ഇ. ശ്രീധരൻ: ചില അരാഷ്ട്രീയ വെളിപാടുകൾ

സാമൂഹ്യ ദർശനവും സാങ്കേതിക ദർശനവും രണ്ടും രണ്ടാണ്.
എഴുത്തുകാർ, ഗായകർ, അഭിനേതാക്കൾ, കലാകാരൻമാർ, ടെക്​നോക്രാറ്റുകൾ ഇവരെല്ലാം അവനവന്റെ മേഖലയിൽ ഉന്നതിയിൽ നിൽക്കുമ്പോഴും അവരുടെ മാനവിക, സാമൂഹിക ദർശനത്തിൽ പലപ്പോഴും വിള്ളലുകൾ ഉണ്ടായി എന്നുവരാം. സമത്വവും ജനാധിപത്യവും മതേതരത്വവും പറയുന്ന പല നേതാക്കളും സ്വന്തം ഉള്ളിലേക്ക് കണ്ണാടി പിടിച്ചാൽ ഈ ഗുണഗണങ്ങൾ ചിലപ്പോൾ അവരിലും കണ്ടില്ലെന്നും വരാം. നമ്മുടെ പ്രശ്നം എന്താണെന്നു വെച്ചാൽ വൺലൈനർ അടിസ്ഥാനമാക്കി റോൾ മോഡലുകളെ സൃഷ്ടിക്കാനാണ് നമുക്ക് താല്പര്യം.

അതിനാൽ തന്നെ നെഹ്രുവിയനായിരുന്ന, സ്വന്തം സാമൂഹ്യ ദർശനങ്ങൾ ഉണ്ടായിരുന്ന മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണനെ നമ്മൾ മറന്നു. എന്നാൽ ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ ദിവസവും വൺലൈനർ പങ്കുവെച്ചു കൊണ്ട് നമ്മൾ ഓർത്തുകൊണ്ടേയിരിക്കുന്നു.

ഇവരെ പരസ്പരം താരതമ്യം ചെയ്യാനാവില്ല, കാരണം രണ്ടുപേർക്കും രണ്ടു ലോകങ്ങളും രണ്ടു ഭ്രമണപഥങ്ങളും ഉണ്ടായിരുന്നു, രണ്ടുതരം ധിഷണയും. ഒന്ന് മണ്ണ് തൊടുമ്പോൾ മറ്റൊന്ന് ആകാശം തൊടും എന്നുമാത്രം. ഇതിൽ ഒരാളെ നിരന്തരം ഓർക്കുകയും മറ്റൊരാളെ മറക്കുകയും ചെയ്യുമ്പോൾ നമ്മൾ നമ്മളിലേക്കു തന്നെ ഒന്ന് നോക്കേണ്ടതുണ്ട്. തന്റെ കാഴചപ്പാടുകൾ പങ്കുവെച്ച വൺലൈനർ ഇല്ലായിരുന്നെങ്കിൽ നമ്മളിൽ എത്രപേർ ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ ഇപ്പോഴും ഓർക്കുമായിരുന്നു? ബോധപൂർവമല്ലെങ്കിലും ഒരു റോൾ മോഡലിന്റെ പ്രഭാവം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. അത് ഒരു തരത്തിൽ ശരാശരി സമൂഹമനസിൽ രാഷ്ട്രീയ നേതാക്കൾക്കെതിയരായ ചിന്തയിൽ നിന്നുകൂടിയാണ് ശക്തമായത്, അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ധിഷണാപരമായ സംവാദത്തിൽ നിന്നല്ല. അതിനാലാണ് അദ്ദേഹം മുന്നോട്ടുവെച്ച നദീസംയോജനം എന്ന ആശയം, കാർഷികരംഗത്തെ സ്വപ്‌നങ്ങൾ എന്നിവ ആഴത്തിൽ വിശകലനം ചെയ്യപ്പെടുകയോ പഠനത്തിനും വിമർശനത്തിനും വിധേയമാക്കപ്പെടുകയോ ചെയ്യപ്പെടാതെ പോയത്.

കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം
കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം

ഡോ. കലാം പങ്കുവെച്ച വിഷൻ 2020 എന്ന സ്വപ്നം നമ്മൾ വിശകലനം ചെയ്താൽ എന്തായിരിക്കും കാണാനാവുക? അതിൽ പറഞ്ഞ കാര്യങ്ങളിൽ 1990 കളുടെ തുടക്കത്തിലുണ്ടായ ആഗോളവൽക്കരണത്തിന്റെ തുടർച്ചയായ കാര്യങ്ങൾ സ്വാഭാവികമായും മുന്നോട്ടു പോയപ്പോഴും അതിൽ പറയുന്ന ഏറ്റവും ആദ്യത്തെ കാര്യമായ കാർഷിക രംഗത്തിന്റെ വളർച്ച എവിടെയെത്തി? ഡോ. കലാം കണ്ട സ്വപ്നം പലതും പിന്നീട് നമ്മൾ ദിവസവും പങ്കുവെക്കുന്ന വൺലൈനറുകളിൽ ഒതുങ്ങാനെന്തേ? ഡോ. എസ്. രാധാകൃഷ്ണന്റെ വാക്കുകൾ, ദർശനങ്ങൾ, നമുക്ക് വൺലൈനർ ആവാത്തതെന്തേ?

ആഴത്തിൽ ചിന്തിക്കും മുന്നേ റോൾ മോഡലുകളെ സൃഷ്ടിക്കുകയും അവരെ വിഗ്രഹങ്ങളാക്കുകയും പൂജിക്കുകയും ചെയ്യുന്ന ഇതേ വൺലൈനർ സംസ്കാരത്തിൽ നിന്നാണ് നമ്മൾ ഏറ്റവും മികച്ച ഒരു ടെക്നോക്രാറ്റായ ഇ. ശ്രീധരനെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാൻ ശ്രമിച്ചതും അദ്ദേഹം ബി.ജെ.പി ആയതോടെ ആ വിഗ്രഹം ഉടഞ്ഞു എന്നുപറഞ്ഞതും. അദ്ദേഹത്തിന്റേത് തികച്ചും സ്വാഭാവികമായ ഒരു പരിണാമമാണ്. അതിന്​ ബി.ജെ.പി എന്ന പ്രസ്ഥാനത്തിന് അപ്പുറമുള്ള ഒരു രാഷ്ട്രീയമുണ്ട്. അഴിമതിക്കെതിരെ നില്ക്കാൻ തനിക്കു പറ്റിയ ഇടം ബി.ജെ.പി ആണെന്ന് അദ്ദേഹം കരുതുന്നുവെങ്കിൽ അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. പക്ഷെ അധികാരശ്രേണിക്ക് പുറത്ത് നിൽക്കുന്ന ജനാധിപത്യഭൂമികയിൽ ഇനി അദ്ദേഹത്തിന്റെ ഇടം എന്താണ് എന്നതാണ് ചോദ്യം? ഇടതുസർക്കാരുമായുള്ള അലോസരങ്ങൾ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം ഇവിടെത്തന്നെ എത്തിച്ചേരുമായിരുന്നു. പക്ഷെ ഇപ്പോഴത്തെ തീരുമാനത്തിന് രാസത്വരകമായതു ഇടതുമായുള്ള ഇടച്ചിൽ കൂടിയാണെന്ന് വ്യക്തം.

ഇ. ശ്രീധരൻ ഒരു പക്ഷെ ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ മന്ത്രിയോ ആയെന്നു വരാം. ഡോ. കലാമിന്റെ തുടർച്ച നമ്മൾ അദ്ദേഹത്തിൽ കണ്ടു എന്നുവരാം. ഒരു ടെക്നോക്രാറ്റ് എന്ന നിലയിലുള്ള തന്റെ അനുഭവം വെച്ച് പുതിയ ആശയങ്ങൾ മുന്നോട്ടുവെച്ചു എന്നുവരാം. നമ്മൾ അവയിൽ നിന്നും വൺലൈനർ മുങ്ങിയെടുത്തു എന്നുംവരാം. അതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു തലമുറ സ്വപ്നം കണ്ടു എന്നുവരാം. എന്നിട്ടോ?
‘ഞാൻ വന്നാൽ ബി.ജെ.പി യുടെ വോട്ട് ഇരട്ടിയാകും’ എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്​ മറുപടി പറയേണ്ടത് കേരളത്തിലെ ബി.ജെ.പി നേതൃത്വമാണ്. തങ്ങളാൽ കഴിയാത്ത എന്ത് വോട്ടിരട്ടിപ്പ് തന്ത്രമാണ് അദ്ദേഹത്തിനുള്ളതെന്നു അവർക്കേ പറയാനാവൂ.

ഒരു ചെറിയ ഓർമകൂടി.
1993 ലാണ് എന്നാണ് ഓർമ. ഡൽഹിയിൽ ഷെഹനായി ഇതിഹാസം ബിസ്മില്ലാ ഖാനെ ആദരിക്കുന്ന ചടങ്ങിൽ അന്ന് ഉപരാഷ്ട്രപതി ആയിരുന്ന കെ.ആർ. നാരായണൻ നടത്തിയ പ്രസംഗം നേരിൽ കേൾക്കാൻ അവസരമുണ്ടായി. പിന്നീട്, രാഷ്‌ട്രപതി ആയ ശേഷം ഒരു റിപ്പബ്ലിക്ക് ദിനത്തിന്റെ തലേന്ന് ദൂരദർശനിൽ വന്ന അദ്ദേഹത്തിന്റെ അഭിമുഖം കേട്ടു. അതൊരു സന്ദേശം കൂടിയായിരുന്നു: "എനിക്ക് പറയാനുള്ളത് ഞാൻ വെറുതെ പറയുകയല്ല, മറിച്ച് നിങ്ങൾക്ക് ചോദിക്കാനുള്ളത് കേൾക്കുകയും അതിനു മറുപടി പറയുകയുമാണ് എന്റെ രീതി.’

അദ്ദേഹത്തിനുശേഷം വന്ന ഒന്നലധികം രാഷ്ട്രപതിമാർ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും കെ.ആർ. നാരായണന്റെ വാക്കുകൾ നിലാവുപോലെ ബാക്കിയാവുന്നു, അദ്ദേഹം വൺലൈനറുകൾ സൃഷ്ടിച്ചില്ലെങ്കിൽ കൂടി. നാരായണൻ കേരളത്തിന് എന്തുചെയ്തു, സമൂഹത്തിന്​ എന്തുചെയ്തു തുടങ്ങിയ ചോദ്യങ്ങൾക്ക്​ ഉത്തരം തേടാനല്ല ഇത്രയും കുറിച്ചത്. റോൾമോഡലുകളെ സൃഷ്ടിക്കുന്ന നമ്മുടെ മനോഭാവത്തിന്റെ ചില സ്വഭാവവിശേഷങ്ങൾ ചൂണ്ടിക്കാണിക്കാനാണ്.

വാൽക്കഷ്ണം: ഇപ്പോൾ നടക്കുന്ന കർഷകസമരത്തെ ശ്രീധരൻ അംഗീകരിക്കുന്നുണ്ടോ എതിർക്കുന്നുണ്ടോ? എതിർക്കുന്നുവെങ്കിൽ എന്തുകൊണ്ട് എന്നറിയാൻ അദ്ദേഹത്തിലെ ടെക്നോക്രാറ്റിനെ ആദരിക്കുന്ന കേരളത്തിന് ഏറെ താല്പര്യമുണ്ട്.


Comments