മുൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും കോളേജ് അദ്ധ്യാപകനുമായിരുന്ന കെ. ടി. ജലീൽ കഴിഞ്ഞദിവസം മണ്ണാർക്കാട്ട് നടന്ന ഒരു ചടങ്ങിൽ കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചതിനെ മഹാപരാധമായി ഞാൻ കാണുന്നില്ല. ഹിന്ദിയിലാണെന്നു തോന്നുന്നു, അഡ്രസ് തെറ്റിച്ചെഴുതിയെന്നുപറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതിലെ സദുദ്ദേശ്യത്തെയും ഞാൻ ചോദ്യം ചെയ്യുന്നില്ല.
പക്ഷെ, പണ്ട് കോളേജിൽ പഠിപ്പിച്ച അദ്ദേഹം കുട്ടികളുടെ ചെവിപിടിച്ച് ചാക്കോമാഷാവാൻ ശ്രമിച്ചത് ഒരു മോശം പ്രവണതയാണ്. ഒന്നുമില്ലെങ്കിലും ഒരു പിഎച്ച്ഡിയൊക്കെ ഒക്കെ ഉള്ളതല്ലേ സാർ. മാത്രമല്ല, ഇത്തവണ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസമന്ത്രിയുമായിരുന്നു അദ്ദേഹം.
‘പിശകുകൾ സംഭവിച്ചാൽ കുട്ടികളെ തിരുത്തണം, അല്ലെങ്കിൽ അവർ മയ, കുയി, പുയ എന്നൊക്കെയാവും പറയുക’ എന്നദ്ദേഹം പറയുമ്പോൾ, ജലീൽ തന്റെ നാട്ടിലെ പ്രാദേശിക ഭാഷയിലേക്കുതന്നെയാണ് വിമർശനത്തോടെ വിരൽചൂണ്ടുന്നത്.
ഒരു ഭാഷയുടെ സൗന്ദര്യം അതിന്റെ ഭാഷാഭേദങ്ങൾ കൂടിയാണ് എന്നറിയാത്ത ആളല്ല കെ. ടി. ജലീൽ. അദ്ദേഹത്തിനും തന്റെയുള്ളിൽ ഒരു ഭാഷാഭേദമുണ്ട്. എന്നാൽ പൊതുവേദികളിൽ സ്വന്തം ഡയലക്റ്റ് പൂർണ്ണമായും മറന്ന് (അഥവാ മറന്നതായി ഭാവിച്ച്) സംസാരിക്കുന്ന ഒരാളാണ് അദ്ദേഹം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സംസാരഭാഷയ്ക്ക് അച്ചടിവടിവ് വന്നാൽ അത് കൃത്രിമമാവും. അവരവരുടെയുള്ളിൽ ജീവസ്സോടെ കിടക്കുന്ന ഭാഷയെ അത് തല്ലിക്കെടുത്തും. ഭാഷയും സംസ്കാരവും ഏകശിലാരൂപമാവരുത്.
ജലീലിന്റെ സംസാരഭാഷ ഏകശിലാരൂപമായതുകൊണ്ടാണ് അതദ്ദേഹം അദ്ദേഹം ബോധപൂർവ്വം വളർത്തിയെടുത്ത ഒന്നാണ് എന്ന തോന്നലുണ്ടാകുന്നത്. വിശാലമായ ഒരു സമൂഹത്തെ അഭിസംബോധന ചെയ്യാൻ അച്ചടിഭാഷയാണ് നല്ലത് എന്നദ്ദേഹത്തിനു തോന്നിയെങ്കിൽ അത് തെറ്റല്ല. പക്ഷെ, സത്യത്തിൽ അത് അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞുകിടക്കുന്ന ഭാഷയല്ല. സ്വന്തം ഭാഷയിൽ സംസാരിച്ച് ജനങ്ങളിലേക്കെത്താൻ ജലീൽ ഇ. കെ. നായനായരല്ലല്ലോ.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അദ്ദേഹമടക്കമുള്ളവർ നടത്തിയ പല പ്രയോഗങ്ങൾക്കും നേരെ ഉയർന്ന വിമർശനത്തെ പാർട്ടിനേതാക്കൾ രാഷ്ട്രീയമായി നേരിട്ടത്, അത് പ്രാദേശിക ഭാഷയല്ലേ എന്നു പറഞ്ഞായിരുന്നു. അത്തരം ഭാഷാഭേദങ്ങളുടെ സൗന്ദര്യത്തെ അംഗീകരിച്ച ഭാഷയാണ് നമ്മുടേത്. നായനാരുടെ 'ഓനും' 'അനക്കും' ആരുടെയും പരിഹാസത്തിനോ ഭാഷാപണ്ഡിതരുടെ വിമർശനത്തിനോ വിധേയമായിട്ടില്ല.

ഒ. വി. വിജയന്റെ കഥാപാത്രങ്ങൾ സംസാരിച്ച ഭാഷ ഏതൊക്കെയാണ്? വി. കെ. എന്റെ കഥാപാത്രങ്ങൾ? വെള്ളായിയപ്പൻ വള്ളുവനാടൻ ഭാഷ സംസാരിച്ചാലത്തെ അവസ്ഥ എന്താകുമായിരുന്നു? ഖസാക്കിലുള്ളവർ പറയുന്ന ഭാഷ പലപ്പോഴും നമുക്ക് മനസ്സിലാവാതെ പോയിട്ടും ആ നോവൽ ആസ്വദിയ്ക്കാൻ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എം.ടി എന്നും സംസാരിച്ചത് തന്റെ സ്വന്തം ഭാഷയിലായിരുന്നു, തന്റെ കഥാപാത്രങ്ങളുടെ ഭാഷയിലല്ല; വിജയനും അങ്ങനെയെത്തന്നെ. ജലീലിന്റെ തിരുത്തൽസിദ്ധാന്തപ്രകാരം എം. മുകുന്ദനെ നമ്മൾ മലയാള ഭാഷാപഠനത്തിനു പറഞ്ഞയക്കേണ്ടിവരും.
ജലീൽ പറഞ്ഞതിനെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടല്ല ഇതൊന്നും പറയുന്നത്. ക്ലാസ്സുകളിൽ, പൊതുവായി വിനിമയം ചെയ്യപ്പെടുന്ന ഒരു ഭാഷ പഠിക്കുന്നത് നല്ലതുതന്നെയാണ്. അതാണ് ഉദാത്തമായ ഭാഷ എന്ന് പറയരുത് എന്നുമാത്രം. തിരുവനന്തപുരത്തായിരുന്നു അദ്ദേഹം ഇങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തതെങ്കിൽ 'എന്തിര്' എന്ന് പറഞ്ഞതിന് അദ്ദേഹം ഒരു കുട്ടിയെ കളിയാക്കുമായിരുന്നോ? 'അനക്ക്' എന്നു പറയുന്ന കണ്ണൂർക്കാരന്റെ ചെവി പിടിച്ച് തിരിക്കുമായിരുന്നോ? ഭാഷ ചെവി കൂടിയാണ് സാർ, നാവ് മാത്രമല്ല.
അപ്പോൾ പിന്നെ സംസാരഭാഷയുടെ കുഴപ്പങ്ങൾ കാണിക്കാൻ അദ്ദേഹം എന്തിനു ‘മയ’, ‘കുയി’, ‘പുയ’ എന്നിങ്ങനെയുള്ള വാക്കുകൾ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ... അതിലൊരു ഭാഷാപരമായ മുൻവിധിയുണ്ട് എന്ന് പറയേണ്ടിവരും.
പണ്ടൊക്കെ വടക്കൻ കേരളത്തിൽനിന്ന് കോട്ടയം ഭാഗത്ത് പോയി താമസിക്കുന്നവർ ഒന്നുരണ്ട് മാസം കഴിഞ്ഞ് വരുമ്പോൾ ഒരു 'കോട്ടയം ഭാഷ'യുമായാണ് വരിക. എന്നാൽ തിരുവനന്തപുരത്തോ കോഴിക്കോടോ, എന്തിനധികം, എറണാകുളത്തോ താമസിച്ചാൽ മറ്റൊരു ഭാഷയിലേക്കുള്ള ഈ പരകായപ്രവേശം കാണില്ലതാനും. എന്റെ നാട്ടിൽ ചിലരൊക്ക തൃശ്ശൂർ ഭാഷ കോപ്പിയടിക്കുന്നത് കണ്ടിട്ടുണ്ട്, ശവി!
വള്ളുവനാടൻ മലയാളത്തിലെ (അതാണ് ‘ചാരിത്ര്യ ശുദ്ധി’യുള്ള മലയാളം എന്ന് ചിലർ പറയുന്നു) പല പ്രയോഗങ്ങളും അച്ചടിഭാഷയിലെ ശരികളല്ല, അതും പ്രാദേശിക ഭാഷാപ്രയോഗങ്ങളാണ് എന്ന് നമ്മൾ തിരിച്ചറിയാറില്ല. അവയ്ക്ക് വരേണ്യത കല്പിച്ചു കൊടുത്തതിനാൽ അവ 'ശുദ്ധ'മാവുന്നു. എന്റെ നാടായ വട്ടംകുളത്ത് കുറച്ചുനാൾ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ ചെറിയൊരു കുട്ടിയ്ക്ക് എന്റെ അനിയത്തി ട്യൂഷനെടുത്തിരുന്നു. ഏഴോ എട്ടോ വയസ്സുള്ള അവൻ ഇടയ്ക്കിടെ പറയുന്ന ഒരു കാര്യമുണ്ട്, "ഞങ്ങളുടെ ഫാഷയാണ് നല്ല ഫാഷ". ഭാഷയെ 'ഫാഷ'യാക്കുന്നതിലും ഒരു സൗന്ദര്യമുണ്ട്.
നമ്മളാദ്യം ഒരു കാര്യം മനസ്സിലാക്കണം, ഭാഷയിൽ നല്ലതും ചീത്തയുമില്ല. ഒരു ഭാഷയ്ക്കും ഓരോ വർണ്ണപ്പകിട്ടുണ്ട്.

കെ.ടി. ജലീൽ പറഞ്ഞ ‘മയ’, ‘കുയി’, ‘പുയ’ എന്നിവ ഏറനാട്ടെ വളരെ സാധാരണ പ്രയോഗങ്ങളാണ്, പക്ഷെ അതൊരു 'മാപ്പിളഭാഷ' എന്ന മട്ടിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷേ വാസ്തവം അതല്ല. വളരെ സെക്യുലറാണെങ്കിലും ജന്മം കൊണ്ട് മുസ്ലീമായ ജലീലും അറിയാതെ വെള്ളമൊഴിക്കുന്നത് ഭാഷാമുൻവിധിയുടെ ചെടിച്ചോട്ടിലാണ് എന്നതുകൊണ്ടാണ് അദ്ദേഹം പറഞ്ഞതിനെ ചോദ്യം ചെയ്യേണ്ടിവരുന്നത്.
മയയും പുയയും കൂടി ചേർന്നതാണ് മലയാള ഭാഷ.
ഈ മുൻവിധി തന്നെയല്ലേ നമ്മൾ മാമുക്കോയ എന്ന നടനെ അദ്ദേഹത്തിന്റെ ഭാഷയുടെ പേരിൽ വെറും കൊമേഡിയൻ മാത്രമാക്കി മാറ്റിയപ്പോൾ സംഭവിച്ചത്? ഭാഷയാണോ കോമഡി, അതോ ഒരാളുടെ അഭിനയമാണോ? ഇതേ പ്രശ്നം കുതിരവട്ടം പപ്പുവിന്റെ കാര്യത്തിലും സംഭവിച്ചു. മലയാള സിനിമയെ നമ്മൾ ഒരുകാലത്ത് വള്ളുവനാട്ടിൽ തളച്ചിട്ടപ്പോൾ അതിലെ കോമഡിയെ കല്ലായിപ്പുഴയുടെ തീരത്ത് കൊണ്ടുകെട്ടി. പിന്നീടും ഏറെ കഴിഞ്ഞ് മലയാള സിനിമ ആ കെട്ടുകളൊക്ക അഴിച്ച് മുന്നോട്ട് പോയപ്പോഴേക്കും നമുക്ക് പ്രാദേശികമായ ഒരുപാട് വാക്കുകളും പ്രയോഗങ്ങളും നഷ്ടംവന്നുകഴിഞ്ഞിരുന്നു.
ഒരു ഭാഷയുടെ സമൃദ്ധി അതിന്റെ പ്രാദേശിക ഭാഷാഭേദങ്ങൾ കൂടിയാണെന്ന കാര്യം നമ്മൾ മറന്നു. പാഠപുസ്തകങ്ങളിലെ ചില ശ്രമങ്ങളെ നിഷേധിക്കുന്നില്ല. പക്ഷെ ഒരു വള്ളുവനാടൻ മുൻവിധി പോലെ എന്തോ ഒന്ന് ഭാഷയുടെ കാര്യത്തിൽ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്.
‘പിശകുകൾ തിരുത്തിയില്ലെങ്കിൽ കുട്ടികൾ മയ, കുയി, പുയ’ എന്നൊക്കെയാവും പറയുക എന്ന് കെ.ടി. ജലീൽ പറയുമ്പോൾ ഒരു ചോദ്യം ഉയരുന്നു: ആരാണ് സാർ അവരെ തിരുത്തേണ്ടത്? അദ്ധ്യാപകർ കൂടിയല്ലേ? ഒറ്റക്കല്ലിൽ കൊത്തിയ അച്ചടിഭാഷയിൽ കുടുങ്ങിക്കിടക്കുന്ന അദ്ധ്യാപകർക്ക്, കുട്ടികൾക്ക് ഭാഷയുടെ സൗന്ദര്യം മനസ്സിലാക്കിക്കൊടുക്കാനാവുമോ?
കുറച്ചുവർഷം മുന്നേ, ഒരു തീവണ്ടിയാത്രയ്ക്കിടെ, വളാഞ്ചേരിക്കാരനായ ഒരു സഹായാത്രികൻ പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു. അയാളുടെ ഒരു സുഹൃത്തും ഒരു കോട്ടയംകാരനും തമ്മിൽ ഒരു യാത്രയ്ക്കിടെ വാക്പോരുണ്ടായി. പറഞ്ഞുപറഞ്ഞ് കലഹം കാടുകേറിയപ്പോൾ അയാൾ തന്റെ ഭാഷയിൽ മലപ്പുറംകാരനോടുള്ള എല്ലാ പുച്ഛത്തോടെയും അവനൊരു "&*^%" ആണെന്ന് പറഞ്ഞു. അതിന് രണ്ടേ രണ്ട് അക്ഷരങ്ങളിലായിരുന്നു വളാഞ്ചേരിക്കാരന്റെ മറുപടി: "ജ്ജ് ച്ചും".

ഈ മുൻവിധി തന്നെയല്ലേ നമ്മൾ മാമുക്കോയ എന്ന നടനെ അദ്ദേഹത്തിന്റെ ഭാഷയുടെ പേരിൽ വെറും കൊമേഡിയൻ മാത്രമാക്കി മാറ്റിയപ്പോൾ സംഭവിച്ചത്?
ഭാഷയുടെ സാധ്യതയും സൗന്ദര്യം എങ്ങനെ കണ്ടെത്തണമെന്ന് നമ്മൾ തമിഴ്നാട്ടുകാരെ കണ്ട് പഠിക്കണം. പുതിയ വാക്കുകൾ കണ്ടെത്താൻ ആ ഭാഷയ്ക്കുള്ള കഴിവ് നമുക്കില്ലാതെപോയി.
അതുകൊണ്ട് കെ.ടി. ജലീൽ, കുട്ടികളെ തിരുത്തുമ്പോൾ തന്നെ നമുക്ക് പ്രാദേശിക ഭാഷകളിലെ പ്രയോഗസൗന്ദര്യംകൂടി തിരിച്ചുപിടിക്കണം. മൺമറഞ്ഞ വാക്കുകളെ ഖനനം ചെയ്യണം. മയയ്ക്കും, കുയിക്കും, പുയയ്ക്കും ഒരു സൗന്ദര്യമുണ്ട്. എല്ലായ്‌പോഴും അലക്കിത്തേച്ച മുണ്ടുടുത്ത് ഉത്തരീയവുമിട്ട് നടക്കേണ്ടതല്ലല്ലോ മലയാളഭാഷ.
