മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ആ സ്ഥാനം ഉപേക്ഷിച്ചശേഷം തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് ഒരു സീറ്റിനെ പേരിലാണ് എന്നത് മാറ്റിനിർത്തിയാൽ അതിന്റെ രാഷ്ട്രീയമാനം വളരെ വലുതാണ്; ഒരു പ്രതീകാത്മക ശുദ്ധീകരണ പ്രക്രിയയും. ‘ഞങ്ങൾ ആണുങ്ങൾ' വെച്ചുനീട്ടുന്ന ഔദാര്യമാണ് ‘നിങ്ങൾ പെണ്ണുങ്ങൾ' നേടുന്ന സ്ഥാനങ്ങൾ എന്ന തീർത്തും പുരുഷകേന്ദ്രീകൃതമായ ഒരു ചിന്തക്കു നേരെയാണ് ലതിക എന്ന രാഷ്ട്രീയപ്രവർത്തക തന്റെ മുണ്ഡനം ചെയ്ത ശിരസ്സ് ഉയർത്തി നിൽക്കുന്നത്. ബിന്ദു കൃഷ്ണയുടെ കണ്ണീരുമായി ഇതിനെ പ്രത്യക്ഷത്തിൽ താരതമ്യം ചെയ്യാമെങ്കിലും ഇതിന്റെ രാഷ്ട്രീയമാനം കുറച്ചു കൂടി ഗഹനമാവുന്നത് അത് ഒരു ഇന്ത്യൻ രാഷ്ട്രീയാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ്. ബിന്ദുവിന്റെ കണ്ണീർ ഒരു ചെറിയ ഭൂമികയിലാണ് വീണതെങ്കിൽ ലതികയുടെ മുടിച്ചുരുൾ പറന്നുവീണത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പാട്രിയാർക്കിക്കു മേലെയാണ്, ചരിത്രത്തിനു മേലെയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തിൽ പോലും, അത് നിയമനിർമ്മാണത്തിലൂടെ തീരുമാനിക്കപ്പെട്ടാണെങ്കിലും, ഒരു തരം ഔദാര്യത്തിന്റെ വലയം അതിനെ ചുറ്റിനിൽക്കുന്നുണ്ട്. അതിനാൽ തന്നെ ഈ മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സ് ഇന്ത്യ എന്ന രാഷ്ട്രത്തിലെ സ്ത്രീരാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നു എന്നുതന്നെ പറയേണ്ടിവരും. ലതികയുടെ തലമുണ്ഡനം ഒരു ചോദ്യമാണ് ഉത്തരമല്ല; അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും.
ഇന്ത്യൻ രാഷ്ട്രീയം തന്നെ എടുക്കാം. ഇന്ദിരാഗാന്ധി എന്ന വനിതാനേതാവ് ഉയർന്നു വരുന്നത് നെഹ്റു എന്ന വടവൃക്ഷത്തിന്റെ തണലിൽ നിന്നുകൊണ്ടാണ്, എങ്കിലും പിന്നീട് അവർ തന്റെ അസ്തിത്വം തെളിയിച്ചത് സ്വന്തം കരുത്ത് അരക്കിട്ടുറപ്പിച്ചുകൊണ്ടാണ്. രാഷ്ട്രീയത്തിലേയും ഭരണത്തിലേയും ശരിതെറ്റുകൾക്കപ്പുറം താനൊരു നേതാവാണെന്ന് ഉറപ്പിച്ചു പറയാനും പ്രവർത്തിച്ചു കാണിക്കാനും അവർക്ക് ആർജ്ജവമുണ്ടായിരുന്നു. അതിന്റെ ദുരുപയോഗം ചെന്നുനിന്നത് അടിയന്തിരാവസ്ഥ പോലൊരു രാഷ്ട്രീയ ദുരന്തത്തിലാണെന്നതു മറന്നുകൊണ്ടല്ല ഇപ്പറയുന്നത്.
പിന്നീട് സോണിയ ഗാന്ധിയിൽ എത്തുമ്പോൾ ഉത്തരവാദിത്തങ്ങൾ അവർക്കുമേൽ അടിച്ചേൽപിക്കപ്പെടുകയായിരുന്നു, പിന്നീടവർ അതിന്റെ ഭാഗമായെങ്കിലും. അത് ഒരു വനിതാനേതാവിന് നൽകിയ അംഗീകാരമൊന്നും ആയിരുന്നില്ല, മറിച്ച്, രാജീവ് ഗാന്ധിവധത്തെ തുടർന്ന് അനാഥമാക്കപ്പെട്ട (നാഥൻ എന്നത് നെഹ്റു കുടുംബം ആണ് എന്ന സങ്കൽപം) പ്രസ്ഥാനത്തെ നയിക്കാൻ ആ കുടുംബത്തിൽ അന്ന് അവർ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നുപറഞ്ഞാൽ അതൊരു വനിതാ നേതാവിന് നൽകിയ അംഗീകാരമൊന്നും ആയിരുന്നില്ല.
പുരുഷൻ ഉത്തരവിടുകയും സ്ത്രീ വാതിലിനു പിറകിൽ മറഞ്ഞുനിന്നു അനുസരിക്കുകയും ചെയ്യുന്ന ആ പഴയ ഫ്യൂഡൽ സിദ്ധാന്തം മറ്റൊരു തരത്തിൽ രാഷ്ട്രീയത്തിലും കാലദേശഭേദമില്ലാതെ പുനരവതരിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്. ഒരു നേതാവെന്ന നിലയിൽ തന്റേതായ ഇടമുണ്ടാക്കാനായ എത്ര വനിതാ നേതാക്കൾ ഉണ്ടാവും നമുക്ക്? തമിഴ്നാട്ടിൽ ജയലളിതയുടെ ഉയർച്ചയാണ് ഒരു ചരിത്രം. പക്ഷെ അവിടെയും അതെ, എം.ജി.ആർ എന്ന മഹാമേരുവിന്റെ തണലിൽ നിന്നുമാണ് അവർ ഉയർന്നുവന്നത്. എം.ജി.ആർ എന്ന അച്ചുതണ്ടില്ലായിരുന്നെങ്കിൽ ജയലളിത എന്ന നേതാവുണ്ടാകുമായിരുന്നോ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം കിട്ടില്ല.
പിന്നീട് ജയലളിത എന്ന നേതാവിന്റെ പ്രവർത്തനം പുരുഷകേന്ദ്രീകൃതമായ ഇതേ രാഷ്ട്രീയത്തോടുള്ള വെല്ലുവിളികൂടിയായിരുന്നു എന്ന കാര്യം നമ്മൾ കാണാതെ പോകരുത്. പക്ഷേ, പൊളിറ്റിക്കൽ പാട്രിയാർക്കിക്കെതിരായ യുദ്ധം (നേരിട്ടല്ലെങ്കിലും) ജയലളിതക്കപ്പുറം പോയില്ല എന്നത് ശ്രദ്ധേയമാണ്. ശശികല എന്ന ഘടകം ഈ പിൻഗാമീചർച്ചയുടെ പുറത്തു നിൽക്കുന്ന ഒരു ഘടകം മാത്രമാണ്.
ഒരു ദളിത് നേതാവെന്ന നിലയിൽ മായാവതിയുടെ ഉയർച്ചയായിരുന്നു ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്ത മറ്റൊരു ഘടകം. എന്നാൽ ഇവിടെയുമതെ അവർ വളർന്നുവന്നത് കാൻഷിറാം എന്ന പ്രതിഭാസത്തിന് കീഴിലാണ്. മറ്റൊരു പിൻഗാമി.
അങ്ങനെ തണൽ പറ്റാതെ വളർന്ന ഒരു നേതാവ് മമത ബാനർജിയാണ് എന്ന് പറയാം. കോൺഗ്രസിൽ നിന്നും വഴക്കിട്ടിറങ്ങി ഒരു തരത്തിലുള്ള നീക്കുപോക്കുകൾക്കും വഴങ്ങാതെ നേരെ ബംഗാൾ രാഷ്ട്രീയത്തിൽ തന്റെ കാലുറപ്പിക്കാൻ അവർക്കായത് സ്വന്തം കരുത്തുകൊണ്ടുമാത്രമാണ്. മമതയുടെ രാഷ്ട്രീയം നിലനിൽക്കുന്നത് കണ്ണിനു കണ്ണ് എന്ന കാഴ്ചപ്പാടിൽ തന്നെയാണ് എന്ന് മാത്രമല്ല, അതിനെ ഒരുതരത്തിലും ആദർശവല്ക്കരിക്കാൻ കഴിയില്ല താനും.
എന്നാൽ മമത ബാനർജി എന്ന നേതാവ് പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയത്തിന്റെ ഭ്രമണപഥത്തിനപ്പുറത്താണ് എന്ന് സമ്മതിച്ചേ തീരു.
വികസനത്തിലും ലിംഗനീതിയിലും സമത്വത്തിലും ഏറെ വിപ്ലവം സൃഷ്ടിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിൽ എന്തുകൊണ്ട് ഒരു വനിതാമുഖ്യമന്ത്രി വന്നില്ല?
ഞങ്ങളുടെ തലമുറയടക്കം ‘കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിയ 1987 ൽ മുഖ്യമന്ത്രിയായത് ഇ.കെ. നായനാരായിരുന്നു! 1996 ൽ വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെടുകയും സുശീലാഗോപാലൻ അമ്പലപ്പുഴയിൽ നിന്നും വിജയിക്കുകയും ചെയ്തപ്പോൾ അവർ മുഖ്യമന്ത്രിയാകും എന്നുതന്നെയാണ് ആദ്യം കരുതിയത്. പക്ഷെ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നായനാർ മുഖ്യമന്ത്രിയാവുകയും പിന്നെ തലശ്ശേരിയിൽ നിന്ന് ജയിക്കുകയും ചെയ്തു. ഈ ചരിത്രം തന്നെയാണ് ഇപ്പോഴും സി.പി.എമ്മിനെ വേട്ടയാടുന്നത്.
ഒരു വനിതാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ, അല്ലെങ്കിൽ ഒരു സ്ത്രീയെ ജില്ലാതലത്തിലെങ്കിലും പാർട്ടി സെക്രട്ടറിയാക്കാൻ 2021 ലും സി.പി.എം നേതൃത്വം ഇപ്പോഴും വിമുഖത കാണിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഇനിയുമേറെക്കാലം ഉത്തരമില്ലാതെ കിടക്കും. പാർട്ടി പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ സാന്നിധ്യം ബൃന്ദ കാരാട്ട് മാത്രമാണ്. അവർ ഈ പദവിയിലെത്തി പതിനാറു വർഷം കഴിഞ്ഞിട്ടും മറ്റൊരു സ്ത്രീ അവിടെ എത്തിയിട്ടില്ല.
എല്ലാ രാഷ്ട്രീയ പാർട്ടിയിലും ചിത്രം ഇതുതന്നെ. ചാരുകസേരയിൽ കിടന്ന് മുറുക്കിത്തുപ്പുന്ന കാരണവരാകാൻ അധികാരം പുരുഷനുമാത്രം, പാർട്ടി ഏതായാലും! അതുകൊണ്ടാണ് മുസ്ലിം ലീഗ് നൂർബിന റഷീദിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ നമ്മൾ അത്ഭുതം കൂറിയതും ശോഭ സുരേന്ദ്രൻ അനിശ്ചിതത്വത്തിന്റെ രാഷ്ട്രീയമായി തുടരുന്നതുമെല്ലാം. ഒരു പുരുഷ നേതാവ് പറഞ്ഞതുകൊണ്ട് നിലപാട് മാറ്റുന്ന സ്ത്രീകളെയല്ലാതെ ഒരു സ്ത്രീനേതാവ് പറഞ്ഞതുകൊണ്ട് നിലപാട് തിരുത്താൻ തയ്യാറായ പുരുഷ നേതാക്കളെ എന്തുകൊണ്ടാണ് കാണാൻ കഴിയാത്തത്?
‘ഞങ്ങൾ ആണുങ്ങളും പിന്നെ ഞങ്ങൾ നെഞ്ചുവിരിച്ചു പറയുന്നത് കേൾക്കുന്ന സ്ത്രീകളും' എന്ന സമവാക്യം കൃത്യമായി പിന്തുടരുന്ന ബി.ജെ.പി യിൽ ആ ഒരു അധികാരശ്രേണിയെ ഒരു പരിധിവരെയെങ്കിലും ചെറുത്തു നിന്നത് സുഷമ സ്വരാജായിരുന്നു പക്ഷെ പല പോസിലുള്ള കാരണവന്മാരുടെ കണ്ണിലും അവർ കരടായിരുന്നു എന്നതാണ് ചരിത്രം.
നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കും കോർപ്പറേറ്റുകൾക്കും പൊതുവിലുള്ള പ്രശ്‌നം സ്ത്രീകളും ദളിതരും ഉന്നത സ്ഥാനത്തു വരുന്നതിനെ അവർ അംഗീകരിക്കുന്നില്ല എന്നതാണ്. ഏതു പൊതുതത്വത്തിനും ഉള്ള അപവാദം മാത്രമേ ഇവിടെയും കാണാനാവൂ. അതുകൊണ്ടാണ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തപ്പോൾ ആ മുടി ആദർശഭേദമെന്യേ രാഷ്ട്രീയ മാടമ്പിമാരുടെ കണ്ണിൽ ചെന്നുവീണതും അവരുടെ ശിരസ്സ് രാഷ്ട്രീയത്തിൽ ഇനിയും ഉദിച്ചിട്ടില്ലാത്ത ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും പ്രതീകമാവുന്നതും.