ഇക്കുറി പു.ക.സയ്ക്ക് ഈ ഭാരം ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്, അത് തെറ്റി

കെ.എസ്.എഫ്.ഡി.സി ചെയർമാൻ സ്ഥാനം വഹിക്കുന്ന ഷാജി എൻ. കരുണിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇക്കുറി പു.ക.സ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റും എന്ന ഒരു ധാരണ പൊതുവിൽ ഇടതുപക്ഷ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു - പി. പ്രേമചന്ദ്രൻ എഴുതുന്നു

ലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ വീണ്ടും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായതിൽ കരയുകയാണോ ചിരിക്കുകയാണോ വേണ്ടത് എന്നറിയാത്ത അവസ്ഥയിലാണിപ്പോൾ. പുരോഗമന കലാസാഹിത്യ സംഘം വലിയ പ്രസക്തിയുള്ള, സാമൂഹിക ചലനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഇന്നും പ്രാപ്തിയുള്ള, നാടിന്റെ വേരുകളോളം കടന്ന് ചെല്ലാൻ കഴിയുന്ന സംഘടനാസംവിധാനമുള്ള ഒരു സാംസ്കാരിക പ്രതിരോധ കൂട്ടായ്മ തന്നെയാണ്.

നിസ്വാർത്ഥരായി, ഉറച്ച ഇടതുപക്ഷ ബോധ്യത്തോടെ പ്രവർത്തിക്കുന്ന നിരവധി സാധാരണക്കാരായ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർ അതിലുണ്ട്. സ്വാഭാവികമായും പാർട്ടിബന്ധങ്ങളും ആ വഴിയിൽ ഇടത്തരം സാഹിത്യത്തിനുള്ള ചില മുൻകൈകളും അതിലുണ്ടാകാം, അതൊന്നും അത്രയും വലിയ അനീതിയൊന്നുമല്ല. എല്ലാ മേഖലകളിലും താരസ്വഭാവത്തോടെ വിരാജിക്കുന്ന ആളുകളെല്ലാം അത്രയും പ്രതിഭാശാലികളൊന്നുമല്ലല്ലോ.

കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ
കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ

ഷാജി എൻ. കരുൺ ചലച്ചിത്ര വികസന കോർപ്പറേഷൻ അദ്ധ്യക്ഷനായിരിക്കുമ്പോൾ കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം അവിടെ ചെയ്തുകൊണ്ടിരിക്കുന്ന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ സംഗതികളെക്കുറിച്ച് ഈ മേഖലയിലുള്ളവർ തുടർച്ചയായി വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കും ദലിതരായ ചലച്ചിത്ര പ്രവർത്തകർക്കും സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കാൻ വലിയ സ്വപ്ന പദ്ധതികൾ ഉണ്ടാക്കിയപ്പോൾ അത് നിർഭാഗ്യവശാൽ കെ.എസ്.എഫ്.ഡി.സിയെയാണ് ഏൽപ്പിച്ചത്. അവരിൽ ഒരാൾ പോലും സമാധാനത്തോടെ, സന്തോഷത്തോടെ അവരുടെ പ്രോജക്ടുകൾ പൂർത്തീകരിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അറിയുന്നത്.

അവരെ അപമാനിക്കാവുന്നത്രയും അപമാനിക്കുകയും കഷ്ടപ്പെടുത്താവുന്നത്ര കഷ്ടപ്പെടുത്തുകയും കുനിയാൻ കഴിയുന്നത്ര വിനീതദാസന്മാരാക്കുകയും ചെയ്യാൻ അദ്ദേഹമടക്കം നടത്തിയ പ്രവർത്തനങ്ങൾ ഇന്ന് പൊതുസമൂഹത്തിൽ ഉണ്ട്.
പു.ക.സയുടെ പ്രസിഡണ്ടും കെ.എസ്.എഫ്.ഡി.സി യുടെ ചെയർമാനും ആയിരിക്കുമ്പോഴാണ് അദ്ദേഹം വളരെ ചെറിയ ഒരു സംഘമായ ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള റീജിയണൽ കൗൺസിലിലേക്ക് മത്സരിക്കാൻ ഒരു നാമനിർദ്ദേശപത്രികയുമായി വരുന്നത്. അതും തിരുവനന്തപുരത്തുള്ള ഷാജി എൻ. കരുൺ മലപ്പുറത്തുള്ള ഒരു ഫിലിം സൊസൈറ്റിയുടെ അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മത്സര രംഗത്തേക്ക് വരുന്നത്. അത് ഫിലിം സൊസൈറ്റി ഫെഡറേഷൻ പിടിച്ചെടുക്കാനുള്ള ചിലരുടെ ഗൂഢതന്ത്രങ്ങൾക്ക് ഒപ്പം ചേർന്നുള്ള കളിയായിരുന്നു. സ്വാഭാവികമായും അദ്ദേഹം മത്സരിച്ചു പരാജയപ്പെടുന്നത് ഒഴിവാക്കാൻ സി.പി.എം പാർട്ടി എന്ന നിലയിൽ തന്നെ ശ്രമിക്കും എന്ന് ഗൂഢതന്ത്രക്കാർക്ക് ഊഹിക്കാവുന്നതാണല്ലോ. ആ നിലയിൽ അത് പാർട്ടിയുടെ ഉന്നതകേന്ദ്രങ്ങളിൽ അവർ എത്തിക്കുകയും ചെയ്തു. പിന്നീട് പാർട്ടിയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തെയും പിടിച്ചെടുക്കാനെത്തിയവരെയും നേരത്തെ തുടരുന്നവരെയും എല്ലാം ചേർത്ത് ഒരു അവിയൽ റീജിയണൽ കൗൺസിൽ ഉണ്ടാക്കി. അദ്ദേഹത്തെ വൈസ് പ്രസിഡണ്ടുമാക്കി.

നിയമാവലി പ്രകാരം അദ്ദേഹത്തിന് വലിയ അധികാരമൊന്നുമില്ല. റീജണൽ സെക്രട്ടറിയായിരുന്ന വനിതയെ ഒരു വർഷക്കാലം ഒരു പ്രവർത്തനവും ചെയ്യാൻ അനുവദിക്കാതെ, തന്റെ അധികാരത്തിന്റെ മേനിയെക്കുറിച്ച് വീമ്പു പറയുകയായിരുന്നു അദ്ദേഹം. ഒടുവിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സെക്രട്ടറിയെ പുറത്താക്കി. കേന്ദ്രനേതൃത്വത്തിന് നിരന്തരം കത്തയച്ച് കേരളത്തിലെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും സാംസ്കാരിക വകുപ്പിലും ധനവകുപ്പിലും കത്തയച്ച് ഫെഡറേഷന് ലഭിക്കുന്ന നിസ്സാരമായ സാമ്പത്തിക ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ സമൂഹമധ്യത്തിൽ ഇകഴ്ത്തിക്കാട്ടാൻ നിരന്തരം ഫിലിം സൊസൈറ്റി പ്രവർത്തകർക്ക് പേര് വെച്ച് കത്തയച്ചു. ഇരുവിഭാഗവും പാർട്ടി ബന്ധുക്കൾ ആയതുകൊണ്ട് വലിയ നിലയിൽ സംഗതി പുറത്തായില്ല. എങ്കിലും നിരവധി വാർത്തകൾ ഈ വിഷയത്തിൽ ഉണ്ടായി.
ഇക്കുറി അദ്ദേഹം കുറേക്കൂടി ആളുകളെ സംഘടിപ്പിച്ചും പ്രചരണം നടത്തിയും ഫിലിം സൊസൈറ്റി ഫെഡറേഷനിൽ മത്സര രംഗത്ത് ഇറങ്ങി. ആ പാനൽ അങ്ങനെ തന്നെ ദയനീയമായി പരാജയപ്പെട്ടു. ആരും ഇടപെടാൻ ഉണ്ടായില്ല. തുടർന്ന് വീണ്ടും കെ.എസ്.എഫ്.ഡി.സിയിൽ അദ്ദേഹത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതൊക്കെക്കൊണ്ട് ഇക്കുറി പു.ക.സ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റും എന്ന ഒരു ധാരണ പൊതുവിൽ ഇടതുപക്ഷ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു.

കേന്ദ്രസർക്കാരിന് കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരൻ അദ്ദേഹമാണ് എന്നതാണ് മറ്റൊരു വിരോധാഭാസം. നാഷണൽ ഫിലിം ആർക്കൈവും ഫിലിം ഡിവിഷനും എല്ലാം റദ്ദാക്കുകയും എൻ.എഫ്.ഡി.സി എന്ന കമ്പനിയിൽ ഇവയെല്ലാം ലയിപ്പിക്കുകയും ചെയ്യേണ്ടുന്നതിന്റെ താക്കോൽ സ്ഥാനത്ത് കേന്ദ്രം ഇരുത്തിയത് അദ്ദേഹത്തെയാണ്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു സംഘപരിവാര ചലച്ചിത്രോത്സവത്തിൽ നാല് കേന്ദ്രമന്ത്രിമാർക്കൊപ്പം നിൽക്കുന്ന ഈ ചലച്ചിത്ര സംവിധായകനെ കണ്ട ഞെട്ടൽ മാറിയിട്ടില്ല. ഇതൊക്കെ മനസ്സിലുള്ളതു കൊണ്ടായിരിക്കാം ഇക്കുറി പു.ക.സയ്ക്ക് ഈ ഭാരം ഉണ്ടാകില്ല എന്നാണ് വിചാരിച്ചത്. അത് തെറ്റി. വീണ്ടും അതിശക്തമായ ഇടപെടൽ ഉണ്ടായിക്കാണണം.

കേന്ദ്രസർക്കാരിന് കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരൻ അദ്ദേഹമാണ് എന്നതാണ് മറ്റൊരു വിരോധാഭാസം. നാഷണൽ ഫിലിം ആർക്കൈവും ഫിലിം ഡിവിഷനും എല്ലാം റദ്ദാക്കുകയും എൻ.എഫ്.ഡി.സി എന്ന കമ്പനിയിൽ ഇവയെല്ലാം ലയിപ്പിക്കുകയും ചെയ്യേണ്ടുന്നതിന്റെ  താക്കോൽ സ്ഥാനത്ത് കേന്ദ്രം ഇരുത്തിയത് അദ്ദേഹത്തെയാണ്.
കേന്ദ്രസർക്കാരിന് കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരൻ അദ്ദേഹമാണ് എന്നതാണ് മറ്റൊരു വിരോധാഭാസം. നാഷണൽ ഫിലിം ആർക്കൈവും ഫിലിം ഡിവിഷനും എല്ലാം റദ്ദാക്കുകയും എൻ.എഫ്.ഡി.സി എന്ന കമ്പനിയിൽ ഇവയെല്ലാം ലയിപ്പിക്കുകയും ചെയ്യേണ്ടുന്നതിന്റെ താക്കോൽ സ്ഥാനത്ത് കേന്ദ്രം ഇരുത്തിയത് അദ്ദേഹത്തെയാണ്.

വ്യക്തിപരമായി അദ്ദേഹത്തോട് ഇഷ്ടക്കുറവുമുള്ള ആളല്ല ഞാൻ. വലിയ പരിചയവും ഇല്ല. ഒരിക്കൽ ഞങ്ങളുടെ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനും വന്നിട്ടുണ്ട്. മലയാളത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ ഒന്ന് കുട്ടിസ്രാങ്ക് ആണ്. അതിൽ സംശയമില്ല. മറ്റൊന്ന് വാനപ്രസ്ഥവും. അതിന്റെ സംവിധായകൻ എന്ന നിലയിലുള്ള ബഹുമാനം എപ്പോഴും ഉണ്ടാകും. ഇപ്പോഴുള്ള വിഷയങ്ങളിൽ, നിങ്ങൾ വലിയ നിലയിൽ അപമാനിച്ച സ്ത്രീകളോടും മറ്റു മനുഷ്യരോടും ഒപ്പം തന്നെയാണ് നിൽക്കുന്നത്, മിസ്റ്റർ പ്രസിഡണ്ട്. അത് പറയാൻ നിങ്ങളുടെ ഒരു സ്ഥാനവും തടസ്സമല്ല.

Comments