായ "മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക എന്നത് ഉദാഹരിക്കുന്നതിനു വേണ്ടി സമകാലീന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മലയാളി എന്നു സർവ്വസമ്മതി നേടിയ ശ്രീനാരായണഗുരുവിനെക്കുറിച്ച് വരുത്തിയ അക്ഷന്തവ്യമായ തെറ്റുകൾക്ക് ഗ്രന്ഥകാരൻ എവിടെയെങ്കിലും ഖേദിച്ചതായി കേട്ടിട്ടില്ല.

ശ്രീനാരായണഗുരുവിന്റെ സ്വാധീനംമാത്രമല്ല, ഓർമയും തിരുവിതാംകൂറിൽ നിറഞ്ഞുനിൽക്കുന്ന കാലത്താണ് ശ്രീ എമ്മിന്റെ കുട്ടിക്കാലം എന്നു നമുക്ക് കാലഗണനയിൽ നിന്ന് ഊഹിക്കാം. തന്റെ അവധൂതകാലത്ത് രണ്ടു വർഷം ശിവഗിരിയിൽ ചെലവഴിച്ചതായി അദ്ദേഹം പറയുന്നുമുണ്ട്. എന്നിട്ടും ഭാര്യയുടെ മരണശേഷം സന്യാസത്തിനിറങ്ങിയതാണ് ശ്രീനാരായണഗുരു എന്ന ചരിത്രത്തോട് ഒരു തരത്തിലും നീതി പുലർത്താത്ത വിവരണമാണ് ശ്രീനാരായണഗുരുവിന്റെ കഥ എന്ന അദ്ധ്യായത്തിൽ അദ്ദേഹം നൽകുന്നത് "ആന്തരികാനുഭവങ്ങൾ ഒരു വശത്ത് ആത്മീയാദ്ധ്യാപനമായും മറുവശത്ത് സാമൂഹികപരിഷ്‌കരണമായും ( ശ്രീനാരായണഗുരുവിൽ ) വിടർന്നു. പ്രത്യേകിച്ചും ഹ്രസ്വകാലത്തെ അസുഖത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ (അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല ) നാണു, വലിയ കൂട്ടം അനുയായികളുള്ള, ഒരു മുഴുവൻ സമയ അവധൂതനായി. ജനങ്ങൾ അദ്ദേഹത്തെ ശ്രീനാരായണഗുരു എന്നു വിളിച്ചു. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമ്മാണം നടത്താൻ സഹായിക്കുകയും ചട്ടങ്ങൾക്കെതിരായി ബ്രാഹ്‌മണരോട് അനുവാദം വാങ്ങാതെ അവയ്ക്കുള്ളിൽ പ്രതിഷ്ഠകൾ സ്ഥാപിക്കുകയും ചെയ്തു. ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹം അവിടെ ഒരു കണ്ണാടി സ്ഥാപിച്ചു. വേദാന്തത്തിലേയും സോക്രട്ടിസത്തിലേയും പരമോന്നതതത്വമായ "മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക എന്നത് ഉദാഹരിക്കുന്നതിനു വേണ്ടി സമകാലീന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മലയാളി എന്നു സർവ്വസമ്മതി നേടിയ ശ്രീനാരായണഗുരുവിനെക്കുറിച്ച് വരുത്തിയ അക്ഷന്തവ്യമായ തെറ്റുകൾക്ക് ഗ്രന്ഥകാരൻ എവിടെയെങ്കിലും ഖേദിച്ചതായി കേട്ടിട്ടില്ല. അതു പോട്ടെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നിർവ്വഹിക്കാൻ ബ്രാഹ്‌മണരോട് അനുവാദം വാങ്ങിയില്ല എന്ന ഒഴുക്കൻ വരികൊണ്ട് ആ ജീവിതത്തെ തന്നെ റദ്ദു ചെയ്യുകയാണ് ശ്രീ എം ചെയ്യുന്നത്. ശ്രീനാരായണഗുരുവിന് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല എന്ന കാര്യം മൂടിവെച്ചുകൊണ്ട് ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്ന ആളായിരുന്നു എന്ന മട്ടിൽ ഒരു വ്യാജോക്തി എഴുതി ചേർക്കുന്നു. പുതിയ കേരളത്തിന്റെ തറക്കല്ലിടലായി പിൽക്കാലം മനസ്സിലാക്കിയ അരുവിപ്പുറം പ്രതിഷ്ഠയാകട്ടെ ബ്രാഹ്‌മണരോട് കൂടിയാലോചിക്കാതെ നടത്തിയ ക്ഷേത്രപുനരുദ്ധാരണം ആയിത്തീരുന്നു.

വ്യാജചരിത്രം ഉണ്ടാകുന്നത് കരുതിക്കൂട്ടിമാത്രമാണെന്ന് ഈ ലേഖകൻ വിശ്വസിക്കുന്നില്ല. മറിച്ച് അത് പലപ്പോഴും സംഭവിക്കുന്നത് അവഗണനകൊണ്ടുകൂടിയാണ്. ഈ അവഗണന തിരുവിതാംകൂറിന്റെ ചരിത്രത്തിൽ മാത്രമല്ല. താൻ സഞ്ചരിച്ച ചരിത്രകാലത്തോട് മുഴുവൻ ശ്രീ എം പുലർത്തുന്നുണ്ട്.

എം.എം ബഷീർ

പ്രാകൃതമായ മതബോധവും ഉപനിഷദ്ക്കാലത്ത് തന്നെ തളഞ്ഞുകിടക്കുന്ന ആലോചനയും സ്വപ്നങ്ങളും മാന്ത്രികതകളും എല്ലാം ചേർന്ന് നവോത്ഥാനചരിത്രത്തെ മായ്ച്ചുകളയുകയാണ് കുട്ടിക്കഥ പോലെ അത്ഭുതങ്ങൾ കൊരുത്തുണ്ടാക്കിയ ഈ ആത്മകഥയുടെ കാതൽ. സൂക്ഷിച്ചുനോക്കിയാൽ മതമെന്നാൽ ഭൂതകാലത്തെ കെട്ടുകഥകളിൽ കുടുങ്ങിക്കിടക്കുന്ന ഒന്നാണെന്നും അത് അപഗ്രഥനവിധേയമാക്കേണ്ട ഒന്നല്ലെന്നും ഉള്ള അബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന പുസ്തകം ആണിത്. നിർഭാഗ്യവശാൽ ഈ വ്യാഖാനത്തിന്റെ പ്രയോഗമാണ് മലയാളി സമൂഹത്തിൽ ഹിന്ദുത്വശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്​. എം. എം. ബഷീറിന്റെ രാമായണവ്യാഖാനം മുതൽ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം വരെ തടയുന്ന വിധത്തിൽ ഹിന്ദുത്വശക്തികളുടെ വളർച്ച ഉണ്ടായതിനുപിന്നിൽ ഇത്തരം നിഷ്‌കളങ്കാഖ്യാനങ്ങൾക്കും പങ്കുണ്ട് എന്നറിയുമ്പോൾ മാത്രമേ ഒരു ഇടതുപക്ഷ ഗവണ്മെന്റിൽ നിന്നും നാം പ്രതീക്ഷിക്കാത്ത തരത്തിലുളള ഇത്തരം രാജഗുരു പദവികൾ എത്ര പ്രതിലോമകരമാണ് എന്ന് നാം തിരിച്ചറിയൂ. രാഷ്ട്രീയാധികാരമല്ല, മറിച്ച് സാംസ്‌കാരാധികാരമാണ് ഹിന്ദുത്വശക്തികൾ കേരളത്തിൽ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞവരെ ഞെട്ടിക്കുന്ന തീരുമാനം ആണിത്. ശ്രീ എമ്മും ശ്രീ എച്ചും (ഹിന്ദുത്വ) ശ്രീ എല്ലും (ലെഫ്റ്റ്) തമ്മിലുള്ള സാംസ്‌കാരികബന്ധങ്ങൾ ഇത്രക്കും അജ്ഞതയിൽ കെട്ടിപ്പൊക്കിയതായിക്കൂടാ.▮


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments